ജ്വാലാ ലൈബ്രറിയിലെ തീപ്പിടിത്തം
അർധരാത്രി ടെലിഫോണ്‍ ശബ്ദിച്ചപ്പോള്‍ ഞാന്‍ കാടിനുള്ളില്‍ വഴിതെറ്റി അലഞ്ഞുകൊണ്ടിരിക്കെ രക്ഷപ്പെടാനുള്ള വഴിയന്വേഷിച്ച് ഇടക്കിടെ മൊബൈല്‍ ഫോണില്‍ റേഞ്ച് വരുന്നുണ്ടോ എന്ന് നോക്കി നടക്കുന്ന സ്വപ്നത്തിലായിരുന്നു. കാട്ടില്‍നിന്ന് ഒരിക്കലും രക്ഷപ്പെടാനാവില്ല എന്ന് ഉറപ്പിച്ച് ഒരു വൃക്ഷച്ചുവട്ടില്‍ തളര്‍ന്നിരിക്കെയാണ് ആരോ തിരിച്ചിങ്ങോട്ട് വിളിച്ചത്. മൊബൈല്‍ ശബ്ദിച്ചുകൊണ്ടിരുന്നെങ്കിലും എന്റെ കൈകള്‍ മരവിച്ചുപോയിരുന്നു. കൈകള്‍ മെല്ലെ ചലിപ്പിച്ച്...
Your Subscription Supports Independent Journalism
View Plansഅർധരാത്രി ടെലിഫോണ്‍ ശബ്ദിച്ചപ്പോള്‍ ഞാന്‍ കാടിനുള്ളില്‍ വഴിതെറ്റി അലഞ്ഞുകൊണ്ടിരിക്കെ രക്ഷപ്പെടാനുള്ള വഴിയന്വേഷിച്ച് ഇടക്കിടെ മൊബൈല്‍ ഫോണില്‍ റേഞ്ച് വരുന്നുണ്ടോ എന്ന് നോക്കി നടക്കുന്ന സ്വപ്നത്തിലായിരുന്നു. കാട്ടില്‍നിന്ന് ഒരിക്കലും രക്ഷപ്പെടാനാവില്ല എന്ന് ഉറപ്പിച്ച് ഒരു വൃക്ഷച്ചുവട്ടില്‍ തളര്‍ന്നിരിക്കെയാണ് ആരോ തിരിച്ചിങ്ങോട്ട് വിളിച്ചത്. മൊബൈല്‍ ശബ്ദിച്ചുകൊണ്ടിരുന്നെങ്കിലും എന്റെ കൈകള്‍ മരവിച്ചുപോയിരുന്നു. കൈകള്‍ മെല്ലെ ചലിപ്പിച്ച് അവ കൂട്ടിയുരതി ചൂടാക്കിക്കഴിഞ്ഞപ്പോഴേക്കും മൊബൈല്‍ നിശ്ശബ്ദമായിരുന്നു. ഭാഗ്യത്തിന് അത് രണ്ടാമതും ശബ്ദിച്ചു. അപ്രാവശ്യം ഞാന്‍ ആകാവുന്നത്ര ശക്തിയില്‍ കൈകള്‍ ചലിപ്പിച്ച് ശ്രമപ്പെട്ട് പാന്റ്സിന്റെ പോക്കറ്റില്‍നിന്ന് ഫോണ്‍ പുറത്തെടുത്ത് അറ്റന്റ് ചെയ്ത് ഹലോ എന്ന് ചോദിച്ചു. എന്നിട്ടും ഫോണ്‍ റിങ് ചെയ്തുകൊണ്ടിരുന്നു. ആ ശബ്ദം എന്നെ കട്ടിലില്‍നിന്ന് ഉണര്‍ത്തുകയും കാട്ടില്‍നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. സ്ഥലകാലബോധം വീണ്ടെടുക്കുന്നതിനിടെ ഫോണ്‍ വീണ്ടും നിശ്ശബ്ദമായി. എന്നാല്‍ മൂന്നാം വട്ടം റിങ് ചെയ്തപ്പോള്‍ മേശപ്പുറത്ത് ചാർജ് ചെയ്യാനിട്ടിരുന്ന ഫോണ്‍ ഞാന്‍ ഏന്തി വലിഞ്ഞ് ഒരു വിധത്തില്‍ കൈക്കലാക്കി. ഫോണ്‍ റിങ് ചെയ്ത ആ നിമിഷമായിരിക്കണം ഞാന്‍ സ്വപ്നം കണ്ടുതുടങ്ങിയത്. ഏതാനും സെക്കൻഡുകള്‍ക്കുള്ളില്‍ മസ്തിഷ്കം വലിയൊരു ദൃശ്യകഥ ആരംഭിക്കുന്നു. അത് ഏറെ നേരം നീണ്ട ഒരു സംഭവമായി തോന്നുകയും സ്വപ്നത്തില്‍നിന്ന് തുടര്‍ച്ച നഷ്ടപ്പെടാതെ യഥാർഥ ലോകത്ത് എത്തുകയും ചെയ്യുന്നു. ഇത് പലപ്പോഴും സംഭവിക്കാറുള്ളതാണ്. എപ്പോഴോ തുടങ്ങിയ സ്വപ്നത്തിലേക്ക് ടെലിഫോണ്‍ ശബ്ദം കടന്നുവന്നു എന്ന് തോന്നിപ്പിക്കുന്ന ആ വിചിത്രാനുഭവത്തെപറ്റി ചിന്തിക്കാന്‍ നില്‍ക്കാതെ ഞാന്‍ വേഗത്തില്‍ ഫോണെടുത്തു.
ഹലോ എന്ന് പറയാനിടതരാതെ മറുതലക്കല്‍നിന്ന് സംസാരം ആരംഭിച്ചു.
''വിശ്വേട്ടാ, ഇത് ഞാനാണ്. ദാസന്.''
ഓടിത്തളര്‍ന്ന ഒരാളെപ്പോലെ ശ്വാസം ആഞ്ഞുവലിച്ചുകൊണ്ടാണ് ദാസന് അത് പറഞ്ഞത്. തുടര്‍ന്ന് എന്തോ പറയാന്‍ ശ്രമിച്ച് പരാജയപ്പെട്ട് അയാള്‍ ദീര്‍ഘശ്വാസമെടുത്തു.
''എന്തുപറ്റി ദാസാ?''
''നമ്മുടെ ലൈബ്രറിക്ക് തീ പിടിച്ചിരിക്കുന്നു.''
മറുതലക്കല്‍നിന്ന് ഉച്ഛ്വാസവായുവിനോടൊപ്പം തെറിച്ചുവീണ വാക്കുകള്‍ ഞാന്‍ ഒരു വിധം മനസ്സിലാക്കി. എനിക്കത് വിശ്വസിക്കാനായില്ല.
''ജ്വാലാ ലൈബ്രറിക്ക് തീ പിടിച്ചെന്നോ?''
നമ്മുടെ ലൈബ്രറി എന്ന പ്രയോഗത്തിന് കുറേക്കൂടി കൃത്യത വരുത്താനായി ഞാന്‍ ചോദിച്ചു.
''അതെ.''
ദാസന് പറഞ്ഞു.
''ഞാനവിടേക്ക് വരുന്നു.''
