സ്നേഹം കൊണ്ടും വിശ്വാസം കൊണ്ടും പണിത ത്രാസുകൾ
ക്രിസ്മസും ന്യൂ ഇയറും ഒക്കെ കഴിഞ്ഞാണ് അക്കാര്യം ഞാൻ അറിയുന്നത്. 'ഇസ്മായിൽ ഹാജി (78) നിര്യാതനായി' എന്ന ആ നോട്ടീസ് കോർപറേഷൻ വാർത്തകൾ ഒട്ടിക്കുന്ന വാർത്താപലകയിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതും ഒരു നൂറുകൂട്ടം നോട്ടീസുകൾക്കിടയിലായി ഒരു മൂലയിൽ! അറിഞ്ഞില്ലെന്ന് മാത്രമല്ല, 'ഇ.എച്ച്. വേസ്റ്റ്പേപ്പർ കട' എന്ന ഒട്ടും അലങ്കാരങ്ങളില്ലാത്ത ആ ആക്രിക്കടയുടെ പരുക്കൻ തൂണുകളിലൊന്നിൽപ്പോലും ഹാജ്യാരുടെ ഒരു ചിത്രം പതിക്കുകയോ അവിടെ ഒരു കറുത്തതുണി...
Your Subscription Supports Independent Journalism
View Plansക്രിസ്മസും ന്യൂ ഇയറും ഒക്കെ കഴിഞ്ഞാണ് അക്കാര്യം ഞാൻ അറിയുന്നത്. 'ഇസ്മായിൽ ഹാജി (78) നിര്യാതനായി' എന്ന ആ നോട്ടീസ് കോർപറേഷൻ വാർത്തകൾ ഒട്ടിക്കുന്ന വാർത്താപലകയിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതും ഒരു നൂറുകൂട്ടം നോട്ടീസുകൾക്കിടയിലായി ഒരു മൂലയിൽ! അറിഞ്ഞില്ലെന്ന് മാത്രമല്ല, 'ഇ.എച്ച്. വേസ്റ്റ്പേപ്പർ കട' എന്ന ഒട്ടും അലങ്കാരങ്ങളില്ലാത്ത ആ ആക്രിക്കടയുടെ പരുക്കൻ തൂണുകളിലൊന്നിൽപ്പോലും ഹാജ്യാരുടെ ഒരു ചിത്രം പതിക്കുകയോ അവിടെ ഒരു കറുത്തതുണി കെട്ടുകയോ ചെയ്തിരുന്നില്ല. പകരം ക്രിസ്മസ് അവധിക്ക് ഒന്നോരണ്ടോ ദിവസം കൂടുതൽ കട അടച്ചിടുന്നതുപോലെ തോന്നിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ... അതുകൊണ്ടാണ് ആ മരണം അറിയുമ്പോൾ, ''ചിലർ അവരുടെ തൊഴിൽപോലെ അന്ത്യത്തേയും വരച്ചുവയ്ക്കും'' എന്നെനിക്ക് തോന്നിയത്.
ഏറക്കുറെ ഞങ്ങളുടെ നഗരത്തിലെ സ്ഥിരതാമസക്കാർ പാലാ, കോതമംഗലം, കുട്ടിക്കാനം, തൊടുപുഴ തുടങ്ങിയ ദേശങ്ങളിൽനിന്ന് റബർപണവുമായി നഗരം കയറിയ ക്രിസ്ത്യാനികൾ ആയതിനാൽ ക്രിസ്മസ് അവധിയുടെ ദിനങ്ങളിൽ പ്രത്യേകിച്ച് കടതുറന്നുവെച്ചിട്ട് കാര്യമൊന്നുമില്ലെന്ന് അറിയാവുന്ന ഇസ്മായിൽ ഹാജി വർഷങ്ങളായി ഒന്നോ രണ്ടോ ദിവസം വർഷാന്ത്യത്തിൽ കട അടച്ചിടാറുണ്ട്. എന്നാലോ, കച്ചവടം നടക്കുമെങ്കിൽ, പെരുന്നാളിന്റന്നുപോലും കടതുറന്നിട്ടുള്ള പാരമ്പര്യവും അദ്ദേഹത്തിനുണ്ട്. പടച്ചോൻ പിഴപ്പ് കഴിഞ്ഞുള്ള ആഘോഷങ്ങൾ മതി, എന്നാണ് പറഞ്ഞിട്ടുള്ളതെന്ന് ഹാജ്യാര് ഖുർആനിൽനിന്നും ഏതാനും ആയത്തുകൾ ചൊല്ലി സമർഥിക്കുകയും ചെയ്യും.
