മരംകൊത്തി -വി. ഗിരീഷ് എഴുതിയ കഥ
-ഞാൻ കണ്ടില്ല! അറിഞ്ഞില്ല! അതാണ് സത്യം. വാട്സ്ആപ്പിലും ഫേസ് ബുക്കിലും വന്നപ്പോഴാണ് ശ്രദ്ധിച്ചത്. കടക്കു മുൻവശത്ത് വാഹനങ്ങൾ വേഗംകൊണ്ട് നേർരേഖകൾ വരച്ചുകൊണ്ടിരിക്കുന്ന റോഡിനപ്പുറത്താണ് വൃദ്ധൻ ബൈക്ക് തട്ടി വീണുകിടക്കുന്നത്. -അല്ലെങ്കിൽതന്നെ എന്റെ ശ്രദ്ധ രണ്ട് കാര്യങ്ങളിൽ മാത്രമാണല്ലോ. ഒന്ന്- കടയിലെ...
Your Subscription Supports Independent Journalism
View Plans-ഞാൻ കണ്ടില്ല! അറിഞ്ഞില്ല! അതാണ് സത്യം. വാട്സ്ആപ്പിലും ഫേസ് ബുക്കിലും വന്നപ്പോഴാണ് ശ്രദ്ധിച്ചത്. കടക്കു മുൻവശത്ത് വാഹനങ്ങൾ വേഗംകൊണ്ട് നേർരേഖകൾ വരച്ചുകൊണ്ടിരിക്കുന്ന റോഡിനപ്പുറത്താണ് വൃദ്ധൻ ബൈക്ക് തട്ടി വീണുകിടക്കുന്നത്.
-അല്ലെങ്കിൽതന്നെ എന്റെ ശ്രദ്ധ രണ്ട് കാര്യങ്ങളിൽ മാത്രമാണല്ലോ. ഒന്ന്- കടയിലെ തറയിൽ കിടത്തിയിട്ട വരിക്കപ്ലാവിന്റെ വലിയ തടിയിൽ ബോധിവൃക്ഷച്ചുവട്ടിൽ ധ്യാനനിരതനായ ബുദ്ധനെ കൊത്തിയെടുക്കുന്നതിൽ. രണ്ട് -മൊബൈലിൽ
-വല്ലാതെ മുഴുകി പോകുന്നുണ്ടതിൽ...
മുളയാണിയിട്ട മരച്ചട്ടത്തിന്റെ പൊഴിയിൽ കുടുങ്ങിയ പലകപോലെ വേർപെടുത്താനാവാത്തവിധം ദൃഢപ്പെട്ടിരിക്കുന്നു, മൊബൈലിൽ. അക്കാരണത്താൽ കിളിർത്ത വ്യസനം ചെന്തൂരിട്ട് മിനുസപ്പെടുത്തിയത് സ്വന്തം കൊത്തുപണിയുടെ കൃത്യത നിറഞ്ഞ സൗന്ദര്യം ആസ്വദിച്ചപ്പോഴാണ്. വരിക്കപ്ലാവിന്റെ കടും മഞ്ഞ നിറമാർന്ന കാതലിൽ, കാഠിന്യം ഇഴചേർന്ന ഗ്രയ്ൻസ് നിറഞ്ഞ മരവരികളിൽ, കൊത്തിയെടുത്ത ബോധിവൃക്ഷത്തിന്റെ ശിഖരങ്ങളിലെ ഇലകളുടെ ചാരുത സംതൃപ്തിയുടെ കുളിർകാറ്റായ് എന്നിലേക്കാവേശിച്ചു.
റോഡരികിൽ വൃത്തിയും വെടിപ്പുമില്ലാത്ത, ഒരു വൃദ്ധൻ ചോര പൊട്ടിയ കൈകാലുകളുമായി എഴുന്നേൽക്കാനാവാതെ കിടക്കുന്ന ഫേസ്ബുക്കിലെ വീഡിയോക്ക് ഇതിനകം പന്ത്രണ്ട് ലൈക്ക് എറിഞ്ഞു വീഴ്ത്തിയതുപോലെ ഒരുമിച്ച് വീണു. ചോദ്യചിഹ്നങ്ങളിൽ ഒടുങ്ങുന്ന കമന്റുകൾ പൊട്ടിമുളച്ചു. വാട്സ്ആപ്പ് ഗ്രൂപ്പുകളും സജീവമായി. ഗൾഫിൽനിന്നടക്കം എവിടെയാണ്? എന്താണ്? എന്ന തിടുക്കം നിറഞ്ഞ അന്വേഷണങ്ങൾ..! കൃത്യമായ മറുപടികൾ...
-ആ കൊത്തുപണിക്കാരന്റെ കടക്ക് ഓപ്പോസിറ്റാണ്..!
-അയാൾ ഇതൊന്നുമറിഞ്ഞില്ലേ..?
കുറ്റപ്പെടുത്തലിന്റെ വിഷം തേച്ച ചോദ്യശരം മറ്റൊരു രാജ്യത്തുനിന്ന് വന്നു തറച്ചപ്പോൾ പരിചകൊണ്ട് പ്രതിരോധിക്കുംപോലെ മുഖം ചുളിപ്പിച്ച് മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു. അജ്ഞാതമായ ഒരലട്ടൽ ഉള്ളിൽ വീണ്ടും സംക്രമിച്ചുകൊണ്ടിരിക്കുന്നു.
കേൾവിക്കുറവുകൊണ്ട് ഹോൺ കേൾക്കാതെ റോഡിലേക്ക് കയറിയപ്പോൾ അരികിലേക്ക് തെറിച്ചുനിൽക്കുന്ന ബൈക്കിന്റെ കണ്ണാടി കൈയിൽ കൊണ്ട് മറിഞ്ഞുവീണതാണെന്നും ബൈക്ക് നിർത്താതെ ചീറിപ്പാഞ്ഞു പോയെന്നുമാണ് ഫേസ്ബുക്കിലെ ശ്രദ്ധേയമായ നിരീക്ഷണം. ആ ബൈക്കിന്റെ നമ്പർ ഏകദേശ ധാരണയുണ്ടെന്നും..!
ഉള്ള പരിചയംവെച്ച് വൃദ്ധനെ വണ്ടി വിളിച്ച് ആശുപത്രിയിൽ കൊണ്ടുപോകാം...
