മൈക്കിൾ ലൂയിസിന്റെ രണ്ട് അധ്യായങ്ങൾ
1. ഹസനാരുടെ പറമ്പിലെ അവസാനത്തെ തെങ്ങും കയറിയിറങ്ങി, തോലുരഞ്ഞുപൊട്ടിയ കൈമുട്ടില്‍ വെള്ളം നനച്ച നേരം തലേദിവസം ചൂണ്ടക്കൊളുത്തില്നിന്നും ചാടി പോയ വരാലിന്റെ വഴുവഴുപ്പ് മൈക്കിളിന്റെ തലയില്‍ മിന്നി. കീറിയ ചുണ്ടുമായി വെള്ളത്തില്‍തന്നെ കഴിയേണ്ടിവരുന്ന മീനുകളെ ഓര്‍ത്തപ്പോള്‍ അയാളുടെ പല്ല് പുളിച്ചു....
Your Subscription Supports Independent Journalism
View Plans1.
ഹസനാരുടെ പറമ്പിലെ അവസാനത്തെ തെങ്ങും കയറിയിറങ്ങി, തോലുരഞ്ഞുപൊട്ടിയ കൈമുട്ടില്‍ വെള്ളം നനച്ച നേരം തലേദിവസം ചൂണ്ടക്കൊളുത്തില്നിന്നും ചാടി പോയ വരാലിന്റെ വഴുവഴുപ്പ് മൈക്കിളിന്റെ തലയില്‍ മിന്നി. കീറിയ ചുണ്ടുമായി വെള്ളത്തില്‍തന്നെ കഴിയേണ്ടിവരുന്ന മീനുകളെ ഓര്‍ത്തപ്പോള്‍ അയാളുടെ പല്ല് പുളിച്ചു. അത്തരം മീനുകള്‍ക്ക് താനുമായി സാമ്യമുണ്ടാകാന്‍ വഴിയുണ്ട്. പുളിപ്പനുഭവപ്പെട്ട പല്ല് നാവുകൊണ്ട് ഉഴിഞ്ഞശേഷം ദേഹത്ത് ഓടിക്കളിച്ചുകൊണ്ടിരുന്ന ഉറുമ്പുകളെ മൈക്കിള്‍ തട്ടിയെറിഞ്ഞു.
''ട്രര്ണീം...'' -സൈക്കിള്‍ ബെല്‍ ശബ്ദം. അര്ജുന് പത്മലോചനനാണ്. സഹപാഠി, അയല്ക്കാരന്, പ്രായംകൊണ്ട് നാല് വയസ്സ് ഇളപ്പം. ഇന്നേ ദിവസം ലോകത്തിന്റെ ഏതുകോണില്‍ പോയി ഒളിച്ചാലും അവന് തേടിവരുമെന്ന് ഉറപ്പായിരുന്നു. കക്ഷത്തില്‍ ഇറുക്കിപ്പിടിച്ച പത്രവുമായി അര്ജുന് നടന്നടുത്തു. ഹസനാരുടെ ഗര്‍ഭിണിയായ മകള്‍ക്ക് വേണ്ടി പറിച്ച കരിക്കില്നിന്നും ഒരെണ്ണം വെട്ടി മൈക്കിള്‍ കൂട്ടുകാരന് കൊടുത്തു.
''126406 അല്ലേ നിന്റെ രജിസ്റ്റര്‍ നമ്പര്‍?'' - ഒരിറക്ക് കുടിച്ചശേഷം മുഖവുരയൊന്നുമില്ലാതെ അര്ജുന് പത്രത്തിലെ അക്കങ്ങളിലേക്ക് മുങ്ങാങ്കുഴിയിട്ടു. നൂറില്‍ തൊണ്ണൂറ്റിയെട്ട് മാര്‍ക്ക് വാങ്ങിയശേഷം ഈ തടിയന് കൂട്ടുകാരന് വീട്ടില്‍ ചെന്ന് ലൂയീസിന്റെ ചെക്കന് തോറ്റെന്നു പറയും. കിട്ടാതെപോയ രണ്ട് മാര്‍ക്ക് ചെറു മുത്തത്തിന്റെ രൂപത്തില്‍ ഡോക്ടര്‍ പത്മലോചനന് മകന് നല്‍കും. അവന് പൂര്‍ണനാകും. വര്‍ഷങ്ങളായുള്ള ശീലം. മൈക്കിളിന് ചിരിവന്നു.
എന്നാല്‍, ഇത്തവണ അര്‍ജുന്റെ കണക്കുകൂട്ടലുകള്‍ നേരിയതോതില്‍ പിഴക്കുകയുണ്ടായി. നെറ്റിത്തടത്തിലെ ചന്ദനക്കുറി പെട്ടെന്ന് പൊടിഞ്ഞ വിയര്‍പ്പില്‍ കുതിര്‍ന്നു. ''എനിക്ക് ഡിസ്റ്റിങ്ഷന്‍ ഉണ്ട്...'' എന്ന് പിറുപിറുത്തുകൊണ്ട് കരിക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞശേഷം അര്ജുന് നടന്നകന്നു. മറ്റ് രജിസ്റ്റര്‍ നമ്പറുകളോളം പതിഞ്ഞിട്ടില്ല എന്ന കുറവ് മാത്രമേയുള്ളൂ. പത്രത്താളിന്റെ ഏറ്റവും താഴെ 126406 അച്ചടിമഷി പുരണ്ടു കിടപ്പുണ്ടായിരുന്നു...
പത്താംതരം ഒരു ഹൈജംപ് മത്സരമാണെങ്കില്‍ അതിലെ ആദ്യത്തെ കടമ്പ ഇരുന്നൂറ്റിപ്പത്ത് മാര്‍ക്കാണ്. അത് അളന്നു മുറിച്ചെന്ന പോലെ കിട്ടിയിട്ടുണ്ട്. ഇതിന്റെ പേരില്‍ വീട്ടിലെ കോഴികളിലൊന്നിനുപോലും ജീവത്യാഗം ചെയ്യേണ്ടിവരില്ല. അപ്പന് ചിലപ്പോള്‍ രണ്ടു പെഗ് അധികം കഴിച്ചേക്കാം. ചിലപ്പോള്‍ മാത്രം. എന്തായാലും പാറ്റഗുളികയുടെ ഗന്ധമുള്ള ഇരുമ്പുപെട്ടിക്കകത്തു തന്റെ എസ്.എസ്.എല്‍.സി ബുക്ക് ദീര്ഘനിദ്രയിലാഴും... കൂട്ടുകാരന് വലിച്ചെറിഞ്ഞ കരിക്കില്‍ ബാക്കിയായത് വലിച്ചുകുടിച്ചശേഷം, തൊണ്ടിനെ ഹസനാരുടെ കണ്ണെത്താത്ത ദൂരത്തേക്ക് മൈക്കിള്‍ പറഞ്ഞയച്ചു.
