''ചെന്നായവേട്ട'': അജിജേഷ് പച്ചാട്ടിന്റെ കഥ
''ഓറഞ്ചിനേക്കാളും നല്ലത് കരിക്കായിരുന്നു. പെട്ടെന്ന് ക്ഷീണം തീർന്നേനെ. ഈ നേരത്തിനി എങ്ങനെയെടുക്കാനാണ്! ഇവിടൊരു തോട്ടിപോലുമില്ല.'' നിഷ, അമ്മയുടെ അരികിലിരുന്ന് നാരങ്ങ വായിൽ വെച്ചുകൊടുക്കാൻ തുടങ്ങി. അപ്പോഴേക്കും വാസുദേവൻ ഡോക്ടർ തിരിച്ചുപോകാനായി ബാഗ് കൈയിലെടുത്തു കഴിഞ്ഞിരുന്നു. ഡോക്ടറുടെ പിന്നാലെ രാജീവും സുരാജും പുറത്തേക്കിറങ്ങി. ''ഡോക്ടറേ,...
Your Subscription Supports Independent Journalism
View Plans''ഓറഞ്ചിനേക്കാളും നല്ലത് കരിക്കായിരുന്നു. പെട്ടെന്ന് ക്ഷീണം തീർന്നേനെ. ഈ നേരത്തിനി എങ്ങനെയെടുക്കാനാണ്! ഇവിടൊരു തോട്ടിപോലുമില്ല.'' നിഷ, അമ്മയുടെ അരികിലിരുന്ന് നാരങ്ങ വായിൽ വെച്ചുകൊടുക്കാൻ തുടങ്ങി. അപ്പോഴേക്കും വാസുദേവൻ ഡോക്ടർ തിരിച്ചുപോകാനായി ബാഗ് കൈയിലെടുത്തു കഴിഞ്ഞിരുന്നു.
ഡോക്ടറുടെ പിന്നാലെ രാജീവും സുരാജും പുറത്തേക്കിറങ്ങി.
''ഡോക്ടറേ, എന്തെങ്കിലും കോംപ്ലിക്കേഷൻസ് ഉണ്ടോ..? ഇടതുഭാഗത്തെ ബ്രസ്റ്റ് റിമൂവ് ചെയ്തിട്ട് മൂന്നു കൊല്ലം ആവുന്നേയുള്ളൂ...'' രാജീവിനായിരുന്നു ആധി കൂടുതൽ.
''ഏയ്, തലചുറ്റലിന് അതുമായി ബന്ധമൊന്നുമില്ലെടോ. പക്ഷേ, സൂക്ഷിക്കണം. കാഴ്ചക്ക് ചെറിയ മങ്ങലുണ്ടെന്നാണ് അമ്മ പറയുന്നത്. ചിലർക്ക് ബ്ലോക്ക് വരുന്നതിന് മുമ്പും ഇങ്ങനെയുള്ള സിംറ്റംസ് കാണിക്കാറുണ്ട്. എന്നുകരുതി ടെൻഷനടിക്കേണ്ട കാര്യമൊന്നുമില്ല. പുള്ളിക്കാരിക്ക് ഇപ്പോൾ റണ്ണിങ് സിക്സ്റ്റി ടൂ എന്നല്ലേ പറഞ്ഞത്?''
''നോ, സിക്സ്റ്റി ത്രീ.''
''ഓക്കെ. നമുക്കെന്തായാലും വിശദമായ ഒരു ചെക്കപ്പ് നടത്താം. നാളെ ക്ലിനിക്കിലേക്ക് കൊണ്ടുപോര്. ഒരു ചെക്കപ്പ് കഴിഞ്ഞാല് നിങ്ങൾക്കും സമാധാനമായിട്ടിരിക്കാലോ... അതുവരെ ടെൻഷനുണ്ടാകാതെ ശ്രദ്ധിച്ചാൽ അത്രയും നല്ലത്.''
ഡോക്ടർ കാറിനടുത്തേക്ക് നീങ്ങിയപ്പോൾ രാജീവ് സുരാജിന് നേരെ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. അവൻ വേഗം ഡോക്ടർക്ക് പിന്നാലെ നടന്നു.
