'സ്വൈരിണി' -അൻവർ അബ്ദുള്ള എഴുതിയ കഥ വായിക്കാം
അമ്പിളി തിരക്കിട്ടു നടന്നു. വണ്ടിതെറ്റിയാൽ യാത്ര മുടങ്ങിയതുതന്നെ. ഒരേയൊരു ട്രാൻസ്പോർട്ടുവണ്ടിയാണ് അങ്ങോട്ടുമിങ്ങോട്ടുമോടുന്നത്. അത് ഉച്ചതിരിഞ്ഞ് രണ്ടരക്കു വടുകമ്പാറക്കവലയിൽ വന്നുനിൽക്കും. അവിടുന്നതു പുറപ്പെടുമ്പോൾ, താനതിലുണ്ടെങ്കിൽ വിചാരിച്ച കൂടിക്കാഴ്ച നടക്കും. ഇല്ലെങ്കിൽ, ആ ബസ് പോയിവന്നിട്ട് പിന്നങ്ങോട്ടതു മടങ്ങുന്നത് നാലരക്കാണ്. ആ സമയത്തു പോയിട്ട് കാര്യമില്ല. കഥാകൃത്ത് ജയചന്ദ്രനുമായുള്ള സമാഗമത്തിനാണ് അമ്പിളിയുടെ...
Your Subscription Supports Independent Journalism
View Plansഅമ്പിളി തിരക്കിട്ടു നടന്നു. വണ്ടിതെറ്റിയാൽ യാത്ര മുടങ്ങിയതുതന്നെ. ഒരേയൊരു ട്രാൻസ്പോർട്ടുവണ്ടിയാണ് അങ്ങോട്ടുമിങ്ങോട്ടുമോടുന്നത്. അത് ഉച്ചതിരിഞ്ഞ് രണ്ടരക്കു വടുകമ്പാറക്കവലയിൽ വന്നുനിൽക്കും. അവിടുന്നതു പുറപ്പെടുമ്പോൾ, താനതിലുണ്ടെങ്കിൽ വിചാരിച്ച കൂടിക്കാഴ്ച നടക്കും. ഇല്ലെങ്കിൽ, ആ ബസ് പോയിവന്നിട്ട് പിന്നങ്ങോട്ടതു മടങ്ങുന്നത് നാലരക്കാണ്. ആ സമയത്തു പോയിട്ട് കാര്യമില്ല.
കഥാകൃത്ത് ജയചന്ദ്രനുമായുള്ള സമാഗമത്തിനാണ് അമ്പിളിയുടെ യാത്ര. വിചാരിക്കുന്നതുപോലെ ബസു കിട്ടിയാൽ, മൂന്നേകാലിന് ബസ് കമ്പിളിവയലിലെത്തും. അവിടിറങ്ങി കുറച്ചു നടക്കാനുണ്ടാകുമെന്ന് ജയചന്ദ്രൻ പറഞ്ഞിരുന്നു. ഏതാണ്ടൊരരമുക്കാൽ മണിക്കൂർ. കമ്പിളിവയലിൽ എവിടെയോ നടക്കുന്ന സാഹിത്യക്യാമ്പിന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് സമാപനസമ്മേളനമാണ്. അതായത്, നാലുമണി പിന്നിട്ട് താനെത്തുമ്പോഴേക്കും സമാപനസമ്മേളനം തീർന്ന് ജയചന്ദ്രൻ തിരക്കുകളിൽനിന്നു മുക്തനായിരിക്കും. അപ്പോൾ, അത്യാവശ്യം സ്വകാര്യമായി തന്നെ സ്വീകരിക്കാൻ സാധിക്കുമെന്നാണ് ജയചന്ദ്രൻ ഫോണിൽ പറഞ്ഞിരിക്കുന്നത്. ആരെങ്കിലും തിരക്കിയാൽ ഗവൺമെന്റ് കോളജിലെ മാഗസിൻ എഡിറ്ററാണെന്നും അഭിമുഖം ചെയ്യാൻവന്നതാണെന്നും പറഞ്ഞാൽ മതിയെന്നും പറഞ്ഞു. അക്കാര്യമായിരിക്കും താനും അവിടെ പറഞ്ഞിട്ടുണ്ടാകുക എന്നുകൂടി പറഞ്ഞു. അതെന്തിനാണ് അങ്ങനൊരു കള്ളത്തരമെന്ന് അമ്പിളി എടുത്തു ചോദിച്ചതാണ്. അപ്പോൾ അയാൾ പറഞ്ഞത്, അല്ലെങ്കിൽ പരിപാടി സമാപിച്ചാലും ആളുകളുടെ കൊച്ചുവർത്തമാനത്തിൽനിന്നു വിട്ടുകിട്ടില്ലെന്നാണ്. മാഗസിൻ എഡിറ്റർ, കോളജ് സ്റ്റുഡന്റ്, അഭിമുഖം... ആ മറ സർവത്തിൽനിന്നും രക്ഷയാകും, അയാൾ വിശദീകരിച്ചു. അമ്പിളിക്ക് അതത്ര ഇഷ്ടമായില്ലെങ്കിലും അയാളുടെ സ്വരത്തിന്റെ ആധികാരികതയിൽ അവളതു സമ്മതിച്ചു.
വീട്ടിൽനിന്നു ചാലുവരെയെത്തിക്കുന്ന കുത്തിറക്കം മുൻകാലിലിറങ്ങി, പൊട്ടിപ്പൊളിഞ്ഞ ഇടറോഡു കഴിഞ്ഞ്, വടുകമ്പാറക്കവലയിലേക്കുള്ള തിരിവു തിരിഞ്ഞു ചാടുമ്പോൾ ബസ് കവലയിൽനിന്നു പുറപ്പെട്ട് എതിരേയുള്ള ഇടറോഡിലേക്കു നൂളുന്നതു മിന്നായംപോലെ കണ്ടു. അവൾ ഓടി. ഓടുമ്പോൾ ഒന്നു കൂവിവിളിക്കുകയും ചെയ്തു. അതു തന്റെ തന്നെ ശബ്ദമാണോ എന്നവൾ അമ്പരക്കുകയും ചെയ്തു. അത്രയും ഉച്ചത്തിലുള്ള ഒരു സ്വരം എന്നാണ് തന്റെ തൊണ്ടയിൽക്കയറി ഒളിച്ചുവാസമാരംഭിച്ചതെന്നാണവൾ വിചാരിച്ചത്. ആ ശബ്ദം ബസിനു നേരേ ചാട്ടുളിപോലെ പാഞ്ഞുപോയി. അതിനിടെ, കവലയിൽനിന്ന രണ്ടോ മൂന്നോപേർകൂടി ഒച്ചത്തിൽ ശബ്ദമുണ്ടാക്കി. പിൻകണ്ണാടിയിലൂടെ കണ്ടക്ടർ അവളുടെ ഓട്ടംകണ്ടു. ഭാഗ്യം! അയാൾ ഒറ്റമണിയടിച്ചു. അങ്ങുമാറി ബസ് നിൽക്കുകയും അവളെത്താൻ കാക്കുകയും ചെയ്തു. റോഡ് കുറുകെക്കടക്കുമ്പോൾ, പാഞ്ഞുവന്ന ഇന്നോവ അവളെ തട്ടിയിടേണ്ടതായിരുന്നു. നേരത്തേ കൂവിയവരും കണ്ടക്ടറുമെല്ലാം വാപൊളിച്ചുനിന്നു. ഇന്നോവ പാളിയൊഴിച്ചുപോയി. അതിലിരുന്നവർ ഗ്ലാസുതാഴ്ത്തിവന്നപ്പോഴേക്കും സമയം പോയതുകൊണ്ട് അവരുടെ ചീത്തവിളി, അകലെ ഒച്ചയില്ലാതെ വായുവിലേക്കു തെറിച്ചു. അമ്പിളി കിതച്ചുകൊണ്ട് ബസിൽ പിടിച്ചുകയറി.
ഇഷ്ടംപോലെ സീറ്റുണ്ടായിരുന്നു. അവൾ ഇടത്തുവശത്തെ സൈഡിലെ ഒരു സീറ്റിൽ ഇരുന്നു. ബസോടിയപ്പോൾ കാറ്റുവന്നു തലോടുകയും അവളുടെ കിതപ്പുമാറുകയും ചെയ്തു. അവൾ ആശ്വാസം സമ്പാദിച്ചുകൊണ്ടു നോക്കുമ്പോൾ കണ്ടക്ടർ ടിക്കറ്റ് യന്ത്രവുമായി മുന്നിലെത്തി. അവൾ കമ്പിളിവയലിലേക്കു ടിക്കറ്റെടുത്തു. കമ്പിളിവയലിൽനിന്നുള്ള അവസാനത്തെ ബസ് എത്രമണിക്കാണെന്ന് അവൾ കണ്ടക്ടറോടന്വേഷിച്ചു. ഏഴെന്നയാൾ പറഞ്ഞു. റോഡിൽ അവൾ നേരിട്ട സാഹസവും ബസ് കിട്ടുന്നതിലും ഇടികിട്ടാതെയിരുന്നതിലും സംഭവിച്ച വിസ്മയഭാഗ്യവും ഓർത്താവണം കണ്ടക്ടർ അവളോട് എന്തോ അത്യാവശ്യത്തിനു പോകുകയാണല്ലേ എന്നു കുശലപ്രശ്നം ചെയ്തു. അവൾ ങ്ഹാ! എന്നു മുരണ്ടു തലകുലുക്കി.