ഗ്രാമവാസികള്‍ രാത്രികാലങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി ഒരു പോലീസ് ജീപ്പ് ഇടവഴിയിലൂടെ കടന്നുപോയി. പുതുമഴക്കൊപ്പം മണ്ണ് തുരന്നു ആകാശത്തേക്ക് പറക്കുന്ന മഴപ്പാറ്റയെപോലെ ജൂണ്‍മാസങ്ങളില്‍ കൃത്യമായി 'ഏഴടി' നാട്ടില്‍ പ്രത്യക്ഷനാകും. കുഴല്‍ക്കിണര്‍ വാസവന്റെ ഇരുപത്തിയാറു പവനും എതിര്‍ക്കാന്‍ ശ്രമിച്ച മരുമോന്റെ ചിരട്ടയും പതിവുതെറ്റിക്കാതെ മുറ്റനൊരു പൂവനെയും കൊണ്ടുപോയത് ഇന്നലെയായിരുന്നു. ഏഴടിപ്പൊക്കക്കാരന്റെ ഇക്കൊല്ലത്തെ ആദ്യവേട്ട!
വയലിനെയും പുഴയെയും വേര്‍തിരിച്ചുകൊണ്ട് ഒരു റെയില്‍പാളം ഗ്രാമത്തിലൂടെ നീണ്ടുപോകുന്നുണ്ട്. ദീര്‍ഘദൂര ട്രെയിനുകള്‍ ആ ഭാഗത്തെത്തുമ്പോള്‍ ഇഴയും. അന്നേരം ചാടിയിറങ്ങുന്ന അന്യസംസ്ഥാനത്തിലെ ഏതെങ്കിലും തിരുട്ടു ഗ്രാമക്കാരന്‍ ആയിരിക്കാം ഏഴടി എന്ന നിഗമനത്തിലായിരുന്നു പോലീസ്. അതു മാറിയത് രണ്ടുവര്‍ഷം മുമ്പാണ്. മഴ തിമിര്‍ത്തു പെയ്ത ആ രാത്രിയില്‍, പട്ടാളം ഇരവിക്കുട്ടിയുടെ വീട്ടില്‍ കയറി. പതിവുപോലെ പണ്ടം കഴുത്തിലും കൈയിലുമിട്ട് ഓടിയ ഏഴടിക്ക് പക്ഷേ പൂവന്റെ കാര്യത്തില്‍ പിഴച്ചു. ഇരവിക്കുട്ടിയോടൊഴികെ മറ്റൊരു ജീവിയോടും വിധേയത്വം കാണിക്കാത്ത റോട്ട് വീലര്‍ ജിമ്മിയെ വരെ ഒറ്റക്കണ്ണനാക്കിയ പൂവന്, ഏഴടിയുടെ കൈത്തണ്ട കൊത്തിമുറിക്കുകയും പള്ള മാന്തിപ്പൊളിക്കുകയും ചെയ്തു.
അടുത്തദിവസം നാടുണര്‍ന്നത് പണി പൂര്‍ത്തിയാകാത്ത, പതിനാലു കോലോളം താഴ്ചയെത്തിയ ഇരവിക്കുട്ടിയുടെ പുതിയ കിണറിനകത്ത് കാലുമ്മേല് കാലും കയറ്റിെവച്ചു കിടക്കുന്ന ഏഴടിയെ കണി കണ്ടുകൊണ്ടാണ്. ഒരു തല്ല് തികച്ചു താങ്ങാന്‍ ശേഷിയില്ലെന്ന് തോന്നിപ്പിക്കുന്ന, നേര്‍ത്ത വരപോലുള്ള, തൊട്ടാല്‍ ചോരപൊടിയുന്ന ദേഹം. കവുങ്ങിന്‍പാളകൊണ്ട് വൃത്താകൃതിയില്‍ തീര്‍ത്ത മുഖംമൂടി. ചളിയില്‍ കുതിര്‍ന്ന കസവുമുണ്ട്. ചുറ്റിയ അരക്കെട്ടില്‍ ഒരു വാക്മാന് തിരുകിയിട്ടുണ്ട്. അതില്‍നിന്നും ഉയര്‍ന്ന ''കണ്ണീർപ്പൂവിന്റെ കവിളില്‍ തലോടി...'' ഗാനത്തിനൊപ്പം ഏഴടി ലയിച്ചു പാടിയത് കിണറിനുള്ളില്‍ മുഴങ്ങി. അന്നേരം, തേടുന്നത് മനുഷ്യനെതന്നെയെന്നും അയാള്‍ അസ്സല് മലയാളിതന്നെയെന്നും പോലീസും നാട്ടുകാരും ഉറപ്പിച്ചു.
റെയര്‍ ഹോണര്‍ റമ്മിന്റെയും നാട്ടുകാര്‍ പുരട്ടിയ എരിവിന്റെയും ബലത്തില്‍ കിണറിലേക്കിറങ്ങിയ അപ്പന്റെ മുതുകില്‍ ചവിട്ടി, കയറില്‍ തൂങ്ങി രണ്ടു മലക്കം മറിഞ്ഞ് അപ്രത്യക്ഷനായ ഏഴടി പിന്നീട് വളരെക്കാലം അപ്പന്റെ ഉറക്കമില്ലായ്മയുടെ കാരണക്കാരനായി മാറിയിരുന്നു. ഏഴടിക്ക് പിറകെ ആര്ത്തുവിളിച്ചോടിയവര് എന്നത്തേയും പോലെ അപ്പനെ മറന്നു. അന്ന് വൈകുന്നേരം വരെയും അപ്പന് കുഴിയില്‍ തന്നെ കിടന്നു...
