മാസ്റ്റർപീസ് -കഥ
പാദങ്ങളില്‍ ഇളംചൂടും ഒപ്പം നനവും അനുഭവപ്പെട്ടപ്പോഴാണ്, സോമനാഥ് ഹോരേ മയക്കത്തില്നിന്നു ഞെട്ടി കണ്ണു തുറന്നത്. കണ്ണുനീരാണ് പാദങ്ങളില്‍ വീണതെന്നു തിരിച്ചറിയാന്‍ അൽപനേരമെടുത്തു. കാല്ക്കല് തലകുനിച്ചു ചടഞ്ഞിരിക്കുന്ന യുവാവിനെ അദ്ദേഹം സൂക്ഷിച്ചുനോക്കി. പിന്നെ, ചാരുകസേരയുടെ കൈപ്പിടിയില്‍ വെച്ചിരുന്ന വലതുകൈ നീട്ടി, അയാളുടെ നെറുകയില്‍ ഒന്നു തൊട്ടു. ''ക്ഷമിക്കണം. ഞാനങ്ങയുടെ ഉറക്കം തടസ്സപ്പെടുത്താനാഗ്രഹിച്ചിരുന്നില്ല.'' സോയൊന്തന് അടഞ്ഞ...
Your Subscription Supports Independent Journalism
View Plansപാദങ്ങളില്‍ ഇളംചൂടും ഒപ്പം നനവും അനുഭവപ്പെട്ടപ്പോഴാണ്, സോമനാഥ് ഹോരേ മയക്കത്തില്നിന്നു ഞെട്ടി കണ്ണു തുറന്നത്. കണ്ണുനീരാണ് പാദങ്ങളില്‍ വീണതെന്നു തിരിച്ചറിയാന്‍ അൽപനേരമെടുത്തു. കാല്ക്കല് തലകുനിച്ചു ചടഞ്ഞിരിക്കുന്ന യുവാവിനെ അദ്ദേഹം സൂക്ഷിച്ചുനോക്കി. പിന്നെ, ചാരുകസേരയുടെ കൈപ്പിടിയില്‍ വെച്ചിരുന്ന വലതുകൈ നീട്ടി, അയാളുടെ നെറുകയില്‍ ഒന്നു തൊട്ടു.
''ക്ഷമിക്കണം. ഞാനങ്ങയുടെ ഉറക്കം തടസ്സപ്പെടുത്താനാഗ്രഹിച്ചിരുന്നില്ല.''
സോയൊന്തന് അടഞ്ഞ സ്വരത്തില്‍ മന്ത്രിച്ചു. സോമനാഥ് മുന്നോട്ടാഞ്ഞിരുന്ന്, കൈമുട്ടുകള്‍ രണ്ടും ചാരുകസേരയുടെ കൈപ്പിടികളില്വെച്ച്, വിരലുകള്‍ അവരുടെ മധ്യത്തിലായി കോര്‍ത്തുപിടിച്ചു. സോയൊന്തന്, അൽപം പിന്നിലേക്കു നിരങ്ങി, ഭിത്തിയില്‍ ചാരിവെച്ചിരുന്ന ചുവന്ന പായ കൈയിലെടുത്തു. ഇരുന്നുകൊണ്ടുതന്നെ അതൊന്നു കുടഞ്ഞുവിരിച്ചശേഷം, മുട്ടില്‍ നടന്ന് അയാള്‍ ആ പായയുടെ മേലേക്കുകടന്ന്, ചമ്രംപടിഞ്ഞിരുന്നു.
''പറയൂ കുഞ്ഞേ, എന്തുപറ്റി നിനക്ക്?''
സോമനാഥ് അൽപംകൂടി മുന്നിലേക്കാഞ്ഞിരുന്ന്, പാദങ്ങള്കൂടി ചേര്‍ത്തുവെച്ചു. സോയൊന്തന്, പിതൃതുല്യനായ ഗുരുവിന്റെ, ശാന്തഗംഭീരമായ മുഖത്തേക്കു കണ്ണുകളുയര്‍ത്തി, ഒന്നു വായ പിളര്‍ന്നു. പറയാനാഞ്ഞ വാക്കുകള്‍, കണ്ണുകളില്നിന്നൊലിച്ചിറങ്ങിയ വേദനയുടെ ചരടുകളില്ക്കുരുങ്ങി മുറിഞ്ഞു. ആയാസപ്പെട്ട് ഒന്നു മുരടനക്കിയശേഷം അയാള്‍ പറഞ്ഞുതുടങ്ങി:
''അഹങ്കാരമായോ ധിക്കാരമായോ തോന്നുന്നെങ്കില്‍ പൊറുക്കണം. അങ്ങെന്നെ ഇവിടേക്കു കൊണ്ടുവന്നിട്ടു പതിനൊന്നു വര്‍ഷങ്ങള്‍ തികയുന്നു. ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍...''
