ഇരുട്ടിന്റെ വീട്
നാഷനൽ ഹൈവേ വീതി കൂട്ടുമ്പോൾ ഇരുവശങ്ങളിലുമുള്ള ജീവിതങ്ങളുടെ അടി പറിഞ്ഞുപോകും. ആര് എവിടെയായിരുന്നു എന്നൊരു എത്തുംപിടിയും കിട്ടില്ല. രമണിയക്കയുടെ വീടിന്റെ പായലുപിടിച്ച മതിലും രണ്ടു സിംഹങ്ങളും വഴിയിലേക്ക് ഇറങ്ങിനിൽക്കുന്ന പൂവരശിന്റെ കവരവും. പെട്ടെന്ന് തന്നെ ഒരു തിരിച്ചറിവുണ്ടാവും. ഇപ്പറഞ്ഞതൊന്നും ഇവിടെയല്ല. അടുത്ത വളവു കഴിഞ്ഞാണ്. അതിന്,...
Your Subscription Supports Independent Journalism
View Plansനാഷനൽ ഹൈവേ വീതി കൂട്ടുമ്പോൾ ഇരുവശങ്ങളിലുമുള്ള ജീവിതങ്ങളുടെ അടി പറിഞ്ഞുപോകും. ആര് എവിടെയായിരുന്നു എന്നൊരു എത്തുംപിടിയും കിട്ടില്ല. രമണിയക്കയുടെ വീടിന്റെ പായലുപിടിച്ച മതിലും രണ്ടു സിംഹങ്ങളും വഴിയിലേക്ക് ഇറങ്ങിനിൽക്കുന്ന പൂവരശിന്റെ കവരവും. പെട്ടെന്ന് തന്നെ ഒരു തിരിച്ചറിവുണ്ടാവും. ഇപ്പറഞ്ഞതൊന്നും ഇവിടെയല്ല. അടുത്ത വളവു കഴിഞ്ഞാണ്. അതിന്, അങ്ങനെയൊരു വളവുണ്ടെന്നാരു പറഞ്ഞു. പക്ഷേ, അപ്പോഴേക്കും മനസ്സിലൊരു വളവ് തിരിഞ്ഞിട്ടുണ്ടാവും. പഴയ കാലത്തിന്റെ മണം, പിടിതരാതെ എല്ലായിടത്തും ഒളിച്ചുനിൽക്കുന്നുണ്ട്. മഞ്ഞനിറത്തിൽ കറുത്തയക്ഷരത്തിൽ എഴുതിയൊരു ബോർഡ് ഇവിടെയെങ്ങാണ്ടുണ്ട്.
താഴത്തൂര് എൽ.പി സ്കൂൾ. തീർച്ചയായിട്ടും ഇവിടെയാണ്.
ഇവിടെ നിർത്ത്.
അവൾ അടക്കം പറഞ്ഞു.
കാർ മുന്നോട്ടു നീങ്ങിയാൽ ജീവിതത്തിൽനിന്ന് എന്തൊക്കെയോ അടർന്ന് പൊയ്പ്പോകും. ഡ്രൈവറുടെ സീറ്റിൽ ഇരുന്നയാൾ ഇൻഷുറൻസ് കമ്പനിയുടെ മാനേജരാണ്. പലപ്പോഴായി അയാൾ ചന്ദ്രികയുടെ വീട്ടിൽ വന്ന് അവളുടെ ദാരിദ്ര്യത്തിൽ സെന്റ് പൂശിപ്പോകാറുണ്ടായിരുന്നു. അവളുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പോംവഴിയാണത്രേ ഇൻഷുറൻസ് കമ്പനിയുടെ ഏജൻസി. അങ്ങനെയാണ് ഏജൻസി എടുത്തതും. കസ്റ്റമേഴ്സിനെ കാണാൻ അയാളോടൊപ്പം യാത്രകൾ വേണ്ടിവരാറുണ്ടായിരുന്നു. ഇന്നും അങ്ങനെയൊരു യാത്രയിലാണ്.
