''ശുഫക മേധം'': സി. രാധാകൃഷ്ണൻ എഴുതിയ കഥ വായിക്കാം
ഒന്ന് കുറച്ചുകൂടി ചേർന്നിരുന്നാണ് വേണുവും രേണുവും ഒരുമിച്ചുതന്നെ ആ ഊമക്കത്ത് രണ്ടാമതും വായിച്ചത്. സംശയമേതുമില്ലാത്ത സന്ദേശം: ''നിങ്ങൾക്ക് ഇരുവർക്കും പെട്ടെന്ന് മരിക്കണം എന്ന് ആഗ്രഹമില്ലെങ്കിൽ ഈ പഠനപദ്ധതി ഉടനെ ഉപേക്ഷിക്കുക.''ഇരുവരുടെയും ഉപബോധമനസ്സുകൾ ഒരുമിച്ച് തീരുമാനിച്ച് നടപ്പിലാക്കുകയായിരുന്നു കൂടുതൽ കൂട്ടി തൊട്ടുള്ള ആ ഇരിപ്പ്....
Your Subscription Supports Independent Journalism
View Plansഒന്ന്
കുറച്ചുകൂടി ചേർന്നിരുന്നാണ് വേണുവും രേണുവും ഒരുമിച്ചുതന്നെ ആ ഊമക്കത്ത് രണ്ടാമതും വായിച്ചത്. സംശയമേതുമില്ലാത്ത സന്ദേശം: ''നിങ്ങൾക്ക് ഇരുവർക്കും പെട്ടെന്ന് മരിക്കണം എന്ന് ആഗ്രഹമില്ലെങ്കിൽ ഈ പഠനപദ്ധതി ഉടനെ ഉപേക്ഷിക്കുക.''
ഇരുവരുടെയും ഉപബോധമനസ്സുകൾ ഒരുമിച്ച് തീരുമാനിച്ച് നടപ്പിലാക്കുകയായിരുന്നു കൂടുതൽ കൂട്ടി തൊട്ടുള്ള ആ ഇരിപ്പ്. രേണുവിന്റെ ശരീരഗന്ധം മുതൽ ചെറുചലനങ്ങളും സ്വരഭേദങ്ങളും ചിരിയുടെ പല വിതാനങ്ങളുംവരെ വേണുവിന് പണ്ടേ പരിചിതം. അതുപോലെ വേണുവിന്റെ ശാരീരികമായ എല്ലാ കാര്യങ്ങളും രേണുവിനും സുവ്യക്തം -ക്ഷമ നശിക്കുമ്പോൾ ഇടംകയ്യിന്റെ പുറംകൊണ്ട് താടി അമർത്തി തിരുമ്മുന്ന സ്വഭാവം വരെ.
മാനസികമായും ഈ പൊരുത്തം പൂർണമാണ്. അതുകൊണ്ടാണ് രണ്ടു കാര്യങ്ങൾ ഈയിടെ സ്വാഭാവികമെന്നോണം തീരുമാനിച്ചത്: നാട്ടിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നിലെ മനഃശാസ്ത്രത്തെക്കുറിച്ച് ഒരുമിച്ച് പഠനം നടത്തുക, അത് തീർന്ന് ഡിഗ്രിയും രണ്ടിൽ ഒരാൾക്ക് എങ്കിലും നല്ലൊരു ജോലിയും കിട്ടുന്നമുറക്ക് വിവാഹം കഴിക്കുക.
മനഃശാസ്ത്ര വിദ്യാർഥികളാണ് ഇരുവരും. ഏറെക്കാലമായി പരിചയമുള്ള ഇവർ ഉപരിപഠനത്തിന് തിരഞ്ഞെടുത്തതുപോലും ഒരേ വിഷയംതന്നെ: പ്രത്യക്ഷത്തിൽ അൽപം വ്യത്യസ്തത തോന്നുമെങ്കിലും രണ്ടും രാഷ്ട്രീയ കൊലപാതകം എന്ന ഒന്നിന്റെ തന്നെ രണ്ടു മുഖങ്ങൾ. കൊല്ലുന്നവരുടെ മാനസികാവസ്ഥ വിശകലനംചെയ്യാൻ വേണുവും കൊല്ലപ്പെടുന്നവരുടെയും അവരുടെ ഉറ്റവരുടെയും മനോവ്യാപാരങ്ങൾ കൂടുതൽ നന്നായി അറിയാൻ രേണുവും. രണ്ട് പഠനങ്ങളും പ്ലഗും സോക്കറ്റുംപോലെ തമ്മിൽ ചേരും. പരസ്പരം ഏറെ ചർച്ചകൾക്ക് സാധ്യതയും സാംഗത്യവും ഉണ്ട് എന്നുകൂടി സന്തോഷിച്ചു.
തങ്ങൾക്ക് അനുകൂലമായ ഘടകങ്ങൾ അവർ സൂക്ഷ്മമായി എണ്ണി: ഈ വിഷയത്തിൽ മുമ്പ് കാര്യമായി മനഃശാസ്ത്രപഠനങ്ങൾ ഉണ്ടായിട്ടില്ല. കൊലകൾ നിരവധിയാണ്. രീതികൾ ഏതാണ്ടൊക്കെ ഒന്നാണെങ്കിലും പ്രയോഗത്തിൽ ഒട്ടേറെ വൈവിധ്യം കാണുന്നുമുണ്ട്. പശ്ചാത്തല വിവരങ്ങൾ ശേഖരിക്കാൻ വലിയ പ്രയാസം വരില്ല. മിക്ക കൊലകളും പെട്ടെന്നുള്ള പ്രകോപനത്തിൽനിന്ന് ഉണ്ടായതല്ല എന്നിരിക്കെ സർവേ ചെയ്യപ്പെടാനുള്ള മനഃശാസ്ത്രഭൂമിക വേണ്ടത്ര വിസ്തൃതമാണ്.
ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തിൽനിന്ന് തുടങ്ങി പിന്നെ സാമാന്യവത്കരിക്കാമെന്നാണ് അവർ ഉദ്ദേശിച്ചത്. വളരെ നിഷ്ഠുരമായ ഒരു കൊലയാണ് ആമുഖപഠനത്തിന് തെരഞ്ഞെടുത്തത്.
പക്ഷേ, പഠനം തുടങ്ങുന്നതിനു മുമ്പുതന്നെ ഇത്രയും ദുർഘടം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. അതും, ചെറിയ തടസ്സമൊന്നും അല്ല, നിസ്സാരമായി തള്ളാൻ കഴിയാത്ത വധഭീഷണി. ഈ പഠനത്തിൽനിന്ന് പിന്മാറിയില്ലെങ്കിൽ കൊന്നുകളയും എന്ന്...
തപാലിൽ വന്ന അത് ൈകയിൽ കിട്ടിയപ്പോൾ സ്തബ്ധരായിപ്പോയി. ഒന്നും പറയാൻ നാക്കു പൊങ്ങുന്നില്ല.
രണ്ട്
അരുമയായി വളർത്തുന്ന മീനു എന്ന തത്ത വല്ലപ്പോഴും വല്ലതും പറയുന്നതൊഴിച്ചാൽ രണ്ടു കിടപ്പറകളുള്ള ആ ഫ്ലാറ്റിന്റെ മുഖമുദ്ര നിശ്ശബ്ദതയാണ്.
നഗരത്തിന്റെ രണ്ട് അറ്റങ്ങളിലുള്ള കോളേജുകളിലാണ് വേണുവും രേണുവും പഠിപ്പിക്കുന്നത്. ഫ്ലാറ്റ് പകൽ മുഴുവൻ പൂട്ടിക്കിടക്കും.
രണ്ടു കോളേജുകളും സ്വകാര്യ സ്ഥാപനങ്ങളാണ്. വാടക കൊടുത്തു കഴിഞ്ഞാൽ പിന്നെ രണ്ടാളുടെയും കൂടി ശമ്പളത്തിൽ മാസം കഷ്ടി കഴിയാനുള്ളതേ ശേഷിക്കൂ.
ഇരുവരുടെയും ഇഷ്ടവിഷയമാണ് മനഃശാസ്ത്രം എങ്കിലും ജീവിതം ഭദ്രമായി കെട്ടിപ്പടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ ഗവേഷണത്തെ കാണുന്നത്. അതുതന്നെ അത്യാപത്തിലേക്ക് വഴിതുറക്കും എങ്കിൽ...
പാരവശ്യത്തിൽനിന്ന് ആദ്യം ഉണർന്നത് രേണു. ഉൾക്കൊണ്ട ശ്വാസം അപ്പോഴും അടക്കിപ്പിടിച്ച് രേണു തന്നോട് തന്നെ എന്നപോലെ ആരാഞ്ഞു: ''വിഷയം മാറ്റിത്തരാൻ ഗൈഡിനോട് പറഞ്ഞാലോ?''
''അദ്ദേഹംതന്നെ നിർദേശിച്ച വിഷയമാണല്ലോ, മുഷിയും'', വേണു ഉറക്കെ ചിന്തിച്ചു... ''മൂപ്പർക്ക് ഈ വിഷയത്തിൽ എന്തോ സവിശേഷതാൽപര്യമുണ്ട്, രാഷ്ട്രീയമാണെന്നു തോന്നുന്നു.''
കണ്ണുകളിലേക്ക് വളർന്നുനിൽക്കുന്ന നരച്ച കൂട്ട് പുരികങ്ങളുള്ള ആ മുഖത്തെ അതൃപ്തി ഇരുവരും ഭാവനയിൽ കണ്ടത് ഒരുമിച്ച്.