തീർച്ചയായും കടുത്ത അത്യാവശ്യമായിരുന്നു അത്. ജയചന്ദ്രനെക്കാണുകയെന്നത് അവളുടെ പ്രിയപ്പെട്ട അത്യാവശ്യമായിരുന്നു. കുറേക്കാലമായി ഫോണിൽ ബന്ധമുണ്ട്. ഫെയ്സ്ബുക്കിൽ മിത്രങ്ങളാണ്. അവളുടെ കൊച്ചുകൊച്ചു സാഹിത്യസംശയങ്ങൾക്കുപോലും അയാൾ മറുപടി നൽകാറുണ്ട്. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ അയാളുടെ ഒരു കഥ അവൾക്കു പഠിക്കാനുണ്ടായിരുന്നു; പ്രകാശലോകം. അതു വായിച്ചവൾ അമ്പരന്നുപോയി. അതിനുമുമ്പേതന്നെ അവൾ കാര്യമായ വായന തുടങ്ങിയിരുന്നെങ്കിലും ആ കഥ അവൾക്കുമുന്നിൽ പുതിയൊരു ലോകം തുറന്നിട്ടു. വെറുമൊരു പുതിയ ലോകമല്ല; പ്രകാശം നിറഞ്ഞ പുതുലോകം. അതുവരെ ജീവിതത്തിൽ പ്രകാശത്തിന്റെ വരവിനെക്കുറിച്ച് അവൾ കണക്കുകൂട്ടിയിരുന്നതേയില്ല. ഇരുട്ടിനോട് കൂട്ടുകൂടിത്തുടങ്ങുകയും ചെയ്തിരുന്നു. കുന്നിൻചെരിവിലെ കുത്തിച്ചെരിച്ചുകെട്ടിയ രണ്ടുമുറിവീട്ടിൽ കൂടുതലും ഇരുട്ടാണ്. മല മറഞ്ഞുനിൽക്കുന്നതുകൊണ്ടു സൂര്യവെളിച്ചം നറുംപകൽനേരത്തുപോലും വീട്ടിലേക്കു നിറഞ്ഞുചൊരിയില്ല. കാടുപിടിച്ചു നിൽക്കുന്ന മരങ്ങൾക്കൊക്കെയും ഇരുണ്ട പച്ചയാണ് ആർത്തുനിന്നിരുന്നത്. കാട്ടിനുള്ളിലെ ഒരു വെളിച്ചമില്ലേ, അതാണ് ആ പരിസരത്തെല്ലാമുള്ളത്. അതിനാൽ, നിറഞ്ഞ വെളിച്ചം അവളുടെ ഭാവനയിൽ കോരിച്ചൊരിഞ്ഞിരുന്നില്ല.
പ്രകാശലോകം വായിച്ചതിനുശേഷം, അവൾ ജയചന്ദ്രന്റെ പുസ്തകങ്ങൾ തേടിപ്പിടിച്ചു വായിക്കാൻ തുടങ്ങി. കഥകൾ മാതൃഭൂമിയിലോ മലയാളത്തിലോ മാധ്യമത്തിലോ ദേശാഭിമാനിയിലോ ഭാഷാപോഷിണിയിലോ ഒക്കെ പ്രസിദ്ധീകരിച്ചതറിഞ്ഞാൽ അതു വാങ്ങിവായിക്കുകയും സൂക്ഷിച്ചുവെക്കുകയും ചെയ്യും. മുമ്പുവന്ന കഥകൾ സമാഹാരങ്ങളായവ പുസ്തകമായിവാങ്ങും. അവൾക്കു പണത്തിന്റെ പ്രശ്നം നല്ലതുവണ്ണമുണ്ടായിരുന്നു. മുമ്പവൾക്ക് പണത്തിന്റെ ആവശ്യം തോന്നിയിരുന്നില്ല. പണമില്ല; പണത്തിന് ആവശ്യവുമില്ല എന്നമട്ട്. ആകെ താൽപര്യമുള്ള പുസ്തകങ്ങൾക്കാണെങ്കിൽ ലൈബ്രറികളെ ആശ്രയിക്കുകയും ചെയ്യാം. പക്ഷേ, ജയചന്ദ്രന്റെ പുസ്തകങ്ങൾ വാങ്ങിക്കാനായി അവൾ അമ്മയോടൊപ്പം കാപ്പിത്തോട്ടങ്ങളിൽ കുരുപറിക്കാനും ഉണക്കാനും പോയിത്തുടങ്ങി. ശനിയാഴ്ചകളിലും മറ്റും തൊഴിലുറപ്പിനും പോകും.
എന്നാലും പഠിത്തം കാര്യമായിത്തന്നെ നടന്നു. എം.എ മലയാളസാഹിത്യം പഠിക്കാൻ കോഴിക്കോട് സർവകലാശാലയിൽ ചേരുന്നതുവരെ കാര്യങ്ങളെത്തി. പക്ഷേ, മാർക്കിന്റെ കാര്യത്തിൽ അവളത്ര മിടുക്കിയല്ലായിരുന്നു. ജയചന്ദ്രന്റെ പ്രകാശലോകത്തിനു പോലും അവളുടെ ഉത്തരങ്ങൾക്കു ശരാശരി മാർക്കുകളേ കിട്ടിയിട്ടുള്ളൂ. അവളാ കഥ ആ അധ്യയനവർഷംതന്നെ മുപ്പത്തഞ്ചുപ്രാവശ്യം വായിച്ചിരുന്നു. എന്നാൽ, ഒരിക്കൽപ്പോലും വായിക്കാത്തവർക്കും അതിന് എ പ്ലസ് മാർക്കു കിട്ടിയപ്പോൾ അവൾക്ക് ബി പ്ലസ് മാത്രം കിട്ടി. അവളെഴുതിയതൊന്നുമല്ല ആ കഥയിലെന്ന് അവളോട് ഇന്ദുലേഖ ടീച്ചർ പറയുകയും ചെയ്തു. ആ കഥയിലെ പ്രകാശം വെറും തോന്നലോ മായാജാല യാഥാർഥ്യമോ അല്ലെന്നും അതു കഥയിലെ പ്രധാന കഥാപാത്രമായ പൂർണിമയുടെ തലയുടെ ഉള്ളിൽനിന്നു ശരിക്കും വരികയാണെന്നും ആണ് അവളെഴുതിയത്. അത് ബഷീറിന്റെ േപ്രമലേഖനത്തിൽ ബഷീർ പറയുന്ന സ്ത്രീകളുടെ തലക്കുള്ളിലെ നിലാവെളിച്ചം എന്ന കൽപനയെ അവലംബിച്ചുണ്ടാക്കിയ ഒരു കൽപനയും അതേസമയം അതിനെ നിരസിക്കലുമാണെന്നും അവളെഴുതി. അതിനെപ്പറ്റിയാണ് ഇന്ദുലേഖ ടീച്ചർ പറഞ്ഞത്, കുട്ടിയിതെന്തൊക്കെയാ ഈ എഴുതിവെച്ചിരിക്കുന്നത്. അത് മാജിക്കൽ റിയലിസമാണെന്ന് ഞാൻ കൃത്യമായി ക്ലാസിൽ പറയുകയും നോട്ടു തരികയും ചെയ്തതല്ലേ?..
ഇന്നിപ്പോൾ, അന്നത്തെ കുട്ടിയിൽനിന്നു വലുതായി, കൗമാരംതാണ്ടി, യൗവനത്തിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ അവൾക്കുപക്ഷേ, പ്രകാശലോകത്തേക്കാൾ ഇഷ്ടപ്പെട്ട ജയചന്ദ്രൻകഥ സ്വൈരസഞ്ചാരിണികളാണ്. ഇലക്ഷൻ ഡ്യൂട്ടിക്കു പോകുന്ന മൂന്നു സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്ന ഒരു സംഘത്തിന്റെ കഥയായിരുന്നു അത്. പ്രിസൈഡിങ് ഓഫീസറായ പുരുഷനെ അധികാരത്തിന്റെ കൊമ്പൊടിച്ചു സുല്ലിടീക്കുന്ന കഥ. മടക്കയാത്രയിൽ അവരുടെ അപ്രതീക്ഷിതസാഹസപ്രവർത്തനങ്ങളുടെ കഥ. അതു നൂറുപ്രാവശ്യമെങ്കിലും അമ്പിളി വായിച്ചിട്ടുണ്ട്. അതിന്റെ അന്തിമഘട്ടത്തിലെത്തുമ്പോൾ ജീവിതത്തോടു തോന്നുന്ന ആവേശവും ഹരവും അവൾക്കേകാൻ ലോകത്തിൽ വേറൊരു അനുഭവത്തിനും കഴിഞ്ഞിട്ടില്ല.
ട്രാൻസ്പോർട്ട് ബസ് മലയെ വകഞ്ഞുപോകുന്ന പാതയിൽ ഇഴഞ്ഞുകയറുമ്പോൾ, അതിന്റെ എൻജിൻ അമർന്നുനിലവിളിച്ചുകൊണ്ടേയിരുന്നു. ചരിവുകളിൽ മരത്തലപ്പുകൾ പരന്നുനിന്നു ചാമരംവീശി. മുരിക്കിന്റെ വരണ്ട തൊലികളിൽ ചെമന്ന പൂക്കൾ പറ്റിപ്പിടിച്ചുനിൽക്കുന്നത് അങ്ങേയറ്റം ഹൃദ്യമായ കാഴ്ചയായിരുന്നു. ആ കാഴ്ചകളിൽ കണ്ണുകളെ വെള്ളംപോലെ ഒഴുകാനനുവദിച്ചുകൊണ്ട് അമ്പിളി ആലോചനകളിലേക്കു പരന്നു.
