ഒളിമ്പിക്സിന്റെ ബാക്കിപത്രം
ആഘോഷമായി നടന്ന പാരിസ് ഒളിമ്പിക്സിൽ എന്താണ് ഇന്ത്യയുടെ ശേഷിപ്പ്? അമേരിക്കക്ക് ചൈന വെല്ലുവിളിയാണോ? എന്താണ് ലോകത്തിന്റെ കായികനിലവാരം? യു.എസിന്റെ ഷാ കാരി റിച്ചാർഡ്സനെ പിന്തള്ളി സെന്റ് ലൂസിയയുടെ ജൂലിയൻ ആൽെഫ്രഡ് എന്ന ഇരുപത്തിമൂന്നുകാരി പാരിസ് ഒളിമ്പിക്സിലെ വേഗമേറിയ ഓട്ടക്കാരിയായപ്പോൾ കരീബിയൻ ദ്വീപ് രാജ്യത്തിനു ലഭിച്ചത് പ്രഥമ ഒളിമ്പിക് മെഡൽ; അതും സ്വർണം. വനിതകളുടെ ട്രിപ്പിൾ ജംപിൽ തിയ ലാഫോണ്ട് 15.02 മീറ്റർ താണ്ടി സ്വർണം കരസ്ഥമാക്കിയപ്പോൾ ഡൊമിനിക്ക എന്ന കൊച്ചു കരീബിയൻ രാജ്യവും ഒളിമ്പിക് മെഡൽ പട്ടികയിൽ നടാടെ സ്ഥാനംപിടിച്ചു. ഇത്തരം ചെറുതും വലുതുമായ 206 രാജ്യങ്ങളിൽനിന്നുള്ള...
Your Subscription Supports Independent Journalism
View Plansആഘോഷമായി നടന്ന പാരിസ് ഒളിമ്പിക്സിൽ എന്താണ് ഇന്ത്യയുടെ ശേഷിപ്പ്? അമേരിക്കക്ക് ചൈന വെല്ലുവിളിയാണോ? എന്താണ് ലോകത്തിന്റെ കായികനിലവാരം?
യു.എസിന്റെ ഷാ കാരി റിച്ചാർഡ്സനെ പിന്തള്ളി സെന്റ് ലൂസിയയുടെ ജൂലിയൻ ആൽെഫ്രഡ് എന്ന ഇരുപത്തിമൂന്നുകാരി പാരിസ് ഒളിമ്പിക്സിലെ വേഗമേറിയ ഓട്ടക്കാരിയായപ്പോൾ കരീബിയൻ ദ്വീപ് രാജ്യത്തിനു ലഭിച്ചത് പ്രഥമ ഒളിമ്പിക് മെഡൽ; അതും സ്വർണം. വനിതകളുടെ ട്രിപ്പിൾ ജംപിൽ തിയ ലാഫോണ്ട് 15.02 മീറ്റർ താണ്ടി സ്വർണം കരസ്ഥമാക്കിയപ്പോൾ ഡൊമിനിക്ക എന്ന കൊച്ചു കരീബിയൻ രാജ്യവും ഒളിമ്പിക് മെഡൽ പട്ടികയിൽ നടാടെ സ്ഥാനംപിടിച്ചു. ഇത്തരം ചെറുതും വലുതുമായ 206 രാജ്യങ്ങളിൽനിന്നുള്ള 10,500 അത്ലറ്റുകൾ പാരിസിൽ മത്സരിച്ചു. 117 അത്ലറ്റുകളെ ഇറക്കി 16 ഇനങ്ങളിൽ മത്സരിച്ച, ലോകത്തിലേക്കും ജനസംഖ്യയുള്ള ഇന്ത്യക്കു കിട്ടിയത് ഒരു വെള്ളി; അഞ്ചു വെങ്കലം.