മാറാരോഗബാധിതരായ കുട്ടികളുടെ അമ്മമാരുടെ മനോനിലയാണ് രേണു ബിരുദാനന്തര പഠനത്തിന് ഐച്ഛിക വിഷയമാക്കിയത്. വേണുവിന്റെ വിഷയം അധികാരത്തിന്റെ മനഃശാസ്ത്രവും. ഇതു രണ്ടുമായി ബന്ധപ്പെട്ടത് എന്നനിലക്കാണ് ഗൈഡ് പുതിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയത്. കാര്യങ്ങൾ തീരുമാനമായപ്പോൾ അദ്ദേഹംതന്നെ ഒരു പത്രസമ്മേളനം വിളിച്ചു പഠനവിഷയങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. അത്, എന്തുകൊണ്ടെന്നറിയില്ല, ഇവർ ഇരുവരും ഉദ്ദേശിച്ചതിലേറെ വലിയ വാർത്തയും ആയി.
''ഈ അറുകൊലയെ സംബന്ധിച്ച് ആർക്കോ എന്തോ കാര്യമായി മറച്ചുവെക്കാനുണ്ട് എന്ന് തീർച്ചയാവുന്നു'' വേണു ഊഹിച്ചു, ''അന്വേഷണവും വിചാരണയും വിധിയും ഒക്കെ കഴിഞ്ഞിട്ടും ഇതേപ്പറ്റി ആരെങ്കിലും ചിന്തിക്കുന്നതുതന്നെ ആരിലോ വലിയ ആശങ്ക...''
രേണു പറഞ്ഞു: ''എനിക്ക് പേടിയുണ്ട്. ഇത് ഉപേക്ഷിക്കാം. നമുക്ക് നാളെതന്നെ ഗൈഡിനെ കാണാം.''
''ഇത്ര പെട്ടെന്ന് വേണോ? തടയിടാൻ ആരെങ്കിലും വല്ലതും പറയുന്നു എന്നുവെച്ച്...''
''ആരെങ്കിലും ഒന്നും ആവില്ല. ഒരു മനുഷ്യനെ അമ്പത്തൊന്നു വെട്ടുവെട്ടി കൊന്ന ആളുകളാണ്. അതിൽ അമ്പതു വെട്ടും ചിലപ്പോൾ അനാവശ്യമായിരുന്നു എന്ന് മറക്കരുത്. കഴുത്തിന് ഏറ്റ ആദ്യത്തെ ഒരു വെട്ടിനുതന്നെ ആളുടെ കഥ കഴിച്ചിരിക്കാമല്ലോ!'' ചെറിയ പിണക്കം ഉള്ളപ്പോഴോ കാര്യമായി എന്തെങ്കിലും ചർച്ചചെയ്യാൻ ഉള്ളപ്പോഴോ അവർ താഴെ നിരത്തിനപ്പുറത്തുള്ള പാർക്കിലേക്ക് പോവുകയാണ് പതിവ്. അതിനായി രേണു എഴുന്നേറ്റപ്പോഴാണ് പുറകിൽനിന്ന് ആ പ്രഖ്യാപനം കേട്ടത്: ''പേടിക്കേണ്ട, ഞാൻ ഇല്ലേ കൂടെ!''
ഈ കേട്ടതിന് വിശദീകരണം തേടി രേണു വേണുവിന്റെ മുഖത്ത് നോക്കി. പറഞ്ഞത് വേണുവാണ് എന്നാണ് രേണു വിചാരിച്ചത്.
വേണുവാകട്ടെ, അപ്പോൾ കൂട്ടിലെ തത്തയെ അത്ഭുതത്തോടെ നോക്കുകയായിരുന്നു. കാരണം, ഇത് പറഞ്ഞത് ആ തത്ത ആയിരുന്നു! ഇരുവരുടെയും ശബ്ദത്തിൽ മാറിമാറി സംസാരിക്കുമായിരുന്നു ആ കിളി. അതിനും പുറമെ രേണുവിന്റെ അമ്മയെ കൂടി അനുകരിക്കും. രേണുവിന്റെ അമ്മ വല്ലപ്പോഴും വരാറുണ്ട്.
ചിലപ്പോൾ മണിക്കൂറുകളോളം വേണുവും രേണുവും രണ്ടുപേരും വായനയിലോ ആലോചനയിലോ ആയിരിക്കും. മനുഷ്യരാരും ഒന്നും മിണ്ടാതിരിക്കേ പാതി തമാശയായി അമ്മ ചോദിക്കും: ''ഇതെന്താ ഇവിടെയെങ്ങും ആരും ഇല്ലേ?'' തുല്യമായ പരിതഃസ്ഥിതികളിൽ തത്ത ഈ ചോദ്യവും ആവർത്തിക്കും, അമ്മയുടെ സ്വരത്തിൽ.
അത്ഭുതകരമായ കാര്യം ഇപ്പോൾ തത്ത പറയുന്നത് ആരിൽനിന്നും കേട്ട് പഠിച്ചതല്ല എന്നതാണ്. വേണു ഇങ്ങനെയൊന്ന് പറഞ്ഞിട്ടില്ല, താനും പറഞ്ഞിട്ടില്ല എന്ന് രേണു കണ്ടു. എപ്പോഴെങ്കിലും വേറെ ഒരാളും വന്ന് ഈ മുറിയിൽവെച്ച് ഇങ്ങനെ ഒരു കാര്യം പറഞ്ഞിരിക്കാനും ഇടയില്ല.
ഒരേസമയത്താണ് ഈ തിരിച്ചറിവ് ഇരുവരുടെയും മനസ്സിലൂടെ കടന്നുപോയത്. തുടർന്ന്, തത്തയെ ചോദ്യം ചെയ്യാനുള്ള തീരുമാനം ഇരുവരുടെയും മനസ്സിൽ ഉരുത്തിരിഞ്ഞതും ഒപ്പംതന്നെ.
മൂന്ന്
''ഞാൻ എന്ന് മീനു പറയുന്നത് ആരെ ഉദ്ദേശിച്ചാണ്?'', വേണു തത്തയോട് ചോദിച്ചു.
''ഈ ഞാൻതന്നെ. കൂടെ എന്റെ കൂട്ടുകാരും ഉണ്ട്'' എന്ന മറുപടി അവരെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കി.
പക്ഷി തുടർന്നു: ''നടക്കാൻ പാടില്ലാത്തതാണ് നടന്നത്. അതിന്റെ ആവർത്തനം തടയാൻ ശ്രമിക്കേണ്ടത് ഞങ്ങളുടെയും ചുമതലയാണ്. അരുത് കാട്ടാളാ എന്ന് വിലക്കി ഒരു മഹർഷി ഞങ്ങളെ പണ്ട് രക്ഷിച്ചത് മറക്കാൻ കഴിയുമോ!''
ഈ കാണുന്നതും കേൾക്കുന്നതും യാഥാർഥ്യമാണോ എന്ന അങ്കലാപ്പ് ഇരുവരെയും കുഴക്കി. ആ അമ്പരപ്പിനെ ആദ്യം അതിജീവിച്ചത് രേണുവാണ്. ജനാലക്കരികിൽ മേശപ്പുറത്ത് വെച്ച കൂട്ടിന്നരികിലേക്ക് നീങ്ങി രേണു ചോദിച്ചു: ''മീനു, ഈ കൂട്ടിനുള്ളിൽ കിടക്കുന്ന നീ എന്ത് എങ്ങനെ അന്വേഷിക്കാനാണ്? അതുമല്ല, മനുഷ്യരുടെ അരികിൽ ചെല്ലാൻ ഭയപ്പെടുന്ന നിങ്ങൾ എങ്ങനെ..?''
അപ്പോഴാണ് ആ പക്ഷി തന്റെ അപൂർവമായ കഴിവുകളിൽ ബാക്കികൂടി വെളിപ്പെടുത്തിയത്: ''എനിക്കെന്റെ പഴയ കൂട്ടത്തിലെ ചങ്ങാതിമാരുമായി എപ്പോൾ വേണമെങ്കിലും മനസ്സുകൊണ്ട് ബന്ധപ്പെടാൻ കഴിയും. ഞങ്ങൾക്ക് മനുഷ്യരുടെ മനസ്സ് അറിയാനും കഴിവുണ്ട്. ഒരിക്കൽ നേരിൽ കാണാൻ കിട്ടുകയോ നേരിൽ കണ്ട ആളെ കാണാൻ കഴിയുകയോ മാത്രമേ വേണ്ടൂ. ആരോടാണോ എന്തെങ്കിലും ചോദിക്കാനുള്ളത് ആ ആളുടെ ചിത്രം എന്നെ കാണിച്ചാലും മതി. ഞാനത് എന്റെ കൂട്ടുകാരുടെ ഓർമയിലേക്ക് പകർത്തി കൊടുക്കും.''
ഏതാനും കാര്യങ്ങളിൽ വീണ്ടുവിചാരം ആവശ്യമായിരിക്കുന്നു എന്ന് ഇരുവരും ചിന്തിക്കേ അതോടൊപ്പം മറ്റൊന്നുകൂടി അവരുടെ ശ്രദ്ധയിൽ വന്നു: ഇതടക്കം തങ്ങൾ ആലോചിക്കുന്ന എല്ലാ കാര്യവും മീനു അറിഞ്ഞുകൊണ്ടിരിക്കുന്നു! ഒരു പക്ഷി എന്നതിൽ കവിഞ്ഞ് മൂന്നാമതൊരു ആളുടെ, അതും പരഹൃദയജ്ഞാനിയായ ഒരാളുടെ, സ്ഥിരം സാന്നിധ്യം!
