ഒരു മഹാവൃക്ഷത്തിന്റെ ഹൃദയത്തിൽ ധ്യാനംപോലൊരു കോഴി
''കുഞ്ഞീ യൂനിഫോമിട്ട് ഇപ്പഴും കളിച്ച് നടക്കുവാണോ. ഉടുപ്പ് മാറി ചായ കുടിക്ക്'' -ഉമ്മ എന്നോട് പറഞ്ഞു. ഞാനപ്പോൾ കോളജിൽനിന്ന് വന്നതേ ഉണ്ടായിരുന്നൊള്ളൂ. ''നീയിന്നും ആ പൊട്ടക്കിണറ്റിലേക്ക് എത്തിനോക്കിയല്ലേ?'' വേലായുധേട്ടൻ എന്നോട് പറഞ്ഞു. ''നിന്നോട് എത്രതവണ പറഞ്ഞിട്ടുണ്ട് അതിലേക്ക് എത്തിനോക്കരുതെന്ന്. രണ്ടുപേര് ചാടിച്ചത്ത...
Your Subscription Supports Independent Journalism
View Plans''കുഞ്ഞീ യൂനിഫോമിട്ട് ഇപ്പഴും കളിച്ച് നടക്കുവാണോ. ഉടുപ്പ് മാറി ചായ കുടിക്ക്'' -ഉമ്മ എന്നോട് പറഞ്ഞു. ഞാനപ്പോൾ കോളജിൽനിന്ന് വന്നതേ ഉണ്ടായിരുന്നൊള്ളൂ.
''നീയിന്നും ആ പൊട്ടക്കിണറ്റിലേക്ക് എത്തിനോക്കിയല്ലേ?'' വേലായുധേട്ടൻ എന്നോട് പറഞ്ഞു. ''നിന്നോട് എത്രതവണ പറഞ്ഞിട്ടുണ്ട് അതിലേക്ക് എത്തിനോക്കരുതെന്ന്. രണ്ടുപേര് ചാടിച്ചത്ത കിണറാ അത്. നിനക്കെന്തെങ്കിലും സംഭവിച്ചാൽ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ?!'' ഉമ്മ കരഞ്ഞേക്കുമെന്ന് എനിക്ക് തോന്നി. ഞാൻ ഉമ്മയുടെ കാലിൽ മെല്ലെ തടവി. മുറിയുടെ വാതിൽക്കൽ വന്ന കുൽസുവിന്റെ നിഴലെന്നെ തൊട്ടപ്പോൾ ഞാൻ അവളോട് കണ്ണിറുക്കി കാണിച്ചു. അവൾ പതിവുപോലെ മുഖംവെട്ടിച്ച് അകത്തേക്കു പോയി. ഞാൻ റിമോട്ടെടുത്ത് എ.സിയുടെ തണുപ്പൽപം കുറച്ചു.
''ഉമ്മ ഓരോ പിച്ചും പേയും പറയുകയാ'', വാതിൽ ചാരി ഡൈനിങ് ഹാളിലേക്ക് പ്രവേശിക്കുമ്പോൾ കിച്ചനിലേക്ക് എത്താവുന്ന ഒച്ചയിൽ ഞാൻ പറഞ്ഞു. മറുപടിയായി കയിൽ പാത്രത്തിലിട്ട് ഇളക്കുന്ന ശബ്ദംമാത്രം പുറത്തേക്കു വന്നു. എനിക്ക് പല്ല് പുളിക്കുന്നപോലെ തോന്നി.
ഞാൻ ഉടുപ്പ് മാറി ബാൽക്കണിയിലെ വളർത്തുചെടികളുടെ അടുത്തേക്ക് പോയി.
''നന്നായി വാടിപ്പോയല്ലോ. നീയൊന്നും കഴിക്കുന്നില്ലേ?'' -നനച്ചുകൊടുക്കുന്നതിന്റെ ഇടക്ക് ഞാൻ ബോൾസിനോട് ചോദിച്ചു. അതിലെ പൂക്കളപ്പോൾ തലവെട്ടിച്ച് തിരിഞ്ഞുനിന്നു.
''എന്നാൽ കുടിക്കണ്ട. വാടി ഉണങ്ങി നീയൊക്കെ ചത്ത് പോകും നോക്കിക്കോ.'' എനിക്ക് ദേഷ്യം വന്നു.
ഡൈനിങ് ഹാളിലെത്തിയപ്പോൾ മേശയിൽ ചായ വെച്ചിട്ടുണ്ടായിരുന്നു. ചായ ഒരു ഇറക്ക് കുടിച്ചപ്പോൾ കുൽസുവിന്റെ ദേഷ്യം അതിൽ പതഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി. എനിക്ക് സങ്കടം വന്നു. കുൽസു മിണ്ടാതായാൽ ഈ വീട്ടിലെ എല്ലാം എന്നോട് മിണ്ടാതാവും. അവളെന്താണിങ്ങനെ. ഇതെന്തൊരു വാശിയാ ഇത്. അതും അത്തരമൊരു കാര്യത്തിന്. അതൊക്കെ ഞാൻ അവളോട് എങ്ങനെ തുറന്നു പറയും. ഉമ്മയെ ഇങ്ങോട്ട് കൊണ്ടുവന്നതാണ് സകലപ്രശ്നങ്ങൾക്കും കാരണം. ഉമ്മയെ ഇങ്ങോട്ട് കൊണ്ടുവന്നില്ലായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു.
ഉമ്മക്ക് വയ്യ. മറവിരോഗമാണ്. അങ്ങനെ പറയാമോ എന്ന് എനിക്കറിഞ്ഞുകൂടാ. ഒരുതരം സ്മരണ രോഗമാണിത്. ദേഹമാസകലം ചെതുമ്പലുകൾ മുളച്ച് കിടപ്പിലായ ഉമ്മ ഇടക്കിടക്ക് മറ്റേതോ കാലത്തെ മറവിയിലേക്കുണരുകയാണിപ്പോൾ. അങ്ങനെ ഉണരുന്ന ഉമ്മയുടെ ശബ്ദംപോലും എളപ്പമുള്ള ആ കാലത്തുനിന്ന് പുറപ്പെടുന്നതായി തോന്നും. ഫ്ലാറ്റിന്റെ പുറത്തുനിന്ന് കേൾക്കുന്ന ഒരാൾക്ക് ഏതോ ഒരു സ്ത്രീ തന്റെ കുഞ്ഞിനെ ചീത്ത വിളിക്കുന്നതായേ തോന്നൂ. കാലങ്ങൾക്ക് മുൻപേ ഉപേക്ഷിച്ച ശബ്ദം മറ്റേതോ മതിലുകളിൽ തട്ടി പ്രതിഫലിക്കുംപോലെയാണത്. പോകപ്പോകെ ളേ... ളേ... എന്ന് ഒരു കൈക്കുഞ്ഞിന്റെ ശബ്ദത്തിൽ ഉമ്മ കരഞ്ഞേക്കുമെന്നോർത്തപ്പോൾ എനിക്ക് പേടി തോന്നി.
ഉമ്മക്ക് വയ്യാതായപ്പോൾ നാട്ടിൽനിന്ന് ഇങ്ങോട്ട് കൊണ്ടുവരാൻ നിർബന്ധിച്ചത് കുൽസുവാണ്.
''അലീ, ഇവിടെ എല്ലാ സൗകര്യവുമുണ്ടല്ലോ? നമുക്ക് നല്ലൊരു ന്യൂറോളജിസ്റ്റിനെ ഇവിടെ കാണിക്കാം.'' ഞാൻ സമ്മതിച്ചപ്പോൾ അവളെന്നെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചതിന്റെ ചൂട് കവിളിൽ ദാ... ഇപ്പോഴുമുണ്ട്.
ഉമ്മയെ ഇങ്ങോട്ട് കൊണ്ടുവന്നത് മുതലുള്ള ഉമ്മയുടെ എല്ലാ കാര്യങ്ങളും അവളാണ് ചെയ്തുപോരുന്നത്. ആശുപത്രിയിൽ പോകാനും ഡയപ്പർ മാറ്റാനും ഭക്ഷണം കൊടുക്കാനും കുളിപ്പിക്കാനും എന്നുവേണ്ട ഉമ്മയുടെ എല്ലാ കാര്യങ്ങളും അവൾ തനിയെ ചെയ്യും. അന്നൊക്കെ ഞാൻ കോളജിൽനിന്ന് ഫ്ലാറ്റിലെത്തുമ്പോൾ ഉമ്മ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് മാത്രമാണ് അവൾക്ക് സംസാരിക്കാനുണ്ടായിരുന്നത്. ഉമ്മ അത് പറഞ്ഞു, ഉമ്മ ഇത് പറഞ്ഞു എന്നൊക്കെ.
''അലീ, ഇന്ന് കിച്ചു ഉമ്മയുടെ മുറിയിൽ പോയിരുന്നു. അവനെ കണ്ട് ഉമ്മ നീയാണെന്ന് കരുതിയെന്ന് തോന്നുന്നു. ഉമ്മ പറയുകയാ എടാ ഇങ്ങനെ നടക്കാതെ ഒരു പെണ്ണ് കെട്ടടാന്ന്. നീയൊന്ന് കാണണമായിരുന്നു അവന്റെ നാണം.''
തുടക്കത്തിൽ അതൊക്കെ നല്ല രസമായിരുന്നു. പക്ഷേ;
''അലീ നിന്നെ കുഞ്ഞീ എന്നാണല്ലേ ഉമ്മ വിളിച്ചിരുന്നത്.'' വിദ്യാർഥികളുടെ േപ്രാജക്ടുകൾ നോക്കിക്കൊണ്ടിരുന്ന എന്റെ പിന്നിൽ വന്ന് കുൽസു എന്നോട് ചോദിച്ചു. ഞാൻ ആ പഴയ ഓർമയിൽ അവളോട് അതേയെന്ന് തലയാട്ടി.
''എന്നാൽ ഇനിമുതൽ ഞാനും നിന്നെ കുഞ്ഞീ എന്നേ വിളിക്കുന്നൊള്ളൂ'', കുൽസു അതും പറഞ്ഞ് എന്നെ പിന്നിലൂടെ കെട്ടിപ്പിടിച്ചപ്പോൾ ഓർത്തെടുക്കാനാവാത്ത ഏതോ ഒരാൾ എന്നെ ഇതേപോലെ കുഞ്ഞീ എന്ന് വിളിച്ച് പിറകിലൂടെ കെട്ടിപ്പിടിച്ചത് എനിക്ക് ഓർമ വന്നു. ഉപേക്ഷിച്ച് മറഞ്ഞ ആ കാലത്തേക്ക് എത്ര ശ്രമിച്ചിട്ടും എനിക്ക് തിരികെ പോകാനായില്ല. എനിക്ക് അസ്വസ്ഥത തോന്നി.
"ഉമ്മയിന്ന് ഒരുപാട് കരയുന്നുണ്ടായിരുന്നു. ഏതോ കോഴി പോയീന്നോ സുരേഷെന്നോ മറ്റോ പറഞ്ഞ്. എനിക്ക് കണ്ടപ്പോൾ പാവം തോന്നി. അതെന്തിനാണ് അലീ ഒരു കോഴി പോയതിന് ഉമ്മ ഇങ്ങനെ കരഞ്ഞത്? ആരാണ് സുരേഷ്?'' അവൾ എന്റെ തോളിൽ താടി കോർത്ത് എതിരെ ഇരിക്കുന്ന കണ്ണാടിയിലൂടെ നോക്കിക്കൊണ്ട് ചോദിച്ചു.
