വേട്ട -കഥ വായിക്കാം
മുള കീറുന്നതുപോലൊരു കരച്ചിൽ കാറ്റിൽ ഇറങ്ങി വന്നപാടെ എബ്രഹാം കുന്നുകയറി. എബ്രഹാമിന് പിറകെ ഓരോ കുടിലിന്റെ വാതിലും ആ ശബ്ദത്തിലേക്ക് തുറക്കപ്പെട്ടു. നോഹയുടെ പെട്ടകത്തിന്റെ പുതിയ പതിപ്പ് കായലു കടന്ന് കടലിനെ തൊടാൻ നേരം സ്വപ്നം തുളച്ചെത്തിയ ആ അലർച്ച പിശാചിന്റേതായിരിക്കുമോ എന്ന് കുഞ്ഞന്നാമ്മ...
Your Subscription Supports Independent Journalism
View Plansമുള കീറുന്നതുപോലൊരു കരച്ചിൽ കാറ്റിൽ ഇറങ്ങി വന്നപാടെ എബ്രഹാം കുന്നുകയറി. എബ്രഹാമിന് പിറകെ ഓരോ കുടിലിന്റെ വാതിലും ആ ശബ്ദത്തിലേക്ക് തുറക്കപ്പെട്ടു.
നോഹയുടെ പെട്ടകത്തിന്റെ പുതിയ പതിപ്പ് കായലു കടന്ന് കടലിനെ തൊടാൻ നേരം സ്വപ്നം തുളച്ചെത്തിയ ആ അലർച്ച പിശാചിന്റേതായിരിക്കുമോ എന്ന് കുഞ്ഞന്നാമ്മ ഭയന്നു.
''ചതിച്ചെന്നാ തോന്നുന്നത്. ദാണ്ടെ, ബംഗ്ലാവിലെ കൊച്ചന്റെ കരച്ചില്'' കേട്ടെന്ന് മുഴുമിപ്പിക്കാനാവാതെ കുഞ്ഞന്നാമ്മ തോമാച്ചന്റെ പുതപ്പുമാറ്റി.
കേട്ടതത്രയും തലക്കകത്തോട്ടെടുക്കാതെ കോട്ടുവായ്ക്കുള്ളിലിട്ട് ഞെരിച്ച് തോമാച്ചൻ കളരിയഭ്യാസിയുടെ വഴക്കത്തോടെ വീണ്ടും കമഴ്ന്നു.
വാ പിളർന്ന തോമാച്ചനെ തലേന്നത്തെ ബീഡിപ്പുക നാറിയപ്പൊ കുഞ്ഞന്നാമ്മ അവിടെനിന്ന് എണീറ്റ് അടുക്കളവശത്തേക്ക് പോവാനൊരുങ്ങി. കരച്ചിലിന് പിറകെ വന്ന നിലവിളി ഒറ്റക്കുഴലേന്നല്ലെന്ന് തീർച്ചപ്പെടുത്തിയ നിമിഷം കുഞ്ഞന്നാമ്മ വിറച്ചു.
''ന്റെ പൊന്ന് തോമാച്ചാ, ഫ്രാൻസിസു പുണ്യാളനെ ഓർത്ത്, ഒന്ന് പോയി നോക്കിയേച്ചും വാ!''
എബ്രഹാം, വേലിപ്പത്തല് മാറ്റാൻ നിൽക്കാതെ ചാടിയതിനാൽ പൊടിഞ്ഞ ചോര ഒരു വെള്ളപ്പൂവേൽ നീറിക്കിടന്നു.
പുലരിത്തണുപ്പിൽ ഇണചേർന്ന് നൃത്തംവെക്കുകയായിരുന്ന പാമ്പുകൾ വഴിപിരിഞ്ഞു. റബർമരത്തിന്റെ മുട്ടുകാലിൽ കുത്തിവെച്ച ചിരട്ടകൾ പാല് കാത്തുകിടന്നു. റബർ പൂവിന്റെ അവിഞ്ഞ ഗന്ധം അവിടമാകെ പരന്നു. അതിർത്തിയിട്ടുപോന്ന കൈതകൾ വിളഞ്ഞിരുന്നു. പുറത്തേക്കിറങ്ങാൻ തുടങ്ങിയ കിളികൾ കൂട്ടിലേക്ക് മടങ്ങി.
ഇപ്പൊ മാത്തച്ചനും ആ കരച്ചിൽ കേട്ടു. ഉറക്കത്തിൽനിന്ന് ജീവിതത്തിലേക്ക് എടുത്തുചാടി -തെന്നിക്കിടന്നിരുന്ന മുണ്ട് വക്കും വാക്കും നോക്കാതെ ചുറ്റി- അയാൾ ബംഗ്ലാവിലേക്ക് പോവാനൊരുങ്ങി.