പത്തു മെഡൽ ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യ ആറ് ഇനങ്ങളിൽ നാലാം സ്ഥാനത്തു വന്നു. സ്വർണം ഏതാണ്ട് ഉറപ്പിച്ചിരുന്ന വിനേഷ് ഫോഗട്ട് എന്ന ഗുസ്തി താരത്തിന് രണ്ടാംനാൾ ശരീരഭാരം 100 ഗ്രാം കൂടിയതിന്റെ പേരിൽ അയോഗ്യത കൽപിക്കപ്പെട്ടു. തലേ ദിവസം മാനദണ്ഡങ്ങൾ എല്ലാം ശരിയായിരിക്കെ ഫൈനലിൽ കടന്ന വിനേഷ്, വെള്ളിമെഡൽ നൽകണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച അപേക്ഷ, കോർട്ട് ഓഫ് ആർബിേട്രഷൻ ഫോർ സ്പോർട് തള്ളി. ഒരു രാജ്യത്തിന്റെ മുഴുവൻ വേദനയായി വിനേഷ് എന്ന ഇരുപത്തൊമ്പതുകാരി മാറിയപ്പോൾ, അവളുടെ വീഴ്ചയിൽ ചിലരെങ്കിലും സന്തോഷിക്കുന്നുണ്ടാകും.
ആറ് നാലാം സ്ഥാനങ്ങളിൽ ചിലതെങ്കിലും ആത്മവിശ്വാസക്കുറവുകൊണ്ടോ കണക്കുകൂട്ടൽ പിഴച്ചതുകൊണ്ടോ സംഭവിച്ചതാണ്. ഒളിമ്പിക് ചരിത്രത്തിൽ ഇന്ത്യയുടെ മൂന്നാമത്തെ മികച്ച മെഡൽ നേട്ടമാണ് പാരിസിൽ ഉണ്ടായത്. 2021ൽ (2020) ടോക്യോയിൽ ഒരു സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവും (ഏഴു മെഡൽ) നേടിയതാണ് മികച്ച പ്രകടനം. 2012ൽ ലണ്ടനിൽ രണ്ടു വെള്ളിയും നാലു വെങ്കലവും (ആറു മെഡൽ) നേടിയിരുന്നു. മെഡൽ എത്ര നേടിയാലും സ്വർണമില്ലെങ്കിൽ മെഡൽ പട്ടികയിൽ പിന്നാക്കം പോകും. പാരിസിൽ ഇന്ത്യ മെഡൽ പട്ടികയിൽ എഴുപത്തൊന്നാമത്.
ഷൂട്ടിങ്ങിൽ കിട്ടിയ മെഡൽ മൂന്ന്, നാലാം സ്ഥാനത്ത് എത്തിയത് മൂന്ന് ഇനങ്ങളിൽ. പാരിസിനു മുമ്പ് നടന്ന രണ്ട് ഒളിമ്പിക്സിലും മെഡൽ ഇല്ലാതെയാണ് ഷൂട്ടിങ് താരങ്ങൾ മടങ്ങിയത്. ഇത്തവണ 21 അംഗ ടീം തല ഉയർത്തി തിരിച്ചുവന്നു. ഇരട്ട വെങ്കലവും ഒരു നാലാം സ്ഥാനവും നേടിയ മനു ഭാകർ മത്സരിച്ചത് മൂന്ന് ഇനങ്ങളിൽ. മൂന്ന് ഇനങ്ങളിൽ മത്സരിച്ച ഏക ഇന്ത്യൻ താരം. ഷൂട്ടിങ്ങിൽ, പോയ വർഷം ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ലോക റെക്കോഡോടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ സ്വർണം നേടിയ സിഫ്റ്റ് കൗർ പാരിസിൽ സുവർണ പ്രതീക്ഷയായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ സിഫ്റ്റിന് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.