തികട്ടിവന്ന ഒരു തേങ്ങലില്‍ ആകെയുലഞ്ഞുകൊണ്ട് അയാള്‍ തുടര്‍ന്നു:
''... ഞാനെന്താണു നേടിയതെന്ന് എനിക്കറിയില്ല!''
ചെറിയൊരു പൈതലിനെപ്പോലെ കാല്ക്കീഴിലിരുന്നു വിങ്ങിപ്പൊട്ടുന്ന ആ യുവാവിനെ സോമനാഥ് കരുണയോടെ നോക്കി. വിശാലമായ നെറ്റിയില്‍ ഓര്‍മയുടെ കൈവഴികള്‍ തെളിഞ്ഞു.
* * * *
'ബുര്ധ്വന്' കലാലയത്തിലെ അധ്യാപനംകഴിഞ്ഞ്, വൈകുന്നേരം വീട്ടിലേക്കു വേഗത്തില്‍ നടക്കുന്നതായിരുന്നു സോമനാഥിന്റെ ഏകവ്യായാമം! വിദ്യാർഥികള്‍ക്ക് ഏറെ സംശയങ്ങളുണ്ടെങ്കില്‍, ചോദ്യോത്തരങ്ങള്‍ അൽപനേരംകൂടി നീളും. അത്തരം ദിവസങ്ങളില്‍ നടത്തത്തിനു വേഗംകൂട്ടിയാണ് നഷ്ടപ്പെട്ട സമയം അദ്ദേഹം വീണ്ടെടുക്കുക. വീട്ടില്‍ തിരിച്ചെത്തിയശേഷം റൊട്ടിയും ദാലും ഒരു ചീരക്കറിയുമുണ്ടാക്കാനുള്ള നേരമേയുള്ളൂ. പിന്നീട് ചിത്രരചനക്കും അടുത്ത ദിവസത്തെ അധ്യാപനത്തിനുള്ള ഭാഗം നോക്കാനുമായി ഇരിക്കണം.
ഒരു വിവാഹം കഴിച്ചിരുന്നെങ്കില്‍ അടുക്കളയിലെ ജോലിയെങ്കിലും ഒഴിവാക്കാമായിരുന്നില്ലേ എന്ന, സഹപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്നും പുഞ്ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചിത്രകലക്കായി ഉഴിഞ്ഞുവെച്ച ജീവിതത്തില്‍ മറ്റൊരാള്‍ക്കുകൂടി പകുത്തുകൊടുക്കാനുള്ള സമയം തികയുമായിരുന്നില്ലെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു.
അന്ന്, പതിവിലുമേറെ വൈകിയാണ് അദ്ദേഹമിറങ്ങിയത്. നേരംവൈകിയിറങ്ങുന്ന അധ്യാപകര്ക്കുചുറ്റും കൂടിനിന്നു ലേലംവിളി നടത്തി കൂലിയുറപ്പിക്കുന്ന സൈക്കിള്റിക്ഷക്കാര് ആളനക്കംകണ്ട് ആര്‍ത്തിയോടെ തലയുയര്‍ത്തി നോക്കുകയും സോമനാഥിനെക്കണ്ടു നിരാശയോടെ തലതാഴ്ത്തി, പിന്നെയും കാത്തിരിപ്പു തുടരുകയും ചെയ്തു.
