കടുവാകടിയൻ -നാരായൻ എഴുതിയ കഥ
ചൂട്ടുപാള, നാലു നെടുമ്പാളകൾ, ചുവടും തലയും മുറിച്ച് നടുവെ മടക്കി നിവർത്ത, ഒന്നിനോടൊന്നു കൂട്ടിച്ചേർത്തു തുന്നിയത്, നീളത്തിലല്ല, കഷ്ടിച്ച് ഒരാൾ നീളം കാണും. ആദ്യത്തേതു തലപ്പാള. അതിന്റെ അകത്തു നടുവിലായി നെറ്റിയിലിടാനൊരു വള്ളി, ചൂട്ടുപാള നിവർത്തു പുറത്തു കമഴ്ത്തി തല വള്ളി നെറ്റിയിലിട്ടാൽ നനയുകില്ല. കാറ്റടിച്ചാൽ കുളിരുകയുമില്ല. ചൂട്ടുപാള നടുവെയും പിന്നെ...
Your Subscription Supports Independent Journalism
View Plansചൂട്ടുപാള, നാലു നെടുമ്പാളകൾ, ചുവടും തലയും മുറിച്ച് നടുവെ മടക്കി നിവർത്ത, ഒന്നിനോടൊന്നു കൂട്ടിച്ചേർത്തു തുന്നിയത്, നീളത്തിലല്ല, കഷ്ടിച്ച് ഒരാൾ നീളം കാണും. ആദ്യത്തേതു തലപ്പാള. അതിന്റെ അകത്തു നടുവിലായി നെറ്റിയിലിടാനൊരു വള്ളി, ചൂട്ടുപാള നിവർത്തു പുറത്തു കമഴ്ത്തി തല വള്ളി നെറ്റിയിലിട്ടാൽ നനയുകില്ല. കാറ്റടിച്ചാൽ കുളിരുകയുമില്ല.
ചൂട്ടുപാള നടുവെയും പിന്നെ നാലായും മടക്കി പുറത്തെ വള്ളിതോളിലിടാം.
കടുത്ത വാക്കത്തിയും ഒരരിവാളും തേച്ചെടുത്തു. കുഞ്ഞിക്കോത വേഗമൊരുക്കം തുടങ്ങി. കഞ്ഞിപ്പാളയിൽ ചൂടുള്ള കഞ്ഞി കോരി, വായ്ഭാഗം ചുരുക്കിക്കെട്ടി, ചമ്മന്തിപ്പൊതി കഞ്ഞിപ്പാളയുടെ തൂക്കിലുംകെട്ടി. ''ഒടനെ മഴ വീഴൂല്ലാരിയ്ക്കും.'' അങ്ങിങ്ങ് ആകാശം നോക്കിയിട്ടാണവളങ്ങനെ പറഞ്ഞത്. തേച്ച അരിവാളിന്റെ വായ്ത്തലയിൽ വിരൽതടവി മൂർച്ചനോക്കിക്കൊണ്ടു കടുത്തയൊന്നു മൂളി. ''ഉം.'' കുഞ്ഞിക്കോത അരിവാളെടുത്തു ഉടുതുണിയുടെ പുറകിൽ തിരുകി. ഒരത്യാവശ്യത്തിന് ഒറ്റവലിക്കെടുക്കാം. വാഴപോലെ ഒരുതല പുറകിലിട്ട് തോർത്തിനറ്റംകൊണ്ടു തല മൂടിക്കെട്ടി. പഴയൊരു തോർത്തിന്റെ രണ്ടുതലകളും തോളുകളിലൂെട പുറകോട്ടിട്ടു നടുവുനിവർത്തി മുലകൾ മറച്ചുകൊണ്ടു ഭർത്താവിനെ നോക്കി. അയാൾ പുറപ്പെടാനൊരുങ്ങിയതാണ്. കാക്കച്ചുണ്ടൻ പാളത്തൊപ്പി തലയിൽ, മുട്ടുമറയുന്ന ചുട്ടിക്കരയൻ ഉടുമുണ്ട്. ''പോകാടീ'' എന്നു പറഞ്ഞ് അയാൾ മറയിൽനിന്നും വാക്കത്തി വലിച്ചെടുത്തു. ''ങും.'' കുഞ്ഞിക്കോത ആമ്പ്രന്നോന്റെ വാക്കിനു നിന്നതാണ്.
ഭർത്താവിന്റെ ചൂട്ടുപാളയും കൊയ്ത്തരിവാളും പെലത്തെ കഞ്ഞിപ്പെരയിലുണ്ടെന്ന വിശ്വാസത്തിൽ കുഞ്ഞിക്കോത കഞ്ഞിപ്പാളയെടുത്തു. മടക്കിയ ചൂട്ടുപാളയും തോളിലിട്ട് കടുത്ത മുേമ്പ, ഭർത്താവിന്റെ പിറകിൽ നടക്കാനാണവൾക്കിഷ്ടം. അയാൾ പറഞ്ഞു: ''ഞാനും വരുവാ നടന്നോ?''