''കർത്താവേ മിഖായേല്! കൊച്ചനെങ്ങിനെ? ഇന്നലെ കൂടി ലിസാമ്മയെ പള്ളിയിൽ വച്ച് കണ്ടതാന്നല്ലോ? കൊച്ച് വരണ കാര്യവൊന്നും പറഞ്ഞില്ലല്ലോ!''
''പല്ല് തേച്ചിട്ട് പോ മനുഷ്യാ! ഇടവകക്കാരൊക്കെ കാണുകേലെ?'' കുഞ്ഞന്നാമ്മ പിന്നാക്കം വിളിച്ചു. പത്തര സെന്റിന്റെ അറ്റത്തോട്ട് മൂന്ന് ചുവടളന്നെത്തിയ തോമാച്ചന്റെ കാതിൽ ആ കരച്ചിൽ മാത്രം ഇടറിനിന്നു.
എബ്രഹാം കാട് പിടിച്ചുകിടക്കുന്ന റബർ തോട്ടത്തിലൂടെ ഓടി. നനവ് കുടിച്ചിടത്തേക്ക് കടക്കെ കാല് തെന്നി. ജീവിതംതന്നെ അങ്ങനെയൊരു തെന്നിവീഴ്ചയാണെന്ന ലാഘവത്തിൽ അവൻ എഴുന്നേറ്റു. വാറ് പൊട്ടിയ ഹവായി ചെരുപ്പെടുത്ത് കുപ്പായത്തിന്റെ അറ്റം തിരുകി വലിച്ച് നേരെയാക്കി എബ്രഹാം ആ ശബ്ദത്തിലേക്ക് കുതിച്ചു.
മഞ്ഞെന്നു വിളിക്കപ്പെടുകയും ജലമായ് കിടക്കുകയും ചെയ്ത തണുപ്പ് തെളിഞ്ഞുവരുന്ന സൂര്യനെ ദണ്ണം മറച്ചുപിടിച്ച് പകയോടെ നോക്കി. ചിരിയെന്നു തെറ്റിദ്ധരിച്ചേക്കാവുന്ന ആ പകലിന്റെ തുടക്കത്തിൽ പൊന്തകൾ കുതിർന്നും തിളങ്ങിയും കിടന്നു.
കുന്നിന്റെ കരിമ്പാറക്കൂട്ടത്തിനരികിൽവെച്ച് എബ്രഹാമിനെ കടന്ന് തോമാച്ചൻ കുതിച്ചു. നെഞ്ചിനകത്ത് വായു ബ്യൂഗിൾ വായിക്കാൻ തുടങ്ങിയപ്പൊ തോമാച്ചൻ നിന്നു.
കുന്നെന്ന് അതിനെ തീർത്ത് വിളിക്കാനാവില്ല. താഴത്ത് തകർന്ന് കിടക്കുന്ന മണ്ണ് ആകാശം വരക്കാൻ പെൻസിൽ കൂർപ്പിച്ച് പിടിച്ചതാണെന്നേ തോന്നൂ. തേഞ്ഞലിഞ്ഞുപോയൊരു കുറ്റിപ്പെൻസിൽ മാത്രമാണ് കുന്നിപ്പോൾ.
''എന്നതാടാ എബ്രഹാമെ ഒരു കരച്ചിൽ കേട്ടെ? കൊച്ചന്റെയാന്നോ?'' കാറ്റ് റബറുംകാടിനെ പിടിച്ചുലച്ച മാതിരി അയാളുടെ ശബ്ദം പതറി.
കാണുന്ന സകലതിലും സകലരോടും സംശയം ചോദിച്ചും വായിച്ച കഥ പറഞ്ഞും നടക്കുന്ന മിഖായേലിനെ ഇടവകേല് എല്ലാവരും വിളിക്കണത് കൊച്ചെന്നാണ്.
''ശബ്ദം അവന്റെതന്നെ. പക്ഷേ അവനെങ്ങനെ ഈ നേരത്ത് ബംഗ്ലാവേൽ എത്തും തോമാച്ചേട്ടാ?''
അകലെയായി മേപ്പത്ത് ബംഗ്ലാവിന്റെ രണ്ടാം നിലയുടെ അറ്റം അവർക്ക് കാണാം. തൊട്ടടുത്തു നിൽക്കുന്ന പള്ളിയുടെ കുരിശ് അരണ്ടമട്ടിൽ നിൽപ്പുണ്ട്. കുരിശിന്റെ ഇരുകൈകളും മേൽപ്പോട്ട് വളയാൻ തുടങ്ങുന്നതിന്റെ നിറമാറ്റമുണ്ടായിരുന്നു ആ കാഴ്ചക്ക്. സൂക്ഷ്മമായി നോക്കിയാൽ കാലംതെറ്റി മഴയും വെയിലും മാറിമാറി കൊണ്ടതിന്റെ മൂർച്ച അതിന്റെ അലിഞ്ഞ കൈകളിൽ കാണാം.