പതിനാറ് ഇനങ്ങളിലാണ് ഇന്ത്യ പാരിസിൽ മത്സരിച്ചത്. ആകെ 32 ഇനങ്ങൾ ആയിരുന്നു ഒളിമ്പിക്സിൽ ഇക്കുറി ഉണ്ടായിരുന്നത്. അതിൽ പകുതിയിൽ സാന്നിധ്യമറിയിക്കാൻ സാധിച്ചു. മെഡൽ കിട്ടിയത് പക്ഷേ, നാല് ഇനങ്ങളിൽ മാത്രം. പാരിസിലേത് തങ്ങളുടെ അവസാന ഒളിമ്പിക്സ് ആയി കണ്ട ടെന്നിസ് താരം രോഹൻ ബൊപ്പണ്ണയും ടേബിൾ ടെന്നിസ് താരം ശരത് കമലും നിരാശപ്പെടുത്തിയ പ്രകടനത്തോടെ മടങ്ങിയപ്പോൾ ഹോക്കി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് തുടർച്ചയായി രണ്ടാം ഒളിമ്പിക്സിലും വെങ്കല മെഡൽ കഴുത്തിൽ അണിഞ്ഞ് തല ഉയർത്തിനിന്നു.
ബാഡ്മിന്റൺ താരം പി.വി. സിന്ധു, ബോക്സിങ് താരം ലവ്ലീന ബോർഗോഹെയ്ൻ, വെയ്റ്റ് ലിഫ്റ്റർ മീരാബായ് ചാനു എന്നിവർക്ക് ടോക്യോയിലെ മെഡൽ നേട്ടം ആവർത്തിക്കാനായില്ല. ഗുസ്തിയിൽ തുടർച്ചയായ അഞ്ചാം ഒളിമ്പിക്സിലും ഇന്ത്യ മെഡൽ നേടിയെന്നു മാത്രം.
ടോക്യോയിൽ ജാവലിനിൽ സ്വർണം നേടിയ നീരജ് ചോപ്ര പാരിസിൽ കൂടുതൽ ദൂരത്തേക്ക് ജാവലിൻ പായിച്ചെങ്കിലും (89.45 മീറ്റർ) വെള്ളികൊണ്ടു തൃപ്തിപ്പെട്ടു. ഒരു േത്രാകൊണ്ട് ഫൈനലിലേക്ക് യോഗ്യത നേടിയ നീരജിന്റെ ഫൈനലിലെ ആറ് േത്രാകളിൽ അഞ്ചും ഫൗൾ. പരിക്കുമൂലം രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിക്കേണ്ടിവന്നതാണ് നീരജിനു തിരിച്ചടിയായത്. ഒപ്പം, പാകിസ്താന്റെ അർഷദ് നദീം കാഴ്ചെവച്ച അസാമാന്യപ്രകടനവും (92.97 മീറ്റർ). മാത്രമല്ല, നദീമിന്റെ മറ്റൊരു േത്രായും 90 മീറ്റർ കടന്നിരുന്നു (91.79 മീറ്റർ). നീരജിന് 90 മീറ്റർ എന്ന കടമ്പ ഇനിയും അൽപം അകലെ.
ഷൂട്ടിങ്ങിൽ ഇന്ത്യ ഇക്കുറി ഏറക്കുറെ പ്രതീക്ഷ കാത്തു. 21 ക്വോട്ട പ്ലേസുകൾ സ്വന്തമാക്കിയ ഇന്ത്യ 27 മെഡൽ ഇനങ്ങളിൽ മത്സരിച്ചു. മൂന്നു വെങ്കലം കരസ്ഥമാക്കി. 10 മീറ്റർ എയർപിസ്റ്റളിൽ വെങ്കലം നേടി മനു ഭാകർ എന്ന ഇരുപത്തിരണ്ടുകാരിയാണ് ഇന്ത്യയുടെ മെഡൽ നേട്ടത്തിനു തുടക്കമിട്ടത്. പിന്നീട് മനു, സരബ്ജ്യോത് സിങ്ങുമൊത്ത് 10 മീറ്റർ പിസ്റ്റൾ മിക്സ്ഡ് ടീം ഇനത്തിലും വെങ്കലം കരസ്ഥമാക്കി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ് ഒരേ ഒളിമ്പിക്സിൽ ഒരു താരം ഇരട്ടമെഡൽ നേട്ടം കൈവരിക്കുന്നത്. മൂന്നാമതൊരു മെഡൽ, 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ തലനാരിഴക്കാണു വഴിമാറിയത്. ഷൂട്ടോഫിൽ മനു നാലാമതായി.