ഇസ്മായിൽ ഹാജിയും ശേഷക്കാരൻ ഷൗക്കത്തും ചേർന്ന് നടത്തുന്ന ഒരേയൊരു ആക്രിക്കടയൊഴിച്ചാൽ പണ്ടുമുതലേ, ഞങ്ങളുടെ പരിസരങ്ങളിലൊന്നും മുസ്ലിം കുടുംബങ്ങളോ അവർ നടത്തുന്ന കടകളോ ഇല്ലെന്നുതന്നെ പറയാം.
അങ്ങനെ ഞങ്ങളുടെ നാട്ടിൽ ഏത് പത്രം വായിക്കുന്നവർക്കും ഏത് പഴയ സാധനങ്ങൾ വിൽക്കുന്നവർക്കും അതെല്ലാം ഉപേക്ഷിക്കാനോ കൊടുത്തൊഴിയാനോ ഉള്ള ഏക പോംവഴി ഇസ്മായേൽ ഹസ്സൻ എന്ന പേരിൽനിന്നും ജാതിയോ മതമോ തിരിച്ചറിയാനാകാത്തവിധം ഊരിയെടുത്ത ഇ.എച്ച് എന്ന പേരിലുള്ള ആക്രിക്കട മാത്രമായിരുന്നു.
തുരുമ്പു കയറിയ ഒരു പഴയ സൈക്കിളിലാണ് അയാൾ ആദ്യം പേപ്പറും തകരവും ഒക്കെ വാങ്ങാൻ വന്നിരുന്നത്. പിന്നീട് വണ്ടി ഓടിക്കാൻ പഠിച്ച് ഒരു എം.എയ്റ്റി സ്കൂട്ടറിൽ നാടാകെ ചുറ്റാൻ തുടങ്ങി. മീൻ കച്ചവടക്കാരെല്ലാം ഉപയോഗിച്ചിരുന്ന ആ വാഹനം പിന്നീട് അവരെല്ലാം ഉപേക്ഷിച്ചെങ്കിലും ഹാജ്യാര് ഉപേക്ഷിച്ചില്ല. ആ വണ്ടിയുടെ ചിതറിയ ഹോൺ കേൾക്കുമ്പോൾതന്നെ ചില വലിയ വീടുകളിലെ നായകൾ വാരിയെല്ലുകൾ ഇളക്കി ഉശിരോടെ കുരക്കുമായിരുന്നു. പ്രമീളയാണെങ്കിൽ, ''അതാ, നിങ്ങടെ സായിപ്പ് വരുന്നുണ്ട്...'' എന്ന് അത്ര രസിക്കാത്തമട്ടിലും പറയും. അവളുടെ ചില ആവശ്യങ്ങളോട് ഒട്ടും പൊരുത്തപ്പെട്ടിരുന്നില്ല ഹാജ്യാര്.
ഒരു വീട്ടുകാരത്തിയെന്നനിലയിൽ അവൾ അടുക്കളപ്പുറത്തുനിന്നും ഒഴിവാക്കാൻ ആഗ്രഹിക്കുന്ന എല്ലാ സാധനങ്ങളും സ്വീകരിക്കാൻ ഹാജ്യാര് തയാറായിരുന്നില്ല. മറ്റൊന്നുമല്ല, അത്തരം സാധനങ്ങളൊന്നും വേറൊരിടത്ത് മറിച്ചുവിൽക്കാൻ കഴിയില്ല, എന്നതായിരുന്നു കാരണം. പിന്നെ വേണമെങ്കിൽ വീട്ടുകാരെ തൃപ്തിപ്പെടുത്താൻ അതെല്ലാം വാരിയെടുത്ത് ആളൊഴിഞ്ഞ ഏതെങ്കിലും പറമ്പുകളിലോ ഓടകളിലോ കൊണ്ട് വലിച്ചെറിയാമായിരുന്നു; അയാൾക്കും. ആരും അറിയില്ല! എന്തിന് കോർപറേഷനുകളിലെ ഉത്തരവാദിത്തമുള്ള ജീവനക്കാർപോലും അങ്ങനെയൊക്കെ ചെയ്യാറുണ്ട്! പക്ഷേ, ഹാജ്യാര് അതൊന്നും ചെയ്യില്ല, പണ്ടും ഇന്നും. അങ്ങനെ ചെയ്യാനാണെങ്കിൽ പിന്നെ മുടങ്ങാതെ പള്ളിയിൽ പോകുന്നതെന്തിനെന്ന് അയാൾ ചോദിക്കും.