ശക്തിയായി കൈകൾ വീശി, കാലുകള്‍ നീട്ടിവെച്ച് അദ്ദേഹം നടന്നു. പതിവില്ലാത്ത തണുപ്പ്! ഒരുനിമിഷം നിന്ന്, കുര്‍ത്തയുടെ കഴുത്തിനോടടുത്ത കുടുക്കിട്ടശേഷം വേഗത്തില്‍ നടപ്പു തുടര്‍ന്നു. തൊട്ടടുത്തുകൂടി കടന്നുപോയ, വിചിത്രരൂപിയായ കാറിന്റെ പുകയില്‍, പണിപ്പെട്ടു കണ്ണുകള്‍ ചിമ്മി, ചുമച്ചുകൊണ്ട് ഒരുവിധം 'ബിധാന്‍ സരണി' നിരത്തു മുറിച്ചുകടന്നു.
എന്തിലോ ചവിട്ടി തെന്നുന്നതായിത്തോന്നിയപ്പോള് ''ഓഹ്'' എന്നൊരു ശബ്ദം പുറപ്പെടുവിച്ച്, അദ്ദേഹം കാലുകള്‍ പിന്നിലേക്കു തിടുക്കത്തില്‍ വലിച്ചുമാറ്റി. താഴെ ഒരു ചിത്രം! നിരത്തില്നിന്നുയരുന്ന പൊടിയടിച്ച്, അതു വരച്ചിരുന്ന കടലാസിന്റെ നിറം മാറിത്തുടങ്ങിയിരുന്നു.
അദ്ദേഹം കുനിഞ്ഞ്, ആ ചിത്രം കൈയിലെടുത്തു.
''രണ്ടുറുപ്പിക സര്. ഇതില്‍ ഏതെടുത്താലും രണ്ടുറുപ്പികയാകും.''
പതിഞ്ഞ ഒച്ചകേട്ട് സോമനാഥ് പതിയെ തിരിഞ്ഞുനോക്കി. ആരോ വലിച്ചെറിഞ്ഞുകളഞ്ഞ കുര്‍ത്തയുടെ കൈകളറുത്തുമാറ്റി, അതിനൊപ്പം മുഷിഞ്ഞുകീറിയ ധോത്തിയും ധരിച്ച ഒരു ചെറുപ്പക്കാരന്! കഷ്ടിച്ച് ഇരുപതു വയസ്സു കാണും.
അദ്ദേഹം കീശയില്‍നിന്നു രണ്ടുറുപ്പികയെടുത്ത് അവനുനേരേ നീട്ടി. അതു വാങ്ങാനായി നീട്ടിയ വലതുകൈയില്‍ ചായങ്ങള്‍ കൂടിക്കലര്‍ന്ന്, തോലി കാണാന്പോലുമാകാത്തവിധമായിരിക്കുന്നു!
''രണ്ടെണ്ണം വാങ്ങൂ സര്. മൂന്നുറുപ്പിക മതി.''
അവന് പ്രതീക്ഷയോടെ അദ്ദേഹത്തെ നോക്കി.
* * * *
''ഇത് സോയൊന്തന്ദാസ് ചതോപാധ്യായ. ഇന്നുമുതല്‍ ഇവനും നിങ്ങളോടൊപ്പം ചിത്രരചന അഭ്യസിക്കുന്നതായിരിക്കും.''
അടുത്ത ദിവസം കലാലയത്തിലെ സ്വന്തം വിദ്യാർഥികള്‍ക്കു മുന്നില്‍, തലേന്ന് അവനോടു വാങ്ങിയ ചിത്രം സോമനാഥ് ഉയര്‍ത്തിക്കാട്ടി. ഇരുപതിലേറെ മുഖങ്ങളില്‍ അവിശ്വസനീയത പരന്നു.