കുട്ടിക്കാലത്ത് വാടകവീടുകളിൽ മാറിമാറി താമസിക്കുമായിരുന്നു. എവിടെയൊക്കെ എന്നൊന്നും ഓർത്തെടുക്കാനൊട്ട് ശ്രമിക്കാറുമുണ്ടായിരുന്നില്ല. ഇന്ന് പക്ഷേ, കണ്ടു മറന്ന ഒരു സത്യൻ സിനിമയിലേക്ക് ആരോ കൂട്ടിക്കൊണ്ടു പോയതുപോലെ... പൊടുന്നനെ കറുത്തതും വെളുത്തതുമായ ചില വഴികൾ, ചില മരങ്ങൾ, ചില വഴിമുക്കുകൾ ഭൂമിക്കടിയിൽനിന്ന് ജീവൻവെച്ച് മുന്നിലൂടെ ഓടിത്തുടങ്ങിയിരിക്കുന്നു. ഇവിടെനിന്ന് തിരിയുന്നിടത്ത് ഒരു കലുങ്ക് ഉണ്ട്.
ചന്ദ്രിക തല പുറത്തേക്ക് നീട്ടി. പക്ഷേ, കലുങ്ക് അവിടെയുണ്ടായിരുന്നില്ല. ഒത്ത നടുക്കുകൂടി ഒരു തോടുണ്ടായിരുന്നു. കലുങ്കിനടിയിൽ പള്ളത്തിക്കുഞ്ഞുങ്ങളും വരാൽപാർപ്പുമൊക്കെയുണ്ടായിരുന്നു. ഇപ്പോഴാവട്ടെ തോടുമില്ല, കലുങ്കുമില്ല. അതോ ഇത് മറ്റേതോ സ്ഥലമായിരിക്കുമോ? ഒഴുക്കില്ലാണ്ടാച്ചാല് മണ്ണു കരയും.
ഉണക്കമണ്ണിൽ, ആയത്തിൽകൊണ്ട തൂമ്പാത്തുമ്പുപോലെ നെഞ്ചിൽ ഒരു പഴയ ശബ്ദം വന്നുകൊണ്ടു. അവൾ ഓർത്തു. ചന്ദ്രിക എസ്. ആറാം ക്ലാസിൽ താഴത്തൂര് മണിക്കുട്ടി ടീച്ചറിന്റെ ക്ലാസിലെ നാലാമത്തെ ബെഞ്ചിൽ ഇരുന്നവൾ.
ക്ലാസിലെ പിൻജനാലക്കപ്പുറത്ത് വലിയ കണ്ടങ്ങളാണ്. വരമ്പത്തൂടെ നടന്നാൽ കാടുപിടിച്ച ഒരു തുരുത്ത് കാണാം. അവിടെയാണ് ഇരുട്ടിന്റെ വീട്. അയാളുടെ ശബ്ദമാണ് ഇപ്പോൾ ഓർമവന്നത്. 'ഇരുട്ട്' എന്ന് ദേശക്കാർ വിളിച്ചു. ഇരുട്ടിനേക്കാൾ കറുത്തതായിരുന്നു അയാൾ. അയാളേക്കാൾ കറുത്തതായി ഒന്നേ ഭൂമിയിൽ ഉണ്ടായിരുന്നുള്ളൂ. അതയാളുടെ ചുമലിലെ കറുത്ത മറുകായിരുന്നു. കുരിയമഹനഗസ്റ്റീൻ എന്നായിരുന്നു പേര്. പക്ഷേ, ഇരുട്ടിന്റെ വീട്. ഇരുട്ടിന്റെ ഭാര്യ ഇരുട്ടിന്റെ പറമ്പ്. അങ്ങനെയൊക്കെയാണ് നാട്ടുകാർ പറയാറ്. മഴത്തോടുവെട്ടിയും പെരുച്ചാഴിയെ എയ്തു വീഴ്ത്തിയും വടക്കേ കേറ്റത്തെ വരണ്ട കനാലിൽ വെള്ളമലച്ചുവരുന്ന ശബ്ദത്തിന് കാതോർത്തും സൂര്യന്റെ നട്ടയ്ക്ക് നോക്കി പരിഭവം പറഞ്ഞും ഇരുട്ട് ജീവിച്ചുപോരുന്ന കാലത്താണ് മല്ലപ്പള്ളിക്കപ്പുറത്ത് ആനിക്കാട്ടുനിന്ന് ചന്ദ്രികയെയും അനിയത്തി സൂര്യകാന്തിയെയും കൂട്ടി സോമരാജൻ നായരും ഭാര്യ തങ്കമണി ഭായിയും ഇരുട്ടിന്റെ വീടിനടുത്തു വന്ന് വീട് എടുത്തത്. സോമരാജൻ നായർക്ക് കാർബൈഡ് ഫാക്ടറിയിൽ പണികിട്ടി വന്നതാണ്. ധർമശാസ്താ ടാക്കീസിൽ 'തെമ്മാടിവേലപ്പൻ' കാണാൻ പോയപ്പോൾ അവിടെെവച്ചാണ് ഇരുട്ടിനെയും ഏല്യായെയും ആദ്യമായി കണ്ടത്. അമ്മയാണ് അങ്ങോട്ടു കേറി മിണ്ടിയത്.