അവർ ആറ്റുകടവിലെത്തിയപ്പോൾ ഇല്ലിപ്പാലത്തിൽ മുട്ടിമുട്ടി കലക്കവെള്ളം. അതുനോക്കി കടുത്ത പറഞ്ഞു: ''കെഴക്കെങ്ങാണ്ടു വെല്യ മഴ വീണു.'' പാലത്തിൽക്കയറി പുറകോട്ടു തിരിഞ്ഞുനോക്കിച്ചോദിച്ചു. ''ഞാമ്പിടിക്കണോ?'' ''ഈക്കഞ്ഞിപ്പാള.'' ''ഇങ്ങുതാ.'' കഞ്ഞിപ്പാളയും തൂക്കിപ്പിടിച്ച് പാലത്തിന്റെ കൈവരിയിൽ ഇടതുകൈപിടിച്ചു കടുത്ത മുേമ്പാട്ട്. കൂടെക്കൂടെ പുറകോട്ടുതിരിഞ്ഞ് പെണ്ണുമ്പിള്ളയെ നോക്കും. തൊട്ടുപുറകേയുണ്ട്.
അവർ പെലത്തിന്റെ തെക്കുഭാഗത്തെക്കഞ്ഞിപ്പെരയിലെത്തി. ഏറുമാടമിരിക്കുന്ന മരുതിന്റെ ചുവട്ടിലാണ് കഞ്ഞിപ്പെര. വാതിലിന്റെ കെട്ടഴിച്ച് കടുത്ത അകത്തു കടന്നു. ഈറ്റത്തട്ടിൽ അൽപനേരമിരുന്നു. മറയിൽ ചാരിവെച്ചിരുന്ന അലകിന്റെ തേച്ചുപടിയും പൊടിമുട്ടുന്ന രണ്ടു വെള്ളാരൻ കല്ലുകളുമെടുത്തു. ''ആ ച്ചേേരല് എന്റെ അരിവാ കാണും. ഇങ്ങെടുത്തോ, ഒന്നു തേക്കണം.''
കടുത്ത തേച്ചുപടി ഒരു കല്ലിൽ മുൻതല പൊക്കിവെച്ച്, വെള്ളാരൻ കല്ലുകൾ തമ്മിൽ മുട്ടി പൊടിവീഴ്ത്തി. ഇടതു കൈയുടെ പെരുവിരൽകൊണ്ട് പൊടിനിരത്തി. അരിവാൾ വായ്ത്തല അമർത്തിത്തേച്ചു. മൂർച്ച മതിയോ എന്നറിയാൻ ഇടയ്ക്കിടെ വായ്ത്തലയിൽ വിരൽ തടവി. ''ങും മതി.'' തേച്ചുപടി പഴയ സ്ഥാനത്തുവച്ചിട്ട്, ചുരുട്ടുവയ്ക്കാൻ കെട്ടിയ തട്ടിലിരുന്ന് ഈറ്റത്തട്ടിൽ ഊരിവെച്ച തൊപ്പിയെടുത്തു. ''ആ തൂണിന്റെ ചൊവുട്ടിപാക്കൊണ്ടോന്നു നോക്ക്. ഒണ്ടെങ്കി ഒന്നെടുത്തു വെട്ടിക്കോ.'' അങ്ങനെ പറഞ്ഞിട്ട് അയാൾ തൊപ്പിയിൽനിന്നും വെറ്റിലയെടുത്തു ചുണ്ണാമ്പുപുരട്ടി. ഭാര്യനീട്ടിയ അടയ്ക്കാക്കഷണങ്ങൾ പപ്പാതിയെടുത്തു ചുണ്ണാമ്പുതേച്ച വെറ്റിലകളിൽ വച്ചുമടക്കി. ''ഇന്നാ ചവക്കാൻ.''
തുപ്പാനായി അയാൾ പുറത്തിറങ്ങി. ആകാശം ഇരുണ്ടുവരുന്നു. മഴ പെയ്തേക്കും. ''എന്റെ ചൂട്ടുപാളക്കൂടെയെടുത്തോ. എന്നും മഴയാന്നും പറഞ്ഞിരുന്നാ കൊയ്യാതെ കെടന്നു നെല്ലെല്ലാം വീണുപോകും.'' ''ഇന്നുമ്മ്ണി കൊയ്തേച്ചു പോയാമതി.'' ''മഴ?'' ''ചൂടലൊണ്ടല്ലോ.'' ''പാളേം ചൂടിച്ചെന്നാ കൊയ്ത്തിനൊരായം കിട്ടൂല്ല.'' ''ഇനിക്കിന്നു രണ്ടുചുരുട്ടെങ്കിലും കെട്ടണം'' -കടുത്ത അവളെ ആകെയൊന്നു നോക്കി. അവൾ തയാറാണ്.
കഞ്ഞിപ്പാള തട്ടിനു മുകളിലെ കൊളുത്തിൽ തൂക്കിയിട്ട്, കുഞ്ഞിക്കോതയും പുറത്തിറങ്ങി വാതിലടച്ചു വിരുപ്പിലേക്കു നടന്നു. നെല്ലോലകളെല്ലാം തന്നെ പഴുത്തു. കതിരുകൾ പലപാടും വീണുപോയി. കിളിയും കുരുവിയും കാട്ടുകോഴിയും വന്നു നെല്ലുതീറ്റയാ. കപ്പയും തുവരയുമൊക്കെ കേറിവരുന്നുണ്ട്. അവിടവിടെ കുറുമ്പുല്ലും ചോളവും.