രേണു പറഞ്ഞു: ''മീനു, ഞങ്ങൾ ഈ ഗവേഷണവിഷയം ഉപേക്ഷിക്കാനാണ് തീരുമാനിച്ചത്.''
മീനു അസ്വസ്ഥയായി ചിറകടിച്ചു, ''അരുത്, ഉപേക്ഷിക്കരുത്, അരുത്!''
''ശരി,'' വേണു മീനുവിനെ സമാധാനിപ്പിച്ചു, ''ഞങ്ങൾ ഒന്നുകൂടി ആലോചിക്കട്ടെ.''
ഇങ്ങനെയൊക്കെയുള്ള വഴികളിലൂടെ വല്ല വിവരങ്ങളും അറിഞ്ഞുകിട്ടിയാൽതന്നെ അതിനൊന്നും ശാസ്ത്രീയമായ വിശ്വാസ്യത സ്ഥാപിക്കാൻ കഴിയില്ല എന്നുള്ളതുകൊണ്ട് ഗവേഷണ പ്രയത്നത്തിൽ മീനുവിന്റെ സഹായം സ്വീകരിക്കാൻ നിർവാഹമില്ല എന്ന് വേണുവും രേണുവും ഇതിനകം സ്വമേധയാ വെവ്വേറെ തീരുമാനിച്ചു കഴിഞ്ഞിരുന്നു.
പിറ്റേന്നുതന്നെ അവർ ഗൈഡിനെ ചെന്ന് കണ്ടു. പക്ഷേ, അദ്ദേഹത്തിന് ഈ വിഷയം ഉപേക്ഷിക്കാനുള്ള തീരുമാനം ഒട്ടും സമ്മതമായില്ല. ഊമക്കത്തുകൾക്ക് ഈ നാട്ടിൽ ഒരു പഞ്ഞവുമില്ല. ഇത്തരം ഭീഷണികളെ നേരിടാൻ തന്റേടമില്ലാത്തവർക്ക് ഒരു ഗവേഷണവും ചെയ്യാൻ സാധ്യമല്ല.
ഇരുവരും മറുപടി പറയാതെ നിൽക്കേ ഗൈഡിന്റെ മുഖം വല്ലാതെ കടുത്തു, ''നാം കുറ്റാന്വേഷണമൊന്നും നടത്തുകയല്ലല്ലോ, മനഃശാസ്ത്രം പഠിക്കുകയല്ലേ ചെയ്യുന്നുള്ളൂ!''
''മനസ്സിലിരിപ്പ് കണ്ടെത്താൻ കഴിഞ്ഞാൽ സത്യം പുറത്തുവരില്ലേ, സർ! അതാണ് ആർക്കോ സമ്മതമല്ലാത്തത്. ഞങ്ങൾക്ക് ഭയമുണ്ട് സാർ'', രേണു തുറന്നറിയിച്ചു.
''അങ്ങനെയെങ്കിൽ എനിക്കല്ലേ കൂടുതൽ ഭയപ്പെടാൻ ഉള്ളത്? ഞാനല്ലേ നിങ്ങളുടെ ഗൈഡ്!''
''ഞങ്ങൾക്ക് ജീവിതത്തിൽ നേരം പുലരുന്നല്ലേയുള്ളൂ, അങ്ങേക്ക് അസ്തമയം ആയല്ലോ!'' എന്ന് ചുണ്ടോളം വന്നത് രേണു കടിച്ചുപിടിച്ചു. പറഞ്ഞത് ഇങ്ങനെ: ''മറ്റേതെങ്കിലും ഒരു വിഷയം കിട്ടിയിരുന്നെങ്കിൽ...''
''മനഃശാസ്ത്രപരമായ ഏത് അന്വേഷണവും തങ്ങൾക്ക് എതിരാണെന്ന് ആർക്കെങ്കിലും എപ്പോഴും തോന്നാം'', നിറച്ചുവെച്ചിരുന്ന പൈപ്പിന് തീ കൊളുത്തി അതിന്റെ മുഖത്തെ തീവട്ടം ശരിയായി വ്യാപിച്ചുവരുന്നു എന്ന് ഉറപ്പുവരുത്താൻ ആഞ്ഞാഞ്ഞു വലിച്ച് ഗൈഡ് പ്രഖ്യാപിച്ചു, ''എനിക്ക് വേറെ പണിയുണ്ട്.''
വീര്യമുള്ള പുകയിലപ്പുക മുറിയിൽ നിറഞ്ഞു.
ഇനി വെറുതെ കാത്തുനിൽക്കേണ്ട എന്ന് ഗൈഡിന്റെ ശരീരഭാഷ വ്യക്തമായി പറഞ്ഞു. കൂടിക്കാഴ്ച ഏകപക്ഷീയമായി അവസാനിപ്പിച്ചിരിക്കുന്നു എന്ന് സൂചിപ്പിക്കാൻ അദ്ദേഹം ഫോണെടുത്ത് ആരെയോ വിളിക്കാൻ തുടങ്ങി.
വേണുവും രേണുവും ഊമക്കത്തുമായി നേരെ പോയത് പ്രസ് ക്ലബിലേക്കാണ്. പത്രസമ്മേളനം ഒന്നും നടത്തിയില്ല. അവിടെ കണ്ട പത്രക്കാരെ ഊമക്കത്ത് കാണിച്ചു, തങ്ങളുടെ ഗവേഷണവിഷയം മാറ്റുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ വാർത്ത എല്ലാ പത്രങ്ങളിലും വന്നാൽ നന്നായി എന്ന ആഗ്രഹം തുറന്നു പ്രകടിപ്പിച്ചു. വലിയ ആശ്വാസത്തോടെയാണ് തിരിച്ച് ഫ്ലാറ്റിലേക്ക് പോന്നത്. ഇനിയെന്ത് എന്ന് ചിന്ത അലട്ടിയെങ്കിലും ചിന്തിക്കാൻ ഈ ജീവിതം ബാക്കിയായിക്കിട്ടുമെന്ന് പ്രതീക്ഷിക്കാമല്ലോ എന്ന് നെടുതായി നിശ്വസിച്ചു.
നാല്
സർവകലാശാലയിൽനിന്ന് വരും വഴി ബസിൽ കൂടെ കയറിയ രണ്ടു ചെറുപ്പക്കാർ തങ്ങളെ നിരീക്ഷിക്കുന്നതായി വേണുവിന് തോന്നി. ഇത് രേണുവിന്റെ ചെവിയിൽ മന്ത്രിക്കേ കൂട്ടിച്ചേർത്തു: ''തിരിഞ്ഞു നോക്കരുത്.''
നഗരത്തിലേക്ക് കടന്ന് ആൾത്തിരക്കേറിയപ്പോൾ ഫ്ലാറ്റിൽനിന്ന് വളരെ അകലെയുള്ള സ്റ്റോപ്പിൽ വേണുവും രേണുവും ഇറങ്ങി. അവരെ പിന്തുടർന്നവരും തട്ടിപ്പിടഞ്ഞ് ഇറങ്ങി. അവർക്ക് പോലീസുകാരുടെ ഭാവഹാവങ്ങളുണ്ട് എന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്.
അവർ തങ്ങളെ പിന്തുടരുകയാണ് എന്ന് തീർത്തുറപ്പിക്കാൻ വേണു മറ്റൊരു വിദ്യ കൂടി പയറ്റി. ബസ് സ്റ്റോപ്പിൽനിന്ന് നൂറു മീറ്റർ അകലെ കണ്ട കോഫി ഷോപ്പിലേക്ക് കയറി. സ്വാഭാവികം എന്നമട്ടിൽ അകമ്പടിക്കാരും കയറി.
ഇത്രയുമായപ്പോൾ രേണു ശ്വാസമടക്കി ചോദിച്ചു, ''ഉപദ്രവിക്കുമോ?''
വേണു പിറുപിറുത്തു, ''പേടിപ്പിക്കാനേ ആവൂ.''
''വല്ല ബോംബുമെറിഞ്ഞു ഭീതിപരത്തി നമ്മളെയും..!''
വേണു നിഷേധാർഥത്തിൽ മൂളി വിരസം ചിരിച്ചു.
ഷോപ്പിൽ ഏതാനും മേശകൾക്കു ചുറ്റുമേ ആളുള്ളൂ. തൊട്ടപ്പുറത്തുള്ള ഏതോ ഗോഡൗണിലേക്ക് കനത്ത ഉരുപ്പടികൾ ഇറക്കുന്ന തിരക്കാണ് പുറത്ത്. ട്രക്കുകൾ ഒന്നിന് പുറകെ ഒന്നായി ഊഴം കാത്തുനിൽക്കുന്നു. വീതികുറഞ്ഞ നിരത്ത്, നല്ല തിരക്കും.
ആവശ്യത്തിലേറെ സ്ട്രോങ്ങാണ് കാപ്പി. കയ്പൻ കഷായം. എങ്കിലും ഇരുവരും അതു കുടിച്ചു. പിന്തുടരുന്നവരും കാപ്പി കുടിച്ചു. തങ്ങൾ എഴുന്നേറ്റില്ലെങ്കിൽ അവരും ലോകാവസാനം വരെയും അവിടെ ഇരിക്കുമെന്ന് വേണുവിനു തോന്നി. കയറി പരിചയപ്പെട്ടാലോ എന്ന ആശയത്തിന് മനസ്സിൽ ആക്കത്തൂക്കം നടന്നു. പിന്നെ തോന്നി, എന്തിനു വെറുതെ...