-പക്ഷേ...,
ഏറ്റെടുത്ത ചുമതലകൾ വരുത്തിവെച്ച സമയക്കുറവ്, പണനഷ്ടം, വൈറസിന്റെ രൂക്ഷമായ വ്യാപനം, മറ്റെന്തെങ്കിലും സംഭവിച്ചാലുള്ള പ്രതിസന്ധികൾ...
എല്ലാംകൂടിയാലോചിച്ച് മനസ്സ് മാർഗങ്ങളറ്റ് തരിശായി. അല്ലെങ്കിൽതന്നെ സമ്പന്നരും അതിയോഗ്യരെന്ന് നടിക്കുന്നവരുമായ എത്രയോ പേർ അപ്പുറത്തെ കടകളിലും റോഡിനരികിലുമൊക്കെ ഇതു കണ്ട് ലാഘവത്തോടെ പല അഭിപ്രായങ്ങളും പറഞ്ഞ് നർമം പങ്കുവെക്കുന്നു. അവരൊന്നും ചെയ്യാത്തത് ഞാൻ ചെയ്യുമ്പോൾ വേലിയിൽ കിടക്കുന്ന പാമ്പിനെയെടുത്ത് കഴുത്തിൽ അണിയുന്നതുപോലെയാണ്. എന്നിട്ടും ആരെങ്കിലും വേഗത്തിൽ അയാളെ ആശുപത്രിയിലാക്കിയിരുന്നെങ്കിലെന്ന് തീവ്രമായി ആഗ്രഹിച്ചു.
നാട്ടിലെ ചില ചെറുപ്പക്കാർ ബൈക്കുകളിൽ എത്തി താഴെയിറങ്ങാതെ മൊബൈലിൽ പകർത്തിക്കൊണ്ടിരുന്നു. ചിലർ മാലിന്യ കൂമ്പാരത്തിലേക്ക് നോക്കുന്നതുപോലെ അസഹ്യമായി നോക്കി പിൻവലിഞ്ഞു.
ഞാൻ ഉടനെ മൊബൈൽ വീണ്ടും ഓണാക്കി, വാട്സാപ്പിൽ വന്ന വൃദ്ധന്റെ പുതിയ ചിത്രങ്ങളിൽ തൊട്ട് പശകൊണ്ടൊട്ടിയ വിരലുകൾ വേർപെടുത്തുംപോലെ വലുതാക്കി നോക്കി.
ബീഡി വലിച്ചും മുറുക്കിയും മദ്യപിച്ചും കേടുവന്നുണങ്ങിയ തേങ്ങാമുറി കണക്കെ വരണ്ട വായ തുറന്നു പിടിച്ച്, വിണ്ടു കീറിയ ഇരുണ്ട ചുണ്ടുകൾ വിഹ്വലതയോടെ വിറപൂണ്ട് ദൈന്യത മുറ്റിയ മുഖം. വെള്ള പാട വീണ് വിളറിയ കൃഷ്ണമണികൾ വേദനയിൽ അലിഞ്ഞപോലെ തുളുമ്പുന്നു. വട്ടമിട്ട് പറക്കുന്ന ഒന്ന് രണ്ട് പൊട്ടനീച്ചകളുടെ നിശ്ചലതയുടെ അവ്യക്തത. കണ്ടിട്ട് ചോര പൊട്ടിയ മുറിവുകൾ ഒട്ടും ഗൗരവമുള്ളതല്ല. അതായിരിക്കുമോ ആളുകൾ സമീപിക്കാത്തത്..?
ബുദ്ധന്റെ വസ്ത്രത്തിന്റെ ചുളിവുകൾ വക്രാകൃതിയിലുള്ള ഉളിയുടെ വായ്ത്തലകൊണ്ട് ചെരിഞ്ഞ മൃദു മേട്ടങ്ങളാൽ ശരിപ്പെടുത്തിയെടുക്കുമ്പോൾ ഞാൻ ഓർത്തു.
-വൃദ്ധൻ ഈ ഗ്രാമപ്രദേശത്ത് എത്തിയിട്ട് മൂന്നോ നാലോ മാസമായി കാണും. ആദ്യമായി കാണുമ്പോൾ ടാറിന്റെ നിറവും നരച്ച് ഒതുക്കമില്ലാതെ വളർന്ന ചളിനിറം പൂണ്ട താടിയും മുടിയുമായി പ്രാകൃതമായ ഉയരം കുറഞ്ഞ ഒരു രൂപമായിരുന്നു. മുഷിഞ്ഞ മുണ്ടും കനത്തിലുള്ള മടിക്കുത്തും അരയിൽ മുറുക്കെ ചുറ്റിക്കെട്ടിയ തോർത്തുമുണ്ടും പരശുരാമനെ അനുസ്മരിപ്പിക്കും വിധം ചുമലിലൊരു ഭാരമുള്ള മഴുവുമേന്തി പ്രായത്തെ കൂസാതെയുള്ള നടത്തം. ജനങ്ങളെ ആകർഷിക്കാനെന്നവിധം അത്യുച്ചത്തിൽ അയാൾ പാട്ടുകൾ പാടി. തമിഴ് ഈരടികൾ...
-മാം കുയിലെ, തേൻകുയിലെ... കുയിലെ പുടിച്ച് കൂട്ടിലടച്ച്... അല്ലെങ്കിൽ, പോനാൽ പോകട്ടും പോടാ... അതുമല്ലെങ്കിൽ, നാൻ ആണയിട്ടാൽ... ഒരു രീതിയുമില്ലാതെ പ്രഹസനംപോലെ അതിന്റെ തന്നെ ആവർത്തനങ്ങൾ... ആ പാട്ടില്ലായിരുന്നുവെങ്കിൽ ഞാൻ അയാളെ ശ്രദ്ധിക്കുമായിരുന്നില്ല..!
അറിഞ്ഞു വന്നപ്പോൾ പ്രതീക്ഷിച്ചപോലെ തമിഴൻ തന്നെ. അണ്ണാച്ചി. പലരും മണിയണ്ണനെന്നാണ് വിളിക്കുന്നത്. വെടിവെച്ചാൽ എന്താ ഒരു പുക എന്നു ചോദിക്കും. അത്രക്കുണ്ട് കേൾവിക്കുറവ്. വയസ്സ് എൺപത് പിന്നിട്ടിരിക്കുന്നുവെന്നറിഞ്ഞു. ആരോഗ്യപൂർണമായ നടത്തം കണ്ടാൽ തോന്നില്ല.