അത്രയേ എനിക്കപ്പോള്‍ പറയാന്‍ സാധിച്ചുള്ളൂ. വേണ്ടപ്പെട്ട ആര്‍ക്കോ അപകടം സംഭവിച്ചു എന്ന് കേട്ടതുപോലെ എന്റെ ഹൃദയം ശക്തിയായി മിടിക്കാന്‍ തുടങ്ങി. ഞാന്‍ പെട്ടെന്ന് കിട്ടിയ വസ്ത്രങ്ങള്‍, പാന്റ്സും ഷര്‍ട്ടുമിട്ട്, പുറത്തേക്കിറങ്ങി. സ്കൂട്ടറില്‍ ആളൊഴിഞ്ഞ വഴിയിലൂടെ ആ ഗ്രാമീണ വായനശാലയെ ലക്ഷ്യംെവച്ച് പോകുമ്പോള്‍ ആരെയെങ്കിലും കൂട്ടിന് വിളിക്കാമായിരുന്നു എന്ന് തോന്നി. വേണ്ട ദാസന്‍തന്നെ വേണ്ടവരെ വിവരമറിയിച്ചു കാണും. തീ കെടുത്താന്‍ ഫയര്‍ഫോഴ്സിനെ വിളിക്കുന്ന കാര്യം ദാസനെ ഓർമിപ്പിച്ചില്ലല്ലോ എന്ന് അപ്പോള്‍ ചിന്തിച്ചെങ്കിലും സാമാന്യബോധമുള്ള ആരും അങ്ങനെ ചെയ്തിരിക്കും എന്ന് ഞാന്‍ സമാധാനിച്ചു. രാത്രിയുടെ സ്വാഭാവികമായ തണുപ്പും സ്കൂട്ടര്‍യാത്ര നല്കിയ ഇളം കാറ്റും എന്റെ ശരീരത്തെ തണുപ്പിക്കാന്‍ പര്യാപ്തമായിരുന്നില്ല. ഞാന്‍ അപ്പോഴും വിയര്‍ത്തുകൊണ്ടിരുന്നു.
സ്കൂട്ടര്‍ ലൈബ്രറിക്കടുത്തെത്തി. അതൊരു ചെറിയ ബസാറായിരുന്നു. ഏതാനും കടകളും മറ്റുമുള്ള ഒരു മുക്ക്. ലൈബ്രറി നിന്നിരുന്ന ഒറ്റനില കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ ജനലുകള്‍ കത്തിക്കരിഞ്ഞിരുന്നു. ചൂടിനാല്‍ ചരിഞ്ഞ് വീഴുകയും നീണ്ട കമ്പികള്‍ ഒടിഞ്ഞുപോയതുമായ ഷെല്‍ഫില്‍ ചുവന്ന കനലുകള്‍ മങ്ങിക്കത്തിക്കൊണ്ടിരുന്നു. ചെറിയ ചൂട് പടര്‍ന്ന കെട്ടിടത്തിന്റെ നേരെ എതിര്‍വശത്തെ ഒരു കടക്കു മുന്നില്‍ ദാസന് തളര്‍ന്നിരിക്കുകയായിരുന്നു.
ഞാന്‍ ദാസന്റെ അടുത്തേക്ക് നടന്നു ചെന്നു. അമ്പത് വയസ്സ് മാത്രമുള്ള അവനപ്പോള്‍ എഴുന്നേല്ക്കാന് പോലുമാവാത്ത വൃദ്ധനെപ്പോലെ തളര്‍ന്ന് ഇരിക്കുകയായിരുന്നു.
''നീ ഫയര്‍ഫോഴ്സിനെ വിളിച്ചോ?''
അവന് സംസാരിക്കാന്‍ കഴിയാത്ത വിധം തളര്‍ന്നിരുന്നു. നാവ് ഇറങ്ങിപ്പോയതുപോലെ അവന് എന്നെ മിഴിച്ചു നോക്കി. ഞാനവന്റെ പുറത്ത് തട്ടി. അവന് ഉറക്കത്തില്‍ നിന്നെന്നപോലെ ഞെട്ടി എന്നെ നോക്കി.
''നിനക്കെന്ത് പറ്റി. നീ പോലീസിനെയോ ഫയര്‍ഫോഴ്സിനേയോ വിളിച്ചിരുന്നോ?''
''ഞാന്‍ കാണുമ്പോള്‍ ഇത് ഇത്രത്തോളമായിരുന്നു. ഇനി ആരെ വിളിച്ചിട്ടെന്താ?''
വേറെ എന്തൊക്കെയോ അവന് പറയാനുണ്ടായിരുന്നു. പക്ഷേ വാക്കുകള്‍ പാതിയില്‍ നിന്നുപോയി. അവനെ കുറ്റം പറയാന്‍ പറ്റില്ല. ഇനി ഫയര്‍ഫോഴ്സിന് ഒന്നും ചെയ്യാനില്ല. ആകെ കത്തിക്കരിഞ്ഞിരിക്കുന്നു. അവര്‍ വെള്ളം ചീറ്റിയാല്‍ കത്താതെ കിടക്കുന്ന പുസ്തകങ്ങള്‍ കൂടി കേടായിപ്പോകും. പക്ഷേ പോലീസില്‍ അറിയിക്കാതിരിക്കാന്‍ പറ്റില്ല. ഞാന്‍ മൊബൈല്‍ ഫോണെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. ആരും ഫോണെടുക്കുന്നില്ല. ഞാന്‍ ലൈബ്രറി പ്രസിഡന്റിനേയും ലൈബ്രറിയുമായി ബന്ധപ്പെട്ട രണ്ടുമൂന്ന് ആളുകളേയും വിളിച്ച് വിവരം പറഞ്ഞു. ഞങ്ങള്‍ സ്കൂട്ടറെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു.
പോലീസ് സ്റ്റേഷന് ഉറക്കത്തിലായിരുന്നു. മുന്‍വശത്ത് ചെന്ന് ഉച്ചത്തില്‍ വിളിച്ചപ്പോള്‍ മേശപ്പുറത്ത് തലവെച്ചുറങ്ങുന്ന പോലീസുകാരന് തലയുയര്‍ത്തി നോക്കി. ഏതോ സുന്ദരസ്വപ്നത്തില്‍ നിന്ന് ഉണര്‍ന്നതുപോലെ ഒന്ന് മന്ദഹസിക്കുകയും എന്നാല്‍ ഉറക്കം കെടുത്തിയവരോടുള്ള ദേഷ്യം പെട്ടെന്ന് മുഖത്ത് മിന്നിമറയുകയും ചെയ്തുകൊണ്ട് അയാള്‍ തലയുയര്‍ത്തിപ്പിടിച്ച് ഷര്‍ട്ട് നേരെയാക്കി ഞങ്ങള്‍ക്ക് നേരെ നോക്കി. ഞാന്‍ ഈ പോലീസുകാരനെ മുമ്പ് ഏതാനും വട്ടം കണ്ടിട്ടുണ്ട്. അതിന്റെ പരിചയം ഭാവിച്ച് ഞാന്‍ ചിരിച്ചെങ്കിലും എന്താണ് പറയാനുള്ളത് എന്ന ചോദ്യം മാത്രമേ അയാളുടെ മുഖത്ത് തെളിഞ്ഞുള്ളൂ.
''ഞാന്‍ ജ്വാലാ ലൈബ്രറിയുടെ സെക്രട്ടറിയാണ്. വിശ്വനാഥന്. ലൈബ്രറിക്ക് തീ പിടിച്ചു.''
അതുകേട്ടപ്പോള്‍ അയാളുടെ തലക്കുള്ളില്‍ തീയുടെ ചൂട് കയറിയതുപോലെ അയാള്‍ ഒന്നുകൂടി നിവര്‍ന്നിരുന്നു.
''എപ്പോള്‍?''