അമ്പത് മീറ്റർ റൈഫിൾ ത്രി പൊസിഷനിൽ വെങ്കലം നേടിയ സ്വപ്നിൽ കുശാലയാണ് മൂന്നാം മെഡൽ ഇന്ത്യക്കായി കൈപ്പിടിയിലാക്കിയത്. പുരുഷന്മാരുടെ ഹോക്കിയിൽ ഇന്ത്യ ടോക്യോയിലെ വെങ്കലം നിലനിർത്തി. സെമിയിൽ ജർമനിയോട് പൊരുതി തോൽക്കുകയായിരുന്നു. ക്വാർട്ടറിൽ ബ്രിട്ടനെതിരെ വിജയിച്ചതും ഗ്രൂപ് ഘട്ടത്തിൽ ആസ്േട്രലിയയെ കീഴടക്കിയതും അർജന്റീനയെ സമനിലയിൽ തളച്ചതും നേട്ടംതന്നെ. ബെൽജിയത്തിനു മുന്നിൽ മാത്രമാണ് ഗ്രൂപ് പോരാട്ടത്തിൽ കീഴടങ്ങിയത്.
ഗോൾകീപ്പർ പി.ആർ. ശ്രീജേഷിനും ക്യാപ്റ്റൻ മൻപ്രീത് സിങ്ങിനും ഇത് നാലാം ഒളിമ്പിക്സ് ആയിരുന്നു. മുപ്പത്തേഴുകാരനായ ശ്രീജേഷ് പാരിസ് ഒളിമ്പിക്സോടെ വിടവാങ്ങൽ പ്രഖ്യാപിച്ചിരുന്നു. ടോക്യോയുടെ തുടർച്ചയായി പാരിസിലും ഉജ്ജ്വല ഫോമിൽ കളിച്ച ശ്രീജേഷിന് മെഡലോടെ വിരമിക്കാൻ ടീം ഇടയാക്കി. ഡ്രാഗ് ഫ്ലിക് വൈദഗ്ധ്യം പ്രകടമാക്കിയ നായകൻ ഹർമൻപ്രീത് 10 ഗോൾ ആണ് പാരിസിൽ നേടിയത്.
വിനേഷ് ഫോഗട്ടിന്റെ കണ്ണീർ വീണ ഗോദയിൽനിന്ന് പുരുഷന്മാരുടെ 57 കിലോ വിഭാഗത്തിൽ അമൻ ശെരാവത് വെങ്കലം നേടി. ആറംഗ ഇന്ത്യൻ ഗുസ്തി ടീമിലെ ഏക പുരുഷ താരമായിരുന്നു അമൻ. നന്നേ ചെറുപ്പത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടവരാണ് വിനേഷ് ഫോഗട്ടും അമൻ ശെരാവതും. വിനേഷ് പിതൃസഹോദരൻ മഹാവീർ സിങ് ഫോഗട്ടിന്റെ കരുതലിൽ വളർന്നെങ്കിൽ അമൻ വളർന്നത് ഡൽഹിയിലെ ബത്രശാൽ അഖാഡയിലാണ്. ഒളിമ്പിക് മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമാണ് ഇരുപത്തൊന്നുകാരനായ അമൻ.
നാലാം സ്ഥാനം പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ശാപമായി മാറി. മനു ഭാകറിനു (25 മീറ്റർ പിസ്റ്റൾ) പുറമെ ലക്ഷ്യ സെൻ (ബാഡ്മിന്റൺ), മഹേശ്വരി–അനന്ത് ജീത് സഖ്യം (ഷൂട്ടിങ് സ്കീറ്റ് മിക്സ്ഡ് ടീം), അങ്കിത ഭഗതും ധീരജ് ബോമ്മദേവരയും (ആർച്ചറി മിക്സ്ഡ് ടീം), അർജുൻ ബബുതയും (ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ), മീരാബായ് ചാനു (ഭാരോദ്വഹനം -49 കിലോ വിഭാഗം) എന്നിവരും നാലാം സ്ഥാനംകൊണ്ടു തൃപ്തിപ്പെട്ടു.
