മരണസംബന്ധമായ ചില അടിയന്തിര ഉത്തരവുകൾ
ഫയലുകൾ വിശദീകരിച്ചു കൊടുത്തശേഷം ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയോട് ഇങ്ങനെ സംസാരിച്ചു: ''സാർ, വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾകൂടി പറയേണ്ടതുണ്ട് എന്ന് തോന്നുന്നു.'' മുഖ്യമന്ത്രി തലയുയർത്തി നോക്കി. ''എന്താ?'' ''മരണത്തെക്കുറിച്ചാണ് സാർ.'' ''എന്താണ്?'' ''അതായത് സാർ, ആളുകൾ ഓരോരുത്തരായി മരിച്ചുകൊണ്ടിരിക്കുകയാണ്. പ്രശസ്തനായ ആ ഗായകൻ പാട്ടുപാടുന്നതിനിടെ ഇന്നലെ കുഴഞ്ഞുവീണ് മരിച്ചു. ആ എഴുത്തുകാരൻ, നമ്മൾ പത്മശ്രീക്ക് വേണ്ടി ശിപാർശ ചെയ്ത അയാൾ, ഇന്ന് പുലർച്ചെ മരിച്ചു....
Your Subscription Supports Independent Journalism
View Plansഫയലുകൾ വിശദീകരിച്ചു കൊടുത്തശേഷം ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയോട് ഇങ്ങനെ സംസാരിച്ചു: ''സാർ, വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾകൂടി പറയേണ്ടതുണ്ട് എന്ന് തോന്നുന്നു.''
മുഖ്യമന്ത്രി തലയുയർത്തി നോക്കി.
''എന്താ?''
''മരണത്തെക്കുറിച്ചാണ് സാർ.''
''എന്താണ്?''
''അതായത് സാർ, ആളുകൾ ഓരോരുത്തരായി മരിച്ചുകൊണ്ടിരിക്കുകയാണ്. പ്രശസ്തനായ ആ ഗായകൻ പാട്ടുപാടുന്നതിനിടെ ഇന്നലെ കുഴഞ്ഞുവീണ് മരിച്ചു. ആ എഴുത്തുകാരൻ, നമ്മൾ പത്മശ്രീക്ക് വേണ്ടി ശിപാർശ ചെയ്ത അയാൾ, ഇന്ന് പുലർച്ചെ മരിച്ചു. ആ നടി, ഇടക്ക് വിവാദനായികയായ ആ നടിതന്നെ, അവളും മരിച്ചു. നമ്മുടെ ആഭ്യന്തര മന്ത്രി. പിന്നെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്. എന്തും നിരോധിക്കുന്ന, ഗവൺമെന്റിനെ എപ്പോഴും ശാസിക്കുന്ന ആ ന്യായാധിപൻ. അതൊന്നും ഒരിക്കലും ചിന്തിക്കാൻപോലും പറ്റാത്ത മരണങ്ങളല്ലേ സാർ. ജനിക്കുക പിന്നെ മരിക്കുക. ഒരാചാരംപോലെ ആയിട്ടുണ്ട് സാർ. സാർ, എന്റെ ഭയം അതല്ല സാർ, ഇങ്ങനെയാണെങ്കിൽ ഞാനും മരിച്ചുപോവുമെന്നാണ് എനിക്ക് തോന്നുന്നത്.'' മുഖ്യമന്ത്രി അയാളെ ഒന്നുകൂടി സൂക്ഷിച്ച് നോക്കി.
''ഞാൻ മാത്രമല്ല, പറയുമ്പോൾ ഞെട്ടരുത്. സാറും.''
ഇപ്പോൾ മുഖ്യമന്ത്രിയും ഒന്ന് ഞെട്ടി. കസേരയുടെ ഇരു കൈകളിലും ബലപ്പിച്ച് പിടിച്ചുകൊണ്ട് അയാൾ അതിൽ അമർന്നിരുന്നു. ചീഫ് സെക്രട്ടറിയുടെ അവസാനവാചകം വെള്ളിടിയായി വന്ന് അയാളുടെ നെഞ്ചിൽ പതിച്ചു.