വിറകുവെട്ടുന്ന പണിക്കാണ് ഈ നാട്ടിൽ എത്തിച്ചേർന്നത്. തമിഴും മലയാളവും ഇടതൂർന്ന ഭാഷ. വീടുകളിൽ കയറി നിസ്സാര തുകക്ക് വിറകുവെട്ടി കൊടുക്കാമെന്ന് പറഞ്ഞ് അഡ്വാൻസ് വാങ്ങി വെട്ടാൻ തുടങ്ങും. നാട്ടുകാർക്കത് വലിയ അനുഗ്രഹമായി. എളുതരമായി. പലപ്പോഴും കാശ് പറയുന്നതധികമാണെന്ന് പറഞ്ഞ് അനാവശ്യമായി വിലപേശി. ഇരുനൂറ് രൂപക്ക് ഒരുദിവസം മുഴുവൻ വെട്ടും..! ചായയും ചോറും കൊടുക്കണമെന്ന് മാത്രം. പണിയെടുക്കുമ്പോൾ ചുറ്റുപാടു മുഴുവൻ കേൾക്കുംവിധം പാട്ടു പാടും. ആളുകൾ അയാളെ ചൂഷണം ചെയ്യുന്നതിൽ മത്സരിച്ചു.
താടിയും മീശയും മുടിയുമെല്ലാം കളഞ്ഞശേഷം മണിയണ്ണൻ ചിരിക്കുന്നത് കണ്ടപ്പോഴാണ് ഞാൻ അയാളെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. വാ തുറന്നാൽ ക്ലോക്കിലെ അക്കങ്ങൾപോലെ ഇടവിട്ടാണ് മുറുക്കാൻ കറ വീണ വ്യത്യസ്ത രൂപങ്ങൾ പ്രാപിച്ച പല്ലുകൾ. പല്ലുകൾക്കിടയിലെ വിടവാണോ അതോ കൊഴിഞ്ഞുപോയതാണോ എന്നറിയില്ല. വാ മുഴുവൻ തുറന്നുപിടിച്ച് ക്ലോക്ക് വട്ടത്തിലാക്കി ഒരു കാരണവും പരിചയവുമില്ലാതെ നിഷ്കളങ്കമായി ചിരിക്കുന്നത് കണ്ടാൽ മണിയണ്ണനെ ആർക്കാണ് അകറ്റിനിർത്താൻ കഴിയുക? തിരിച്ചു ചിരിച്ചാൽ അയാളുടെ മിഴികളിൽ സ്നേഹത്തിന്റെ തിളക്കം ഊറിയിറങ്ങുന്നത് കാണാം.
ഒരിക്കൽ ഞാൻ കൊത്തുപണിയെടുക്കുന്ന മരത്തിനടുത്ത് അകാരണമായി ലോഗ്യത്തിൽ ചിരിച്ച് വന്നിരുന്നു. ഒരു മനുഷ്യനെ ഇത്രയും മുഷിഞ്ഞ ദുർഗന്ധമനുഭവിക്കുമെന്ന് തിരിച്ചറിഞ്ഞു. എന്റെ നനുത്ത മേട്ടത്തിന്റെ താളവും കൊത്തുപണിയുടെ ആഴത്തിൽ രൂപപ്പെട്ട ഡിസൈനുകളുടെ സൗന്ദര്യവും അൽപനേരം വൃദ്ധൻ ആസ്വദിച്ചു. ദുർഗന്ധം ഏറെ അസഹനീയമായപ്പോൾ ഞാൻ അയാളുടെ പുതിയ വേഷം ശ്രദ്ധിച്ചു. തലയിൽ തൊപ്പിയും പഴകി മുഷിഞ്ഞ ബനിയനും അറ്റം കീറിയ ചളി പുരണ്ട കള്ളിമുണ്ടും അരയിൽ മുറുക്കത്തിലൊരു ബെൽറ്റുമായി തനി മുസ്ലിം വേഷം. ഒരു പ്രത്യേകതരം ഈണത്തിൽ, കേൾക്കാൻ സുഖമുള്ള ശബ്ദത്തിൽ അയാൾ പറഞ്ഞു.
-നമുക്ക് കേരളാവില് ഒന്നുക്കും തൊന്ത്ര വില്ലയ്യാ... നമുക്കെന്നാ കവലെ... മേലെ പെരിയ ആകാശം. താഴെ ഭൂമി... പൊരിച്ച മീനോടെ ശാപ്പാട്...എങ്കെ പോനാലും..! മൂന്ന് നേരവും, ഡീസെന്റ് ശാപ്പാട്...
ഒരു മനുഷ്യജീവിതം അനുഭവിക്കാവുന്ന മുഴുവൻ സംതൃപ്തിയും ആഹ്ലാദവും ആ വാക്കുകളിലും ശബ്ദത്തിലും വിളക്കിച്ചേർത്തിരുന്നു.
-മുസ്ലിം വേഷമിടും നേരം ഉമ്മറ്...ഹിന്ദുവാണേൽ രാസമണി... കൃസ്ത്യൻ ജോസപ്പ് ... നീ മണിയണ്ണനെന്ന് വിളി...
വൃദ്ധൻ തന്റെ അസാധാരണവൈഭവത്തിന്റെ മതിപ്പോടെ ചിരിച്ചു. അയാളുടെ വായിൽനിന്നെത്തിയ ദുർഗന്ധത്തിൽ ഞാനിപ്പോൾ ബോധം കെടുമെന്ന് തോന്നി.
-ഇന്ന് മുസ്ലീം വീട്ട്ക്ക് കല്യാണം. സ്വാമിവേഷം പറ്റാത്...
തലയിലെ തൊപ്പി ഒന്നനക്കി ശരിയാക്കിവെച്ച് വാ പൊത്തി പൊരിഞ്ഞ ചിരി. ബസ് കണ്ടക്ടർ ചില്ലറക്കായി ബാഗ് കുലുക്കുന്നതരം ശബ്ദം. പഴകിയ ഈ ഡ്രസുകളെല്ലാം ഓരോരോ വീടുകളിൽനിന്ന് ചോദിച്ചു വാങ്ങിക്കുന്നതാണ്. പക്ഷേ, കുളിക്കില്ല.
എന്റെ കൈയിൽ ഉണ്ടായിരുന്ന കീറ്റുളിയുടെ അത്രയും മൂർച്ച ശബ്ദത്തിലേക്കാവാഹിച്ചപോലെ ഉച്ചത്തിൽ ചോദിച്ചു.