ആകെയൊന്നു കണ്ണോടിച്ചിട്ടു കടുത്ത പറഞ്ഞു: ''ഒരഞ്ചാറാളു കൊയ്യാനുണ്ടെങ്കി, നാലഞ്ചുകൊണ്ടു തീർന്നേനെ.'' ''അതെങ്ങനെയാ നെരപ്പെ എല്ലാരും കൊയ്ത്തല്ലെ. എടക്കെടക്കു പെയ്യണ മഴയല്ലെങ്കി.'' ''നനഞ്ഞ കതിരേന്നു നെല്ലുവീണു പോണൊണ്ട്.'' ''അതിനിപ്പ എന്നാ ചെയ്യും.'' ''ഒരുവഴിയേ ഒള്ളെടീ'' ''എന്നതാ?'' ''വെക്കം കൊയ്തെടുക്കണം.''
''ഇതേ ചൂട്ടുപാള.'' ഒന്നയാൾക്കു കൊടുത്തിട്ട് കുഞ്ഞിക്കോത കൊയ്തു നിർത്തിയേടത്തേക്ക്. മഴ വീഴുംമുേമ്പ രണ്ടു ചുരുട്ടു കെട്ടണം. അവർ വേഗം വേഗം കൊയ്ത്തു തുടങ്ങി.
വലതുകൈയിലെ അരിവാൾ കൊണ്ടു നെല്ലടുപ്പിച്ച്, ഇടതുകൈയിൽ ഒതുക്കി അരിവാളിന് ഓരോ ചെത്ത്. നാലു കൈപ്പിടി ഒരു കറ്റയായിക്കെട്ടും. നീളമുള്ള നെല്ലോല ചുറ്റിയാണ് കെട്ട്. ഏഴു കറ്റകൾ ഒരു ചുരുട്ടായി. രണ്ടു വള്ളികൾ അൽപമകലത്തിൽവെച്ച് ആറേഴു കറ്റകളടുക്കി വള്ളികൾ വലിച്ചുകെട്ടും. രണ്ടു ചുരുട്ടുകൾ ഒരാൾക്കു ചുമടാണ്. ചുരുട്ടുകൾ രണ്ടുമൂന്നായപ്പോൾ കുഞ്ഞിക്കോത നിവർന്നു. ''ഇതുവെക്കാം കഞ്ഞിപ്പെരേലെത്തിക്കാം.'' ''ങും.'' മൂളിക്കൊണ്ട് കടുത്ത മാനംനോക്കി. മഴ സമ്മതിക്കില്ല.
ചുരുട്ടുകൾ കഞ്ഞിപ്പെരയിലെത്തിച്ചു. മഴയും പെയ്തു തുടങ്ങി. കുഞ്ഞിക്കോത പറഞ്ഞു. ''മഴേപ്പേടിച്ചിരുന്നാ കൊയ്ത്തു തീരൂല്ല. നമ്മക്കു ചൂടലൊണ്ടല്ലൊ.'' ''എടീ നീ മടുത്തില്ലെങ്കിപ്പിന്നെ ഞാനോ?'' കടുത്ത ചൂട്ടുപാള നിവർത്തു. തൊപ്പി പുറകോട്ടു തിരിച്ചുവച്ച് തലപ്പാളയിലെ വള്ളിയിട്ടു ചൂടലും പുതപ്പുമായി. പക്ഷേ, കൊയ്ത്തു പതുക്കെയാകും. ങാ പറ്റണപോലെ. അയാൾ രണ്ടാമത്തെ ചൂട്ടുപാളയും നിവർത്തി കുഞ്ഞിക്കോതയുടെ തലമൂടി. തലവള്ളി അവൾതന്നെ നെറ്റിയിലുടക്കി ''നടന്നോ...''
മഴയും കാറ്റും വാശിയിലാണ്. പുറകിൽനിന്നു ചുറ്റിയടിച്ച കാറ്റ് കുഞ്ഞിക്കോതയുടെ ചൂട്ടുപാള വലിച്ചെറിഞ്ഞു. കടുത്തക്ക് സങ്കടമായി. ''മതിയെടീ കാറ്റു സമ്മതിക്കില്ല. നീ ചെന്ന് അടുപ്പി തീക്കൂട്ടി കാപ്പിയനത്ത്. ഇതു ഞാൻ കൊണ്ടന്നോളാം. ചെല്ല്.'' തീകൂട്ടാൻ പഞ്ഞിയൊണ്ടോ?'' ''ഇല്ലെങ്കി കൈവങ്കോലു ചീകിയ പൊടികാണും. അടുപ്പിനു മീതേലത്തെ കുട്ടുപ്പാളേ നോക്ക്.''
പുകപിടിച്ച കുട്ടുപ്പാളയിലുള്ളത് ഒരീറ്റക്കുമ്പം ഏതോ ഇല ചുരുട്ടിവായടച്ചത്. കുഞ്ഞിക്കോത കുമ്പത്തിന്റെ അടപ്പുതുറന്നു. ങാ കൈവങ്കോൽ ചുരണ്ടിയ പൊടി. അടുപ്പിനരികിൽ രണ്ടു വെള്ളാരൻകല്ലുകളും. തീയുണ്ടാക്കാനുള്ള വക.
