'യവനാ'; സ. വിജയലക്ഷ്മിയുടെ കഥ
മൊഴിമാറ്റം: പി.എസ്. മനോജ് കുമാർ ചിത്രീകരണം: കെ.എൻ. അനിൽ
ഭർത്താവിന്റെ അച്ഛന്റെ വിളിയാണ്. സമയം പതിനൊന്നു കഴിഞ്ഞിരിക്കുന്നു. ഈ നേരത്തൊരു വിളി പതിവില്ലാത്തതാണ്. അദ്ദേഹം ഇനിയും ഉറങ്ങിയില്ലേ? എന്തെങ്കിലും പ്രധാനപ്പെട്ട കാര്യമായിരിക്കണം. ഇങ്ങനെയെല്ലാം ചിന്തിച്ച് ഞാൻ ഫോൺ എടുത്തു. മോളേ, യവനാക്ക് എന്തോ പറ്റിയിരിക്കുന്നു. എന്തോ കാര്യമായി പറ്റിയിരിക്കുന്നു എന്നാണ് പറയുന്നത്. ഇത്രയും പറഞ്ഞു തീരും മുമ്പ് അദ്ദേഹത്തിന്റെ ശബ്ദമിടറി. വാക്കുകൾ തൊണ്ടയിൽ തടഞ്ഞു. ''എന്താണ് അച്ഛാ പറയുന്നത്? അമ്മയെവിടെ? എന്താണ്...
Your Subscription Supports Independent Journalism
View Plansഭർത്താവിന്റെ അച്ഛന്റെ വിളിയാണ്. സമയം പതിനൊന്നു കഴിഞ്ഞിരിക്കുന്നു. ഈ നേരത്തൊരു വിളി പതിവില്ലാത്തതാണ്.
അദ്ദേഹം ഇനിയും ഉറങ്ങിയില്ലേ?
എന്തെങ്കിലും പ്രധാനപ്പെട്ട കാര്യമായിരിക്കണം.
ഇങ്ങനെയെല്ലാം ചിന്തിച്ച് ഞാൻ ഫോൺ എടുത്തു.
മോളേ, യവനാക്ക് എന്തോ പറ്റിയിരിക്കുന്നു. എന്തോ കാര്യമായി പറ്റിയിരിക്കുന്നു എന്നാണ് പറയുന്നത്. ഇത്രയും പറഞ്ഞു തീരും മുമ്പ് അദ്ദേഹത്തിന്റെ ശബ്ദമിടറി. വാക്കുകൾ തൊണ്ടയിൽ തടഞ്ഞു.
''എന്താണ് അച്ഛാ പറയുന്നത്? അമ്മയെവിടെ? എന്താണ് പെട്ടെന്നിങ്ങനെ?''
''ഞങ്ങൾ കെ.എം.സിയിലേക്ക് പൊയ്ക്കൊണ്ടിരുന്നു...''
''ശരി. ഞങ്ങളും ഉടനെയെത്താം.''
അച്ഛൻ ഫോൺ വെച്ചു.
ഭർത്താവ് ഉറങ്ങാൻ തുടങ്ങിയിരുന്നു. അദ്ദേഹത്തെ എഴുന്നേൽപിച്ചു.
ഇട്ടിരുന്ന നൈറ്റി മാറ്റി.
കതക് അടച്ചു കിടക്കാൻ കുട്ടികളോട് പറഞ്ഞ് വീട്ടിൽനിന്നിറങ്ങി.
ബൈക്ക് വേഗത്തിൽ നീങ്ങാൻ തുടങ്ങി. അതിൽ നിറഞ്ഞ ഉത്കണ്ഠയോടെ നിശ്ശബ്ദരായി ഞങ്ങളിരുന്നു. രാത്രിയായിരുന്നതിനാൽ നിരത്തിൽ തിരക്കില്ലായിരുന്നു.
എന്താണ് അവിടെ സംഭവിച്ചിരിക്കുന്നതെന്ന് ഒന്നൂഹിക്കാൻപോലും കഴിയുന്നില്ല.
കീഴ്പ്പാക്കം ആശുപത്രിയുടെ മുന്നിൽ ഞങ്ങളെത്തി. കാഷ്വാലിറ്റിക്കു മുന്നിൽ നാത്തൂനെ കണ്ടു.