രാജീവ് ആശ്വാസത്തോടെ ഡൈനിങ് ഹാളിലെ വലിയ അേക്വറിയത്തിനു മുന്നിൽ പോയി നിന്ന് സിഗരറ്റ് പാക്കറ്റ് പുറത്തേക്കെടുത്തു. പരിപാലനം തെറ്റിയ അക്വേറിയം, ഏതോ കടലിെന്റ കഷണംപോലെ തോന്നിച്ചു. ചെകിളപ്പൂവുകൾ ഇടതടവില്ലാതെ വിരിയിക്കുന്ന മീനുകൾക്കെന്തോ അസ്വാഭാവികതപോലെ.. രാജീവ് മീൻതീറ്റയെടുത്ത് അൽപം തട്ടിക്കൊടുത്തു. അങ്ങനെയൊരു സാധനം വെള്ളത്തിൽ വീണ മേനിപോലും അവറ്റകൾ കാണിച്ചില്ല.
അക്വേറിയത്തിന്റെ തൊട്ടുമുകളിലെ ചുമരിലുള്ള അമ്മയുടെയും അച്ഛന്റെയും കല്യാണ ഫോട്ടോയിലേക്ക് നോക്കി രാജീവ് സിഗരറ്റ് പുറത്തേക്കെടുത്തു... അമ്മക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോയായിരുന്നു അത്. അച്ഛന് പക്ഷേ, ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോ തൊട്ടപ്പുറത്തുള്ളതായിരുന്നു. അച്ഛന്റെയും മിനിയുടെ അച്ഛന്റെയും കോളേജ് കാലത്തെ ഒരുമിച്ചുള്ള അടിച്ചുപൊളി ഫോട്ടോ. ആ ഫോട്ടോതന്നെയാണ് രാജീവിനും ഇഷ്ടം. കാരണം ഇരു കുടുംബങ്ങളുടെയും സൗഹൃദത്തിൽനിന്നായിരുന്നു മിനിയുടെയും രാജീവിന്റെയും പ്രണയം മുളച്ചുപൊങ്ങിയത്.
''ടാട്ടാട്ടനോട് വല്ലതും പറഞ്ഞാർന്നോ അമ്മ?'' സുരാജിന്റെ ശബ്ദം കേട്ട് രാജീവ് പൊടുന്നനെ ഫോട്ടോയിൽനിന്നും കണ്ണെടുത്തു.
''ഇല്ല. എന്തേ?''
''അല്ല, ഒരു തലചുറ്റലിന്റെ പേരിൽ ഇത്ര അർജന്റായി എല്ലാവരെയും വിളിപ്പിച്ചത് എന്തിനാണെന്ന് എത്രയാലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല. സംതിങ് എൽസ്. അതുകൊണ്ട് ചോദിച്ചതാ.''
രാജീവ് സിഗരറ്റ് കത്തിച്ച് രണ്ടു കവിൾ പുകയൂതി. ''േപ്രാപ്പർട്ടികളുടെ കാര്യമെല്ലാം തീരുമാനമായതല്ലേ... ഇനിയുള്ളത് അമ്മയുടെ ഓഹരിയാണ്. അതിന് വിൽപത്രവും തയ്യാറാക്കിവെച്ചിട്ടുണ്ട്. എനിക്കും, നോ ഐഡിയ.''
''ഇനി വിൽപത്രത്തിൽ വല്ല മാറ്റവും വേണമെന്നെങ്ങാനും തോന്നിക്കാണുമോ?'' സുരാജിന് സംശയമായി
''എന്ത് മാറ്റം! എല്ലാവർക്കും തുല്യമായിട്ടാണ് വീതിച്ചതെന്നാണ് ഞാനറിഞ്ഞത്. എന്റെ ബലമായ സംശയം അമ്മ നമുക്കായി മറ്റെന്തോ കരുതിയിട്ടുണ്ടെന്നാണ്. ഐ മീൻ, പണ്ട് അച്ഛന് ഷെയറിന്റെ പരിപാടിയെല്ലാം ഉണ്ടായിരുന്നതാണല്ലോ...''
''ഏയ്. അതെല്ലാംകൂടി അരിച്ചുപെറുക്കിയെടുത്തല്ലേ ലിജിക്ക് കൊടുത്ത േപ്രാപ്പർട്ടി അന്ന് അച്ഛൻ വാങ്ങിയിരുന്നത്. ഇനി അഥവാ അങ്ങനെ വല്ലതുമാണേൽ തന്നെ എന്തിനാ എല്ലാവരോടും പിള്ളാരെയും കൂട്ടി വരാൻ പറഞ്ഞത്?''