''സർ, താങ്കൾ ഈ സംസ്ഥാനം ഭരിക്കുന്നു. സമ്പൂർണമായ അധികാരം അങ്ങയിൽ കുന്നുകൂടിയിരിക്കുന്നു. മനുഷ്യരാകട്ടെ മരിക്കുകയും ചെയ്യുന്നു. എന്തൊരവസ്ഥയാണിത് സാർ.''
''ശരിയാണ്. പരിശോധിക്കേണ്ട വിഷയമാണ്. ഗൗരവമേറിയതാണ്. പക്ഷേ...''
''സാർ, അങ്ങേക്ക് മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ എന്നാണ് എന്റെയൊരു...''
''ഹൊ! അങ്ങനെയെങ്കിൽ നമുക്ക് എന്തെങ്കിലും ചെയ്തേ പറ്റൂ...''
''അതെ സാർ. മിക്കവാറും മരണം നിരോധിക്കുക, അല്ലെങ്കിൽ നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയ കടുത്ത നിലപാടുകളിലേക്കുതന്നെ ഭരണകൂടം എന്നനിലയിൽ നമ്മൾ മാറേണ്ടിവരും.''
''വെറുതെ നിരോധിക്കാനാവില്ലല്ലോ. അതിനു മുമ്പുള്ള കീഴ് വഴക്കങ്ങൾ പാലിക്കണ്ടേ? ചട്ടങ്ങൾ നിർമിക്കണ്ടേ? മുമ്പ് നമ്മൾ പത്രങ്ങൾ നിരോധിച്ചപ്പോൾ അങ്ങനെ ചെയ്തിരുന്നതല്ലേ? വാക്കുകൾ നിരോധിച്ചപ്പോഴും നമ്മൾ എല്ലാ ക്രമങ്ങളും പാലിച്ചതല്ലേ? ഒരു ഉന്നതാധികാര സമിതിയെ നിയോഗിച്ചാലോ?''
''വേണ്ടതാണ്. നമുക്ക് ഒരു ഹൈക്കോടതി ജഡ്ജിനെ കിട്ടുമോ എന്ന് നോക്കാം സാർ.''
''പരാതികൾ ഉണ്ടാവാൻ പാടില്ല. ഡി.ജി.പിയെക്കൂടി ഒന്ന് വിളിക്കൂ.''
''സർ, പറയാൻ വിട്ടുപോയതാണ്. ഞാനിവിടേക്ക് വരുന്നതിന് തൊട്ടുമുമ്പ് ഡി.ജി.പി മരിച്ചിരുന്നു.''
''ഹൊ!''
''അയാൾക്ക് അമിത ലൈംഗികാസക്തി ഉണ്ടായിരുന്നു എന്ന് രഹസ്യ റിപ്പോർട്ടുണ്ട്.''
''അതുകൊണ്ടാണോ അയാൾ മരിച്ചത്?''
''ആവണം. എന്തിനും ഒരു കാരണം ഉണ്ടാവണമല്ലോ.''
''എന്നാൽ, നമ്മുടെ അേന്വഷണപരിധിയിൽ ആ വിഷയംകൂടി ഉൾപ്പെടുത്തണം.''
''ശരി സാർ. ലൈംഗികതയിൽനിന്നാണല്ലോ ജനനം ഉണ്ടാവുന്നത്. ജനനവും മരണവും ശരീരത്തിന്റെ ഓരോ അവസ്ഥകളാണല്ലോ. ലൈംഗികത നിയന്ത്രിച്ചാൽ ജനനം നിയന്ത്രിക്കാമെങ്കിൽ, അപ്രകാരം മരണവും നിയന്ത്രിക്കാമല്ലോ.''
''നമ്മളല്ല, ജുഡീഷ്യൽ കമീഷൻ പറയട്ടെ. അല്ലെങ്കിൽ പ്രതിപക്ഷം ഇതൊന്നും അംഗീകരിക്കാൻ പോകുന്നില്ല.''
''അവർക്കും ഇതൊരു ആവശ്യമാണ് സാർ. ഇന്നലെയല്ലേ, പ്രതിപക്ഷത്തെ ആ സിംഹം മരണപ്പെട്ടത്.''
''എന്തായിരുന്നു കാരണം?''