''ഉമ്മ ഓരോ പിച്ചും പേയും പറയുകയാ. നീയതൊന്നും കാര്യമാക്കണ്ട.'' ഞാൻ ഒഴിയാൻ ശ്രമിച്ചു.
''അതല്ല അലീ... ഉമ്മക്ക് സുഖമില്ലാതാവുന്നതിന് മുമ്പും നിങ്ങളെ അലിയെന്ന് വിളിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതെന്തേ കുഞ്ഞീന്നുള്ള വിളി ഉമ്മ നിർത്തിക്കളഞ്ഞത്?''പടച്ചോനെ! എന്റെ മുഖം വിവർണമാകുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടു. അവൾ ചോദിക്കുന്ന കാര്യം കേട്ട് എനിക്ക് പേടി തോന്നി.
''നീ അതൊക്കെ എന്തിനാ അറിയുന്നത്.'' പെട്ടെന്ന് ഞാൻ പ്രതികരിച്ചു. പിന്നിൽ നിൽക്കുന്ന അവളുടെ മുഖഭാവം മാറുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടു.
''നിങ്ങളെന്തോ എന്നോട് മറച്ചുവെക്കുന്നുണ്ട്. ഇത്ര കാലമായിട്ടും എന്നോട് പറയാത്ത പല കാര്യങ്ങളും നിങ്ങൾക്കുണ്ട്'', അവൾ ചിണുങ്ങി. മുഖം കനപ്പിച്ചു.
അതായിരുന്നു തുടക്കം. പിന്നീട് കുൽസു നേരാംവണ്ണം മിണ്ടിയിട്ടേ ഇല്ല. ഇനി അഥവാ മിണ്ടിയാൽതന്നെ അതേ കാര്യത്തിലേക്ക് തിരിച്ചെത്തും. എനിക്കൊട്ടും സംസാരിക്കാൻ താൽപര്യമില്ലാത്ത വിഷയത്തെക്കുറിച്ചാണ് അവൾ ചോദിക്കുന്നത്. അതും എത്രയോ വർഷങ്ങൾക്ക് മുൻപ് സംഭവിച്ചവ. കോഴി പോയതിന് ഉമ്മ കരഞ്ഞതൊന്നും എനിക്ക് ഓർമവരുന്നില്ല. ആരാണീ സുരേഷ്? എന്നാൽ ആ കാര്യം മാത്രം എനിക്കോർമയുണ്ട്. പക്ഷേ, ഞാനത് അവളോടെന്നല്ല ആരോടും പറയില്ല. പറഞ്ഞാൽ, ഇല്ല. ശരിയാവില്ല. ഞാനത് ഒരിക്കലും പറയില്ല. ആ കാര്യവും വിശേഷിച്ച് ആ നിമിഷത്തിന്റെ പുളിപ്പും അപമാനവും മാത്രമേ എനിക്കോർക്കാൻ കഴിയുന്നൊള്ളു. അതിലേക്ക് നയിച്ച സന്ദർഭമോ അങ്ങനെ തോന്നാൻ കാരണമായതോ ഒന്നും ഓർത്തെടുക്കാൻ പറ്റുന്നില്ല. ഒരുപക്ഷേ വർഷങ്ങൾക്കുശേഷം ഓർമകളുടെ രൂപം ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് എനിക്ക് തോന്നി. അപമാനത്തിന്റെയോ സന്തോഷത്തിന്റെയോ അല്ലാത്ത ആ നിമിഷം മാത്രം. അതിന് മുമ്പോ പിമ്പോ ഒന്നുമില്ല. ആ നിമിഷംമാത്രം. എനിക്ക് വേണമെങ്കിൽ രാഘവനോട് ചോദിക്കാം. അന്ന് ഞാൻ അയാളോട് എല്ലാം തുറന്ന് പറഞ്ഞിരുന്നു. അയാൾക്ക് എല്ലാം ഓർമ കാണും. പക്ഷേ ഞാനെന്തിന് രാഘവനെ കാണണം. എല്ലാ രഹസ്യങ്ങളും പങ്കുവെക്കാനുള്ളതാണോ. അതിന്റെ ആവശ്യമൊന്നുമില്ല. ലോകത്ത് പറയേണ്ടതും അല്ലാത്തതുമായ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഞാൻ അങ്ങനെ വിശ്വസിക്കുന്ന ആളാണ്. എന്നെ പഴഞ്ചനെന്ന് വിളിച്ചാലും പ്രശ്നമില്ല. എന്റെ വിശ്വാസം അതാണ്. മാത്രമല്ല എല്ലാ മനുഷ്യർക്കും രഹസ്യങ്ങളുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു. ആ രഹസ്യങ്ങളാണ് മനുഷ്യരുടെ വ്യക്തിത്വത്തെ സൃഷ്ടിക്കുന്നതുപോലും. അതിലേക്ക് നുഴഞ്ഞുകയറാൻ ആരെയും അനുവദിക്കേണ്ടതില്ല. അതിപ്പോൾ സ്വന്തം ഭാര്യയാണെങ്കിലും ഏത് കുൽസുവാണെങ്കിലും.
കുൽസുവിനെ ആദ്യമായി കാണുന്നതിനു മുമ്പുള്ള ഒരു കാര്യവും ഞാൻ അവളോട് ഇതേവരെ ചോദിച്ചിട്ടില്ല. എനിക്കത് അറിയുകയേ വേണ്ട. അവൾ ചില കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. അതൊക്കെയും പറയാൻ പറ്റുന്ന കാര്യങ്ങളായിരിക്കുമെന്നേ. പറയാൻ പറ്റാത്ത രഹസ്യങ്ങൾ ആരെങ്കിലും പങ്കുവെക്കുമോ? അങ്ങനെ ആരുമറിയാതെ പോയ എത്ര രഹസ്യങ്ങളുണ്ടാവും ലോകത്ത്. ചിലപ്പോൾ പങ്കുവെച്ചവയേക്കാൾ പങ്ക് വെക്കാത്തവയായിരിക്കും കൂടുതലും. എല്ലാം എല്ലാവരും അറിഞ്ഞിട്ടാണോ ഒരുമിച്ച് കഴിയുന്നത്. ഇതിപ്പോൾ കുൽസു മാർക്കറ്റിൽ പോകുന്നതും സാധനം വാങ്ങിക്കുന്നതും ഒക്കെ തനിയെയാണ്. അവൾ ബ്യൂട്ടീഷനെ കാണുന്നതും ഇടക്ക് സിനിമക്ക് പോകുന്നതും എല്ലാം തനിയെയാണ്. ഒരിക്കൽ ഫോണിൽ ആർക്കോ ഉമ്മ കൊടുക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. ''ലവ്യൂ... ടൂ'' എന്ന് പറയുന്നതും കേട്ടിട്ടുണ്ട്. അത് അവളുടെ കാമുകനോ സുഹൃത്തോ ആരുമാവാം. ഞാൻ ഇതേവരെ കമാന്നൊരക്ഷരം അതേക്കുറിച്ച് ചോദിച്ചിട്ടില്ല. എനിക്ക് അറിയുകയേ വേണ്ട. ഇനി കാമുകൻതന്നെ ആയാലെന്താണിപ്പോ? ഞാൻ അംഗീകരിക്കുകയും അന്തസ്സായി ഒഴിഞ്ഞുമാറി കൊടുക്കുകയും ചെയ്യും. അയ്യൊ! ഞാനങ്ങനെ ചെയ്യുമോ? അറിയില്ല. ക്ഷമിക്കണം. എനിക്കതിന് സാധിച്ചെന്ന് വരില്ല. ഞാനാകെ തകർന്നുപോകും. ഈയിടെയായി അവളുടെ മേക്കപ്പും അണിഞ്ഞൊരുങ്ങലും കുറച്ച് കൂടുതലാണ്. നാട്ടിലായിരുന്നെങ്കിൽ അവൾക്ക് ഇതിനൊക്കെ സാധിക്കുമോ? നാട്ടുകാര് മറ്റു പല പേരും വിളിച്ചേനെ. ആട്ടക്കാരിയെന്നോ മറ്റോ.