ഞാന്‍ കൂടെ നിന്ന ദാസന്റെ മുഖത്ത് നോക്കി. അവന് നിര്‍വികാരതയോടെ പോലീസുകാരനെ നോക്കി നില്‍ക്കുകയായിരുന്നു.
''അറിയില്ല.''
''നിങ്ങള്‍ ഫയര്‍ഫോഴ്സില്‍ അറിയിച്ചോ?''
പോലീസുകാരന് ചോദിച്ചു.
''ഇല്ല. തീ ഏതാണ്ട് അണഞ്ഞിരിക്കുന്നു. അതുകൊണ്ട് വിളിച്ചില്ല.''
അത് കേട്ടപ്പോള്‍ പോലീസുകാരന് വല്ലാത്ത ദേഷ്യം വന്നു. അയാള്‍ ഞങ്ങളെ രണ്ടുപേരെയും രൂക്ഷമായി നോക്കി.
''തീ അണഞ്ഞോ എന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്. തീ വേറെ എവിടേക്കെങ്കിലും പടര്‍ന്നാല്‍ നിങ്ങളതിന് സമാധാനം പറയുമോ? കഷ്ടം.''
വേറെയാരോ ചെയ്യേണ്ടുന്ന ജോലി അയാളെ ഏല്‍പ്പിച്ചതിന്റെ ഈര്ഷ്യയിലെന്നപോലെ അയാള്‍ ടെലിഫോണെടുത്ത് ഫയര്‍സ്റ്റേഷനിലേക്ക് വിളിച്ചു. ഞങ്ങളോട് സംഭവസ്ഥലത്തേക്ക് പോയ്ക്കോളാന്‍ പറഞ്ഞു. സമയമാവുമ്പോഴേക്കും പോലീസ് എത്തും എന്നും അറിയിച്ചു.
ഞങ്ങള്‍ രണ്ടുപേരും തിരിച്ച് സ്കൂട്ടറെടുത്ത് ലൈബ്രറിയെ ലക്ഷ്യമാക്കി വണ്ടിയോടിച്ചു. ഒരു പരാതിപോലും എഴുതിക്കൊടുത്തില്ലല്ലോ എന്ന് ഞാനപ്പോള്‍ ആലോചിച്ചു. ഞങ്ങളവിടെ ചെന്നതിനും പരാതി പറഞ്ഞതിനും ഒന്നും തെളിവില്ലല്ലോ? രണ്ട് മനുഷ്യന്മാര് നേരിട്ട് നടത്തുന്ന സംഭാഷണത്തേക്കാള്‍ വലിയ തെളിവ് വേറെന്താണുള്ളത്.
ഞങ്ങള്‍ ലൈബ്രറിയുടെ മുന്നിലെത്തി. കടലാസ് കത്തിയതിനേക്കാള് തീക്ഷ്ണമായി, എലിയോ മറ്റോ തീയില്‍ പെട്ടതിനാലാകാം, ഇറച്ചി കത്തിയതിന്റെ ഗന്ധം അവിടെമാകെ പരന്നിരുന്നു. ഞങ്ങള്‍ തിരിച്ചെത്തിയപ്പോഴേക്കും അവിടെ ചെറിയൊരു ആള്‍ക്കൂട്ടമുണ്ടായിരുന്നു. ഫയര്‍ഫോഴ്സ് വരുകയും കരിഞ്ഞ പുസ്തകങ്ങളുടെ ചാരത്തിലേക്ക് വെള്ളം ചീറ്റുകയും ചെയ്തപ്പോഴാണ് ആ ശവഗന്ധം ഇല്ലാതായത്. എനിക്കപ്പോള്‍ വല്ലാതെ ഉറക്കം വരുന്നുണ്ടായിരുന്നു. വേണ്ടപ്പെട്ടവരൊക്കെ സ്ഥലത്തുള്ളതിനാല്‍ ഞാന്‍ സ്കൂട്ടറെടുത്ത് വീട്ടിലേക്ക് തിരിച്ചു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കിടന്നു. കിടന്ന ഉടനെ തീയും പുകയും എരിഞ്ഞ കടലാസുകളും തുടങ്ങി എന്തൊക്കെയോ കാഴ്ചകള്‍ കാണാന്‍ തുടങ്ങി. ആ കാഴ്ചകള്‍ തന്നെയായിരുന്നു എന്റെ ഉറക്കം.
പിറ്റേന്ന് രാവിലെ ഞാന്‍ വളരെ വൈകിയാണ് എഴുന്നേറ്റത്. ലൈബ്രറിയുടെ കാര്യങ്ങളില്‍ സജീവമായി ഇടപെടുന്ന ബിജീഷ് എന്ന കോളേജ് വിദ്യാർഥിയാണ് എന്നെ വിളിച്ചുണര്‍ത്തിയത്. കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കാനുള്ള ഒരു നൂറുകൂട്ടം കാര്യങ്ങള്‍ക്കുവേണ്ടി ഭാര്യ ബഹളം വെക്കുന്നതും ഒന്നും അനുസരിക്കാതെ പ്രതികരിച്ചുകൊണ്ടിരിക്കുന്ന മക്കളുടെ ശബ്ദവും അന്തരീക്ഷത്തില്‍ മുഴങ്ങിക്കൊണ്ടിരുന്നു. അവരാരും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എഴുന്നേറ്റ് വന്നപ്പോള്‍ തലേ ദിവസം ലൈബ്രറിയില്‍നിന്ന് ശ്വസിച്ച വെന്ത ഇറച്ചിയുടെ മണം അപ്പോഴും മൂക്കില്‍ തങ്ങി നില്ക്കുന്നതായി തോന്നി.
''പ്രസിഡന്റ് ലൈബ്രറിയിലേക്ക് ചെല്ലാന്‍ പറഞ്ഞു.''
ബിജീഷിന് അന്ന് കോളേജില്‍ പോകാന്‍ ഉദ്ദേശമില്ലായിരുന്നു എന്ന് അവന്റെ വേഷത്തില്‍നിന്ന് വ്യക്തമായിരുന്നു.
''എനിക്ക് തീരേ വയ്യ.''
തലേദിവസത്തെ പോലീസ് സ്റ്റേഷനിലെ രംഗങ്ങള്‍കൂടി ഓർമിച്ചപ്പോള് പരാതിയുമായി ഇനിയും അവിടേക്ക് പോകാനും ഇടപെടലുകള്‍ നടത്താനും എനിക്കാവില്ല എന്ന് തോന്നിപ്പോയി. എന്റെ മറുപടി കേട്ട് ബിജീഷ് തിരിച്ചുപോയി. ഞാന്‍ ചെന്നില്ലെങ്കിലും റിട്ടയേഡ് സ്കൂള്മാഷുകൂടിയായ പ്രസിഡന്റ് രാഘവന് മാഷ് കാര്യങ്ങള്‍ വേണ്ടതുപോലെ നടത്തും. ഒരുപാട് പേര് സഹായത്തിനുണ്ടാകും. ഒരു പ്രശ്നം വരുമ്പോള്‍ ഞങ്ങളുടേതുപോലുള്ള ഗ്രാമത്തിലെ കുറേ മനുഷ്യര്‍ ഒരേ വായു ശ്വസിക്കുകയും ഒരേ ഭാഷ സംസാരിക്കുകയും ഒരു ശരീരം പോലെ പ്രവര്‍ത്തിക്കുകയും ചെയ്യും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗോത്രസ്മൃതികളുടെ അദൃശ്യമായ ചരട് ഇപ്പോഴും ഞങ്ങളെ ബന്ധിപ്പിച്ച് നിര്‍ത്തുന്നുണ്ട്.