''അതാ ലത അവിടെയിരുന്നു.'' ഭർത്താവിനോട് പറഞ്ഞ് ഞാൻ കാഷ്വാലിറ്റിക്കു മുന്നിലേക്ക് വേഗത്തിൽ നടന്നു.
രണ്ടു ദിവസമായി യവനാക്ക് പനിയുണ്ടായിരുന്നു. അവളുടെ അച്ഛനുമമ്മക്കും ജോലിക്കു പോകേണ്ടതുള്ളതിനാൽ ഇന്നലെ രാത്രി കുട്ടിയെ നോക്കുന്നതിന് അവിടെ എത്തിയതാണ് അച്ഛനുമമ്മയും. ഇപ്പോഴിതാ എല്ലാവരും ആശുപത്രിക്കു മുന്നിൽ നിൽക്കുന്നു.
എന്താടീ ലതേ പറ്റിയത്? എന്നു ചോദിച്ചാണ് എന്റെ ഭർത്താവ് അങ്ങോട്ട് വന്നത്. ഉറക്കെ കരഞ്ഞുകൊണ്ട് അവൾ അദ്ദേഹത്തിന്റെ ദേഹത്തേക്കു ചാഞ്ഞു. അവൾ പറഞ്ഞു: സന്ധ്യയായപ്പോഴേക്കും യവനാക്ക് പനി കൂടി. രണ്ടുതവണ ഓഫീസിൽനിന്ന് ഞാൻ വിളിച്ചിരുന്നു. കുറച്ച് കഞ്ഞി കുടിച്ചിരുന്നു. പക്ഷേ, അപ്പോൾതന്നെ ഛർദിക്കുകയും ചെയ്തുവെന്ന് അമ്മ പറഞ്ഞു. ഞാൻ വന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാം എന്ന് പറയുകയും വേഗംതന്നെ വീട്ടിൽ എത്തുകയും ചെയ്തു. ശരീരം തീപോലെ പൊള്ളുന്നുണ്ടായിരുന്നു. അമ്മ അവളുടെ നെറ്റിയിൽ ഈറൻതുണി പറ്റിച്ചിരുന്നു. തണുത്ത വെള്ളംകൊണ്ട് ദേഹം തുടക്കുന്നുമുണ്ടായിരുന്നു. വേറെ എന്ത് ചെയ്യണമെന്ന് അവർക്കുമറിയില്ലായിരുന്നു. വൈറൽ പനിയാണെങ്കിൽ മൂന്നു ദിവസത്തിനുള്ളിൽ കുറയുമെന്നാണ് ഡോക്ടർ പറഞ്ഞിരുന്നത്. കുറഞ്ഞില്ലെങ്കിൽ വീണ്ടും വന്ന് മരുന്ന് വാങ്ങിക്കഴിക്കണമെന്നും പറഞ്ഞിരുന്നു. വളരെ ലാഘവത്തോടെയാണ് അദ്ദേഹം അവളുടെ പനിയെക്കുറിച്ച് പറഞ്ഞിരുന്നത്. എന്താണിങ്ങനെ പനി കുറയാതെ നിൽക്കുന്നതെന്ന് അറിയുന്നില്ല.
നാട്ടിൽ പുതിയ പുതിയ പനികൾ വന്നുകൊണ്ടിരിക്കുന്നു എന്നുപറഞ്ഞ് യവനായെയും കൂട്ടി ഇന്ന് ഡോക്ടറുടെ അടുത്തേക്ക് വന്നിരുന്നു.
ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് കരുതിയില്ലല്ലോ എന്ന് അമ്മയും അച്ഛനും പരസ്പരം പറഞ്ഞു കരയാൻ തുടങ്ങി. ഇതു കണ്ട് ഞാൻ അസ്വസ്ഥയായി. ഞാനവളോട് പറഞ്ഞു: വേഗം പറയ് ലതാ, യവനാ എവിടെ? അവൾക്ക് എന്താ പറ്റിയത്? ഒന്നും പറയാതെ നിങ്ങളെന്താണ് ഇങ്ങനെ കരഞ്ഞുകൊണ്ടിരിക്കുന്നത്?
എന്നോട് പ്രധാനപ്പെട്ടതെന്തോ പറയാതെ നേരം കളയുന്നതുപോലെ എനിക്ക് തോന്നി. പ്രാണൻ പോകുന്നതുപോലുള്ള ചില കെട്ടവിചാരങ്ങൾ അപ്പോൾ മനസ്സിൽ ഇരച്ചെത്തി.