''അലീ, എന്തേലും പറഞ്ഞോ?'' കുൽസു അടുക്കളയിൽനിന്ന് എത്തിനോക്കി ചോദിച്ചു. മറുപടി പറയാതെ തണുത്ത ചായയിലേക്ക് ഞാൻ നോക്കിയിരുന്നു. അവളുടെ മുഖം ചില ഓർമകളുടെ രൂപംപോലെ മിന്നായമായി ഞാൻ കണ്ടു. അവളെ കണ്ടതും പെട്ടെന്നെനിക്ക് എന്തെങ്കിലും മറുപടി പറഞ്ഞാൽ മതിയായിരുന്നെന്ന് തോന്നി. ഛെ. വിളിച്ചിരുത്തി എന്തേലും സംസാരിക്കാമായിരുന്നു. പണ്ട് മാർക്കറ്റിൽ പോകുമ്പോൾ എന്റെ മുഖമുള്ള ഒരു പഴക്കച്ചവടക്കാരിയെ കാണാറുള്ളതിനെക്കുറിച്ച് ചോദിക്കാമായിരുന്നു. കിച്ചു ഇതേ വരെ സ്കൂൾ വിട്ട് വരാത്തതിനെ കുറിച്ച് അന്വേഷിക്കാമായിരുന്നു. പക്ഷേ അതിന്റെ തുടർച്ചയായി അവൾ അതേ കാര്യത്തിലേക്ക് തിരിച്ചെത്തും. വേണ്ട, കുറച്ചുദിവസം കഴിയട്ടെ. ഞാൻ അവളോട് മിണ്ടും. സമാധാനമായിട്ട്. എന്റെ രഹസ്യങ്ങൾ അറിയാനുള്ള ആഗ്രഹങ്ങളുടെ പിടി വിട്ടിട്ട്. എല്ലാം ഒരു ഓർമയായിട്ട്. പക്ഷേ, അപ്പോഴേക്കും എത്ര സമയമാവും. ഇപ്പോൾതന്നെ ദിവസങ്ങളെത്രയായി. അതുവരേക്കും അവളെ പിരിഞ്ഞിരിക്കാൻ എനിക്ക് കഴിയുമോ? ഇനി അവളെങ്ങാനും ഈ കാരണവും പറഞ്ഞ് അവളുടെ കാമുകനുമായി പോയേക്കുമോ? അങ്ങനെയെങ്ങാനും സംഭവിച്ചാൽ, ഹൊ. എനിക്ക് ഓർക്കാൻ കൂടി വയ്യ. ഞാനെന്ത് ചെയ്യും. എനിക്ക് ദേഷ്യം വരുന്നുണ്ട്. ഈ സെറാമിക്സിന്റെ കപ്പെടുത്ത് തറയിലുടച്ച് ചിതറിക്കാൻ തോന്നുന്നുണ്ട്. ഈ ടേബിൾ വലിച്ചിഴച്ച് കാലുകൾ വേർപെടുത്തി നാല് കഷണമാക്കാൻ തോന്നുന്നുണ്ട്. ഈ ഫ്ലവർവേസ് ഫ്രിഡ്ജിലേക്ക് എറിഞ്ഞു പൊട്ടിക്കാൻ തോന്നുന്നുണ്ട്. ബാൽക്കണിയിലേക്ക് പോയി പന്ത്രണ്ടാം നിലയിൽനിന്ന് താഴേക്ക് ചാടാനും പൊട്ടിച്ചിതറാനും ചീറ്റി തെറിക്കുന്ന രക്തംകൊണ്ട് അതുവഴി പറക്കുന്ന ശലഭത്തിന്റെ ചിറകിനെ കളങ്കപ്പെടുത്താനും തോന്നുന്നുണ്ട്. അയ്യോ... ഛെ... ഈ ദുഷിച്ച മൊറാലിറ്റിയാണ് എല്ലാത്തിനും കാരണം. മൊറാലിറ്റി ഇല്ലായിരുന്നെങ്കിൽ രഹസ്യങ്ങൾ ഉണ്ടാകുമായിരുന്നോ. മൊറാലിറ്റിയാണ് രഹസ്യങ്ങളുടെ ഫാക്ടറി. ഇനിയും എനിക്കിങ്ങനെ വയ്യ. എങ്ങനെയെങ്കിലും പഴയപോലെ ആവണം. കുൽസുവുമായി സംസാരിക്കണം. അവളെ ഒന്ന് തൊടണം. ആ ദുഷിച്ച രഹസ്യം കാരണമാണ് എല്ലാം. അവളോടത് പറഞ്ഞാലോ? ഓർമയിലുള്ളത് പറഞ്ഞിട്ട് കാര്യമില്ല. രാഘവനെ കാണേണ്ടി വരും. ഈ സുരേഷിനും കോഴിക്കും അതിലെന്തെങ്കിലും പങ്കുണ്ടോ എന്ന് മനസ്സിലാക്കണം. രാഘവനെ കാണാതെ കൃത്യമായി അന്ന് സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കാതെ ആ കാര്യം മാത്രം പറഞ്ഞാൽ ചിലപ്പോൾ അത് ഉൾക്കൊള്ളാൻ ആർക്കും കഴിഞ്ഞെന്ന് വരില്ല. ഇനി അതിനൊക്കെ തുടർച്ചയുണ്ടെന്ന് വരുത്തിത്തീർക്കുന്നത് ശരിയാണോ. അറിയില്ല. എനിക്കൊന്നും മനസ്സിലാവുന്നില്ല. ചിലപ്പോൾ ഉമ്മയുടെ സ്മരണകളുടെ അയവിറക്കലിൽ അവൾ എല്ലാം മനസ്സിലാക്കി കാണണം. എന്റെ ഭാഗത്തുനിന്നുള്ള ഒരു വിശദീകരണത്തിന് വേണ്ടിയാവും അവൾ കാത്തുനിൽക്കുന്നത്. അത് തുറന്നുപറയുന്നതോടുകൂടി ചിലപ്പോൾ അവളെന്നെ ഉപേക്ഷിച്ചേക്കും. പടച്ചോനെ! ഞാനെന്ത് ചെയ്യും. അതി തീവ്രമായി സ്നേഹിക്കുന്ന ഒരാളാൽ ഉപേക്ഷിക്കപ്പെടുമ്പോൾ എന്ത് സംഭവിക്കുമെന്ന് അറിയാമോ? അനിശ്ചിതത്വം. ചിന്തയിൽ മാത്രമല്ല, നോക്കിലും ഇരിപ്പിലും നടത്തത്തിലും ജീവിതത്തിൽ ആകെ തന്നെയും മൂടൽമഞ്ഞിലെന്നപോലെ ഒറ്റപ്പെട്ട് അകന്ന് ഒന്നും തീരുമാനിക്കാൻ കഴിയാതെ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ ചുറ്റും സ്തംഭിച്ച് സമയശീലങ്ങളിൽ തനിച്ചായിപ്പോവും നമ്മൾ. ഞാനിപ്പോൾ അത്തരം ഒരു അവസ്ഥയിലാണ്. ഞാനെന്ത് ചെയ്യുമെന്ന് എനിക്കറിയില്ല. എല്ലാം ശരിയാവുമായിരിക്കും. കുറച്ചുദിവസം കൂടി കഴിയട്ടെ.
''പ്രിയപ്പെട്ട വിദ്യാർഥികളേ, ഒരു ചെറിയ ഉദാഹരണത്തോടെ ഞാൻ അതേക്കുറിച്ച് വിശദീകരിക്കാം. ഞാൻ കോളേജിലായിരുന്നു. കൊമേഴ്സിന് എന്തൊക്കെ വ്യക്തമായ ശാസ്ത്രീയ അടിത്തറയുണ്ടെന്ന് നമ്മൾ കണ്ടു. അതുകൊണ്ടാണ്, ഇന്ന്, ത്വരിതവേഗത്തിൽ പണം സമ്പാദിക്കാനുള്ള എളുപ്പ മാർഗമായി കൊമേഴ്സ് പഠിച്ച ആരും കച്ചവടത്തെ സമീപിക്കാത്തത്. അതൊരു ദീർഘകാല പദ്ധതിയാണെന്നും വളരെയധികം സാമൂഹിക ഉത്തരവാദിത്തമുള്ള ബൃഹത്തായ പരിപാടിയാണെന്നും നമുക്കിന്നറിയാം. മനുഷ്യസംസ്കൃതിയുടെ തുടക്കത്തിൽ തന്നെ കൊമേഴ്സ് ഒരു അവിഭാജ്യ ഘടകമായിരുന്നെങ്കിലും ഇന്നത്തെ അവസ്ഥയിലേക്ക് അത് വ്യവസ്ഥപ്പെടുത്തിയിരുന്നില്ല. എന്തിന് വെറും ഇരുനൂറ് വർഷങ്ങൾക്ക് മുൻപ് പോലും കാര്യങ്ങളുടെ സ്ഥിതി മറ്റൊന്നായിരുന്നു എന്നതാണ് വാസ്തവം. അന്ന് സംഭവിച്ച ഹെൻ ഫീവർ എന്ന ഒരു ഇക്കണോമിക് ബബിളിനെയാണ് ഞാൻ ഇവിടെ ഉദാഹരണമായിട്ടെടുക്കുന്നത്. വിക്ടോറിയൻ എറ എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരുന്ന ആ കാലത്താണ് ഹെൻ ഫീവർ സംഭവിക്കുന്നത്. അതിന്റെ പ്രധാന കാരണക്കാരി അറിഞ്ഞോ അറിയാതെയോ നമ്മുടെ വിക്ടോറിയ മഹാറാണിതന്നെയായിരുന്നു എന്നതാണ് കൗതുകം. അത് സംഭവിക്കുന്നത് ഇങ്ങനെയാണ്:
"ഇന്ത്യയിൽനിന്ന് ലണ്ടനിലേക്ക് തിരികെയെത്തിയ ഒരു യാത്രികൻ അന്നത്തെ ഇന്ത്യയിലെ ചിറ്റഗോങ്ങിൽനിന്നും (ഇന്നത്തെ ബംഗ്ലാദേശിൽനിന്നും) സംഘടിപ്പിച്ച രണ്ട് കോഴികളെ മഹാറാണിക്ക് സമ്മാനമായി നൽകി. അന്ന് സ്വന്തമായി ഒരു മൃഗശാലയും നിരവധി കോളനികളുമുണ്ടായിരുന്ന മഹാറാണിക്ക് അവയെ നന്നായി ബോധിച്ചു. അവർ അവയെ പ്രത്യേകം സംരക്ഷിക്കുകയും ചെയ്തു. ഏറെ വൈകാതെ എണ്ണം പെരുകിയ ആ സുന്ദരസ്വരൂപങ്ങളെ മഹാറാണി തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ആളുകൾക്ക് സമ്മാനമായി നൽകിത്തുടങ്ങി. അന്നത്തെ പത്രമാധ്യമങ്ങളെല്ലാം മഹാറാണിയുടെ പുതിയ സമയംപോക്കിനെ കോഴികളുടെ ഇല്ലസ്ട്രേഷൻ അടക്കം വലിയ വാർത്തയാക്കി. വിക്ടോറിയൻസ് എന്ന് അറിയപ്പെട്ടിരുന്ന റാണി ഭക്തർ അത് ആശാവഹമായി ഏറ്റെടുത്തു. ഒരു പുതിയ ഫാഷൻ സ്വാഭാവികമായി രൂപപ്പെട്ടു. കോഴികൾ വിലപ്പെട്ട സമ്മാനങ്ങളായി മാറി. കാമുകന്മാർ കാമുകിമാർക്കും ഭാര്യമാർ ഭർത്താക്കന്മാർക്കും കോഴികൾ സമ്മാനമായി നൽകുന്നതിൽ മത്സരിച്ചു. ബ്രിട്ടനിൽ എന്ത് നടന്നാലും അമേരിക്ക അതിനെ അനുകരിക്കുന്നത് അക്കാലത്തും ഒരു ഫാഷനായിരുന്നു. വളരെ സാധാരണമായി ആ ഫാഷൻ അമേരിക്കയിലേക്കും വ്യാപിച്ചു. ഒരു വിലയും കൽപിക്കാതെ പറമ്പിൽ ചിക്കിച്ചിനക്കി തൂറിനടന്നിരുന്ന കോഴികളെ എല്ലാവരും ഭക്ത്യാദരപൂർവം നോക്കിക്കാണാൻ തുടങ്ങി. ഏറ്റവും നല്ല കോഴികൾ സ്വന്തമാക്കാൻ എക്സിബിഷനുകളും ലേലംവിളിയും തകൃതിയായി നടന്നു. ആയിരത്തെണ്ണൂറ്റി നാൽപത്തിനാലിനും അമ്പത്തിനാലിനും ഇടക്ക് തദ്ദേശീയരും ഇറക്കുമതി ചെയ്യപ്പെട്ടവരുമായ പല കോഴികൾക്കും ലക്ഷങ്ങളായിരുന്നു വില. അതിൽ ഏറ്റവും പ്രധാനി ബംഗാളിലെ ചിറ്റഗോങ്ങിൽനിന്നും കൊണ്ടുപോയ കോഴികളായിരുന്നു. ആ ഇനം കോഴികളുടെ പേരെന്താണെന്ന് അറിയാമോ? ബ്രഹ്മ കോഴികൾ, അഥവാ ബ്രഹ്മപുത്ര കോഴികൾ. നമ്മുടെ മഹാനദിയുടെ പേര്. വളരെ പെട്ടെന്നുതന്നെ ആ നദി ഒഴുകിത്തീർന്നു. കോഴികൾക്ക് ആവശ്യക്കാരില്ലാതായി. ഫാഷൻ പെട്ടെന്ന് അസ്തമിച്ചു. കോഴികളിൽ നിക്ഷേപം നടത്തിയ ലക്ഷക്കണക്കിന് ആളുകൾ കടക്കെണിയിലായി. അങ്ങനെ ഹെൻ ഫീവർ എന്ന ഇക്കണോമിക് ബബിൾ പൊട്ടിത്തെറിച്ചു. വളരെ പെട്ടെന്ന് പണം സമ്പാദിക്കാം എന്ന നിലയിൽ പുതിയ പുതിയ ട്രെന്റുകളിലേക്കായിരുന്നു ആളുകൾ അന്ന് നിക്ഷേപം നടത്തിയിരുന്നത്. ഇന്ന് ബുദ്ധിയുള്ള, കൊമേഴ്സ് പഠിച്ച ആരും അത്തരം നിക്ഷേപങ്ങൾ നടത്തുകയില്ല. അതിനെ ദീർഘകാലം പഠിക്കാനോ അതിന്റെ മറ്റു പല സാധ്യതകൾ മനസ്സിലാക്കാനോ ശ്രമിച്ചതിന് ശേഷം മാത്രമേ കച്ചവടക്കാർ ഇന്ന് അതിന് മുതിരൂ. ഞാൻ പറയുന്നത് ഭാഗ്യപരീക്ഷണം നടത്തുന്ന ആളുകളെക്കുറിച്ചല്ല കെട്ടോ. ശാസ്ത്രീയമായി കച്ചവടവും നിക്ഷേപവും നടത്തുന്ന ആളുകളെക്കുറിച്ചാണ്. ഭാഗ്യപരീക്ഷകർ എക്കാലത്തുമുണ്ട്.