ഡിഗ്രിക്കു പഠിക്കുമ്പോഴാണ് ജയചന്ദ്രന്റെ ഫോൺനമ്പർ സമ്പാദിക്കുന്നത്. അതത്ര പ്രയാസമായിരുന്നില്ല. അതിലേക്കു സന്ദേശമയച്ചു കാത്തിരുന്നതാണ് കാത്തിരുപ്പ്. അപ്പോഴേക്കും പ്രകാശലോകവും നൂറിലധികം തവണ വായിച്ചുകഴിഞ്ഞിരുന്നു. ജയചന്ദ്രന്റെ കഥകളിലൊന്നുപോലും ഇരുപത്തഞ്ചുതവണയെങ്കിലും വായിക്കാത്തവ അവളുടെ പട്ടികയിലില്ലായിരുന്നു. പ്രകാശലോകവും സ്വൈരസഞ്ചാരിണികളും ആ പനിനീർമുള്ള് നീ എന്തുചെയ്തുവും അഹഹ!യും മുൾവടിചൂടിയ കുരിശും അവൾ നൂറുപ്രാവശ്യം വീതം വായിച്ചിരുന്നു. ഈ വിവരങ്ങളാണ് അവൾ ആദ്യമായി സന്ദേശമയച്ചത്. അതിൽ നീലവര ഇരട്ടയായിത്തെളിയാൻ ഒരാഴ്ച കഴിഞ്ഞു. അതിനുശേഷമാണ് മറുപടി വന്നത്. മിടിക്കുന്ന നീലഹൃദയത്തിന്റെ ഇമോജിയോടൊപ്പം അങ്ങേയറ്റം സ്നേഹം, സന്തോഷം! അതു വിവരിക്കാൻ വാക്കുകളില്ല എന്നീ വാക്കുകളും. അങ്ങനെയാരംഭിച്ച മെസേജ് സന്ദേശബന്ധമാണ് ഇന്നിപ്പോൾ ആദ്യത്തെ കൂടിക്കാഴ്ചയിലെത്തുന്നത്. അമ്പിളിക്ക് താൻ ഇന്ന് സ്വൈരസഞ്ചാരിണികളും പ്രകാശലോകവും അഹഹ!യും എഴുതിയ എഴുത്തുകാരനെ നേരിട്ടു കാണാൻപോകുകയാണെന്നോർത്തപ്പോൾ മനംപെരുക്കി. അതിനെ അമർത്താൻ അവൾ നാരങ്ങാമണങ്ങളെ മൂക്കുകൊണ്ടു സ്വപ്നംകണ്ടു.
ജയചന്ദ്രൻ പറഞ്ഞിട്ടല്ല അവൾ അയാളുടെ കമ്പിളിവയൽ സന്ദർശനം അറിഞ്ഞത്. ഫേസ്ബുക്കിൽ ആരോ ഇട്ട പോസ്റ്റിൽനിന്നാണ് ആ വരവിന്റെ വാർത്ത അവളറിഞ്ഞത്. അതിനുതൊട്ടുമുമ്പ് അവളൊരു അമിതസ്വാതന്ത്ര്യം എടുത്തത് അവരുടെ ബന്ധത്തിൽ വിള്ളലുണ്ടാക്കിയോ എന്നവൾ ഭയന്നിരിക്കുകയായിരുന്നു. അടുപ്പം അത്യാവശ്യം സ്വാതന്ത്ര്യമെടുക്കാനുംമാത്രമെന്നു കരുതിയപ്പോൾ അവൾ, ഒരുപാടുകാലമായി താൻ ആലോചിക്കുന്ന ഒരു കാര്യം, ഒരു വിമർശനിർദേശം അയാളുടെ സ്വൈരസഞ്ചാരിണികൾ എന്ന കഥയെപ്പറ്റി നടത്തിയതായിരുന്നു ആ പ്രശ്നവിഷയം. അപ്പോഴും അവർ തമ്മിൽ ഫോണിൽ സംസാരിച്ചുതുടങ്ങിയിരുന്നില്ല; സന്ദേശങ്ങൾ മാത്രം. അവൾ ഒരു സന്ദേശമയച്ചു. സ്വൈരസഞ്ചാരിണികൾ എന്ന പേരിനേക്കാൾ ആ കഥക്ക് യോജിക്കുന്നത് സ്വൈരിണികൾ എന്ന പേരാണ്. ആ വാക്കിന്റെ പരമ്പരാഗതമായ അർഥത്തെത്തന്നെ പിടിച്ചുലയ്ക്കാൻ ആ ശീർഷകത്തിനു സാധിക്കും. അത് ആ കഥയെ, അതിലെ ഒരക്ഷരംപോലും മാറ്റാതെതന്നെ മറ്റൊരു തലത്തിലേക്കും വിതാനത്തിലേക്കും പിടിച്ചുയർത്തും എന്നായിരുന്നു അവളുടെ സന്ദേശം. അതിനു മറുപടി വന്നില്ല. അമിതസ്വാതന്ത്ര്യമെടുത്തതിനു മാപ്പ് എന്നും മറ്റും അവൾ ഏതാനും സന്ദേശങ്ങൾ അയച്ചുവെങ്കിലും അവക്കൊന്നിനും മറുപടി വന്നില്ല. താൻ കാട്ടിയത് വങ്കത്തമാണെന്നവൾക്കപ്പോൾ വൈകി ബുദ്ധിയുദിച്ചു. ആ കഥയുടെ പേരു മാത്രമല്ല അത്. അതുൾപ്പെടുന്ന സമാഹാരത്തിനും അതുതന്നെയാണു പേര്. അപ്പോൾപ്പിന്നെ, പേരുമാറ്റുക അസാധ്യം. ആ നിലക്ക് താനങ്ങനെ പറഞ്ഞത് വെറുതെ എഴുത്തുകാരനു നീരസമുണ്ടാക്കാൻ മാത്രമേ ഉതകുകയുള്ളൂവെന്നു മനസ്സിലാക്കേണ്ടിയിരുന്നുവെന്നവൾ തന്നെത്തന്നെ ശാസിച്ചു. മാത്രമല്ല, ഒരു കഥക്ക് ഏറ്റവും ഹിതമായ തലക്കെട്ടു നൽകാൻ ജയചന്ദ്രൻ പോന്നവനല്ലെന്നൊരു ധ്വനി ഒരുപക്ഷേ, അയാൾ വായിച്ചെടുത്തിരിക്കും. അതു വേണ്ടിയിരുന്നില്ല. കഥാകാരനാണല്ലോ കഥക്കു പേരിടാൻ ഏറ്റവും യോജ്യൻ.
എന്നിട്ടും ആ കഥക്ക് കൂടുതൽ യോജിച്ച പേര് സ്വൈരിണി എന്നാണെന്നവളുടെ മനസ്സു പറഞ്ഞുകൊണ്ടിരുന്നു. അതിന്റെ നിഷേധാത്മകാർഥത്തെ പൊളിക്കുന്നതായിരിക്കും ആ പേരിടലെന്നും അവൾ കരുതി. എന്നുമാത്രമല്ല, ഇനി ആ പേര് ആ വിധം മാറ്റുകയാണെങ്കിൽ അതു കുറേക്കൂടി ഗൗരവമുള്ള സാംസ്കാരികച്ചർച്ചകളുയർത്തുകയും ചെയ്യും. എന്നാലും ഇങ്ങനെയൊക്കെ താൻ ചിന്തിക്കുന്നത് കടുത്ത സാംസ്കാരികസാഹസമെന്നവൾ നിനച്ചു. എന്നിട്ടും സഹിയാതെ, അവൾ അർധരാത്രിയിൽ എഴുന്നേറ്റ്, തന്റെ ഇരുട്ടുമുറിയിൽനിന്ന് അമ്മയെ ഉണർത്താതെ പുറത്തുവന്ന്, ഉമ്മറത്തെ തണുപ്പിൽ നേർത്ത മഞ്ഞവെളിച്ച ബൾബുമാത്രമിട്ടിരുന്ന് സ്വൈരിണികൾ എന്നപേരിൽ ഒരു കഥയെഴുതുകയും ഉദയത്തിനു മുമ്പതു തീർക്കുകയും വായിച്ചുനോക്കുകപോലും ചെയ്യാതെ അതു കീറി ഇഴുക്കാംചോലയുടെ ഒഴുക്കിലേക്കെറിയുകയും ചെയ്തിരുന്നു. അതവളുടെ ആദ്യത്തെ കഥയായിരുന്നു.