''അങ്ങനെയൊന്നുണ്ട് അല്ലേ?'' രാജീവ് താടിയുഴിഞ്ഞു. ''ഇനി അച്ഛൻപിള്ളാർക്കായി എന്തെങ്കിലും മാറ്റിവെക്കുകയോ മറ്റോ ചെയ്തോ?''
''നെവർ. എന്താണെന്നറിയില്ല. എനിക്ക് ഈ വിളിച്ചുകൂട്ടലിൽ ഒരസ്വാഭാവികത ഫീൽ ചെയ്യുന്നുണ്ട്...'' സുരാജ് അസ്വസ്ഥനായി.
പുറത്തുനിന്നും ഏതോ വാഹനത്തിന്റെ വെളിച്ചം ജനലിലൂടെ ഉള്ളിലേക്കൊലിച്ചിറങ്ങിയപ്പോൾ ഇരുവരും പതിയെ സിറ്റൗട്ടിലേക്കിറങ്ങി. സന്ദീപിന്റെ ബ്ലാക്ക് സ്കോർപിയോ ഒരു കുലുക്കത്തോടെ പോർച്ചിലേക്ക് കയറിനിന്നു. ഡോറുകൾ തുറക്കപ്പെട്ടു.
''എന്താ നമ്മുടെ അമ്മയ്ക്ക് പറ്റിയത് ടാട്ടാട്ടാ..'' കരച്ചിലിന്റെ ചീള് പുറത്തേക്ക് തെറിപ്പിച്ച് ലിജി സിറ്റൗട്ടിലേക്ക് ഓടിക്കയറി. അവൾ നേരാംവണ്ണം സാരി ചുറ്റുകയോ മുടി കെട്ടുകയോ ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല.
സുരാജ് വേഗം ചെന്ന് അവളെ വട്ടംപിടിച്ചുനിർത്തി. ''നീ സീനാക്കല്ലേ ലിജീ. അമ്മയ്ക്ക് എല്ലാവരെയും ഒന്ന് കാണണമെന്നു പറഞ്ഞു. അത്രയേ ഉള്ളൂ... വേറെ ഒന്നുമില്ല.''
വിശ്വാസം വരാത്തതുപോലെ, രാജീവിനെയും കൂടി ഒന്നു നോക്കിയശേഷം അവൾ വേഗം ഡൈനിങ്ങിലേക്ക് കടന്നു. കാറിൽനിന്നും സന്ദീപ് ഇറങ്ങി, തൊട്ടുപിന്നാലെ കോളേജ്ബാഗ് തൂക്കി അനാമികയും.
''അളിയന് എന്നോടൊന്ന് സൂചിപ്പിച്ചാ മതിയാർന്ന്. ഞാൻ നൈസായിട്ട് കൊണ്ടുവന്നേനെ. ഇതിപ്പോ നിലവിളീം നായാട്ടുമായിട്ട്. അവളുടെ സ്വഭാവം അറിയാലോ...'' സിറ്റൗട്ടിലേക്ക് കയറിയ ഉടനെ സന്ദീപ് ലേശം അസഹിഷ്ണുത പ്രകടിപ്പിച്ചു.
സുരാജ് ചിരിച്ചു. ''അതിന് പ്രശ്നമൊന്നുമില്ല സന്ദീപേട്ടാ. അമ്മയ്ക്ക് എല്ലാവരോടുമായി എന്തോ പറയാനുണ്ടെന്ന് പറഞ്ഞു. അതിനുവേണ്ടി നിങ്ങളെ കാത്തുനിൽക്കുകയാണ്.''
''ആണോ?'' പൊടുന്നനെ സന്ദീപിന്റെ കണ്ണുകളിലെവിടെയോ ഒരു തിളക്കം മറ്റാർക്കും കോർത്തെടുക്കാനാവാത്ത വിധത്തിൽ മിന്നിമറഞ്ഞു.
അപ്പോഴേക്കും നിഷ പുറത്തേക്കെത്തി. അവൾ ഉഗ്രരൂപത്തിൽ രാജീവിനെ നോക്കി. ''നീയൊന്ന് പുറത്തേക്ക് നിന്ന് പുകച്ചേ... അപ്പടി മുറിയിലേക്ക് വരുന്നുണ്ട് പുക. ഒരാളിവിടെ വയ്യാതെ കിടക്കുമ്പോഴാ അവന്റെയൊരു പുകയിടല്...''