-ഒന്ന് കുളിച്ചൂടെ... പൊട്ടച്ചിറ കുളത്തില് ഇഷ്ടംപോലെ വെള്ളമുണ്ടല്ലോ..?
ഞാൻ അസഹ്യതയോടെ നെറ്റി ചുളിച്ച് മൂക്കുപൊത്തുക കൂടി ചെയ്തപ്പോൾ വൃദ്ധന് കാര്യം മനസ്സിലായി. ചിരി ഊതിക്കെടുത്തിയ വിളക്കുപോലെ അണഞ്ഞു. വൃദ്ധൻ വല്ലാത്തൊരു മൂളലോടെ എഴുന്നേറ്റ്, പോനാൽ പോകട്ടും പോടാ... എന്ന് പാടിക്കൊണ്ട് നടന്നകന്നു.
രാത്രി ഞാൻ കട പൂട്ടി പോന്നാൽ കടക്കു മുന്നിലെ വരാന്തയിലാണ് അയാളുടെ കിടപ്പെന്ന് മറ്റുള്ളവർ പറഞ്ഞാണ് ഞാനറിഞ്ഞത്. വൃത്തികേടൊന്നും കാണാത്തതു കൊണ്ട് ഞാൻ വിലക്കിയില്ല. എവിടെയെങ്കിലും കിടക്കട്ടെ, എങ്ങനെയെങ്കിലും ജീവിക്കട്ടെ എന്നു കരുതും.
കൊത്തുപണി നടക്കുന്നതിനിടയിൽ എന്റെ കണ്ണുകൾ ഇടക്കിടെ റോഡരികിൽ കിടക്കുന്ന മണിയണ്ണന്റെ നിസ്സഹായാവസ്ഥയിലേക്ക് തെറിച്ചു. ഒഴുക്കിനെതിരെ നീന്തുന്നവരായി ആരും രംഗത്തെത്തിയില്ല.
അധികം വൈകാതെ വൃദ്ധൻ പ്രയാസപ്പെട്ടെഴുന്നേറ്റ് സമീപത്തുള്ള കടകളിലേക്ക് ഏറുകണ്ണിട്ട് അർഥഗർഭമായി ഒന്നു ചിരിക്കാൻ ശ്രമിച്ച് -ആ ചിരിയിൽ പരിഹാസമോ പുച്ഛമോ എന്ന് തിരിച്ചറിയാനായില്ല- പ്രാഞ്ചി പ്രാഞ്ചി നടക്കുന്നതു കണ്ടപ്പോൾ ആശ്വാസമായി.
അടുത്തദിവസം രാവിലെ മണിയണ്ണന്റെ ഉച്ചത്തിലുള്ള വികലമായ പാട്ട് കൊത്തുപണിക്കിടയിൽനിന്ന് എന്റെ ശ്രദ്ധയെ പിടിച്ചു വലിച്ചു. സമീപത്തുള്ള ചായക്കടക്കു മുന്നിലുള്ള മാലിന്യങ്ങൾ ചൂലുകൊണ്ട് അടിച്ചു വൃത്തിയാക്കുകയാണ്. പിന്നെ റോഡരികിലുള്ള മുഴുവൻ കച്ചവടക്കാരും മണിയണ്ണനെ കടകളുടെ മുൻവശം അടിച്ചുവാരാൻ ക്ഷണിച്ചു. ഇരുപത് രൂപ മാത്രമാണ് കൂലി പറഞ്ഞുവെച്ചത്. ഗ്രാമപഞ്ചായത്ത് വക ഒരു കുപ്പത്തൊട്ടി സ്ഥാപിച്ചിട്ടുണ്ടെന്നല്ലാതെ ക്ലീനിങ്ങിനായുള്ള കാര്യമായ സൗകര്യമില്ല. തൊഴിലുറപ്പുകാർ ഒന്നുരണ്ടു തവണ വൃത്തിയാക്കുകയുണ്ടായി.
വൃദ്ധനത് വലിയ അനുഗ്രഹമായി. പതിനഞ്ചോളം കടകളുണ്ട് സെന്ററിൽ. കുറച്ചൊരു നേരംകൊണ്ട് കടകളും നിരത്തുവക്കുകളും അടിച്ചു വൃത്തിയാക്കി മണിയണ്ണൻ മാലിന്യങ്ങൾക്ക് തീ കൊളുത്തി. കടക്കാരും ആളുകളും ആ പ്രവൃത്തിയെ അഭിനന്ദിക്കുകയും ഒന്നിടവിട്ട ദിവസങ്ങളിൽ ഈ ജോലി ചെയ്തു കൊള്ളുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എല്ലാ കടക്കാരും ഇരുപത് രൂപ വെച്ച് കൊടുത്തപ്പോൾ ഞാൻ മാത്രം ചില്ലറയില്ലാത്തതുകൊണ്ട് അമ്പത് രൂപ നൽകി. ബാക്കി നൽകിയപ്പോൾ വേെണ്ടന്നും പറഞ്ഞു. അത് അയാൾ എല്ലാ കടകളിലും കയറി പറഞ്ഞു
-ആ കടയിലെ 'മരംകൊത്തി' നല്ല ആള്... അമ്പത് രൂപ തന്ന്..!
മറ്റു കടക്കാർക്ക് അത് രസിച്ചില്ലെങ്കിലും ആരും അനിഷ്ടമൊന്നും പറഞ്ഞില്ല. എന്നെ മരംകൊത്തി എന്ന് വിശേഷിപ്പിച്ചതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത നിരാശയും അമർഷവും തോന്നി. അധികമായി കൊടുത്ത പണം തിരിച്ചു വാങ്ങിയാലോ എന്നുപോലും ചിന്തിച്ചു. ഒരു കൂറ്റൻ പക്ഷിയുടെ മൂർച്ചയേറിയ കൊക്ക് പോലുള്ള മഴു ചുമലിൽ കൊണ്ടു നടക്കുന്ന അയാളാണ് എന്നെ മരംകൊത്തി എന്ന് പരിഹസിക്കുന്നത്. നാട്ടിൽ അറിയപ്പെടുന്ന ശിൽപിയും ചിത്രകാരനുമാണ് ഞാൻ.
ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ കടമുതലാളിമാരുടെ വീടുകളിലുള്ള കച്ചറകളും സമീപ പ്രദേശത്തെ വീടുകളിലെ വേസ്റ്റുകളും ഒഴിവാക്കേണ്ട ചുമതലയും മണിയണ്ണന്റെ ജോലിയായി. ഭക്ഷണത്തിന് ഒരു വിഷമവുമില്ലാതായി. ആരെങ്കിലും മീനോ മുട്ടയോ ഇറച്ചിയോ കൊടുത്താൽ അത് എല്ലാ കടകളിലും നിരത്തുവക്കിലും പറയും.
കുറച്ചു ദിവസങ്ങൾകൊണ്ട് നാട്ടിലെ മുഴുവൻ ആളുകളുടേയും പരിചയക്കാരനായി മണിയണ്ണൻ. പണി കഴിഞ്ഞ് രാത്രി കള്ളുഷാപ്പിൽ പോയി നന്നായൊന്ന് മിനുങ്ങും. അപ്പോൾ പാട്ടിന്റെ സ്വരം കുറച്ചുകൂടി ഉയരുകയും കൂടുതൽ വികലമാവുകയും നടത്തത്തിന് ബലഹീനത വരുകയും ചെയ്യും.
രാത്രി ഒരു ചോറ്റുപാത്രത്തിൽ ഏതെങ്കിലും വീടുകളിൽനിന്ന് ഭക്ഷണം വാങ്ങിച്ച് കടയുടെ കുറച്ചപ്പുറത്തുള്ള അരമതിലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കടയടച്ച് വീട്ടിലേക്ക് പോരുവാൻ നേരത്ത് ഞാൻ കാണാം. എന്നെ കണ്ടാൽ സ്വതഃസിദ്ധമായ ചിരി ചിരിക്കും. നിരത്തുവക്കിനരികിൽ കെട്ടിക്കിടക്കുന്ന ചളിവെള്ളത്തിൽ പാത്രവും കൈയും കഴുകി അതിൽതന്നെ വായയും കഴുകി ഏമ്പക്കംവിട്ട് പൊട്ടിച്ചിരിക്കുന്ന മണിയണ്ണനെ വിസ്മയത്തോടെ നോക്കിനിൽക്കും.
മാലിന്യമെടുത്തും നിരത്തുവക്കടിച്ചും വൃത്തിയാക്കിയും ദിവസങ്ങൾക്കും മാസങ്ങൾക്കും വൃദ്ധൻ തീ കൊളുത്തി ചാരമാക്കി. പകർച്ചപ്പനിയുടെയും വൈറസ് വ്യാപനത്തിന്റെയും അവസരങ്ങളിൽ വൃദ്ധൻ ചെയ്യുന്ന പ്രവൃത്തികളുടെ പുണ്യം നാട്ടുകാർക്ക് ശരിക്കും ബോധ്യപ്പെട്ടു.
-നമുക്കാരുമില്ലയ്യാ... പൊണ്ടാട്ടിയെല്ലാം മരിച്ചുപോയ്... ഇടക്ക് ചുമ്മാ നാട്ട്ക്ക് പോണ്ന്ന് പറഞ്ഞ് അങ്കെയിങ്കെ ചുറ്റി ഒന്ന് രണ്ട് കുപ്പി ക്വോർട്ടറടിച്ച്... മരണം വരെ ഇന്തനാട് വിടമാട്ടെ.... ഇവിടെ നിറയെ പണി. പൊരിച്ച മീനോടെ ശാപ്പാട്...
കൈ കൊട്ടി ചില നൃത്തച്ചുവടുകൾവെച്ച്, മഴുവൊന്ന് ചുഴറ്റി അയാൾ ഒരിക്കൽ എനിക്കു മുന്നിൽ ചിരിച്ചു മയങ്ങി.
ഒരു റംസാൻ മാസത്തിൽ ഇരുപത്തേഴാം രാവിന്റെ അന്ന് വൃദ്ധൻ മുസ്ലിം വേഷം ധരിച്ച് സമീപത്തുള്ള മുസ്ലിം വീടുകളിലെല്ലാം കയറിയിറങ്ങി. കീശയിൽ ധാരാളം സക്കാത്ത് കാശായി. പണിയെടുത്തു കിട്ടിയത് വേറെയും... പിന്നെ നാട്ടിലേക്ക് പോവുകയാണെന്നും പറഞ്ഞ് ആദ്യമെത്തിയ ബസിൽതന്നെ തൂങ്ങി പിടിക്കുന്നത് കണ്ടു. പെരുന്നാൾ കഴിഞ്ഞിട്ടും ആഴ്ചകൾ പിന്നിട്ടിട്ടും ആളെ കാണാതായപ്പോൾ കടക്കാർ വെപ്രാളംകൊണ്ടു.
-ആ തമിഴൻ തന്ത എന്തു പണിയാ കാട്ടുന്നത്..? ഈ വേസ്റ്റു മുഴുവൻ എടുക്കാതെ..?
എല്ലാ കടക്കാരിലും പരാതി നിറഞ്ഞു. നിരത്തുവക്ക് മാലിന്യംകൊണ്ട് പൊതിഞ്ഞു. കടലാസുകൾ, ലോട്ടറി ടിക്കറ്റുകൾ, പ്ലാസ്റ്റിക് കവറുകൾ, കിറ്റുകൾ, കടയിലെ വേസ്റ്റുകൾ... എല്ലാം പ്രശ്നങ്ങൾ.
മൂന്ന് ആഴ്ചകൾക്കു ശേഷം മണിയണ്ണൻ ഒരു ഉച്ചസമയത്ത് സെന്ററിൽ ബസിറങ്ങി. കുശലാന്വേഷണങ്ങളുമായി കടക്കാരും ആളുകളും അയാൾക്കു ചുറ്റും കൂടി. പിന്നെ ഒരാജ്ഞപോലെ ഉച്ചത്തിൽ പലരും പറഞ്ഞു.
-വേഗം ചൂലെടുത്ത് ക്ലീനിങ് തുടങ്ങ്...
പക്ഷേ മണിയണ്ണൻ അതു മനസ്സിലാവാത്തപോലെ കൈ മലർത്തി. തന്റെ ചന്തമുള്ള ചിരി തുറന്നുവെച്ചു. പിന്നെ ഉച്ചത്തിൽ ''നാൻ ആണയിട്ടാൽ...'' എന്ന പാട്ടു പാടിക്കൊണ്ട് രണ്ട് നൃത്തച്ചുവടുകൾ വെച്ച് മഴു ചുഴറ്റി ചുമലിൽതന്നെ വെച്ച് എങ്ങോട്ടെന്നില്ലാതെ നടന്നകന്നു.