''ചാടിയതാവുമോടാ ഉവ്വേ?'' മറുപടിക്ക് കാക്കാതെ തോമാച്ചൻ കുതിച്ചു.
വായനകൊണ്ട് ചങ്ങാതിമാരായവരാണ്. പള്ളിവക കോളജിന്റെ ഗ്രന്ഥശാല ഞായറൊഴികെയുള്ള എല്ലാ ദിവസവും മിഖായേലും എബ്രഹാമും ഒരുമിച്ചനുഭവിച്ചു.
''എന്നതാടാ ഉവ്വെ വായിക്കുന്നില്ല്യോ? ഒറങ്ങാനാന്നേ വീട്ടിലോട്ട് പോവരുതോ?''
മിഖായേൽ ഉറക്കത്തിൽനിന്ന് തട്ടിവിളിച്ചു. എബ്രഹാം മേശമേൽ തലവെച്ച് മയങ്ങുകയാണ്. അവന്റെ തലക്കരികിലായ് മലർത്തിവെച്ച പുസ്തകത്തിന്റെ പേജുകൾ ഫാനിന്റെ സാന്നിധ്യം അറിയിച്ചുകൊണ്ട് നൃത്തം ചെയ്തു.
''ഓ! എന്നതാന്ന് അറിയാന്മേല ഒറങ്ങിപ്പോയെടാ, കാലത്ത് നാലിന് തുടങ്ങിയ അധ്വാനമല്ല്യോ. ടാപ്പിങ്ങിന് പോയി വന്നാ പശുവിനെ കറക്കണം. അതും കഴിഞ്ഞ് സൊസൈറ്റിയിൽ ചെന്നാപ്പിന്നെ ക്യൂവായിരിക്കും. ആ നേരത്താ പത്രമൊന്ന് ഓടിച്ച് നോക്കുന്നെ.''
''പ്രാപിക്കുംപോലൊരു ലഹരിയാടാ വായന. അതെല്ലാവർക്കും ഒതകത്തില്ല. കർത്താവ് മെഴുകുതിരി കത്തിച്ചേച്ച് പോയത് നീയായിട്ട് ഊതിക്കെടുത്തല്ലേ.'' മിഖായേൽ കണ്ണിൽ ചിരി കരുതിക്കൊണ്ട് എബ്രഹാമിനരികിലായ് ഇരുന്നു.
കരിയൊലിച്ചിറങ്ങുന്ന മാതിരി മഴപെയ്യുന്ന വെള്ളിയാഴ്ചയുടെ ഉച്ചനേരം നോക്കി എബ്രഹാം കോണികയറി. കോളജിന്റെ രണ്ടാം നിലയിലെ ഇടനാഴിയിലൂടെ നടക്കുമ്പൊ തോളിൽ കൈവീണു.
മിഖായേൽ അന്നൽപം ഗൗരവത്തിലായിരുന്നു. അവന്റെ മന്ദാരപ്പൂവുപോലെ വെളുത്ത മുഖത്ത് നിഴൽ പടർന്നു. ചെമ്പിച്ച മീശരോമങ്ങൾ തളർന്നുകിടന്നു. തലമുടിയാകെ കൊടുങ്കാറ്റിൽപെട്ട് തകർന്ന പായക്കപ്പൽപോലുണ്ട്. അവന്റെ ശബ്ദത്തിന്റെ കിതപ്പിൽ ഏതാണ്ട് കാര്യമായ എന്തോ സംഗതി പറയാനുണ്ടെന്ന് തോന്നി എബ്രഹാമിന്.
''എന്നതാ മിഖായലേ, എന്നാ പറ്റി?'' തൂണിൽ ചാരി എബ്രഹാം നിന്നു. ശീതംപറ്റിയ കാറ്റ് മുഖത്ത് പതിക്കുന്ന കാര്യംപോലും മിഖായേലിന്റെ ആ നോട്ടത്തിൽ അവൻ മറന്നു.
''നീ വാ!'' മിഖായേൽ എബ്രഹാമിന്റെ കൈ കടന്ന് പിടിച്ച് ഇടനാഴിയിലൂടെ ഓടി. കോണി കയറി ഗ്രന്ഥശാലയുടെ ഡിസ്കഷൻ കോർണറിൽ എത്തി.