അവൻ പെങ്ങളെ നോക്കി ഒരു പുകയും കൂടി ആഴത്തിലെടുത്ത് പാതിയായ സിഗരറ്റ് മുറ്റത്തെ ഇരുട്ടിലേക്ക് കളഞ്ഞു. പിന്നെ നിഷയുടെ നേരെ തിരിഞ്ഞു.
''നിച്ചേ, നിന്നോട് അമ്മയെന്തെങ്കിലും പറഞ്ഞാർന്നോ?''
''ഇല്ല. എന്തേ?'' നിഷ നെറ്റിചുളിച്ചു.
''അല്ല, ഇത്ര തിരക്കിട്ട് അമ്മ എല്ലാവരേയും വിളിപ്പിച്ചതുകൊണ്ട് ചോദിച്ചതാ...''
''അതെന്തിനാണെന്നറിയാനല്ലേ നമ്മളെല്ലാവരും കാത്തിരിക്കുന്നത്. പിന്നെ എനിക്ക് മാത്രമായിട്ടെങ്ങനെയാ അറിയാ..? രാജീവേ, നീ വെറുതെ കുത്തിത്തിരിപ്പുണ്ടാക്കരുത് ട്ടോ..'' നിഷ കത്തുന്ന കണ്ണുകൾകൊണ്ട് ഒരു നോട്ടമെറിഞ്ഞ് ഉള്ളിലേക്ക് നടന്നു.
രാജീവൊന്ന് ചൂളി. 'വല്ല കാര്യവുമുണ്ടായിരുന്നോ?' എന്നർഥത്തിൽ സുരാജ് ഏട്ടന് നേരെ കൈകൊണ്ട് ആംഗ്യം കാണിച്ചു.
''ഒന്നിനും ഒരു മാറ്റവും സംഭവിച്ചിട്ടില്ല, അല്ലേ ടാട്ടമ്മാമേ...'' അനാമിക രാജീവിനെ കളിയാക്കി ചുണ്ടുകോട്ടിക്കൊണ്ട് ഡൈനിങ്ങിലേക്ക് കടക്കുമ്പോഴാണ് വൈഗു പുറത്തേക്ക് വന്നത്.
''അമ്മാമ്മ അന്വേഷിക്കുന്നുണ്ട് എല്ലാവരെയും...''
അതോടെ അവർ ഓരോരുത്തരായി വൈഗുവിന് പിന്നാലെ നടന്നു. എല്ലാവരും മുറിക്കുള്ളിലേക്ക് കയറി കട്ടിലിൽ കിടക്കുന്ന അമ്മക്ക് ചുറ്റുമായി നിന്നു. അമ്മ കൂടുതൽ ക്ഷീണിച്ചിട്ടുണ്ടെന്ന് മക്കൾക്ക് തോന്നി. വല്ലാത്തൊരു തരം നിശ്ശബ്ദതയായിരുന്നു മുറിയിൽ അന്നേരം. അനന്ദു അമ്മയുടെ കൈയും പിടിച്ച് ഒരേ ഇരിപ്പാണ്. കൂട്ടത്തിൽ ഏറ്റവും എളുപ്പം സങ്കടവും ദേഷ്യവും വരുന്നയാൾ അവനാണെന്ന് എല്ലാവർക്കും അറിയാം. അമ്മ എല്ലാവരെയും നോക്കി ചിരിച്ചു.
പെട്ടെന്ന് ബിന്ദുവിന്റെ ഒക്കത്തുനിന്നും ലല്ലു കരയാൻ തുടങ്ങി. സുരാജ് മാറ്റിയെടുത്തിട്ടും അവൻ കരച്ചിൽ നിർത്തിയില്ല.
''അച്ചോടാ... മുഖം വെച്ചുരയ്ക്കുന്നത് കണ്ടില്ലേ മോളേ... വിശന്നിട്ടാണ്. നീ പോയി അവന് പാലുകൊടുക്ക്.'' അമ്മ ബിന്ദുവിന് നേരെ തലതിരിച്ചു.
സുരാജിൽനിന്നും കുഞ്ഞിനെ വാങ്ങി ബിന്ദു തൊട്ടപ്പുറത്തേക്ക് നടന്നു.