''തടി മാത്രം ഒറച്ചാ പോരാ, തലയും ഒറക്കണം! അല്ലേല്‍ ഇങ്ങനെ കുഴിയേ കെടക്കേണ്ടി വരും...'' - ചോരയൊഴുകുന്ന ഇടതുകാലിലെ മുറിവ് ഉടുമുണ്ടഴിച്ചു കെട്ടിയശേഷം, ഒറ്റക്ക് വലിച്ചു രക്ഷപ്പെടുത്തിയ തന്റെ മസിലുകള്‍ തടവി അന്ന് പതിവില്ലാത്തൊരു താളത്തിൽ അപ്പന് പറഞ്ഞതുകൂടി ഓര്ത്തെടുത്തശേഷം തെങ്ങ് തൊട്ട് നെഞ്ചില്‍ കുരിശു വരച്ച് മൈക്കിള്‍ വീട്ടിലേക്ക് നടന്നു.
2
''ലിപ് ലോക്കിന്റെ കാര്യം എന്തായി? നാളെ തരുമല്ലോ ല്ലേ?'' - നളിനിയുടെ ചോദ്യം കാതില്‍ തൊട്ടയുടന്‍ മൈക്കിളിനു മൂത്രമൊഴിക്കാനും ഛര്‍ദിക്കാനും തോന്നി. മണ്ഡലം സ്ഥാനാര്‍ഥി രജിന്റെ പേരായി പരിണമിക്കേണ്ടിയിരുന്ന ചുവന്ന പെയിന്റ് നിറഞ്ഞ ബക്കറ്റ്, പെട്ടെന്ന് പടര്‍ന്ന വിറയലില്‍ അയാളുടെ കൈയില്‍നിന്നും വഴുതി മണ്ണില്‍ പരന്നു. ആരും കാണുന്നില്ലെന്നു ഉറപ്പാക്കിയശേഷം പെയിന്റില്‍ കാല്പാദം മുക്കി നളിനി മൈക്കിളിന്റെ നെഞ്ചില്‍ ചവിട്ടി. മണല്‍ത്തരികളും പെയിന്റില്‍ മുങ്ങി ചിറകുകളൊട്ടിയൊരു നിശാശലഭവും ചുവപ്പ് നിറത്തിനൊപ്പം അയാളുടെ നെഞ്ചില്‍ അടയാളപ്പെട്ടു.
വാ പൊത്തി ചിരിച്ചുകൊണ്ട് രജിസ്റ്റര്‍ ബുക്കുമായി പാര്‍ട്ടി ഓഫിസിനകത്തേക്ക് നടന്ന നളിനിയെ നോക്കി വേരുറച്ചപോലെ നിന്ന മൈക്കിള്‍, നല്ല തണുപ്പുള്ള രാത്രിയായിട്ടുകൂടി വിയര്‍ത്തു.
അനേകം പൂര്‍വികരെ അനുകരിച്ചുകൊണ്ട് അപ്പന് ലൂയീസ് തെങ്ങില്‍നിന്നും വീഴുകയും തളപ്പ് എന്നന്നേക്കുമായി ഉപേക്ഷിക്കുകയും ചെയ്തത് മൈക്കിള്‍ പത്താംതരം പാസായ ദിവസംതന്നെയാണ്. വര്‍ഷം മൂന്ന് കഴിഞ്ഞു. ഏഴടിയുടെ മൂന്ന് വരവിനുകൂടി അതിനിടെ നാട് സാക്ഷ്യം വഹിച്ചു. അതോടെ സ്ഥലത്തെ ആസ്ഥാന തെങ്ങുകയറ്റക്കാരന് പട്ടം മൈക്കിളില്‍ വന്നുചേര്‍ന്നിരുന്നു. കുഴൽക്കിണര്‍ വാസവന്റെ തോപ്പില്‍ അയാള്‍ സ്ഥിരമായി പോയിത്തുടങ്ങുന്നതും അതിനുശേഷമാണ്.
വാസവനെ സംബന്ധിച്ച് ഇളയമകള്‍ നളിനി ഒരു അത്ഭുതമാണ്; ശത്രുപക്ഷക്കാരിയും. പരമ്പരയിലാരും കൈകൊണ്ടു തൊടാത്ത ചെങ്കൊടി, തല്ല് കൊടുത്തിട്ടും പട്ടിണിക്കിട്ടിട്ടും നളിനി ഉപേക്ഷിക്കാത്തതാണ് കാരണം. ഒടുവില്‍, അനേകം കൂട്ടലുകള്‍ക്കും കിഴിക്കലുകള്ക്കും ശേഷം രണ്ടു നിഗമനങ്ങളില്‍ വാസവന് എത്തിച്ചേര്‍ന്നു. ഒന്നുകില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് കക്കൂസ് കുഴിയില്‍ താഴ്ത്തിയ സഖാവ് കുഞ്ഞിമൂസയുടെ പ്രേതം. അല്ലെങ്കില്‍ ചത്തുപോയ ഭാര്യ താനറിയാതെ ഏതെങ്കിലും വിപ്ലവകാരിക്ക് കിടന്നുകൊടുത്തതിന്റെ അവശേഷിപ്പ്. എന്തായാലും അതിനുശേഷം അയാള്‍ മകളെ തൊട്ടില്ല.
മൈക്കിളിനെ സംബന്ധിച്ചിടത്തോളം ഒത്തൊരു പെണ്ണായിരുന്നു നളിനി. എണ്ണക്കറുപ്പ്. കൈത്തണ്ടയില്‍ വലിയൊരു മറുക്. സദാ കൂടെയുള്ള ജലദോഷവും. തെങ്ങിന് മുകളിലിരിക്കുന്ന നേരം ലോകത്തുള്ള ഒരു ജീവിയും കാണാതെ മൈക്കിള്‍ നളിനിയെ കണ്ണുകളില്‍ ആവാഹിച്ചു. വല്ലപ്പോഴുമൊരു കരിക്ക് വെട്ടി കൊടുക്കും നേരം മുഖത്ത് നോക്കാതെ അവള് മൂക്ക് വലിക്കുന്ന ശബ്ദം ആസ്വദിച്ചുകേട്ടു.
ഏറെക്കാലം നീണ്ടുനിന്ന ഒളിച്ചുകളി ഒടുവില്‍ നളിനി കണ്ടുപിടിക്കുകതന്നെ ചെയ്തിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഇന്നലെ. അച്ഛന് വലിച്ചെറിഞ്ഞ റെഡ് വളന്റിയര്‍ യൂനിഫോമും കോളജ് ഇലക്ഷനില്‍ മത്സരിച്ച് ജയിച്ച വകയില്‍ കിട്ടിയ രക്തഹാരവും വെട്ടുകത്തിക്കും തളപ്പിനുമൊപ്പം തെങ്ങുകയറാന്‍ വന്നവന്റെ സഞ്ചിയില്‍ കണ്ട നളിനിക്ക് കൂടുതല്‍ ആലോചിക്കേണ്ട കാര്യമുണ്ടായില്ല.