അച്ഛന്റെ കാലം മുതലേ ഉള്ള പരിചയമാണെങ്കിലും ഞാനും ഹാജ്യാരുമായുള്ള ബന്ധം തുടങ്ങുന്നത് ചില കൊടുക്കൽ വാങ്ങലുകളിലൂടെയാണ്. മറ്റൊന്നുമല്ല, അത് പുസ്തകങ്ങളായിരുന്നു. പ്രധാനമായും പഴയ പുസ്തകങ്ങൾ. ഒരിക്കൽ ആരുടെയൊക്കെയോ ഭവനങ്ങളെ, ഓഫീസ്മുറികളെ, ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളെ അലങ്കരിച്ചിരുന്ന വിഖ്യാതങ്ങളായ എത്രയെങ്കിലും കൃതികൾ എന്റെ ശേഖരത്തിലേക്ക് വന്നിട്ടുള്ളത് ഇസ്മായിൽ ഹാജി വഴിയാണ്. ഹാജ്യാര് പുസ്തകങ്ങൾക്ക് വിലപറയുന്നത് അതിന്റെ തൂക്കം നോക്കിയാണ്. അതിനുള്ളിലെ ആത്മസംഘർഷങ്ങളോ പൊട്ടിത്തെറികളോ ഒന്നും അദ്ദേഹത്തിന് പരിഗണനാവിഷയങ്ങളേയല്ല! അവിടെ തൂക്കവും കനവും ഉള്ള പുസ്തകങ്ങളാണ് വലിയ പുസ്തകങ്ങൾ.
ഹാജ്യാരുടെ ആക്രിക്കടയിൽനിന്നും ഒരാൾ ഒരു പുസ്തകം വാങ്ങുമ്പോൾ അയാൾ ഒരു ജഡമാണോ വാങ്ങുന്നതെന്ന് ഞാൻ പലപ്പോഴും സംശയിച്ചിട്ടുണ്ട്. വി.ഐ.പി സ്യൂട്ടിൽ വിമാനം കയറിപ്പോയിട്ടൊടുവിൽ, ഭാരം അളന്ന് ജഡമായി ലഗേജുകളുടെ കൂട്ടത്തിൽ മടങ്ങുന്നതുപോലെ, ഉടമസ്ഥർ ഇല്ലാതാകുമ്പോൾ എത്ര മഹത്തായ പുസ്തകവും പറുദീസയിൽനിന്നും ജഡമായി ആക്രിക്കടകളുടെ ആഴത്തിലേക്ക് നിപതിക്കുന്നു.
ചിലപ്പോൾ ചിരിവരും; ഷേക്സ്പിയറും ഷെല്ലിയും കീറ്റ്സും ഒക്കെ തൂങ്ങുന്ന അതേ ത്രാസിൽ തന്നെ കൊയ് ലോയും മുറാകാമിയും ഖുശ്വന്ത്സിങ്ങുമൊക്കെ തൂങ്ങുന്നത് കാണുമ്പോൾ! ഒരിക്കൽ ഞാൻ പറഞ്ഞു:
''ഹാജ്യാരേ... നിങ്ങൾ അക്കൂട്ടത്തിൽനിന്ന് അരുന്ധതിറായിയെയും ചേതൻ ഭഗതിനെയുമെല്ലാം എടുത്തുമാറ്റിയിട്ട് വടക്കേമൂലയിൽ കിടക്കുന്ന കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത എടുത്ത് ത്രാസിൽ വയ്ക്ക്...എനിക്ക് വേണ്ട തൂക്കം അപ്പോൾ ശരിയാകും.''