ഞങ്ങളും അസ്വസ്ഥരാണെന്നമട്ടിൽ മേശമേൽ പത്രങ്ങളും മാഗസിനുകളും ചിതറിക്കിടന്നു. അവിടെയൊന്നും ആരുമില്ലല്ലോ എന്ന് നോക്കി എബ്രഹാമിനോട് ഇരിക്കാൻ ആംഗ്യം കാട്ടി.
ലൈബ്രേറിയൻ ശ്രദ്ധിക്കുന്നുണ്ടാവുമോ എന്നായിരുന്നു എബ്രഹാമിന്റെ പേടി.
''എന്നതാടാ കാര്യം? മനുഷ്യനെ കാഫ്ക സ്റ്റൈലിൽ രഹസ്യംകൊണ്ട് മുള്ളേൽ നിർത്താതെ!'' ആകാംക്ഷയോടൊപ്പം ഭയവും എബ്രഹാമിൽ വേനൽക്കൊത്തായി.
''നീ ശ്രദ്ധിച്ച് കേൾക്കണം. കളിയല്ല. ചിരി ഇടയ്ക്കൊക്കെ തലയുടെ താളം തെറ്റിക്കും. മുഴുവൻ കേൾക്കുന്നവരെ ഒന്നും ചോദിച്ചേക്കരുത്. മൂളൽപോലും പറച്ചിലിന്റെ കടയിൽ കൊത്തും.''
''കർത്താവാണേ പുണ്യാളനാണേ ഞാൻ മിണ്ടുകേല.'' ഇനി ഇവനെങ്ങാനും പ്രമാണം വല്ലതും തെറ്റിച്ചോ എന്ന് ഉള്ള് കുശുകുശുത്തപ്പൊഴും വാക്ക് പുറത്തു ചാടാതിരിക്കാൻ എബ്രഹാം ശ്രദ്ധിച്ചു.
മിഖായേൽ ചുറ്റിലും കണ്ണോടിച്ചു. ലൈബ്രേറിയൻ ഗ്രന്ഥശാലയുടെ അങ്ങേ കോണിൽ വായനയിലാണ്. അയാളിനി അത് കഴിയാതെ തലപൊക്കില്ല. അന്നേരം ശ്വാസം എബ്രഹാമിന്റെ കാതിൽ തട്ടാൻമാത്രം അടുത്തേക്ക് അയാൾ ഇരുന്നു.
''ഇന്നലെ ഞാനൊരു സ്വപ്നം കണ്ടെടാ! അതൊരേസമയം എന്നെ അത്ഭുതപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നെടാ. ഞാനിനി പറയാൻ പോവുന്ന കാര്യം നീ വിശ്വസിക്കുകേല. ആരും ഞാനീ പറയുന്നത് കണക്കിൽപോലും കൂട്ടുകേല. എനിക്കതിൽ പരാതിയില്ല. പക്ഷേ എനിക്കത് നിന്നോട് പറയാതിരിക്കാൻമേല.''
''ഇന്നലെ അപ്പാപ്പന്റെ മുറിയിലാ കിടന്നേ.'' മിഖായേൽ തുടർന്നു. എന്റെ മാമോദിസാ ചടങ്ങിന് ഇന്നാട്ടിൽ പങ്കെടുക്കാത്തത് അപ്പാപ്പൻ മാത്രമാണെന്നാ തോമാച്ചേട്ടൻ പറഞ്ഞത്. ദേഷ്യംകൊണ്ടൊന്നുമല്ലല്ലോ. അപ്പാപ്പന് മനസ്സിന് സുഖവില്ലാത്തോണ്ടല്ലേ?''
''അപ്പാപ്പൻ മരിച്ചേൽപ്പിന്നെ ആരും ആ മുറിയിൽ കയറിയിട്ടില്ല. അപ്പാപ്പനെ തളത്തിലോട്ട് ഇറക്കിക്കിടത്താൻ കൊണ്ടുപോയ സമയത്ത് സാക്ഷയിട്ട വാതില് അപ്പൻ പറഞ്ഞിട്ട് തോമാച്ചേട്ടനാ പൂട്ടിയത്.''