അന്ന് വൈകീട്ട് ലൈബ്രറിയിലേക്ക് പോകുന്നതിന് പകരം ഞാന്‍ പഴയ ലൈബ്രേറിയന്‍ അബൂബക്കറിന്റെ വീട്ടിലേക്കാണ് പോയത്. ലൈബ്രറിക്ക് തീ പിടിച്ച വാര്‍ത്ത അദ്ദേഹത്തിന് ഒരു ഷോക്കായിരുന്നു എന്ന് എന്റെ ഭാര്യ ആരോ പറഞ്ഞറിഞ്ഞതായി പറഞ്ഞു. ആറ് മാസം മുമ്പ് ലൈബ്രറിയിലേക്ക് നടന്ന് വരാന്‍ സാധിക്കാത്ത വിധം തളരുന്നത് വരെ അവിടെ ലൈബ്രേറിയനായിരുന്നത് അബൂബക്കറാണ്. വര്‍ഷങ്ങളായി വെള്ളവലിക്കാത്തതിനാല് ചേറ് പിടിച്ച ഓടിട്ട വീട്ടിലേക്ക് ചെല്ലുമ്പോള്‍ അവിടെ അബൂബക്കറും ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നെ കണ്ടപ്പോള്‍ ഒരതിഥിയെ കണ്ട സന്തോഷത്തോടെ അവര്‍ എന്നെ അകത്തേക്ക് ക്ഷണിച്ചു. ഈ വാര്‍ത്ത കേട്ടതുമുതല്‍ അബൂബക്കര്‍ എഴുന്നേല്ക്കാന് പറ്റാത്തതുപോലെ കിടക്കുകയാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.
പഴയ തുണികള്‍ കട്ടിലിലും അയയിലും നിലത്തുമായി വാരി വലിച്ചിട്ട, കാറ്റും വെളിച്ചവും കുറഞ്ഞ ആ മുറിയിലേക്ക് ഞാന്‍ കയറി. ലൈബ്രറിയില്‍ ആളുകളില്ലാത്തപ്പോള് കണ്ണടച്ച് ഇരിക്കാറുള്ള അബൂബക്കര്‍ അതുപോലൊരു പാതിനിദ്രയില്‍ കട്ടിലില്‍ കിടക്കുകയായിരുന്നു. ഞാന്‍ അകത്ത് കയറിയതറിഞ്ഞ് അദ്ദേഹം കണ്ണ് തുറന്ന് കട്ടിലില്‍ ചാരിയിരുന്നു.
''അറിഞ്ഞു. എന്ത് ചെയ്യാനാണ്?''
അദ്ദേഹം വിഷമത്തോടെ പറഞ്ഞു. ഒരു കുറ്റവാളിയെപ്പോലെ വീട്ടിനകത്ത് അടച്ചിരിക്കുന്ന അദ്ദേഹത്തിന്റെ മാനസികാവസ്ഥ എനിക്ക് മനസ്സിലായിരുന്നു. നമ്മുടെ ആത്മാവിന്റെ ഭാഗമെന്ന് കരുതിയ എന്തുതന്നെ നഷ്ടപ്പെട്ടാലും നഷ്ടബോധത്തേക്കാള്‍ അകാരണമായ കുറ്റബോധമാണ് നമ്മെ ആദ്യം ഗ്രസിക്കുക. നഷ്ടബോധം തിരിച്ചറിഞ്ഞ് അനുഭവിച്ച് അത് മങ്ങിമറഞ്ഞാലും കുറ്റബോധം പിന്തുടര്ന്നുകൊണ്ടിരിക്കും. അക്കാരണത്താല്‍ അബൂബക്കറും ഞാനും ഒരേ മാനസികാവസ്ഥയിലായിരുന്നു. ഞങ്ങള്‍ക്ക് ഒരേ വാക്കുകളാകാം പങ്കിടാനുള്ളത് എന്നതിനാല്‍ പരസ്പരം ഒന്നും സംസാരിക്കാനുണ്ടാവില്ല എന്നും വെറുതെ മുഖാമുഖം നോക്കിയിരുന്ന് തിരിച്ചുപോകേണ്ടിവരും എന്നുമാണ് ഞാന്‍ കരുതിയത്. എന്നാല്‍ എന്നെ ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതമായ ചിലത് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു.
''ഇന്ന് ഉച്ചക്ക് ഇവിടെ ഒരു പെണ്‍കുട്ടി വന്നിരുന്നു. കഷ്ടി കോളേജ് പഠിപ്പ് കഴിഞ്ഞ് കാണും. അവള് എന്നോട് ചിലത് പറഞ്ഞു.''
അബൂബക്കര്‍ സംസാരിക്കാന്‍ വല്ലാതെ പാടുപെടുന്നുണ്ടായിരുന്നു. അദ്ദേഹം ശ്വാസമെടുക്കുകയും ചുമയ്ക്കുകയും നെഞ്ച് തടവുകയും ചെയ്യുന്നത് നോക്കി ഞാന്‍ സംഭാഷണത്തിന്റെ തുടര്‍ച്ചക്കായി കാത്തിരുന്നു.
''കഴിഞ്ഞദിവസം മംഗലാപുരത്ത് െവച്ച് തീവണ്ടിക്ക് തലവെച്ചു മരിച്ച ഒരു ചെറുപ്പക്കാരനെപ്പറ്റിയാണ് അവള് പറഞ്ഞത്. പെണ്‍കുട്ടി അവന്റെ പേര് പറഞ്ഞിരുന്നു. അവളുടെ പേരും. രണ്ടും മറന്നു. അവര്‍ രണ്ടുപേരും ഇന്നാട്ടുകാരായിരുന്നില്ല. യാതൊരു ബന്ധവുമില്ലാതെ, ആരുമായും ബന്ധപ്പെടുത്താനാവാത്ത പേരുകള്‍ വിട്ടുപോകുന്നത് സ്വാഭാവികമാണല്ലോ? അവള് പറഞ്ഞത് െവച്ച് ഈ ചെറുപ്പക്കാരന് രണ്ട് ദിവസം മുമ്പ് ലൈബ്രറിയില്‍ വന്നിരുന്നുവത്രേ. സോവിയറ്റ് യൂനിയനില്‍ അച്ചടിച്ച മാര്‍ക്സ്-ഏംഗല്‍സ് കൃതികളിലെ ഏതോ ഒരു പുസ്തകം അന്വേഷിച്ചാണ് വന്നത്. ലൈബ്രറിയുടെ പേര് കേട്ടപ്പോള്‍ ഇവിടെ ഒരുപക്ഷേ അവ കണ്ടേക്കുമെന്ന് കരുതിയാണ് അവന് വന്നത്. കാറ്റലോഗിലെ രണ്ടായിരത്തിന് മുമ്പുള്ള നമ്പറുകളുടെ പുസ്തകങ്ങളുടെ കാര്യം അറിയാവുന്നതാണല്ലോ? അക്കൂട്ടത്തില്‍ ചെറുപ്പക്കാരന് അന്വേഷിച്ച പുസ്തകം ഉണ്ടായിരുന്നു. പക്ഷേ ബൈന്റിങ് കേടായി തുറന്ന് നോക്കാന്‍പോലും പറ്റാത്ത രണ്ടായിരം പുസ്തകങ്ങളുടെ പഴയ കൂട്ടത്തില്‍നിന്ന് അത് പുറത്തെടുക്കുന്നത് എളുപ്പമല്ലാത്തതിനാല്‍ പുസ്തകം നഷ്ടപ്പെട്ടുപോയി എന്നാണ് അവിടെയുള്ളവര്‍ മറുപടി കൊടുത്തത്. അവനും പുസ്തക റാക്കുകള്‍ക്കിടയിലൂടെ നടന്ന് പഴയ പുസ്തകക്കൂട്ടങ്ങളെ ശ്രദ്ധാപൂർവം നീക്കിനോക്കി പുസ്തകം കിട്ടാന്‍ ഒരു ശ്രമം നടത്തിയിരുന്നത്രേ. വിചാരിച്ച പുസ്തകം കിട്ടാതെ ചെറുപ്പക്കാരന് തിരിച്ചുപോയി.''