തോപ്പില്‍ ഇരുട്ട് പരന്ന നേരം ആരുംകാണാതെ അവള് മൈക്കിളിന്റെ കുത്തിനു പിടിച്ചു: ''കോമ്രേഡ് മൈക്കിള്‍, ഇന്നേക്ക് മൂന്നാം ദിവസം ഇതേ തെങ്ങിന് ചോട്ടില്വെച്ചു കെട്ടിപ്പിടിച്ചൊരു ലിപ് ലോക്ക്. അല്ലേല്‍ എന്റെ തന്തേടേം പണിക്കാരുടേം തല്ല്! ഇനി ഉമ്മ തരാനുള്ള മൂഡാണേല് ഒരു ബീഡി വലിച്ചിട്ടു വേണം വരാന്‍... ഓക്കേ?''
നളിനി പറഞ്ഞത് കളിയായിട്ടല്ല. ഓര്‍മപ്പെടുത്തല്‍ അതിന്റെ സൂചനയാണ്. നെഞ്ചില്‍ പതിഞ്ഞ കാലടയാളം പരമാവധി തുടച്ചുകളഞ്ഞ ശേഷം തേനീച്ചയിരമ്പുന്ന തലയില്‍ തോര്‍ത്തുകെട്ടി മൈക്കിള്‍ ബീവറേജിലേക്ക് കുതിച്ചു.
3.
ആകാശം തുളച്ച് വളര്‍ന്നൊരു തെങ്ങിന് മുകളില്‍ നളിനിക്കൊപ്പമിരുന്ന് മേഘങ്ങളെ ഊതിപ്പറപ്പിക്കുകയും കൃത്യമായ ഇടവേളകളില്‍ ചുണ്ടുകള്‍ കൊരുക്കുകയും ചെയ്യുകയായിരുന്നു മൈക്കിള്‍. അന്നേരം തെങ്ങിന് മണ്ടയിലൊളിച്ചിരുന്നൊരു പാമ്പ് അപ്രതീക്ഷിതമായി പത്തിവിടര്‍ത്തി ചീറ്റി. പിടിവിട്ടു ശരവേഗത്തില്‍ താഴേക്ക് പതിക്കുന്നതിനിടെ ഒരു മേഘത്തിന്റെ മുകളിലിരുന്ന് കൂടുതല്‍ ഉയരത്തിലേക്ക് തുഴഞ്ഞുമറയുന്ന നളിനിയെ കണ്ട് മൈക്കിള്‍ വാവിട്ട് കരഞ്ഞു.
കണ്ണുതുറന്നയുടന്‍, റെയര്ഹോണര് റം അടുത്തുള്ള വെള്ള യൂനിഫോമുകാരിയുടെ കണ്ണുവെട്ടിച്ചുകൊണ്ട് ഫ്ലാസ്കിലേക്ക് പകര്‍ന്നുകൊണ്ടിരുന്ന അപ്പനെ നോക്കി അയാള്‍ കിതച്ചു.
''നളിനി... നളിനി മേല്പ്പോട്ട് പോയി!''
''ഉം... രണ്ട് ദെവസായെടാ... തൂങ്ങീതാ...'' - ഫ്ലാസ്കില്നിന്നും ഒരു കവിള് കുടിച്ചുകൊണ്ട് അപ്പന് പറഞ്ഞു. വെള്ള യൂനിഫോമുകാരി അപ്പനെ നോക്കി കണ്ണുരുട്ടി.
ദേഹമാസകാലം പ്ലാസ്റ്ററില്‍ പൊതിഞ്ഞ തന്റെ ശരീരത്തിന്റെ പ്രതിബിംബം സര്‍ക്കാരാശുപത്രിയുടെ ജനാലച്ചില്ലില്‍ മൈക്കിള്‍ കണ്ടു. തൊട്ടുപിന്നാലെ ആകാശം തുളച്ച് വളര്‍ന്ന തെങ്ങിന്റെ തുഞ്ചത്തേക്ക് അയാള്‍ വീണ്ടും പറന്നു...
''കുഴിച്ചു കുഴിച്ചു താഴേക്ക് പോണവനാ കുഴല്ക്കിണറ് വാസവന്. നമ്മളോ, കേറി കേറി ഒയരത്തീ പോണവരും. അപ്പൊ ആ നാറിയേക്കാള് മേലെയല്ലേ മേരിയേ നമ്മള്... പിന്നെന്തോന്ന് അന്തരത്തിന്റെ പേരിലാ ആ പാവം കൊച്ചിനെ കഴുവേറീടെ മോന് കെട്ടിതൂക്കിയേ? നമ്മടെ ചെക്കനെ തല്ലി പിണ്ടിപ്പരുവമാക്കിയേ?''
ചുവരില്‍ തൂക്കിയ അമ്മച്ചിയുടെ ഫോട്ടോ നോക്കി നാട്ടുകാര്‍ക്കിടയില്‍ പരസ്യമായ രഹസ്യം അപ്പന് കരഞ്ഞുകൊണ്ട് പറയുന്നത് അർധമയക്കത്തില്‍ മൈക്കിള്‍ കേട്ടു. ശത്രുപക്ഷത്തിന്റെ കൊടി പിടിച്ചപ്പോള്‍ മകളെ തല്ലുകമാത്രം ചെയ്ത വാസവന്, ലൂയീസിന്റെ മോനെ ഉമ്മവെച്ച കുറ്റത്തിന് അവളുടെ ജീവനെടുത്തിരിക്കുന്നു! ചത്തെന്നു കരുതി ഉപേക്ഷിച്ച തന്നെ തീര്‍ക്കുന്ന കാര്യം പാര്‍ട്ടി ഇടപെട്ടതുകൊണ്ട് വാസവന് തല്‍ക്കാലത്തേക്ക് നീട്ടിവെക്കാന്‍ സാധ്യതയുണ്ട്. കിടക്കയില്‍നിന്നും ആയാസപ്പെട്ടു നിരങ്ങി മൈക്കിള്‍ ജനാലപ്പടിയില്‍ വെച്ച മരുന്നുപൊതിയഴിച്ചു.
'പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ: എസ്.എസ്.എല്‍.സിക്കാര്‍ക്ക് അവസരം' - മരുന്ന് പൊതിഞ്ഞ പത്രക്കടലാസിലെ തലക്കെട്ട് കണ്ണിലുടക്കിയതും ജീവിതത്തിലാദ്യമായി ഒരു വാര്‍ത്ത മൈക്കിള്‍ രണ്ടാമതും വായിച്ചു. ഫുട്ബോള്‍ കളിക്കിടെ മുള്‍ക്കാട്ടിലേക്ക് തെറിച്ച പന്തെടുക്കാന്‍ പോയ താന്‍, പന്ത് ഗ്രൗണ്ടിലേക്കെറിഞ്ഞുകൊടുത്ത ശേഷം കളിതീരുംവരെ ആരും തിരിഞ്ഞുനോക്കാതെ മുള്ളില്‍ കുരുങ്ങിക്കിടന്ന ദിവസം അന്നേരം മൈക്കിളിന് ഓര്‍മവന്നു.
''ലൂയീസിന്റെ മോനൊക്കെ നിസ്സാര മാര്‍ക്ക് വാങ്ങിയാ മതി. എളുപ്പം യൂനിഫോമീ കേറാനൊക്കും...'' - അന്ന് കളി തീര്‍ന്നശേഷം നാട്ടിലെ ഒരേയൊരു പോലീസുകാരന് ചന്ദ്രശേഖരന് സാറ്, കാട്ടോഫില് തട്ടി സ്ഥിരമായി വീഴാറുള്ള ഹരിയേട്ടനോട് പറഞ്ഞിരുന്നു. മറുപടിയായി ഹരിയേട്ടന് നീട്ടി തുപ്പിയിരുന്നു. ഒരുപക്ഷേ അനേകം വളവുകളുള്ള തലവര നിവര്ന്നെങ്കില്? ഭാഗ്യമുണ്ടെങ്കില്‍? മരുന്ന് പൊതിഞ്ഞുതന്ന പല്ലിന് കമ്പിയിട്ട സ്ത്രീയെ മൈക്കിള്‍ നന്ദിയോടെ ഓര്‍ത്തു.
വാസവന്റെ വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് അയാളെ വലിച്ചിഴച്ചു ജീപ്പില്‍ കയറ്റുന്നതും നാട്ടുകാര്‍ ഒന്നടങ്കംതന്നെ സല്യൂട്ട് ചെയ്യുന്നതും അന്ന് രാത്രി അയാള്‍ സ്വപ്നം കണ്ടു. പിന്നീടുള്ള ദിവസങ്ങളില്‍ മൈക്കിളിന്റെ ദിനചര്യകള്‍ അപ്പാടെ മാറി. അയാള്‍ വൈകുന്നേരങ്ങളിലെ പന്തുകളിയും വല്ലപ്പോഴുമുള്ള മദ്യപാനവും പാടെ നിര്‍ത്തുകയും അഞ്ഞൂറ്റിയിരുപത്തിയഞ്ച് രൂപ മുടക്കി ടൗണില്‍നിന്നും വാങ്ങിയ 'സർവവിജ്ഞാനകോശം' എന്ന തടിയന് പുസ്തകത്തിനോടൊപ്പം മുറിയുടെ മണ്‍കട്ട ചുവരുകള്‍ക്കുള്ളിലേക്ക് വലിയുകയും ചെയ്തു. ഗ്രാമത്തിന്റെ കണ്ണുകളില്‍നിന്നും മൈക്കിള്‍ പതിയെ അപ്രത്യക്ഷനാവുകയായിരുന്നു. ആരും അയാളെ അന്വേഷിച്ചതുമില്ല. പത്രമിടുന്ന സുഹൈല്‍ മാത്രം മൈക്കിള്‍ അതിരാവിലെ പത്രമെത്തുന്നതും കാത്ത് പാര്‍ട്ടി ഓഫീസിലിരിക്കാറുണ്ടെന്നു പറഞ്ഞു.
ഒരു വര്‍ഷംകൂടി കടന്നുപോയി. ആഗസ്റ്റ് 15 ഇന്ത്യയുടെ സ്വാതന്ത്ര്യദിനം - സ്കൂള്‍ അവധി. ഒക്ടോബര്‍ 2 ഗാന്ധിജയന്തി - സ്കൂള്‍ അവധി തുടങ്ങി പരിമിതമായ പൊതുവിജ്ഞാനം മാത്രം തലച്ചോറിലുണ്ടായിരുന്ന മൈക്കിളിനിപ്പോള് ഇന്ത്യക്ക് പുറത്തുള്ള ഇന്ത്യയുടെ ഏക തപാല്‍ ഓഫീസ് അന്റാര്‍ട്ടിക്കയിലാണെന്ന് അറിയാം. അയാള്‍ക്ക് അവസാനത്തെ മുഗള്‍ ഭരണാധികാരി ബഹദൂര്‍ ഷാ രണ്ടാമനാണെന്നും അറിയാം. സ്കൂളിന്റെ പടിയിറങ്ങിയ ശേഷം കയറിയ തെങ്ങിന്റെയും പറിച്ച തേങ്ങയുടെയും മാത്രം കണക്കെണ്ണിയിരുന്ന മൈക്കിള്‍ സൂത്രവാക്യങ്ങളിലൂടെ കണക്കെഴുതാനും പഠിച്ചുകഴിഞ്ഞു. ഫെബ്രുവരിയിലാണ് പരീക്ഷ. ഒരു മാസം കൂടി സമയമുണ്ട്. അയാള്‍ കാത്തിരുന്നു...
4
''മോനെ മൈക്കിളേ... പലതവണ പറഞ്ഞതാ നിന്നോട്, പാറാവ് നിക്കുമ്പോ തല ആകാശത്തോട്ടല്ല, ദേ ഇങ്ങനെ സ്റ്റഡി ആയി വയ്ക്കണംന്ന്... ഏനക്കേടുള്ള ഏമാന്മാര് വല്ലോം വന്നു ചാടിയാ പണി കിട്ടുവേ...'' - സ്റ്റേഷന് മതിലിനകത്തെ തെങ്ങിന് മുകളിലേക്ക് നോക്കി കരിക്കും തേങ്ങയും വേര്‍തിരിക്കുകയായിരുന്ന മൈക്കിളിനോട് എ.എസ്.ഐ കുഞ്ഞിരാമന് പറഞ്ഞു. ഇതുപോലെ വക്രിച്ച ചിരി ചിരിച്ചുകൊണ്ട് സാറ് മുമ്പ് ഉപദേശിച്ചത് വെട്ടുകത്തികൊണ്ട് പുറം ചൊറിയുന്നത് മാതിരി ലാത്തി താന്‍ യൂനിഫോമിനുള്ളിലേക്കിടുന്നത് കണ്ടിട്ടാണ്. അദ്ദേഹം മാത്രമല്ല, മറ്റ് പോലീസുകാരും സമാനമായ രീതിയില്‍ ഒളിഞ്ഞും തെളിഞ്ഞും പറയാറുണ്ട്. ചില ശീലങ്ങളുടെ കാര്യത്തില്‍ മനസ്സും ശരീരവും തമ്മില്‍ തെറ്റുമെന്ന് മൈക്കിളിനു തോന്നി.