ഞങ്ങള് ഹൈറേഞ്ച്കാരാ...
പിന്നെയെപ്പോഴോ കുരിയമഹനഗസ്റ്റീനെ അച്ചായി എന്നു വിളിച്ചു. ഏല്യായെ ഏലിക്കുട്ടിയെന്നും. ഇരുട്ടിന്റെ വീട് നിൽക്കുന്ന പുരയിടം നിറയെ കാട്ടുമരങ്ങളാണ്.
ഉച്ചനേരത്തുപോലും ഇരുട്ട് പൂത്തുനിൽക്കുന്ന സ്ഥലം. പഴമാങ്ങ, ചാമ്പയ്ക്ക, ചക്ക... ഏറ്റവും ഇഷ്ടം പാഷൻഫ്രൂട്ടായിരുന്നു. രണ്ടു പറമ്പുകൾക്കിടയിൽ ഒരു വെട്ടുതോടുണ്ട്. അതിന് കുറുകെ തെങ്ങുപാലമാണ്. ഇരുട്ടിന്റെ വീട്ടിലേക്ക് എളുപ്പമെത്താനുള്ള കുറുക്കുവഴി. തോടു കഴിഞ്ഞാൽ അപ്പുറത്ത് കാണുന്നത് കാടുപിടിച്ച പറമ്പാണ്. പണ്ട്, സൂര്യഭഗവാൻ എന്ന് വിളിപ്പേരുണ്ടായിരുന്ന ഒരു നമ്പൂരി കുഷ്ഠംവന്നു മരിച്ചപ്പോൾ, കുഴിച്ചിട്ടത് അവിടെയാണ്. സ്കൂളില്ലാത്തപ്പോൾ, ഏല്യായുടെ വീട്ടിലേക്ക് കണ്ണുമടച്ച് ആ പറമ്പിലൂടെ ഒറ്റയോട്ടം െവച്ചുകൊടുക്കും. തെങ്ങിൻപാലമടുത്താലേ കണ്ണു തുറക്കൂ... എന്നിട്ട് പറമ്പിലേക്ക് നോക്കി മൂന്നാല് ആട്ട് ആട്ടും. അല്ലെങ്കിൽ തൊട്ടു തൊട്ടില്ല എന്നു പറഞ്ഞു പിന്നാലെ പാഞ്ഞുവരുന്ന ആത്മാവ് കൂടെക്കൂടുമത്രേ. ഏല്യാ, ആ വരവ് നോക്കിയങ്ങനെ നിൽക്കും. ആരും കാണാതെ അച്ഛന്റെ ചെല്ലത്തീന്ന് കുറച്ചു വെറ്റേമ്മാൻ ഏല്യായ്ക്ക് കൊണ്ടക്കൊടുക്കും. ഏല്യാ, നല്ല പഴുത്ത പാഷൻഫ്രൂട്ട് അതിന്റെ മേലറ്റം വട്ടത്തിൽ ചെത്തി അതിലേക്ക് ഒരു സ്പൂൺ പഞ്ചസാരയിട്ട് അലിയിച്ചു കൊടുക്കും.