''ഇന്നലേം മഴയുണ്ടായിരുന്നല്ലോ. ആ മുറിയിൽ കിടന്ന് വായിക്കണമെന്ന് കരുതിയാ അപ്പനില്ലാത്ത തക്കം നോക്കി താക്കോലെടുത്ത് മുറി തുറന്നത്. അപ്പനും അമ്മച്ചിയുംകൂടെ പെങ്ങളെ കെട്ടിച്ചുവിട്ട ഇടവകയിലെ പെരുന്നാള് കൂടാൻ പോയതായിരുന്നു. അപ്പനും അമ്മച്ചിയും നിർബന്ധിച്ചിട്ടും അളിയൻ ഫോണേൽ വിളിച്ചിട്ടും ഞാൻ പോയില്ല. എനിക്ക് നല്ല സുഖമില്ലെന്നങ്ങ് കാച്ചി. തോമാച്ചേട്ടൻ ഉമ്മറത്ത് വീടിന് കാവലിരുന്നു. ഏദൻ തോട്ടത്തിന് കാവല് നിന്ന മാലാഖയെപ്പോലെ എന്തിനും തയ്യാറെടുത്തുംകൊണ്ടുള്ള നിൽപ്പായിരുന്നെടാ അത്. മൂപ്പരെ റാക്ക് നാറിയപ്പൊ ഞാൻ അകത്തോട്ട് കയറി. ഏറെ കാലം രഹസ്യമായി നിന്ന ആ മുറി എനിക്കപ്പൊ സമ്മതം തന്നപോലെ തോന്നി.''
''മുറി തുറന്ന് ലൈറ്റിട്ടു. പഴയ നാൽപ്പത് വാട്സിന്റെ ഫിലമെന്റ് ബൾബ് രണ്ടെണ്ണം. ഉഷ ഫാൻ കറങ്ങുന്നത് ഹെലികോപ്റ്ററ് താഴത്തൂടെ പോവുന്നപോലുണ്ട്. മുറിയിലെ മേശമേലും ഷെൽഫിലും നിറയെ പുസ്തകങ്ങൾ. എന്റെ കണ്ണങ്ങ് തള്ളിപ്പോയി.'' സംസാരം തുടരെ മിഖായേലിന്റെ കൈവിറയ്ക്കുന്നത് എബ്രഹാം ശ്രദ്ധിച്ചു.
''നീ വർഷങ്ങളോളം ആരും തൊടാത്ത, മിണ്ടാത്ത, കാണാത്ത, മണക്കാത്ത ഒന്നിനെ തൊട്ടിട്ടുണ്ടോ?'' മിഖായേൽ ചോദിച്ചു.
''എന്റെ വിരലുകൾ ഓരോ പുസ്തകത്തെയും തൊട്ടു.''
''ചില പുസ്തകങ്ങൾക്കൊന്നും പുറംചട്ടയില്ലായിരുന്നെടാ. നഗ്നതയിൽ തൊടുമ്പോലുണ്ടായിരുന്ന് അവയിൽ തൊടുമ്പൊ! എന്റെ മൂക്ക് പുറംചട്ടയിലും ഉൾത്താളുകളിലും ഉമ്മവച്ച് മണം പിടിച്ചു. ആ കാഴ്ചയിൽ മതിമറന്ന് എപ്പഴാണ് ഉറങ്ങിയതെന്ന് എത്രയാലോചിച്ചിട്ടും എനിക്ക് പിടുത്തൂം കിട്ടുന്നില്ല.''
''ഉറക്കത്തിൽ നമ്മൾ കാണുന്ന സ്വപ്നങ്ങൾക്ക് ഉണർച്ചയിൽ വ്യക്തത കിട്ടാറുണ്ടോ? പക്ഷേ ഈ സ്വപ്നത്തിന്റെ ഓരോ മുക്കും മൂലയും എനിക്ക് ഇപ്പഴും നല്ല തീർച്ചയാ!''
''ആ സ്വപ്നമാടാ ഉവ്വേ എനിക്ക് നിന്നോട് പറയാനുള്ളത്.''
''ഉറക്കത്തിന്റെ ഏതോ ദ്വീപിൽവച്ച് ഞാനൊരു നോവൽ വായിക്കുന്നു. ഫോറിൻ പുസ്തകത്തിന്റെ മലയാളം പരിഭാഷയാണ്. അതിന്റെ പുറംചട്ടയിൽ കറുപ്പും ചെമപ്പും നീലയും ഇടകലർത്തി വലുതാക്കി എഴുതിയിട്ടുണ്ട്- 'എലിവേട്ട'. അതിന്റെ മഞ്ഞനിറമുള്ള പുറംചട്ടയിൽ ആകെ കറുത്ത കുത്തിവരകൾമാത്രം.
''ഞാൻ ആമുഖം കടന്ന് നോവലിലോട്ട് കയറി.''