അബൂബക്കര്‍ വീണ്ടും കിതച്ചു. വശങ്ങള് ചളുങ്ങിയ ഒരു സ്റ്റീല്‍ ഗ്ലാസിലും വരവീണ് മങ്ങിയ ഒരു ചില്ലുഗ്ലാസിലുമായി കട്ടന്‍ ചായ പകര്‍ന്നുകൊണ്ട് അബൂബക്കറിന്റെ ഭാര്യ മുറിയിലെത്തി. ചില്ലുഗ്ലാസിലെ ചായ എനിക്കും സ്റ്റീല്ഗ്ലാസിലേത് അബൂബക്കറിനും കൊടുത്ത് അവര്‍ കുറച്ച് നേരം മുറിയില്‍ നിന്നു. ചുമയും നെഞ്ചുഴിയലും കഴിഞ്ഞ് അദ്ദേഹം കട്ടന്‍ചായ ചുണ്ടിനോടടുപ്പിക്കുന്നത് നോക്കിനിന്ന് സംതൃപ്തിയോടെ ഭാര്യ മുറിവിട്ടു. കട്ടന്‍ചായ ഒരിറക്ക് കുടിച്ച് തുടര്‍ന്ന് സംസാരിക്കാനുള്ള ശക്തി സംഭരിച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു:
''ആ പുസ്തകങ്ങളെപ്പറ്റി കേട്ടപ്പോള്‍ എന്റെ മനസ്സൊന്ന് പിടഞ്ഞു. എന്റെ യൗവനത്തില്‍ ആ പുസ്തകങ്ങള്‍ തേടി വന്ന വായനക്കാരെയും അവരുടെ സംഭാഷണങ്ങളും ഓർമയില്‍ വന്നു. അന്ന് ഒന്നിനും ഇന്നത്തയത്ര വേഗമില്ലായിരുന്നു, അല്ലേ? അന്ന് ആളുകള്‍ക്ക് പുസ്തകം വായിക്കാനും ഒന്നിച്ചിരുന്ന് സംസാരിക്കാനും സമയമുണ്ടായിരുന്നു. ചില പുസ്തകങ്ങള്‍ വായിച്ച് മനോഹരമായ ഒരു ലോകം അവര്‍ സ്വപ്നം കണ്ടിരുന്നു. നമ്മുടെ രാജ്യത്തിന്റെ പോക്ക് ശരിയല്ല എന്ന് പരാതി പറഞ്ഞിരുന്നു. സത്യത്തില്‍ നമ്മുടെ ലൈബ്രറി വെറും പുസ്തകങ്ങള്‍ അടുക്കിെവച്ച മുറി മാത്രമായിരുന്നോ? അല്ല. എഴുപതില്‍ അത് സ്ഥാപിച്ചത് മുതല്‍ എത്ര പേര് അതിലെ പുസ്തകങ്ങള്‍ കൈയിലെടുത്ത് വായിച്ചു. എത്രപേര്‍ അവിടെ കയറിയിറങ്ങി. അവര്‍ പിന്നീട് എന്തൊക്കെയായി മാറി. ഈ ലോകത്തിന് എന്തെങ്കിലും ചെറുത്, ഒരു തുള്ളി നന്മയെങ്കിലും പകരാന്‍ അവരിലോരോരുത്തര്‍ക്കും സാധിച്ചിട്ടില്ലേ? നമ്മുടെ ഈ കൊച്ചു ഗ്രാമത്തിന്റെ കഴിഞ്ഞ അമ്പത് വര്‍ഷത്തെ ചരിത്രത്തിന്റെ തടി ജ്വാലാ ലൈബ്രറി തന്നെയായിരിക്കില്ലേ? അതിന്റെ വേരുകള്‍ ഈ ഗ്രാമം മുഴുവന്‍ പടര്‍ന്ന് കിടക്കുന്നുണ്ട്. ആ തടിയാണ് ഇന്നലെ കത്തിപ്പോയത്.''
അദ്ദേഹം വിങ്ങിപ്പൊട്ടി. ഭൂതകാലത്തെ മായ്ച്ചുകളയാന്‍ ഹിറ്റ്ലറിെന്റ കാലത്ത് ഒരു കൂട്ടം നാസി അനുകൂലികളായ വിദ്യാർഥികള്‍ കിട്ടാവുന്നത്ര പുസ്തകങ്ങളുമായി ബര്‍ലിനിലെ ഒരു ചത്വരത്തില്‍ ഒത്തുകൂടി അവ കത്തിക്കുന്ന പഴയൊരു ചിത്രമാണ് എന്റെ മനസ്സിലേക്ക് വന്നത്. നാൽപതിനായിരത്തോളം വരുന്ന ആള്‍ക്കൂട്ടം ജൂത എഴുത്തുകാരുടേയും ജൂതര്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ ഭൂതകാലം പേറുന്നവയുമായ പുസ്തകങ്ങള്‍ കൂട്ടിയിട്ട് തീയിട്ടു. ലൈബ്രറികളും പുസ്തകശാലകളും ഈ കർമത്തിന് വേണ്ടി കൊള്ളചെയ്തു. ബര്ലിനിലേതുപോലെ ഒമ്പതോളം സ്ഥലങ്ങളില്‍ ഈ ചടങ്ങ് നടന്നു. ഇന്ത്യയില്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ ബക്തിയാര്‍ ഖില്‍ജി നയിച്ച തുര്‍ക്കി സംഘം നളന്ദയിലെ ലൈബ്രറി തീയിട്ട് ചരിത്രത്തിനെ അഗ്നിയില്‍ ഹോമിച്ചപ്പോള്‍ മാസങ്ങളെടുത്താണ് അത് കത്തിത്തീര്ന്നതത്രേ. അതുമായി നോക്കുമ്പോള്‍ ജ്വാലാ ലൈബ്രറി ഫയര്‍ഫോഴ്സുകാര്‍ക്ക് വന്നെത്താനുള്ള സമയംപോലും കൊടുക്കാതെ അഗ്നിക്ക് മുന്നില്‍ തോറ്റുകൊടുത്തു. ജർമനിയിലേതുപോലെ ഒരാള്‍ക്കൂട്ടത്തിന് നശിപ്പിക്കാനുള്ള ചരിത്രമോ നളന്ദയിലേതുപോലെ തീയിട്ട് തീര്‍ക്കാവുന്ന സമ്പത്തോ ഇല്ലാതിരുന്നിട്ടും ജ്വാലാ ലൈബ്രറി അഗ്നിയിലമര്‍ന്നു. കത്തിത്തീരാത്ത ചരിത്രമായ അബൂബക്കറിനെപ്പോലുള്ളവര് ചലനരഹിതരായി നിസ്സഹായരായി എല്ലാം കാണുന്നു.
കണ്ണുകള്‍ തുടച്ച് അയാള്‍ കുറച്ചുനേരം പൊടിപിടിച്ച് വൃത്തികേടായ ജനല്‍പ്പാളിയുടെ വിടവിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. പിന്നെ സംഭാഷണം തുടര്‍ന്നു.