കഥാനാമത്തെപ്പറ്റിയുള്ള തന്റെ വിവരക്കേടിനോടു കോപംതോന്നിയാവണം ഇത്രയടുത്തുവരുന്ന വിവരം അവളോടയാൾ പറയാഞ്ഞതെന്നവൾ കരുതി. അതിനാൽ, അവൾ സങ്കടത്തോടെ സന്ദേശമയച്ചു. അപ്പോൾ വന്ന മറുപടി, ഒരു ചിത്രമായിരുന്നു. അത്, സ്വൈരിണികൾ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനനോട്ടീസായിരുന്നു. അതിന്റെ പ്രകാശനം കമ്പിളിവയലിലെ സമാപനസമ്മേളനത്തിൽ നടക്കുന്ന വിവരമതിലുണ്ടായിരുന്നു. നോട്ടീസ് സൂം ചെയ്തു വായിച്ചപ്പോൾ അയാളുടെ പ്രസ്താവം അതിൽത്തെളിഞ്ഞു. സ്വൈരസഞ്ചാരിണികൾ എന്ന സമാഹാരമാണിത്. അതിന് ഞാൻ സ്വൈരിണികൾ എന്നു പുനർനാമകരണം ചെയ്യുകയാണ്. എന്റെ ഏറ്റവും വിലപ്പെട്ടൊരു വായനക്കാരിയുടെ നിർദേശമാണത്. അതാണു ശരിയെന്നു ഞാൻ വൈകി മനസ്സിലാക്കുന്നു. ഒരു ആണായതുകൊണ്ടു ഞാനിട്ട തെറ്റായപേര് ഒരു പെണ്ണു തിരുത്തിയപ്പോൾ ഞാൻ അതിനു വഴങ്ങുകമാത്രം ചെയ്യുന്നു.
അവൾക്ക് അപ്പോൾ ജയചന്ദ്രൻ അടുത്തുണ്ടായിരുന്നെങ്കിൽ കെട്ടിപ്പിടിച്ചുമ്മവെക്കാനുംമാത്രം സന്തോഷവും അഭിമാനവും തോന്നി. അവൾ അകത്തു തുടിച്ചുകൂമ്പിയ സന്തോഷത്തിന്റെ ബഹിർസ്ഫുരണമായി തുടുത്ത കവിളുകളും നിറഞ്ഞ കണ്ണുകളുമായി അങ്ങനെയിരിക്കുമ്പോൾ, ജയചന്ദ്രന്റെ ആദ്യത്തെ വിളി ഫോണിലേക്കു വന്നു. ആ കോളിലാണ് അയാൾ പറഞ്ഞത്, മൂന്നരയോടെ എത്തിയാൽ സ്വൈരമായിക്കാണാം. അപ്പോഴത്തെ ഹർഷോന്മാദത്തിൽ അവൾ തിടുക്കപ്പെട്ടുപറഞ്ഞു, സ്വൈരസഞ്ചാരവും നടത്താം; അല്ലേ... അയാൾ പൊട്ടിച്ചിരിച്ചു. എന്നിട്ടുപറഞ്ഞു:
-എനിക്കു സമയം അത്രയൊന്നുമില്ല. നാലുനാലരയാകും പരിപാടി കഴിയുമ്പോൾ. അവിടത്തെ കൊച്ചുവർത്തമാനം കഴിഞ്ഞു പിടിവിട്ടുകിട്ടാൻ പിന്നെയും സമയമെടുക്കും. ആറരക്കെങ്കിലും താമസസ്ഥലത്തുനിന്നിറങ്ങണം. ഒമ്പതിനാണ് കോഴിക്കോടുനിന്ന് െട്രയിൻ...
അത് എമ്പിടി സമയമുണ്ടല്ലോ എന്നോർത്തുകൊണ്ട് അമ്പിളി പറഞ്ഞു.
-ഞാൻ നാലുമണിയോടെ അവിടെത്താം. ഒരു നാലരമുതൽ ആറുവരെയുള്ള സമയത്തിനിടെ അരമണിക്കൂർ എപ്പോഴെങ്കിലും. അതു ധാരാളം...
പ്രകാശനത്തിനുവരില്ലേ എന്നയാൾ ചോദിച്ചു. ഉച്ചവരെ കാപ്പിത്തോട്ടത്തിലെ പണി ഏറ്റുപോയതാണെന്നും അതു മുടക്കാനാകില്ലെന്നും അവളറിയിച്ചു. അതിലയാൾ പരിഭവിച്ചുമില്ല.
കമ്പിളിവയലിൽ വണ്ടിനിന്നു. അവളിറങ്ങി. തീർത്തും വിജനമായ കവലയിൽ വഴിചോദിക്കാൻ മാർഗം കാണാതെ അവൾ കുഴഞ്ഞു. വണ്ടിയിൽ പിന്നാലെയിറങ്ങിയ ഒരു ചേട്ടനോടു സാഹിത്യക്യാമ്പിനെപ്പറ്റി ചോദിച്ചപ്പോൾ, അതു പുല്ലൂരിക്കുന്നിലാണെന്നു പറഞ്ഞു. അവിടെ പള്ളിയുടെ ഒരു ഹോളുണ്ട്. വഴിയിത്തിരിയുണ്ട്. അയാൾക്കാവഴിക്കല്ല പോകേണ്ടത്. അങ്ങോട്ടു പതിന്നാലുകുരിശിന്റെ വഴിയുണ്ട്. നോക്കിപ്പോയാൽ വഴിതെറ്റില്ല. എന്നാലും വഴിനിറയെ പാറകളും ഇടുക്കുകളുമാണ്. വേറേയും കുരിശുകൾ വഴികളിലും പാറകളിലും പലരും സ്ഥാപിച്ചിട്ടുണ്ട്. അറിയാവുന്നവർക്ക് അതിൽ പീഡാനുഭവക്കുരിശേതാണ് അല്ലാത്ത കുരിശേതാണെന്നറിയാം. സ്ഥലം പരിചയമില്ലെങ്കിൽ അവളെന്തിനാണ് ഇത്ര കഷ്ടപ്പെട്ടു പോകുന്നതെന്നയാൾ അന്വേഷിച്ചു. കാര്യം പറഞ്ഞപ്പോൾ, തിരികെ ഇരുട്ടുവീഴുംമുമ്പേ ഇറങ്ങിയില്ലെങ്കിൽ പെട്ടുപോകുമെന്നയാൾ ഗുണദോഷിച്ചു. സാഹിത്യകാരനെ കാണുന്നത് അത്ര അത്യാവശ്യമല്ലെങ്കിൽ, പത്തുമിനിറ്റിനകം ബസ് തിരിച്ചുവരും, അതിൽ തിരിച്ചുപോകാം, അതാണു നല്ലതെന്നും അയാൾ പറഞ്ഞു. അതു സമ്മതിക്കാതവൾ, അവിടെത്തിക്കിട്ടിയാൽമതി, തിരിച്ചുകൊണ്ടുവിടാൻ ആളും വണ്ടിയുമുണ്ടെന്നു പറഞ്ഞപ്പോൾ, കുരിശുനോക്കിപ്പോകുകയെന്നു വിധിപറഞ്ഞ്, അയാൾ വേറേ വഴികേറിമറഞ്ഞു.
അവൾ നടപ്പുതുടങ്ങി. ആദ്യത്തെ കുറച്ചുനേരം വയലുകൾ കാണാനുണ്ടായിരുന്നു. പിന്നെ, മൊട്ടപ്പാറകളും വരണ്ട മൺപ്രതലങ്ങളുമായി. ചില മരങ്ങൾ അവിടെയുമിവിടെയും നിന്നിരുന്നെങ്കിലും അവയുടെ ഇലകൾക്ക് കറുപ്പും പച്ചയുമല്ലാത്ത ഒരു നിറമായിരുന്നു. അത് ജീവനില്ലാത്ത നിറമായിരുന്നു. ആ ചവുണ്ട നിറം തന്നെയായിരുന്നു പാറകൾക്കും പ്രതലങ്ങൾക്കും. അവ ഓന്തുദേഹങ്ങളെ ഏറിയകൂറും ഭരിക്കുന്ന നിറമാണെന്നവൾ മടുപ്പോടെ ആലോചിച്ചു. ഇടക്കിടെ കറുത്ത കുരിശുകൾ പാറകളിൽ എഴുന്നുനിന്ന് ഒരുതരം മരണമൂകത പാറ്റി.
ആറാമത്തെ കുരിശുകഴിഞ്ഞ് പത്തുമിനിറ്റിലേറെ നടന്നിട്ടും ഏഴാമത്തെ കുരിശുകാണാതായപ്പോൾ അവൾക്കൽപം ആശങ്കയായി. ആറാമത്തെ കുരിശ് കൂട്ടത്തിൽപ്പെടാത്ത കള്ളക്കുരിശായിരുന്നിരിക്കണം. അവിടെനിന്ന് ഒരു തിരിവും തിരിഞ്ഞിരുന്നു. അപ്പോൾ, അതു വഴികാട്ടും കുരിശിനുപകരം, വഴിതെറ്റിക്കും കുരിശായിരുന്നിരിക്കണം. അതോ അഞ്ചാമത്തെ കുരിശിൽനിന്നേ തനിക്കു വഴിതെറ്റിയിരുന്നോ? അവൾ മുന്നോട്ടോ പിന്നോട്ടോ നടക്കേണ്ടതെന്നറിയാത്ത അങ്കലാപ്പിൽ തളംകെട്ടി. വാച്ചിൽ സമയം നാലിനോടടുക്കുന്നതായി സൂചികാട്ടി. നാലരക്കെങ്കിലും എത്തിയില്ലെങ്കിൽ മിക്കവാറും ഒഴിഞ്ഞ സമ്മേളനസ്ഥലമായിരിക്കും തനിക്കു കാണേണ്ടിവരികയെന്നവൾക്കു തോന്നി. ജയചന്ദ്രനെ വിളിച്ചുനോക്കിയെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ്. സമ്മേളനം നടക്കുകയായിരിക്കും. മറ്റാരുടെയെങ്കിലും നമ്പർ കൂടി ചോദിച്ചുവാങ്ങേണ്ടതായിരുന്നു എന്നവൾക്കപ്പോൾ തോന്നി.