വഴി, വഴിമുട്ടുന്നിടങ്ങളിൽനിന്ന് ചന്ദ്രിക പിന്നെയും നടന്നു. റോഡുകൾ എല്ലാ ദിശയിൽനിന്നും അവളെ ആക്രമിച്ചുകൊണ്ടിരുന്നു. ഇവിടെയെങ്ങാണ്ടാണ്, ഒടിഞ്ഞുവീണുപോയ ആ വഴി. ചുറ്റും കുത്തിനിർത്തിയിരിക്കുന്ന കൂറ്റൻ വീടുകളും ആനയെപ്പോലെ, കുളിപ്പിച്ച് ഭസ്മം തൊടീച്ച് നിർത്തിയിരിക്കുന്ന പുത്തൻകൂറ്റ് റോഡുകളും നേർക്കുനേർ വന്ന് ചിരിച്ചു. അവൾ ഏലിക്കുട്ടിയെ ഓർത്തെടുക്കുകയായിരുന്നു. പലപ്പോഴും പുഴുങ്ങിയ മുട്ടയുടെ മണമായിരുന്നു ഏലിക്കുട്ടിക്ക്. കഴുത്തിലെപ്പോഴും വിയർപ്പിന്റെ ഒരു പാമ്പ് ചുറ്റിക്കിടന്നിരുന്നു. ഏല്യായുടെ മണങ്ങളെല്ലാം അവരുടെ സ്നേഹമായിരുന്നു. ചിലപ്പോൾ വറത്തരച്ച അരപ്പിന്റെ... മറ്റുചിലപ്പോൾ അടുപ്പിലെ പച്ച വിറകിന്റെ...
ഇരുവരുംകൂടി, മാലാഖമാരുടെയും കപ്പലോട്ടക്കാരുടെയുമൊക്കെ കഥകൾ പറഞ്ഞുതരും. പടിക്ക കൂടെ പോകുന്ന വരണ്ട കനാലിലൂടെ ഇടവപ്പാതിക്ക് മാത്രം തുള്ളിത്തുളുമ്പി വരുന്ന വെള്ളത്തിൽ കൊണ്ടുപോയി പതയ്ക്കാൻ പഠിപ്പിക്കും. ഇടവപ്പാതിക്ക് കടലിരമ്പുന്ന ശബ്ദം ചെവിയിൽ വിരൽെവച്ച് അടച്ചും തുറന്നും ഇരമ്പലിന്റെ താളം മാറ്റി രസിപ്പിക്കും. വളപ്പിലെ ഒാരോ മരത്തിനേം ചെടിയേം കുറിച്ച് പറയാൻ ഇരുട്ടിന് കഥകളുണ്ട്. ഉള്ളവരും ഇല്ലാത്തവരുമൊക്കെ കൂടി ഒരുമയോടെ ജീവിക്കുന്നതാണ്, ഇരുട്ടിന് വീടും പുരേടവുമൊക്കെ. അതിന് നേരെ വിപരീതമായിരുന്നു വീട്ടിലെ സ്ഥിതി. അച്ഛൻ സോമരാജൻ നായർ മുതലാളിയും ബാക്കിയുള്ളവർ ആളുടെ ജോലിക്കാരുമായിരുന്നു. ഏറ്റവും കൂടുതൽ ശിക്ഷവാങ്ങുന്നത് അമ്മയും. നന്നായി കുടിച്ചിട്ടാണ് വരുക. രാത്രിയാവുന്നത് വല്ലാത്ത ഭയമായിരുന്നു. രാത്രികൾ ഉറങ്ങാനുള്ളതായിരുന്നില്ല. അലറിക്കരയാനും കുറ്റാക്കുറ്റിരുട്ടത്ത് സൂര്യഭഗവാൻ തലകീഴായി തൂങ്ങിക്കിടക്കുന്ന പറമ്പിലെവിടെയെങ്കിലും ചെന്ന് പാത്തിരിക്കാനും ഒക്കെയുള്ളതായിരുന്നു.
ദൂരെ ഇരുട്ടിന്റെ വീട്ടിൽ അപ്പോഴും ഒരു വിളക്ക് കത്തിനിൽക്കുന്നുണ്ടാവും. സ്നേഹത്തിന്റെ ഒരു തിരി വെട്ടം. ആകാശംമുട്ടെ നിൽക്കുന്ന ആഞ്ഞിലിയുടെ എത്താക്കൊമ്പത്ത് സൂര്യഭഗവാൻ താഴേക്ക് തലകീഴായി കിടക്കുന്നത് ഒരുദിവസം ശരിക്കും കണ്ടു. വീട്ടിൽ സോമരാജൻ നായരുടെ പതിവ് ആട്ടം കഴിഞ്ഞ സമയമായിരുന്നു. എല്ലാം ഒന്നു നിശ്ശബ്ദമായപ്പോഴായിരുന്നു അത്. ഒന്നേ നോക്കിയുള്ളൂ. പെട്ടെന്ന് എന്തോ അടിവയറ്റിൽ സംഭവിക്കുന്നപോലെ തോന്നി. ശരീരമാകെ വിറച്ചു. പിന്നിൽനിന്ന് ആരോ ഓടിവരുന്നുണ്ടായിരുന്നു.