''ചിന്തകള്‍ വല്ലാതെ തെന്നിപ്പോകുന്നു. ഞാന്‍ ആ പെണ്കുട്ടിയെപ്പറ്റിയാണല്ലോ പറഞ്ഞു വന്നത്. ആ ചെറുപ്പക്കാരന് മരിക്കുന്നതിന്റെ ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് അവളെ ഫോണില്‍ വിളിച്ചിരുന്നത്രേ. ഞാന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അഥവാ അങ്ങനെയൊരു വാര്‍ത്ത കേട്ടാല്‍ അത് വിശ്വസിക്കരുത് എന്ന് അവന് പറഞ്ഞു. നിന്നോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്. എന്റെ ഒരു ഡയറി ഞാന്‍ ജ്വാലാ ലൈബ്രറിയിലെ പുസ്തകങ്ങള്‍ക്കിടയില്‍ െവച്ചിട്ടുണ്ട്. ഞാന്‍ ഏത് തരം പുസ്തകങ്ങള്ക്കിടയിലാവും െവച്ചത് എന്ന് നിനക്ക് കണ്ടെത്താനാവും. നീയത് പുറംലോകത്തോട് പറയണം. എനിക്ക് അത് അവിടെ ഉപേക്ഷിക്കേണ്ടി വന്നു. മറക്കരുത്. ജ്വാലാ ലൈബ്രറി. കൂടെ സ്ഥലവും പറഞ്ഞു. അവന് പേടിക്കുന്ന ആരോ അടുത്തുണ്ട് എന്നതുപോലെയാണത്രേ അപ്പോള്‍ ഫോണില്‍ സംസാരിച്ചത്. അവന് ഉടനെ ഫോണ്‍ കട്ടു ചെയ്യുകയും ചെയ്തു. ഇന്നലെ രാത്രി അവന്റെ മരണവാര്‍ത്തയും വന്നു. അവനെ ആരോ കൊന്നതാണ്. എന്തിന് കൊന്നു എന്നെനിക്കറിയില്ല. നമ്മുടെ ലൈബ്രറിയില്‍ ആ ഡയറി ഉണ്ടായിരുന്നു. ലൈബ്രറിക്ക് തീ പിടിച്ച കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ അത് അറിഞ്ഞമട്ടില്‍ നിസ്സംഗതയോടെ അവളിരുന്നു. കുറച്ചുനേരം ഇവിടെയിരുന്ന് എന്തോ ആലോചിച്ച് അവള് തിരിച്ചുപോയി.''
അയാള്‍ പിന്നെയും സംഭാഷണം നിര്‍ത്തി. അപരിചിതനായ ഒരു യുവാവിന്റെ മരണത്തിന്റെ രഹസ്യം കണ്ടെത്താതിരിക്കാന്‍ ആരെങ്കിലും ലൈബ്രറിക്ക് തീയിട്ടതാകുമോ? എങ്കില്‍ ഒരു ഗ്രാമത്തിന്റെ ചരിത്രം അതോടൊപ്പം കത്തിനശിച്ചിരിക്കുന്നു. എഴുതിെവച്ച അക്ഷരങ്ങള്‍ എന്നും ജ്വലിച്ചുകൊണ്ടിരിക്കും. അതില്‍നിന്ന് സത്യം എപ്പോള്‍ വേണമെങ്കിലും പുറത്ത് ചാടിയേക്കും. ലോകത്താകമാനം നശിപ്പിക്കപ്പെട്ട ആയിരക്കണക്കിന് ലൈബ്രറികളിലൊന്നിന്റെ പട്ടികയിലേക്ക് ആരും അറിയാത്ത ഞങ്ങളുടെ ലൈബ്രറിയും കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ആ പെണ്‍കുട്ടിയെ ഒന്ന് കാണാനായെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു.
''ആ കുട്ടിയുടെ എന്തെങ്കിലും വിവരം?''
ഞാന്‍ ചോദിച്ചു.
''ഒന്നും അറിയില്ല. അറിഞ്ഞിട്ടെന്തിനാ? എല്ലാം നശിച്ചുപോയില്ലേ.''
ഞാന്‍ അപ്പോള്‍തന്നെ അവിടം വിട്ടു. ഒരു പക്ഷേ ആ ചെറുപ്പക്കാരന്റെ ഡയറി അവശേഷിക്കുന്ന പുസ്തകങ്ങള്ക്കിടയിലെവിടെ നിന്നെങ്കിലും കണ്ടെടുക്കാന്‍ സാധിച്ചെങ്കിലോ എന്ന പ്രതീക്ഷയോടെ ഞാന്‍ ലൈബ്രറിയിലേക്ക് നടന്നു.
സമയം വൈകുന്നേരമായിരുന്നു. ലൈബ്രറി തുറന്ന് പ്രവര്‍ത്തിക്കുന്ന സമയം. പകരം അതിന്റെ വാതിലുകളും ജനലുകളും എല്ലാ നേരത്തേക്കുമായി തുറന്നിട്ടിരിക്കുന്നു. അത് കണ്ടപ്പോള്‍ രാത്രി കണ്ടതിനേക്കാള്‍ ഭയാനകമായി തോന്നി. പാതി കത്തിയ പുസ്തകങ്ങള്‍ ചാരങ്ങള്‍ക്കിടയില്‍ കിടക്കുന്നു. ഞങ്ങള്‍ തുടച്ച് വൃത്തിയാക്കി വെക്കാറുള്ള ഷെല്‍ഫുകള്‍ക്കും അലമാരകൾക്കും ചൂടുകൊണ്ട് രൂപം നഷ്ടപ്പെട്ടിരിക്കുന്നു. ഒടിഞ്ഞും വളഞ്ഞും കിടക്കുന്ന ഷെല്‍ഫുകളില്‍നിന്ന് പുസ്തകങ്ങള്‍ ഇറങ്ങിയോടാന്‍ ശ്രമിച്ച് പരാജയപ്പെട്ട ജീവികളെപ്പോലെ തലങ്ങും വിലങ്ങും കിടക്കുന്നു. ഫയര്‍ഫോഴ്സുകാരുടെ വെള്ളം ചീറ്റല്‍ കാരണം അവിടമാകെ നനഞ്ഞിരുന്നു. എനിക്ക് കെട്ടിടത്തിനുള്ളിലേക്ക് കടന്ന് പുസ്തകങ്ങള്‍ പരതി ചെറുപ്പക്കാരന്റെ ഡയറി കണ്ടെടുക്കണമെന്നുണ്ടായിരുന്നു. പേക്ഷ പ്രസിഡന്റ് രാഘവന് മാഷും മാഷിന്റെ സമപ്രായക്കാരായ മജീദ് മാഷും സേതുവേട്ടനും അവിടെ നില്ക്കുന്നുണ്ടായിരുന്നു. അവര്‍ എന്നെക്കണ്ടപ്പോള്‍ അടുത്തേക്ക് വന്നു.
''ഇങ്ങനെയൊരു പ്രശ്നമുണ്ടാകുമ്പോള്‍ ഇതാണോ ചെയ്യേണ്ടത് വിശ്വാ. തീ കണ്ട ഉടനെ ഫയര്‍ഫോഴ്സിനെ വിളിക്കാനുള്ള ബുദ്ധിപോലും താന്‍ കാണിച്ചില്ലല്ലോ?''