നനവ് ഒട്ടുമില്ലാത്ത അടുപ്പുകല്ലിനുചേരെ കൈവങ്കോൽ ചീകിയ പൊടി കുറച്ചെടുത്തു കൂട്ടിവെച്ചു. സാധാരണ ഉപയോഗിക്കുന്നതു പനമ്പഞ്ഞിയാണ്. കാളിപ്പനയുടെ കുലപ്പോളയുടെ പുറത്തുകാണുന്ന ചവുണ്ട നിറമുള്ള പഞ്ഞി. അതു ചുരണ്ടിയെടുത്തു വെയിലത്തു വച്ചു നല്ലോണം ഉണക്കണം. ഇല്ലിക്കുമ്പത്തിലോ, ഈറ്റക്കുമ്പത്തിലോ ഇട്ടുവെക്കാം.
അടുപ്പുകല്ലിനടുത്തു കൂട്ടിവെച്ച കൈവങ്കോൽ പൊടിയ്ക്കുമീതെ, വെള്ളാരൻ കല്ലുകളിലൊന്ന് മുട്ടാതെ അടുത്തുപിടിച്ചു മറ്റേക്കല്ലു കൂട്ടിയിടിച്ചു, തീപ്പൊരികൾ പാറിവീഴുന്നുണ്ട്. നാലഞ്ചുതവണയിടിച്ചപ്പോൾ, പൊടികരിഞ്ഞു പുകയാൻ തുടങ്ങി. പുകയുന്ന പൊടി കൈകൾകൊണ്ട് ഇരുവശവും മറച്ചുപിടിച്ച് പതുക്കെയൂതി. തീ നന്നായി പുകഞ്ഞു. അടുപ്പിലുണ്ടായിരുന്ന കരിക്കട്ടകളും ചേർത്ത് ഊതിപ്പെരുക്കി.
തലേന്നു കൊണ്ടുവന്നുവച്ച വെള്ളം കലത്തോടെ അടുപ്പേൽവച്ചു. തിളയ്ക്കട്ടെ. അവൾ വാതുക്കൽ വന്നു നോക്കി. മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. എന്നാലും നനയാനുണ്ട്. ഒരു ചുരുട്ടും തോളിൽ താങ്ങി കടുത്ത വരുന്നുണ്ട്. നനഞ്ഞു കുളിച്ച്.
കഞ്ഞിപ്പെരയിലെത്തിയ കടുത്ത, ചുരുട്ടു നിലത്തുകുത്തി നിർത്തി, വെള്ളം വാർന്നുപോകാൻ. അടുപ്പേൽ വച്ച വെള്ളം തിളച്ചു. കുഞ്ഞിക്കോത മറ്റൊരു പാത്രത്തിൽ കുറച്ചെടുത്ത് അടുപ്പേൽത്തന്നെ വച്ചു. ''എടീ ആ ചേരേക്കെടക്കണ ഇല്ലിക്കുമ്പത്തിൽ കാപ്പിപ്പൊടി കാണും. കൊറച്ചിട്ടു തെളപ്പിക്ക്. ഉറിയേലെ കലത്തില് ചക്കരയൊണ്ട്. അതും രണ്ടു കഷ്ണമെടുത്തോ.''
''അന്നരം കഞ്ഞി കുടിക്കണില്ലെ?'' ''പിന്നെക്കുടിക്കാം.''
കടുത്ത തൊപ്പിയൂരി തട്ടിൽ വെച്ചു. വാതുക്കൽ പുറത്തേക്ക് തിരിഞ്ഞുനിന്ന് ഉടുതുണി അഴിച്ചു പിഴിഞ്ഞു മേലു തുടച്ചു. പിന്നെയും പിഴിഞ്ഞു കുടഞ്ഞ് അടുപ്പിനരികിൽ ഉണങ്ങാനിട്ടു. കുഞ്ഞിക്കോത തല മൂടിക്കെട്ടിയിരുന്ന തുണിയഴിച്ച് അയാൾക്ക് നീട്ടി. ''ഇന്നാ. ഇതുടുത്തോ.''
ചക്കരയും കടിച്ചുകൂട്ടി കട്ടൻകാപ്പി ഊതിക്കുടിച്ചു. ചില തോന്നലുകൾ പറഞ്ഞ് ഇരുന്നും കിടന്നും മഴ പോയി. കുഞ്ഞിക്കോതക്ക് ധൃതി. ''പെരക്കലേക്ക് പോകണ്ടെ? കൊച്ചങ്ങളു തന്നെയല്ലേ. ഒള്ളൂ.'' ആ തുണിയിങ്ങെടുത്തേ. അയാളുടെ ഉടുതുണി ഒരുമാതിരിയുണങ്ങി. അതുടുത്തിട്ട് ഭാര്യ തലയിൽ കെട്ടുന്നത് കുടഞ്ഞ് അവർക്ക് കൊടുത്തു.