മുഖച്ചട്ട കീറിയ ദാരിദ്യ്രം പറയുന്ന ഏതോ പ്രസിൽനിന്നും പുറത്തിറങ്ങിയ ഒരു കൊച്ചുപുസ്തകമായിരുന്നു അത്. പത്തു കിലോയുടെ തൂക്കുകട്ടിയെടുത്ത് ഇടത്തേ തട്ടിലേക്ക് വെക്കുന്നതിനിടയിൽ അയാൾ ഇരുമ്പ് മണമുള്ള ഒരു ചുമയോടെ ചോദിച്ചു:
''ആശാനായാലെന്ത്? ശിഷ്യനായാൽ എന്ത്? തൂക്കം തികഞ്ഞാൽ പോരെ പുള്ളേ?''
''ഇല്ല, സായിപ്പേ, ചിലത് താഴെ ഇരിക്കാനുള്ളതും ചിലത് മുകളിൽ ഇരിക്കാനുമുള്ളതാണ്. അത് ജീവനുള്ളപ്പോഴും ജഡമായി തീർന്നാലും...''
തേഞ്ഞ പല്ലുകൾ കാട്ടി ഹാജ്യാര് അന്നേരം തലകുലുക്കി.
എത്ര വലിയ സാധനങ്ങളാണേലും കാഴ്ചയിൽ അതിന്റെ തൂക്കം അളന്ന് പറയാനുള്ള ഒരു അപൂർവസിദ്ധി ഹാജ്യാർക്ക് ഉണ്ടായിരുന്നു. ഒരൊറ്റ നോട്ടംകൊണ്ട് പഴയ ഗ്യാസ് സ്റ്റൗവിനും ഇലക്ട്രിക് ഓവനും കാലൊടിഞ്ഞ കസേരക്കുമെല്ലാം ആ മനസ്സിലൊരു തൂക്കമങ്ങ് തൂങ്ങും. അതിനുള്ളിൽ എല്ലാം ഉണ്ടാകും, അയാളുടെ ന്യായമായ ലാഭവും തുരുമ്പും എല്ലാം.
എന്നെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്നമായിരുന്നില്ല. കുലുങ്ങി ചിരിച്ച് കുറേ നാട്ടുവർത്തമാനങ്ങളൊക്കെ പറഞ്ഞ്, ഒന്നോ രണ്ടോ കുട്ടിച്ചാക്കുകളിൽ എല്ലാം വാരിനിറച്ച് ഹാജ്യാര് മടങ്ങുമ്പോൾ: ''നിങ്ങളെന്താ, ഒരു കണക്കും വഴക്കുമൊന്നും ഇല്ലാതെ സാധനങ്ങളെല്ലാം പെറുക്കിക്കൊടുത്ത് വലിയ കുബേരനാകാൻ ശ്രമിക്കുകയാണോ?'' എന്ന് ചോദിച്ചുകൊണ്ട് പ്രമീള ചാടിക്കടിക്കാൻ വരും. അവൾക്ക് പ്രശ്നം ഹാജ്യാര് മാറ്റിയിട്ട തേഞ്ഞ ചെരിപ്പുകളും പലകാലങ്ങളിലായി വാങ്ങിയ മരുന്ന് ബോട്ടിലുകളുമൊക്കെ ഇനി എവിടെ കൊണ്ടുകളയും എന്ന വേവലാതിയാണെന്ന് എനിക്കറിയാം.
''ഒരാൾ അയാളുടെ തൊഴിലിനോട് കാണിക്കുന്ന നീതിയെ, സത്യസന്ധതയെ അഹങ്കാരമെന്നോ ധിക്കാരമെന്നോ കാണരുത് പ്രമീളേ... നമുക്ക് ഈ സാധനങ്ങളൊക്കെ കോർപറേഷൻ പഴയസാധനങ്ങൾ ശേഖരിക്കുന്ന ഇടങ്ങളുണ്ടല്ലോ, അവിടെ കൊണ്ടുക്കൊടുക്കാം, ഒന്ന് സമാധാനപ്പെട്!''