''പറഞ്ഞുവന്നത്, എന്ത് ഉൽപാദിപ്പിക്കണം, എങ്ങനെ ഉൽപാദിപ്പിക്കണം, ആർക്ക് വിൽക്കണം എന്നത് മുതൽ മൈക്രോ മാക്രോ മാനേജ്മെന്റുകൾ എങ്ങനെ പ്രവർത്തിക്കണമെന്നതിനുവരെ കൊമേഴ്സ് ഒരു കൃത്യമായ ധാരണ നൽകുന്നുണ്ട് എന്നതിനെക്കുറിച്ചാണ്. എല്ലാവർക്കും മനസ്സിലായെന്ന് കരുതുന്നു. ഓ.കെ, ഇനി ചർച്ചയാവാം.''
എന്റെ വിഷയാവതരണം കഴിഞ്ഞ് അനേകം ശ്വാസനിശ്വാസങ്ങൾ തങ്ങിനിൽക്കുന്ന കോളജ് ഹാളിന്റെ ഡയസിലെ ഡെസ്കിലേക്ക് ചാരിനിൽക്കുമ്പോൾ ഹെൻ ഫീവറിനെക്കുറിച്ച് സംസാരിച്ചത് അനുചിതമായിപ്പോയോ എന്ന് എനിക്ക് സംശയം തോന്നി. എനിക്ക് വേണമെങ്കിൽ അക്കാലത്ത് നടന്ന മറ്റ് ഇക്കണോമിക് ബബിളുകളെക്കുറിച്ച് സംസാരിക്കാമായിരുന്നു. എന്നിട്ടും ഞാൻ കോഴികളെക്കുറിച്ചാണ് സംസാരിച്ചത്. ആ സമയം എനിക്ക് കുൽസുവിന്റെ ചോദ്യമാണ് ഓർമവന്നത്. കോഴികളെക്കുറിച്ചോർത്ത് ഉമ്മ കരഞ്ഞത് എന്തിനാവും എന്ന് ഞാൻ ആലോചിച്ചു. ഒരു പിടിയും കിട്ടിയില്ല. ആ കാര്യവുമായി അവക്കെന്തെങ്കിലും ബന്ധമുണ്ടാവുമോ എന്നും കുൽസുവുമായുള്ള പിണക്കം എന്റെ ജോലിയെക്കൂടി ബാധിക്കുന്നുണ്ടോ എന്നും ഞാൻ സംശയിച്ചു.
''സർ. കോഴികൾക്ക് കൃത്രിമ ബീജസങ്കലനം നടത്താൻ കഴിയുമോ?'' ഒരു വിദ്യാർഥി എഴുന്നേറ്റുനിന്ന് ചോദിച്ചു. ഇത് ബയോളജി ക്ലാസല്ല കൊമേഴ്സാണെന്ന് എനിക്ക് മറുപടി പറയാൻ തോന്നി.
''അതല്ല സർ. അങ്ങനെ കഴിയുമായിരുന്നെങ്കിൽ ഉൽപാദനം കൂട്ടി തുച്ഛമായ ചെലവിൽ വിതരണം നടത്തി നമുക്ക് ആ ട്രെന്റ് നിലനിർത്താൻ കഴിയുമായിരുന്നു.'' ആ വിദ്യാർഥി അവന്റെ ചോദ്യത്തിന്റെ ഉദ്ദേശ്യം പറഞ്ഞ് പൂർത്തിയാക്കി. അതുകൊണ്ടെന്ത് നേട്ടം? പ്രണയാഭ്യർഥന നടത്തുന്നൊരാൾ മുട്ടുകുത്തി പൂക്കൾക്ക് പകരം കോഴികൾ നൽകിയാൽ എങ്ങനെയായിരിക്കും എന്ന് ഞാൻ സങ്കൽപിച്ചു. കുൽസു വെളുത്ത വസ്ത്രങ്ങളണിഞ്ഞ് കോഴിയെ വാങ്ങുന്നു. ആ അജ്ഞാത കാമുകൻ കോഴിയെ നൽകുന്നു.
''സാർ, എന്റെ അറിവിൽ പക്ഷികൾക്കും മീനുകൾക്കും ആർട്ടിഫിഷ്യൽ ഇൻസുമിനേഷൻ നടത്താറില്ലെന്ന് മാത്രമല്ല അവയെ ഷണ്ഡീകരിക്കുന്ന ഏർപ്പാടും നമ്മുടെ നാട്ടിലില്ല. ചിലപ്പോൾ അമേരിക്കയിൽ കാണുമായിരിക്കും.'' മറ്റൊരു വിദ്യാർഥി ആദ്യം ചോദിച്ച വിദ്യാർഥിയെ പരിഹസിച്ചുകൊണ്ട് അവന്റെ അഭിപ്രായം രേഖപ്പെടുത്തി.
''സാറേ അത് ചിലപ്പോൾ അവയുടെ പുടുക്ക് പുറത്ത് കാണാത്തത് കൊണ്ടായിരിക്കും.'' ഒരു അജ്ഞാതനായ വിദ്യാർഥി എഴുന്നേൽക്കാതെ അവന്റെ അഭിപ്രായവും വിളിച്ച് പറഞ്ഞപ്പോൾ മുറി ഒരു അട്ടഹാസമായി മാറി. പലർക്കും അവർക്കറിയാവുന്ന പല വിചിത്രമായ കോഴിക്കഥകളും പറയാൻ തുടങ്ങി.
ഒരാൾ കുട്ടിക്കാലത്ത് തനിക്ക് സ്വന്തമായുണ്ടായിരുന്ന മനുഷ്യന്റെ അത്രയും ബുദ്ധിയുള്ള ഒരു കോഴിയെക്കുറിച്ച് വീമ്പ് പറഞ്ഞപ്പോൾ തല വെട്ടിമാറ്റിയിട്ടും ഒരു വർഷത്തോളം ജീവിച്ച കോഴിയെ ഇന്റർനെറ്റിൽ കണ്ടത് പറഞ്ഞ് മറ്റൊരുവൻ ബുദ്ധിക്കഥ പുളുവാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു. നമ്മൾ വിഷയത്തിൽ നിന്ന് വ്യതിചലിക്കുന്നതായി ഓർമപ്പെടുത്തിയ ബുദ്ധിമാനായ ഒരു വിദ്യാർഥി ഇത്തരം ചർച്ചകൾ കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായതെന്ന് വാദിക്കുംപോലെയാണെന്ന് പരിഹസിച്ചപ്പോൾ, സോക്രട്ടീസ് മുതൽ ബെർട്രാൻഡ് റസൽ വരെ ചർച്ചചെയ്ത ആ മഹനീയ വിഷയത്തെ ഇത്തരം സന്ദർഭങ്ങളിൽ വലിച്ചിഴച്ച് പുച്ഛിക്കുന്നത് ശരിയല്ലെന്ന് കോഴിയെയും കോഴിമുട്ടയെയും വേറൊരു ബുദ്ധിമാൻ ഓർമപ്പെടുത്തി. കുറച്ചുനേരമായി കോഴികളെക്കുറിച്ച് മാത്രം കേട്ടതുകൊണ്ടോ കുൽസുവിന് അറിയേണ്ട കാര്യങ്ങളിൽ ഒരു കോഴിയുള്ളതുകൊണ്ടോ രാഘവനെ ചെന്നുകാണാൻതന്നെ ഞാൻ തീരുമാനിച്ചു. ക്ലാസ് മുറി വിട്ട് പുറത്തേക്കിറങ്ങുമ്പോൾ വിദ്യാർഥികൾ പറഞ്ഞുകഴിഞ്ഞ ശബ്ദങ്ങൾ ആ മുറിയിലെ വലിയ മതിലുകളിൽ തട്ടി മറ്റേതോ കാലത്ത് മാറ്റൊലിക്കുന്നുണ്ടായിരുന്നു. ഉമ്മയുടെ ഓർമകൾപോലെ.
രാഘവനെക്കുറിച്ച് ഞാനിന്നേ വരെ ആരോടും പറഞ്ഞിട്ടില്ല. അതൊരു രഹസ്യമാണ്. സ്വപ്നങ്ങളെക്കുറിച്ചുള്ള എന്റെ രഹസ്യം. അതേക്കുറിച്ച് ഞാൻ ഒരിക്കലും കുൽസുവിനോട് പറയില്ല. എന്റെ എല്ലാ രഹസ്യങ്ങളും അവൾ അറിയേണ്ടതില്ല എന്നുതന്നെയാണ് എന്റെ തീരുമാനം. വേറൊന്നുംകൊണ്ടല്ല, ദുരൂഹതകളില്ലാതെ രഹസ്യങ്ങളറ്റ് വെറുമൊരു മനുഷ്യനാവാൻ എനിക്കൊട്ടും താൽപര്യമില്ല. മാത്രമല്ല അവളും അവളുടെ കാര്യങ്ങളൊന്നും പങ്കുവെക്കുന്നില്ലല്ലോ. അവളുടെ ഒരു ലവ്യൂ ടൂ. ഹാ... അത് പോട്ടെ. പറഞ്ഞിട്ട് കാര്യമില്ല. എല്ലാ മനുഷ്യരും പലവിധ രഹസ്യങ്ങളുടെ ശരീരങ്ങളാണല്ലോ. എന്റെ സ്വപ്നങ്ങൾപോലെയും, എനിക്ക് പറയാൻ പറ്റാത്ത ആ രഹസ്യംപോലെയും അവൾക്കും പങ്കുവെക്കാൻ കഴിയാത്ത ഒന്നായിരിക്കും അതും.
പലരും പറഞ്ഞു കേട്ടിട്ടുള്ളതുപോലെ ഭീതിദവും ഭീമാകാരവുമായി വളർന്നു വലുതാകുന്ന പൂക്കളോ തങ്ങളെ അക്രമിക്കാൻ പാഞ്ഞടുക്കുന്ന വന്യമൃഗങ്ങളോ ഇഴജന്തുക്കളോ പൊടുന്നനെ വന്നുചേരുന്ന പറക്കാനുള്ള ശേഷിയോ ഒന്നുമല്ല എന്റെ സ്വപ്നങ്ങൾ. അവ മറ്റൊരുരീതിയിലാണ് എനിക്ക് സംഭവിക്കുന്നത്. എന്നുവെച്ച് അവ മഹാ അത്ഭുതങ്ങളൊന്നുമല്ല കെട്ടോ. സാധാരണയിൽനിന്ന് ചില വ്യത്യാസങ്ങളുണ്ടെന്ന് മാത്രം.