അടുത്തദിവസം രാവിലെ ഞാൻ ഏറ്റവുമവസാനം കൊത്തിയെടുക്കേണ്ട ബുദ്ധന്റെ മുഖത്തെ കുറിച്ചുള്ള ആലോചനകളിൽ വ്യാപൃതനായി. നെറ്റിൽ സെർച്ചുചെയ്ത് രോഗവും വാർധക്യവും മരണവും കാണാനനുവദിക്കാതെ വളർന്ന സിദ്ധാർഥ രാജകുമാരന്റെ ജീവിതത്തിലൂടെ ഒരിക്കൽകൂടി കയറിയിറങ്ങി. മിഴികളടച്ച്, പ്രശാന്തമായ പുഞ്ചിരിയാൽ ധ്യാനനിരതനായ ബുദ്ധന്റെ തേജസ്സാർന്ന മുഖം ഉള്ളിൽ ജ്വലിച്ചു. അത് പ്രാർഥനാപൂർവം കൊത്തിയെടുത്ത് വിജയിക്കുന്നതുവരെ ഹൃദയം വല്ലാതെ പിടക്കും. അതിനെ സ്ഥൈര്യവും ശാന്തതയുംകൊണ്ട് മറികടക്കണം. മനസ്സിലെ മാലിന്യങ്ങളത്രയും നീക്കംചെയ്ത് തെളിയുന്ന ഒരു ദീപത്തിലേക്ക് ശ്രദ്ധയെ സംക്രമിപ്പിക്കണം.
ഉളികളൊന്നൊന്നായി ഞാൻ ചാണകല്ലിൽ ഉരച്ചു മൂർച്ച കൂട്ടി. പിന്നെ കുറച്ചു നിമിഷങ്ങൾ പ്രാർഥനയിൽ മുഴുകി. മരം തൊട്ടു തൊഴുത് പുതിയൊരു തുടക്കം.
പെെട്ടന്നൊരു ശബ്ദം കേട്ട് റോഡരികിലേക്ക് നോക്കിയപ്പോൾ കണ്ടു. ഒരു പണിയുമില്ലാത്ത കുറെ പേരും മറ്റ് കടക്കാരും ചേർന്ന് മണിയണ്ണനെ പിടിച്ചു കൊണ്ടുവന്ന് നിർബന്ധിച്ച് ചൂല് കൈയിൽ നൽകി -അടിക്കടൊ- എന്ന് ആവർത്തിച്ചാക്രോശിക്കുന്നു. മണിയണ്ണൻ അനുസരിക്കാതെ ക്ഷുഭിതനായി.
- ഇനി ഇന്ത വേല സെയ്യമാട്ടെ...നാൻ ഒരു മരം വെട്ടി... ഇന്ത കുപ്പൈകളെ സുത്തം പെടുത്തവത് ഒന്നുടൈ പൊറുപ്പ്...
പിന്നെയും എന്തൊക്കെയോ പച്ചത്തമിഴിൽ പറയുന്നു. ചിലർ അയാളെ പിടിച്ചുന്തി. ചിലർ ചിരിയടക്കി രസിച്ചു. എനിക്കതു കണ്ടപ്പോൾ തീരെ സഹിച്ചില്ല. എങ്ങനെയെങ്കിലും കൈയേറ്റ ശ്രമത്തിൽനിന്ന് അയാളെ രക്ഷിക്കണമെന്നാഗ്രഹിച്ചു.
-വേണ്ട, എന്റെ ശ്രദ്ധ തെറ്റിക്കൂടാ... ഈ ദിവസം നിർണായകമാണ്. കൃത്യതകൊണ്ടും സൂക്ഷ്മതകൊണ്ടും തന്റെ കലാവൈഭവത്തെ ജ്വലിപ്പിക്കേണ്ട ദിനം.
മുഖം കൊത്തുന്നതിന്റെ വിവിധ രീതികളിലൂടെ ചിന്തകൾ പാഞ്ഞു. പുതിയ കാഴ്ചപ്പാട് രൂപപ്പെട്ടു വരുന്നതനുസരിച്ച് കൈകളുടെ ചലനങ്ങൾ സജീവമായി. ഉളിയുടെ മൂർച്ച പൂണ്ട അഗ്രങ്ങൾ മരത്തെ മെഴുകാക്കി.
നിരത്തിൽ, വടിയോങ്ങിയുള്ള നിർബന്ധവും വഴക്കും സഹിക്കവയ്യാതെ പിറുപിറുത്തുകൊണ്ട് മണിയണ്ണൻ ചൂലു വാങ്ങി അടിക്കാൻ തുടങ്ങി. അപ്പോൾ സാധാരണ ഉണ്ടാവാറുള്ള പാട്ട് അയാളുടെ ചുണ്ടുകളിൽനിന്ന് വേർപെട്ടുപോയിരുന്നു. ഞാനും അനാവശ്യ ചിന്തകളെ ഉള്ളിൽനിന്ന് തുടച്ചുനീക്കി ക്കൊണ്ടിരുന്നു.
മുഴുവൻ കടകളുടെയും മുൻവശവും പാതയോരവും അടിച്ചു വാരിക്കൂട്ടി മണിയണ്ണൻ ഒഴിഞ്ഞസ്ഥലത്ത് നിക്ഷേപിച്ചു. പിന്നെ അതിൽനിന്ന് തെരഞ്ഞെടുത്ത ഒരു പേപ്പർ ഗ്ലാസുമായി എനിക്കരികിൽ വന്ന് ഉച്ചത്തിൽ പുലമ്പി.
-തണ്ണി കൊട്റാ...
ഞാൻ കുപ്പിയിലെ വെള്ളം ഒഴിച്ചുകൊടുത്തു. അത് കുടിക്കുമ്പോൾ അയാളുടെ കണ്ണുകൾ പൊടുന്നനെ നിറഞ്ഞൊഴുകി. എന്നിട്ടും അതിനു കീഴ്പെടാത്ത അധരങ്ങൾ ചിരിക്കുകയാണ്. ഒരു നിറകൺചിരി...