വാസവന്റെ ആസനത്തില്‍ മുളക് തേക്കുന്നതു മുടങ്ങാതെ കിനാവ് കണ്ടുകൊണ്ടായിരുന്നു മൈക്കിള്‍ ട്രെയിനിങ് പൂര്‍ത്തിയാക്കിയത്. യൂനിഫോമില്‍ കയറിയിട്ട് ഏഴുമാസം തികഞ്ഞു. അതിനിടെ പലതവണ വാസവന് സ്റ്റേഷന് സന്ദര്‍ശിച്ചു. ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു. തിരിച്ചുപോകാന്‍ നേരം അറവുമാടിനെ നോക്കുന്നമാതിരി മൈക്കിളിനെ നോക്കുകയും ചെയ്തു. അന്നേരങ്ങളിലൊക്കെയും അയാളുടെ ആസനത്തില്‍ മുളക് എരിഞ്ഞു.
''സാറേ, മൈക്കിളിന് കത്ത് കൊടുത്തില്ലേ?'' -മകളുടെ കല്യാണക്കത്ത് സ്റ്റേഷനകത്തു വിതരണം ചെയ്തശേഷം, പാറാവ് നില്ക്കുന്ന മൈക്കിളിനെ ഗൗനിക്കാതെ നടക്കുകയായിരുന്നു ഹെഡ് കോണ്‍സ്റ്റബിള്‍ ചന്ദ്രശേഖരന്. ചോദ്യത്തിന്റെ ഉറവിടം -സ്റ്റേഷനിലെ വനിതാസാന്നിധ്യം - മിനിയെ നോക്കി ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു: ''ബിരിയാണി കല്യാണമല്ലേ മിനിയേ, മൈക്കിളിനെ പ്രത്യേകം വിളിക്കേണ്ട കാര്യുല്ലാന്ന് അറിയില്ലേ?''
അകത്തു ചിരി പെരുത്തു. ആരും കാണുന്നില്ലെന്ന് ഉറപ്പാക്കിയശേഷം തല വീണ്ടും മൈക്കിള്‍ ആകാശത്തേക്കുയര്‍ത്തി.
''ചന്ദ്രശേഖരന് സാറേ, ഈ വോഡ്കയില് നല്ല നാടന്‍ ഇളനീരും ഒരു കീറ് പച്ചമുളകും ചേര്ത്താലുണ്ടല്ലോ സായിപ്പന്മാരുടെ കോക്ടെയിലൊക്കെ വാലും ചുരുട്ടി മാറിനിക്കും...'' -മകളുടെ കല്യാണത്തിന് മറ്റ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം എത്തിച്ചേര്‍ന്ന ചെറുപ്പക്കാരനായ പുതിയ എസ്.ഐ ശ്യാം മോഹന്‍ തന്നെ സാറേന്ന് വിളിച്ചതുകേട്ട് ചന്ദ്രശേഖരന് പുളകംകൊണ്ടു.
''ഇളനീരൊക്കെ തോനയിണ്ട് സാറേ. പക്ഷേ തോട്ടിയിട്ടാ എത്തില്ല. അടുത്തതവണ നമുക്ക് റെഡി ആക്കാം...'' -മദ്യസൽക്കാരത്തിനായി പ്രത്യേകം തയാറാക്കിയ ചായ്പിന്റെ ജനാലയിലൂടെ, പരിധിവിട്ടു വളര്‍ന്ന തൊടിയിലെ തെങ്ങിന് മണ്ടയിലേക്ക് നെറ്റിചുളിച്ചു നോക്കിക്കൊണ്ട് ചന്ദ്രശേഖരന് മറുപടി പറഞ്ഞു.
''തോട്ടിയിട്ട് പറിക്കാനോ? മൈക്കിളിനെ കളിയാക്കല്ലേ സാറേ!'' - എ.എസ്.ഐ കുഞ്ഞിരാമന് പറഞ്ഞുതീര്‍ന്നതും മൈക്കിളിന് മുന്നില്‍ തോര്‍ത്ത് പിണച്ചുകെട്ടിയ തളപ്പുകള്‍ പ്രത്യക്ഷപ്പെട്ടു. ചുറ്റും കൈയടികളുയര്‍ന്നു. ആരോ വിസിലടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
തെങ്ങില്നിന്നിറങ്ങിയ മൈക്കിളിന്റെ ചിന്ത ഏറെ കാലത്തിനുശേഷം വീണ്ടും ചുണ്ട് കീറിയ വരാലുകളിലേക്ക് തിരിഞ്ഞു.
5
ജൂണ്‍ മാസം. ആദ്യത്തെ മഴ. പോയത് ചന്ദ്രശേഖരന്റെ മകളുടെ ഇരുപത്തിയെട്ടു പവനും പൂവനും. പോലീസുകാരനായ അമ്മായിയപ്പന് പുല്ലുവില നല്‍കിക്കൊണ്ട് പട്ടാളക്കാരനായ മരുമകന് അടുത്ത ദിവസംതന്നെ പുതുമോടി മായാത്ത പെണ്ണിനെ ഓട്ടോയില്‍ കയറ്റി സ്വന്തം വീട്ടിലേക്ക് തിരിച്ചയച്ചു. തൊട്ടുപിന്നാലെ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഏഴടിയെ പിടികൂടിയില്ലെങ്കില്‍ പോലീസ് യൂനിഫോം ഊരി വേറെ വല്ല പണിക്കും പോകുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സഹപ്രവര്‍ത്തകര്‍ ചന്ദ്രശേഖരന് ധൈര്യം പകര്‍ന്നു.