ലതയുടെ ഭർത്താവ് അവിടെയുമിവിടെയും ചുറ്റിനിന്നിരുന്നു. അവൾ പോയി. ഞങ്ങളെ കരയാൻ വിട്ടിട്ട് പോയല്ലോ... എന്നു പറഞ്ഞ് അയാൾ കരയാൻ തുടങ്ങി.
യവനാ മരിച്ചെന്ന് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. ശരിക്കും നിങ്ങൾ അവളെ കണ്ടോ? എന്താണിങ്ങനെ ഈ ആശുപത്രിക്കു മുന്നിൽ നിൽക്കുന്നത്? എന്നെ യവനായുടെ അടുത്ത് കൂട്ടിക്കൊണ്ടു പോ. ഞാൻ ലതയുടെ ഭർത്താവിനോട് പറഞ്ഞു.
അറിയാതെ തന്നെ കണ്ണീരും കരച്ചിലും എനിക്കും വന്നുകൊണ്ടിരുന്നു.
ലതയും ഭർത്താവും അലറിക്കരഞ്ഞുകൊണ്ടിരുന്നു. അവർ രണ്ടുപേരും സംസാരിക്കാനാവാത്തപോലെ കരയുകയായിരുന്നു. അയാൾ മോർച്ചറിയുടെ നേരെ വിരൽ ചൂണ്ടി.
ഒരു ജീവന് ഇത്ര വിലയേയുള്ളോ? യവനാ മരിച്ചിരിക്കില്ല. അതും ഇത്ര പെട്ടെന്ന് അവളെയെങ്ങനെ മോർച്ചറിയിലേക്ക് മാറ്റും? എന്താ സംഭവിച്ചിരിക്കുന്നത്?
യവനായെ കാണണമെന്നു ഞാൻ പറഞ്ഞു. അവർ എന്നെപ്പോലും ഉള്ളിലേക്കു വിട്ടില്ല എന്ന മറുപടിയും ലതയിൽനിന്നു കിട്ടി.
ചെറിയ കുട്ടിയല്ലേ അവൾ? പത്തു വയസ്സുമാത്രമുള്ള കുട്ടിയെ ഇത്ര സമയത്തിനുള്ളിൽ മോർച്ചറിയിലേക്ക് മാറ്റുകയോ? മനസ്സ് അസ്വസ്ഥമായി.
രണ്ടു ദിവസത്തെ പനികൊണ്ട് ആരെങ്കിലും ഇങ്ങനെ മരിക്കുമോ? ലതാ, സത്യം പറയടീ. അവൾക്ക് വേറെ അസുഖമൊന്നും ഉണ്ടായിരുന്നില്ലല്ലോ? കഴിഞ്ഞ ആഴ്ചകൂടി ഞാൻ എത്രനേരം അവളോട് സംസാരിച്ചതാണ്. ഇന്ന് രാവിലെ സംസാരിക്കുമ്പോഴും അവൾക്ക് കുഴപ്പമൊന്നുമില്ലെന്നല്ലേ നീ പറഞ്ഞത്? ഇടക്കിടക്ക് ഇടുപ്പു വേദനിക്കുന്നു എന്നും വയറു വേദനിക്കുന്നു എന്നും പറയാറുണ്ടെന്നും ഇന്നോ നാളെയോ എന്നപോലാണ് മുതിർന്നവളാകാൻ നിൽക്കുന്നതെന്നും നീ പറഞ്ഞതല്ലേ? വയസ്സറിയിച്ചാൽ വീട്ടിലുള്ളവരെ മാത്രം കൂട്ടി ചടങ്ങു നടത്തണമെന്നും പഠിക്കുന്നകാലത്ത് വലിയ ചടങ്ങുകൾ നടത്തുന്നത് നന്നല്ല എന്നും നമ്മൾ സംസാരിച്ചതല്ലേ?
ഞാൻ എന്തൊക്കെയോ എണ്ണിപ്പെറുക്കിക്കൊണ്ടിരുന്നു. ലത കരഞ്ഞുകൊണ്ടേയിരുന്നു.