''എനിക്ക് സമാധാനക്കേടൊന്നും ഇല്ല. നിങ്ങൾ അതിനുള്ള സമയമാകുമ്പോൾ ഓർത്ത് ചെയ്താൽ മതി. പിന്നെ ഇയാൾക്ക് മാത്രമേ, എന്നും സാധനങ്ങൾ കൊടുക്കൂ എന്ന തീരുമാനത്തിൽനിന്നെല്ലാം നിങ്ങൾ മാറണം. അച്ഛനപ്പൂപ്പന്മാരുടെ കാലമൊക്കെ കഴിഞ്ഞില്ലേ? ലോകക്രമങ്ങൾ മാറിയില്ലേ? പറയ്, ഇന്നത്തെക്കാലത്ത് ആരാണ് ഇങ്ങനെ ഒരു കണക്കും വഴക്കൊന്നും ഇല്ലാതെ തൂക്കുന്നത്?''
''എടീ... ഇതിലൊന്നും ഒരു കള്ളവുമില്ല; എല്ലാം ഒരു പഴയ വഴക്കമാണ്. ഇത്രയും കാലം ഈ തൊഴിൽ ചെയ്ത് ജീവിച്ചതിന്റെ... അങ്ങനെയുള്ളവരുടെ മനസ്സിൽ ഒരു വലിയ ത്രാസ് ഉണ്ടാകും. ഒരിക്കലും അത് തെറ്റില്ല!''
''ഒന്നും പറയണ്ട, നിങ്ങൾക്ക് അയാൾ കുറേ ചത്ത പുസ്തകങ്ങൾ തരുന്നതിന്റെ സ്നേഹമല്ലേ? എന്നാൽ, അതെല്ലാം വെറുതെ തൂക്കാതെയാണോ തരുന്നത്?''
''പുസ്തകങ്ങൾ എന്റെ ആവശ്യമാണ്. അതിന്റെ തൂക്കം അയാളുടേതും. അക്കാര്യത്തിൽ നമുക്ക് തമ്മിൽ ഒരു തർക്കം വേണ്ട...''
എനിക്കന്നേരം ആ വർത്തമാനം അവസാനിപ്പിക്കുവാനുള്ള തിടുക്കം ഉണ്ടായിരുന്നു.
എന്തായാലും അന്നത്തെ ആ സംഭവത്തിനുശേഷം പിന്നീട് ഹാജ്യാര് വന്നിട്ടില്ല. വിളിച്ചപ്പോൾ, ഷാജിയെന്നോ ജാഫറെന്നോ പേരുള്ള ഒരു പയ്യനെ ഒരു പുത്തൻ ത്രാസും കൊടുത്ത് ആക്ടിവ സ്കൂട്ടറിൽ പറഞ്ഞുവിട്ടു. അവനാണെങ്കിൽ വർത്തമാനം പോയിട്ട് നേരെ മുഖത്തുപോലും നോക്കിയില്ല! മാത്രമല്ല, അധികം തൂങ്ങിയ നാലഞ്ച് ചെറിയ പേപ്പറിന്റെ ചില്ലിക്കാശുപോലും പഴ്സ് തപ്പി തന്നിട്ടേ മടങ്ങിയുള്ളൂ.
അവൻ ആ പുതിയ ത്രാസിൽ സാധനങ്ങൾ എടുത്തുവെക്കുമ്പോൾ, അതിനോടൊപ്പം കണ്ണിപൊട്ടിയ ഒരു പഴയത്രാസും തൂങ്ങുന്നതായി എനിക്ക് തോന്നി.