ഏലിക്കുട്ടിയായിരുന്നു. വന്ന് അടുക്കിയങ്ങ് പിടിച്ചു. ഇരുട്ടിനോട് തിരിഞ്ഞുനിൽക്കാൻ പറഞ്ഞു. എന്നിട്ട്, തെങ്ങ്പാലത്തേ കൂടെ തന്നേയും എടുത്തോണ്ട് ഒറ്റയോട്ടമായിരുന്നു. വല്ലാത്ത ശക്തിയും കരുതലുമുണ്ടായിരുന്നു ആ കൈകൾക്ക്. വെട്ടുതോട്ടിലെ മീൻകൂട്ടങ്ങളുടെ ശബ്ദം ഇപ്പോഴും ചെവിയിലടിക്കുന്നുണ്ട്. മുറ്റത്ത് കൊണ്ടുനിർത്തിയപ്പോഴാണ് കണ്ടത്. ഏലിക്കുട്ടീടെ ചവിണ്ട ചട്ടേം മുണ്ടിലുമപ്പിടി ചോര. ഏല്യാ, ഇരുട്ടിനോട് ചാടിക്കടിക്കാൻ ചെന്നു.
ചായ്പ്പി പോയിരിക്ക് മനുഷേനേ...
മറപ്പുരേക്കൊണ്ടുപോയി മഞ്ഞളിട്ട വെള്ളത്തിൽ കുളിപ്പിച്ചു. ഏല്യായുടെ കസവുമുണ്ടും വല്യപെരുന്നാളിന് ഇടാൻ വെച്ചിരുന്ന ജംബർ സേഫ്റ്റിപിൻ വെച്ച് കുത്തി വലുപ്പം കുറപ്പിച്ച് ഇടീച്ചു. ഇരുട്ടിന്റെ മുഖം വെളിച്ചെണ്ണ തേച്ചപോലെ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു. അയാൾ ഏല്യായോട് പറഞ്ഞു.
നോക്കിയാട്ടെ ഏലിയേ... എസ്തർ മാലാഖ ഇറങ്ങിനിൽക്കുന്ന കൂട്ടല്ലേ...
ഏല്യാ ചിരിച്ചു. എന്തുകൊണ്ടോ ഇരുട്ടിന്റെ നെറ്റിയിൽ, അപ്പോൾ താൻ ഒരുമ്മ വെച്ചുകൊടുത്തു.
ഇരുട്ടായിരുന്നല്ലോ പുറത്ത്... ഇരുട്ട്, ഇരുട്ടിലേക്കിറങ്ങി. നല്ല മഞ്ഞുള്ള സമയമായിരുന്നു. ഏല്യായുടെ കണ്ണു നനയുന്നതും ഒരു നിമിഷം കഴിഞ്ഞപ്പോൾ വരണ്ടുപോകുന്നതും കണ്ടു. ആ രാത്രി ഒരിക്കലും മറക്കാനാവില്ല. ചോരയൊലിക്കുന്ന ശരീരവുമായി അങ്ങനെയിരിക്കുമ്പോൾ ഏല്യായേ അമ്മച്ചിയായും അഗസ്തിയച്ചാച്ചനെ അച്ഛനായും ഓർത്തുനോക്കി... അമ്മ പറഞ്ഞത് ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു. ഏല്യാ മച്ചിയാണ്. അവട വയറ്റി ഒന്നും കിളുക്കത്തില്ല. കവുങ്ങിൻപാളയുടെ അകംപോലത്തെ നിറമായിരുന്നു ഏലിക്കുട്ടിയുടെ വയറിന്. കുറച്ചുകൂടി ചേർന്നുകിടന്നു. വയറ്റിലൊരുമ്മ കൊടുത്തു. ഏല്യാ ചിരിച്ചു. കരഞ്ഞു.
ഭൂമിയിൽ ഇരുട്ടും ആകാശത്ത് വെളിച്ചവുമുണ്ടായിരുന്നു. ഇരുട്ട്, കുറേ പഴമാങ്ങ രണ്ടു കൈയിലുമായി പെറുക്കിക്കൊണ്ടു വന്നു.
ഏല്യാ ഒന്നും മിണ്ടിയില്ല. ഉമ്മറത്ത് നല്ല വാസന നിറഞ്ഞു.