ഒരു ഓട്ടോ പിടിച്ച് യവനായെ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരിക്കലുമില്ലാത്തതരത്തിൽ തിടുക്കം കാണിക്കുകയാണ് അവളുടെ അച്ഛൻ. അച്ഛനോടൊപ്പമേ ആശുപത്രിയിൽ പോവുകയുള്ളൂ എന്നു വാശിപിടിച്ചതിനാൽ രണ്ടുപേരും ചേർന്ന് അവളെ കൊണ്ടുപോയതാണ്.
ഓട്ടോ വളവു തിരിയുന്നതിനു മുമ്പ് യവനാ ബോധരഹിതയായി കുഴഞ്ഞുവീണു. തുടരത്തുടരെ വിറയൽ വന്നുകൊണ്ടിരുന്നു. രണ്ടുപേരും കൂട്ടിപ്പിടിച്ചിട്ടും കൈയിലുറക്കാത്ത അവസ്ഥ.
യവനാ കൗതുകമുള്ള കുട്ടിയായിരുന്നു. ചെറുപ്പത്തിൽതന്നെ നല്ല തുടുപ്പുള്ള പ്രകൃതം. വ്യത്യസ്തമായ സ്വഭാവങ്ങൾ. മുതിർന്നവരെപ്പോലെ അവൾ നല്ലപോലെ ഭക്ഷണം കഴിക്കുമായിരുന്നു. വഴുതിനങ്ങ കറിയാണെങ്കിൽ അത് കഴിയുംവരെ ഇടക്കിടെ ഭക്ഷണം കഴിച്ചുകൊണ്ടേയിരിക്കും. മറ്റു കുട്ടികളെപ്പോലെ വറവുസാധനങ്ങൾ കഴിക്കാറില്ല. വല്ലപ്പോഴും കഴിക്കുകയാണെങ്കിൽതന്നെ ഉള്ളിപ്പാക്കാവട മാത്രം കുറച്ചു തിന്നും. ബിസ്കറ്റും ചോക്ലേറ്റും ഇഷ്ടമേയല്ലായിരുന്നു. അവൾ തീരെ കുഞ്ഞായിരുന്നപ്പോൾ വിശപ്പേ ഉണ്ടായിരുന്നില്ല. ഒന്നും കഴിക്കാത്ത അവസ്ഥ. ഡോക്ടർ എന്തോ മരുന്ന് കൊടുത്താണ് ഭക്ഷണം കഴിക്കാൻ തുടങ്ങിയത്. അതിനുശേഷമാണ് അവൾക്ക് വിശപ്പുണ്ടായത്. അഞ്ചാം ദിവസംതന്നെ മുലപ്പാൽ മതിയാകാതെ വന്നു. അപ്പോൾ തന്നെ പാൽപ്പൊടി കൊടുക്കാൻ തുടങ്ങി. ജനിച്ച് ഒരു വാരമാകും മുമ്പ് കുഞ്ഞിന് ഇരുപത് മില്ലി കുപ്പിപ്പാൽ കൊടുക്കാനാണ് ഡോക്ടർ നിർദേശിച്ചത്. പിന്നീട് വിശക്കുമ്പോൾ നേരം കണക്കാക്കി ഇടവേളകളിൽ പത്തു മില്ലി പാൽ കൊടുക്കാൻ നിർദേശിച്ചു. എന്നാൽ, അങ്ങനെ കുഞ്ഞ് പാൽ കുടിക്കാതിരുന്നതിനാൽ ഡോക്ടർ വീണ്ടും മരുന്ന് നിർദേശിച്ചു. മരുന്ന് കഴിക്കാൻ തുടങ്ങിയതിന്റെ രണ്ടാം നാൾ അവൾ ഒരു കുപ്പി പാൽ കുടിക്കുകയുണ്ടായി.
തടിച്ച് ഉരുണ്ടു മെഴുകുപോലെ ഇരുന്നിരുന്ന കുട്ടിയായിരുന്നതിനാൽ അവൾക്ക് യവനാ എന്ന പേരിടുകയായിരുന്നു.
ഞങ്ങൾക്ക് രണ്ട് ആൺകുട്ടികളായിരുന്നു. ലതക്ക് പെൺകുഞ്ഞാണെന്നറിഞ്ഞപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായി. പെൺകുഞ്ഞുള്ള വീട് സ്നേഹത്താൽ കൂട്ടിക്കെട്ടിയതായിരിക്കും. ഭാഗ്യം! അമ്മായി ചെറുമകൾക്കൊപ്പം കൂടി. കുഞ്ഞിന് എന്തെങ്കിലും അസുഖം വന്നാൽ അമ്മായി ഉടൻ അവൾക്കരികിലെത്തും.
