ഹിമാലയൻ വയാഗ്ര -മിനി പി.സി എഴുതിയ കഥ വായിക്കാം
കുഞ്ഞന്നമെത്തുമ്പോൾ ടെറസിൽ ഗ്രോബാഗുകളിൽ നട്ട പച്ചക്കറികളുടെ വിളവെടുക്കുകയായിരുന്നു സോഫി. അവരെക്കണ്ട് ''വാ...ഇരിക്ക്''എന്നും പറഞ്ഞ് മന്ദഹസിച്ചുകൊണ്ട് വീണ്ടും മുള്ളങ്കിയുടെ ചുവട്ടിലേക്ക് കുനിഞ്ഞു. വലിയ ഹൃദയഭാരത്തോടെ കയറിവന്ന കുഞ്ഞന്നം ആ വിളവെടുപ്പും നോക്കി മുളന്തൂണും ചാരിനിൽപ്പായി. രണ്ടായിരം സ്ക്വയർഫീറ്റ് സ്ഥലത്താണ് സോഫിയുടെ കൃഷി. പച്ചക്കറികൾ...
Your Subscription Supports Independent Journalism
View Plansകുഞ്ഞന്നമെത്തുമ്പോൾ ടെറസിൽ ഗ്രോബാഗുകളിൽ നട്ട പച്ചക്കറികളുടെ വിളവെടുക്കുകയായിരുന്നു സോഫി. അവരെക്കണ്ട് ''വാ...ഇരിക്ക്''എന്നും പറഞ്ഞ് മന്ദഹസിച്ചുകൊണ്ട് വീണ്ടും മുള്ളങ്കിയുടെ ചുവട്ടിലേക്ക് കുനിഞ്ഞു. വലിയ ഹൃദയഭാരത്തോടെ കയറിവന്ന കുഞ്ഞന്നം ആ വിളവെടുപ്പും നോക്കി മുളന്തൂണും ചാരിനിൽപ്പായി. രണ്ടായിരം സ്ക്വയർഫീറ്റ് സ്ഥലത്താണ് സോഫിയുടെ കൃഷി. പച്ചക്കറികൾ മാത്രമല്ല പേരക്ക, ചെറി, പാഷൻഫ്രൂട്ട്, നെല്ലിക്ക, ചാമ്പങ്ങ, ഞാവൽ തുടങ്ങി ആറേഴുകൂട്ടം പഴവർഗങ്ങളും കസ്തൂരിമേത്തി, മല്ലി, പുതിന, പനിക്കൂർക്ക എന്നിവയുമുണ്ട്. ടെറസിനു ചുറ്റും ഗ്ലാസ് ഭിത്തിയാണ്. ഇടക്കിടെ ദീർഘചതുരാകൃതിയിലുള്ള അഴികളില്ലാത്ത ജനാലകളുണ്ട്. അതിലൂടെ ചുറ്റുമുള്ള കാഴ്ചകളും മുകളിലെ ഗ്ലാസ്റൂഫിലൂടെ തട്ടും തടവുമില്ലാതെ ആകാശവും കാണാം. രാത്രി സോഫിയുടെ ഉറക്കംപോലും അവിടെയാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അത് നിലാവിൽനിന്നാണോ നക്ഷത്രങ്ങളിൽനിന്നാണോ ചെടികൾ ഗർഭം ധരിക്കുന്നതെന്ന് കണ്ടുപിടിക്കാനായിരിക്കുമെന്നാണ് ബെന്നിയേട്ടന്റെ പരിഹാസം. പന്ത്രണ്ടേക്കർ തേയിലത്തോട്ടത്തിനു നടുവിൽ ഒരു കാട്ടരുവിയുടെ കരയിലാണ് ആ ബംഗ്ലാവ്. ബെന്നിയേട്ടന്റെ അപ്പാപ്പൻ നാൽപത്തിരണ്ടിൽ പണിയിച്ചത്. മിനുസമുള്ള ഉരുളൻ കല്ലുകൾ പാകിയ ദീർഘചതുരാകൃതിയിലുള്ള മുറ്റവും അരുവിക്ക് അഭിമുഖമായി പണിതിട്ട സിമന്റുബഞ്ചുമൊക്കെ കാലാനുസൃതമായ മാറ്റത്തോടെ കിടക്കുന്നു. എന്നാൽ കണ്ടനാൾ മുതൽ ഇന്നുവരെ മാറ്റമൊന്നും വരാത്ത ഒരാളുണ്ട്, അതാണ് സോഫി, വിചിത്രജീവി! മനുഷ്യരെ ബാധിക്കുന്ന ഒന്നും അവളെ ബാധിക്കില്ല. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ശാന്തതക്കും പുഞ്ചിരിക്കും ഒരു മാറ്റവുമില്ല. ബേബിയേട്ടൻ കഴുതയെന്നും പോത്തെന്നുമൊക്കെയാണ് മരിക്കുംവരെ വിളിച്ചുകൊണ്ടിരുന്നത്. അടുത്തകാലം വരെ കുഞ്ഞന്നത്തിനും പുച്ഛമായിരുന്നു, എന്നാൽ ഈയിടെയായി സോഫിയെപ്പോലെ ആകാനാണ് അവരും ശ്രമിക്കുന്നത്. വേദനകൾ താങ്ങാനുള്ള ശേഷി നഷ്ടപ്പെട്ടുതുടങ്ങിയവർക്ക് അനുകരിക്കാവുന്ന നല്ല ശീലങ്ങളിലൊന്നാണത്. പക്ഷേ, കുഞ്ഞന്നത്തിന് എത്ര ശ്രമിച്ചിട്ടും സോഫിയെപ്പോലെ ഒന്നും ബാധിക്കുന്നില്ലെന്നുവെച്ച് മനസ്സ് ശാന്തമാക്കി വെക്കാൻ കഴിഞ്ഞില്ല. കാലത്തെ തന്റെ 'കഴിഞ്ഞകാലം' പറഞ്ഞ് ബെന്നിയേട്ടൻ ബഹളം തുടങ്ങിയപ്പോഴേക്കും രക്തം തിളച്ചു, ഹൃദയം പടപടായെന്ന് ഇടിച്ചു. പിന്നെ പതിവുപോലെ കരച്ചിലും നെഞ്ചത്തിടിയുമായി. എന്നിട്ടും വേദനയടക്കാനാവാതെ വന്നപ്പോഴാണ് അയാൾ ഫാക്ടറിയിലേക്കു പോയ ഉടനെ കാറുമെടുത്ത് ഇങ്ങോട്ടുപോന്നത്. സാധാരണയായി താനിങ്ങോട്ടു വരുന്നതുതന്നെ ഒരു കുന്നാരം വിഷമം പറഞ്ഞു കരയാനാണെന്ന് സോഫിക്കറിയാം. എന്നാലോ ഒരിക്കൽപോലും ഇങ്ങോട്ടു കയറി, ''എന്തു പറ്റി? ഇന്നെന്താ പ്രശ്നം?'' എന്നൊന്നും ചോദിക്കില്ല. അങ്ങോട്ടു കേറി ആ മുതൽ അം വരെ പറയണം. എന്നാൽ എല്ലാം കേട്ടുകഴിഞ്ഞാലോ? അപ്പോഴും ആട്ടുകല്ലിനു കാറ്റു പിടിച്ച മട്ടിൽ പുഞ്ചിരിമേരിയായിട്ട് ഇരിക്കുകയേ ഉള്ളൂ. പിന്നെന്തിനാണ് വരുന്നതെന്നു ചോദിച്ചാൽ സോഫിയോട് എല്ലാമൊന്നു പറഞ്ഞുകഴിഞ്ഞാൽ അൽപം ഭാരം കുറയും. കൂട്ടത്തിൽ ദിയമോളെ ഒന്നു കാണുകയും ചെയ്യാം. അവളെ കാണുന്നത് തനിക്കു സന്തോഷമാണെങ്കിലും തന്നെ കാണുന്നത് അവൾക്കൊട്ടും സന്തോഷമല്ല. എപ്പോൾ കണ്ടാലും കുത്തുവാക്കുകൾ പറയും. അവൾക്കറിയാം അവളുടെ അമ്മ താനാണെന്ന്, എന്നാലോ അതറിയാത്ത മട്ടിലുള്ള ഭാവവും അവഗണനയുമാണ്. അമ്മമാരുടെ മനസ്സറിയാൻ ഒരു പെൺകുഞ്ഞു വേണമെന്നു പറയുന്നത് സത്യമൊക്കെയാണ്. പക്ഷേ, അതിനുള്ള ഭാഗ്യം പ്രസവിച്ച തനിക്കല്ല വളർത്തിയ സോഫിക്കാണ്. കുഞ്ഞന്നം വേദനയോടെ ജനാലക്കരികിലേക്കു നടന്നു.