എന്റെ ശാന്തതയിൽനിന്ന് നിറകുടം തുളുമ്പുംപോലെ സ്നേഹം നിറഞ്ഞ ശബ്ദം സ്നിഗ്ധമായൊഴുകി.
-മണിയണ്ണാ...
അയാൾ അതു കേട്ടതായി ഭാവിക്കാതെ ഒന്നു കുതറിത്തെറിച്ച് ഒരു തമിഴ് പാട്ടിലൂന്നി പിടിച്ച് നടന്നു.
മാലിന്യത്തിന് തീവെച്ച് മണിയണ്ണൻ മൃതദേഹം ദഹിച്ചുകിട്ടാനായി കാത്തുനിൽക്കുന്നതുപോലെ ദുഃഖിതനായി നിന്നു. അയാൾക്ക് പിന്നാലെ കൂടിയവർ ചെന്ന് ചില താക്കീതുകൾ നൽകി പിരിഞ്ഞു പോകുന്നതു കണ്ടു.
സുമുഖിയായ ഒരു സ്ത്രീയുടെ കഴുത്തിലെ മാല അപഹരിച്ചു പോകാൻ ധൃതികൂട്ടുന്ന ഹെൽമറ്റ് ധരിച്ച ബൈക്ക് യാത്രക്കാരനെ അപ്പോഴാണ് മണിയണ്ണൻ ശ്രദ്ധിച്ചത്. അത് തടയാൻവേണ്ടി മണിയണ്ണൻ റോഡിലേക്ക് ഓടിക്കയറി. ബൈക്ക് യാത്രക്കാരനുമായി പിടിവലിയായി. അവൻ വൃദ്ധനെ ഉന്തിത്തള്ളിയിട്ട് ബൈക്കിൽ പാഞ്ഞു. മണിയണ്ണൻ റോഡരികിൽ മറിഞ്ഞുവീഴുന്നതും കമിഴ്ന്ന് കിടന്ന് ഞെരങ്ങുന്നതും എല്ലാവരും കണ്ടു.
സമീപത്തുള്ളവരെല്ലാം സ്ത്രീക്കു ചുറ്റും ഓടിക്കൂടി. കെട്ടുതാലിയടങ്ങിയ അഞ്ചു പവന്റെ മാലയാണ്. വെപ്രാളം പൂണ്ട് കരയുന്ന അവളുടെ വെളുത്ത ശരീരത്തിലേക്കും കഴുത്തിലേക്കും മാറിലേക്കും നോക്കി ആളുകൾ അന്വേഷണങ്ങളോടെ നിന്നു. ആരും മണിയണ്ണനെ ശ്രദ്ധിക്കുന്നില്ല.
സൂക്ഷ്മമായ പണിക്കിടയിലും എന്റെ നോട്ടം ഇടക്കിടെ നിരത്തിലേക്ക് പാഞ്ഞു. നിറഞ്ഞൊഴുകിയ വൃദ്ധന്റെ ചുടുകണ്ണീർ എന്റെ ഹൃദയത്തിൽ നീക്കം ചെയ്യപ്പെടാനാവാതെ, വറ്റാതെ കിടപ്പുണ്ട്. അതിന്റെ അസ്വാരസ്യത്തിൽ ഞാൻ എഴുന്നേറ്റ് പോയി കമിഴ്ന്ന് കിടന്ന് ഞെരങ്ങുന്ന മണിയണ്ണനെ വിളിച്ചു നോക്കി.
-അതിനൊന്നും പറ്റീട്ടില്ല. ഞാൻ കണ്ടതല്ലെ... ഇതിനു മുമ്പും പലതവണ വണ്ടി തട്ടി ഒാരോ മണിക്കൂർ കഴിഞ്ഞാണ് അയാൾ എഴുന്നേൽക്കുന്നതും പോകുന്നതുമൊക്കെ... വല്ല ആവശ്യമുണ്ടോ അയാൾക്ക് ഈ തള്ള് കൊള്ളാൻ... നമ്മൾ ആശുപത്രീലോ മറ്റോ കൊണ്ടുപോവാൻ നിന്നാൽ പിന്നെ അതുമതി കെട്ടി തിരിയാൻ...
-ഒരു പരിചയക്കാരൻ എന്നോട് പറഞ്ഞു കൊണ്ടിരുന്നു.
ഞാൻ മനസ്സില്ലാമനസ്സോടെ കടയിലേക്ക് മടങ്ങി. ഉള്ള് പ്രക്ഷുബ്ധമായിരിക്കുന്നു. മണിയണ്ണന്റെ അവസ്ഥയെ പറ്റിയുള്ള ആധിയും ബുദ്ധെന്റ അസാധാരണമായ മിഴിവുള്ള മുഖവും ഏറ്റുമുട്ടി ശിൽപത്തിന് സാരമായ പരിക്കേറ്റപോലെ. ഉളിയുടെ മുനകൾ പൊട്ടി. മേട്ടം തെറ്റി വിരൽ കുടുങ്ങി. ചോര കലങ്ങി.
-ദൈവമേ...
-എത്ര മാസത്തെ പണിയാണ്...
ഞാൻ വിയർത്തു. ചാഞ്ഞും ചരിഞ്ഞും ബുദ്ധന്റെ മുഖത്തേക്ക് നോക്കി. ഇല്ല..! പ്രശാന്തതയില്ല. ചൈതന്യമില്ല. മിഴിവാർന്ന പുഞ്ചിരിയില്ല. വികൃതമായ ഒരു നിർവികാര രൂപം പോലെ...
നിരാശയാൽ മുടിയിഴകൾക്കിടയിലൂടെ ഞാൻ ശക്തിയായി വിരലുകളോടിച്ചു. ഇനി ഇതിന്റെ ഉടമസ്ഥനോട് എന്തു പറയും? ഹൃദയം പലതുണ്ടുകളായി ചിതറി നഷ്ടപ്പെട്ടപോലെ. ചമ്രം പടിഞ്ഞിരുന്ന് കുറെ നേരം ഞാൻ ധ്യാനത്തിലാണ്ടു. അൽപം സ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ പണി തുടർന്നു.
മറികടക്കണം...
പുതുനിരീക്ഷണങ്ങളെ പ്രാപിച്ച്, ജാഗ്രതാപൂർവം ഈ നിമിഷങ്ങളെ മറികടക്കണം.