ഏതാനും ചില വീക്കിലികളും എടുത്താണ് ഞാൻ പിന്നീട് അവിടേക്ക് ചെന്നത്. ഒരു ഇരുമ്പ് കസേരയിൽ കൂനിക്കൂടി ഇരിക്കുകയായിരുന്നു, അയാൾ. അന്നേരം കട തുറന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. എന്നെ കണ്ടതും ചാടി എഴുന്നേറ്റു. വേണ്ടെന്ന് പറഞ്ഞിട്ടും മടക്കിവെച്ചിരുന്ന ഒരു കസേരയെടുത്ത് നിവർത്തിയിട്ടു. അന്നേരമാണ് ഞാനത് ശ്രദ്ധിച്ചത്, അപരിചിതരായ അതിഥികൾക്കായി അയാൾ നീക്കിവെച്ചിരുന്ന ഒരു പുതിയ കസേരയായിരുന്നു, അത്! കുറെനേരം അങ്ങനെ ഇരുന്നിട്ടും എന്തോ, ഞങ്ങൾക്കൊന്നും സംസാരിക്കാനായില്ല. അതിർത്തികളിൽ കാവൽ നിൽക്കുന്ന രണ്ട് മനുഷ്യരെപ്പോലെ എത്ര ശ്രമിച്ചിട്ടും ഞങ്ങൾക്കിടയിൽ തോക്കേന്തിയ ഒരു ഗൗരവം മുഴച്ചുനിന്നു.
കുറച്ച് കഴിഞ്ഞതും ഹാജ്യാര് എണീറ്റ് പോയി അകത്തെ ഷെൽഫിൽനിന്നും രണ്ട് പുതിയ പുസ്തകങ്ങൾ എടുത്തുകൊണ്ടുവന്നു. കാഴ്ചയിൽ പുതിയതെന്ന് തോന്നിച്ചെങ്കിലും പഴയ രണ്ട് പുസ്തകങ്ങളായിരുന്നു അത്. പതിനാറോ പതിനേഴോ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഭക്തകവിയുടെയും ഏതാണ്ട് അതേകാലത്ത് രാജ്യം ഭരിച്ചിരുന്ന ഒരു ഭരണാധികാരിയുടെയും അറിയപ്പെടാത്ത ജീവിതങ്ങളായിരുന്നു, ആ പുസ്തകങ്ങൾ. ഹാജ്യാര് പതിവുപോലെ അതിന്റെ തൂക്കം അളക്കാൻ ത്രാസിൽ വെക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ, അതിന്റെ പുറത്തെ പൊടി തട്ടിക്കളഞ്ഞ്, ഇടതുവശത്തേക്ക് കയറ്റി ഉടുത്ത പുത്തൻ വെളുത്ത മുണ്ടിന്റെ കോന്തലകൊണ്ട് പുറമാകെ തുടച്ച്, അതെന്റെ കൈയിലേക്ക് നേരെ വെച്ചുതന്നു.
ഒരു നിമിഷം ഞാനത് തിരിച്ചും മറിച്ചും നോക്കി. ഒട്ടും ശ്രദ്ധകിട്ടാത്ത ഒരിടത്ത്, തീരെ ചെറിയ അക്ഷരങ്ങളിലായിരുന്നു, അതിന്റെ വില രേഖപ്പെടുത്തിയിരുന്നത്. വളഞ്ഞ് പിന്നിലെ പോക്കറ്റിൽനിന്നും ഞാൻ പഴ്സ് എടുക്കാൻ മുതിർന്നു.
അന്നേരം മേശപ്പുറത്ത് മറിഞ്ഞുവീണുകിടന്ന ഒരു പഴയ ഘടികാരത്തെ എടുത്ത് ഉയർത്തിവെച്ചുകൊണ്ട് ''വേണ്ട, കൊണ്ടുപൊയ്ക്കോ...'' എന്നയാൾ പറഞ്ഞു.
''ഇസ്മായീൽ ഹാജ്യാരേ, ഇനിവരുമ്പോൾ നിങ്ങൾ ഒരു ത്രാസുകൂടി കൊണ്ടുവരീൻ... ആറ്റിൽ കളഞ്ഞാലും അളന്ന് കളയണമെന്നാണല്ലോ പ്രമാണം..?''
പൊള്ളുന്ന ഒരു മിന്നലായി ആ വാക്കുകൾ അന്നേരം എന്റെ പെരുവിരലുകളിലൂടെ പാഞ്ഞുകയറി. പുറത്ത് ഒരു സ്റ്റൂളിലിരുന്ന് മീശയിലെ കുഞ്ഞൻ നരകളെ തുരത്തുകയായിരുന്നു ഞാൻ. ഹാജ്യാര് വന്നപാടെ തോളിൽ കിടന്ന തോർത്തെടുത്ത് വിയർത്ത മുഖം തുടച്ച് പതിവുപോലെ ഒന്നാമത്തെ ചവിട്ടുപടിയിൽ പടിയിൽ കാലും നീട്ടി ചടഞ്ഞിരുന്നിട്ടേ ഉണ്ടായിരുന്നുള്ളൂ... ഗേറ്റിൽ ഇരുന്ന് കാറിവിളിച്ചുകൊണ്ടിരുന്ന ഒരു ബലികാക്കയെ കൈവീശി ഓടിച്ചുകൊണ്ട് അവിടേക്ക് പാഞ്ഞുവരുകയായിരുന്നു പ്രമീള.