ഗിരിമരുഭൂമിയുടെ ഒരു മട്ടാണ് താനെത്തിയ ഭൂതലത്തിനെന്നവൾക്കു തോന്നി. നിന്നപ്പോളാണ് ചുറ്റും ഭൂമിയപ്പാടെ മുരളുന്നതായും അതൊരു ശ്രുതിയായി സ്വീകരിച്ചുകൊണ്ട് ഏതെന്നറിയാത്ത അനേകം പക്ഷിപ്രാണിശബ്ദങ്ങളുടെ വിചിത്രലീനസ്വരധാര പരന്നുകിടക്കുന്നതായും അവളറിഞ്ഞത്. അത് ആനന്ദകരമോ വ്യസനകരമോ ഭീതികരമോ സമാധാനകരമോ എന്നവൾക്ക് തിട്ടപ്പെടുത്താനായില്ല. ആ നേരത്താണ്, പാറയിടുക്കിൽ ഒരു ചലനം അവൾ കണ്ടത്. അവൾ ആദ്യമൊന്നു പേടിച്ചുപോയി. അത് ആളനക്കമോ എന്തെങ്കിലും ജീവികളുടെ ഇളക്കമോ എന്നവൾക്കു പെട്ടെന്നു തിരിഞ്ഞില്ല. ധൈര്യം സംഭരിച്ചവൾ നോക്കിയപ്പോൾ, ഒരു മനുഷ്യൻ തന്നെയാണതെന്നുകണ്ടു. നാൽപതോ നാൽപത്തഞ്ചോ തോന്നിക്കുന്ന ഒരുവൻ. പൊടുന്നനെ അവളുടെ മനസ്സിൽ ആദ്യമായി ജയചന്ദ്രന്റെ പ്രായമെത്രയെന്ന ചോദ്യം അതിശയകരമായി ഉദിച്ചു. കഥകൾ ഓരോന്നും നൂറ്റുക്കണക്കിനു തവണ വായിക്കുമ്പോഴും താനയാളുടെ ബയോഡേറ്റ കാര്യമായി നോക്കിയിട്ടേയില്ലെന്നപ്പോളവൾ ആലോചിച്ചു. എന്നിട്ടും അയാളുടെ ജന്മകാലം അടിയന്തരാവസ്ഥക്കു തൊട്ടുമുമ്പാണെന്നും അടിയന്തരാവസ്ഥ അയാളുടെ പിച്ചാപിച്ചാ ഓർമയാണെന്നും എവിടെയോ ഒരു കുറിപ്പിൽ എഴുതിയിരുന്നത് അമ്പിളിക്കോർമവന്നു. അപ്പോൾ, ഏതാണ്ടിതേപ്രായം; ചിലപ്പോൾ അൽപം മൂപ്പ് എന്നവൾ മനസ്സിൽക്കുറിച്ചുകൂട്ടി.
ഗത്യന്തരമില്ലാത്തതിനാൽ, ആ പാറയിടുക്കിൽക്കണ്ട അപരിചിതനോടു വഴിസഹായം ചോദിക്കാൻ തീർച്ചപ്പെടുത്തി അവൾ അയാൾക്കരികിലേക്കു നടന്നു. അടുത്തെത്തുമ്പോഴാണു കണ്ടത്, അയാൾ, ആ പാറയിടുക്ക് ഒരു മറയും താവളവുമാക്കി വാറ്റുചാരായം കുടിക്കുകയായിരുന്നു. ഒരു വൃത്തിഹീനൻ. മുട്ടാളനെന്നു പറയാൻ തോന്നിക്കുന്ന മുടിയും അലങ്കോലപ്പെട്ട വസ്ത്രങ്ങളും ചുട്ട നോട്ടവും. അപ്പോഴേക്കും അയാൾ അവളെ കണ്ടിരുന്നതുകൊണ്ട് അവൾക്കു പിന്തിരിയാൻ സമയംകിട്ടിയില്ല. അയാൾ അവളുടെ മുഖത്തെ പകപ്പുകണ്ട് കുപ്പി ഉടൽകൊണ്ടുമറച്ചു. അവൾ കാര്യം പറഞ്ഞു. അയാൾ ആലോചനയോടെ പറഞ്ഞു:
-വഴി പാടേ തെറ്റി. രണ്ടാമത്തെ കുരിശിന്റവിടുന്നേ തെറ്റി. ഇനി വേണേൽ അത്രയും തിരിച്ചുപോയിട്ട്, വലത്തുചരിഞ്ഞുകേറണം. ഇവിടംവരെയെത്തിയ സ്ഥിതിക്ക് ഇനിപ്പോകാവുന്നത് ഇതിലേ പാറനൂണ്ട്, അപ്പുറത്തൊരു മലങ്കവരത്തിക്കൂടി ഈർന്ന്, ഈ വഴിക്കാണ്...
അയാൾ വഴിചൂണ്ടിക്കാട്ടിത്തുടർന്നു:
-അങ്ങനാണെങ്കിൽ വഴിലാഭിക്കാം. പന്ത്രണ്ടാംകുരിശിന്റെയടുത്തുപോയിക്കേറാം. പക്ഷേ, അതിനു വഴിയടയാളമായി കുരിശൊന്നുമില്ല. ചില പാറക്കുണുക്കുകളും മരപ്പൊന്തകളും മലമാട്ടകളുമേയുള്ളൂ. കൊച്ചൊറ്റയ്ക്ക് അവിടെത്തില്ല...
തിരിച്ചുപോയി രണ്ടാംകുരിശിൽനിന്നു നേരായ വഴി പിടിക്കാമെന്നവൾ കരുതി. അന്തരീക്ഷമാകുന്ന പ്രകാശലോകത്തേക്ക് നേരിയതോതിൽ ഇരുൾ കലർന്നുതുടങ്ങിക്കഴിഞ്ഞുവെന്നവൾ ആലോചിക്കുകയും ചെയ്തു. ആകെ ചുറ്റലായെന്ന പരിഭ്രാന്തി അവളുടെ മുഖത്തു വിരിഞ്ഞു. അതു കണ്ടാവണം അയാൾ തിടുക്കത്തിൽ എണീറ്റു. മുണ്ടു തട്ടിത്തൂത്തുകൊണ്ടു പറഞ്ഞു:
-ഒരു കാര്യംചെയ്യാം. ഞാൻ കൊണ്ടാക്കാം; ബാ!..
അയാൾ മുന്നേയിറങ്ങിക്കഴിഞ്ഞിരുന്നു. അവൾ അതൊഴിവാക്കാൻ വഴികാണാതെ നിന്നു. ബാ എന്നയാൾ വീണ്ടും വിളിച്ചു. അവൾ ആലോചിച്ചും നെടുവീർപ്പിട്ടും ഒടുവിൽ പിന്നാലേ പോകാൻതന്നെ തീരുമാനിച്ചു. അയാൾ തന്നെ പിടിച്ചുതിന്നാൻ പോകുന്നില്ലെന്നും എന്തെങ്കിലും അരുതായ്കക്കു മുതിർന്നാൽ അപ്പോൾക്കാണാമെന്നുമവൾ നിനച്ചു. അയാൾ മുന്നോട്ടുനീങ്ങിയപ്പോൾ, അവൾ കൈക്കിണങ്ങിയ ഒരു പാറക്കല്ലെടുത്തു ബാഗിൽ വെച്ചു. അപ്പോഴയാൾ തിരിഞ്ഞുനോക്കി. പക്ഷേ, അയാൾ കാണുംമുമ്പ് ശില സഞ്ചിയിലൊളിച്ചിരുന്നു. അവൾ ബാഗ് കൈയിൽ ഒന്നു തൂക്കി ഭാരമളന്നു. വീശിയടിച്ചാൽ അതുമതി, അയാളെ നിലംപതിപ്പിക്കാൻ എന്നു ധൈര്യമാർന്നു.
പാറയിടുക്കുകൾ നൂണും കൊടുംകവരങ്ങൾ ഇടുങ്ങിക്കടന്നും ചോലമാട്ടയിലൂടെ ഉരഞ്ഞുനീങ്ങിയും അവൾ അയാളെ അനുഗമിച്ചു. അതിനിടെ, അവളുടെ യാേത്രാദ്ദേശ്യം അയാൾ ചോദിച്ചറിഞ്ഞിരുന്നു. ജയചന്ദ്രൻ സർക്കാരിലൊക്കെ സ്വാധീനമുള്ള എഴുത്തുകാരനാണെന്നും അയാളെ സന്ധിക്കാൻ പോകുന്നയാളെ ഉപദ്രവിച്ചാൽ അതിന്റെ ഭവിഷ്യത്ത് നല്ലതായിരിക്കില്ലെന്നുമുള്ള ഭീഷണി അവൾ തന്റെ വാക്കുകളിൽ ഒളിപ്പിച്ചിരുന്നു. സിനിമാതാരങ്ങൾക്കുള്ളതുപോലെ എഴുത്തുകാർക്കും ആരാധികമാരുണ്ടോയെന്ന് അയാൾ ആത്മഗതം മന്ത്രിക്കുന്നതു കേട്ടെങ്കിലും അവളതിനു മറുപടി പറഞ്ഞില്ല.