രാഘവന് മാഷ് കുറ്റപ്പെടുത്തിക്കൊണ്ട് ചോദിച്ചു. അടുത്ത് കിട്ടിയാല്‍ ഉപദേശിക്കുന്ന മാഷുമാരുടെ ഈ ശീലം എനിക്ക് പണ്ടേ ഇഷ്ടമല്ല. പക്ഷേ പ്രായംകൊണ്ടും ലൈബ്രറിയുടെ പ്രസിഡന്റായതുകൊണ്ടും ഞാന്‍ കുറ്റം സമ്മതിച്ചുകൊണ്ടു പറഞ്ഞു:
''ഇതൊന്നും താങ്ങാന്‍ എനിക്ക് പറ്റില്ല മാഷേ.''
''നിങ്ങളെപ്പോലുള്ള ചെറുപ്പക്കാര്‍ ഇങ്ങനെ പറഞ്ഞാല്‍ ഞങ്ങളൊക്കെ എന്ത് ചെയ്യും?''
രാഘവന് മാഷ് ചോദിച്ചു. എനിക്ക് അമ്പത് വയസ്സായെങ്കിലും പ്രായത്തില്‍ കുറഞ്ഞവരെല്ലാം മാഷിന് ചെറുപ്പക്കാരാണ്.
''സാരമില്ല. വേണ്ടതൊക്കെ ഞങ്ങള്‍ ചെയ്തു. പോലീസ് പറയുന്നത് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപ്പിടുത്തമുണ്ടായത് എന്നാണ്. അവര്‍ അന്വേഷിക്കുന്നുണ്ട്. നമ്മള് ഇനി ആലോചിക്കേണ്ടത് ലൈബ്രറി ഇനിയെന്ത് ചെയ്യണം എന്നാണ്. അതിനൊരു മീറ്റിങ്ങ് വെക്കണം.'' മാഷ് തുടര്‍ന്നു.
ഞാന്‍ ശരിയെന്ന മട്ടില്‍ തലയാട്ടി.
''ഡിജിറ്റല്‍ പുസ്തകങ്ങളുടെ കാലത്ത് ഇങ്ങനെയൊരു ലൈബ്രറി ഇനിയും കെട്ടിപ്പൊക്കിയിട്ട് എന്തിനാ മാഷേ? ഇനിയും ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ തീ പിടിക്കാനോ?''
ലൈബ്രറിയുടെ എതിര്‍വശത്തുള്ള എല്ലാ കൊല്ലവും വാര്‍ഷികാഘോഷം നടത്താനും കാരംസും ചെസ്സും കളിക്കാനും ചീട്ടുകളിക്കാനുമായി മാത്രം നിലനില്‍ക്കുന്ന പ്രാദേശിക ക്ലബിലേക്ക് നടക്കുന്നതിനിടക്ക് മജീദ് ചോദിച്ചു.
''അതല്ല മജീദേ. ഇത് നമ്മുടെ അഭിമാനപ്രശ്നമാണ്. പോലീസ് ഷോര്‍ട് സര്‍ക്യൂട്ടാണെന്ന് പറയുന്നത് ഇനിയും പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ്. ഈ ലൈബ്രറിയും ഇതിനോടനുബന്ധിച്ച് വളരുന്ന സാംസ്കാരിക മണ്ഡലവും ചിലര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. അവരിലാരോ ആണ് തീയിട്ടത് എന്നാണ് നമ്മുടെ ഒരു വിലയിരുത്തല്‍. അവര്‍ക്ക് മുന്നില്‍ തോറ്റ് കൊടുക്കാന്‍ പറ്റില്ല. ഇന്നലെ മംഗലാപുരത്ത് കൊല്ലപ്പെട്ട പയ്യന് കഴിഞ്ഞ ദിവസം ഇവിടെ വന്നിരുന്നു എന്നും അവനെ ചിലര്‍ ബലം പ്രയോഗിച്ച് ഇവിടുന്ന് കൊണ്ടുപോയി എന്നും കേള്‍വിയുണ്ട്. ഉറപ്പില്ലാത്ത രഹസ്യമാണ്. അവരുടെ ഇടപെടലുണ്ട് എന്നാണ് നമ്മുടെ ഒരു കണക്കുകൂട്ടല്‍. എന്തായാലും പഴയ ലൈബ്രറിയുടെ സ്ഥലത്ത് പുതിയതൊന്ന് സ്ഥാപിച്ചേ പറ്റൂ.''
ഡിജിറ്റല്‍ ലൈബ്രറി ഭൗതികമായ ഈ കെട്ടിടത്തിനും അതിന്റെ വളമൂറ്റിവളരുന്ന സമൂഹത്തിനും പകരമാവില്ല എന്നതായിരുന്നു എന്റെ ചിന്ത. ലോകത്താകമാനം ചിതറിക്കിടക്കുന്ന സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള കല്‍ഫലകങ്ങളും താളിയോലകളും പാപ്പിറസും കടലാസുകളിലുമായി കാലങ്ങളെ അതിജീവിച്ച ലൈബ്രറികളെ തോല്‍പ്പിക്കാന്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യക്ക് സാധ്യമല്ല. ഏതൊക്കെയോ സെര്‍വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന നിരന്തരം വൈദ്യുതി ആവശ്യമുള്ള ഡിജിറ്റല്‍ ലൈബ്രറികള്‍ ഒരു ദിവസം അപ്രത്യക്ഷമാവില്ല എന്ന് ആരു കണ്ടു? ലോകത്തെ നൂറുകണക്കിന് അധികാരകേന്ദ്രങ്ങള്‍ പൂര്‍വചരിത്രം അവശേഷിക്കാതിരിക്കാന്‍ ലൈബ്രറികളും പുസ്തകങ്ങളും നശിപ്പിച്ചിട്ടും കാലത്തിന് മുന്നില്‍ പലതും അവശേഷിച്ചത് ഭൗതികഗുണങ്ങളുള്ള വസ്തുക്കളില്‍ രേഖപ്പെടുത്തിയതുകൊണ്ടു മാത്രമാണ്. ഏതെങ്കിലും ഒരു അധികാരകേന്ദ്രം കേന്ദ്രീകൃത സെര്‍വറുകളെ കീഴ്പ്പെടുത്തിക്കൂടായ്കയില്ല. നിർമിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സോഫ്റ്റ്വെയർ എല്ലാ അറിവും നശിപ്പിച്ചുകൂടായ്കയില്ല. അപ്പോഴും ഇത്തരം ലൈബ്രറികള്‍ മാത്രമേ അവശേഷിക്കുകയൂള്ളൂ.
''വിശ്വനെന്താ ഒന്നും പറയാത്തത്?''
എന്റെ ചിന്തകളെ തടസ്സപ്പെടുത്തിക്കൊണ്ട് രാഘവന് മാഷ് ചോദിച്ചു. കാരംസ് ബോര്‍ഡില്‍ നിന്ന് പറന്നുവീണ ബോറിക് ആസിഡ് പൊടി തട്ടിക്കളഞ്ഞ് ഞങ്ങള്‍ നാല് കസേരകള്‍ നീക്കിയിട്ടു. ഒരു സമചതുരാകൃതിയില്‍ കസേരകള്‍ ഒരു മൂലക്കിട്ടു.
''പോയത് പോയി. അതിനേക്കാള്‍ കൂടുതല്‍ പുസ്തകങ്ങള്‍ ശേഖരിച്ച്, കെട്ടിടം വൃത്തിയാക്കി നമുക്ക് ജ്വാലാ ലൈബ്രറിയെ പുതുക്കിപ്പണിയണം. അതിന് വേണ്ടിയുള്ള ഒരു മീറ്റിങ് നാളെ ചേരണം. എന്തൊക്കെ ചെയ്യണം എന്ന് അവിടെ െവച്ച് ആലോചിക്കാം.''