ഇളവെയിൽ തേയിലത്തോട്ടങ്ങൾക്കു മുകളിലെ പൊടിമഞ്ഞിലേക്ക് ആഴ്ന്നുതുടങ്ങിയിരുന്നു. അരുവിയിൽനിന്നുള്ള തണുപ്പും ചമ്പകപൂക്കളുടെ നറുമണവുമായി വന്ന കാറ്റ് സോഫിയുടെ ചെടികളെ തലോടിക്കൊണ്ടിരുന്നു. ബംഗ്ലാവിന്റെ കിഴക്കേമുറ്റത്തെ ചമ്പകത്തിന്റെ ചുവട്ടിൽ പതിവുപോലെ പ്രഭാതപൂജക്കായി ഗൂർഖ ബിഷ്ണു ശ്രേഷ്ത നിൽപ്പുണ്ട്. അയാളുടെ നാട്ടിലെ പുണ്യവൃക്ഷമാണത്രെ അത്. മുപ്പത്തഞ്ചു വർഷങ്ങൾക്കുമുമ്പ് നേപ്പാളിൽനിന്നും ബംഗ്ലാവിലെ കാവലിനായി എത്തിയ ബിഷ്ണു തന്റെ നാട്ടിൽനിന്നും ചിലതെല്ലാം ബംഗ്ലാവിലേക്കു കൊണ്ടുവന്നു. അതിലൊന്നാണ് ഈ ചമ്പകം! മലേറിയക്കും വിഷചികിത്സക്കുമൊക്കെ അതിന്റെ തോലും കായും പൂവും ഉപയോഗിക്കാറുണ്ടെന്നും പറഞ്ഞാണ് കൊണ്ടുവന്നത്. തീമഞ്ഞ നിറമുള്ള പൂക്കളാണതിന്, നാട്ടുപൂക്കളെക്കാൾ സുഗന്ധവുമുണ്ട്! അതിന്റെ ഇലകളിലാണ് നാട്ടുകുടുക്കയും വിറവാലനും മുട്ടയിടുക. മുട്ട വിരിഞ്ഞ് പൂക്കളെപ്പോലെ സുന്ദരികളായ ശലഭങ്ങൾ അതിനുചുറ്റും പറന്നുനടക്കാറുണ്ട്. ബംഗ്ലാവിന്റെ കിഴക്കേമൂലക്ക് അവനും മറിയവും കൂടിയാണ് അതു നട്ടത്. പിന്നെയവൻ കൊണ്ടുവന്നത് തനിക്കുള്ള ഒന്നൊന്നര പണിയായിരുന്നു, ഹിമാലയൻ വയാഗ്ര! ചിന്തകളിൽ മറിയവും വയാഗ്രയും കേറിവന്നതോടെ അവരുടെ ഉള്ള സ്വസ്ഥതയും പോയി.
കുഞ്ഞന്നത്തിന്റെ ഭർത്താവ് ബെന്നിയുടെ ഒരേയൊരു കൂടപ്പിറപ്പാണ് ബേബി. രണ്ടുപേരും വലിയ സ്നേഹത്തിലായിരുന്നു കഴിഞ്ഞിരുന്നത്.
കല്യാണം കഴിഞ്ഞും രണ്ടു കൂട്ടരും വളരെവർഷം ഈ ബംഗ്ലാവിൽത്തന്നെ കഴിഞ്ഞു. ബേബിയേട്ടനായിരുന്നു ടീ എസ്റ്റേറ്റിന്റെ ചുമതല. ബെന്നിയാണെങ്കിൽ എൻജിനീയറിങ് കഴിഞ്ഞ് നേരെ സൗദിയിലേക്ക് പോയി. ബേബിക്കും മറിയത്തിനും ഒരു മോളും ബെന്നിക്കും കുഞ്ഞന്നത്തിനും ഒരു മോനുമുണ്ടായി.
സാന്ദ്രമോൾക്ക് ചെറുപ്പംമുതൽക്കെ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. ആ സങ്കടംകൊണ്ട് ഏതുനേരവും മോളെക്കുറിച്ചുള്ള വിചാരം മാത്രമെ മറിയത്തിനുണ്ടായിരുന്നുള്ളൂ.
കുഞ്ഞന്നം വന്നതോടെ ചെറിയൊരു മാറ്റം വന്നു. അവർ കുഞ്ഞന്നവുമായി പെട്ടെന്ന് ലോഹ്യത്തിലായി. അവരിരുവരും ഒരുപോലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് പള്ളിയിലും ബന്ധുവീടുകളിലും പോയി, വേനൽക്കാലങ്ങളിൽ മക്കളെയുംകൊണ്ട് തേയിലത്തോട്ടങ്ങൾക്കിടയിലൂടെ കഥകളും പറഞ്ഞുനടന്നു. അങ്ങനെയിരിക്കുമ്പോഴാണ് ബെന്നി സൗദിയിലേക്കു പോകുന്നത്. അതോടെ എല്ലാം തകിടംമറിഞ്ഞു. ബെന്നിയുടെ അഭാവത്തിൽ കുഞ്ഞന്നത്തിന്റെ ആവശ്യങ്ങളെല്ലാം ബേബിയേട്ടൻ കണ്ടറിഞ്ഞു നിറവേറ്റികൊടുത്തത് മറിയത്തിന് തീരെ ഇഷ്ടമായില്ല. എന്നാൽ ആ കുറവു നികത്തൽ കുഞ്ഞന്നത്തിന് വലിയ ആശ്വാസമായിരുന്നു. ബെന്നി രണ്ടുവർഷം കൂടുമ്പോൾ രണ്ടുമാസത്തെ ലീവിൽ വരും. പോകാൻ നേരം കുഞ്ഞന്നത്തിനെ കെട്ടിപ്പിടിച്ചു കരയും. അനിയന്റെ വിഷമം കണ്ട് ബേബിയേട്ടൻ,
''ഞാനില്ല്യെടാ ഇവിടെ? സന്തോഷായിട്ട് പൊക്കോട്ടാ'' എന്ന് തോളിൽത്തട്ടി ആശ്വസിപ്പിക്കും. അതുകേൾക്കുമ്പോൾ മറിയം അണപ്പല്ലുകൾ ഞെരിക്കും. ബെന്നിയുടെ കാർ എസ്റ്റേറ്റു റോഡിലേക്ക് കയറി കാഴ്ചയിൽനിന്നും മറഞ്ഞാലുടനെ അവർ കലഹം തുടങ്ങും. ആദ്യമാദ്യം കുഞ്ഞന്നം അതൊന്നും ശ്രദ്ധിച്ചില്ല. പക്ഷേ മോനെ ബോർഡിങ് സ്കൂളിൽ ചേർത്തതോടെ അവളും മറിയത്തെപ്പോലെ മേലും കീഴും നോക്കാതായി. സ്വർണനിറമുള്ള പാമ്പിനെപ്പോലെ ബേബിയേട്ടന്റെ കഴുത്തിൽ ചുറ്റിക്കിടന്ന് അവരെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ കലഹം മൂത്തുമൂത്ത് സാന്ദ്രമോൾക്ക് പത്തുവയസ്സുള്ളപ്പോൾ മറിയം തൂങ്ങിമരിച്ചു. ഡിസംബറിലെ മഞ്ഞും കുളിരുമുള്ള സന്ധ്യക്ക് കുഞ്ഞന്നവും ബേബിയും ഒരുമിച്ചുള്ള തേച്ചുകുളിക്കു കയറിയ നേരത്ത് കൊച്ചിന് വിഷം കൊടുത്തശേഷം അവർ സ്വന്തം മുറിയിലെ ഫാനിൽ കെട്ടിഞാന്നുചാവുകയായിരുന്നു. ഉള്ളിൽ വിഷം ചെന്ന വെപ്രാളത്തിൽ സാന്ദ്രമോൾ മുറിയിൽനിന്ന് മുറ്റത്തേക്ക് ഇറങ്ങിയോടി. അതുകണ്ട വേലക്കാരി വെപ്രാളപ്പെട്ട് കുളിമുറിയുടെ വാതിലിൽ മുട്ടിവിളിച്ചപ്പോഴാണ് ബേബിയും കുഞ്ഞന്നവും കാര്യമറിയുന്നത്. മറിയം അപ്പോഴേക്കും മരിച്ചിരുന്നു. ബിഷ്ണുവും ബേബിയേട്ടനുംകൂടി സാന്ദ്രമോളെ പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചതുകൊണ്ട് രക്ഷിക്കാനായി.
ബേബിയാകെ ഭയന്നുപോയിരുന്നു. പക്ഷേ അത്രയും വലിയൊരു സംഗതി നടന്നിട്ടും കുഞ്ഞന്നം കുലുങ്ങിയില്ല. വളരെ ശ്രദ്ധയോടെ അവളതു കൈകാര്യംചെയ്തു. അന്നുപകലും കൊച്ചമ്മമാർ തമ്മിൽ വഴക്കുണ്ടായെന്നും ബേബിമുതലാളി മറിയക്കൊച്ചമ്മയെ തല്ലിയെന്നുമൊക്കെ കൊളുന്തു നുള്ളുന്ന പെണ്ണുങ്ങളോടും ബന്ധുക്കളിൽ ചിലരോടുമൊക്കെ പറഞ്ഞുനടന്ന വേലക്കാരിയെ ഒതുക്കത്തിൽ പിരിച്ചുവിട്ടു. ആളുകളോട് എന്താണു പറയേണ്ടതെന്ന് ബേബിയേട്ടനെ പഠിപ്പിക്കുകയും ചെയ്തു. അത് തത്ത പറയുംപോലെ അയാൾ പറഞ്ഞു:
''എല്ലാർക്കും അറിയാലോ കാര്യങ്ങളൊക്കെ. അവള് നോർമൽ ആയിരുന്നില്ല്യന്നെ. ഇത്രേം കാലം ബുദ്ധിക്ക് സ്ഥിരതയില്ല്യാത്ത രണ്ടാളെ ഞാൻ സഹിക്ക്യാർന്നു.'' ആ വിങ്ങിപ്പൊട്ടൽ കേട്ട് ശവമടക്കു കഴിഞ്ഞ് സെമിത്തേരിയിൽനിന്നും വന്ന് ബണ്ണും കട്ടനും കഴിക്കുന്ന ബന്ധുക്കൾ അയാളെ ചേർത്തു പിടിച്ച്, ''നീ വിഷമിക്കണ്ട്രാ ഞങ്ങളൊക്കെയിണ്ട്ട്ടാ നിന്റൊപ്പം'' എന്ന് ആശ്വസിപ്പിച്ചു. പൊലീസാണെങ്കിലും ബേബിമുതലാളി പറഞ്ഞതിനപ്പുറം പോയില്ല. പക്ഷേ മരണമറിഞ്ഞെത്തിയ ബെന്നിക്കു മാത്രം അതൊന്നും അത്രക്ക് വിശ്വാസമായില്ല.