സ്വപ്നങ്ങൾ നമ്മുടെ തന്നെ സമാന്തര ജീവിതങ്ങളാണല്ലോ. കണ്ണടച്ചാൽ യാഥാർഥ്യത്തിലേക്കും കണ്ണ് തുറന്നാൽ സാധാരണതയിലേക്കും നമ്മൾ കൺകൾ തുറക്കുന്നു. ക്ഷണികവും, ഉണർന്നാൽ മറവിയിലേക്ക് ആണ്ട് പോകുന്നതുമായ സ്വപ്നങ്ങളിൽനിന്ന് വ്യത്യസ്തമായി എന്റെ സ്വപ്നങ്ങൾ ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതും ഓരോ ദിവസവും വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ ബാക്കി നോക്കുംപോലെ തുടർച്ചയിലേക്ക് പ്രവേശിക്കാൻ കഴിയുന്നതുമായ ഒന്നാണ്. ചില പ്രിയപ്പെട്ട സ്വപ്നങ്ങളിലെ സ്ഥിരം സന്ദർശകനാണ് ഞാൻ.
ഒരു സ്വപ്നത്തിൽ, സൂര്യകാന്തിപ്പൂവിന്റെ പുഞ്ചിരിക്കു പിന്നിലെ വിത്തായി ഞാൻ ജീവിച്ചുപോരുകയാണ്. പൊൻകിരണങ്ങളിൽ മദിച്ചും, തണുത്ത കാറ്റേറ്റുലഞ്ഞും, മധുകരങ്ങളുടെ പ്രേമപൂർണമായ പീഡകളിൽ സുഗന്ധം വിയർത്തും, ഒരു മഞ്ഞ ഇതളിന്റെ തല്ലത്ത് പൊട്ടിവീണ് മുളക്കാൻ വെമ്പുന്ന മറ്റനേകം വിത്തുകളിലൊന്നായി വർഷങ്ങളായി ഞാൻ ജീവിച്ചുപോരുന്നു.
മറ്റൊരു സ്വപ്നത്തിൽ, ഞാൻ, സർവജ്ഞാനിയായ ഒരു മനുഷ്യനാണ്. അവിടെ എന്നെ സമീപിക്കുന്ന എല്ലാവരുടെയും നൂലാമാലകൾക്ക് കാലാതീതമായ ഒരു പരിഹാരം നൽകാൻ എനിക്ക് സാധിക്കും. കാരണം, ഞാൻ അവിടെ കണ്ടുമുട്ടുന്നവരെല്ലാം, എന്റെ മറ്റു പല സ്വപ്നങ്ങളിലും ജീവിച്ചുകൊണ്ടിരിക്കുന്ന നിരാശരായ എന്നെത്തന്നെയാണ്. അവർ എന്നെ ദൈവമായാണ് കണക്കാക്കുന്നത്. അവരുടെ ഭൂതവും ഭാവിയും വർത്തമാനവും എനിക്ക് നിഷ്പ്രയാസം പ്രവചിക്കാൻ കഴിയും. ഇടക്ക് ദൈവമായിരിക്കാൻ ആഗ്രഹിക്കുമ്പോൾ ആ സ്വപ്നത്തിലേക്ക് ഞാൻ പ്രവേശിക്കും. അവിടെയിരിക്കുമ്പോൾ ലോകത്തെ എല്ലാ മനുഷ്യരും പല കാലങ്ങളിൽ ജീവിക്കുന്ന ഒരാളാണെന്ന് എനിക്ക് തോന്നാറുണ്ട്.
രാഘവനെയും ഞാൻ ഒരു സ്വപ്നത്തിൽവെച്ചാണ് പരിചയപ്പെടുന്നത്. പക്ഷേ, രാഘവനെ എന്നാണ് ഞാൻ പരിചയപ്പെട്ടതെന്ന് കൃത്യമായ ഓർമ എനിക്കില്ല. എന്റെ ഏറ്റവും പഴയ ഓർമകളിൽപോലും അയാളുണ്ട്. ഒരുപക്ഷേ ഓർമകൾക്കു വിഷം പുരട്ടുന്ന മുലപ്പാലിന്റെ പിടിവിട്ടത് മുതൽ രാഘവനെ എനിക്കറിയാം എന്ന് തോന്നുന്നു. എന്റെ ഏകാന്തമായ കുട്ടിക്കാലം മുതൽ കൗമാരക്കാലത്തിന്റെ ഒരു പരിധിവരെ അയാളോടാണ് ഞാൻ എല്ലാം പങ്കുവെച്ചിരുന്നത്. ഒരു ലോകത്തെ ജീവിതം മറ്റൊരു ലോകത്ത് പങ്കു വെക്കുന്നപോലെ.
സ്വപ്നാഭവും സുപരിചിതവുമെന്ന് തോന്നിക്കുന്ന ഒരു തെരുവിലെ മുടിവെട്ടുകാരനാണ് രാഘവൻ. ആ തെരുവിലെ മടക്കു പലകകൾ നിവർത്താവുന്ന ഒരു ഒറ്റമുറിയിലാണ് അയാൾ ബാർബർ ഷോപ്പ് നടത്തുന്നത്. ഒരേസമയം പതിനെട്ട് പേരുടെ മുടി ഒറ്റയടിക്ക് അയാൾ വെട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്. ബാർബർ ഷോപ്പിലെ കണ്ണാടികളിൽ പ്രതിഫലിക്കുന്ന മറ്റു മുറികളിലേക്ക് ആളുകളെ പ്രവേശിപ്പിച്ചാണ് അയാളത് ചെയ്യുന്നത്.
വളരെ കാലത്തിനുശേഷം ഇത്തവണ രാഘവനെ കാണാൻ ഞാൻ ചെല്ലുമ്പോൾ അവിടെ കൂടുതലായി ബധിരയും മൂകയുമായ ഒരു സ്ത്രീ അവളുടെ സങ്കടങ്ങൾ ആംഗ്യഭാഷയിൽ പങ്കുവെക്കുന്നുണ്ടായിരുന്നു. തിരക്കുള്ള ഇത്തരം സന്ദർഭങ്ങളിൽ സാധാരണയായി ചെയ്യാറുള്ളതുപോലെ ഒരു ഒഴിഞ്ഞ കസേരയിൽ അവരുടെ വർത്തമാനം തീരുന്നതുവരെ കണ്ണാടിയിലെ പ്രതിഫലനങ്ങളിൽ നോക്കി ഞാൻ കുത്തിയിരുന്നു. ആ സ്ത്രീ എന്നെപ്പോലെ അവരുടെ സ്വപ്നത്തിലാണല്ലോ എന്നോർത്തപ്പോൾ എനിക്ക് കൗതുകം തോന്നി. ഇനി ഒരുപക്ഷേ ഞാൻ അവരുടെ സ്വപ്നത്തിലാണെങ്കിലോ എന്നും എനിക്ക് സംശയമുണ്ടായി.
''നിങ്ങളുടെ സ്വപ്നത്തിലുള്ളവർ നിങ്ങളോട് ഏത് ഭാഷയിലാണ് സംസാരിക്കുക?'' ഞാൻ ആംഗ്യഭാഷയിൽ അവരുടെ പ്രതിഫലനത്തെ നോക്കി ചോദിച്ചു.
അവർ മനസ്സിലായില്ലെന്ന് മറുപടി പറഞ്ഞു. ഞാൻ പലയാവർത്തി അവരോട് ആ ചോദ്യം ആവർത്തിച്ച് പരാജയപ്പെട്ടു.
''അത് പോട്ടെ, രഹസ്യങ്ങൾ പതുക്കെപ്പറയാൻ നിങ്ങളുടെ ഭാഷയിൽ വ്യത്യസ്തമായി എന്താണ് ചെയ്യാറുള്ളത്?'' ഞാൻ വെറുതേ അടുത്ത ചോദ്യം ചോദിച്ചു. അത് പക്ഷേ പ്രശ്നമായി. ഒരു ഭയങ്കര അശ്ലീലം കേട്ടതുപോലെ അവളുടെ മുഖം ചുവന്നു തുടുത്തു. കണ്ണാടിയിൽ നോക്കി ചോദിച്ചതിനാൽ ഇടതും വലതും കൈകൾ മാറിപ്പോയതായും ആംഗ്യങ്ങൾ തെറ്റിപ്പോയതായും ആ ചോദ്യത്തിന് മറ്റെന്തോ അർഥമുണ്ടായതായും എനിക്ക് മനസ്സിലായി. എനിക്ക് അസ്വസ്ഥത തോന്നി. ഞാൻ അവരെ പാടെ അവഗണിച്ചു. അപ്പോഴാണ് എന്നെ ഞാൻ കണ്ണാടിയിൽ കാണുന്നത്. ഞാനാണോ, ഈ കണ്ണാടിയിലുള്ള ഞാനാണോ, അവരെ കാണുന്നതെന്നോർത്തപ്പോൾ എന്റെ അസ്വസ്ഥത വർധിച്ചു. അൽപസമയത്തിനുശേഷം ആ സ്ത്രീ പോയി. ഞാൻ രാഘവന്റെ അടുത്തേക്ക് ചെന്നു.
''അല്ല ആരാ ഇത്. ഞാൻ കരുതി ആ പൊട്ടക്കിണറ്റിലേക്ക് ചാടിപ്പോയെന്ന്'', രാഘവൻ എന്നോട് പറഞ്ഞു. എനിക്ക് വർഷങ്ങൾക്കുശേഷം അയാളെ കാണുന്നതിലുള്ള ജാള്യത പാടെ ഇല്ലാതായി. ഞാൻ വന്ന കാര്യം പറഞ്ഞു. ഒരു മാതൃഭാവത്തോടെ അയാൾ പുഞ്ചിരിച്ചു. അയാൾക്കൊരു മാറ്റവുമില്ലെന്ന് ഞാൻ ശ്രദ്ധിച്ചു. രാഘവൻ, എന്റെ സ്മൃതിപഥം, അയാളുടെ കത്രികകൊണ്ടെന്നെ തൊട്ടു. അതിന്റെ കൂർത്ത ലോഹത്തണുപ്പ് എന്നെ ഗ്രസിച്ചു. ഞാൻ പങ്കുവെച്ച സ്മരണകൾ ഒരു ജലസ്പർശമെന്നപോലെ എന്നെ അക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
അന്ന് ഉപ്പയും ഉമ്മയും വീട്ടിലുണ്ടായിരുന്നില്ല. ഞാനാണെങ്കിലോ എന്റെ മെല്ലിച്ച ശരീരത്തിന്റെ രൂപഭംഗിയിൽ നിരാശപ്പെട്ടും, അമിതമായി വളർന്ന എന്റെ പുരുഷാവയവത്തിന്റെ ആസക്തികളിൽ സ്വയം പീഡിപ്പിക്കപ്പെട്ടും ജീവിതം കഠിനമായി തള്ളിനീക്കുന്ന ഒരു കൗമാരക്കാരനായിരുന്നു. രാവിലെതന്നെ വീടിന്റെ ഉമ്മറത്തിരുന്ന് രാത്രിമഴയിൽ അടിഞ്ഞുകൂടിയ പൂഴിയിൽ എന്റെ ഭാവനക്കനുസൃതമായി ഒരു സ്ത്രീയുടെ നഗ്നശരീരം കോലുപയോഗിച്ച് വരക്കുകയായിരുന്നു ഞാൻ.