''X പട്ടണത്തിൽ എലിശല്യം കൂടുതലായി. കൂടുതലെന്ന് പറഞ്ഞാൽ എലിയെ തട്ടി നടക്കാൻ മേലാത്ത അത്രയും അധികം. ആ പട്ടണത്തെയാകെ എലികൾ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. എലികളുടെ ദേഹം തുളക്കണ നോട്ടം കണ്ട് ആളുകൾ ഭയന്നു. രക്ഷനേടാനായി കണ്ട ഏകമാർഗം തങ്ങളുടെ സങ്കടം നഗരസഭാ അധികൃതരെ അറിയിക്കുകയെന്നതാണ്.''
''പ്രശ്നം നഗരസഭാ ഉദ്യോഗസ്ഥരും സഭാംഗങ്ങളും ആദ്യം പരസ്പരം പറഞ്ഞു. കാരണം ജനം പരാതികൾ അവരോടാണ് വന്നു പറഞ്ഞുകൊണ്ടിരുന്നത്. പല രീതിയിലും പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും ജനങ്ങൾ അടങ്ങിയില്ലെന്നു മാത്രമല്ല. അവർ തെരുവിലൂടെ നഗരസഭക്കെതിരെ ജാഥ നടത്തി.''
''രാത്രികാലങ്ങളിൽ എലികൾ വന്ന് ഉള്ളങ്കാല് കരളും, ഭക്ഷണസാധനങ്ങൾ തിന്നും, വീട്ടുസാധനങ്ങൾ നശിപ്പിക്കും. പലരുടെയും ആധാരങ്ങളും മറ്റ് രേഖകളും ഇതിനോടകം എലികൾ നശിപ്പിച്ച് കഴിഞ്ഞു. എല്ലാവർക്കും നഗരസഭാ അധ്യക്ഷനോട് നേരിട്ട് പറയാൻ ഭയം.''
ഒടുവിൽ സഭയിൽ വിഷയം ചർച്ചചെയ്തു. നഗരസഭയും എലികൾ കീഴടക്കിക്കഴിഞ്ഞിരുന്നു.
''അധഃസ്ഥിതരും അധികാരികളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങൾ പോവുന്നത്. നഗരസഭയുടെ ചുറ്റുമതിലിൽ മുന്നിലും പിന്നിലുമായുള്ള വലിയ കവാടങ്ങളിൽ പാറാവുകാർ നിന്നിട്ടോ അധികൃതർ കസാരകളിലിരുന്ന് ഫയലുകളിൽ കുറിപ്പെഴുതിയിട്ടോ ഒന്നും എലികളെ തുരത്താനാവില്ലെന്ന് സഭയിലെ ഏക പ്രതിപക്ഷ അംഗം പരിഹസിച്ചു. എലിക്ക് മരുന്ന് പൂച്ചയാണ്. പൂച്ചയുള്ളിടത്തെ പത്തായം തേടി എലികളൊട്ട് വരാറുമില്ല.'' ചുവന്ന തുകൽതൊപ്പി നേരെയാക്കി ജനങ്ങളുടെ പരാതികളുടെ പകർപ്പ് മേശമേൽ വെച്ച് അയാൾ ഇരുന്നു.
ആരും അതേറ്റു ചിരിക്കാൻ തയാറായില്ലെങ്കിലും അയാൾ പറഞ്ഞത് ശരിയാണെന്നമട്ടിൽ മറ്റു സഭാംഗങ്ങൾ തലതാഴ്ത്തിനിന്നു. ചിരിക്കാൻ അവർക്കും ജനത്തെപ്പോലെ ഭയമായിരുന്നു. സഭാധ്യക്ഷന്റെ കോപം അത്രമേൽ പ്രസിദ്ധമാണ് പട്ടണത്തിലും അയൽദേശങ്ങളിലും.
എലികളെ നശിപ്പിക്കാൻ പൂച്ചകളുടെ എണ്ണം കൂട്ടുക എന്ന തീരുമാനത്തിൽ യോഗം പിരിഞ്ഞു. ജനം അത് ഏറ്റെടുത്തു. പൂച്ചകളുടെ എണ്ണം വർധിച്ചു. നഗരസഭാ അധ്യക്ഷന്റെ നിർദേശത്തെ തുടർന്ന് പൂച്ചകളെ നഗരസഭക്കാർ കൊണ്ടുപോയി. ഓരോ വീട്ടിലേക്കും സ്ഥാപനങ്ങളിലേക്കും ഓരോ പൂച്ചയെ വീതം നഗരസഭ സമ്മാനിക്കുമെന്ന് വിളംബരം ചെയ്തു. ജനം പ്രതീക്ഷയോടെ കാത്തിരുന്നു.
കുറച്ചുപേർക്കൊക്കെ പൂച്ചയെ കിട്ടി. പൂച്ചയെ കിട്ടാത്തവർ ഇനിയും വറ്റിയിട്ടില്ലാത്തൊരു പുഴയിലേക്കെന്നപോലെ പ്രതീക്ഷവെച്ചു.