''ചേട്ടത്ത്യാർക്ക് എന്താ പറ്റ്യേ? അറിഞ്ഞോണ്ട് അവരൊന്നും ചെയ്യില്ല്യ എനിക്കൊറപ്പാ. പിന്നെ അവർക്ക് മാനസിക പ്രശ്നങ്ങളൊന്നും ഉള്ളതായിട്ട് എനിക്കറിയില്ല്യട്ടാ'' എന്നും പറഞ്ഞ് സംശയദൃഷ്ടിയോടെ എല്ലാരെയും നോക്കി.
''അവസാനായപ്പോ മോൾടെ കാര്യോർത്തിട്ട് വല്ലാത്ത മാനസിക ബുദ്ധിമുട്ട്ണ്ടായിരുന്നൂഡാ. ന്നാലും ഇങ്ങനെ ചെയ്യുംന്ന്...''ബേബിയേട്ടൻ ടർക്കികൊണ്ട് മുഖം ഒപ്പിച്ചുെവപ്പിച്ച് ആഹാരം മതിയാക്കി കൈകഴുകി. എല്ലാം കൂടി ബെന്നിക്ക് ആകെയൊരു വശപ്പിശകു തോന്നി. മറിയം അയാൾക്ക് അമ്മയെപ്പോലെയായിരുന്നു. കഴിഞ്ഞ കുറേക്കാലങ്ങളായി അവരെ ചിരിച്ചുകണ്ടിട്ടേയില്ല. എന്താ, ഏതാ എന്ന് ചോദിക്കാനുള്ള സാവകാശവും കിട്ടിയില്ല. അവധിക്കെത്തുമ്പോൾത്തന്നെ കുഞ്ഞന്നം എവിടേക്കെങ്കിലും ടൂർ പ്ലാൻ ചെയ്തിരിക്കും. ടൂറു കഴിഞ്ഞാൽ പിന്നെ പോകുംവരെ അവളുടെ വീട്ടിലാവും. ഒറ്റമോളായതുകൊണ്ട് അവിടത്തെ കാര്യങ്ങളിലും തന്റെ മേൽനോട്ടം വേണ്ടിവന്നിരുന്നു. അതുകൊണ്ടുതന്നെ ചേട്ടത്ത്യാരോട് കൂടുതൽ ഇടപഴകാനും അവസരമുണ്ടായില്ല. എന്തായാലും എന്തോ പറയാനുണ്ടെന്നതുപോലെ അവരുടെ കണ്ണുകൾ തന്നെ പിന്തുടരുന്നതായി അയാൾക്കു തോന്നി.
ബെന്നി നാട്ടിലെത്തിയതോടെ കുഞ്ഞന്നത്തിന്റെ ധൈര്യമൊക്കെ പോയി. അവൾ തീയിൽ ചവുട്ടിയപോലെ വെപ്രാളപ്പെട്ടു. മറിയത്തിന്റെ വീർത്തുന്തിയ കണ്ണുകളെക്കാളും തുറിച്ച നാക്കിനെക്കാളും അവളെ ഭയപ്പെടുത്തിയത് ബെന്നിയുടെ സംശയദൃഷ്ടികളാണ്. ഭാഗ്യത്തിനാണ് മറിയത്തിന്റെ ബ്രായ്ക്കുള്ളിൽനിന്നും പൊലീസിനും ബെന്നിക്കും എഴുതിവെച്ച കത്തുകൾ കിട്ടിയതും നശിപ്പിക്കാനായതും എന്ന് ഇടക്കിടെ ആശ്വസിച്ചു. എന്നിരുന്നാലും പല രാത്രികളിലും ആ കത്തുകൾ പൊലീസിനും ബെന്നിക്കും കിട്ടുന്നതായും അവൾ ദുഃസ്വപ്നം കണ്ടു. മറിയത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബേബിയേട്ടനെക്കുറിച്ച് ക്ലബിലും മറ്റും ഓരോന്ന് കേട്ടു തുടങ്ങിയതോടെ ബെന്നിയാകെ അസ്വസ്ഥനായി. അയാൾ കുഞ്ഞന്നത്തോട് ഓരോന്ന് തിരിച്ചും മറിച്ചും ചോദിച്ചുകൊണ്ടിരുന്നു. സഹികെട്ട കുഞ്ഞന്നം, ''ആയിരം കൊടത്തിന്റെ വായ കെട്ടാ, ന്നാ ഒരു മനുഷ്യന്റെ പറ്റ്വോ? ആളോളു പലതും പറയൂട്ടാ. അതൊന്നും കാര്യാക്കണ്ട, ബേബ്യേട്ടന് ഒരു പങ്കൂല്ല്യാ. മറിയേച്ചിക്ക് മാനസികായിട്ട് പ്രശ്നോണ്ടായിരുന്നു. നിങ്ങക്ക് വിഷമാവൂന്നെച്ചിട്ട് പറയാണ്ടിരുന്നതാ. എന്നേം ഒരുപാട് ദ്രോഹിച്ച്ട്ട്ണ്ട്'', എന്നും പറഞ്ഞ് അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞു. ആ കണ്ണീര് ബെന്നിയുടെ വാരിയെല്ലിനിടയിലെ ഒഴിവിലേക്കാണ് കിനിഞ്ഞിറങ്ങിയത്. അതോടെ അയാളുടെ ഹൃദയമലിഞ്ഞു. കുഞ്ഞന്നത്തിനെ അവളുടെ വീട്ടിൽ നിർത്തി സൗദിയിലേക്ക് തിരികെ പോവുകയും ചെയ്തു.
ബംഗ്ലാവിൽ ബേബി തനിച്ചായി. സാന്ദ്രമോളെ മറിയത്തിന്റെ വീട്ടുകാർ കൊണ്ടുപോയിരുന്നു. അതൊന്നും പക്ഷേ ബേബിയെ ബാധിച്ചതേയില്ല. എന്നാൽ കുഞ്ഞന്നത്തിനെ പിരിഞ്ഞിരിക്കാൻ മാത്രം അയാൾക്കു കഴിഞ്ഞില്ല. അത്രയധികം അവളയാളെ കീഴ്പ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ അവളുടെ അമ്മയപ്പൻമാരുടെ അനിഷ്ടം വകവെക്കാതെ ഇടക്കിടെ കാണാൻ പൊയ്ക്കൊണ്ടിരുന്നു. കുഞ്ഞന്നത്തിനാണെങ്കിൽ വീട്ടുകാരെ ധിക്കരിക്കാനോ ബേബിയേട്ടനെ മറക്കാനോ കഴിഞ്ഞില്ല.
''എന്താപ്പോ ചെയ്യാ? എല്ലാർക്കും എന്തൊക്ക്യോ സംശയങ്ങള്ണ്ട്. എനിക്കീ പ്രശ്നത്തീന്ന് തലയൂരണങ്കി ബേബ്യേട്ടൻ വീണ്ടും കെട്ടണം.'' ഒടുക്കം കുഞ്ഞന്നം തീർത്തു പറഞ്ഞു.
''എനിക്ക് പറ്റില്ല്യ. നിന്ന്യെല്ലാണ്ട് വേറാരേം ഇനി പറ്റില്ല്യട്ടാ.'' അയാൾ ഇടഞ്ഞു.
''ബെന്നിയേട്ടന്റേം എന്റെ വീട്ടുകാര്ടേം കണ്ണീപൊടീടാൻ അതേ മാർഗള്ളൂട്ടാ. അല്ല്യെങ്കി എനിക്കൊരുകാലത്തും ബംഗ്ലാവീ വന്നുനിക്കാൻ പറ്റില്ല്യ.'' അവൾ ശാഠ്യം പിടിച്ചു. അയാൾക്ക് സമ്മതം മൂളുകയല്ലാതെ മറ്റു മാർഗങ്ങളൊന്നും ഉണ്ടായില്ല. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പേരിനൊരാളെ അവൾ തന്നെ തേടിപ്പിടിച്ചു. മറിയം പോയതിന്റെ ആറാം മാസം ആർഭാടമൊന്നുമില്ലാതെ ബേബിയേട്ടൻ സോഫിയെ കെട്ടുകയും ചെയ്തു. കുഞ്ഞന്നമാണ് എല്ലാറ്റിലും മുന്നിൽ നിന്നത്.
''എന്റെ എടവകേല്യാ. കാഴ്ചയ്ക്ക് വല്ല്യ മെച്ചോന്നില്ല്യങ്ങിലും പണിയെടുത്തോളും. ഒട്ടും ഗതീല്ല്യാത്ത കൂട്ടരാ. അതാ കാര്യം പറഞ്ഞപ്പഴയ്ക്കും തന്ത ചാടിവീണെ.''കുഞ്ഞന്നം ബന്ധുക്കളോടൊക്കെ അടക്കം പറഞ്ഞു.