''ഠോ'' പെട്ടെന്നുള്ള ശബ്ദം കേട്ട് ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി. പിറകിൽ സുശീല വന്നുനിൽക്കുന്നത് അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. അവളുടെ കൈയിൽ അനങ്ങുന്ന സഞ്ചിയുണ്ടായിരുന്നു.
''എന്താ ചെയ്യുന്നത്?'' സുശീല ഒരു കള്ളച്ചിരിയോടെ എന്നോട് ചോദിച്ചു.
''ഒന്നുമില്ല.'' ഞാൻ വേഗം കാലുപയോഗിച്ച് വരഞ്ഞ ചിത്രത്തെ മായ്ച്ച് കളയാൻ ശ്രമിച്ചു. അവളത് കണ്ടുകാണുമോ എന്ന് ഞാൻ പേടിച്ചു.
''അതവിടെ ഇരുന്നോട്ടെ, മായ്ക്കണ്ട'', സഞ്ചി നീട്ടിക്കൊണ്ട് അവൾ പറഞ്ഞു. ഞാൻ സഞ്ചി വാങ്ങി. എന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. ഞാൻ സഞ്ചിയിലേക്ക് നോക്കി. രണ്ട് കോഴികളായിരുന്നു അതിനുള്ളിൽ. അപ്പോഴാണ് സുശീല കോഴികളെ കൊണ്ടുവന്നാൽ പണം കൊടുക്കാൻ തലേന്ന് രാത്രി ഉമ്മ ശട്ടംകെട്ടിയത് എനിക്കോർമ വരുന്നത്. എന്റെ സ്വകാര്യ നിമിഷത്തിലേക്കുള്ള അവളുടെ ഇടിച്ചുകയറ്റം എന്നെ ഭയപ്പെടുത്തിയിരുന്നു.
''ഒരു കറുമ്പനും ഒരു വെളുമ്പിയുമുണ്ട്. നല്ലോം ചോറും അരീം ഒക്കെ തിന്നും. നല്ലോം നോക്കിയാ രണ്ടു മാസത്തിനുള്ളിൽ നിറയെ മുട്ട കിട്ടും.'' ഒരു കച്ചവടക്കാരിയെപ്പോലെ സുശീല എന്നോട് പറഞ്ഞു. ഞാൻ കോഴികളെ വാങ്ങി കൂട്ടിലാക്കി. പണമെടുക്കാൻ വീടിന്റെ അകത്തേക്കു പോയി. തിരിച്ചുവരുമ്പോൾ സുശീല ഞാൻ വരഞ്ഞ ചിത്രത്തിലേക്ക് നോക്കിനിൽക്കുകയാണ്.
''നന്നായിട്ടുണ്ട്...'' അവൾ ചിത്രം നോക്കി ഒരു വഷളൻ ചിരിയോടെ എന്നോട് പറഞ്ഞു.
''ഉമ്മയോട് പറയരുത്!'' ഞാൻ അവളോട് അപേക്ഷിച്ചു. അത് കേട്ടപ്പോൾ അപ്രതീക്ഷിതമായ ഒരു തമാശ കേട്ടതുപോലെ അവൾ ആർത്ത് ചിരിച്ചു. എനിക്ക് ഭയം വർധിച്ചു.
''പറഞ്ഞുകൊടുക്കുമോ?'' ഞാൻ വീണ്ടും ചോദിച്ചു.
''പേടിക്കണ്ട, ഞാൻ ആരോടും പറയില്ല.'' എന്റെ കവിളിൽ നുള്ളിക്കൊണ്ട് അവളത് പറഞ്ഞപ്പോൾ എനിക്ക് വിശ്വാസംവരാതെ അവളെ ഞാൻ സൂക്ഷിച്ചുനോക്കി. എന്നെക്കാൾ മുതിർന്ന പൊട്ടിച്ചിരി തീർന്നും ചിരിച്ചുകൊണ്ടിരിക്കുന്ന അവളുടെ സമൃദ്ധമായ മാറിട കാഴ്ചയിൽ ഞാൻ കുരുങ്ങിപ്പോയി.
''എന്താ വേണോ?'' അവളെന്നോട് ചോദിച്ചു.
നാണംകൊണ്ട് ഞാൻ വേഗം തലതാഴ്ത്തി. അവളെന്റെ അടുത്തേക്കു വന്നു. തലേന്ന് പെയ്ത മഴയിൽ നനഞ്ഞുകുതിർന്നൊരു കാറ്റ് ഞങ്ങൾക്കിടയിലൂടെ പാഞ്ഞുപോയി. എനിക്ക് കുളിർത്തു. അവളെന്നെ ചൂടുകൊണ്ട് പുതച്ചു.
അതിനുശേഷം പല ദിവസങ്ങളിലും സുശീലക്കുവേണ്ടി ഞാൻ കാത്തിരുന്നു. എന്റെ പ്രായത്തിന്റെ പല മനക്കോട്ടകളും അവളിൽ പണിയണമെന്ന് എനിക്കുണ്ടായിരുന്നു. അവൾ കൊണ്ടുവന്ന കോഴികളെ ഞാൻ നന്നായി വളർത്തി. ഞങ്ങളുടെ പറമ്പിൽ കോഴികൾ അധികകാലം വാഴില്ല. പറമ്പിനോട് ചേർന്ന് സരളവൃക്ഷങ്ങളുടെ ചെറിയ കാടാണ്. പത്ത് നാൽപത് ഏക്കർ കാണും. അവിടെ കീരിയും കുറുക്കനും പാമ്പുമെല്ലാമുണ്ട്. അവയുടെ ഭക്ഷ്യശൃംഖലയിൽനിന്ന് കോഴികളെ സംരക്ഷിക്കുക വലിയ പാടാണ്. എന്നിട്ടും ഞാൻ അവയെ നന്നായി പരിപാലിച്ചു. രാവിലെ കൂട് തുറന്നുവിടുമ്പോൾ രണ്ട് ജീവികളെ സ്വതന്ത്രമാക്കാനുള്ള ശേഷിയിൽ ഞാൻ വെറുതേ ആനന്ദിച്ചു. രാത്രിയിൽ മറക്കാതെ കൂട് അടക്കാനും ഉച്ചക്ക് പഴഞ്ചോറും അരിയും കൊടുക്കാനും വെള്ളം വെക്കാനും ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അവൾ വരുമ്പോൾ കോഴികളിലെ കറുമ്പൻ ഞാനാണെന്നും വെളുമ്പി നീയാണെന്നും കളി പറയണമെന്ന് മനസ്സിൽ കരുതി. അവൾ പക്ഷേ വന്നതേയില്ല. ഉപ്പയുടെ പെട്ടെന്നുള്ള മരണശേഷമാണ് എന്റെ കാത്തിരിപ്പൊക്കെ വെറുതെയായിരുന്നെന്ന് ഞാൻ മനസ്സിലാക്കുന്നത്.
ഉപ്പയെ എനിക്ക് പണ്ടേ ഇഷ്ടമല്ലായിരുന്നു. പെട്ടെന്നുള്ള മരണത്തിലും എനിക്ക് പ്രത്യേകിച്ച് ദുഃഖമൊന്നും തോന്നിയില്ല. ദിനേനെ മൂക്കറ്റം മദ്യപിച്ച് വരുന്ന അയാൾ ഉമ്മയെ അമിതമായി സ്നേഹിക്കുന്ന പ്രകൃതക്കാരനായിരുന്നു. മദ്യപിക്കാത്തപക്ഷം തന്റെ അംഗചലനങ്ങളിൽപോലും കൃത്യത സൂക്ഷിക്കുകയും വളരെ പരുക്കമായി ആളുകളോട് പെരുമാറുകയും ചെയ്യുന്ന ഒരുതരം ഇരട്ട വ്യക്തിത്വത്തിന് ഉടമയായിരുന്നു അയാൾ. തുടർന്നുള്ള മരണാനന്തര ചടങ്ങുകളും നാട്ടുകാരുടെയും കുടുംബക്കാരുടെയും വരവുപോക്കുകളും കാരണം കുറച്ച് ദിവസങ്ങൾ വേറൊന്നും ശ്രദ്ധിക്കാൻ എനിക്ക് കഴിഞ്ഞില്ല. എല്ലാം ഒന്ന് കെട്ടടങ്ങിയതിനുശേഷമാണ് പറമ്പിൽ പണിക്ക് നിന്നിരുന്ന വേലായുധേട്ടൻ വഴി രണ്ട് കാര്യങ്ങൾ ഞാൻ മനസ്സിലാക്കുന്നത്.
ഒന്ന്: കറുമ്പൻ പൂവനെ കാണാനില്ല.
രണ്ട്: കോളനിയിലെ ഒരുത്തനുമായി സുശീല ഒളിച്ചോടി.
എനിക്ക് ദേഷ്യവും സങ്കടവും വന്നു. ഞങ്ങൾ പ്രണയത്തിലൊന്നും ആയിരുന്നില്ലെങ്കിലും ഞാൻ വഞ്ചിക്കപ്പെട്ടുവെന്ന് എനിക്ക് തോന്നി. പെട്ടെന്നുള്ള എന്റെ ദുഃഖം വേലായുധേട്ടൻ അറിയാതിരിക്കാൻ ഞാൻ നന്നേ പാടുപെട്ടു. ഞാൻ ഒറ്റക്കായിപ്പോയ വെളുമ്പിക്കോഴിയുടെ അടുത്തേക്ക് ചെന്നു. അത് ചിക്കിയും ചിനക്കിയും ഒന്നും തിന്നാതെ നഷ്ടപ്പെട്ടത് എന്തോ അന്വേഷിച്ച് നടക്കുന്ന ഒരാളെപ്പോലെ പറമ്പ് മുഴുവൻ അലയുന്നുണ്ടായിരുന്നു. എനിക്ക് അധികനേരം അതിനെ നോക്കിനിൽക്കാൻ കഴിഞ്ഞില്ല. സ്വയം നഷ്ടപ്പെട്ടുപോയ ഒരാൾ തന്നെ തന്നെ തിരയുന്നത് പോലെ സങ്കടകരമായിരുന്നു ആ കാഴ്ച.
''പാവം... അതതിന്റെ പൂവനെ തിരയുകയായിരിക്കും.'' ഉമ്മ വെളുമ്പിക്കോഴിയെ നോക്കി പറഞ്ഞു. ഉപ്പയുടെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ഒരുപാട് നാളുകൾക്കുശേഷം പുറത്തേക്കിറങ്ങിയതായിരുന്നു ഉമ്മ. ഇതിനോടകം ഒരേ ഒരു മുട്ട മാത്രമിടുകയും ഇടക്കൊക്കെ അടയിരിക്കുന്നതായി ഭാവിക്കുകയും പലപ്പോഴും കാണാതാവുകയും നഷ്ടപ്പെട്ടു എന്ന് കരുതുമ്പോൾ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്ന വിചിത്രസ്വഭാവം ശീലിച്ച വെളുമ്പിക്കോഴിയെ ദിവസങ്ങൾക്കുശേഷമാണ് ഞാൻ കാണുന്നതെന്ന് ഉമ്മയോട് പറഞ്ഞില്ല. വെറുതെ ഉമ്മയെക്കൂടി എന്തിന് സങ്കടപ്പെടുത്തണം. സ്വയം നഷ്ടപ്പെട്ടു പോയ ഒരാളെ ഞാൻ ആ കോഴിയിൽ സങ്കൽപിക്കുന്നതുപോലെ ഭർത്താവ് മരിച്ചുപോയ ഒരാളെ ഉമ്മയും അതിൽ സങ്കൽപിച്ചേക്കുമോ എന്ന് ഞാൻ ഭയന്നിരുന്നു. ഉമ്മ പെട്ടെന്ന് കരയാൻ തുടങ്ങി. ഞാൻ ഉമ്മയുടെ അടുത്തേക്കിരുന്നു.