പകല്‍ മുഴുവന്‍ വയലും കാടും മലയും അരിച്ചുപെറുക്കിയിട്ടും ഏഴടിയുടെ രോമംപോലും കണ്ടെത്താന്‍ കഴിയാത്ത വിഷമത്തില്‍ പോലീസുകാരിലേറെ പേരും നഖംകടിച്ചു. അന്ന് രാത്രി സ്റ്റേഷന് പിറകിലെ മതിലില്‍ ചാരി സിഗരറ്റ് പുകച്ചുകൊണ്ടിരിക്കുകയായിരുന്ന റൈറ്റര്‍ ശങ്കരന് പ്രേതത്തെപ്പോലെ കാല് തറയില്‍ തൊടാത്തവണ്ണം ഒഴുകിവരുന്ന രൂപത്തെക്കണ്ട് അലറിവിളിച്ചു. വെപ്രാളത്തില്‍ സിഗരറ്റ് കുറ്റി യൂനിഫോമിനകത്തേക്ക് തെറിച്ച് അയാളുടെ നെഞ്ച് പൊള്ളി.
''Beat me, hate me
You can never break me
Will me, thrill me
You can never kill me...'' -ദേഹമാസകലം പൊന്നില്‍ പൊതിഞ്ഞ്, വാക്മാനില് വെച്ച മൈക്കിള്‍ ജാക്സന്റെ പാട്ടിന്റെ താളത്തിനനുസരിച്ച് മൂണ്‍ വാക്ക് ചെയ്തുവരുകയാണ് ഏഴടി! കറുകറുത്തൊരു പൂവന് കൈയില്‍ കിടന്ന് പിടച്ചു. കണ്ണില്ക്കണ്ടതെല്ലാമെടുത്ത് തയാറായി നിന്ന പോലീസുകാരെ അമ്പരപ്പിച്ചുകൊണ്ട് യാതൊരു പ്രകോപനവും കൂടാതെ ഏഴടി അകത്തെ ബെഞ്ചിലിരുന്നു. ശേഷം പാള മുഖംമൂടി അഴിച്ച് നെറ്റിയില്‍ ചോദ്യചിഹ്നം പച്ചകുത്തിയ മുഖം വെളിപ്പെടുത്തി. എല്ലാവരെയും നോക്കി പുഞ്ചിരിച്ചു. മൈക്കിളിനെ മാത്രം അരികില്‍ വിളിച്ച് തലയില്‍ തൊട്ടനുഗ്രഹിച്ചു.
''കണ്ണ് കണ്ടില്ലേ സാറേ, സംഗതി മറ്റവന് കേറി മൂത്തതാ, കഞ്ചാവ്! അതാ ഈ രാജാവിന്റെ ഭാവം... തെളിവെടുപ്പൊക്കെ എന്തായാലും കോമഡിയാകും! മെന്റല്‍ ഹോസ്പിറ്റലിലേക്ക് തള്ളും മുമ്പ് നമ്മക്കൊരു ഗ്രൂപ് ഫോട്ടോ പത്രത്തീ കേറ്റാം. ഇതിന്റെ പേരില്‍ നാട്ടാര് നമ്മളോട് കാട്ടുന്ന പട്ടിപുച്ഛമെങ്കിലും അതോടെ മാറും...'' - എ.എസ്.ഐ കുഞ്ഞിരാമന് തന്റെ അനുഭവസമ്പത്ത് സര്‍വീസില്‍ പൊടിക്കുഞ്ഞായ എസ്.ഐക്ക് മുന്നില്‍ വിളമ്പി അല്പനേരത്തിനുള്ളില് പത്രക്കാരുടെ കാമറ ഫ്ലാഷ് പലയാവര്‍ത്തി സ്റ്റേഷനകത്ത് മിന്നി. ഓരോ തവണയും സുസ്മേരവദനനായി വ്യത്യസ്ത പോസുകള്‍ നല്കി ഏഴടി സഹകരിച്ചു.
മൈക്കിളിനന്നേരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറ്റവും അടുത്ത സുഹൃത്തെന്ന് അപ്പന് അവകാശപ്പെട്ടിരുന്ന പരേതനായ സേനന്റെ മകന്റെ കല്യാണത്തിന് പോയ ദിവസം ഓർമ വന്നു. അച്ഛന്റെ കൂട്ടുകാരെ വരന് സ്റ്റേജിലേക്ക് ഫോട്ടോയെടുക്കാന്‍ വിളിച്ച കൂട്ടത്തില്‍ ഓടിച്ചെന്ന അപ്പനന്ന് ഫ്രെയിം നിറഞ്ഞതുകാരണം ആദ്യം രണ്ടാംനിരയിലേക്കും പിന്നീട് പുറത്തേക്കും തള്ളിമാറ്റപ്പെട്ടിരുന്നു...
ഏഴടിയെ കാണാന്‍ കൂടിയ ജനം അർധരാത്രിയായതോടെ പിരിഞ്ഞു. സ്റ്റേഷനകത്തെ ബഹളങ്ങള്‍ പതിയെ കൂര്‍ക്കം വലികളിലേക്ക് വഴിമാറി.
അജ്ഞാതനായൊരു മൃഗം ഓരിയിട്ടു.
''മൈക്കിളേ പിടിയെടാ! സാറേ ടോര്‍ച്ചെടുത്ത് ഓടിവായോ!'' - തെങ്ങോലത്തുഞ്ചത്ത് തൂങ്ങിക്കിടക്കുന്ന തൂക്കണം കുരുവിയുടെ കൂട് നളിനിക്ക് വേണ്ടി അതിസാഹസികമായി കൈക്കലാക്കുകയായിരുന്ന മൈക്കിള്‍ ബഹളം കേട്ട് ഞെട്ടിയുണര്‍ന്നു. ഇരുട്ടിലേക്ക് ഓടിമറയുന്ന പോലീസുകാരുടെ പിന്‍വശം കണ്ടതോടെ കാര്യം മനസ്സിലായില്ലെങ്കിലും അയാളും പിറകെ കുതിച്ചു.
ഏഴടി രക്ഷപ്പെട്ടതാണ്! ചില സിനിമകളിലെ തമാശനടന്മാരെപ്പോലെ നിന്നനില്പ്പിലങ്ങ് അപ്രത്യക്ഷനായെന്നാണ് അടുത്തിടെ സര്‍വീസില്‍ കയറിയ ആബിദിന്റെ പക്ഷം. ഏഴടിയുടെ കൈയില്‍നിന്നും പൊക്കിയ നാല് കഞ്ചാവ് ബീഡികളിലൊന്ന് എവിടെ പോയെന്നതിന്റെ ഉത്തരം എസ്.ഐ ശ്യാംമോഹന് അന്നേരം വ്യക്തമായി.