അടുപ്പിലെ തീക്കൊള്ളികൾ ചാരത്തിൽ കുത്തിക്കെടുത്തി, കലത്തിലെ വെള്ളവും മൂടിവെച്ചു ഒരു വലിയ ചുരുട്ടും ചെറുതൊരെണ്ണവും ഒന്നിച്ചുകെട്ടി കടുത്ത പൊക്കിനോക്കി. നല്ല ഭാരം. എന്നാലും തോളിലേറ്റിയാൽ കൊണ്ടുപോകാം. കോതക്കുള്ള ഒന്നും പുറത്തേക്കു മാറ്റി. അവൾ തുണി ചുരുക്കിയുടുത്ത്, ഒന്നു തലയിലുംകെട്ടി മുലകളും മറച്ചു. അരിവാളും കൈയിലെടുത്തു പുറപ്പെടാനൊരുങ്ങി. നടന്നു തുടങ്ങിയാൽ അരിവാൾ പുറകിൽ തിരുകും. ''ഈ ഒരെണ്ണം നീയെടുത്തോ കോതേ...'' ''ഓരോന്നു കൊണ്ടുപോയാപ്പോരേ?'' ''എങ്ങനെയായാലും പെരക്കലെത്തിക്കണ്ടെ? ഒരു കൈ കൊണ്ട് ഒന്നു താങ്ങാവോ?'' ''ഇതുമ്മണി കൂടുതലല്ലെ?'' ''സാരൂല്ല.''
കടുത്തയെ ചുമടെടുക്കാൻ സഹായിച്ചിട്ട് കുഞ്ഞിക്കോതയും ചുരുട്ടെടുത്തു. ''നടന്നോ?'' അവൾ അരിവാൾ പുറകിൽ തിരുകി. രണ്ടു കൈകളുംകൊണ്ട് ചുവടും താങ്ങി മുേമ്പ നടന്നു. ഇടക്കിടെ തിരിഞ്ഞുനോക്കുന്നത് കണ്ട് കടുത്ത പറഞ്ഞു, ''പൊക്കോ.''
മഴ പിന്നെയും തുടങ്ങി. ഒരുതരത്തിൽ പാലം കടന്നു. കയറിനിൽക്കാനൊരിടമില്ല. നിന്നുപോയാൽ പെരക്കലെത്താനും വൈകും. ''എവടേങ്കിലും നിക്കണോടി. മഴ കടുക്കുന്നു.'' ''പോകാണേ ഇഞ്ഞി ഈറ്റക്കാടും കടക്കണ്ടെ?''
ഈറ്റക്കാട്ടിലൂടെയുള്ള വഴിയരികിൽ ഒരീട്ടിയും ചുവട്ടിൽ രണ്ടുമൂന്നു കല്ലുകളുമുണ്ട്. അവിടെയെത്തിയാൽ ചുവടൊന്നിറക്കിവെക്കാം. ചുമടില്ലെങ്കിൽ ചൂട്ടുപാള മതി. അതുമില്ലെങ്കിൽ വരവാഴയിലയോ കൂവയിലയോ, ഈറ്റച്ചവറ് ഒടിച്ചുകെട്ടിയും ചൂടലാക്കാം.
അവർ ഈട്ടിച്ചുവട്ടിലെത്തിയപ്പോൾ പ്രകൃതിയുടെ മുഖം കറുത്തു. കുഞ്ഞിക്കോതയുടെ നടപ്പുകണ്ടപ്പോൾ വിഷമം തോന്നി. ക്ഷീണിച്ചു. വീഴുമോ? ''ഇവ്ടെ ഒന്നെറക്കിവെച്ചാലോ?'' ''വേണ്ടെന്നേ, പോകാം.''
അവൾ ഈട്ടിച്ചുവടു കടന്നു. പുറകിലായിരുന്ന കടുത്തയുടെ മേൽ, കല്ലിന് പുറകിൽ പതുങ്ങിയിരുന്ന മലങ്കടുവ ചാടിവീണു. വലതുതോൾ കടിച്ചുലച്ചു. ചുമടു കൈവിട്ടുപോയി, കടുത്തയും കടുവയും തമ്മിൽ മരണപ്പിടുത്തം. കടുത്ത കടുവയുടെ കൊങ്ങക്ക് പിടിമുറുക്കി. കൂർത്ത പല്ലും നഖങ്ങളുംകൊണ്ട് കടുത്തയുടെ ദേഹം മുറിയുന്നു. ''എടിയേ...'' അയാളൊന്നലറി. ചുരുട്ടും താഴെയിട്ട് അരിവാളുമായി കുഞ്ഞിക്കോത പാഞ്ഞടുത്തു. ആമ്പ്രന്നോനെ കടുവ കൊല്ലുമല്ലൊ. തെയ്വവെ, കടുവയുടെ തലക്ക് ഒന്നുവെട്ടാൻ പറ്റുന്നില്ല. അമറിക്കൊണ്ടു കടുവയും. അതിന്റെ കഴുത്തിലെ പിടിവിടാതെ കടുത്തയും ഉരുണ്ടുമറിയുന്നു. ''അയ്യോ... കുഞ്ഞിക്കോത കാറി. മരണപ്പിടുത്തം വിടാതെ കടുത്ത പറഞ്ഞു. ''വെട്ടെടീ...'' അവൾ കടുവയുടെ കഴുത്തിന് വട്ടം അരിവാൾ കടത്തി. സർവശക്തിയോടെയും രണ്ടു മൂന്നു വലി. കടുവയുടെ തല മുറിഞ്ഞുതൂങ്ങി.