ലക്ഷ്യസെൻ ബാഡ്മിന്റൺ സിംഗിൾസിൽ സെമിയിലും വെങ്കല മെഡൽ പോരാട്ടത്തിലും പരിചയസമ്പന്നരും കരുത്തരുമായ എതിരാളികൾക്കെതിരെ വ്യക്തമായ ലീഡ് നേടിയ ശേഷമാണ് മത്സരം കൈവിട്ടത്. ഇരുപത്തിരണ്ടുകാരനെ പരിഭ്രാന്തനാക്കാൻ എതിരാളികൾക്ക് കഴിഞ്ഞു. അവരാകട്ടെ പതറാതെ തിരിച്ചുവന്നു. ബാഡ്മിന്റണിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന പുരുഷ ഡബിൾസ് സഖ്യം (ചിരാഗ് ഷെട്ടി–റാങ്കി റെഡ്ഡി) പ്രീക്വാർട്ടറിൽ കീഴടങ്ങി. റിയോയിലും ടോക്യോയിലും മെഡൽ നേടിയ പി.വി. സിന്ധുവും പ്രീക്വാർട്ടറിൽ പരാജയപ്പെട്ടു. പ്രകാശ് പദുക്കോണും പുല്ലേല ഗോപീചന്ദും യു. വിമൽകുമാറും ഒരു ടീമായി പിന്നിൽ നിന്നപ്പോൾ ബാഡ്മിന്റണിൽ കുതിപ്പ് കണക്കുകൂട്ടിയിരുന്നു. പദുക്കോൺ പറഞ്ഞതുപോലെ താരങ്ങളുടെ മനോബലം പോരായിരുന്നു. ജയിക്കണമെന്ന വാശി കളിക്കാരിൽ കണ്ടില്ല.
ഭാരോദ്വഹനത്തിൽ ടോക്യോയിലെ വെള്ളിമെഡൽ ജേത്രി മീരാബായ് ചാനു പാരിസിലും ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്നു. ഇടക്ക് പരിക്ക് അലട്ടിയിരുന്നു. പക്ഷേ, കണക്കുകൂട്ടലിലെ പിഴവല്ലേ, ഇക്കുറി മെഡൽ നഷ്ടമാക്കിയത്. സ്നാച്ചിൽ 88 കിലോ ഉയർത്തിയ മീരാബായ് ക്ലീൻ ആൻഡ് ജെർക്കിൽ 111 കിലോയിൽനിന്ന് നേരേ 114 കിലോ ഉയർത്താൻ ശ്രമിച്ചു പരാജയപ്പെട്ടു. 112 കിലോയിൽ വെങ്കലം ഉറപ്പിക്കാമായിരുന്നു.
ആർച്ചറിയിൽ പുരുഷ ടീം മെഡൽ പ്രതീക്ഷയായിരുന്നു. സമീപകാലത്ത് അവർ കൊറിയയെ അട്ടിമറിച്ചതുമാണ്. പക്ഷേ, ഒളിമ്പിക്സ് തുടങ്ങും മുമ്പുവരെ ടീമിനൊപ്പം പാരിസിൽ ഉണ്ടായിരുന്ന അവരെ ഇത്രത്തോളം എത്തിച്ച കൊറിയൻ കോച്ച് ബെയ്ക്ക് വൂങ് കിക്കിനും അതുപോലെ സൈക്കോളജിസ്റ്റ് ഗായത്രി മധേക്കർക്കും അക്രഡിറ്റേഷൻ കിട്ടിയില്ല. അവർക്കു ഇന്ത്യയിലേക്കു മടങ്ങേണ്ടിവന്നു. ഇവരെ തഴഞ്ഞ് ഭാരവാഹികൾ വേണ്ടപ്പെട്ട ആരെയോ തിരുകിക്കയറ്റിയെന്നു സംശയിക്കണം. ജസ്പാൽ റാണ കോച്ചായി മടങ്ങിവന്നപ്പോൾ മനു ഭാകർ കൈവരിച്ച നേട്ടം എല്ലാ കായിക സംഘടനകൾക്കും പാഠമാകേണ്ടതാണ്. ഹോക്കി ടീമിന് പുതിയ വിദേശ കോച്ച് െക്രയ്ഗ് ഫൾട്ടനൊപ്പം സ്വിറ്റ്സർലൻഡിലെ അഡ്വഞ്ചറിസ്റ്റ് മൈക്ക് ഹോണിന്റെ സംഭാവനയും വലുതാണ് എന്നും ഓർക്കണം.