''അല്ല്യെങ്കിലും ഗതീള്ളോരാരും പതിനെട്ടു വയസ്സുള്ള മോളെപ്പിടിച്ച് രണ്ടാം കെട്ടുകാരനേംകൊണ്ട് കെട്ടിക്കില്ല്യല്ലോ. അതും സുഖല്ല്യാത്ത കുട്ട്യേ നോക്കാൻ.'' ബന്ധുക്കൾ സഹതാപത്തോടെ സോഫിയെ നോക്കി. കുഞ്ഞന്നത്തിന്റെ മമ്മി മാത്രം മകളെ സംശയത്തോടെ നോക്കിക്കൊണ്ടിരുന്നു. സോഫിയുടെ ആലോചന പറഞ്ഞപ്പോഴേ ''നിനക്കെന്താ പ്രാന്ത്ണ്ടാ? അതൊരു കിളി പോയ പെണ്ണാട്ടാ'' എന്നവർ പറഞ്ഞിരുന്നു. അതുകേട്ട് കുഞ്ഞന്നം ചുമ്മാ ചിരിച്ചതേയുള്ളൂ. അതുപോലെ ഒരാളെയാണ് താൻ തേടി നടന്നതെന്ന് മമ്മിയോട് പറഞ്ഞില്ല. പത്തു വയസ്സിന് ഇളപ്പമുണ്ടെങ്കിലും കാഴ്ചക്ക് തന്റെ ഏഴയലത്തുപോലും വരില്ലെന്നും പാവമായതുകൊണ്ട് എക്കാലത്തും ചൊൽപ്പടിക്കു നിർത്താമെന്നും മാത്രമെ അവൾ ചിന്തിച്ചുള്ളൂ.
സോഫിയേയുംകൊണ്ട് കുഞ്ഞന്നത്തിന് ഉപകാരം മാത്രമേ ഉണ്ടായുള്ളൂ. മറിയം തീവ്രവാദി ആയിരുന്നെങ്കിൽ സോഫി മിതവാദിയായിരുന്നു. തന്റെ പിടിയിൽ നിൽക്കാത്ത കാര്യങ്ങളിലൊന്നും അവൾ തലയിട്ടില്ല. എണ്ണയിട്ട യന്ത്രംകണക്കെ പണിയെടുക്കുക മാത്രം ചെയ്തു. ആരോടും വഴക്കില്ല, പരാതിയും പരിഭവവുമില്ല. വെളുപ്പിനെ ഉണരും. തൂത്തു തോരാതെ പണിയും അക്കൂട്ടത്തിൽ മറിയം നട്ട ചമ്പകത്തൈക്കു ചുവട്ടിലും എത്തും. അങ്ങനെ ആ വീടുമായി ബന്ധപ്പെട്ട എല്ലാവരുടെയും വിശ്വാസങ്ങളും താൽപര്യങ്ങളും തന്നാലാകുംവിധം ബിഷ്ണു ശ്രേഷ്തയെപ്പോലെ അവളും സംരക്ഷിച്ചു പോന്നു. എന്നാലോ ആരുമവളെ സ്നേഹിച്ചില്ല. എല്ലാരും ചേർന്ന് ഒരുപാട് ഉപദ്രവിക്കുകയും ചെയ്തു. അന്നാളിൽ പണികളൊക്കെ കഴിഞ്ഞ് ആഹാരം കഴിക്കാനിരിക്കുമ്പോഴായിരിക്കും സാന്ദ്രമോൾ ഓടിച്ചെന്ന് പ്ലേറ്റ് തട്ടിത്തെറിപ്പിക്കുന്നത്. മമ്മി മരിച്ചതോടെ അവളുടെ അസുഖം കൂടിയിരുന്നു. ആരെയും കാണാൻ പാടില്ല പ്രത്യേകിച്ച് സോഫിയെ. പല രാത്രികളിലും വീടിനു പുറത്താക്കി വാതിലടയ്ക്കും. മരംകോച്ചുന്ന തണുപ്പിലും മഴയിലും പുലരുവോളം പുറത്തിരുന്നു നേരം വെളുപ്പിച്ചിട്ടുണ്ട് താനോ ബേബ്യേട്ടനോ അതിൽ ഇടപെടാറില്ല. തങ്ങളെ സംബന്ധിച്ച് അതു വലിയ ആശ്വാസമായിരുന്നു. അതൊക്കെ ഓർത്ത് കുഞ്ഞന്നത്തിന്റെ പശ്ചാത്താപം പെരുകി. അന്ന് ബേബ്യേട്ടനോട് അത്രയും ഒട്ടിയിരുന്നതിന്റെയാണ് ഇപ്പോഴും അനുഭവിക്കുന്നത്. കുഞ്ഞന്നം സങ്കടത്തോടെ താടിക്ക് കൈയും കൊടുത്തിരുന്നു.
സോഫിയെ കെട്ടിയതിന്റെ എട്ടാംവർഷമായിരുന്നു അത് സംഭവിച്ചത്. കുഞ്ഞന്നം ഗർഭിണിയായി. ബെന്നിയാണെങ്കിൽ സൗദിയിൽനിന്നും എല്ലാം അവസാനിപ്പിച്ച് വരാൻ നിൽക്കുന്ന സമയം. സാന്ദ്രയെ കനത്ത സ്ത്രീധനമൊക്കെ കൊടുത്ത് കെട്ടിച്ചുവിട്ടിരുന്നു. കല്യാണം കഴിപ്പിച്ചാൽ അസുഖത്തിനു കുറവുണ്ടാകുമെന്ന് ഡോക്ടർ പറഞ്ഞതിനെത്തുടർന്നുള്ള പരീക്ഷണമായിരുന്നു അത്. അതൊക്കെ ഏകദേശം വിജയിച്ച മട്ടിലിരിക്കുമ്പോഴാണ് ഈ ഗർഭം. കുഞ്ഞന്നത്തിന്റെ തലയ്ക്കു തീ പിടിച്ചു. മാസമുറ കൃത്യമല്ലാത്തതുകൊണ്ട് ഗർഭത്തെപ്പറ്റിയുള്ള സംശയമേ ഉണ്ടായില്ല. നാലുമാസം കഴിഞ്ഞും ക്ഷീണവും തളർച്ചയും മാറാതെ വന്നപ്പോഴാണ് ഡോക്ടറെ കാണുന്നത്.
''എന്നാലും എന്നോടീ ചതി ചെയ്തല്ലോ'', ആ രാത്രി ബേബിയുടെ കട്ടിലിലിരുന്ന് അവർ നെഞ്ചത്തേക്ക് കൈചുരുട്ടി ഇടിച്ചു. ആ ഇടിയിൽ കട്ടിലിന്റെ മുകളിൽ കെണിപ്പിച്ചു വെച്ചിരുന്ന കൊതുകുവല രണ്ടാളുടെയും മീതേക്ക് ഊർന്നു ചാടി.
''ശ്ശെട പാടേ...ഞാനെന്തു ചെയ്തൂന്നാ?'', വലയിലായ മാർജാരനെക്കൂട്ട് ബേബി അവളെ തുറിച്ചുനോക്കി.
''ഗൂർഖേടെ കയ്യീന്ന് ആ കുന്തോം വാങ്ങിത്തിന്ന്...'' കുഞ്ഞന്നം കരച്ചിലിനിടെ അയാളെനോക്കി കണ്ണുരുട്ടി.
''ആഹാ എല്ലാം നീ കാരണല്ലേ.'' ബേബി ഏദൻതോട്ടത്തിലെ ആദാമിന്റെ മാനസികവ്യാപാരത്തോടെ കൊതുകുവലക്കുള്ളിലൂടെ അവളെ പാളിനോക്കി. കുറേക്കാലമായി ബിഷ്ണു ശ്രേഷ്തയുടെ ൈകയിൽനിന്നും അയാൾ ഹിമാലയൻവയാഗ്ര വാങ്ങിത്തിന്നുന്നുണ്ട്. എങ്ങനെ തിന്നാതിരിക്കും ആ മട്ടിനുള്ള പരാതിയായിരുന്നു കുഞ്ഞന്നത്തിന്.