കിലുകിലെ വിറച്ചുകൊണ്ട് കുഞ്ഞിക്കോത ഭർത്താവിനെ താങ്ങി. അയാളുടെ ദേഹം മുറിയാൻ ബാക്കിയൊന്നുമില്ല. അയാൾക്ക് നേർത്തൊരു ഞരക്കമേയുള്ളൂ. മുറിവുകളിൽനിന്നെല്ലാം ചോരയൊലിക്കുന്നു. കാട്ടിലൂടെ മഴവെള്ളമൊലിച്ചുവരുന്നതു കുഞ്ഞിക്കോത കണ്ടു. തലയിൽ കെട്ടിയിരുന്ന തുണിയഴിച്ചു നനച്ച് കടുത്തയെ തുടച്ചു. തുണി പിന്നെയും നനച്ച് അയാളുടെ വായിലും പിഴിഞ്ഞൊഴിച്ചു. ചാകില്ലാരിക്കും, അവളയാളെ താങ്ങി എണീപ്പിക്കാൻ നോക്കി. തളർന്നുപോകുന്നു. ''തെയ്വവെ നേരവും ഇരുട്ടുന്നു. ഞാനെന്നാ കാണിക്കും? ഈ മനുഷ്യേനെ കാട്ടിലിട്ടേച്ച്... യ്യൊ. ഒരാളും ഈ വഴി വരാനില്ലല്ലോ.''
അൽപനേരത്തിന് ശേഷം വീണ്ടും മഴ തുടങ്ങി. കടുത്തയുടെ മുഖം മറച്ച് കുഞ്ഞിക്കോത തുണി ചുറ്റി. മഴ കടുത്തക്ക് ഗുണമായി. ഇടതുകൈ ഭാര്യയുടെ നേരെ കുറച്ചൊന്നു പൊക്കി. അവൾ അയാളുടെ മുഖത്തിന് നേരെ കുനിഞ്ഞു ചോദിച്ചു. ''ഞാൻ താങ്ങിപ്പിടിച്ചാ നടക്കാവോ?'' ''എന്നെ നീ താങ്ങുവോ.'' ''ഈക്കാട്ടീത്തന്നെയാക്കിയേച്ചു ഞാേമ്പാകീല്ല. വലിച്ചെങ്കിലും പെരക്കലെത്തിക്കും. തെയ്വമെ, ഇതിയാനെ കൊണ്ടുപോകാൻ ഇനിക്ക് ശേഷി തായോ.'' ആമ്പ്രന്നോന് എന്തു ഭാരമുണ്ടെന്നൊന്നും അവളോർത്തില്ല. എത്രയുംവേഗം പെരക്കലെത്തിക്കണം. എന്നേച്ചു വൈജ്യനപ്പാപ്പനെ വിളിക്കാേമ്പാണം.
ഒരാവേശത്തിന് കുഞ്ഞിക്കോത കടുത്തയുടെ ഇടതു കൈ സ്വന്തം തോളിൽ ചുറ്റി. നിവർന്നു വെക്കം പോ എന്നയാൾ പിറുപിറുത്തത് അവളറിഞ്ഞു.
വലിച്ചിഴച്ചതുപോലെ കടുത്തയെ അവൾ വീട്ടിലെത്തിച്ചു. ആകാംക്ഷയോടെ മക്കൾ മൂന്നും ഓടിയടുത്തു. ''മാനെ, വെക്കം എറാത്തൊരു പായിട്, അപ്പനെ കെടത്താനാ.'' ''അപ്പനിതെന്നാ പറ്റിയതാണമ്മെ.'' ''പിന്നെ പറയാം. വെക്കം പോയി വൈജ്യനപ്പാപ്പനെ കൂട്ടിക്കൊണ്ടുവന്നം.'' ''ഞാേമ്പാകാമ്മേ.'' ''നേരമായി നിങ്ങളിവിടെയിരി. ഞാനോടിപ്പോയേച്ചുവരാം. അടുപ്പ് തീ കത്തിച്ചു വെള്ളം ചൂടാകാൻ വെയ്. പൊന്നൂ...''
കേളു വൈദ്യന്റെ മകൻ തങ്കനും അളിയൻ ഗോപിയും കുടിഭാഗത്തെ പീടികയിൽ പോയിട്ട് വരുന്നുണ്ടായിരുന്നു. കടുത്തയുടെ വീട്ടിൽനിന്നും കരച്ചിൽ കേട്ട് അവർ നിന്നു. ''എന്നാ അളിയാ കടുത്തച്ചേട്ടന്റെ പെരക്കേന്ന് കരച്ചിലും കുറുക്കുളിയും?'' ''അവടെയിപ്പോ ചടപ്പായി ആരും കെടപ്പില്ല. പിന്നെയെന്നാക്രി?'' ''ഏതായാലും നമ്മക്ക് അങ്ങോട്ടൊന്നു കേറാം.''