അപ്പൊഴേക്കും 'X' പട്ടണത്തിന് അയൽപക്കമായ 'Y' പട്ടണത്തിലും 'Z' പട്ടണത്തിലും എലികൾ വേട്ട തുടങ്ങിയിരുന്നു. പൂച്ചകളെ വഹിച്ചുകൊണ്ടുള്ള കണ്ടെയ്നർ ലോറികൾ 'X' പട്ടണം കടന്ന് അയൽപക്കങ്ങളിലേക്ക് പോയി.
പ്രതീക്ഷയുടെ അവസാന കണികയും മാഞ്ഞുപോയപ്പോൾ ജനം തെരുവിലിറങ്ങി.
എലികൾ മനുഷ്യരെ തിന്ന് തുടങ്ങിയിരുന്നു. പ്രതിഷേധങ്ങൾ പട്ടണത്തെ പിടിച്ച് കുലുക്കെ നഗരസഭാ അധ്യക്ഷൻ ജനത്തെ അഭിസംബോധന ചെയ്തു. നഗരസഭയുടെ മട്ടുപ്പാവിൽ അധ്യക്ഷൻ നിന്നു. ജനം പ്രതീക്ഷയോടെ കാതോർത്തു.
അഗ്നിയോളം വലിയ ശുദ്ധികർമമില്ല. തീയിടുക. എലികളില്ലാത്ത പട്ടണമാണ് നഗരസഭയുടെ ലക്ഷ്യം. അതിനാൽ ഈ നഗരസഭാ കാര്യാലയംതന്നെ ആദ്യം ശുദ്ധമാവട്ടെ.
മഞ്ഞുപെയ്യുന്ന ആ ഡിസംബറിൽ മിഖായേൽ വിയർത്തൊലിച്ചു. ഉഷ്ണത്തിലും അവന്റെ വാക്കുകൾ വിറച്ചു. മിഖാേയലിന്റെ കണ്ണുകൾ ചുറ്റിലും പരതി. അവ ചോന്നിരുന്നു. കൺതടത്തിൽ രാത്രിക്കറ തെളിഞ്ഞുനിന്നു.
''എബ്രഹാമെ! സ്വപ്നത്തിൽ ഞാൻ വായിച്ച ആ നോവൽ എനിക്ക് ചുറ്റും പരക്കുന്നു. ഇവിടെ നിറച്ചും എലികളാടാ. ദാണ്ടെ ആ ഷെൽഫിലോട്ട് നോക്ക്. പുസ്തകങ്ങൾ പകുതിയിലേറെ അവ കരണ്ട് കഴിഞ്ഞു. ഇനി എന്നാ ചെയ്യുമെന്ന് ഒരെത്തുംപിടിയുമില്ല.'' മിഖായേലിന്റെ ശബ്ദത്തിൽ വിതുമ്പൽ പറ്റിപ്പിടിച്ച് കിടന്നു.
എബ്രഹാം കുന്നിന്റെ ഉച്ചിയിലെത്തി. പള്ളിയിലേക്കുള്ള റോഡിലൂടെ തേയിലത്തോട്ടത്തിലെ പെണ്ണുങ്ങൾ മേപ്പത്ത് ബംഗ്ലാവ് ലക്ഷ്യമാക്കി ധൃതിയിൽ നടന്നുപോയി.
ബംഗ്ലാവിന്റെ ഗേറ്റ് തുറന്നു കിടന്നിരുന്നു. മുറ്റത്തിന് ഇരുവശവും ചെണ്ടുമല്ലികളുടെ തോട്ടമാണ്. സൂര്യനെ തോൽപ്പിക്കാനെന്നോണം അവ മഞ്ഞച്ചുനിൽക്കുകയാണെന്ന് തോന്നി എബ്രഹാമിന്.
ഒരിക്കെ തെമ്മാടിക്കുഴിയേൽ കിടക്കുന്ന അപ്പനെ കണ്ട് മടങ്ങിയേച്ചും വരുന്നവഴി നിരത്തേൽ വെച്ച് മിഖായേലിനെ കണ്ടു.
''എന്നതാ പുതിയ വല്ലതും ഇരിപ്പുണ്ടോ കയ്യേൽ?'' ഗ്രന്ഥശാലയെ തങ്ങളേതാണ്ട് പ്രാപിച്ച് കഴിഞ്ഞായിരുന്നു.
മിഖായേലിന്റെ അപ്പൻ പട്ടണത്തേൽ പോയിവരുമ്പൊ പുതിയ പുസ്തകൾ കൊണ്ടുവരാറുണ്ട്.