ചോലമാട്ട കടക്കാൻ അവൾക്കയാളുടെ കൈപിടിക്കേണ്ടിവന്നു. മുരത്ത ആ കൈപിടിച്ചപ്പോൾ അവൾക്കു വല്ലാതെ തോന്നി. അപ്പുറമെത്തിയിട്ടും അയാൾ കൈവിട്ടുമില്ല. അവൾ വലിച്ചെടുത്തപ്പോൾ അയാൾ ചിരിച്ചു. വല്ലാത്തൊരു ചിരി. അയാളുടെ അണയിലെ കറുത്ത പോട് അവൾ കണ്ടു. അവൾക്കത് നേരിയ ഓക്കാനം വരുത്തി. അവൾ അങ്ങെങ്ങുമില്ലാത്ത നാരങ്ങാമണം മൂക്കിലേക്ക് വലിച്ചെടുത്തു.
ചുറ്റും അനുപമമായ ഭംഗിയുള്ള പ്രദേശമാണതെന്ന് അവളറിയുന്നുണ്ടായിരുന്നു. എന്നാൽ, അതാസ്വദിക്കാൻ സാഹചര്യം അവളെ അനുവദിച്ചില്ല. ഈ മാരണം താണ്ടിയാൽ, പിന്നീടൊരിക്കൽ പ്രഭാതും സന്ദീപും ഹിമയും ഹാഫിഷയുമൊത്ത് ഇവിടേക്കു വരണമെന്നവൾ ആലോചിച്ചു. സന്ദീപോ പ്രഭാതോ അവളുടെ കൂടെ ഈ യാത്രക്കു വരുമായിരുന്നു; വിളിച്ചിരുന്നെങ്കിൽ. എന്നാൽ, അവരുമൊത്ത് ജയചന്ദ്രനെക്കാണാൻ അവൾക്കു കൗതുകം തോന്നിയില്ല. അതിപ്പോൾ അവളെ വീണ്ടുവിചാരപ്പെടുത്തി.
ഇടക്ക് അപരിചിത സഹയാത്രികൻ കുപ്പിപൊന്തിച്ച് അൽപംകൂടി കുടിച്ചു. അവളോടു വേണോ എന്നു ചോദിച്ചു. അവൾ മുമ്പു വാറ്റു കുടിച്ചിട്ടുണ്ടായിരുന്നെങ്കിലും അപ്പോൾ വേണ്ടെന്നു പറഞ്ഞു. അപ്പോഴും അയാൾ നേരത്തേതുപോലെ വിലക്ഷണമായി ചിരിച്ചു. ഒന്നുരണ്ടുതവണകൂടി കുടിച്ചപ്പോൾ കുപ്പി കാലിയായി. അതയാൾ പാറയിൽ എറിഞ്ഞുപൊട്ടിച്ചു. ആ ചിതറൽസ്വരം ഭയങ്കരമായവൾക്കനുഭവപ്പെട്ടു. അവൾ നടുങ്ങുകയും ചെയ്തു. അതിന്റെ ആക്കത്തിൽ നോക്കിയ അവൾ കുപ്പി പൊട്ടിച്ചിതറിയതിനപ്പുറം ഒരു കുരിശുകണ്ടു. അതിലേക്ക് അവളുടെ നോട്ടമെത്തുന്നതു കണ്ട അയാൾ പറഞ്ഞു:
-പന്ത്രണ്ടാംകുരിശ്...
അവർ കുരിശിനടിയിലൂടെയുള്ള പാറനൂണ്ട് അപ്പുറമെത്തി. നിമിഷങ്ങൾക്കകം പതിമൂന്നാംകുരിശുമെത്തി. അവിടെവെച്ച് അയാൾ പറഞ്ഞു, ഇവിടെനിന്ന് ദാ, ഈ ചരിവിറങ്ങി, ഈ പാറയിടുക്കിലൂടെ... അയാൾ അങ്ങോട്ടുതിരിഞ്ഞ് അപ്രത്യക്ഷനായി. അവളും അങ്ങോട്ടുതിരിഞ്ഞിറങ്ങുകയും, പൊടുന്നനെ, അവളെ ഭീതിവിസ്മയങ്ങൾക്കധീനയാക്കിക്കൊണ്ട്, താൻ അയാൾക്കൊപ്പം ഒരു ഗുഹാന്തർഭാഗത്തു പെട്ടിരിക്കുന്നതവൾ തിരിച്ചറിഞ്ഞു. അയാൾ അവിടെ, അവസാനിക്കുന്ന പാറയിൽ ചാരിനിൽക്കുകയായിരുന്നു. അവൾ എത്തിയപ്പോൾ, അയാൾ ചിരിച്ചു. ഇത്തവണ അതു കേവലം വിലക്ഷണം മാത്രമായിരുന്നില്ല, ഭീഷണംകൂടിയായിരുന്നു. അവൾ തിടുക്കത്തിൽ, ഇറങ്ങിയ വഴിയിലേക്കു തിരിയാൻ ശ്രമിച്ചപ്പോൾ, മിന്നൽവേഗത്തിൽ അയാൾ വന്ന് ആ കുഞ്ഞുകവാടം ബന്ദുചെയ്തു. പിന്നെ, അവളെ തറപ്പിച്ചുനോക്കിക്കൊണ്ടുനിന്നു. അവൾ മാറ് എന്നു പറഞ്ഞെങ്കിലും ഇത്രയും കുഞ്ഞുസ്വരം എപ്പോഴാണ് തന്റെ തൊണ്ടക്കുഴിയിൽ വന്നൊളിച്ചുതാമസം തുടങ്ങിയതെന്ന് പുറത്തുവന്ന ഒച്ച അവളെ അമ്പരപ്പിച്ചു.
അയാൾ ചിരിച്ചുകൊണ്ടടുത്തേക്കുവന്നു. അടുത്തെത്തുകയും പിടിക്കാൻ കൈനീട്ടിപ്പരത്തിവീശുകയും ചെയ്തതോടെ, അമ്പിളി കരിങ്കല്ലു നിറഞ്ഞ ബാഗ് ആഞ്ഞുവീശി. അയാൾ നിസ്സാരമായി അതു തടുത്തു. പൂ പറിക്കുന്ന ലാഘവത്തോടെ അതു പിടിച്ചെടുത്ത് മാറ്റിയിടുമ്പോൾ, കല്ലെടുത്തു താക്കുന്നതു ഞാൻ കണ്ടാരുന്നു എന്നയാൾ പറഞ്ഞു. ഇപ്പോൾ, തീർത്തും നിരായുധയായിത്തീർന്ന അമ്പിളി, തന്നെക്കൊണ്ടു പറ്റാവുന്ന വിധത്തിൽ അലറി. അയാൾ അവളെ തൊടാതെ, ആ അലർച്ചയും അതിന്റെ അനുരണനങ്ങളും അന്തരീക്ഷത്തിൽ വറ്റിത്തീരാൻ കാത്തുനിന്നു. അതൊടുങ്ങിയപ്പോൾ അയാൾ ചിരിച്ചുകൊണ്ട്, എത്രവേണമെങ്കിലും അലറിക്കോ, താൻ കാത്തുനിൽക്കാമെന്നു പറഞ്ഞു. അമ്പിളി അതോടെ തകർന്നു. അയാൾ തന്നെ പിടിക്കാൻതന്നെ ഉദ്ദേശിച്ച് മുന്നോട്ടുവന്ന് രണ്ടു കൈകളുംകൊണ്ടു വലവിരിച്ചപ്പോൾ, അമ്പിളി കൈരണ്ടും കൂപ്പി മുളചീന്തുംപോലെ ഉതിർന്നുകരഞ്ഞു.
-എന്നെ ഉപദ്രവിക്കരുത്. പെങ്ങളെപ്പോലെ കരുതണം. ഞാൻ വേണേൽ കാലുപിടിക്കാം...
പിന്നെന്താണു പറയേണ്ടതെന്നറിയാതെ, അവളാ വാക്കുകൾ തന്നെ രണ്ടുതവണകൂടി ആവർത്തിക്കുകയും കുടുകുടായെന്നു കരഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു. അയാൾ അമ്പരന്നെന്നോണം നിന്നു. അവൾ കാലുപിടിക്കാനെന്നോണം താണുചെന്നപ്പോൾ അയാൾ കാലുവലിക്കുകയും ബെ! എന്നു കുതറിച്ചാടുകയും ചെയ്തു. അയാൾ അവളെ മടുപ്പോടെ നോക്കിക്കൊണ്ട് ഇടുപ്പിൽനിന്നൊരു ബീഡിയെടുത്തു കത്തിച്ചുവലിച്ചു. രണ്ടു പുകയെടുത്തശേഷമയാൾ അവളോടു ചോദിച്ചു:
-വാവിട്ടുമോങ്ങുന്നതെന്തിന്? നീ മറ്റവനു കൊടുക്കാൻ പോകുവല്ലേ? അതെനിക്കൂടായാലെന്താ, കയ്ക്കുവോ? അതോ തേഞ്ഞുപോകുവോ?..