അതൊരു സ്ത്രീയുടെ ചിത്രമായിരുന്നു. കല്‍ക്കത്ത നഗരത്തിന്റെ, അധികം വെളിച്ചം വീഴാത്ത ഏതോ ഒരു കോണിലെ തെരുവിന്റെയരികിലായി ഒരു മതിലിൽ ചാരിയിരിക്കുകയാണവര്. അടുത്തായി, മൂന്നു കല്ലുകള്‍കൊണ്ട് അടുപ്പുകൂട്ടിയിരിക്കുന്നതു കാണാം. റോഡില്‍നിന്നു പറന്നുവീണ ചപ്പുചവറുകളും പൊടിയും നിറഞ്ഞ അടുപ്പു കണ്ടാല്‍, അടുത്തകാലത്തൊന്നും തീ കൂട്ടിയിട്ടില്ലെന്നു വ്യക്തം. എണ്ണ തേയ്ക്കാത്ത, കാറ്റേറ്റു പാറിപ്പറക്കുന്ന ചെമ്പിച്ച മുടിയോടു പ്രതിഷേധിക്കാനാവാതെ, നിറം മങ്ങിയ ചുവന്ന സാരിത്തലപ്പ്, തലയുടെ ഒരു കോണില്‍ ജീവനറ്റു തൂങ്ങിക്കിടന്നു. വലുപ്പം ശരീരത്തിനൊട്ടും ചേരാതെ, തോളില്നിന്നൂര്ന്നുപോകുന്ന ഒരു റൗക്കക്കുള്ളില്നിന്നു താഴേക്കുനീണ്ടു തൂങ്ങിക്കിടന്ന, ശുഷ്കമായ ഇടതുമുലക്കണ്ണില്‍ കടിച്ചുവലിച്ചുകൊണ്ട്, അസ്ഥിയും തലയും മാത്രമായ ഒരു കൈക്കുഞ്ഞ് അവരുടെ മടിയില്ക്കിടക്കുന്നു. കുഞ്ഞിക്കാലുകള്‍ അവരുടെ കാലിനിടയിലൂടെ താഴേക്കു തളര്‍ന്നു തൂങ്ങിക്കിടന്നു. ആ സ്ത്രീയുടെയും കുഞ്ഞിന്റെയും ദേഹത്താകെ മണ്ണും കരിയും പുരണ്ടിരുന്നു. പിറകിലായി അവരുടെ നിഴല്‍ കാണാം. ആ സ്ത്രീയുടേതുതന്നെയോ എന്നു സംശയം തോന്നിപ്പിക്കുന്ന, എന്നാല്‍, നീണ്ടുവളഞ്ഞ മൂക്കും പറന്നുകിടക്കുന്ന മുടിയുംകൊണ്ട് ആ സംശയത്തെ ആട്ടിയോടിക്കുന്ന നിഴല്‍! രണ്ടുനേരമെങ്കിലും വയര്‍നിറയെ കഴിക്കാന്‍ അൽപം റൊട്ടി ലഭിച്ചിരുന്നെങ്കില്‍ അവരെത്ര സുന്ദരിയായിരുന്നേനെ എന്ന് ആ നിഴല്‍ വിളിച്ചുപറയുംപോലെ!
ആ സ്ത്രീയുടെ കണ്ണുകള്‍: തീക്ഷ്ണമായ ഏതോ വികാരം അവയില്‍ കത്തിനില്ക്കുന്നു. പ്രപഞ്ചത്തെയാകെ കടപുഴക്കാന്‍പോന്ന ഒരു കൊടുങ്കാറ്റ്; സൗരയൂഥങ്ങള്‍ ചുട്ടെരിക്കാൻ പാകത്തിനുള്ള ഒരു കനല്... എന്താണ് ആ കണ്ണുകളില്‍?
അങ്ങു ദൂരെനിന്നു വരുന്നതുപോലെ എല്ലാവരും സോമനാഥിന്റെ ശബ്ദം വീണ്ടും കേട്ടു:
''ആ കണ്ണുകളിലെന്താണ്?''
ഇത്രയാഴത്തില്‍ എങ്ങനെയാണിയാള്‍ ആ കണ്ണുകള്‍ വരച്ചത്?! വിദ്യാർഥികളൊന്നാകെ ആ ചിത്രം സൃഷ്ടിച്ച സ്ഥലകാലഭ്രമത്തില് മിഴിച്ചുനില്‍ക്കുകയായിരുന്നു!
കടുകെണ്ണ തേച്ചു ചീകിയൊതുക്കിയ മുടിയില്‍ പതുക്കെ വിരലോടിച്ചുകൊണ്ട്, കൊട്ടാരംപോലെയുള്ള ഭീമന് കലാലയത്തിലെ ആ ക്ലാസ് മുറിയുടെ വാതില്ക്കല് സോയൊന്തന് പരുങ്ങിനിന്നു; മറ്റേതോ ലോകത്തെത്തിപ്പെട്ടതുപോലെ! അനേകം നിറങ്ങളുള്ള, ഉടയാത്ത വസ്ത്രങ്ങള്‍ ധരിച്ച വിദ്യാർഥികള്‍. സോമനാഥ് കൈകാട്ടിവിളിച്ചപ്പോള്, അയാള്‍ തലകുനിച്ച്, പതിയെ നടന്നുചെന്നു പിന്ബെഞ്ചിലിരുന്നു. അപ്പോഴും തലയുയര്‍ത്താന്‍ അയാള്‍ക്കു ഭയം തോന്നി. അവിടെയുള്ള അത്രയും കണ്ണുകളും ആ നിമിഷം അയാളുടെ വസ്ത്രങ്ങളിലേക്കും സഞ്ചിയിലേക്കും തുളച്ചുകയറുന്നത് അയാള്‍ സങ്കൽപിച്ചു.