ഓട്ടോയിൽവെച്ച് യവനാക്ക് വിറയൽ വന്നതിനാൽ ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് പോവുകയാണ് ഉണ്ടായത്. അവളുടെ പൾസ് പരിശോധിച്ചശേഷം അവളെ അഡ്മിറ്റ് ചെയ്യാനാവില്ല എന്നു കൈമലർത്തി. അടുത്തുള്ള രണ്ട് ആശുപത്രികളിൽനിന്നും ഇത് തന്നെയായിരുന്നു പ്രതികരണം. അതിനിടയിൽ അവളുടെ വായിൽനിന്ന് നുര വരാൻ തുടങ്ങി. ഇതെല്ലാം കണ്ട ഡോക്ടർമാർ അവളെ കെ.എം.സിയിലേക്ക് കൂട്ടിപ്പോകാൻ ആവശ്യപ്പെട്ടു. മറ്റൊരു വഴിയുമില്ലാതെയാണ് അവർ അവളെ കെ.എം.സിയിൽ കൊണ്ടുവന്നത്.
കാഷ്വാലിറ്റിയിൽ അവളെ പരിശോധിച്ച ഡോക്ടർ അവൾ മരിച്ചെന്ന് അവരോടു പറഞ്ഞു.
നെഞ്ചു പിളരുംപോലെ എനിക്ക് തോന്നി.
ഇവർ പറയുന്നതൊന്നും സത്യമല്ല. യവനാക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്നുള്ള വിശ്വാസത്തിന് തകർച്ച നേരിടാൻ തുടങ്ങി. ആ കളി തകരുകയും അപ്രത്യക്ഷമാവുകയും ചെയ്തിരിക്കുന്നു.
അവൾ എങ്ങനെയായിരിക്കും മരിച്ചിരിക്കുക?
ഞാൻ അത്യാഹിതവിഭാഗത്തിലെ ഡോക്ടറുടെ അടുത്തേക്ക് പോയി.
അയാൾ ഇരിക്കുന്നിടത്തേക്ക് എത്തുന്ന വഴിയിലെല്ലാം രോഗികൾ കിടന്നിരുന്നു. അവരുടെ ഞരക്കങ്ങൾ, വേദനകൊണ്ടുള്ള നിലവിളികൾ, പിടയലുകൾ... ജീവനായുള്ള പോരാട്ടങ്ങളാണു ചുറ്റിലും. മറ്റൊരു ദിവസമായിരുന്നെങ്കിൽ ഇതൊക്കെ കണ്ടു താങ്ങാനാവാതെ ഞാൻ പൊട്ടിക്കരയുമായിരുന്നു. എന്നാൽ, ഇന്ന് ഇത്രയും വലിയൊരു ആഘാതത്തെ നേരിടുന്നതിനാലാകാം, ഒരു തുള്ളി കണ്ണീർപോലും പൊടിഞ്ഞില്ല. കണ്ണ് ഉറഞ്ഞുപോയിരിക്കുന്നു. കണ്ണീരെല്ലാം വറ്റിയിരിക്കുന്നു. ആൾക്കാർ കരയുന്നതു കാണുമ്പോൾപോലും എനിക്ക് ദേഷ്യമാണ് വന്നിരുന്നത്.
എന്തായിരുന്നു അവൾക്ക് പ്രശ്നം? ഞാൻ ഡോക്ടറോട് ചോദിച്ചു. ഇവിടെ എത്തുമ്പോഴേക്കും മരിച്ചിരുന്നെന്ന് അയാൾ പറഞ്ഞു. ബാക്കിയെല്ലാം പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ അറിയാനാവൂ. ഇതിനപ്പുറം എന്നോട് ചോദിക്കരുത് എന്ന ഒരു ഭാവം അയാളുടെ മുഖത്ത് കാണാമായിരുന്നു.