അമ്പിളിയുടെ അകംപുറം എരിഞ്ഞുനീറി. തെറിയൊക്കെ അവൾ ധാരാളം കേൾക്കുകയും ചിലപ്പോഴെങ്കിലും പറയുകയും ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോൾക്കേട്ട വാക്കുകളുടെയത്ര കനച്ച മുഴക്കം അതിനൊന്നുമുണ്ടായിരുന്നില്ല. അവൾ കരഞ്ഞുകൊണ്ട്, ആ ബന്ധം അങ്ങനല്ലെന്നും ജയചന്ദ്രൻ മാന്യനായ എഴുത്തുകാരനാണെന്നും അയാൾ ഇന്നുവരെ അതിരുവിട്ടു പെരുമാറിയിട്ടില്ലെന്നും പറഞ്ഞു. അയാൾ മുഖംകോട്ടിച്ചിരിച്ചു. അകത്തേക്കെടുത്ത പുക വക്രരേഖകളായി ആ കോട്ടത്തിന്റെ വിടവുകളിലൂടെ പുറത്തുപോയി. അയാൾ ബാക്കി ബീഡി എറ്റിത്തെറിപ്പിച്ചുകൊണ്ട് അവളെ നോക്കിപ്പറഞ്ഞു:
-ഒന്നുകിൽ നീ പറയുന്നത് കള്ളം. അല്ലെങ്കിൽ നീ വിചാരിക്കുന്നത് കള്ളം. നാലു കഥയെഴുതിയതു വായിച്ചതല്ലാതെ ഒരു പരിചയോമില്ലാത്ത ഒരുത്തനെ കാണാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന നിന്നെ എന്തുചെയ്യണമെന്നെനിക്കറിയാം. ഇന്നവൻ നിന്നെച്ചെയ്യാൻപോണതെന്താണെന്ന് എനിക്കുമറിയാം; നിനക്കുമറിയാം. അതിനൊരു പ്രാക്ടീസ്... അേത്രം വിചാരിച്ചാമതി...
അയാൾ വീണ്ടും അവളെ സമീപിച്ചു. അവളുടെ കരച്ചിൽ വറ്റി. അവൾ പറഞ്ഞു.
-എങ്കിലെന്നെ കൊന്നേച്ചുപോണം...
അയാൾ നിന്നു. അഞ്ചു മിനിറ്റോളം അവളെത്തന്നെ നോക്കിനിന്നു. പിന്നെ, തിരിഞ്ഞുചെന്ന് സഞ്ചിയെടുത്ത്, അതിൽനിന്ന് പാറക്കല്ലെടുത്തു ദൂരെക്കളഞ്ഞിട്ട് അവൾക്കു നേരേ നീട്ടി. അവളതു വാങ്ങിയതും അയാൾ ഗുഹയിൽനിന്നു പുറത്തേക്കിറങ്ങി. അവൾ അമ്പരന്ന് അവിടെത്തന്നെ തുടർന്നപ്പോൾ, മുഖം അകത്തേക്കിട്ട് മുഷിവോടെ പറഞ്ഞു:
-വരുന്നില്ലേ?.. ഇനീമൊണ്ട് കുരിശൊന്നുകൂടി...
അവളിറങ്ങി. അയാൾ ഒന്നുംമിണ്ടാതെ മുന്നേ നടന്നു. അൽപദൂരം അയാളെ പിന്തുടർന്നപ്പോൾ, അയാളുടെ തലയ്ക്കുമീതേ പള്ളിക്കുരിശ് പൊങ്ങിക്കണ്ടപ്പോൾ, അവൾ അമ്പരപ്പോടെ അതിനെ തുറിച്ചുനോക്കി. അയാൾ നിന്നു. അതുതന്നെയാ പതിന്നാലാമത്തെ കുരിശ് എന്നുപറഞ്ഞ് അയാൾ തിരിഞ്ഞുനടക്കാൻ തുടങ്ങി. അയാൾ അകലെപ്പോയി മറഞ്ഞതിനുശേഷമാണ് അവൾ ബാക്കിവഴി താണ്ടിയത്. വാച്ചിൽ സമയം അഞ്ചരയോടടുക്കുകയായിരുന്നു.
പരിപാടി സമാപിച്ചിരുന്നു. ജയചന്ദ്രൻ ഹാളിനു വെളിയിലെ മരച്ചുവട്ടിൽ ചിലരുമായി സംസാരിച്ചുനിൽക്കുന്നു. ഇടക്കിടെ അയാൾ വഴിത്താരയിലേക്കു നോക്കുന്നുണ്ടായിരുന്നു. അവളെക്കണ്ടതും അയാളുടെ മുഖം വിടർന്നു. കൈയുയർത്തിക്കാട്ടി. അവൾ അടുത്തെത്തിയപ്പോൾ അയാൾ അവരെയൊക്കെ പരിചയപ്പെടുത്തി. ഈ കുട്ടിയാണ് അന്നവിടെ പുനഃപ്രകാശനം ചെയ്ത പുസ്തകത്തിന്റെ പേരുമാറ്റത്തിന്റെ കാരണക്കാരിയെന്നു പറഞ്ഞായിരുന്നു, പരിചയപ്പെടുത്തൽ. അതവളെ കൂടുതൽ പരിഭ്രമിപ്പിച്ചു. എന്തായാലും അവളുടെ മുഖത്തെ സംഭ്രാന്തികൾ ആ പരിചയപ്പെടുത്തലിന്റെ ഫലമെന്ന് ജയചന്ദ്രനെ തോന്നിപ്പിക്കാൻ അതുതകി. അതയാൾക്ക് ആത്മവിശ്വാസമേറ്റുകയും ചെയ്തു. അമ്പിളിയുടെ അഭിമുഖവും കൂടി കഴിഞ്ഞിട്ട് പിന്നെ, ഒരുങ്ങിപ്പുറപ്പെടാനുള്ള സമയമേയുള്ളൂ എന്നു വിടയോതി, ജയചന്ദ്രൻ അമ്പിളിയുമായി പള്ളിയുടെ പിന്നതിരിലെ വഴിത്താരയിലൂടെ തനിക്കനുവദിച്ചിരിക്കുന്ന പാർപ്പിടത്തിലേക്കു നടന്നു. മരങ്ങളിൽ ഇരുട്ടിന്റെ പുതപ്പുകൾ ഞൊറിഞ്ഞുതുടങ്ങുന്നതു നോക്കിക്കൊണ്ട് അവൾ അയാളുടെ പിന്നാലെ വരാന്ത താണ്ടി മുറിയിലേക്കു കടന്നു. അവൾ കടന്നിട്ടു വാതിലിൽനിന്നു കൈവിട്ടപ്പോൾ അതടഞ്ഞു. അയാൾ ബാഗുതുറന്ന് സ്വൈരിണികൾ എന്നു പേരുമാറ്റിയ പുതിയ പുസ്തകം, പഴയ സ്വൈരസഞ്ചാരിണികൾ എടുത്തവളെക്കാണിച്ചു. അവൾ പുഞ്ചിരിച്ചു. പിന്നെയയാൾ, അതു മേശമേൽവച്ച്, അതിന്റെ ചട്ടതുറന്ന് ആദ്യപേജിൽ എഴുതി.
എന്റെ ആൺബോധത്തിന്റെ ഒഴുക്കിൽ വന്നുകയറി, അതിന്റെ കലക്കം തെളിച്ച പെൺകൈവഴിക്ക്...
അവളെ കാണിച്ചുകൊണ്ടും പിറുപിറുത്തുകൊണ്ടുമാണ് അയാളത് നിർവഹിച്ചത്. പിന്നെ, ആ പുസ്തകം അയാളവൾക്കു നീട്ടി. അവൾ കൈനീട്ടിത്തൊട്ടപ്പോൾ പുസ്തകം വിട്ടുകൊടുക്കാതെ അയാൾ, അതീവമനോഹരമായ മന്ദഹാസത്തോടെ ചോദിച്ചു:
-പറയൂ, ലോകത്തേതു വായനക്കാരിക്കു കിട്ടിയിട്ടുണ്ട് ഇങ്ങനൊരു സൗഭാഗ്യം?.. വായനക്കാരിയുടെ തിരുത്തു സമ്മതിച്ച് എഴുത്തുകാരൻ അയാളുടെ മാസ്റ്റർപീസ് കഥയുടെ, ലോകമംഗീകരിച്ച പേരു തിരുത്തുക. ആ കഥയുള്ള പുസ്തകത്തിന്റെ പേരുതന്നെ മാറ്റുക...
അവൾ തന്റെ പിടി ഒന്നുകൂടി പുസ്തകത്തിന്മേൽ മുറുക്കിക്കൊണ്ട്, അതു പിടിച്ചുവാങ്ങുക തന്റെ അവകാശമെന്നപോലെ പറഞ്ഞു:
-പറയൂ, ലോകത്തേതെഴുത്തുകാരനു കിട്ടിയിട്ടുണ്ട് ഇങ്ങനൊരു വായനക്കാരിയെ? എഴുത്തുകാരന്റെ ഓരോ കഥയും നൂറുവട്ടം വായിക്കുന്ന ഒരുവളെ?..
ജയചന്ദ്രൻ പൊട്ടിച്ചിരിച്ചു.
-ശരിയാണ്. എഴുത്തുകാരന്റെ ഭാഗ്യമായ വായനക്കാരിതന്നെയാണു നീ. മൈ ഐഡിയൽ റീഡർ...