ബേബിക്ക് നാൽപതു വയസ്സുള്ളപ്പോഴാണ് അനിയൻ ഗൾഫിലേക്കു പോകുന്നത്. അക്കാലമായപ്പോഴേക്കും കട്ടയും പടവുമൊക്കെ മടക്കി പള്ളിപ്പാട്ടും ബൈബിളുമൊക്കെയായി ഉണർവിന്റെ പാതയിലേക്കുള്ള യാത്ര തുടങ്ങിയിരുന്നു ബേബി. അത്രക്കു വിരസമായിരുന്നു ജീവിതം. മോളുണ്ടായതോടെ മറിയത്തിൽ വന്നുകൂടിയ വിഷാദവും ശാരീരികമായി അവൾ സൂക്ഷിച്ച അകലവും അയാളെ വല്ലാതെ മരവിപ്പിച്ചിരുന്നു. ആ മരവിപ്പിലേക്കാണ് കുഞ്ഞന്നം പിടിച്ചുകയറാൻ ശ്രമിച്ചത്. സമുദ്രനിരപ്പിൽനിന്നുള്ള ഉയരവും അതിനൊത്ത തണുപ്പും കൊന്നു കൊലവിളിക്കാൻ പാകത്തിനു ചിന്നവും വിളിച്ചു നിൽക്കുന്ന കുഞ്ഞന്നവും അയാളെ വല്ലാതെ പ്രലോഭിപ്പിച്ചു. സഹോദരന്റെ വയലിലെ വെള്ളരി മോഷ്ടിക്കുന്നത് പാപമാണെന്ന് വിശ്വാസം പറഞ്ഞെങ്കിലും ആ വെള്ളരിയിൽ പുറമേക്കാർ കൈ വെക്കാതിരിക്കേണ്ടതിന് പുള്ളിക്ക് ആത്മീയതയൊക്കെ വെടിഞ്ഞ് ഉഷാറാവേണ്ടിവന്നു. പക്ഷേ ബേബ്യേട്ടന്റെ കാലഹരണപ്പെട്ട പൊടിക്കൈകളും മാജിക്കുമൊന്നും കുഞ്ഞന്നത്തിനു ബോധിച്ചില്ല .''എന്താ? എന്നെ പറ്റീല്ല്യ?'' ഒരു രാത്രി ജനാലയിലൂടെ സിൽവറോക്കുകളിലെ മിന്നാമിനുങ്ങുകളുടെ നൃത്തവും കണ്ടു കിടന്ന അയാളോട് അവൾ ചോദിച്ചു. അതിന്, ''അതോണ്ടൊന്നും അല്ലട്ടാ... ചെറ്യോരു പാപബോധം'' എന്നും പറഞ്ഞ് അയാൾ തടിതപ്പി. എങ്കിലും പിറ്റേന്നുതന്നെ വളരെ രഹസ്യമായി കോട്ടയത്തു ചെന്ന് ഒരു ഡോക്ടറെ കണ്ടു. പിന്നീട് കുറേക്കാലം അവിടെനിന്നും കിട്ടിയതൊക്കെക്കൊണ്ട് കഴിച്ചുകൂട്ടി. പക്ഷേ അതുകൊണ്ടൊന്നും വലിയ കാര്യമുണ്ടായില്ല. കുഞ്ഞന്നമാണെങ്കിൽ എപ്പോഴും, ''ബേബ്യേട്ടന് ഒരുഷാറും ഇല്ല്യാലോ. ഞാനെന്റെ വീട്ടിപോയി നിന്നാലോന്ന് ആലോചിക്ക്യാ'' എന്നു പരിഭവം പറഞ്ഞുകൊണ്ടിരുന്നു. ബേബിയെ സംബന്ധിച്ചിടത്തോളം കുഞ്ഞന്നത്തിനെ പിരിയുന്ന കാര്യം ചിന്തിക്കാൻപോലും പറ്റുമായിരുന്നില്ല. ഇനി എന്തു ചെയ്യണം എന്നോർത്ത് വിചാരം കേറി നടന്ന സമയത്താണ് ഹിമാലയൻ വയാഗ്രയെക്കുറിച്ചു കേൾക്കുന്നത്. പണ്ടു മുതൽക്കേ ബേബിക്ക് പണിക്കാരുമായിട്ടൊക്കെ നല്ല അടുപ്പമാണ്. പ്രത്യേകിച്ച് ബിഷ്ണുവുമായിട്ട്. അവൻ വന്നതിനു ശേഷം അയാൾ ക്ലബിലെ രാത്രി പാർട്ടികൾക്കൊന്നും നിൽക്കാറില്ല. പകരം അത്താഴമൊക്കെ കഴിഞ്ഞ് നേരെ ഔട്ട്ഹൗസിലേക്ക് ചെല്ലും. അവിടെ നേപ്പാളിൽ നിന്നുംകൊണ്ടുവന്ന *ച്യാങുമായി അവൻ കാത്തിരിക്കുന്നുണ്ടാവും. അങ്ങനെ ഒരു രാത്രി ച്യാങും നുണഞ്ഞിരിക്കുമ്പോഴാണ് ഹിമാലയൻ വയാഗ്ര കടന്നുവരുന്നത്.
''എവിടുന്നാണ്ട്രാ കിട്ട്വ?'' അയാൾ തിരക്കി.
''അവിടുത്തെ മലനിരകളിൽനിന്ന്. യാർസഗുംബു എന്നാണതിന്റെ പേര്. ഒരു കീടചെടിയാണത്. വേനൽക്കാലത്ത് അതു ശേഖരിക്കാൻ വേണ്ടി ഞങ്ങൾ മലമുകളിലേക്കു പോകും...'' അവൻ പറഞ്ഞു.
''കീടച്ചെടി? അതെങ്ങനെ?'' ബേബിയുടെ സംശയം തീർന്നില്ല.
''അവിടെ രാത്രിമാത്രം കാണാറുള്ള ഒരു ശലഭമുണ്ട്. അതിന്റെ പുഴുവിനുള്ളിൽ ഒരുതരം ഫംഗസ് കയറിക്കൂടി പോഷകമൊക്കെ ഊറ്റിക്കുടിച്ച് വളരും. വളർന്നു വലുതാകുമ്പോ പുഴുവിന്റെ തല തകർത്ത് പുറത്തേക്ക് വരും. ഒരു ഭാഗം ഭൂമിക്ക് പുറത്തും ബാക്കിഭാഗം മണ്ണിനുള്ളിലുമായിരിക്കും. വിറ്റാല് നല്ല വിലകിട്ടും. പക്ഷേ തിരഞ്ഞുപിടിക്കല് ശ്രമംപിടിച്ച പണിയാണ്. ഭാഗ്യമുള്ളവർക്ക് വേഗം കിട്ടും അല്ലാത്തവർക്ക് ദിവസങ്ങളോളം തിരഞ്ഞാലും കിട്ടില്ല. യൗവനം നിലനിർത്താനും ലൈംഗികശേഷി കൂട്ടാനും പലരോഗങ്ങൾക്കുമുള്ള മരുന്നായും പണമുള്ളവർ വാങ്ങിക്കഴിക്കാറുണ്ട്.'' മഞ്ഞുകാറ്റിലും കൊടുംതണുപ്പിലും മലമുകളിൽ കഴിച്ച കഷ്ടപ്പാടുകൾ ഓർത്തുകൊണ്ട് ബിഷ്ണു പറഞ്ഞു .
''സത്യാണ്ട്രാ? കഴിച്ചാ മൊത്തം കാര്യങ്ങള് ഉഷാറാവോ? അന്ധവിശ്വാസോന്ന്വല്ലല്ലോ?'' ബേബിക്കതത്ര വിശ്വാസം വന്നില്ല. ബിഷ്ണു അൽപം അന്ധവിശ്വാസിയാണെന്ന് തോന്നിയിട്ടുണ്ട്. അല്ലെങ്കിൽ ച്യാങ് കുടിക്കാനായി തന്റെ ഗ്രാമത്തിലേക്ക് യതികൾ വരാറുണ്ടെന്നൊക്കെ അവൻ പറയില്ലല്ലോ. സാബിന്റെ ആകാംക്ഷ കണ്ട് ബിഷ്ണുവിന്റെ ഈർക്കിലി ചുണ്ടുകൾ വിടർന്നു. കൂടുതൽ വിശദീകരിക്കാൻ നിൽക്കാതെ അവൻ നേരെപോയി തന്റെ മരുന്നുപെട്ടിക്കുള്ളിൽനിന്ന് ഉണങ്ങിയ ശലഭപ്പുഴുപോലെ ഇരിക്കുന്ന ഒരു വേരെടുത്ത് സാബിനെ കാണിച്ചു.
''നീ ആള് കൊള്ളാട്രാ. സാധനം സ്റ്റോക്ക്ണ്ട് ലേ! ഇതും തിന്നിട്ട് ഇവടിങ്ങനെ പെണ്ണും പെടക്കോഴീന്നും ഇല്ലാണ്ട്...'' ബേബി അർഥംവെച്ചു ചിരിച്ചു.
അതായിരുന്നു തുടക്കം.
ഹിമാലയൻ വയാഗ്ര ബേബി വിചാരിച്ചതിലും കേമമായിരുന്നു. അതിന്റെ തെളിച്ചം കുഞ്ഞന്നത്തിന്റെ മുഖത്തും കണ്ടു. ആദ്യമൊക്കെ വളരെ ശ്രദ്ധിച്ചാണ് കാര്യങ്ങൾ മുന്നോട്ടു നീക്കിയതെങ്കിലും മറിയത്തിന്റെ മരണത്തോടെ എങ്ങനെയെങ്കിലും കുഞ്ഞന്നത്തിനെ തന്റേതു മാത്രമാക്കുക എന്നതായി അയാളുടെ ലക്ഷ്യം. ഒരു കുഞ്ഞുണ്ടായാൽ അവളെ ബെന്നി ഉപേക്ഷിക്കുമെന്നും തനിക്കു കിട്ടുമെന്നും അയാൾ വ്യാമോഹിച്ചു.
''ങ്ഹാ... ഇനീപ്പ അങ്ങട്ടുമിങ്ങട്ടും കുറ്റം പറഞ്ഞിട്ട് കാരില്ല്യ. വരണെടത്ത് വെച്ച് കാണ്വന്നെ.'' ബേബി ഉദാസീനതയോടെ കൊതുകുവല എടുത്തുമാറ്റി.
''അങ്ങനെ പറഞ്ഞാ പറ്റില്ല്യ. ഇതിനൊരു നടപടീണ്ടാവണം. നാളെത്തന്നെ ഇത് കളയണം.'' അവൾ ഒച്ചവെച്ചു.''ഒന്നടങ്ങെടി നമുക്ക് പുവാന്ന്. ആരും അറിയാണ്ട് വേണ്ടേ?ഞാനൊന്ന് ഏർപ്പാടാക്കട്ടെ'', അയാൾ ആശ്വസിപ്പിച്ചു. ഒരുമാസം കൂടി കഴിഞ്ഞാണ് അയാൾ അവളെ ദൂരെ ഒരു നഴ്സിങ് ഹോമിലേക്ക് കൊണ്ടുപോയത്.
''റിസ്കുണ്ട്, കളയാൻ പറ്റില്ല.'' പരിശോധനക്കൊടുവിൽ ഡോക്ടർ, ബേബി പറയാൻ ഏർപ്പാടാക്കിയത് അതുപോലെ അവളോട് ആവർത്തിച്ചു.
''നാശം! ഇനീപ്പെന്താ ഞാൻ ചെയ്യണ്ടേ?''
കുഞ്ഞന്നത്തിന് തലകറങ്ങി.