കുട്ടിയെ ഞങ്ങൾക്ക് കാണണമെന്നും കൊണ്ടുവന്നു കാണിക്കൂ എന്നും ഞാനയാളോട് ആവശ്യപ്പെട്ടു. മോർച്ചറിയിലേക്ക് കൊണ്ടുപോയാൽ പോയതാണ്. ഇടക്ക് കൊണ്ടുവന്നു കാണിക്കാനൊന്നും സാധിക്കുകയില്ല. പോസ്റ്റ്മോർട്ടം കഴിഞ്ഞു മാത്രമേ ശരീരം വിട്ടുകിട്ടുകയുള്ളൂ -അയാൾ പറഞ്ഞു. ഞങ്ങളുടെ ആവശ്യത്തോട് അവിടെയിരുന്ന പ്രധാന ഡോക്ടർ പ്രതികരിച്ചതേയില്ല. പകരം നിങ്ങൾ അവിടെപ്പോയിരിക്കൂ എന്ന് മുഖത്താട്ടുംപോലെ പറയുകയാണ് ഉണ്ടായത്.
യവനാ, എന്റെ കുഞ്ഞേ, ഈ മോർച്ചറിയിൽ നീ എങ്ങനെയാണ് കിടക്കുന്നത്? ഇവിടെ വെളിയിൽപോലും ഇങ്ങനെ നാറുകയാണല്ലോ?
യവനായുടെ അമിതമായ ഭക്ഷണപ്രിയം ഒരു വർഷത്തേക്ക് എല്ലാവരിലും വലിയ ഉത്കണ്ഠ ഉളവാക്കി. അവൾക്ക് ചികിത്സ നൽകാനായി സമീപിക്കാത്ത ഡോക്ടർമാർ ഇല്ല. ഒരാളും അവൾക്ക് അസുഖമാണെന്ന് പറയുകയുണ്ടായില്ല. ഇത് വളരെ സ്വാഭാവികമാണെന്നു മാത്രം പറഞ്ഞു. പേടിക്കേണ്ടതായി ഒന്നുമില്ലെന്നും എല്ലാം പോകപ്പോകെ ശരിയാകുമെന്നും അവർ പറഞ്ഞു.
പതുക്കെ, കുഞ്ഞിന്റെ അമിതവിശപ്പിനെക്കുറിച്ചുള്ള ഭയം വിട്ടകന്നു.
ഒഴിവുദിനങ്ങളിൽ അവളെ ചമച്ചൊരുക്കി കൊണ്ടുനടക്കുന്നത് പതിവായി. മറീന ബീച്ചിൽ അവളെയും കൊണ്ടുപോയി ബലൂൺ വാങ്ങുന്നതും അവൾ അതിനുപിറകെ ഓടുന്നത് നോക്കിയിരിക്കുന്നതും പതിവായി. അവൾക്കൊപ്പമുള്ള സമയങ്ങൾ ആനന്ദപൂർണമായി.
ഞാൻ മോർച്ചറിയുടെ കാവൽക്കാരനെ പോയി കണ്ടു. അയാളുടെ കൈയിൽ കുറച്ചു പണം വെച്ചുകൊടുത്തു. ഞാൻ മോർച്ചറി തുറന്നു തരാം. പക്ഷേ, പെട്ടെന്ന് തന്നെ ഇറങ്ങിയേക്കണം -അയാൾ പറഞ്ഞു.
മൂക്ക് പൊത്തി ഞാൻ അതിനകത്തേക്കു കടന്നു.
ചുവരോരത്ത് ഒരു സ്ട്രെച്ചറിൽ അവൾ കിടന്നിരുന്നു. വായിൽനിന്ന് നുര ഒലിച്ചിറങ്ങിയിരുന്നു. കൊഴുത്ത നുര അവളുടെ കഴുത്തിലേക്ക് ഒലിച്ചിറങ്ങിയിരുന്നു.
അവൾക്കു ചുറ്റും ശവശരീരങ്ങൾ.
ഞാൻ പുറത്തേക്കിറങ്ങി.
ഇനി മരണകാരണം അറിയാൻ പതിനഞ്ചു ദിവസങ്ങൾ കാത്തിരിക്കണമത്രേ.
പോയ ജീവൻ തിരിച്ചുവരുമോ?
കുടുംബത്തിലെ ഒരേയൊരു പെൺകുട്ടി.
ഞാൻ തളർന്നിരുന്നു. പൊട്ടിപ്പൊട്ടിക്കരഞ്ഞു.