വര്‍ഷാവസാനം ചേര്‍ന്ന വിദ്യാർഥിയായിരുന്നിട്ടും സോയൊന്തന് അതിവേഗം വരയുടെ മർമം പഠിച്ചെടുത്തുകൊണ്ടിരുന്നു. ആ വര്‍ഷത്തെ ചിത്രകലാ വിദ്യാർഥികള്‍ക്കായി നടത്തിയ പ്രദര്‍ശനത്തില്‍ ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് 'പാതിവ്രത്യച്ചങ്ങലകള്' എന്ന, അവന്റെ ചിത്രമായിരുന്നു. അറുനൂറുറുപ്പികക്ക് ബിഭാവന് ഷെട്ടി എന്ന ധനികന് വാങ്ങിയ ആ ചിത്രം, അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രി കലാലയത്തിനു തിരികെ സമ്മാനിക്കുകയും ചെയ്തു.
സോയൊന്തന്റെ ജീവിതം മാറുകയായിരുന്നു.
* * * *
സോമനാഥ്, സോയൊന്തനില്നിന്നു കണ്ണുകളടര്ത്തിയെടുത്ത്, ചുവരില്‍ തൂങ്ങുന്ന ആ ചിത്രത്തിലേക്കു നോക്കി. ചുവപ്പും കാപ്പിപ്പൊടിയും നിറങ്ങള്‍ കടുപ്പിച്ച പ്രതലത്തില്‍, നിലത്ത് കാല്മുട്ടുകളുയര്ത്തിമടക്കി, മുട്ടുകള്‍ക്കുമേല്‍ കൈകള്‍ പിണച്ചുവെച്ച്, തലകുനിച്ച് അതിലേക്കു ചേര്‍ത്തുവെച്ചിരിക്കുന്ന ഒരു സ്ത്രീരൂപം. പൂര്ണനഗ്നയാണെന്നു തോന്നിച്ച ആ രൂപത്തിന്റെ മുടി അഴിഞ്ഞുലഞ്ഞു മുട്ടിനു ചുറ്റുമായി ചിതറിക്കിടന്നിരുന്നു. താലി കോര്‍ത്ത, കറുത്ത കരിമണിമാല അവരുടെ ചുറ്റും ഒരു ചങ്ങലയെന്നതുപോലെ വരിഞ്ഞിരിക്കുന്നു. തൊലിയിലേക്കാഴ്ന്നിറങ്ങുന്ന ആ ചങ്ങല മുറുകിയിരിക്കുന്ന ഇടങ്ങളില്‍നിന്ന്, രക്തമേതാണ്ടു പൂര്‍ണമായും നഷ്ടപ്പെട്ടു വിളറിയ ആ ശരീരത്തിലെ, അവസാനത്തെ രക്തത്തുള്ളികള്‍ താഴേക്കു പതിക്കുന്നു. വിടര്‍ന്നുലഞ്ഞ, നീണ്ടുചുരുണ്ട മുടിയുടെ മധ്യത്തിലെ സീമന്തരേഖയില്‍ നിറഞ്ഞിരുന്ന രക്തനിറമുള്ള സിന്ദൂരത്തില്നിന്ന്, ഒരു ചാല് പതഞ്ഞൊഴുകി, നിലത്തു തളംകെട്ടിയിരിക്കുന്ന രക്തത്തില്‍ കലരുന്നു. അതിലേക്കു കണ്ണുനട്ട്, കടവായില്‍നിന്ന് ആര്‍ത്തിയുടെ, അറപ്പുണ്ടാക്കുന്ന തുപ്പലിറ്റിച്ച് ഇഴഞ്ഞുവരുകയാണ് ചെന്നായയുടെ തലയും മനുഷ്യന്റെ ശരീരവുമുള്ള വിചിത്രജീവികള്‍!