''വഴീണ്ടാക്കാടീ. അവൻ വരണെങ്കി ഒരു വർഷംകൂടീണ്ടല്ലോ. അപ്പഴക്കും കാര്യം കഴിച്ച് നമുക്ക് കുട്ട്യേ കളയാം.'' അയാൾ ഉള്ളിലെ സന്തോഷം മറച്ച് അവളെ ആശ്വസിപ്പിച്ചു. കുഞ്ഞന്നക്കെന്തോ അയാൾ എന്തെന്തു പറഞ്ഞിട്ടും ആശ്വാസം കിട്ടിയില്ല. മഹാപീഡന കാലത്തെന്നോണം അവൾ എരിതീയിൽ വെന്തുകൊണ്ടേയിരുന്നു. വയറ്റിൽ കിടക്കുന്ന ബേബ്യേട്ടന്റെ കുഞ്ഞ് പോഷകമെല്ലാം ഊറ്റിക്കുടിച്ചു മെഴുക്കുന്നതും ഒടുവിൽ തന്റെ തല തകർത്തു പുറത്തേക്കു വരുന്നതും ഇടക്കിടെ അവൾ സ്വപ്നം കണ്ടു.
''ഉം..?'' ഒരു രാത്രി അവളുടെ അലറിക്കരച്ചിൽ കേട്ട് ബേബി ഉറക്കപ്പിച്ചോടെ തല ചൊറിഞ്ഞു.
''യാർസഗുംബു.'' അവൾ കിതച്ചുകൊണ്ട് അയാളെ നോക്കി.
''ഒന്നൂല്ല്യെടീ ഒറങ്ങിക്കോട്ടാ.'' അയാൾ അവളുടെ വിളറിയ മുഖം ബലമായി തന്റെ നെഞ്ചിൽ പൂഴ്ത്തിവെച്ചു. ആ വിയർപ്പുവാടയിൽ നിന്നും പുറത്തുകടക്കാനാവാത്ത വീർപ്പുമുട്ടലോടെ അവൾ കണ്ണുകൾ പൂട്ടി.
ഗർഭം കുഞ്ഞന്നത്തിന്റെ ഓജസ്സും തേജസ്സും തകർത്തു തരിപ്പണമാക്കി. ആസക്തികളുടെ പടം പൊഴിച്ചിട്ട് ബേബിയിൽനിന്നും ഇഴഞ്ഞകലാൻ അവൾ ശ്രമിച്ചുകൊണ്ടേയിരുന്നു. അപ്പോഴെല്ലാം അയാളവളെ തന്നിലേക്കു ഞെരുക്കിവെച്ചു. ഗർഭകാലം കഴിയുന്നതുവരെ സന്ദർശകരിൽനിന്നും ബന്ധുക്കളിൽനിന്നും തന്നെ ഒളിച്ചുപിടിക്കാൻ അവൾ ഏറെ കഷ്ടപ്പെട്ടു. സ്വതവേ തടിച്ചുരുണ്ട പ്രകൃതമായിരുന്നതുകൊണ്ട് യാദൃച്ഛികമായി കണ്ടവർക്കൊട്ടു മനസ്സിലായതുമില്ല. പക്ഷേ സോഫിയും ബിഷ്ണുവും മാത്രം എന്നത്തേയുംപോലെ എല്ലാം അറിഞ്ഞു, അവർക്കൊപ്പം നിന്നു.
അർധരാത്രിയിലാണ് കുഞ്ഞന്നം പ്രസവിച്ചത്, അതും ഏഴാം മാസം. അപ്രതീക്ഷിതമായതുകൊണ്ട് ബേബിക്കു തന്നെ പ്രസവം എടുക്കേണ്ടിവന്നു. കൈയാളുകളായി സോഫിയും ബിഷ്ണുവും ഇടവും വലവും നിന്നു. ഇടവേദനകളില്ലാതിരുന്നതുകൊണ്ട് പ്രസവവേദന കടുപ്പത്തിലായിരുന്നു. വേദന സഹിക്കാനാവാതെ അലറിക്കരഞ്ഞുകൊണ്ട് കുഞ്ഞന്നം കിട്ടിയിടത്തേക്കെല്ലാം ആഞ്ഞുതൊഴിക്കുകയും മാന്തുകയും ചെയ്തു. സോഫിയുടെ അടിവയറിനും ബേബിയുടെ മുഖത്തിനും മാന്തും തൊഴിയും കിട്ടി. ഇടക്ക് ''എല്ലാറ്റിനും കാരണം നീയാണെന്നും'' പറഞ്ഞ് ബിഷ്ണുവിനും കിട്ടി ഒരു ചവിട്ട്. അതോടെ സഹനത്തിന്റെ നെല്ലിപ്പലക കണ്ട ബേബി ''അടങ്ങിക്കെടക്ക്ട്ടാ...'' എന്നും പറഞ്ഞ് അവളുടെ തുടക്കൊരു നുള്ളും കൊടുത്തു. പുറമെ കനത്ത ശീതക്കാറ്റും ചെറിയതോതിൽ മഞ്ഞുവീഴ്ചയുമുണ്ടായിരുന്നു. എസ്റ്റേറ്റു റോഡിലൂടെ തിരുപ്പിറവി ആഘോഷങ്ങൾക്കായി പള്ളിയിലേക്ക് പോകുന്നവരുടെ ടോർച്ചുവെട്ടം അവർക്കു മുമ്പെ ചിന്നിച്ചിതറി പൊയ്ക്കൊണ്ടിരുന്നു. അതുകണ്ട് ഹാലിളകിയ അൽസേഷ്യൻ നായ്ക്കൾ കൂട്ടിനുള്ളിൽക്കിടന്ന് മോങ്ങി. ആ കുളിരിലും കുടുകുടെ വിയർത്തുകൊണ്ട് ബേബി കുഞ്ഞന്നത്തിന്റെ കാലുകൾക്കിടയിൽനിന്ന് കുഞ്ഞിനെ വലിച്ചെടുത്തു. ''അതു ചത്താ? ഇല്ല്യേങ്കി കൊന്നോട്ടാ...'' അലറിക്കരയുന്നതിനിടെ കുഞ്ഞന്നം പറഞ്ഞു. ബേബി അതിനു മറുപടിയൊന്നും പറയാതെ കുട്ടിയെ ബിഷ്ണുവിനെ ഏൽപ്പിച്ചു. സോഫിയാണെങ്കിൽ അടിവയറ്റിലെ വേദനയും അടക്കിപ്പിടിച്ച് കുഞ്ഞന്നത്തിന്റെ ശുശ്രൂഷകൾ ചെയ്തുകൊണ്ടിരുന്നു.
പ്രസവിച്ചിട്ടതല്ലാതെ കുഞ്ഞിന്റെ മുഖമൊന്നു കാണാനോ, പാലൂട്ടാനോ കുഞ്ഞന്നം തയാറായില്ല. വിശന്നുകരയുന്ന കുഞ്ഞിന്റെ കരച്ചിൽ ബംഗ്ലാവിന്റെ ചുവരുകൾക്കുള്ളിൽ കറങ്ങിനടന്നു. ആ രാത്രി മുഴുവൻ കുഞ്ഞിനേയും നെഞ്ചോടു പൊതിഞ്ഞുപിടിച്ച് സോഫി ഉറങ്ങാതെയിരുന്നു. കുഞ്ഞിന്റെ കരച്ചിൽ ബേബിയുടെ ഉറക്കം കെടുത്തി. ''കുട്ട്യേ എന്താപ്പൊ ചെയ്യാ?''കുഞ്ഞന്നത്തിന്റെ തലയിൽ തഴുകിക്കൊണ്ട് അയാൾ ചോദിച്ചു.
''എവിട്യേങ്കിലും കൊണ്ട് കളഞ്ഞോ. ഇനീം ടെൻഷനടിക്കാൻ പറ്റില്ല്യട്ടാ.'' കുഞ്ഞന്നം ശരീരത്തിനു വേണ്ടാത്തതെന്തോ പുറന്തള്ളിയ ആശ്വാസത്തോടെ കണ്ണുമടച്ചു കിടന്നു. ബേബി ഓരോന്നാലോചിച്ച് തലപുകച്ചുകൊണ്ട് ഇറയത്തെ കസേരയിൽ ചെന്നിരുന്നു. അലങ്കരിച്ച ക്രിസ്മസ് ട്രീക്കു കീഴെ ബിഷ്ണുവും. പിറ്റേന്നും അതിന്റെ പിറ്റേന്നും കുഞ്ഞിനെ മാറ്റുന്നതിനെക്കുറിച്ച് ബേബി എന്തെങ്കിലും പറയുകയോ കുഞ്ഞന്നം അതിനെ ഗൗനിക്കുകയോ ചെയ്തില്ല. അവർ തമ്മിലുള്ള തർക്കങ്ങൾ അകത്ത് നടക്കുമ്പോൾ പുറമെ അതിന്റെ കരച്ചിലടക്കാൻ സോഫി പെടാപ്പാടു പെട്ടു.
''കുട്ട്യേ കളയാൻ പറ്റില്ല്യാട്ടാ. ബെന്നി അറിയട്ടെ, ഈ ലോകം മൊത്തം അറിയട്ടെ. എന്തെന്നെ വന്നാലും നിന്നെ എനിക്ക് വേണം.'' തർക്കങ്ങൾക്കൊടുവിൽ ബേബി തറപ്പിച്ചുപറഞ്ഞു. കുഞ്ഞന്നത്തിന്റെ കണ്ണിൽ ഇരുട്ടു കയറി.
''അതാപ്പോ നിങ്ങടെ മനസ്സില് ല്യേ ബേബ്യേട്ടാ? ബെന്നിയേട്ടനേം മോനേം കളഞ്ഞിട്ട് ചത്താലും ഞാൻ വരില്ല്യാട്ടാ.'' അവൾ അയാളെ തുറിച്ചുനോക്കി.