കോഫിഷോപ്പിൽനിന്ന് ഇറങ്ങി അവർ ഒരു ഓട്ടോറിക്ഷയിൽ കയറി. പിന്നിൽ അത്ര പെട്ടെന്ന് ഒരു ഓട്ടോറിക്ഷ കിട്ടാൻ ഇല്ലായിരുന്നു. കൂടെ ഇറങ്ങിയവർ വിഷമിക്കുന്നത് കണ്ടു. കാണാമല്ലോ വിരുത് എന്ന് ഒരു കളിയിൽ എന്നപോലെ വേണു അകമേ സന്തോഷിച്ചു.
പക്ഷേ, ഫ്ലാറ്റിനു മുന്നിൽ ഇറങ്ങുമ്പോൾ തൊട്ടുപിന്നിൽ ഒരു ഓട്ടോറിക്ഷയിൽ അവരും ഉണ്ടായിരുന്നു. എങ്ങനെയോ ഒരെണ്ണം കണ്ടുപിടിച്ച് വളരെ വേഗത്തിൽ ഓടിച്ച് ഒപ്പം എത്തിയിരിക്കുന്നു! കടന്നുപോകുമ്പോൾ കൈ പുറത്തിട്ട് ടാറ്റാ പറയുക വരെ ചെയ്തു!
രേണുവിന്റെ മുഖത്ത് ഭയം നിഴലിച്ചു. വേണുവിനും അകത്ത് പേടി ഇല്ലാതിരുന്നില്ല. പോലീസ് സ്റ്റേഷനിൽ പോയി പരാതിപ്പെട്ടാലോ എന്ന് ഒരു നിമിഷം ചിന്തിച്ചു. ഊമക്കത്ത് കാണിക്കാം, രണ്ടാൾ പിന്തുടർന്ന കാര്യം പറയുകയും ചെയ്യാം. പക്ഷേ, കണ്ടാൽ അറിയാവുന്ന ആളുകൾ എന്നല്ലാതെ പ്രതികളെ കുറിച്ച് ഒന്നും പറയാൻ കഴിയില്ല. പോലീസുകാർ എവിടെ അന്വേഷിക്കാനാണ്!
തങ്ങൾ ഗവേഷണ പദ്ധതി ഉപേക്ഷിച്ചു എന്ന് നാളെ പത്രത്തിൽ വാർത്ത വന്നു കഴിഞ്ഞാൽ പ്രശ്നം തീരും എന്ന് വേണു തീരുമാനിച്ചു. അതിൽ പിന്നെയും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അപ്പോൾ എന്തുവേണം എന്ന് ആലോചിക്കാം.
ഫ്ലാറ്റിനോട് തൊട്ടുള്ള അമ്പലത്തിൽ ദീപാരാധനയുടെ മണിയടി തുടങ്ങിയിരുന്നു. അതോടൊപ്പം അമ്പലനടയിലെ ആലില് അനേകായിരം കാക്കകളുടെ മഹാസമ്മേളന ബഹളവും. ഇരുട്ടും കൂടെ തണുപ്പും ഈ രംഗവേദിയിലേക്ക് മെല്ലെ കടന്നുവരുന്നു. അറ്റ വേനൽ ആയതുകൊണ്ട് വായുവിൽ പൊടിയുടെയും റബർ കരിഞ്ഞതിന്റെയും ഉണങ്ങി വീണ്ട അഴുക്കുചാലുകളുടെയും മണം.
കണ്ടുനിൽക്കേ വഴിവിളക്കുകൾ തെളിഞ്ഞു. ചരിത്രാതീതകാലത്തുനിന്നെന്നപോലെ ബാങ്ക് വിളികൾ മുഴങ്ങി.
ഓർക്കാപ്പുറത്താണ് രേണു ചോദിച്ചത്: ''വീട്ടിലേക്ക് പോയാലോ?''
രേണുവിന്റെ വീടാണ് ഉദ്ദേശിച്ചത്. അതാണ് അടുത്ത്.
മൂന്നു മണിക്കൂർ യാത്ര. എത്തുമ്പോൾ വൈകും. വൈകുന്നത് ഒരു കണക്കിന് നല്ലതാണ്. ചുറ്റുവട്ടവും ഉള്ള സന്തുബന്ധുക്കളെ കാണാതെ കഴിയും. കല്യാണം കഴിക്കാതെയുള്ള ഈ കൂട്ടുജീവിതത്തെ കുറിച്ച് അവർക്കാർക്കും മതിപ്പില്ല. രേണുവിന്റെ അച്ഛനും അമ്മക്കും പക്ഷേ വലിയ വിരോധമില്ല. പുലരുംമുമ്പ് തിരികെ പോന്നാൽ...
ഫ്ലാറ്റ് സുരക്ഷിതമാണ് എന്നാണ് പറയാറ്. അപ്പാർട്മെന്റിന്റെ മുൻവാതിൽ രാത്രി അടയ്ക്കും. അപ്പുറത്തും ഇപ്പുറത്തും ഉള്ള ഫ്ലാറ്റുകളിൽ ആളുണ്ട്. പക്ഷേ ആരും ഇല്ലാത്ത അനുഭവമാണ്. അവനവന്റെ മുറികളും അവനവനും മാത്രം. ഫ്ലാറ്റിനകത്ത് എന്ത് സംഭവിച്ചാലും അടുത്തുള്ളവർ അറിയുകപോലുമില്ല. ഓരോ ഫ്ലാറ്റിൽ ഉള്ളവരുടെയും സ്വകാര്യത ഉറപ്പുവരുത്തിയതിന്റെ ഒരു ഫലം. ഉറക്കെ നിലവിളിച്ചാലും അപ്പുറത്ത് കേൾക്കില്ല.
ഒരുപാട് കാര്യം ആലോചിക്കാൻ ഉണ്ട്. വേറൊരു വിഷയം വേണം ഗവേഷണത്തിന്. ചിലപ്പോൾ വേറൊരു ഗൈഡും ആവശ്യമാകും. ഈ വിഷയത്തിൽ ഈ പ്രദേശത്ത് ഇങ്ങനെ ഒരാളേ ഉള്ളൂ. മറ്റു വല്ല സർവകലാശാലയിലും പോകേണ്ടിവരും. ഉള്ള വരുമാനം മുട്ടും. ഫെല്ലോഷിപ്പ് കിട്ടാൻ വൈകിയാൽ പ്രയാസമാണ്.
പുനർ രജിസ്ട്രേഷൻ ശരിയാകാൻ എത്ര കാലം പിടിക്കും എന്നൊന്നും നിശ്ചയമില്ല. ഒന്നാമത്തെ കളത്തിൽനിന്ന് എല്ലാം വീണ്ടും തുടങ്ങണം. അങ്ങനെ പാഴാക്കാൻ ഉള്ളതല്ലല്ലോ ആയുസ്സ്.
പക്ഷേ, വിഷയം ഉപേക്ഷിച്ചിട്ടും പുറകിൽനിന്ന് ശല്യം പോയില്ല എങ്കിൽ എന്തു വേണം എന്നുകൂടി ആലോചിക്കാൻ ഉണ്ട്. ഈ വക കാര്യങ്ങളിൽ ഒരിക്കൽ സംശയത്തിന്റെ പരിധിയിൽ വന്നുപോയാൽ പിന്നെ...
അഞ്ച്
പുലരും മുമ്പ് തിരികെ ബസ് യാത്ര തുടങ്ങി. കിഴക്ക് സൂര്യൻ പ്രത്യക്ഷപ്പെട്ടതോടൊപ്പം ദാമുവിന്റെ വിളി വന്നു. കോളേജ് ഹോസ്റ്റലിൽ സഹമുറിയനായിരുന്ന ദാമു ഇപ്പോൾ മാധ്യമപ്രവർത്തകനാണ്. പ്രചാരമുള്ള ഒരു ചാനലിലാണ് ജോലി.
''അഭിനന്ദനങ്ങൾ! നിങ്ങൾ ഇരുവരുംകൂടി വലിയ വാർത്ത സൃഷ്ടിച്ചിരിക്കുന്നു!''
ഊമക്കത്തിന്റെ കാര്യം തങ്ങൾ പ്രസ് ക്ലബിൽ പറഞ്ഞപടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നറിഞ്ഞത് അപ്പോൾ ദാമു പറഞ്ഞാണ്. അതിന്റെ കൂടെ മറ്റൊന്നുകൂടി സംഭവിച്ചിരിക്കുന്നു. തന്റെ വിദ്യാർഥികൾക്ക് ഭീഷണിക്കത്തയച്ച ആരുടെയോ ബുദ്ധിശൂന്യതയെ പറ്റി ഗൈഡ് പത്രക്കാരോട് വാചാലനായതിന്റെ വിസ്തരിച്ച റിപ്പോർട്ടും ഉണ്ട്. ആരെത്ര തടഞ്ഞാലും ശാസ്ത്രീയമായ സത്യം തന്റെ കുട്ടികൾ കണ്ടെത്തും എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. പ്രസ് ക്ലബിൽ വെച്ച് ആരോ എടുത്ത തങ്ങളുടെ ചിത്രം എല്ലാവരും പങ്കുവെച്ച് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ദാമു തുടർന്നു: ''ഇങ്ങനെയൊന്നുണ്ടായിട്ട് നീയെന്തേ എന്നെ അറിയിക്കാത്തത്? സഹായിക്കാൻ അല്ലേ സുഹൃത്തുക്കൾ? സാരമില്ല, നമുക്ക് കലക്കാം! ഞാൻ നിന്റെ ഫ്ലാറ്റിലേക്ക് വരുന്നു. എനിക്കൊരു ബൈറ്റ് തരണം.'' കൂടുതൽ എന്തെങ്കിലും പറയാൻ കഴിയും മുമ്പ് ദാമു ഫോൺ വെച്ചു.