''ഈ വായനകൊണ്ടാ എന്റെ അപ്പാപ്പൻ ചത്തതെന്നാ എബ്രഹാമെ അപ്പൻ പറയണത്. ലോകത്ത് നടക്കുന്നതിനെ പറ്റി ഒന്നുമറിയാന്മേലെങ്കിൽ ഒരുവന് സ്വസ്ഥമായി ജീവിക്കാമെന്നാ അപ്പന്റെ കണ്ടെത്തല്. എനിക്കാണേൽ ഈ മഞ്ഞപ്പൂക്കൾ കാണുമ്പൊ തീയാളുന്നതുപോലൊരു തോന്നലാ.''
''പൊന്നുമോനെ ചതിക്കല്ലേടാ, സ്റ്റൗവിന്റെ തിരി താഴ്ത്തെടാ. നിന്നെയിനി അപ്പൻ ആശുപത്രീലോട്ട് വിടത്തില്ല. കർത്താവാണേ സത്യം.'' എബ്രഹാം മുറ്റത്തേക്കെത്തിയ നേരം മിഖായേലിന്റെ അപ്പൻ അടുക്കളഭാഗത്തോട്ട് നോക്കി വിളിച്ചാർക്കുകയാണ്.
കുറച്ചുമുമ്പ് കുന്നിൻചോട്ടിൽ കവലയിലെത്തിയ ഫയർഫോഴ്സ് വണ്ടിയുടെ സൈറൺ അടുത്തുതുടങ്ങി. ആശുപത്രിക്കാരുടെ കുരിശടയാളമുള്ള പള്ളിവക വാഹനം അവൻ കാണാതിരിക്കാനാവും വടക്കുഭാഗത്തെ ചായ്പിനോട് ചേർന്ന് ഒതുക്കിനിർത്തിയത്.
പണ്ടൊരു കരിക്ക് സന്ധ്യക്കാണ് അവനെ കൊണ്ടുപോവുന്നത്. അപ്പാപ്പന്റെ മുറിയിൽ അന്തിയുറങ്ങിയതിനുശേഷം ഒരിക്കൽ മാത്രമേ അവൻ കോളജിലേക്ക് വന്നിട്ടുള്ളൂ. മിക്കവാറും സമയം മുറിക്കകത്ത് അടച്ചിരിപ്പായിരുന്നു.
ഒരിക്കൽ എബ്രഹാം മിഖായേലിനെ അന്വേഷിച്ച് കുന്നുകയറി മേപ്പത്ത് ബംഗ്ലാവിലെത്തി. തോമാച്ചൻ തടഞ്ഞു.
''കൊച്ച് ഏതോ പരീക്ഷയ്ക്ക് പഠിക്കുവാ. ഇപ്പൊ ആരും കൊച്ചിനെ ശല്യം ചെയ്യേണ്ടെന്നാ മുകളീന്നുള്ള കൽപന.'' അങ്ങോട്ടൊന്നും പറയാനാവാത്ത കൊട്ടിയടക്കലായിരുന്നു അതെന്ന് എബ്രഹാമിന് മനസ്സിലായി.
തോമാച്ചേട്ടനായിരുന്നു അവന് കാവൽ. ആളുകളറിയാതിരിക്കാൻ കുറെ ശ്രമിച്ചു മിഖായേലിന്റെ അപ്പൻ.
അരമനരഹസ്യം അങ്ങാടിപ്പാട്ടാവണ കാലത്ത് ഒരാളുടെ ദുരവസ്ഥ പരക്കാനാണോ പ്രയാസം.
''എലികളാ..! ആശുപത്രീലും വീട്ടിലുമൊക്കെ... ഇന്ന് തീർക്കും.'' മിഖായേലിന്റെ അലർച്ച വെളുപ്പാൻകാലത്തെ വിറപ്പിക്കുന്നുണ്ട്.
മിഖായേലിന്റെ അപ്പൻ തോമാച്ചേട്ടനോട് എന്തോ സ്വകാര്യം പറയുന്നുണ്ട്. കുഞ്ഞന്നാമ്മ ഗേറ്റ് കടന്ന് സ്ത്രീകൾ നിൽക്കുന്ന ഭാഗത്തേക്ക് നടന്നുപോയി.
''തീ കാത്തുകിടക്കുന്ന വായുഗന്ധം ഏത് പുസ്തകത്തിലാണവൻ വായിച്ചത്?'' എബ്രഹാം അടുക്കളവാതിലിന് നേരെ നടന്നു. ആരാണ് പിന്നിൽനിന്ന് ''അങ്ങോട്ട് പോവല്ലേ'' എന്ന് വിളിച്ചാർക്കുന്നത്.