''ആ നാറി സുരേഷാണ് കോഴിയെ കട്ടത്.'' തേങ്ങലിനൊപ്പം ഒരു പ്രവചനംപോലെ ഉമ്മ എന്നോട് പറഞ്ഞു.
''എന്തൊക്കെ പ്രാന്താണുമ്മാ ഈ പറയുന്നത്.'' ഞാൻ ഉമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
''അല്ല കുഞ്ഞീ അവനാണ് കൊണ്ടുപോയത്. എനിക്കറിയാം. പറമ്പിന് ചുറ്റും കള്ളലക്ഷണങ്ങളോടെ ചുറ്റിത്തിരിയുന്നത് വേലായുധേട്ടൻ കണ്ടതാണ്. എന്നോട് പറഞ്ഞിട്ടുണ്ട്. ആ കാട്ടുകള്ളൻതന്നെയാണ് എനിക്കറിയാം.'' ഉമ്മ ഉറപ്പിച്ചു പറഞ്ഞു.
ഞാൻ ഉമ്മയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഉമ്മ എന്റെ മടിയിലേക്ക് തലവെച്ചു. ''പാവായിരുന്നു... എന്നെ എന്തിഷ്ടമായിരുന്നു...'' ഉമ്മ തേങ്ങിക്കരയാൻ തുടങ്ങി. ഉപ്പയെക്കുറിച്ചാണോ കോഴിയെക്കുറിച്ചാണോ ഉമ്മ പറഞ്ഞതെന്ന് എനിക്ക് വ്യക്തമായില്ല. ഞാൻ ഉമ്മയുടെ തലയിൽ മെല്ലെ തടവി. എനിക്ക് എന്നെതന്നെ മടിയിൽ കിടത്തി ആശ്വസിപ്പിക്കുംപോലെ തോന്നി.
വൈകീട്ടോടെ സമയം കളയാതെ വേലായുധേട്ടന്റെ വിവരമനുസരിച്ച് സുരേഷിനെ കണ്ടേക്കാവുന്ന സ്ഥലത്തേക്ക് ഞാൻ ചെന്നു. ആരോഗ്യവാനും ചലനങ്ങളിൽ വേഗതയുള്ളവനുമായ ഒരു പെരുങ്കള്ളനെ നേരിടാനുള്ള തയാറെടുപ്പിൽ ഉടുപ്പിനുള്ളിൽ ഒരു കാപ്പിത്തണ്ടയും ഒളിപ്പിച്ചായിരുന്നു ഞാൻ പോയത്. അയാളോട് പകരം ചോദിക്കുന്നതോടെ എന്റെ എല്ലാ സങ്കടങ്ങളും തീർന്നേക്കുമെന്ന് ഞാൻ വൃഥാ കരുതി. പക്ഷേ, സുരേഷിനെ കണ്ടപ്പോൾ എന്റെ വിരോധം പാഴായിപ്പോയി. മെലിഞ്ഞ് പുരികങ്ങൾപോലും നരച്ച് വെളുത്ത് പടുവൃദ്ധനായ ഒരാളായിരുന്നു സുരേഷ്. അയാൾ കോളനിക്കരികെ, വീണുകിടന്ന മരത്തിന്റെ തടിയിലിരുന്ന് പച്ചമാങ്ങ ഉപ്പ് കൂട്ടി കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നെ കണ്ടതും ചോദ്യഭാവത്തിൽ അയാൾ നോക്കി.
''എന്റെ കോഴിയെവിടെ, അതിനെ നിങ്ങൾ എന്തുചെയ്തു?'' ഞാൻ ചോദിച്ചു.
''അതിന് നീയേതാ?'' അയാൾ എന്നോട് ചിലമ്പിച്ച ശബ്ദത്തിൽ മാങ്ങയിൽ ഉപ്പ് പുരട്ടിക്കൊണ്ട് ചോദിച്ചു. ഞാൻ എന്നെ പരിചയപ്പെടുത്തി.
''ഓ നിന്റെ വാപ്പയല്ലേ ഈ അടുത്ത് മരിച്ചത്! കഷ്ടമായിപ്പോയി. നല്ലൊരു മനുഷ്യനായിരുന്നു.'' അയാൾ മാങ്ങ കഷണം വായിലേക്കിട്ട് പറഞ്ഞു.
''എനിക്കെന്റെ കോഴിയെ വേണം.'' ഞാൻ പറഞ്ഞു.
''ആ കോഴിയൊക്കെ എന്നോ എന്റെ വയറ്റിലായിപ്പോയല്ലോ, ഇനിയെന്ത് ചെയ്യും?'' അയാൾ ഒരു പരിഹാസത്തോടെ ബാക്കിവന്ന ഉപ്പും മുളകും തട്ടിക്കളഞ്ഞ് എന്നോട് പറഞ്ഞു.
എനിക്ക് ദേഷ്യം വന്നു. ഞാൻ ഉടുപ്പിനുള്ളിലെ കാപ്പിത്തണ്ടയിലേക്ക് പിടിമുറുക്കി.
''എടാ നരുന്തേ, അതുകൊണ്ടടിച്ചാൽ ഞാൻ ചത്തുപോകും. നിനക്കൊക്കെ ഇനിയും എന്തോരം ഭാവിയുള്ളതാ.'' അയാൾ പയ്യെ മരത്തടിയിൽനിന്ന് എഴുന്നേറ്റു.
''എനിക്കെന്റെ കോഴിയെ വേണം .'' ഞാൻ വീണ്ടും ആവർത്തിച്ചു.
''തിന്നു തൂറിയ കോഴിയെ ഞാൻ എങ്ങനെ കൊണ്ടത്തരാനാടാ. ശരി, നീ ക്ഷമിക്ക്. നമുക്കൊരു കാര്യം ചെയ്യാം. ഞാൻ നിനക്ക് എന്റെ കോഴിയെ തരാം. പകരത്തിന് പകരം. അത് പോരെ?.. നീ വാ. ശ്ശെ. നീ വാ. ഒന്നും നോക്കണ്ട നീ വാ. നിനക്കവനെ ഇഷ്ടമാകും നീ വാ.''
അയാൾ മുന്നേ നടന്നു. മുന്നേ നടക്കുന്ന ആളുടെ താളത്തിനൊത്ത് ഞാൻ പിന്നാലെ നടന്നു. അയാളെ ഉപദ്രവിക്കാൻ എനിക്ക് തോന്നിയില്ല. വയസ്സായ ആളല്ലേ പാവം. മാത്രമല്ല ആളൊരു സത്യസന്ധനാണെന്ന് തോന്നുന്നു. താൻ കട്ടില്ലെന്ന് അയാൾ കളവുപറയുകയും ചെയ്തില്ല. നടന്ന് നടന്ന് ഞങ്ങൾ കോളനിയിലേക്ക് പ്രവേശിച്ചു. ഇരുഭാഗത്തും സോപ്പുകട്ടകൾ അടുക്കിവെച്ചത് പോലെ വീടുകളുള്ള ഇടുങ്ങിയ വഴിയിലൂടെയാണ് ഞങ്ങൾ നടന്നത്. വീടിന്റെ ഉമ്മറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ അയാൾക്കു നേരെ കൈ വീശി കാണിച്ചു. എതിരേ വന്ന ചിലർ ഞങ്ങൾക്കുവേണ്ടി വഴിമാറി നിന്നു. അയാൾ ഇടത്തേക്കും വലത്തേക്കും തിരിയുന്ന പല വഴികളെയും പിന്തുടർന്നു. മുട്ടോളം വലുപ്പമുള്ള വേലിയിൽ കനകാംബരവും മല്ലികയും കത്തിനിന്നു. ചില വളർത്തുമൃഗങ്ങളുടെ ശബ്ദം എവിടെ നിന്നൊക്കെയോ പുറത്തേക്ക് വന്നു. ആളുകളെക്കൂട്ടി എന്നെ അപകടപ്പെടുത്താൻ ശ്രമിച്ചേക്കുമോ എന്ന് എനിക്ക് പേടിതോന്നി. പത്തിരുന്നൂറ് വീടുകൾ താണ്ടി നടന്നു നടന്ന്, ആ വഴി, ഒരു അർധവൃത്താകാരം പൂണ്ട മരത്തിന്റെ കീഴെയുള്ള കൊച്ചുകുടിലിൽ ചെന്ന് മുട്ടി.
''ഇതാണെന്റെ വീട്.'' അയാൾ പറഞ്ഞു. ഞാൻ കോഴികളെയോ കോഴിക്കൂടോ ചുറ്റിലും നോക്കി. കണ്ടില്ല.
''ദാ അവിടെ...'' അയാൾ ആ വലിയ മരത്തിന്റെ മുകളിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു. ഞാൻ ആ മരത്തിന്റെ മുകളിലേക്ക് നോക്കി. അതിന്റെ ഹൃദയത്തിൽ പലകാലങ്ങളെ ധ്യാനിച്ച് ഒറ്റക്കാലിൽ നിൽക്കുന്ന ഒരു കോഴിയെ ഞാൻ കണ്ടു. കറുമ്പനെപ്പോലെ കറുത്ത അങ്കവാലുകളും തീ പടരുന്ന പൂവുകളുമുള്ള ഒരു ഉഗ്രൻ പൂവൻ.
''കുറേ കാലമായി മരത്തിൽ തന്നെയാ. താഴെ ഇറങ്ങുന്നതിന്റെ ഒരു ലക്ഷണവുമില്ല. പക്ഷിയാണെന്നാ വിചാരം. പാവം.'' അയാൾ പറഞ്ഞു.
''ഓ അത് ശരി. അപ്പൊ ഇവൻ കാരണമാണല്ലേ നിങ്ങൾ കോഴികളെ കക്കുന്നത്...'' എനിക്ക് അപ്പോൾ തോന്നിയ കാര്യം ഞാൻ ചോദിച്ചു.
''ഹമ്പട ഭയങ്കരാ. നീ ആള് കൊള്ളാമല്ലോ. അപ്പൊ നിനക്ക് കാര്യങ്ങളൊക്കെ മനസ്സിലാവും.'' അയാൾ താടിയിൽ വിരൽവെച്ച് അതിശയത്തോടെ എന്നെ നോക്കി. അയാളുടെ വെളുത്ത മുടികൾ തലക്ക് ചുറ്റും ഒരു പ്രഭാവലയം തീർത്തു.
''പക്ഷേ ഞാൻ മാത്രമൊന്നുമല്ല അങ്ങനെ.'' അയാൾ തുടർന്നു. ''നീയും എന്തിന് എല്ലാ മനുഷ്യരും അങ്ങനെ തന്നെയല്ലേ? സ്വന്തമാക്കാൻ പറ്റാത്ത ഒന്നിന് പകരമുണ്ടാക്കാൻ ശ്രമിക്കുന്നവരാണ് എല്ലാവരും. ചിലർക്ക് പകരത്തിൽ തൃപ്തി തോന്നും. ചിലരത് തുടരും.''