വേണുവും രേണുവും എത്തുമ്പോൾ ദാമുവും കാമറമാനും ഫ്ലാറ്റിന്റെ മുന്നിൽ കാത്തുനിൽപാണ്. ഒഴിഞ്ഞുമാറാൻ വേണു ആവോളം ശ്രമിച്ചു. വാർത്ത സൃഷ്ടിക്കാൻ തനിക്ക് താൽപര്യമില്ല എന്ന് തുറന്നുപറഞ്ഞു.
അവസാനം ദാമു പ്രലോഭനങ്ങളിൽനിന്ന് മാറി അപേക്ഷയിലേക്ക് കടന്നു. തന്റെ കോൺട്രാക്ട് പുതുക്കാനുള്ള സമയമായിരിക്കുന്നു. ചാനലിന്റെ റേറ്റിങ് കൂട്ടാനുള്ള വല്ല വാർത്തയും കൊടുക്കാൻ കഴിഞ്ഞിട്ട് ഏറെ കാലമായി. ജോലി നിലനിർത്തേണ്ടത് ജീവൻമരണ പ്രശ്നമാണ്. അമ്മ അർബുദവുമായി ആശുപത്രിയിലാണ്. ഭാര്യ കടിഞ്ഞൂൽ പ്രസവിക്കാൻ പോകുന്നു. കൈയൊഴിയരുത്.
സമ്മതിക്കേണ്ടി വന്നു.
ഭാഗ്യത്തിന്, ഷൂട്ടിനിടെ ഒരു വിസ്മയം ഉണ്ടായത് ദാമുവിന് ഏറെ സഹായകമായി. ദാമുവിന്റെ ചോദ്യങ്ങൾക്ക് കൂട്ടിലെ തത്ത മറുപടി പറയാൻ തുടങ്ങി! കൃത്യമായ ഉത്തരങ്ങൾ ആയിരുന്നില്ല എങ്കിലും അതൊരു വലിയ പുതുമയും ആകർഷണവുമായി.
ചില ഉദാഹരണങ്ങൾ:
''അറുകൊലക്കു പ്രേരകമായി വർത്തിക്കുന്ന മനഃശാസ്ത്രം വെളിപ്പെടുന്നതോടുകൂടി ഈ മഹാവിപത്തിന് അന്ത്യമാകും എന്ന് തോന്നുന്നുണ്ടോ?''
തത്തയുടെ ഉത്തരം: ''ഉവ്വ്. സബ്കോൺഷ്യസ് എൻജിനീയറിങ് ഉപയോഗിച്ചാൽ മതി.''
തന്റെ സ്വരം അനുകരിച്ച് തത്ത പറഞ്ഞത് മാന്യ പ്രേക്ഷകർക്കായി ദാമു പരിഭാഷപ്പെടുത്തി, ''ഉപബോധ പുനർനിർമിതി.''
''കൊലപാതക വാസനയുടെ അടിസ്ഥാന കാരണം എന്താണ്?''
ഉത്തരം: ''ഫിയർ കോംപ്ലക്സ്!''
ഉറക്കെ വായിക്കുന്ന സ്വഭാവമുണ്ട് രേണുവിന്. ആ വായനയിൽ കേട്ടറിഞ്ഞതാണ് പക്ഷി ആവർത്തിക്കുന്നത് എന്ന് രേണുവിനല്ലേ അറിയാവൂ! പക്ഷേ, ചോദ്യവുമായി ഉത്തരങ്ങൾക്ക് കൃത്യമായ ബന്ധമുണ്ട്!
ഏതായാലും, പ്രേക്ഷകരുടെ ശ്രദ്ധാകേന്ദ്രം പക്ഷിയായി. കാമറയുടെ ശ്രദ്ധാകേന്ദ്രവും അതനുസരിച്ച് മാറി. ആ പക്ഷിയെ വളർത്താൻ ഉണ്ടായ സാഹചര്യം രേണു വിശദീകരിച്ചു. മീനുവിന് പരഹൃദയജ്ഞാനം വരെയുള്ള കഴിവുകളുണ്ടെന്നും രേണു വെളിപ്പെടുത്തി.
''അപ്പോൾ ഇതിനെ തുറന്നുവിട്ടാൽ ഏത് കുറ്റവാളിയെയും കണ്ടുപിടിച്ചു തരില്ലേ?'', ദാമു ചോദിച്ചു.
മീനു ഇടയിൽ കടന്നു: ''എന്താ സംശയം!'' ഇത്തരം തത്തകൾക്ക് മനുഷ്യഹൃദയം വായിക്കാൻ അറിയുമെന്നും കിട്ടുന്ന വിവരങ്ങൾ ദൂരെയുള്ള കൂട്ടുകാർക്ക് എത്തിക്കാൻ പറ്റും എന്നുകൂടിയും രേണു, തത്ത നേരത്തേ തങ്ങളോട് നേരിട്ട് പറഞ്ഞ കാര്യം, വെളിപ്പെടുത്തി.
തുടർന്ന്, എല്ലാരും ഉൾപ്പെടുന്ന ഒരു ഷോട്ടിൽ നടുനായകമായിനിന്നുകൊണ്ട് ദാമു പ്രേക്ഷകരോട് സംസാരിച്ചു: അത്യത്ഭുതകരമായ ഈ ഒരു സൗകര്യം മതി ഇവർക്ക് ഇവർ ഉദ്ദേശിക്കുന്ന ഏത് കാര്യവും അന്വേഷിച്ച് അറിയാൻ! ആർക്കും എവിടെയും ഒളിഞ്ഞിരിക്കാൻ ഇനി കഴിയില്ല. ഇതുതന്നെയല്ലേ ഈ ലോകത്തിലെ എട്ടാമത്തെ മഹാത്ഭുതം! കാമറാമാൻ നൗഷാദിന്റെ കൂടെ ദാമോദർ രാംദാസ്...''
ആറ്
അടുത്തത് രാഷ്ട്രീയ പാർട്ടികളുടെ ഊഴമായിരുന്നു. പ്രതിപക്ഷനേതാവ് വന്നത് വലിയ അകമ്പടിയോടുകൂടിയാണ്. വലിയൊരു പൂച്ചെണ്ടും കൈയിൽ ഉണ്ടായി. ''അനുമോദനം!'' എന്ന് ആർത്തുവിളിച്ചുകൊണ്ടാണ് വന്നത്.
നിർദിഷ്ട വിഷയത്തിൽ ഗവേഷണം തുടരണമെന്നാണ് അദ്ദേഹത്തിന് പറയാൻ ഉണ്ടായത്. ഒരിക്കലും പിന്തിരിയരുത്. സത്യം പുറത്തുകൊണ്ടുവരാനുള്ള മറ്റെല്ലാ വഴികളും പരാജയപ്പെട്ട അവസ്ഥയിലാണ് ഈ വഴിത്തിരിവ്. സാക്ഷാൽ ദൈവം തന്നെ ഏർപ്പാട് ചെയ്തപോലെ ഒന്ന്. ഇതൊരു ദൗത്യമാണ്. സമൂഹത്തോടുള്ള കടമയാണ്. നിറവേറ്റിേയ തീരൂ.
ഏതുവിധ സഹായവും നൽകാൻ തയാറാണ്. ജനങ്ങൾ സത്യം അറിയണം. കണ്ണിൽ ചോരയില്ലാത്ത നിരവധി കൊലപാതകങ്ങളാണ് നടന്നത്. എത്രയോ പേർ വിധവകളായി, അനാഥരായി, കള്ളക്കേസിൽ അറസ്റ്റിലായി, അർഹിക്കാതെ ശിക്ഷിക്കപ്പെട്ടു.
ഇവരുടെ കൂടെയും വാർത്താമാധ്യമങ്ങൾ ഉണ്ടായിരുന്നു. നേതാവ് പറയുന്നതെല്ലാം അവർ ഒപ്പിയെടുത്തു. രേണുവും വേണുവും മീനുവും എല്ലാ ഷോട്ടിലും ഉണ്ടായി.
നേതാവ് പ്രഖ്യാപിച്ചു: ''ഞങ്ങൾക്ക് ഉറപ്പുണ്ട്, സത്യം പുറത്ത് വരുന്നതിൽ എതിർപ്പുള്ളവർ ഈ ഗവേഷണത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കും. അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഞങ്ങളുടെ പിന്നാലെ അവർ വരും. പ്രലോഭനങ്ങൾ ഉണ്ടാവും, ഭീഷണികൾ ഉണ്ടാവും, സ്വജനങ്ങൾ വഴി സ്വാധീനിക്കാൻ ശ്രമിക്കും. വഴങ്ങരുത്. ഇനിയൊരു അവസരം കിട്ടില്ല!''
വേണു പറഞ്ഞു, ''ഞങ്ങൾക്ക് രാഷ്ട്രീയത്തിൽ താൽപര്യമില്ല. ഞങ്ങൾ വെറും വിദ്യാർഥികളാണ്. ഒന്നും തെളിയിക്കാനോ തെളിയാതിരിക്കാനോ ഞങ്ങൾക്ക് ആഗ്രഹമില്ല.''