''കോതച്ചേട്ടത്തിയേ.'' മുറ്റത്തുനിന്ന് തങ്കൻ വിളിച്ചു. വിളികേട്ട് വാതുക്കൽ വന്നതു മൂത്ത മകളാണ്. പൊന്നു. ''എന്നാടീ പൊന്നു.'' ''ചിറ്റുപ്പാ അപ്പനെ കടുവാ കടിച്ചു.'' ''ങേഹ്? എവടെയാ?'' ''അപ്പനെ പായേക്കെടത്തിയേക്കുവാ.'' ''അമ്മയോ?'' അപ്പാപ്പനെ വിളിക്കാൻ പോയി.
തങ്കനും ഗോപിയും കടുത്തയെക്കണ്ടു. ഇങ്ങോട്ടു കിട്ടുവോ എന്നായി സംശയം. തങ്കൻ പറഞ്ഞു. അളിയാ നമ്മളിവിടെ നിന്നിട്ട് കാര്യമില്ല. വെക്കം പോയി അപ്പനെ കൂട്ടിക്കൊണ്ടുവരാം.'' ''ങും.''
അവർ വീടടുക്കാറായപ്പോൾ ഗോപിയുടെ മകൻ നാരായണൻ ചൂട്ടും തെളിച്ചു മുേമ്പ. പുതപ്പും പുതച്ചു തലയും മൂടി കേളുവൈദ്യനും. എന്തൊക്കെയോ മരുന്നുകളുമായി പുറകേ കുഞ്ഞിക്കോതയും. ഇരുകൂട്ടരും നിന്നു. തങ്കൻ വൈദ്യനോട് ചോദിച്ചു. ''അപ്പന് നടക്കാമ്പറ്റുവോ?'' ''സാരുല്ലെടാ എങ്ങനെയും അവടെയെത്താം. പെരക്കെച്ചെന്നേച്ചു നിങ്ങളുരണ്ടും വെക്കം അങ്ങോട്ടു വന്നം..'' ''വരാം.'' ''ചൂട്ടു വീശെടാ നാരേണാ...'' അവർ വേഗം നടന്നു.
വൈദ്യനപ്പാപ്പൻ ഏതോ മന്ത്രമുരുവിട്ടുകൊണ്ട് കടുത്തയെ തൊട്ടുതൊഴുത് അടുത്തിരുന്നു. ''കൊച്ചേ... കൊച്ചേ... ഇതു ഞാനാടാ കേളുച്ചേട്ടൻ, നെനക്കൊന്നുമില്ലെടാ, കണ്ണു തൊറക്ക്. രണ്ടുമൂന്നു വിളിച്ചപ്പോൾ കടുത്ത ഞരങ്ങി. ''കുഞ്ഞിക്കോതേ ഇച്ചരെ വെള്ളം കൊണ്ടാ...''
ഓതിയ വെള്ളം വൈദ്യൻ തന്നെ കടുത്തയുടെ ചുണ്ടിൽ ഇറ്റിച്ചുകൊടുത്തു. ഇറക്കുന്നുണ്ട്. നല്ല ലക്ഷണം. ഇനിയിവനെ രക്ഷിച്ചെടുക്കാൻ ചിലതു ചെയ്യണം.
നാലഞ്ചുപേർ തിണ്ണയിലിരിപ്പുണ്ട്. അവർക്കറിയാം എന്തെങ്കിലുമൊക്കെ മരുന്നു വേണ്ടിവരും. എവിടെയുണ്ടെന്നറിയാമെങ്കിൽ പോയിക്കൊണ്ടുവരണം. അല്ലെങ്കിൽ തെരഞ്ഞുപോകണം. കേളു വൈദ്യന്റെ പ്രയോഗം അച്ചട്ടമാണ്.
വൈദ്യൻ എഴുന്നേറ്റു തിണ്ണയിൽ വന്നു. ''കുഞ്ഞപ്പാ മുറിക്കുടി എവടേങ്കിലും ഒണ്ടോന്നറിയാവോ?'' ''ങും. തോട്ടിലെ കുളിക്കടവിനടുത്ത് ഒന്നൊണ്ട് മ്മ്ണി വെലുതാ.'' ''ആരെങ്കിലും പോയ് അതു വെട്ടിയെടുത്ത് മൂന്നാലായി മുറിച്ചുകൊണ്ടാ.'' മുറിക്കുടി -വെള്ളില, പച്ച ഇലകളും രണ്ടോ മൂന്നോ വെള്ള ഇലകളും. പൂവ് ചെറുതാണ്. ചുവന്നതും മഞ്ഞയും. തണ്ടു മുറിച്ചെടുത്ത് തൊലിപ്പുറത്തെ പൊരിപ്പൽ ചീകിക്കളഞ്ഞ്, വെള്ളം കൂട്ടാതെ ഇടിച്ചു ചതച്ചു പിഴിഞ്ഞു നീരെടുക്കണം. കൊതനം നന്നായി അരച്ചെടുക്കണം. പിഴിഞ്ഞെടുത്ത നീര് കരടും പൊടിയും നീക്കി മുറിവുകളിൽ നന്നായി പുരട്ടി, കൊതനം അരച്ചതും പുറമെ തേച്ചു തുണി കീറിക്കെട്ടേണ്ടതാണ്. കടുത്തയുടെ ദേഹത്ത് മുറിവുകൾ പലതുണ്ട്.