ശ്രദ്ധ കൂടുതൽ ചേർത്തുപിടിക്കാൻ പണിയുടെ വേഗത അൽപം കൂട്ടി. പരാജയപ്പെട്ടു എന്നു തോന്നുന്ന നിമിഷത്തിൽ സ്വയമാർജിച്ച ആത്മവിശ്വാസത്തിലൂടെ സർഗശേഷികൊണ്ട് ലക്ഷ്യത്തിലേക്കെത്തിച്ചേരണം.
എന്നാൽ, ഉള്ളിൽ ബുദ്ധനല്ല, കാണാവുന്ന ദൂരത്തുള്ള മണിയണ്ണനാണ് നിറയുന്നത്.
എന്റെ മേട്ടങ്ങളുടെ എണ്ണം കുറഞ്ഞു. ദൃഷ്ടി അയാളിലേക്ക് വീണ്ടും വേർപെട്ടു പോകുന്നു.
മാലമോഷണ കേസന്വേഷിക്കാൻ പോലീസെത്തിയപ്പോൾ ഞെട്ടിക്കുന്ന ഒരു സത്യം ജനമറിഞ്ഞു.
-മണിയണ്ണൻ മരിച്ചിരിക്കുന്നു..!
എന്റെ അകനെഞ്ചിൽ വടക്കനുളികൊണ്ട് ഒരു വര വരച്ച് പിളർന്ന വേദന. കൈയിലെ ഉളിയും മുട്ടിയും വലിച്ചെറിഞ്ഞ് ഞാൻ ഓടിച്ചെന്നു. വൃത്തിയാക്കിയിട്ട നിരത്തുവക്കിൽ അനാഥമായി കിടക്കുന്നത് വൃദ്ധെന്റ മൃതദേഹമാണ്. ഒരു കരച്ചിൽ എന്റെ ചുണ്ടുകൾക്കിരുവശത്തും പുളത്തു. കേട്ടവർ കേട്ടവർ ഓടിയെത്തി കുറച്ചകലെ തീർത്ത ജനവൃത്തത്തിൽ പങ്കാളിയായി. ചിലർ മൊബൈലിൽ പകർത്താൻ തിരക്കുകൂട്ടി. പോലീസ് അവരുടെ നടപടിക്രമങ്ങളിലേക്ക് നീങ്ങിത്തുടങ്ങി.
മൃതദേഹം തിരിച്ചിട്ടപ്പോൾ മിഴികളടഞ്ഞ് അജ്ഞാതമായ ഒരു ധ്യാനത്തിന്റെ ശാന്തതയിൽ പുഞ്ചിരിക്കുന്നവിധത്തിലാണ് മണിയണ്ണന്റെ മുഖം.
നെഞ്ചിലേക്ക് ചേർത്ത് മുറുക്കി പിടിച്ച കൈക്കുള്ളിൽ സ്വർണത്തിന്റെ തലപ്പ്.!!
-''ഈശ്വരാ...എന്റെ സ്വർണം... എന്റെ താലി...''
ആ സ്ത്രീ സന്തോഷവും സങ്കടവും കലർന്ന അന്ധാളിപ്പോടെ മുഖം പൊത്തി നിലവിളിച്ചു.
മാല കൈക്കുള്ളിൽനിന്ന് പോലീസ് ശേഖരിക്കുമ്പോൾ അവൾ മൃതദേഹത്തെ കുമ്പിട്ടു തൊഴുതു.
വൃദ്ധൻ കത്തിച്ച മാലിന്യ കൂമ്പാരത്തിലെ തീ നീറിപ്പിടിച്ച് പുകഞ്ഞുകൊണ്ടിരുന്നു. ആ ധൂമപടലങ്ങൾ നെഞ്ചിലേറ്റി തിരിഞ്ഞു നടന്ന് കടയിലെത്തിയപ്പോഴേക്ക് കണ്ണുകൾ നിറഞ്ഞിരുന്നു.
പെെട്ടന്ന് പോക്കറ്റിലെ മൊബൈലിലേക്ക് മെസേജ് വന്നു. നോക്കിയപ്പോൾ ശിൽപത്തിന്റെ ഉടമസ്ഥനാണ്.
-ശിൽപത്തിനടിയിൽ ബുദ്ധന്റെ ഈ വാക്കുകൾ കൊത്തിയിടാൻ പറ്റുമോ? ''ഒരു മനുഷ്യനെ സൃഷ്ടിക്കുന്നത് അവന്റെ മനസ്സാണ്. നന്മ കണ്ടെത്താൻ മനസ്സ് പരിശീലിക്കുമ്പോൾ സദാചാരത്തിലേക്കുള്ള ആദ്യ കാൽവെപ്പായി.''
അപ്പോൾ എന്റെ കവിളുകളിലൂടെ കണ്ണീർ ഒഴുകി.
വൃദ്ധമരണം കണ്ട് ഞാൻ വീണ്ടും ബുദ്ധന്റെ ശിൽപത്തിലേക്ക് തിരിഞ്ഞു. അവിടെയതാ മരിച്ചുകിടക്കുന്ന മണിയണ്ണന്റെ മുഖത്തെ അതേ പ്രശാന്തമായ ചിരി ഊറി തെളിഞ്ഞിരിക്കുന്നു. മുഖം അസാധാരണ തേജസ്സോടെ സ്ഫുരിക്കുന്നു. പ്ലാവിന്റെ മഞ്ഞനിറത്തിൽ മിഴിവാർന്ന ശിൽപം അതീവ ചൈതന്യം പ്രാപിച്ചിരിക്കുന്നു.
കണ്ണുകൾ തുടച്ച് അതിരറ്റ അതിശയത്തോടെ ഞാൻ വീണ്ടും വീണ്ടും നോക്കി.
അപ്പോഴാണ് ശ്രദ്ധയിൽപെട്ടത് -എന്റെ മുഖത്ത് മൂക്കിന്റെ സ്ഥാനത്തുനിന്ന് വളർന്ന് വലിയൊരു കൊക്ക് മുളച്ചുവരുന്നു..! ദേഹം മുഴുവൻ ഇളം കറുപ്പ് നിറത്തിൽ മയമുള്ള തൂവലുകൾ ഇടതൂർന്ന് മുളച്ചുപൊന്തി ക്കൊണ്ടിരുന്നു.
-മണിയണ്ണൻ പരിഹസിച്ചതുപോലെ, കൊത്തി കൊത്തി സ്വന്തം മാളങ്ങൾ മാത്രം തീർക്കുന്ന മരംകൊത്തിയായിത്തീരുന്നു.