സോമനാഥിന്റെ നോട്ടം സോയൊന്തനിലേക്കു മടങ്ങിയെന്നറിഞ്ഞിട്ടെന്നതുപോലെ അയാള്‍ മുഖമുയര്‍ത്തി അദ്ദേഹത്തെ നോക്കി.
''എത്രയോ ചിത്രങ്ങള്‍ ഞാന്‍ വരച്ചുകഴിഞ്ഞു! കഴിഞ്ഞ പതിനൊന്നു വര്‍ഷങ്ങള്‍... എല്ലാം വലിയ തുകകള്‍ക്കു വിറ്റുപോവുകയും ചെയ്തു. എന്നിട്ടുമെന്താണു ഗുരോ, ഇന്നും ഇതെന്റെ മാസ്റ്റര്‍പീസ് എന്നറിയപ്പെടുന്നത്?''
സോയൊന്തന് വിറക്കുന്ന വിരലുകള്‍ ചുവരിലെ ചിത്രത്തിനുനേരേ ചൂണ്ടിക്കൊണ്ടു ചോദിച്ചു.
''അതിനർഥം, ഞാനൊരടിപോലും മുന്നോട്ടു വെച്ചില്ലെന്നല്ലേ? ഇരുപതു വയസ്സില്‍ എവിടെയായിരുന്നോ അവിടെത്തന്നെ നില്ക്കുകയാണെന്നല്ലേ? പറയൂ ഗുരോ... ഇതാണോ അങ്ങെന്നില്ക്കണ്ട ഭാവി? ഇതാണോ ജ്വലിച്ചുയരുന്ന സൂര്യനെപ്പോലെയെന്ന് അങ്ങു വിഭാവനം ചെയ്ത ചിത്രകലയുടെ പുതിയ ഉദയം? രാവും പകലും ശ്രമിച്ചിട്ടും ഇരുപതു വയസ്സിലെ എന്നെത്തന്നെ മറികടക്കാന്‍ എനിക്കു സാധിക്കുന്നില്ലല്ലോ! ഇനി... ഇനിയെനിക്കു സമയവുമില്ലല്ലോ!''
അയാള്‍ കൈകള്‍കൊണ്ടു മുഖംപൊത്തി.
സോമനാഥ്, അയാളുടെ ഉലയുന്ന തോളുകളില്‍ പതിയെ കൈ വെച്ചു.
''കുഞ്ഞേ, വൈദ്യശാസ്ത്രം വിധിച്ചതു സംഭവിക്കില്ലെന്നു ഭംഗിവാക്കുപറഞ്ഞ് നിന്നെ ആശ്വസിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കുന്നില്ല. നിന്റെയീ വൃദ്ധനായ ഗുരു ജീവിച്ചിരിക്കെ, അര്‍ബുദം കാര്‍ന്നുതിന്നുന്ന ശരീരവുമായി മരണത്തിലേക്കു നടക്കാന്‍ നീ വിധിക്കപ്പെട്ടത് നിയതിയുടെ ക്രൂരമായൊരു തമാശയാണ്. ഈ വൃദ്ധന്റെ ജീവിതം പകരംകൊടുത്തെങ്കിലും നിന്നെ മടക്കിവാങ്ങാന്‍ സാധിക്കുമായിരുന്നെങ്കില്‍...''
സോയൊന്തന് ഒന്നും മിണ്ടിയില്ല. കണ്ണുനീര് ചാലിട്ടൊഴുകുന്ന മിഴികളിപ്പോള്‍ നാലായിരിക്കുന്നു. ഒരിക്കലും ഒരു തുടര്‍ച്ചപോലും സ്വപ്നംകാണാതിരുന്ന ജീവിതത്തില്‍നിന്ന്, രക്തത്തിനു പുറത്തേക്കു പകര്‍ന്ന പൈതൃകം നാളത്തെ സ്വപ്നങ്ങള്‍ക്കുമേല്‍ ഞെരിഞ്ഞമര്ന്നുവീഴുന്നത് സോമനാഥ് നെഞ്ചു നുറുങ്ങുന്ന വേദനയോടെ, നിസ്സഹായനായി നോക്കിനിന്നു.