രണ്ടു ദിവസം കഴിഞ്ഞാൽ കൊതനം അരച്ചു തേച്ചത് ഉണങ്ങി പൊറ്റനാകും. അതു പതുക്കെ ചുരണ്ടിക്കളഞ്ഞ് പുതിയത് തേച്ചുകെട്ടണം. എത്ര വലിയ മുറിവും കത്തിക്കൂടി ഉണങ്ങും.
കടുത്ത അതിശക്തനായ കടുവയുമായി മരണപ്പിടുത്തമാണ് പിടിച്ചത്. ശരീരത്തിൽ മുറിവുകളും ചതവുകളും പലത്. ബലപ്രയോഗംകൊണ്ടുണ്ടായ ഉടവും മാറ്റണം.
വൈദ്യന്റെ നിർദേശങ്ങൾ നടപ്പാക്കാൻ ആറേഴുപേർ ആ വീട്ടുതിണ്ണയിലുണ്ട്. കുഞ്ഞിക്കോതയും മറ്റു രണ്ട് സ്ത്രീകളും കൂടി കട്ടൻകാപ്പിയുണ്ടാക്കി എല്ലാവർക്കും കൊടുത്തു.
ഗോപാലനും കിഷ്ണനും രണ്ടുമൂന്നു മൂടു കപ്പ പറിച്ചുകൊണ്ടുവന്നു. ''കോതപ്പെങ്ങളെ തേങ്ങായൊണ്ടോ ചമ്മന്തിയരക്കാൻ.'' ''ഒണ്ടാങ്ങളെ കാന്താരി മൊളകുമൊണ്ട്. പിള്ളേര് പറിച്ചെടുക്കും.'' ''കപ്പ പൊളിച്ചുതരാം. ചെണ്ടമുറിയനായി പുഴുങ്ങിയാ മതി.''
വണ്ണമുള്ള കപ്പക്കിഴങ്ങുകൾ തൊണ്ടു പൊളിച്ച് മൂന്നും നാലും കഷണങ്ങളാക്കി നടുവെയും നാലാക്കിയും കീറി. പൊന്നുവും ലക്ഷ്മിയും കാന്താരിമുളക് ഞെട്ട് പറിച്ചെടുത്തു. കമലാക്ഷി ഒരു മുറി തേങ്ങ ചെരണ്ടിയെടുത്തു. ഉപ്പും ഉള്ളിയും കൂട്ടി തേങ്ങാച്ചമ്മന്തി അരച്ചെടുത്തു.
വെന്ത കപ്പയും തിന്നു കട്ടനും കുടിച്ച് ഓരോന്ന് പറഞ്ഞിരുന്നപ്പോൾ കേളു വൈദ്യൻ അകത്തേക്ക് ചെന്നു. കടുത്തയുടെ അടുത്തിരുന്ന കുഞ്ഞിക്കോതയെ ആംഗ്യം കാണിച്ചു വിളിച്ചു. രഹസ്യമായി ചോദിച്ചു. ''അരിയും കൂട്ടാൻ വെയ്ക്കാനുമൊണ്ടോ?'' ''അരി ഉച്ചത്തേന് കാണും. കൂട്ടാന് കപ്ലങ്ങായോ കുമ്പളങ്ങായോ പറിച്ചെടുക്കാം.'' ഒന്നുമൂളിയിട്ടു വൈദ്യൻ കമലാക്ഷിയെ വിളിച്ചു. ''മാളെ ഞങ്ങടെ പെരക്കെച്ചെന്ന് അമ്മാമ്മയോട് എടങ്ങഴി അരി തരാമ്പറ.''
കടുത്തയുടെ വീട്ടിൽ അരിയില്ലെന്നറിഞ്ഞവർ പല വഴിപോയി. കുറേ കഴിഞ്ഞ് ഉള്ളതുപോലെ ഓരോരുത്തർ കൊണ്ടുവന്നു. നാലഞ്ചിടങ്ങഴി അരിയും കറിവെക്കാനുള്ള വകയും.
കടുത്തക്ക് വേണ്ട ചികിത്സ, കേളു വൈദ്യൻ തന്നെ ചെയ്തുകൊണ്ടിരുന്നു. നാലഞ്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കടുത്തക്ക് കുറേശ്ശ സംസാരിക്കാറായി. തലയും ഇടതു കൈയും കുറേശ്ശ അനക്കാം. വൈദ്യൻ എല്ലാവരോടുമായി പറഞ്ഞു: ''ഇവനേ നമ്മടെ കൂട്ടത്തിലെ ഒരാളല്ലെ. വിട്ടുകളായാനാണെങ്കി, ഞാനെന്നേത്തിനാ വൈദ്യനാന്നും പറഞ്ഞു നടക്കണെ?'' ആ ചോദ്യത്തിന് മറുപടിയുണ്ടായില്ല.
കുഞ്ഞിക്കോത പുഞ്ചിരിയോടെ ഭർത്താവിനെ നോക്കി. ഇല്ല, ഇഞ്ഞിപ്പോകില്ല.