ട്രാക്ക് ആൻഡ് ഫീൽഡിൽ 29 അംഗ ടീമിനെയാണ് ഇന്ത്യ ഇറക്കിയത്. വനിത ഷോട്ട്പുട്ട് താരത്തിന് എൻട്രി കിട്ടിയിരുന്നെങ്കിൽ അത് 30 ആയേനെ. പാരിസിന് പോയ ഇന്ത്യൻ ടീമിൽ ഏറ്റവും അധികം പേർ ട്രാക്ക് ആൻഡ് ഫീൽഡ് താരങ്ങളായിരുന്നു. ആകെ നേട്ടം നീരജിന്റെ വെള്ളി. 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാശ് സാബ്ലെ ഫൈനലിൽ കടന്നു. പുരുഷന്മാരുടെ 4 x 400 മീറ്റർ റിലേയിൽ ഹീറ്റിൽ നാലാം സ്ഥാനവും ആകെ പത്താം സ്ഥാനവും. വനിതാ റിലേ ടീമിന്റെ പ്രകടനം ദയനീയമായിരുന്നു.
പാരിസ് ഒളിമ്പിക്സ് മുൻനിർത്തി കേന്ദ്രസർക്കാർ ചെലവിട്ടത് 470 കോടി രൂപയാണ്. ഒട്ടുമിക്ക താരങ്ങൾക്കും വിദേശത്ത് പരിശീലനവും മത്സരവും സാധ്യമാക്കി. പക്ഷേ, ആസൂത്രണത്തിൽ എവിടെയൊക്കെയോ പിഴച്ചു. സപ്പോർട്ട് സ്റ്റാഫിൽ അനിവാര്യമായിരുന്ന ചിലർ തഴയപ്പെട്ടു. ആവശ്യമില്ലാത്ത ചിലരെങ്കിലും കയറിപ്പറ്റി.
ഉസൈൻ ബോൾട്ടിനെപ്പോലൊരു ഇതിഹാസ താരത്തിന്റെ അസാന്നിധ്യം ടോക്യോയുടെ തുടർച്ചയായി പാരിസിലും പ്രകടമായിരുന്നു. അമേരിക്കയുടെ നോഹ ലൈൽസ് 100 മീറ്റർ ജയിച്ചെങ്കിലും 200 മീറ്ററിൽ വെങ്കലംകൊണ്ടു തൃപ്തിപ്പെട്ടു. പോൾ വോൾട്ടിൽ വീണ്ടും ലോക റെക്കോഡ് (6.25 മീറ്റർ) സൃഷ്ടിച്ച അർമാൻഡ് ഡുപ്ലാന്റിസും (സ്വീഡൻ) വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ സ്വന്തം ലോക റെക്കോഡ് മെച്ചപ്പെടുത്തിയ സിഡ്നി മക്ലോഗ്ലിൻ ലെവ്റോനും (യു.എസ്; 50.37 സെ.) സ്വർണം നിലനിർത്തി. ടോക്യോയിൽ മാനസിക സമ്മർദം സഹിക്കാനാവാതെ പിൻവാങ്ങിയ യു.എസ് ജിംനാസ്റ്റ് സിമോൺ ബൈൽസിന്റെ തിരിച്ചുവരവ് അവിസ്മരണീയമായി. ബൈൽസ് പാരിസിൽ നേടിയത് മൂന്നു സ്വർണവും ഒരു വെങ്കലവും.