''ഇല്ലായിരിക്കാം പക്ഷേ, ഈ കാര്യങ്ങൾ തെളിയേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. നാമൊക്കെ സമൂഹജീവികൾ ആണല്ലോ. സമൂഹത്തോട് നമുക്ക് ചില കടമകളില്ലേ?''
വേണുവിന്റെ ക്ഷമയുടെ നെല്ലിപ്പടി എത്തി. ഇത് ഇത്രയും മതി എന്ന ഭാവത്തോടെ എഴുന്നേറ്റു, ''ഞങ്ങൾ ഒരു യാത്ര കഴിഞ്ഞ് വന്നു കയറിയതേയുള്ളൂ, പ്രഭാതകൃത്യങ്ങൾ കഴിക്കണം, ഭക്ഷണം എന്തെങ്കിലുമുണ്ടാക്കണം... ദയവായി...''
''എല്ലാറ്റിനും ഞങ്ങൾ കൂടെതന്നെ ഉണ്ടാവാം, ഭക്ഷണം ശേഖരിച്ച് കൊണ്ടുവരാം, വേറെ എന്ത് സഹായമാണ് വേണ്ടതെങ്കിൽ എല്ലാം...''
''രാവിലെ ചെയ്യേണ്ടുന്ന ചില കാര്യങ്ങൾക്ക് അന്യർ ആരും കൂടെ ഇല്ലാതിരിക്കുകയാണല്ലോ കൂടുതൽ സൗകര്യം!'' എന്നുവരെ വേണു പറഞ്ഞിട്ടും ആഗതർ പോകാൻ തയാറായില്ല.
''ദയവുചെയ്ത് തൽക്കാലം പോകൂ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ വിളിക്കാം.''
''ഗവേഷണ പദ്ധതി ഉപേക്ഷിക്കില്ലെന്ന് ഉറപ്പുതന്നാലേ ഞങ്ങൾ പോകൂ.''
''ശരി'', വേണു പറഞ്ഞു, ''ശരി.''
അവർക്ക് പിന്നിൽ വാതിൽ അടഞ്ഞപ്പോൾ വേണു ആദ്യം രേണുവിനോട് ചോദിച്ചത് ''നമുക്ക് കുറച്ചിട എങ്ങോട്ടെങ്കിലും പോയാലോ!'' എന്നാണ്. പക്ഷേ, അടുത്ത നിമിഷത്തിൽ കൈകൾ മലർത്തി അതിന് തന്നത്താൻ മറുപടിയും പറഞ്ഞു, ''സ്പേസിൽ പോയാലും അവിടെയും എത്തുന്ന കൂട്ടരല്ലേ!''
ഏഴ്
വേണു ഷർട്ടും പാന്റും അഴിച്ചുമാറ്റി ലുങ്കിയിലേക്ക് മാറി ബ്രഷിൽ ടൂത്ത് പേസ്റ്റ് എടുക്കേ ആണ് ഫോൺ അടിച്ചത്. രേണു കുളിമുറിയിൽ കയറി കഴിഞ്ഞിരുന്നു.
അടിക്കട്ടെ ഫോൺ എന്ന് വിചാരിച്ച് പല്ലു തേക്കാൻ തുടങ്ങി. അടി നിന്നപ്പോൾ ആശ്വാസമായി എങ്കിലും അടുത്ത നിമിഷം വീണ്ടും തുടങ്ങി.
ആരെന്ന് അറിയാതിരിക്കുന്നത് ശരിയാവില്ല എന്ന് വീണ്ടുവിചാരമുണ്ടായി. ഇരുവരുടെയും അച്ഛനമ്മമാർ പ്രായമായി ഇരിപ്പാണ്.
ബ്രഷ് കടിച്ചുപിടിച്ച് ഫോണിനരികിലേക്ക് ചെന്നു.
രേണുവിന്റെ അമ്മയാണ്. പല്ലുതേപ്പിനിടയിൽ എടുത്ത ഫോണിലേക്ക് വേണു ചോദ്യാർഥത്തിൽ നീട്ടി മൂളി. ഭാഗ്യം, തുടർന്ന് എന്തെങ്കിലും ഇങ്ങോട്ട് ചോദിക്കുകയല്ല പറയാനുള്ള കാര്യം ഒറ്റ വീർപ്പിൽ പറഞ്ഞുതീർക്കുകയാണ് അമ്മ ചെയ്തത്.
അമ്മയുടെ അടുത്ത സുഹൃത്തും സഹപ്രവർത്തകയും ആയിരുന്ന ടീച്ചറുടെ ഏക മകൻ നഗരത്തിലെ കോടതിയിൽ വക്കീലാണ്. വേണുവിനും രേണുവിനും ഒരു വക്കീലിനെ ആവശ്യമായി വരുമെന്നും താൻ തയാറാണെന്നും അയാൾ അറിയിച്ചിരിക്കുന്നു. ആവശ്യം വരുമ്പോൾ സഹായം എത്തിക്കേണ്ടത് വേണ്ടപ്പെട്ടവരുടെ ചുമതല ആണല്ലോ എന്ന് അമ്മയുടെ നന്ദിസ്മരണ.
പെട്ടെന്ന് ഒരു വക്കീലിനെ ആവശ്യം വരുന്ന സാഹചര്യം ഒന്നുമില്ല എന്ന് വിശദീകരിക്കുന്നത് പിന്നീടാവാം എന്ന് കരുതി ''ശരി'' എന്നു ഫോൺ വെച്ച് പല്ലുതേപ്പ് തുടർന്നു. ഉടനെ ഫോൺ വീണ്ടും മണിയടിച്ചു. അമ്മതന്നെ. വക്കീൽ ഉടനെ ഫ്ലാറ്റിലേക്ക് വരുന്നു എന്ന വിവരം അറിയിക്കാനാണ്, സ്വീകരിക്കണം.
അതിനകം കുളികഴിഞ്ഞ് പുറത്തുവന്ന രേണുവിനോട് വിവരം പറഞ്ഞു. ആൾ മിടുക്കനാണ് എന്ന് രേണു സാക്ഷ്യപ്പെടുത്തി. പക്ഷേ, ഉടനെ വന്നു ആ ചോദ്യം, ''നമുക്ക് എന്തിനാണ് ഇപ്പോൾ ഒരു വക്കീല്?''
റവകൊണ്ട് ഉപ്പുമാവും പപ്പടവും പഴവും ഒക്കെയായി ഒരു ബ്രേക്ക് ഫാസ്റ്റ് ഒപ്പിച്ച് അത് കഴിക്കാൻ തുടങ്ങുമ്പോൾ കോളിങ് ബെൽ അടിച്ചു. വാതിൽ തുറന്നപ്പോൾതന്നെ രേണുവിന് ആളെ മനസ്സിലായി: ''വരൂ, അഡ്വക്കേറ്റ് കുമാർ!''
''പത്രവാർത്തകൾ കണ്ടപ്പോൾ എനിക്ക് കൗതുകം തോന്നി. അതോടൊപ്പംതന്നെ നിങ്ങൾക്ക് എന്റെ സഹായം ആവശ്യമാവും എന്നും കണ്ടു.''
എങ്ങനെയെന്ന് വിശദീകരിക്കാൻ മൗനമായി മുഖഭാവംകൊണ്ട് അഭ്യർഥിച്ച് വേണു കുമാറിനെ ഇരിക്കാൻ ക്ഷണിച്ചു, എതിരെ ഇരുന്നു.
കുമാർ പറഞ്ഞു, ''നിങ്ങൾ ഒരു തത്തയെ വളർത്തുന്നില്ലേ, അത് നിയമവിരുദ്ധമാണ്.'' രേണു അമ്പരന്നു, ''ഇതുവരെ ആരും...''
''പക്ഷേ, ഇപ്പോൾ നിങ്ങൾക്ക് ഒരു ശത്രുപക്ഷം ഉണ്ട് എന്ന് തെളിഞ്ഞിരിക്കുകയാൽ...''
വേണു കൂടുതൽ കൗതുകം പ്രകടിപ്പിച്ചു, ''എന്തുണ്ടാവാനാണ്?''
''പോലീസിൽ ആർക്കും പരാതികൊടുക്കാം.''
''എന്തിന്റെ പേരിൽ?''
''വന്യജീവി സംരക്ഷണ നിയമം തെറ്റിച്ചതിന്റെ പേരിൽ.''
''അതിന് എന്ത് ചെയ്യണം എന്നാണ് കുമാറിന്റെ ഉപദേശം?'' വേണു തുറന്നുതന്നെ ആരാഞ്ഞു.
''രണ്ടു കാര്യം വേണം. ഒന്ന്, ആ പക്ഷിയെ ഉടനെ തുറന്നുവിടുകയും ആ കൂട് കയ്യൊഴിയും വേണം. രണ്ട്, ഒരു വക്കാലത്തിൽ ഒപ്പിട്ടു തരണം.''
രേണു കരച്ചിലിന്റെ വക്കിലെത്തി: ''തുറന്നു വിട്ടാലും മീനു പോവില്ല!''
''അതെന്തോ ആകട്ടെ, അതിന്റെ വാസം കൂട്ടിൽ ആയിരിക്കരുത്. കൂട് കരുതിവയ്ക്കുകയും അരുത്. രണ്ടും ശിക്ഷാർഹമാണ്.''
പിന്നെ നടന്നത് രേണുവിനെ കൂടുതൽ നോവിച്ചു. കൂട് തുറന്ന ഉടനെ മീനു പുറത്തേക്കു പറന്നുപോയി. വക്കീലിന്റെ രംഗപ്രവേശത്തിന്റെ ഭാഗമായി തുറന്ന വാതിൽ അടഞ്ഞല്ല കിടന്നത്.