''അപ്പോ എന്റെ കുടുംബം? മറിയം? നിനക്ക് വേണ്ട്യല്ലേടീ..? നിന്നെ ഞാൻ വിടില്ല്യാട്ടാ. ഇനീള്ള ജീവിതം നമ്മളൊരുമിച്ച് ജീവിക്കും. ''അയാൾ ഭ്രാന്തനെപ്പോലെ അവളുടെ കഴുത്തിനു കുത്തിപ്പിടിച്ചു. കുഞ്ഞന്നത്തിന് ശ്വാസം മുട്ടി. വെപ്രാളത്തിൽ മേശയിൽ ഇരുന്ന ടോർച്ചുകൊണ്ട് അയാളുടെ തലക്കടിച്ചു. അടിപിടി ശബ്ദംകേട്ട് ഓടിച്ചെന്ന സോഫി കുഞ്ഞിനെയുംകൊണ്ട് തരിച്ചുനിന്നു. അവളെ കണ്ടതും ബേബി കുഞ്ഞന്നത്തിനെ അടിക്കാനോങ്ങിയ കൈ പിൻവലിച്ച് മുറിവിട്ടുപോയി. അയാളുടെ തലപൊട്ടി മുഖത്തേക്ക് കൊഴുത്ത ചോരയൊഴുകിയിറങ്ങിയിരുന്നു. മുഖം വലിഞ്ഞുമുറുകിയും കണ്ണുകൾ കുറുകിയുമിരുന്നു. എല്ലുകളിലൂടെ തുളച്ചുകയറിയ ഭയത്തിൽ കുഞ്ഞന്നത്തിന്റെ പല്ലുകൾ കൂട്ടിയിടിച്ചു.
''സോഫ്യേ... എനിക്ക് പേടിയാവണ്. അയാളെന്നെ കൊല്ലൂട്ടാ...ആ ഫോണൊന്ന് നീക്കി വെക്ക്യോ? ന്റെ വീട്ടിലിക്കൊന്ന് വിളിക്കാനാ.'' കിലുകിലാ വിറച്ചുകൊണ്ട് അവൾ യാചിച്ചു. അതിലും മോശം അവസ്ഥയിലായിരുന്നു സോഫി. എങ്കിലും ബേബിയറിയാതെ വീട്ടിലേക്കു വിളിക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തു.
സംഗതികൾ കുഞ്ഞന്നം കരുതിയതിലും ഭീകരമായിരുന്നു. പിറ്റേന്ന് പപ്പക്കും മമ്മിക്കുമൊപ്പം അവിടെനിന്നും ഇറങ്ങുമ്പോൾ എല്ലാം അവസാനിച്ചുവെന്നാണ് അവൾ കരുതിയത്, എന്നാൽ ബേബി സകല വിവരവും കാണിച്ച് അനിയനൊരു കത്തയച്ചു. കത്തുകിട്ടിയാൽ അവൻ കുഞ്ഞന്നത്തെ ഉപേക്ഷിക്കുമെന്നും അവൾ തന്നെ തിരഞ്ഞുവരുമെന്നുംതന്നെ അയാൾ കരുതി.
പക്ഷേ ബെന്നി വരികയും ബേബിയേട്ടനുമായി വലിയ വാക്കുതർക്കങ്ങൾ നടക്കുകയും എന്നെന്നേക്കുമായി അവിടവുമായുള്ള ബന്ധം മുറിച്ചുപോവുകയും ചെയ്തു. എന്നാൽ കുഞ്ഞന്നത്തിനെ മാത്രം ഉപേക്ഷിച്ചില്ല.
''ന്റെ മോന്റെ തള്ളയായോണ്ട് മാത്രല്ല, ഈ കാർന്നമാര്ടെ കണ്ണീരും കാണാൻ വയ്യാണ്ടാട്രീ വിഴുപ്പേ നിന്നെ വീണ്ടും ചുമക്കണേ...''എന്നും പറഞ്ഞ് അയാൾ മനസ്സിൽനിന്നും എന്നെന്നേക്കുമായി അവളെ മാറ്റിനിർത്തി. കുഞ്ഞന്നത്തെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകളെല്ലാം അസ്ഥാനത്തായതോടെ ആകെ തകർന്ന ബേബി ഫാക്ടറിയിലെ ഓഫീസ് മുറിയിൽ തൂങ്ങി ജീവിതം തീർത്തു.
ബേബിയുടെ ശവമടക്കിനുപോലും ബെന്നി പോയില്ല. അയാൾ ഫാക്ടറി ഭരണം ഏറ്റെടുത്തുകൊണ്ട് എസ്റ്റേറ്റിന്റെ അങ്ങേയറ്റത്ത് ബംഗ്ലാവിനെക്കാൾ മനോഹരമായൊരു വീടും വെച്ച് താമസിച്ചു. കുഞ്ഞന്നത്തിന്റെ പതനം ഭീകരമായിരുന്നു. മകൻ പത്താംതരത്തിൽ പഠിക്കുമ്പോഴായിരുന്നു ആ കോലാഹലങ്ങളെല്ലാം. അതിനുശേഷം അവൻ അമ്മയോട് മിണ്ടിയിട്ടില്ല. പഠിത്തം കഴിഞ്ഞതും ജോലിക്കായി വിദേശത്തേക്ക് പറന്നു. അതിനിടയിൽ അവിടെവെച്ചുതന്നെ വിവാഹവും കഴിച്ചു. അപ്പയെ മാത്രമെ അവനതിന് വിളിച്ചുള്ളൂ. വല്ല കാലത്തും വീട്ടിൽ വന്നാലും കുഞ്ഞന്നത്തിനെ കാണുന്നതേ വെറുപ്പാണ്. നല്ല കാലത്ത് ഭാര്യക്ക് ചുറ്റും ഉപഗ്രഹംപോലെ കറങ്ങിക്കൊണ്ടിരുന്ന ബെന്നിയും ആ സംഭവത്തോടെ കഴിയുന്നതും വീട്ടിൽ കയറാതായി. ക്ലബും കൂട്ടുകാരും ടൂറുമൊക്കെയായി നേരം തള്ളിനീക്കി.
പപ്പയും മമ്മിയും മരിച്ചതോടെ കുഞ്ഞന്നം തീർത്തും ഒറ്റപ്പെട്ടു. വർഷങ്ങളോളം ആ വീടിനകത്തുനിന്നും പുറത്തേക്കു പോകാനോ ഫോൺ ചെയ്യാനോ അനുമതിയുണ്ടായിരുന്നില്ല. ഏകാന്തത വാപൊളിച്ചിരിക്കുന്ന ആ വലിയ വീട്ടിൽ വെയിൽ ഏൽക്കാതിരുന്നിരുന്ന് മുടി മുഴുവൻ വെളുക്കുകയും തൊലി ചുളുങ്ങുകയും മേലാകെ ചുവന്ന പാടുകൾ തിണർത്തു കിടക്കുകയും ചെയ്തു. വിഭ്രാന്തിമൂടിയ സ്വന്തം പ്രതിബിംബവും നോക്കി രാത്രികളിൽ ഉറങ്ങാതിരിക്കുക പതിവായി. ചിലപ്പോഴെല്ലാം താൻ ചെയ്ത പാപങ്ങളെക്കുറിച്ചോർത്ത് കണ്ണീർ വാർത്തുകൊണ്ട് ''എനിക്കും കൂടി വേണ്ടീട്ടല്ലേ നീ കുരിശീ തൂങ്ങ്യേത്? അപ്പ എന്റെ പാപോം മോളിലെ ആള് ക്ഷമിച്ചിട്ടിണ്ടാവില്ല്യേ? പിന്ന്യേന്തിനാ എന്നെയിങ്ങനെ?'' എന്നു ചോദിച്ചുകൊണ്ടിരുന്നു.
അങ്ങനെ വിഭ്രാന്തി മൂത്തുമൂത്താണ് വീണ്ടും ബംഗ്ലാവിലേക്ക് പോയതും. അന്ന് പഴയതെല്ലാം മറന്നതുപോലെ അവൾ ബിഷ്ണുവിനോട് കുശലം ചോദിച്ചു, മുറികളിലെല്ലാം കയറി ഇറങ്ങി, സോഫിയോട് വേദനകൾ പങ്കുവെച്ചു, ദിയമോളെ കണ്ണുനിറയെ നോക്കിനിന്നുകൊണ്ട് ''ഞാനാ നിന്റമ്മ!'' എന്നും പറഞ്ഞു. അവളതിന്, ''നാണോല്ല്യെ ഇമ്മാതിരി അളുമ്പൊക്കെ പറയാൻ. ഇതോണ്ട് പ്പൊ എനിക്കെന്താ പ്രയോജനം? പോയേ പോയേ...'' എന്ന് ചങ്കുതുളയ്ക്കുംപോലെ പരിഹസിച്ചു. അതിന് ''നോക്ക്യേടീ സോഫീ...''എന്നും പറഞ്ഞ് ഉറക്കെ കരഞ്ഞു. മുകളിലേക്കാരോ കയറിവരുന്നതിന്റെ കാൽപ്പെരുമാറ്റം കേട്ട് കുഞ്ഞന്നം തല തിരിച്ചുനോക്കി. കാപ്പിക്കപ്പുമായി ദിയമോളാണ്. നല്ല തടിയൊക്കെ വെച്ച് ആളാകെ മാറിയിട്ടുണ്ട്. പെട്ടെന്ന് ബേബിയേട്ടനെ കണ്ടതുപോലൊരു ഞടുക്കത്തിൽ കുഞ്ഞന്നം തലതിരിച്ചു. ദിയ അതൊന്നും ശ്രദ്ധിക്കാതെ, ''അമ്മ രാവിലെ എന്തെങ്കിലും കഴിച്ചാ?'' എന്നു ചോദിച്ചുകൊണ്ട് കപ്പ് ടീപ്പോയിൽവെച്ച് സോഫിയുടെ അടുത്തേക്കു ചെന്നു. സോഫി തലപൊക്കി നോക്കി പുഞ്ചിരിച്ചശേഷം വീണ്ടും ചെടിച്ചോട്ടിലേക്കു കുനിഞ്ഞു. അവളും അവർക്കൊപ്പം ചെന്നിരുന്ന് കിളയ്ക്കാനും പറിക്കാനും തുടങ്ങി. സാന്ദ്രയുടെ ഭർത്താവിന്റെ ബന്ധത്തിലുള്ള പയ്യനാണ് അവളെ കെട്ടിയിരിക്കുന്നത്. രണ്ടാളും കോട്ടയത്ത് തിരക്കുള്ള സ്കിൻ സ്പെഷലിസ്റ്റുകളാണ്. എങ്കിലും എല്ലാ ശനിയാഴ്ചകളിലും അമ്മയെ കാണാൻ വരും. തിങ്കളാഴ്ച കാലത്തേ തിരികെ പോവൂ. ആ നേരം നോക്കിയാണ് പലപ്പോഴും കുഞ്ഞന്നവും ചെല്ലുക.