''എനിക്ക് തോന്നുന്നത് പ്രസംഗം ആണെന്നാണ്. അമിതമായ പ്രസംഗം. അയാൾ ധാരാളം വായിക്കുകയും ചെയ്തിരുന്നു. എന്തിനാണ് പുസ്തകങ്ങൾ വായിക്കുന്നതെന്ന് ഒരിക്കൽ ഞാൻ ചോദിച്ചതാണ്, പെട്ടെന്ന് ഹാർട്ടറ്റാക്ക് വന്ന് മരിച്ചുപോയാൽ ഈ വായിച്ചതൊക്കെ നിഷ്പ്രയോജനമായി മാറില്ലേ എന്ന്.''
''അയാൾ എന്ത് മറുപടി പറഞ്ഞു?''
''ഒന്നും പറഞ്ഞില്ല. വെറുതെ ചിരിക്കുകയായിരുന്നു.''
''എങ്കിൽ പ്രസംഗങ്ങളും വായനയും നിരോധിക്കേണ്ടി വരും.''
''ഒച്ചകളും.''
''ചീഫ് ആദ്യം പറഞ്ഞ ചിലരുണ്ടല്ലോ. ഒരു പാട്ടുകാരൻ. നടി. ജഡ്ജി. അതൊക്കെ അേന്വഷണപരിധിയിൽ വരണം. അതായത് പാട്ട്, അഭിനയം, നിയമവ്യാഖ്യാനം എന്നിവ മരണകാരണമാകുന്നുണ്ടോ എന്ന്. പിന്നെ എഴുത്തും.''
''സാർ. പക്ഷേ, എഴുത്തുകാരൻ കൊല്ലപ്പെടുകയാണുണ്ടായത്.''
''അതും നമ്മൾ മരണത്തിന്റെ പരിധിയിൽതന്നെയാണ് അേന്വഷിക്കേണ്ടത്. മരിച്ച ആളിനെ സംബന്ധിച്ച് കൊല്ലപ്പെടുന്നതും ശാന്തമായ മരണവും തമ്മിൽ എന്ത്?''
''പെട്ടെന്ന് ഞാനതോർത്തില്ല സാർ. പക്ഷേ, സാർ, അടിയന്തരമായി എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഞാനൊക്കെ മരിച്ചുപോകും സാർ.''
''ഹൈക്കോടതിക്കുള്ള ലെറ്റർ ഡ്രാഫ്റ്റ് ചെയ്തു കൊണ്ടുവരാൻ പറയൂ.''
''ശരി സാർ.''
ചീഫ് സെക്രട്ടറി, കസേരയുടെ കൈകളിൽ പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു. ആ നിമിഷത്തിൽ അയാൾ മരിച്ചുവീണു.
മുഖ്യമന്ത്രി അത് നോക്കിയിരുന്നു. അദ്ദേഹം ഫയലിൽ ഇങ്ങനെ കുറിച്ചു. ''കസേരയുടെ കൈ പിടിച്ച് എഴുന്നേൽക്കുന്നത് മരണകാരണം ആകുമോ എന്നുകൂടി അേന്വഷണത്തിൽ ഉൾപ്പെടുത്തണം.'' എഴുതിത്തീർന്നപ്പോൾ അദ്ദേഹത്തിന് ഒരു സംശയമുണ്ടായി. ഫയലുകളിൽ നിരന്തരം ഒപ്പിടുന്നത് മരണകാരണം ആകുന്നുണ്ടോ?
എന്നത് എഴുതി പൂർത്തിയാക്കുന്നതിനു മുമ്പ് മുഖ്യമന്ത്രിയും മരിച്ചു.
അവർക്കു ശേഷവും പാട്ടുകാർ പാടി. നടിമാർ അഭിനയിച്ചു. എഴുത്തുകാർ എഴുതി. ജഡ്ജിമാർ നിയമങ്ങളെ വ്യാഖ്യാനിച്ചു. അവരൊക്കെ മരിച്ചു. മരിച്ചവരോളം മനുഷ്യർ ജനിക്കുകയും ചെയ്തു.
ആ ജുഡീഷ്യൽ അേന്വഷണം നടക്കുകയും മരണത്തിന് നിരോധനം വരുകയും ചെയ്തിരുന്നുവെങ്കിൽ, തീർച്ചയായും ലോകത്തുനിന്നും മരണം അപ്രത്യക്ഷമാകുമായിരുന്നു.