അത്രയും പറയാൻ ഇക്കാലമത്രയും ഓങ്ങിനടന്നതിന്റെ മുഴുവൻ ഊക്കോടുംകൂടി കുനിഞ്ഞ് ഒരു കല്ലെടുത്തെറിഞ്ഞ് അവൾ ആ കാക്കയെ ഓടിച്ചു. ശേഷം അതേ വേഗത്തിൽ അടുക്കളയിൽ പോയി ഒരു ചായയുമായി വന്നു. മുഖത്തു നോക്കാതെ, ഒരു കോപ്പ വിഷം വാങ്ങുന്ന അറപ്പോടെ ഹാജ്യാര് അത് വാങ്ങി മറിഞ്ഞുവീണേക്കാവുന്ന വിധം മൂന്നാമത്തെ പടിയുടെ വിളുമ്പിലേക്ക് ഭയത്തോടെ നീക്കിവെച്ചു. കാക്ക അടുത്ത മരച്ചില്ലയിലേക്ക് പറന്നിരുന്ന് കൂടുതൽ ഒച്ചയെടുത്ത് കാറി. ഹാജ്യാര് വെച്ചിട്ടുപോയ ചായയിൽ പതിനായിരം കാലുകളുള്ള ഒരു ജീവിയായി അന്തിവെളിച്ചം മലർന്നുകിടന്ന് ഇളകുന്നത് ഞാൻ കണ്ടു.
കൃത്യമായി സമയം കാണിച്ചുകൊണ്ടിരുന്ന, വീട്ടിത്തടികൊണ്ട് പുറംചട്ട പണിത ആ വലിയ ഘടികാരം ഒരിക്കൽ അച്ഛൻ ഹാജ്യാർക്ക് വെറുതെ കൊടുത്തതായിരുന്നു. അതിലേക്കും ആ കണ്ണുകളിലേക്കും ഞാൻ മാറി മാറി നോക്കി. രണ്ടിടത്തും ആ പഴയ ത്രാസ് തൂങ്ങുന്നുണ്ടായിരുന്നു. കണ്ണികൾ ഇരുണ്ടിട്ടും ബലത്തിനൊട്ടും കുറവില്ലെന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരുന്ന... തുറന്നുപിടിച്ച പഴ്സിന്റെ ഇടത്തേ അറയിൽ ഇരുന്ന് അച്ഛന്റെ ചിത്രം എന്നെ തുറിച്ചുനോക്കി. തെറ്റുകൾ കാണുമ്പോൾ താക്കീതോടെ നോക്കിയിരുന്ന അതേ കൂർപ്പിച്ച നോട്ടം!
നിരത്തിൽ വാഹനങ്ങൾ അന്നേരം തീരെ കുറവായിരുന്നു. ഞാൻ സാവധാനം നടന്നു. പന്ത്രണ്ട് മണി വെയിൽച്ചൂടിലും ആ പുസ്തകങ്ങളുടെ കവറിൽ, ഹാജ്യാരുടെ വിരലുകളിൽനിന്നും പൊടിഞ്ഞ നേർത്ത വിയർപ്പിന്റെ നനവുണ്ടായിരുന്നു.
''അവൾ അങ്ങനെ പറഞ്ഞപ്പോൾ നീ അന്നേരംതന്നെ അത് തിരുത്തണമായിരുന്നു'' എന്ന് ഉറക്കെ പറയുന്ന അച്ഛന്റെ ഒരു മിടിപ്പ് ആ വലിയ ഘടികാരത്തിൽനിന്നും ഒരു കൊടുങ്കാറ്റുപോലെ പിന്നാലെ അലച്ച് വരുന്നതായി എനിക്ക് തോന്നി.