പിന്നെ താമസമുണ്ടായില്ല: വക്കാലത്ത് ഒപ്പിട്ടു വാങ്ങി, പ്രാതലിൽ പങ്കുപറ്റാനുള്ള ക്ഷണം നിരസിച്ച് ഒഴിഞ്ഞ പക്ഷികൂടും തൂക്കി വക്കീൽ യാത്രയായി.
ജീവൻപോയ ശരീരംപോലെയായി ആ വീട്.
ഭക്ഷണം കഴിക്കാതെ രേണു കമിഴ്ന്നു കിടന്നു കരയാൻ കിടപ്പറയിലേക്ക് പോയി. വല്ല വിധേനയും ആശ്വസിപ്പിക്കാം എന്ന മോഹത്തോടെ വേണു പിന്നാലെ ചെന്നു.
എട്ട്
പക്ഷി എന്തായാലും തിരികെ വരും എന്ന് വേണുവിന് തോന്നിയിരുന്നു. വിശേഷബുദ്ധിയുള്ള ജീവൻ ആയതുകൊണ്ട് അത് തങ്ങളെ രക്ഷിക്കാൻ കൂടിയാവും ഇങ്ങനെ അപ്രത്യക്ഷമായത്. തൊണ്ടിയില്ലെങ്കിൽ കേസ് ഇല്ലല്ലോ! ഐ.പി.സി അറിയാവുന്ന ഒരു പക്ഷി എന്നോർത്തപ്പോൾ എല്ലാ ബുദ്ധിമുട്ടുകൾക്കിടയിലും വേണുവിന്റെ ചുണ്ടത്ത് പുഞ്ചിരി വിടർന്നു.
പക്ഷിയുടെ തിരിച്ചുവരവിനെ കുറിച്ചുള്ള തന്റെ ശുഭപ്രതീക്ഷ രേണുവിലേക്ക് പകരാൻ വേണുവിന് സാധിച്ചു. അതിന് അരമണിക്കൂറോളം നീണ്ട സമാശ്വസനം വേണ്ടിവന്നു.
അവർ ഇരുവരും ഏതാണ്ട് ശാന്തമായ മനസ്സോടെ കിടപ്പറയിൽനിന്ന് പുറത്തുവന്നതും കോളിങ് ബെൽ മുഴങ്ങിയതും ഒപ്പം.
അഞ്ച് അംഗങ്ങളുള്ള പോലീസ് പാർട്ടി. രണ്ട് ഓഫീസർമാരും മൂന്ന് സിവിൽ പോലീസ് ഉദ്യോഗസ്ഥരും. ആ മൂന്നിൽ ഒരാൾ ഒരു വനിത.
''രണ്ടു കാര്യങ്ങൾക്കായി ഞങ്ങൾക്ക് ഈ ഫ്ലാറ്റ് പരിശോധിക്കണം'', അവരുടെ തലവൻ പറഞ്ഞു, ''ഒന്ന്, നിങ്ങളുടെ ജീവന് ഭീഷണി ഉയർന്നിട്ടുള്ള സ്ഥിതിക്ക് ഇവിടം നിങ്ങൾക്ക് സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തണം. രണ്ട്, നിങ്ങൾ ഇവിടെ ഒരു വന്യജീവിയെ വളർത്തുന്നതായി പരാതിയുണ്ട്, അതൊന്നറിയണം.''
ആവാം എന്ന് വേണു ചുമലുകൾ കുലുക്കി. അവർ ആകെയുള്ള രണ്ട് കിടപ്പറകളിലും ഹാളിലും അടുക്കളയിലും ചെറിയ രണ്ടു ബാൽക്കണികളിലും പരതി. ഒന്നും കണ്ടില്ല. മുൻവാതിലിന്റെയും എല്ലാ ജനാലകളുടെയും ഉറപ്പ് പരിശോധിച്ചു, ''ആ വന്യജീവിയെ നിങ്ങൾ എന്തു ചെയ്തു?''
''നടപ്പാതയിൽനിന്ന് പരിക്കേറ്റ ഒരു തത്തയെ ഞങ്ങൾക്ക് കിട്ടി. ദയ തോന്നി ഇവൾ അതിനെ ഫ്ലാറ്റിലേക്ക് കൊണ്ടുപോന്നു. ഫ്ലാറ്റിൽ ഇടയ്ക്കിടെ ഒരു പൂച്ച വിരുന്നു വരുന്നതുകൊണ്ട് പക്ഷിയുടെ രക്ഷയ്ക്കായി ഒരു കൂടു വാങ്ങി അതിൽ ഇട്ടു. പരിക്ക് ഭേദമായപ്പോൾ അതിനെ പറത്തിവിടുകയും ചെയ്തു.''
''അതിനെപ്പറ്റി ഒരുപാട് അത്ഭുതകഥകൾ പ്രചരിക്കുന്നുണ്ടല്ലോ!''
''ആരറിഞ്ഞു! ചിലപ്പോൾ വല്ല പ്രത്യേകതയും ഉള്ള ഒരു പക്ഷിയായിരുന്നിരിക്കാം!''
''ആ ജീവിയെ വനം വകുപ്പിനെ ഏൽപിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടിയിരുന്നത്.''
''അറിയില്ലായിരുന്നു'', രേണു നേരുപറഞ്ഞു.
''ഏതായാലും തൽക്കാലം കേസെടുക്കുന്നില്ല,'' അനർഹമായ അനുഭാവം പ്രകടിപ്പിക്കുന്ന സ്വരത്തിലും ഭാവത്തിലും ഇൻസ്പെക്ടർ തുടർന്നു, ''പക്ഷേ, ഒരുകാര്യം പറഞ്ഞേക്കാം. വേണ്ടാത്ത കാര്യങ്ങൾക്ക് ഇറങ്ങിയാൽ ഫലം... നിങ്ങൾ എന്തോ അന്വേഷിക്കാൻ പുറപ്പെട്ടതിന്റെ പേരിൽ ആർക്കോ അപ്രിയം ഉള്ളതുകൊണ്ടാണല്ലോ നിങ്ങൾക്ക് മരണഭീഷണി ലഭിച്ചത്. അത് അയച്ചത് ആരാണെന്ന് ഞങ്ങൾ അന്വേഷിക്കുന്നുണ്ട്. പക്ഷേ, സംരക്ഷിക്കാൻ ഞങ്ങൾ എത്ര ശ്രമിച്ചാലും ആർക്കെങ്കിലും നിങ്ങളെ ഉപദ്രവിക്കാൻ കഴിഞ്ഞു എന്ന് വരാം. കൊക്കിലൊതുങ്ങുന്ന വല്ല ജോലിയും ചെയ്തു മര്യാദയ്ക്ക് ജീവിച്ചാൽ നിങ്ങൾക്ക് നല്ലത്.''
''ഞങ്ങൾ ആ ഗവേഷണം ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നല്ലോ'', വേണു ആരാഞ്ഞു, ''പോരേ?''
''നിങ്ങളുടെ പ്രൊഫസറുടെ പ്രസ്താവന അങ്ങനെയല്ലല്ലോ!''
ഇതിനിടെ എങ്ങുനിന്നെന്നില്ലാതെ മുദ്രാവാക്യങ്ങൾ ഉയർന്നുകേട്ടു. ശാന്തമായ റസിഡൻഷ്യൽ കോളനിയാണ്. പ്രകടനങ്ങൾ ഒന്നും പതിവില്ല. വിവരം തിരക്കാനെന്ന മട്ടിൽ പോലീസ് പാർട്ടി അരങ്ങൊഴിഞ്ഞു.
കിഴക്കുനിന്നും പടിഞ്ഞാറുനിന്നും മുദ്രാവാക്യങ്ങൾ മുഴങ്ങുന്നു. അടുത്തു വരുന്തോറും കാര്യം വ്യക്തമായി. രാഷ്ട്രീയ കൊലപാതകങ്ങളുടെ മനഃശാസ്ത്രം അന്വേഷിച്ച് യഥാർഥ കുറ്റവാളികളെ കണ്ടുപിടിച്ചു ശിക്ഷിക്കണമെന്ന് ഒരു കൂട്ടർ, അധികാരത്തിൽ ഇരിക്കുന്നവരെ അധിക്ഷേപിക്കാൻ അനാവശ്യ കാര്യങ്ങൾ കുത്തിപ്പൊക്കാൻ അനുവദിക്കില്ലെന്ന് മറ്റേ കൂട്ടർ. അപ്പാർട്മെന്റിന്റെ ഗേറ്റിനു മുന്നിൽ ഇരു സംഘങ്ങളും ഏറ്റുമുട്ടി. മാധ്യമപ്പടയും പോലീസും കല്ലേറും ലാത്തിച്ചാർജും...
ഒമ്പത്
അത്ഭുതങ്ങളുടെ പൊടിപൂരം ആയിരുന്നു അടുത്ത പ്രഭാതം.
അപ്പാർട്മെന്റ് ബിൽഡിങ്ങിന് ചുറ്റും പത്രക്കാരുടെയും പോലീസിന്റെയും വൻപട.
വേണുവിന്റെയും രേണുവിന്റെയും വാടക ഫ്ലാറ്റിൽ രാത്രി അഗ്നിബാധയുണ്ടായി. ഏറെയൊന്നും വിലയില്ലാത്ത രണ്ടു കിടക്കകളും ഏതാനും ഉടുപ്പുകളും നല്ല വിലയുള്ള കുറെ പുസ്തകങ്ങളുമാണ് കത്തിപ്പോയത്. വെളുപ്പിന് മൂന്നു മണിക്കാണ് സംഭവം എന്നതിന് തെളിവുണ്ട്. മൂന്ന് ഇരുപതിനാണ് ഫ്ലാറ്റിലെ വാൾ ക്ലോക്ക് നിശ്ചലമായിരിക്കുന്നത്.