മാഷുടെ ആശയത്തിനോട് മജീദും സേതുവും ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി. അവര്‍ പറയുന്നത് ശരിയാണ്. ഭാവിതലമുറക്കു വേണ്ടി ലൈബ്രറി പുനഃസ്ഥാപിക്കേണ്ടിയിരിക്കുന്നു. പക്ഷേ എന്റെ മനസ്സിലാകെ ഭൂതകാലമായിരുന്നു. വിദൂരഭൂതകാലത്തില്‍ പുതിയ ലോകം സ്വപ്നം കണ്ട് സാഹിത്യം വായിക്കുകയും പഠിച്ചുകൊണ്ടിരുന്ന ഒരു തലമുറയില്‍ നിന്ന് പുസ്തകങ്ങള്‍ വായിക്കുന്നതുകൊണ്ട് എന്ത് മെച്ചം എന്ന് ആലോചിക്കുന്നവരിലേക്കുള്ള സാംസ്കാരിക പരിണാമത്തിന്റെ ചരിത്രം കത്തിനശിച്ചിരിക്കുന്നു. ഏതോ ഒരു യുവാവ് എന്തിനൊക്കെയോ വേണ്ടി നിലകൊണ്ടതുകൊണ്ട് തീവണ്ടിപ്പാളത്തില്‍ കിടന്ന് ചിതറിപ്പോയിരിക്കുന്നു. അവനെന്താണ് ചിന്തിച്ചത് എന്ന് എനിക്കറിയേണ്ടിയിരിക്കുന്നു. എന്റെ മനസ്സ് മുഴുവന്‍ ലൈബ്രറിയിലെ കത്താതെ കിടക്കാനിടയുള്ള ആ ഡയറിയിലായിരുന്നു. അവന്റെ ജീവനഷ്ടത്തിന്റെ രഹസ്യം മുഴുവന്‍ ഈ ലൈബ്രറിയിലുണ്ട്. ഒരുപക്ഷേ ഈ ലൈബ്രറിക്ക് താങ്ങാവുന്നതിലും വലിയൊരു രഹസ്യമായിരിക്കാമത്.
''മാഷേ, ഞാനൊന്ന് ലൈബ്രറിയില്‍ പോയി നോക്കട്ടെ.''
അതും പറഞ്ഞ് ഞാന്‍ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. തീപിടിത്തത്തിന്റെ ഷോക്ക് അവനില്‍നിന്ന് ഇപ്പോഴും വിട്ടുപോയിട്ടില്ലെന്ന് തോന്നുന്നു. രാഘവന്മാഷ് ശബ്ദം താഴ്ത്തി മറ്റുള്ളവരോട് പറഞ്ഞു. ഞാന്‍ അത് കേള്‍ക്കാത്തമട്ടില്‍ പുറത്തിറങ്ങി.
വെള്ളവും കരിയും കൂടിച്ചേര്‍ന്ന് ചളിപ്പരുവമായ കടലാസുകള്ക്കിടയിലൂടെ ഞാന്‍ നടന്നു. എല്ലാറ്റിന്റെയും ക്രമം നഷ്ടപ്പെട്ടിരിക്കുന്നു. പുസ്തകങ്ങള്‍ സ്വയം അലറിവിളിച്ച് ഓടിയമട്ടില് ആകെ അലങ്കോലമായിരിക്കുന്നു. ആ പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് ഇഷ്യൂ നിര്‍ത്തിയ പഴയ പുസ്തകങ്ങള്‍ക്കിടയില്‍ പഴയ സോവിയറ്റ് പ്രസിദ്ധീകരണങ്ങള്‍ക്കിടയില്‍ എവിടെയെങ്കിലും ആയിരിക്കും ആ ചെറുപ്പക്കാരന്റെ ഡയറി ഒളിപ്പിച്ച് െവച്ചത്. ആ ഭാഗം ലൈബ്രറിയുടെ പിന്‍ഭാഗത്തെ ജനലിനടുത്തായിരുന്നു. ആ ഭാഗത്തുനിന്നാവണം ആക്രമികള്‍ തീ കൊടുത്തത്. മാത്രമല്ല അവ തീപ്പൊരി കണ്ടാല്‍ കത്തിപ്പിടിക്കാന്‍ നില്ക്കുന്ന വരണ്ട വൃക്ഷങ്ങളെപ്പോലെയായിരുന്നു. പെട്ടെന്ന് തന്നെ കത്തിപ്പിടിച്ചു കാണും. ചാരം ചെറുതായി ഇളക്കി നോക്കി. കെട്ടഴിഞ്ഞ പുസ്തകങ്ങളായതിനാല്‍ മുഴുവനായി കത്തിപ്പോയിരുന്നു. ഞാനത് ശ്രദ്ധാപൂര്‍വം ഇളക്കിനോക്കി. അതിനിടയില്‍ കത്തിയുരുകിയ ലെതർ ജാക്കറ്റുള്ള ഒരു പുസ്തകം കണ്ടു. ഞാനത് കുനിഞ്ഞ് കൈയിലെടുത്തു. അത് ആകെ ഉരുകി ഒട്ടിയിരിക്കുന്നു. അതിലെ പേജുകള്‍ പൂർണമായും കത്തിപ്പോയിരുന്നു. ഞാന്‍ ലെതർ ജാക്കറ്റിന്റെ പുറംഭാഗം ഇളക്കിനോക്കി. കരികള്ക്കിടയില് കഷ്ടിച്ച് വായിക്കാവുന്ന ഒരു വരി മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. അതും ഡയറിയുടെ അവസാനപേജില്‍.
എങ്കിലും എനിക്ക് മനുഷ്യനില്‍ വിശ്വാസമുണ്ട്; പ്രതീക്ഷയും.
അതിന്റെ മുന്‍പേജുകളില്‍ പ്രതീക്ഷയെ തല്ലിക്കെടുത്തിയ, വിശ്വാസരഹിതമായ യാഥാർഥ്യങ്ങള്‍ നിറഞ്ഞ ഇരുട്ടിനെപ്പറ്റി അവന് എന്തൊക്കെയോ എഴുതിയിട്ടുണ്ടാകും. അതൊന്നും വേര്‍തിരിച്ചെടുക്കാനോ വായിച്ചുനോക്കാനോ പറ്റിയിട്ടില്ല. ഒരുപക്ഷേ മനുഷ്യനില്‍ പ്രതീക്ഷയും വിശ്വാസവുമുള്ള ആളുകളെ കാത്തിരിക്കുന്ന വിധിതന്നെയാണോ അവനെ തട്ടിയെടുത്തത്. ആര്‍ക്കറിയാം. ഞാന്‍ ആ പുസ്തകം ശ്രദ്ധാപൂർവം മറിച്ചുകൊണ്ടിരുന്നു. വാക്കുകള്‍ തീ തട്ടി കരിഞ്ഞുപോയിരിക്കുന്നു. എങ്കിലും ഞാന്‍ കത്തിക്കരിഞ്ഞ കടലാസിലെ അക്ഷരപ്പാടുകള്‍ നോക്കി. സൂക്ഷിച്ചു നോക്കുന്തോറും എനിക്ക് തല കറങ്ങുന്നതുപോലെ തോന്നി. തലേന്ന് രാത്രി ഒരു സ്വപ്നത്തിനിടയില്‍ ടെലിഫോണ്‍ ബെല്ലടിച്ച് അത് യാഥാർഥ്യമായതിന് വിരുദ്ധമായി അപ്പോള്‍ ഞാനൊരു സ്വപ്നത്തിലേക്ക് കയറിപ്പോവുകയായിരുന്നു.