''മകനേ...''
പിടക്കുന്ന ഒച്ചയില്‍ കലര്ന്നുകേട്ട വാത്സല്യത്തിന്റെ കുറുകല്‍, സോയൊന്തന്റെ ഹൃദയത്തെ പൊള്ളിച്ചു. സോമനാഥ് തുടര്‍ന്നു:
''മാസ്റ്റര്‍പീസ് എന്ന പ്രയോഗം, കലാകാരന്മാരുടെ നാളെകളെ ഇന്നലെകളുടെ മുന്നില്‍ നഗ്നരാക്കി നിര്‍ത്തുന്നു. അവനവനോടുതന്നെയുള്ള അനന്തമായ മത്സരത്തിലാണ് ഓരോ കലാകാരന്റെയും ജീവിതം മുമ്പോട്ടുപോകുന്നത്. പലപ്പോഴും ഒരു മരീചികതേടിയുള്ള യാത്രപോലെ കഠിനമാണ് നമ്മുടെ ജീവിതം.''
കനത്ത കഫത്തിന്റെ പാളികള്‍ അദ്ദേഹത്തിന്റെ ശബ്ദത്തെ തടസ്സപ്പെടുത്തുന്നുണ്ടായിരുന്നു. ആഞ്ഞുചുമച്ച്, ശ്വാസംമുട്ടല്‍ വകവെക്കാതെ അദ്ദേഹം തുടര്‍ന്നു:
''അന്നു ഞാന്‍ നിന്നില്‍ക്കണ്ട കലക്കോ കഴിവിനോ അല്ല മാറ്റംവന്നത്; സാഹചര്യങ്ങള്‍ക്കാണ്. നിന്റെ വേദനകളായിരുന്നു നിന്റെ ചിത്രങ്ങള്‍. ഏറ്റവും ഉദാത്തമായ കല, അത്രയധികം ആഴമുള്ള വേദനയില്‍നിന്നാണ് ഉടലെടുക്കുന്നത്. നിന്റെ ആത്മാവിന്റെ ആര്‍ത്തനാദം അന്നു വരച്ചിരുന്ന ചിത്രങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുമായിരുന്നു. ഇന്നും നീ വരക്കുന്നതു മനോഹരമായ ചിത്രങ്ങളാണ്. പക്ഷേ അവയില്‍ ആത്മാവിന്റെ കൈയൊപ്പുണ്ടോ?''
അതു ചോദിച്ചുകൊണ്ട് അദ്ദേഹം അയാളെ സൂക്ഷിച്ചു നോക്കി.
സോയൊന്തന് ആ വയോധികന്റെ മുഖത്തേക്ക് അമ്പരപ്പോടെ നോക്കി. നരച്ച കണ്ണുകളുടെ ആഴങ്ങളിലേക്ക് അയാളുടെ ആത്മാവിന്റെ അന്വേഷണം നീണ്ടു. അവയുടെ അടിത്തട്ടില്നിന്നുയര്ന്ന തേജസ്സ്, അയാളുടെ പ്രജ്ഞയിലേക്ക് ഒരു തെളിനീരരുവിപോലെ തിരിച്ചൊഴുകി! ഗുരുവിന്റെ ശിരസ്സിനു ചുറ്റും ഒരു പ്രഭാവലയമുണ്ടോ?
അയാള്‍ മുഖം അമര്ത്തിത്തുടച്ചുകൊണ്ടെഴുന്നേറ്റു. ഗുരുവിന്റെ കൈകളിലൊന്നമര്ത്തി, തിരിഞ്ഞു വാതില്ക്കലേക്കു നടന്നു. ഒരിക്കല്‍ക്കൂടി ചുവരിലെ ചിത്രത്തിലേക്കുനോക്കി, അയാള്‍ പുറത്തെ ഇരുട്ടിലേക്കു മറഞ്ഞു. സോമനാഥ്, പതിയെ പിന്നിലേക്കു ചാരി, കണ്ണുകളടച്ചു.