തീ അടുത്ത ഫ്ലാറ്റുകളിലേക്ക് പടരാതിരിക്കാൻ അഗ്നിശമന സേനക്ക് വളരെ കഷ്ടപ്പെടേണ്ടിവന്നു. അപ്പാർട്മെന്റിലെ ടാങ്കിൽ വേണ്ടത്ര വെള്ളം ഉണ്ടായിരുന്നില്ല. നിയമത്തെ തൃപ്തിപ്പെടുത്താൻ മാത്രം ഉണ്ടാക്കിയ ഹൈഡ്രന്റ് ഉപയോഗക്ഷമവും ആയിരുന്നില്ല.
ആരാണ് തീ വെച്ചത് എന്നതിന് ഒരു സൂചനയും ഇല്ല. വാതിൽ പൊളിച്ച് അകത്തു കടന്ന് പെട്രോൾ ഒഴിച്ചാണ് തീ വെച്ചിരിക്കുന്നത്. വധഭീഷണി പുറപ്പെടുവിച്ചവരാകാം, അവരെ ചീത്തപ്പെടുത്താനായി മറുപക്ഷക്കാരും ആവാം.
ഒരു തത്തയെ പാതി വെന്തനിലയിൽ ഫ്ലാറ്റിൽനിന്ന് കണ്ടുകിട്ടി. അത്ഭുതസിദ്ധിയുള്ള പക്ഷിതന്നെ ആണെന്നായിരുന്നു ആദ്യ നിഗമനം. പക്ഷേ, അങ്ങനെയെങ്കിൽ അത് എങ്ങനെ അപകടത്തിൽപെടും എന്ന് മറുചോദ്യമുണ്ടായി. പരമനസ്സ് അറിയാവുന്ന പക്ഷിക്ക് അപകടം മുൻകൂട്ടി കാണാൻ കഴിയില്ലേ?
തെറ്റിദ്ധാരണയുളവാക്കാൻ ഏതോ ഒരു പക്ഷിയെ കൊണ്ടുവന്നു കുരുതി കൊടുത്തതാണ് എന്ന നിഗമനം പകരം വന്നു.
ഇവിടെ താമസിച്ചിരുന്ന ചെറുപ്പക്കാർക്ക് എന്താണ് സംഭവിച്ചത് എന്നതായിരുന്നു ഏറ്റവും വലിയ അത്ഭുതം. അവർ എവിടെ പോയി? അക്രമികൾ പിടിച്ചുകെട്ടി കൊണ്ടുപോയോ?
അത്രയും വലിയ അളവിൽ ബലപ്രയോഗം നടന്നാൽ അപ്പാർട്മെന്റിലെ മറ്റുള്ളവർ അറിയാതിരിക്കുമോ? തൊട്ട ഫ്ലാറ്റുകളിലെ ആളുകളെങ്കിലും..?
വേണുവും രേണുവും തന്നെ അപ്പാർട്മെന്റിന് തീയിട്ട് കടന്നുകളഞ്ഞു എന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല ആർക്കും. അങ്ങനെ ചെയ്യേണ്ട ഒരു കാര്യവും അവർക്ക് ഇല്ലല്ലോ.
പക്ഷേ, അവർ എവിടെ പോയി? രേണുവിന്റെ വീട്ടിൽ ചെന്നിട്ടില്ല. കുറേക്കൂടി ദൂരം ഉണ്ട് വേണുവിന്റെ വീട്ടിലേക്ക്. അവിടെയും ചെന്നിട്ടില്ല. രണ്ടു വീട്ടുകാരും പരിഭ്രാന്തിയിലാണ്.
ഊർജിതമായ അന്വേഷണത്തിനൊടുവിൽ പോലീസ് ഒരു കാര്യം കണ്ടുപിടിച്ചു: ഇരുവരും പുലരാൻ കാലത്തെ ഫ്ലൈറ്റിൽ സ്വിറ്റ്സർലൻഡിലെ ബേണിലേക്ക് പോയിരിക്കുന്നു.
ദാമു ആണ് ഈ കഥയുടെ തലയും വാലും കൂട്ടിച്ചേർക്കുന്നതിൽ ആദ്യം വിജയിച്ചത്. അതുകൊണ്ട് ഈ സ്കൂപ്പ് കിട്ടിയത് അയാൾക്ക്.
വേണു പഠിപ്പിച്ചുകൊണ്ടിരുന്ന കോളേജിലെ അടുത്ത സുഹൃത്തുക്കളിൽനിന്നാണ് ദാമു തന്റെ അന്വേഷണം തുടങ്ങിയത്. ബേൺ സർവകലാശാലയിൽ സ്കോളർഷിപ്പോടെ ഉപരിപഠനത്തിന് ശ്രമിക്കുകയായിരുന്നു ഇരുവരും. പ്രവർത്തനമേഖലയുടെ പ്രത്യേകത പരിഗണിച്ച് രേണുവിനാണ് ആദ്യം അഡ്മിഷൻ തരപ്പെട്ടത്. ഇരുവർക്കും ശരിയായിട്ട് പോകാമെന്ന് കാത്തു. ഇനിയും വൈകിയാൽ രേണുവിനും പോകാൻ ഒക്കില്ല എന്ന് അവസ്ഥ എത്തിയിരിക്കുകയായിരുന്നു.
അപ്പോഴാണ് ഈ ഏടാകൂടങ്ങളൊക്കെ വരുന്നത്. ഇവിടെനിന്നാൽ ഇനി ഒരു തരത്തിലും രക്ഷയില്ല എന്ന് തീർച്ചപ്പെട്ടു. ഒരാൾക്ക് സ്കോളർഷിപ്പ് ഉണ്ടല്ലോ, അവിടെ ചെന്നിട്ട് ബാക്കി അന്വേഷിക്കാം എന്ന് തീരുമാനിച്ച് ഇരുവരും പോകാൻ നിശ്ചയിച്ചതായിരിക്കും എന്ന് ദാമു ശരിയായി ഊഹിച്ചു.
അപ്പാർട്മെന്റിന് മുന്നിലെ പ്രകടനവും ബഹളവും കഴിഞ്ഞ ഉടനെയാണ് ഈ തീരുമാനം എടുത്തിരിക്കുക. രണ്ടുമൂന്നു മണിക്കൂർകൊണ്ട് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി അവസാന നിമിഷത്തിൽ ടിക്കറ്റും തരപ്പെടുത്തി.
അവർ പോയതിനുശേഷം ആയിരിക്കണം അക്രമികൾ സ്ഥലത്തെത്തിയത്. അഞ്ചു പത്തിന് ഡിപ്പാർച്ചറുള്ള ഇന്റർനാഷനൽ ഫ്ലൈറ്റിന് രണ്ടു മണിക്ക് എങ്കിലും എയർപോർട്ടിൽ എത്തണം. പന്ത്രണ്ടു മണിക്ക് ഫ്ലാറ്റിൽനിന്ന് ഇറങ്ങിയാലേ പറ്റൂ.
ക്വട്ടേഷൻകാർ ആയിരിക്കും ഫ്ലാറ്റിനു തീ വെച്ചത്. അടഞ്ഞാണോ കിടക്കുന്നത് അതോ തുറന്നാണോ അല്ലയോ എന്നൊന്നും അവർക്ക് നോക്കേണ്ട ചുമതല ഇല്ലായിരുന്നിരിക്കാം. തീ വെക്കണം എന്നാണ് ഏൽപന. തീ വെച്ചു. ഒരു തത്തയെ പാതി ചുടണം എന്നും ചിലപ്പോൾ ക്വട്ടേഷൻ കരാറിൽ ഉണ്ടായിരിക്കാം. അതും ചെയ്തു. വേണുവും രേണുവും അവിടെ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും അവരെയും ചുട്ടേനെ! ഉണ്ടാവും എന്ന് തന്നെയാവണം കരുതിയത്.
ദാമുവിന്റെ തിരക്കഥക്ക് സന്ധ്യയോടെ കൺഫർമേഷൻ ആയി. ബേണിൽ വിമാനം ഇറങ്ങിയ ഉടനെ അവർ രേണുവിന്റെ വീട്ടിലേക്ക് വിളിച്ചു. ഫ്ലാറ്റിൽ അവരുടെ അഭാവത്തിൽ അരങ്ങേറിയ കാര്യങ്ങൾ ഒന്നും അവർ അറിഞ്ഞിരുന്നില്ല.
അങ്ങനെ ഈ മനോഹരമായ നാട്ടിൽ പേടി വളരെ കൂടുതലുള്ളവർ അത് അത്രതന്നെ ഇല്ലാത്തവരെ നിഷ്ഠുരമായി കൊന്നുകൊണ്ടിരിക്കുന്നു. സമൂഹത്തിന്റെ മനഃസാക്ഷി ചുട്ടെടുക്കപ്പെടുന്നു. നാട് നന്നാകണമെങ്കിൽ ഇത് അനിവാര്യമാണെന്ന് പലരും പറയുന്നു. പക്ഷേ, നാട് നന്നാക്കാൻ കഴിവുള്ളവരുടെ 'തലച്ചോർ ചോർച്ച'ക്ക് ഇതുകൂടി കാരണമാവുകയും ചെയ്യുന്നു.