ടോര്‍ച്ച് വെട്ടവും പോലീസുകാരുടെ ബഹളവും ചുറ്റുവട്ടത്തുള്ള ഏതാനും വീടുകളുടെ വിളക്കുകള്‍ തെളിയുന്നതിന് കാരണമായി. ഷുഗറിന്റെ പ്രശ്നമുള്ള റൈറ്റര്‍ ശങ്കരന് ഓട്ടത്തിനിടെ തലകറങ്ങി വീണു. അവശേഷിച്ചവരുടെ കാലുകളില്‍ കൊട്ടമുള്ളും ചെങ്കല്ലുംകൊണ്ട് മുറിയുകയും ചെയ്തു. ഇരുട്ട്. രാത്രിയുടെ മണം. ഒരുമിച്ചുയര്‍ന്ന കിതപ്പുകളുടെ ശബ്ദം ശ്രവിച്ച ചീവിടുകള്‍ ഒരു നിമിഷം മൗനരായശേഷം കച്ചേരി പുനരാരംഭിച്ചു.
നേരം വെളുക്കും മുമ്പ് ഏഴടിയെ പിടികൂടാന്‍ കഴിഞ്ഞാല്‍ നാളെ പത്രവാര്‍ത്ത നെഞ്ചുംവിരിച്ച് വായിക്കാം. അച്ചടിച്ചുവരുന്ന ഫോട്ടോ നാല് പേരെ കാണിക്കാം. അല്ലെങ്കില്‍! വെറും ലുങ്കി മാത്രമുടുത്ത് വരും ദിവസങ്ങളില്‍ വീട്ടിലിരിക്കുന്ന ചിത്രം മനസ്സില്‍ക്കണ്ട ചന്ദ്രശേഖരന് മുഴുത്തൊരു തെറി ഇരുട്ടില്‍ തുപ്പി.
''സാറേ, ഇത് മുസ്തഫാന്റെ തോപ്പാണ്. അപ്പറം പുഴയും. വെള്ളം കേറിയ ടൈം ആയോണ്ട് പുഴയില്‍ ചാടിയാ പൊകയാകും! കള്ള പൊലയാടി ഏതേലും തെങ്ങിന്റെ മേലെ കേറാനാ ചാന്‍സ്!'' - മുന്നില്‍ വീണ ഉണക്കത്തേങ്ങ പുഴയിലേക്ക് തട്ടിയെറിഞ്ഞുകൊണ്ട് കുഞ്ഞിരാമന് പറഞ്ഞു. നനവുള്ള മണ്ണില്‍ നട്ടും നടാതെയും വളര്‍ന്ന അസംഖ്യം തെങ്ങുകളുടെ മണ്ടയിലേക്ക് നോക്കി മറ്റ് പോലീസുകാര്‍ തല ചൊറിഞ്ഞു.
''തെങ്ങുമ്മേല് ആള് ഉണ്ടെങ്കി തടിയേല് ഒരു വെറയല് കാണും സാറേ...'' - മൈക്കിള്‍! പോലീസുകാര്‍ വായ മലര്‍ക്കെ തുറന്നുകൊണ്ട് അയാളെ നോക്കി. ശേഷം ഓരോ തെങ്ങിന്റെ തടിയിലും ചെവികള്‍ ചേര്‍ത്തു.
വിറയല്‍! പുഴയോട് ചേര്‍ന്നുനില്‍ക്കുന്ന കൂറ്റന്‍ തെങ്ങില്‍നിന്ന്! ടോര്‍ച്ച് വെട്ടത്തില്‍ ഏഴടിയുടെ കസവുമുണ്ട് വ്യക്തമായിക്കണ്ട ചന്ദ്രശേഖരന് ആവേശത്തോടെ, അതിലേറെ ദേഷ്യത്തോടെ വലിഞ്ഞുകയറാന്‍ ശ്രമിച്ചതും കുടവയര്‍ തടഞ്ഞ് താഴെ വീണു. അയാളുടെ ദേഹത്തേക്ക് ഏഴടി ഒരു തേങ്ങ പറിച്ചെറിഞ്ഞു. ആബിദ് പകുതിയെത്തിയെങ്കിലും തുടയുരഞ്ഞുപൊട്ടിയത് കാരണം തിരിച്ചിറങ്ങി.
വെല്ലുവിളിച്ചുകൊണ്ട് ഏഴടി അലറിച്ചിരിച്ചു. പിടിവിട്ടാല്‍ കുത്തിയൊഴുകുന്ന പുഴ വിഴുങ്ങിക്കളയും! ചന്ദ്രശേഖരന് മൈക്കിളിനെ നോക്കി; മറ്റ് പോലീസുകാരും.
ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ മൈക്കിള്‍ തെങ്ങിനരികിലേക്ക് നടന്നു. യൂനിഫോം അഴിച്ച് പിണച്ചുകെട്ടി തളപ്പാക്കിയ ശേഷം രണ്ടുകൈ കൊണ്ടും വലിച്ച് തളപ്പിന്റെ ബലം പരിശോധിച്ചു. ഒരുനിമിഷം കണ്ണടച്ചുകൊണ്ട് തെങ്ങുകയറുന്നതിനു മുമ്പ് താന്‍ എന്നും ചെയ്യാറുള്ളതുപോലെ തടിയും തളപ്പും തൊട്ടു നെഞ്ചില്‍ കുരിശുവരച്ചു. ശേഷം അമ്പരപ്പിക്കുന്ന വേഗത്തില്‍ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ഉയരത്തിലേക്ക് കുതിച്ചു.
6
''കുഴിയേലായിപ്പോയി. ഇതുപോലെ തെങ്ങുമ്മേല് കിട്ടിയിരുന്നേ ഞാനന്നേ അവനെ പൂട്ടിയേനെ...'' - അന്ന് രാത്രി റെയര്‍ ഹോണര്‍ റം നാല് പെഗ് പിന്നിട്ട നേരം ലൂയീസ് മൈക്കിളിനോട് പറഞ്ഞു.
ഏഴടിയില്നിന്നും അപ്പന് കടംകൊണ്ട പതിവില്ലാത്ത താളത്തിലുള്ള ആ പഴയ വാചകമോര്ത്ത് മൈക്കിള്‍ ചിരിച്ചു.
l