* * * *
ഒരിടവേളക്കു ശേഷം, പ്രശസ്ത ചിത്രകാരന് സോയൊന്തന്റെ ചിത്രപ്രദര്ശനത്തെക്കുറിച്ചുള്ള അറിയിപ്പു കിട്ടിയപ്പോള്‍ രാജ്യമെങ്ങുമുള്ള ആരാധകര്‍, കല്ക്കത്തയിലേക്കൊഴുകിയെത്തി. സാധിക്കുമെങ്കില്‍ പ്രിയപ്പെട്ട ചിത്രകാരന്റെ കൈയൊപ്പോടുകൂടിയ ഒരു ചിത്രം വീട്ടിലേക്കു കൊണ്ടുപോകാനാശിച്ച്, പ്രദര്‍ശനശാല തുറക്കുംമുമ്പേ അവര്‍ പുറത്ത്, നിരത്തില്‍ കൂടിനിന്നു.
പല നിറങ്ങള്‍; പല ഭാവങ്ങള്‍... മനുഷ്യരുടെയും പ്രകൃതിയുടെയും വര്‍ണചിത്രങ്ങള്‍ നിറഞ്ഞ കാന്‍വാസുകള്‍ കണ്ണിനു മുന്നില്‍ സൃഷ്ടിച്ച വിസ്മയം കണ്ട് ആളുകള്‍ അത്ഭുതംകൂറി. അപ്പോഴും എല്ലാവരും തേടിയത്, 'പാതിവ്രത്യച്ചങ്ങല' തന്നെയാണെന്ന്, അതു വെച്ചിരുന്ന പ്രത്യേക സ്റ്റാളിലെ തിരക്കു തെളിയിച്ചു.
പ്രദര്‍ശനത്തിന്റെ അവസാനത്തെ ചിത്രത്തിനു മുന്നില്‍ വലിയൊരാള്ക്കൂട്ടമുണ്ടായിരുന്നു. ഒരു ചിത്രകാരന് സ്വന്തം ചിത്രം വരക്കുന്നതാണ് പ്രമേയം. താഴെനിന്നു വിഴുങ്ങുന്ന തീനാളങ്ങളും ഉള്ളില്‍നിന്ന് അരിച്ചു പുറത്തേക്കിറങ്ങുന്ന അനേകം ഞണ്ടുകളും അയാളുടെ ശ്രദ്ധയിൽപെടുന്നില്ലെന്നു തോന്നി. മറിച്ച്, മരണത്തിലേക്കടുത്തുകൊണ്ടിരിക്കുന്ന ഒരുവന് അപ്രാപ്യമായ ശാന്തതയും ധ്യാനനിമഗ്നനായ ഒരു യോഗിവര്യന്റെ ഭാവവും കർമനിരതനെങ്കിലും, അയാളില്‍ തെളിഞ്ഞു കണ്ടു. ചുറ്റുമുള്ള പ്രകൃതി മുഴുവന്‍ അയാളുടെ താലത്തിലേക്ക് അലിഞ്ഞൊഴുകിപ്പരക്കുന്ന നിറങ്ങളാകുന്നു. അതോ, അതില്നിന്നവ ഉവിക്കുകയാണോ?!
അപ്പോള്‍ വീശിയടിച്ച ശക്തമായ ഒരു കാറ്റ്, ജനാലകളില്ലാത്ത ആ മുറിയില്‍ എവിടെനിന്നു വന്നതാണെന്ന് ആരും ചിന്തിച്ചില്ല. അതില്‍ മനുഷ്യമാംസം കത്തിയമര്‍ന്ന ഗന്ധം കലര്‍ന്നിരുന്നു. അനേകമനേകം ഞണ്ടുകള്‍ ഒരൽപം തണുപ്പു തേടി, ചുട്ടുനീറുന്ന ശരീരങ്ങളുമായി അലറിപ്പരക്കുന്ന തിരമാലകളിലേക്കോടുന്നതിന്റെ ഇരമ്പല്‍. അതോ, അതൊക്കെയും ആ ചിത്രം സൃഷ്ടിക്കുന്ന വിഭ്രമമോ?
ആര്‍ത്തലച്ചുയര്‍ന്ന നിറങ്ങള്‍ പ്രകൃതിയില്‍നിന്നു പ്രകൃതിയിലേക്കു കൈമാറിയ സൃഷ്ടിയുടെ താളങ്ങള്‍ ഒരു ജുഗല്ബന്ദിപോലെ ഉയര്ന്നുമുഴങ്ങിച്ചേര്ന്നവസാനിച്ചു!