തന്റെ വീട്ടിൽ വഴക്കാവുമ്പോഴൊക്കെ, റാന്തലിന്റെ തിരി തീരെ താഴ്ത്തിവെച്ച് രണ്ടുപേരും കൂടി സൂര്യഭഗവാന്റെ പറമ്പിലേക്ക് നോക്കിനിൽക്കും. ചിലപ്പോൾ ഇരുട്ട് റാന്തലും തൂക്കി പറമ്പിലേക്കു വരും. അവിടമാകെ അരിച്ചുപെറുക്കും. താൻ പതുങ്ങി മിണ്ടാതെയിരിക്കും. തപ്പിപ്പിടിച്ച് കണ്ടുപിടിക്കും. അങ്ങനെയൊരു ദിവസമാണ് എന്തോ അമർന്ന് നിലവിളിക്കുന്നപോലെയുള്ള ശബ്ദം കേട്ട് ഉണർന്നത്. ചാടിയെഴുന്നേറ്റ് ലൈറ്റിട്ടു. അനിയത്തി സൂര്യകാന്തി ഉറക്കംതന്നെ. കണ്ടത് കത്തിപ്പിടിക്കുന്ന ഒരു കാഴ്ചയായിരുന്നു. സോമരാജൻ നായർ അമ്മയെ ഉരുട്ടിപ്പിടിക്കുന്നു. ഒരു ഗുസ്തിമത്സരംപോലെ. കണ്ടു നിൽക്കാൻ കഴിഞ്ഞില്ല.
തടസ്സം പിടിക്കാൻ ചെന്ന തന്നെ തൂക്കിയെറിഞ്ഞു കളഞ്ഞു. നീ അപ്പറത്തെ മുറിയിലോട്ടു പോ... അമ്മ കരയുകയോ അലറുകയോ ആയിരുന്നു. സോമരാജൻ നായർ അമ്മയുടെ ജംബറൊക്കെ വലിച്ചുകീറിയിരുന്നു.
കൈയിൽ കിട്ടിയത് ഒരു റൂൾത്തടിയാണ്. പുറം നോക്കി ഒറ്റയടിവെച്ചു കൊടുത്തു. സോമരാജൻ നായർ പുറംപൊത്തിപ്പിടിച്ച് കുനിഞ്ഞിരുന്നു. ഇറങ്ങിയോടിയത് ഓർമയുണ്ട്. എവിടെയോ തട്ടി മറിഞ്ഞു. നായർ അതേ റൂൾത്തടിയുമായി സൂര്യഭഗവാന്റെ പറമ്പിലൂടെ നിണമണിഞ്ഞ ഭീമനെപ്പോലെ തിരഞ്ഞു നടന്നു. കേട്ടാലറയ്ക്കുന്ന തെറികൾ വിളിച്ചു പറഞ്ഞു. നല്ല ഇരുട്ടുള്ള ദിവസമായിരുന്നു. വഴനമരത്തിന്റെ പിന്നിലാണ് പതുങ്ങിയത്. അവിടെയിരുന്നാൽ വരുന്നത് കാണാമെന്നാണ് വിചാരിച്ചത്. പക്ഷേ, ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒടുവിൽ, മുന്നിൽ ഇരുട്ടുകൊണ്ട് രണ്ട് തൂണുകൾ വന്നുനിന്നു. തലമുടിക്ക് കൂട്ടിപ്പിടിച്ചു. വലിച്ചുപൊക്കുമ്പോൾ കൈകൾ കൂപ്പി ഉറക്കെ കരഞ്ഞു. ഹുക്ക് പോയ പാവാടയായിരുന്നു. വലിച്ചുകുത്തിയുടുത്തിരിക്കുകയായിരുന്നു. അതഴിഞ്ഞു വീണു. ആദ്യത്തെ അടിവീണത് തുടക്ക്. എല്ല് പൊട്ടിക്കീറുന്ന വേദന. അടുത്തയടിക്കു വേണ്ടി റൂൾത്തടി പൊക്കിയതും സോമരാജൻ നായരുടെ പിന്നിലെ ഇരുട്ടിന് കൂടുതൽ കനംെവച്ചു. റൂൾത്തടി ഇരുട്ടിൽ പുതഞ്ഞു. രണ്ടാമത്തെയടിക്ക് സാധിച്ചില്ല. പക്ഷേ, മറ്റൊരടിയുടെ ശബ്ദം കേട്ടു. സോമരാജൻ നായർ വീണു. താഴെക്കിടന്ന പാവാട എങ്ങനെയോ തപ്പിയെടുത്തു. ആനപ്പുറത്തെന്നപോലെ ഇരുട്ടിന്റെ പുറത്തു കേറി. ഏല്യായുടെ വിളക്ക് ദൂരെ കാണാമായിരുന്നു. അന്ന് ഏല്യായുടെ കൂടെയാണ് കിടന്നത്. അമ്മ രാത്രിയിലെപ്പോഴോ വന്നു. പിറ്റേന്നാണ് അറിഞ്ഞത് ആ അടിയുംകൊണ്ട് നായർ അവിടെത്തന്നെ കിടക്കുകയായിരുന്നുവെന്ന്. അവിടെയുമിവിടെയുമൊക്കെ എന്തോ അടക്കംപറച്ചിലും കിഴക്കുഭാഗത്തുള്ള കനാലിന്റെ കരയ്ക്കൂടി ആളുകൾ കൂട്ടംകൂട്ടമായി വന്നുകൊണ്ടിരുന്നതും ഓർക്കുന്നു. ഇരുട്ടാകട്ടേ, ഒരു കൂസലുമില്ലാതെ പുരയിടത്തിലെ കൊടി പറിച്ചു കൊണ്ടുനിന്നു. ഏല്യാ വയറിളകി വയറിളകി നടന്നു. ഇടക്കിടക്ക് നെഞ്ചത്ത് ആഞ്ഞടിച്ചു. പോസ്റ്റ്മോർട്ടം കഴിഞ്ഞപ്പോഴാണ് അറിഞ്ഞത്, നായരെ വിഷം തീണ്ടിയതാണത്രേ. ഏല്യായ്ക്ക് ശ്വാസം നേരെ വീണു. അവർ ആൾരൂപത്തിന്റെ മുന്നിൽ ഒരു മെഴുകുതിരി കത്തിച്ചു. ആരും കേൾക്കാതെ തന്റെ ചെവിയിൽ സ്നേഹത്തോടെ വിളിച്ചു.
ന്റെ എസ്തർ മാലാഖേ...
കാർബൈഡ് ഫാക്ടറിയിൽനിന്ന് അമ്മയ്ക്ക് കുറച്ചു കാശൊക്കെ കിട്ടി. ആനിക്കാട്ടേക്ക് കെട്ടിപ്പെറുക്കി പോകാൻ നിന്നപ്പോൾ 'എന്റെ എസ്തറിന്' എന്ന് പറഞ്ഞ് കഴുത്തേൽ കിടന്ന നൂലുപോലത്തെ സ്വർണമാല ഊരി ഏല്യാ കഴുത്തിലിട്ടു തന്നു. ഇരുട്ട് ഇറയത്തെ തൂണിൽ ചാരിനിൽക്കുന്നുണ്ടായിരുന്നു. വണ്ടി വന്നപ്പോൾ ഇരുട്ട് ഒരു കുഞ്ഞുകൊട്ട നിറയെ പാഷൻഫ്രൂട്ട് തന്നു. അമ്മയും സൂര്യകാന്തിയും കരഞ്ഞു. എല്ലാവരും കരഞ്ഞു. താൻ മാത്രം കണ്ണീരുവരാതെ ബസിന്റെ കമ്പിയിൽ മുഖം ചാരിയിരുന്നു. മറ്റൊരു കാലത്തിലേക്കുള്ള ഡബിൾബെല്ലിന്റെ മുഴക്കം മാത്രം കേട്ടു.
ചന്ദ്രിക, വഴിയിൽ ഒരു മനുഷ്യജീവിയെ എങ്കിലും കണ്ടിരുന്നെങ്കിൽ എന്ന് സങ്കടപ്പെട്ടു. ഇൻഷുറൻസ് മാനേജരെ അവിടെയെങ്ങും കണ്ടതുമില്ല. വഴികളങ്ങനെ പിണഞ്ഞും പിരിഞ്ഞും വെയിലിൽ മൂത്ത് കിടന്നു. പെട്ടെന്നാണ് ഒരു കാര്യം തോന്നിയത്. ഇരുട്ടിന്റെ വീടിന്റെ കിഴക്കേയറ്റത്ത് ഒരു കനാൽ ഉണ്ടായിരുന്നതല്ലേ. അവൾ ഒന്നു സന്തോഷിച്ചു. ഇരുട്ടിന്റെ വീടിന്റെയടുത്തുകൂടി കവലയിലേക്ക് കിടക്കുന്ന വഴിക്ക് സമാന്തരമായി മുന്നൂറാം ബണ്ട് ലക്ഷ്യമാക്കി പോകുന്ന കനാൽ. അതെന്തായാലും ആർക്കും കൊത്തിപ്പറിച്ച് കളയാൻ പറ്റില്ലല്ലോ. അതിന്റെ കരയിൽ വന്നിരുന്ന് ഇരുട്ട് എപ്പോഴും കുണ്ഠിതപ്പെടും.