ഇതോടെ ഒളിമ്പിക് സ്വർണം ഏഴായി. നീന്തൽ താരം, അമേരിക്കയുടെ കാത്തി ലെഡക്കി 1500 മീറ്റർ ഫ്രീസ്റ്റൈൽ ജയിച്ച് എട്ടാം സ്വർണം ഉറപ്പിച്ചത് ഒളിമ്പിക് റെക്കോഡോടെ. പിന്നീട് 800 മീറ്റർ ഫ്രീസ്റ്റൈലിൽ തുടർച്ചയായി നാലാം സ്വർണം കരസ്ഥമാക്കി ഒളിമ്പിക് സ്വർണം ഒമ്പത് ആക്കി. ഒളിമ്പിക്സിൽ ഏറ്റവുമധികം സ്വർണം നേടുന്ന വനിതയെന്ന റെക്കോഡ് ജിംനാസ്റ്റ് ലാരിസ ലാറ്റിനീനക്കൊപ്പം കാത്തി ലെഡക്കിയും പങ്കുെവച്ചു.
യുെക്രയ്നിൽ ആക്രമണം നടത്തുന്നതിന്റെ പേരിൽ റഷ്യയും െബലറൂസും പാരിസ് ഒളിമ്പിക്സിൽ വിലക്ക് നേരിട്ടപ്പോൾ യുെക്രയ്ൻ താരം യാരോസ്ലാവ മാഹുച്ചിഖ് വനിതകളുടെ ഹൈജംപിൽ സ്വർണം നേടിയത് (രണ്ടു മീറ്റർ) യുദ്ധക്കെടുതിയിൽ വീർപ്പുമുട്ടുന്ന രാജ്യത്തിന് പ്രതീക്ഷയായി. ടോക്യോയിൽ വെങ്കലം നേടിയ, ഈ ലോക ചാമ്പ്യൻ സ്വന്തം ലോക റെക്കോഡ് (2.10 മീറ്റർ) മെച്ചപ്പെടുത്താൻ ശ്രമിച്ചില്ല എന്നതും ശ്രദ്ധേയം. യുദ്ധംമൂലം രാജ്യം വിടേണ്ടിവന്ന യാരോസ്ലാവ തന്റെ തങ്കപ്പതക്കം, യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട അഞ്ഞൂറോളം കായികതാരങ്ങൾക്കു സമർപ്പിച്ചു.
ഒളിമ്പിക് സ്വർണപ്പതക്കങ്ങളുടെ ട്രിപ്പിൾ സെഞ്ചുറി തികക്കാൻ ചൈനക്ക് സാധിച്ചു. ടേബിൾ ടെന്നിസ് താരം മാ ലോങ് ആറാമത്തെ ഒളിമ്പിക് മെഡൽ നേടിക്കൊണ്ട് ചൈനീസ് ഒളിമ്പിക് ചരിത്രത്തിലെ സൂപ്പർ താരമായി. പാരിസ് ഒളിമ്പിക്സിന് കൊടിയിറങ്ങിയപ്പോൾ അമേരിക്കയുടെ ആധിപത്യത്തിന് ചൈന കനത്ത വെല്ലുവിളി ഉയർത്തുന്നതാണ് കണ്ടത്. ഇരു രാജ്യങ്ങളും നേടിയത് 40 സ്വർണം വീതം. ആകെ മെഡൽ കൂടിയതിനാൽ യു.എസ് പട്ടികയിൽ ഒന്നാമത്. പക്ഷേ, 2028ലെ ഒളിമ്പിക്സ് ലോസ് ആഞ്ജലസിലാണ്. നാട്ടിൽ പ്രതാപം കാട്ടണമെങ്കിൽ യു.എസിന് ഏറെ വിയർക്കേണ്ടിവരും.