ദിയ തന്നെ അവഗണിച്ചതോടെ കുഞ്ഞന്നം എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്നു. സോഫിക്കരികിലെ ബാസ്ക്കറ്റിൽ നല്ല കാറ്റും വെളിച്ചവും പരിചരണവുമൊക്കെ കിട്ടിയ ഹുങ്കിൽ തടിച്ചുരുണ്ടു കിടക്കുകയാണ് ക്യാപ്സിക്കവും ക്വാളിഫ്ലവറും നൂൾക്കോസും മുള്ളങ്കിയുമൊക്കെ. കുഞ്ഞന്നം ദിയയുടെ ശ്രദ്ധ കിട്ടാനെന്നതുപോലെ സോഫിയോട് ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു,
''ഈ ചെടികൾക്കൊന്നും ഒരു പുഴുക്കേടും ഇല്ല്യല്ലോ സോഫ്യെ? ബാക്കിയുള്ളോര് എന്തേങ്കിലും വെക്കാൻ നോക്ക്യാ പിന്നെ പുഴ്വായി...തുള്ളനായി...എന്ത് മരുന്നടിച്ചാലും പോകൂല്ല്യ. ഒടുവീ നോക്കുമ്പം ചെടിയടക്കം ഒരു കിണ്ണാങ്കൃതീം കാണൂല്ല്യാട്ടാ.''
കുഞ്ഞന്നം വിഷയം പച്ചക്കറിയിലോട്ടു മാറ്റിക്കൊണ്ട് പറിച്ചുവെച്ചതിൽനിന്നും രൂപഗുണം നഷ്ടപ്പെട്ട മുള്ളങ്കികളൊക്കെ പെറുക്കിത്തിരിഞ്ഞുവെച്ചു. അതിനും സോഫി പുഞ്ചിരിച്ചതേയുള്ളൂ. എന്നാൽ ദിയയുടെ മറുപടി ഉടനെ വന്നു.
''അതിന് മരുന്നൊന്നും അടിക്കണ്ട. എന്റമ്മ ചെയ്യുംപോലെ ഇത്തിരി പശുവിൻപാല് വെള്ളം ചേർത്ത് തളിച്ചുകൊടുത്താ മതി. ആ... കാലാകാലങ്ങളായി ആരേങ്കിലും നട്ടുനനച്ചുണ്ടാക്ക്യതു തിന്നും തിന്നേന്റെ ബാക്കി വലിച്ചെറിഞ്ഞും മാത്രം ശീലിച്ചിട്ടുള്ളോർക്ക് ഇതൊക്കെ നല്ല കഷ്ടായിരിക്കും.'' അതുകേട്ട് കുഞ്ഞന്നം മുഖത്തടികൊണ്ടപോലെ നിന്നു.
''ഇതിനക്ക്യേ ഇത്തിരി മന്തും മൊഴയും ഇണ്ടെങ്കിലും ചില മനുഷ്യരെപ്പോലെ ഗുണം കൊറവൊന്നൂല്ല്യാട്ടാ ഇങ്ങനെ മാറ്റിവെക്കാൻ.'' ദിയ കുഞ്ഞന്നത്തിനെ നോക്കി ചിറികോട്ടിക്കൊണ്ട് അവർ പെറുക്കിത്തിരിഞ്ഞുവെച്ച രൂപഗുണം നഷ്ടപ്പെട്ട മുള്ളങ്കികളിലൊന്നെടുത്ത് കഴുകിത്തിന്നുകൊണ്ട് താഴേക്ക് ഇറങ്ങിപ്പോയി. വിളറിയ മുഖത്തോടെ കുഞ്ഞന്നം ആ പോക്കും നോക്കിനിന്നു. പിന്നെ തളർച്ചയോടെ സോഫയിൽ ചെന്നിരുന്നു.
വെയിൽ കനക്കുന്തോറും ടെറസിനെ മൂടിയ ചില്ലുഭിത്തിയിലൂടെ മഞ്ഞുരുകിയൊഴുകിക്കൊണ്ടിരുന്നു. സോഫി പ്രസവവാർഡിലെ നഴ്സിനെപ്പോലെ വളരെ സൂക്ഷ്മതയോടും ശ്രദ്ധയോടുംകൂടി ചെടികളിൽനിന്നും പാകമായവ പൊട്ടിച്ചെടുത്ത് മുറത്തിൽ വെച്ചു.
''സോഫ്യെ, ഞാൻ പോവാട്ടാ.'' കുറേനേരം ആ ഇരിപ്പിരുന്നു മുഷിഞ്ഞ കുഞ്ഞന്നം പോകാനെഴുന്നേറ്റു. അതോടെ ''ഇരിക്ക്'' എന്നും പറഞ്ഞ് സോഫി വിളവെടുപ്പ് നിർത്തി കൈ കഴുകി അവരുടെ അരികിൽ ചെന്നിരുന്നു.
''പോട്ടേടീ...കൊറേ നേരായില്ല്യേ?''കുഞ്ഞന്നം എഴുന്നേറ്റു.
''ഇന്ന് വന്നിട്ട് ഒന്നും പറഞ്ഞില്ല്യാലോ? ഒക്കെ പറഞ്ഞിട്ട് പോയാ മതീട്ടാ.'' സോഫി അവരുടെ കൈകൾ ചേർത്തുപിടിച്ചു. കുഞ്ഞന്നത്തിന് അതു വിശ്വസിക്കാനായില്ല. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
''എന്തു പറയാനാടീ? ചെയ്ത പാപോക്കെ പെരുവിരലുതൊട്ട് തലവരേങ്ങനെ ചുറ്റിവരിഞ്ഞ് കിടക്ക്വല്ലെ. കുമ്പസാരിച്ചിട്ടൊന്നും ഒരു കാര്യോല്ല, അനുഭവിക്ക്യന്നെ.'' അവർ താഴേക്കുള്ള പടികളിറങ്ങി. ഓരോ പടി ചവിട്ടുമ്പോഴും അവിടെ പല കാലങ്ങളിലായി ചിതറിത്തെറിച്ച ഓർമകൾ തിരകളായി അലയടിച്ചുകൊണ്ടിരുന്നു. ഏതു കാലത്താണ് എത്തിനിൽക്കുന്നതെന്ന് അവര്ക്കു മനസ്സിലായില്ല. വേച്ചു പോകാതിരിക്കാൻ സോഫിയുടെ കൈകളിൽ മുറുകെ പിടിക്കുക മാത്രം ചെയ്തു.
പുറമെ വെയിൽ കനത്തിരുന്നു. വീടിനുചുറ്റും തൂക്കിയ അഞ്ചു ചിറകുള്ള നക്ഷത്രവിളക്കുകളിലെ നനവെല്ലാം വെയിൽ കുടിച്ചു വറ്റിച്ചിരുന്നു. കുഞ്ഞന്നം അവിടത്തെ തന്റെ ആദ്യത്തെ ക്രിസ്മസ് ഓർത്തുകൊണ്ട് ഒരു നിമിഷം ആ അലങ്കാരങ്ങളും നോക്കിനിന്നു. പിന്നെ സോഫിയുടെ കൈവിടുവിച്ച് കാറിലേക്ക് കയറി. തേയിലത്തോട്ടമാകെ ചുറ്റിക്കറങ്ങി വന്ന കാറ്റ് ചമ്പകമരത്തെ ഉലച്ചുകൊണ്ട് സോഫിയുടെ പച്ചക്കറി തോട്ടത്തിലേക്ക് പോയി. ആ ഉലച്ചിലിൽ ഭാരങ്ങൾ ഇറക്കിവെക്കാനെന്നവിധം മരം കുറച്ചു പൂക്കളും കുറെ ശലഭങ്ങളും കാറിനു മീതേക്കു പൊഴിച്ചു.
''വെഷമിക്കണ്ടട്ടാ. ദേ മോളിലിക്ക് നോക്ക്യേ, അവള് നിക്കണ കണ്ടാ? എന്ത്യേങ്കിലൊക്കെ പറയെങ്കിലും സ്നേഹണ്ട്. പെറ്റമ്മെ ആർക്കെങ്കിലും വെറുക്കാൻ പറ്റ്വോ? സന്തോഷായിട്ടിരിക്ക്ട്ടാ.'' സോഫി അവരെ ആശ്വസിപ്പിച്ചു. കുഞ്ഞന്നം ടെറസ്സിലേക്കു നോക്കി. ചില്ലുജാലകം പറ്റി അവളുണ്ട്. അവർ അൽപനേരം അങ്ങനെ നോക്കിയിരുന്നു. പിന്നെ ഓർമകളിൽനിന്നും യാഥാർഥ്യത്തിലേക്കു പിടിച്ചു കയറാൻ ശ്രമിച്ചുകൊണ്ട് കാർ മുന്നോട്ടെടുത്തു.