ഞാൻ മരത്തിന്റെ തടിയിൽ അള്ളിപ്പിടിച്ച് മുകളിലേക്ക് കയറി അതിന്റെ കവയിൽ തങ്ങിയിരുന്നു. ഒരു മരത്തിൽ പ്രവേശിക്കുന്നത് കാടിന്റെ ഹൃദയത്തിൽ പ്രവേശിക്കുമ്പോലെയാണെന്ന് എനിക്ക് തോന്നി. വൻധമനികളും രക്തക്കുഴലുകളും അനേകം ഞരമ്പുകളും വന്നുചേരുന്ന ഒരു സിരാപ്രവാഹം. ഞാൻ പതിയെ അനക്കമുണ്ടാക്കാതെ കോഴി ഇരിക്കുന്ന കൊമ്പിലേക്ക് കയറി. കൈകൾ നീട്ടി അതിന്റെ കാലിൽ പിടിക്കാമെന്നായപ്പോൾ മറ്റൊരു കൊമ്പിലേക്ക് അതൊരൊറ്റ ചാട്ടം. ഞാൻ പുറകേ അതിരിക്കുന്ന അടുത്ത കൊമ്പിലേക്ക് പ്രവേശിച്ചു. ഇത്തവണ തൊട്ടൂതൊട്ടില്ലെന്ന മട്ടിൽ അത് മറ്റൊരു ചില്ലയിലേക്ക് പറന്നു. ഞാൻ അതിന്റെ പുറകെ ചെന്നു. തുടരെ തുടരെ അതെന്റെ കൈകളിൽനിന്ന് രക്ഷപ്പെട്ടുകൊണ്ടിരുന്നു. ഞാൻ വീണ്ടും വീണ്ടും അതിനെ പിന്തുടർന്നുമിരുന്നു. ഞങ്ങൾ ആദിമമായ ഒരു കളിയിലേർപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് എനിക്ക് തോന്നി. എന്നിൽനിന്ന് രക്ഷനേടുംതോറും അത് കൂടുതൽ പക്ഷിയാവുന്നതായും, അതിനെ പിന്തുടരുന്തോറും ഞാൻ പൂർവികമായൊരു സ്വത്വത്തിലേക്ക് പ്രവേശിക്കുന്നതായും എനിക്ക് തോന്നി. എന്റെ കൈകാലുകൾ നീണ്ട് മെലിയുന്നതായും എന്റെ ഭാരം കുറയുന്നതായും എന്റെ ശരീരത്തിൽ കൂടുതൽ രോമം കിളിർക്കുന്നതായും എന്റെ അറ്റുപോയ വാൽ മുളക്കുന്നതായും എനിക്ക് തോന്നി. ഞാൻ വിടാതെ ഒരു വേട്ടക്കാരനെപ്പോലെ അതിനെ പിന്തുടർന്നു. ഒരു ബുദ്ധിയുള്ള ഇരയെപ്പോലെ അത് എന്നിൽനിന്നും രക്ഷപ്പെട്ടുകൊണ്ടുമിരുന്നു. പൊടുന്നനെ- ഒരു വിത്തടർന്ന അലർച്ചപോലെ കാൽതെറ്റി ഞാൻ നിലത്തേക്ക് വീണു. പൂർവികതയിൽനിന്ന് വേർപെട്ട ആദ്യത്തെ മനുഷ്യക്കുഞ്ഞിനെപ്പോലെ ഞാൻ മോങ്ങി. ''അയ്യോ...'' സുരേഷ് എന്റെ രക്ഷക്കായി ഓടിവന്നു. ഭാഗ്യത്തിന് മരത്തിന്റെ തണലിൽ രൂപപ്പെട്ട ചതുപ്പിലേക്കാണ് ഞാൻ വീണത്.
ഒരു ചെറിയ അവശതയോടെ വീടെത്തുമ്പോൾ മുറ്റത്ത് ഉമ്മ അതിശയകരമായ സന്തോഷത്തോടെ നിൽക്കുന്നത് കണ്ട് എനിക്ക് അത്ഭുതം തോന്നി. ഉപ്പയുടെ മരണശേഷം ചിരിച്ച മുഖത്തോടെ ഇത്ര സുന്ദരിയായി ഉമ്മയെ ഞാൻ കണ്ടിട്ടേയില്ല.
''കുഞ്ഞീ... നോക്ക്.'' ഉമ്മ എന്റെ അടുത്തേക്ക് ഓടിയെത്തി. സന്തോഷാധിക്യത്താൽ കെട്ടിപ്പിടിച്ചുകൊണ്ട് ഉമ്മ കൈകൾ ചൂണ്ടിയ ഭാഗത്തേക്ക് ഞാൻ നോക്കി. അവിടെ ചവറുകൂനക്ക് അരികെ വെളുമ്പിക്കോഴിയുടെ കാലുകൾക്ക് ചുവടെയായി പുതുതായി വിരിഞ്ഞിറങ്ങിയ മൂന്ന് കുഞ്ഞുകോഴിക്കുഞ്ഞുങ്ങളെ ഞാൻ കണ്ടു. മരം തന്ന ഉൾക്കാഴ്ചയിൽ, അധികം വൈകാതെ വളർന്ന് വലുതായി സ്വന്തം മാതൃത്വത്തെ പ്രാപിക്കാൻ പോകുന്ന ആ കുഞ്ഞുകാലുകൾ കണ്ടപ്പോൾ ചേർന്നുനിൽക്കുന്ന ഉമ്മയിൽ സുശീല പുതച്ച അതേ ചൂടുള്ളതായി അനുഭവപ്പെട്ട ഞാൻ കൂടുതൽ വേവാൻവേണ്ടി സ്വയമറിയാതെ എന്റെ കൈകളെ ഉണർത്തി.
''അലീ... അലീ...'' ഉമ്മയുടെ നിലവിളി കേട്ട് സാധാരണതയിലേക്ക് ഉറക്കമുണർന്ന ഞാൻ വേഗത്തിൽ ഉമ്മയുടെ മുറിയിലേക്കെത്തി.
''ഈ പഠിപ്പൊക്കെ നീ എവിടന്ന് പഠിച്ചെടാ?'' തേങ്ങിക്കരഞ്ഞുകൊണ്ടിരുന്ന അവശയായ ഉമ്മ, പറഞ്ഞുകഴിഞ്ഞ ആ കാലത്തെ പഴിവാക്കുകൾക്കായി സ്വരുക്കൂട്ടിവെച്ച സ്മരണകളുടെ കെട്ടഴിക്കുമ്പോൾ, പറയാൻ പോകുന്ന വാക്കുകളോർത്ത് അപമാനഭയത്താൽ ഉടനെ ഉമ്മയെ നിശ്ശബ്ദമാക്കാൻ എനിക്ക് തോന്നി. ഞാൻ തലയിണയെടുത്ത് ഉമ്മയുടെ മുഖത്തേക്കടുപ്പിച്ചു.
''അലീ... നീയെന്ത് ഭ്രാന്താ ഈ ചെയ്യുന്നേ...'' ഞൊടിയിടയിൽ മുറിയിലേക്ക് പ്രവേശിച്ച കുൽസു എന്റെ കൈയിൽനിന്നും തലയിണ കൈക്കലാക്കി ദൂരേക്കെറിഞ്ഞു. ഞാൻ ഒരു കുറ്റവാളിയെപ്പോലെ അവളെ നോക്കി.
''ഇതെന്തൊരു കഷ്ടമാണ്...'' അവൾ നെറ്റിയിൽ സ്വയം തല്ലി. എന്റെ കോളറിൽ കടന്നുപിടിച്ചു. ''ഉമ്മ മരിച്ചിട്ട് എത്ര കാലമായി അലീ... നോക്ക്... ഇവിടെ ആരുമില്ല... നോക്ക്.'' അവൾ കട്ടിലിൽ കിടക്കുന്ന ബെഡ്ഷീറ്റ് വലിച്ചെറിഞ്ഞു.
''കിച്ചു സ്റ്റേറ്റ്സിൽ പോയതിനുശേഷം നീ അവനോട് ഒരിക്കലെങ്കിലും മിണ്ടിയിട്ടുണ്ടോ അലീ. എത്രകാലമായി അലീ ഇങ്ങനെ. നോക്ക്... ഈ കണ്ണാടിയിലേക്ക് നോക്ക്. ഒരുപാട് കാലമായി അലീ. എനിക്ക് വയ്യ. നീ...'' അവൾ എന്നെ ആ മുറിയിലെ അലമാരയുടെ മുന്നിൽ കൊണ്ടുനിർത്തി. സ്വപ്നങ്ങൾപോലെ സമാന്തരലോകം സൂക്ഷിക്കുന്ന കണ്ണാടിയിലൂടെ നെറ്റിക്ക് തല്ലി മുറിവിട്ടു പോകുന്ന കുൽസുവിനെ ഞാൻ കണ്ടു. ഞാൻ കണ്ണാടി കാണിച്ചുതന്ന എന്നെ നോക്കി. കോളജിൽനിന്നും ഫ്ലാറ്റിന്റെ പടികൾ കയറി വന്ന് വിയർത്തുകുളിച്ചു നിൽക്കുന്ന എന്നെ ഞാൻ തിരിച്ചറിഞ്ഞു. ഞാനാണോ കണ്ണാടിയിൽ കാണുന്ന ഞാനാണോ എന്നെ കാണുന്നതെന്നോർത്തപ്പോൾ എനിക്ക് വല്ലായ്ക തോന്നി. ഉമ്മയുടെ ഞരക്കം കേട്ട് ഞാൻ കട്ടിലിന്റെ അടുത്തേക്ക് പോയി.
''കുഞ്ഞീ, യൂണിഫോമിട്ട് ഇപ്പഴും കളിച്ച് നടക്കുവാണോ. ഉടുപ്പ് മാറി ചായ കുടിക്ക്.'' ഉമ്മ എന്നോട് പറഞ്ഞു. ഞാനപ്പോൾ കോളജിൽനിന്ന് വന്നതേ ഉണ്ടായിരുന്നൊള്ളൂ.
''നീയിന്നും ആ പൊട്ടക്കിണറ്റിലേക്ക് എത്തിനോക്കിയല്ലേ? വേലായുധേട്ടൻ എന്നോട് പറഞ്ഞു. നിന്നോട് എത്രതവണ പറഞ്ഞിട്ടുണ്ട് അതിലേക്ക് എത്തിനോക്കരുതെന്ന്. രണ്ടുപേര് ചാടിച്ചത്ത കിണറാ അത്. നിനക്കെന്തെങ്കിലും സംഭവിച്ചാൽ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ?!'' ഉമ്മ കരഞ്ഞേക്കുമെന്ന് എനിക്ക് തോന്നി. ഞാൻ ഉമ്മയുടെ കാലിൽ മെല്ലെ തടവി. മുറിയുടെ വാതിൽക്കൽ വന്ന കുൽസുവിന്റെ നിഴലെന്നെ തൊട്ടപ്പോൾ ഞാൻ അവളോട് കണ്ണിറുക്കി കാണിച്ചു. അവൾ പതിവുപോലെ മുഖംവെട്ടിച്ച് അകത്തേക്കുപോയി...