അയാൾ പുസ്തകമടക്കം വലിച്ച്, തന്നെ സ്വന്തം കരവലയത്തിലാഴ്ത്തിയപ്പോഴാണ് അമ്പിളി അവളുടെ ഉടലിന്റെ ഉള്ളിൽ വിറയലറിഞ്ഞത്. അയാളുടെ കൈകൾ നല്ല കരുത്തുള്ളവയായിരുന്നു. അവൾ കുതറാൻ ശ്രമിച്ചപ്പോൾ അതിൽ അവളുടെ ശരീരം ഞെരിഞ്ഞു. അയാളുടെ മുഖം അവളുടെ മുഖത്തോടടുത്തായിരുന്നു. അയാളുടെ ചുണ്ടുകൾ തന്റെ ചുണ്ടുകളിൽ വന്നമർന്നപ്പോൾ അവൾ അയാളെ തള്ളിമാറ്റി. അയാൾ അമ്പരപ്പോടെ അവളെ നോക്കി. അവൾ വലതുകൈപ്പടത്തിന്റെ മറുപുറംകൊണ്ട് ചുണ്ടുതുടയ്ക്കുകയായിരുന്നു. അയാൾക്കു കോപമിളകി. അയാൾ ഒച്ചയെടുത്തു:
-പിന്നെന്തിനാണു നീ ഇത്ര പങ്കപ്പാടുപെട്ടീ കാട്ടുപാറമലകൾ താണ്ടിവന്നത്?..
അവൾ അയാളെ തുറിച്ചുനോക്കി. അയാൾ കോപമടക്കി അവളുടെ നോട്ടത്തിലേക്കു താണുപറഞ്ഞു:
-എനിക്കു നിന്നെ അങ്ങേയറ്റം ഇഷ്ടമാണമ്പിളീ. ഈ നിമിഷങ്ങൾക്കായി ഞാനെത്ര ദിവസമായി കാത്തിരിക്കുകയായിരുന്നെന്നോ? സ്നേഹം, അലിവ്, കനിവ്, പരമാവധി മൃദുത്വം... അങ്ങനെ വേണം ഇതെല്ലാം എന്നെനിക്കറിയാഞ്ഞിട്ടല്ല. പക്ഷേ, സമയം തീരെയില്ല. നീ ഒരുമണിക്കൂറെങ്കിലും വരാൻ വൈകി. ഇനി നമുക്കു തീരെ സമയമില്ല. ഞാൻ അങ്ങേയറ്റം ശാന്തമായും ക്ഷമയോടെയും ചെയ്യാം!..
അയാൾ അവളുടെ കൈത്തണ്ടയിൽ ബലവത്തായി പിടിച്ചടുപ്പിക്കാൻ നോക്കി. അവളുടെ ചെറിയ ദേഹം തന്റെ വലിയ ദേഹത്തേക്കയാൾ ചേർത്തമർത്തി. അപ്പോഴവൾക്ക് ആ ദിവസം മൂന്നാമത്തെ തവണ ഓക്കാനം വന്നു. അവൾ എത്രയാഞ്ഞുനോക്കിയിട്ടും നാരങ്ങാമണമൊന്നും മൂക്കിലേക്കാവാഹിക്കപ്പെട്ടില്ല. അയാളുടെ ഒരു കൈപ്പടം അവളുടെ മാറിനെ പൊതിയാൻ തുടങ്ങുമ്പോൾ, അവൾ അയാളുടെ ചുമലിലൂടെ ഛർദിച്ചു.
ച്ഛെ! എന്നയാൾ അകന്നുമാറി. അവളുടെ കുടൽ ചൊരുക്കിയ പിത്തജലം അയാളുടെ ഉടുപ്പിലൂടെ വഴുക്കിയിറങ്ങി. അയാൾ കൈകൾ കുടഞ്ഞുമാറുകയും അവളെ വെറുപ്പോടെ നോക്കിക്കൊണ്ട് ഉടുപ്പൂരിയെറിയുകയും ചെയ്തു. അയാളുടെ കൈതട്ടി അവളുടെ കൈയിലിരുന്ന പുസ്തകം തെറിച്ചു.
-കടന്നുപോ കൊടിച്ചീ..., അയാൾ കടുത്ത വിദ്വേഷത്തോടെ മുരണ്ടു. അവൾ തിടുക്കത്തിൽ പുറത്തേക്കിറങ്ങി. വരാന്തയിലെത്തിയപ്പോൾ അവൾക്കു തലചുറ്റി. വണ്ടി തെറ്റുമെന്നു പേടിച്ച്, കാപ്പിത്തോട്ടത്തിൽനിന്നു വന്നു കുളിച്ചിട്ട് ഉച്ചയൂണൊഴിവാക്കിയിട്ടാണവൾ പോന്നിരുന്നത്. അവൾക്ക് വീഴാൻ പോകുന്നതുപോലെയൊരു കുഴച്ചിൽ തോന്നി. അകം കലങ്ങിമറിഞ്ഞുവന്നൊരു വരവിനെ അവൾ പുറത്തേക്കാഞ്ഞു തുപ്പിയിട്ട് വരാന്തയിലൂടെ ക്ഷീണിച്ചുനടന്നു. ദൂരെ കുരിശ് ഇരുട്ടിന്റെ കുരിശായി പൊന്തിനിൽക്കുന്നതു കണ്ടു.
വരാന്ത പിന്നിട്ട്, നടവഴിയിലേക്കെത്തിയപ്പോൾ, എല്ലായിടവും ഇരുട്ടായിരിക്കുന്നതും എങ്ങും ആരും ഇല്ലാതെയായിരിക്കുന്നതും അവൾ കണ്ടു. എങ്ങും വന്ന വഴി കണ്ടില്ല. ഇരുട്ടിലേക്കു കടക്കുമ്പോൾ, അവിടെ അയാൾ നിന്നിരുന്നു. അവൾ പേടിയോടെ അയാളെ നോക്കി. അയാൾ പറഞ്ഞു:
-അവൻ കൊണ്ടുവിടുകേലെന്നെനിക്കറിയാമായിരുന്നു. വേഗം വാ!.. ശിമിട്ടൻ വേഗത്തിൽ ചെന്നില്ലെങ്കിൽ ഏഴിന്റെ വണ്ടി അതിന്റെ പാട്ടിനുപോകും...
ഇരുട്ടിന്റെ കുരിശുവഴികളും അതിനെ പല കള്ളികളായിപ്പകുക്കുന്ന പാറവഴികളും താണ്ടി കവലയിലെത്തി അവർ കിതച്ചുനിന്നു. രാപ്രാണികൾ അറഞ്ഞുകരയുന്നു. അതൊഴിച്ച് എങ്ങും നിശ്ശബ്ദതയും അവരൊഴിച്ച് എങ്ങും വിജനതയും നിരയിട്ടുകിടന്നു. അയാളുടെ ശ്വാസങ്ങളുടെ കുറുകൽ താളത്തിലുയരുന്നുണ്ടായിരുന്നു. ഇരുവരുടെയും ഉച്ഛ്വാസങ്ങളിൽനിന്ന് ഇരുട്ടിലേക്ക് പുകമഞ്ഞുപോലെ ആവി തൂകിയിരുന്നു. ദൂരെയൊരു വളവിൽ രണ്ടു വെട്ടക്കണ്ണുകൾ ഒന്നു തെളിഞ്ഞുമാഞ്ഞപ്പോൾ അയാൾ പുലമ്പി:
-ബസ് വരുന്നൊണ്ട്!..
അടുത്ത വളവിൽ വീണ്ടും ബസിന്റെ കണ്ണുകൾ തുറന്നടഞ്ഞു. ഇനിയും മൂന്നോ നാലോ വളവുകൾ കൂടിയുണ്ടാകുമെന്നവൾ കണക്കുകൂട്ടി.
പൊടുന്നനെ, അങ്ങേയറ്റത്തെ തിടുക്കത്തോടെ, അവൾ അയാളെ അണച്ചുപിടിച്ച് തന്റെ മാറിടത്തിലേക്കുചേർത്തു. അയാൾ ഒരു കുഞ്ഞിനെപ്പോലെ അവിടെ താണുനിന്നു. മഞ്ഞുവീണുതുടങ്ങിയിരുന്നിട്ടും, തണുത്തുവിറയ്ക്കുന്നതിനൊപ്പം ചുട്ടുപൊള്ളുകയും ചെയ്തിരുന്ന ചുണ്ടുകളാൽ അവൾ അയാളുടെ മൂർധാവിൽ ആഞ്ഞു ചുംബിച്ചു. അവിടെനിന്നവൾ ചുണ്ടുകൾ പിൻവലിച്ചില്ല. അയാൾ അനങ്ങാതെ അവളുടെ പിടിയിൽ അമർന്നുനിന്നു. അൽപനിമിഷങ്ങൾക്കം അവളുടെ കാലടികൾ അയാളുടെ കണ്ണുനീർ വീണു നനയുന്നതവളറിഞ്ഞു.
പതിയെ, വളവുകൾക്കപ്പുറം, വെട്ടമില്ലാതെതന്നെ ബസിന്റെ ഇരമ്പം കേട്ടുതുടങ്ങി. പിന്നെ, പൊന്തപ്പടർപ്പുകളിൽ കൊച്ചൊരു പ്രകാശലോകം ഉദിച്ചുപരക്കാനാരംഭിക്കുകയും ചെയ്തു.