അപ്പൻ പെട്ടിക്കാരൻ കുര്യൻ, വരണ്ടു പൊട്ടിയ കണ്ടങ്ങളെ നോക്കി പതംപറയുമായിരുന്നത്രേ.
ഒരൂസം കനാല് നെറേം. എന്നിട്ടേ എന്റെ പെട്ടി പണിയൂ...
അങ്ങനെ പറഞ്ഞ് പറഞ്ഞ് അപ്പൻ മരിച്ചു. കനാലിൽ ചാണകവും തീട്ടവും കിടന്ന് ഉണങ്ങി കൊട്ടനടിച്ചു.
ഇവിടെ അടുത്തൊരു കനാലുണ്ടല്ലോ..?
എതിരെ വന്നയാളോട് ചന്ദ്രിക ചോദിച്ചു. അയാൾ കാണിച്ചുകൊടുത്ത ചെറു റോഡിലൂടെ നടന്നു. വീടുകളാണ്. സർവത്ര വീടുകൾ. അൽപനേരം നടന്നപ്പോൾ റോഡിനു കുറുകെക്കൂടി ഒരു ചെറിയ കനാൽ കണ്ടു. മനസ്സിലുണ്ടായിരുന്ന കനാൽ ഒരു വലിയ തോടിന്റെ അത്രയുണ്ട്. ഒരുപക്ഷേ 'ചന്ദ്രിക' വലുതായിപ്പോയതുകൊണ്ട് തോന്നുന്നതാണോ ..? ഇരുട്ടിന്റെയൊപ്പം ഇവിടെയല്ലേ വന്നിരുന്നിട്ടുള്ളത്..? അഥവാ, ഈ കനാലാണെങ്കിൽതന്നെ, കിഴക്കുവശം ചേർന്നുകിടക്കുന്ന വഴിയുടെ താഴോട്ടുള്ളയിറക്കത്തിൽ പടിഞ്ഞാട്ട് ചെറിയ ഒരിടവഴിയാണ്. അതിപ്പോഴെവിടെ..? അവൾ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ മാറിമാറി നടന്നുനോക്കി. ഇരുട്ടിന്റെ വീട്ടിലേക്കുള്ള ഇടവഴിയോ വീടോ അതിന്റെ ഓർമകളോ അവിടെയുണ്ടായിരുന്നില്ല. തിരിച്ചു നടക്കുമ്പോൾ സൂര്യഭഗവാന്റെ പറമ്പ് എവിടെയാണെന്നും മനസ്സിലായില്ല.
പുതിയ അതിരുകൾക്കും സർവേ നമ്പറുകൾക്കും ഇടയിൽ ചന്ദ്രിക നിന്നു.
കൂറ്റൻ മതിലുകൾക്ക് മുകളിലൂടെ ഊർന്നുവീണു കിടന്ന പാഷൻഫ്രൂട്ടിന്റെ വള്ളികൾ അവൾ കണ്ടു. ഒരില പറിച്ച് കൈവെള്ളയിൽ വെച്ചു. മേഘങ്ങൾ വറ്റിപ്പോയ ആകാശത്തുനിന്ന് സൂര്യൻ അവളുടെ കൈയിലിരിക്കുന്ന നിറക്കൂട്ടിലേക്ക് നോക്കി. അവൾ പേടിച്ചു. മറ്റേക്കൈകൊണ്ട് ആ മയിൽപ്പീലി മാനം കാണിക്കാതെ അടുക്കിപ്പിടിച്ചു. ഉള്ളിൽ സ്നേഹവും കണ്ണീരും നിറഞ്ഞു. മരുഭൂമിയുടെ കൈവഴിപോലെ കനാൽ ആരുടെയും കണ്ണിൽപെടാതെ ഇഴഞ്ഞുകൊണ്ടിരുന്നു.