ആ കാഴ്ചയിൽ ഒറ്റമാറ് നിറഞ്ഞുതൂവുന്നതുപോലെ തോന്നി അമ്മക്ക്. അവർ രാജീവിനെ സ്നേഹത്തോടെ നോക്കി. ''നിനക്ക് ഒരു വയസ്സായപ്പോഴാ ഞാൻ നിച്ചയെ ഗർഭം ധരിച്ചത്. അവളെ പ്രസവിച്ചതോടെ നിങ്ങളെ രണ്ടാളുകളെയും ഇടതും വലതും പിടിച്ച് ഇരട്ടകളെപ്പോലെ ഒരുമിച്ച് പാലൂട്ടിയിട്ടുണ്ട് ഞാൻ. രണ്ടുകൊല്ലം കഴിഞ്ഞ് രാജുട്ടൻ എത്തിയപ്പോഴേക്കും രാജീവിന്റെ മുലകുടി നിർത്തേണ്ടത് നിർബന്ധമായി. മുലകുടി നിർത്തിയതൊക്കെ ഒരു കഥയാണ് കേട്ടോ... ചെന്നിനായകം എന്നുവേണ്ട, വൈദ്യരെ പീടികയിലെ ഒട്ടുമിക്ക ലൊട്ടുലൊടുക്കും വാങ്ങിക്കൊണ്ടുവന്നിട്ടുണ്ടായിരുന്നു നിങ്ങടെ പാവം അച്ഛൻ. എന്നിട്ടുണ്ടോ അവൻ നിർത്തുന്നു! ഒടുക്കം ഉപ്പ് തേച്ച് തേച്ചാണ് ഞാൻ അവന്റെ പിടി വിടുവിച്ചത്.''
''വെറുതെയല്ല അളിയനിേത്രം ബുദ്ധി... തലച്ചോറ് നിറയെ അയഡിനാ, അയഡിൻ.'' സതീഷ് രാജീവിനെ തമാശയോടെ നുള്ളി.
അത് കേട്ട് വൈഗു മാത്രം കുനുകുനെ ചിരിച്ചു, ചെറിയരീതിയിൽ മറ്റുള്ളവരും. അതോടെ മുറുക്കമുള്ള അന്തരീക്ഷം തെല്ലയഞ്ഞതുപോലെയായി.
''എന്റെ മക്കളിൽ ഏറ്റവും കുറച്ച് മുലയൂമ്പാനുള്ള ഭാഗ്യം കിട്ടിയത് രാജുട്ടനാണ്. ഏറ്റവും കൂടുതൽ കിട്ടിയത് ദേ അനന്ദുവിനും. ഇവനുണ്ടല്ലോ... ഇവൻ നിന്നുവരെ കുടിച്ചിട്ടുണ്ട്. എനിക്ക് പിന്നേം കൊടുക്കണമെന്നൊക്കെയുണ്ടായിരുന്നു. നിങ്ങളുടെ അച്ഛന്റെ കൊറവു കാരണം നിർത്തിയതാ ഞാൻ.''
എന്നോ നഷ്ടപ്പെട്ട നിഷ്കളങ്കത പെട്ടെന്ന് തിരിച്ചുവന്നു കയറിയതുപോലെ മക്കളുടെയും മരുമക്കളുടെയും മുഖങ്ങൾ കൂടുതൽ സുന്ദരമായി, മിനിയുടേതൊഴികെ. അത്തരമൊരു സന്തോഷത്തിനെ എത്തിപ്പിടിക്കാൻ സ്വന്തം അമ്മയുടെ മുലയൂമ്പിയ ഓർമ അവളുടെ ഏഴയലത്ത് പോലുമുണ്ടായിരുന്നില്ല.
''അല്ല അമ്മാമ്മേ, അമ്മാമ്മയും ഈ അമ്മാപ്പയും തമ്മിൽ വല്ല കരാറും ഉണ്ടായിരുന്നോ, എട്ടു വർഷത്തിനുള്ളിൽ ഇേത്രം കുട്ടികളെ പോറ്റാമെന്ന് പറഞ്ഞ്?'' വൈഗു തെല്ലുറക്കെയാണ് ചോദിച്ചത്. അത് കേട്ടപ്പോൾ എല്ലാവരും ഉറക്കെ ചിരിച്ചു, അമ്മയും.
''നീയാള് കൊള്ളാമല്ലോ... നിച്ചേ ഇവളെ സൂക്ഷിച്ചോ ട്ടോ. പൊരിമോളാണ്. അല്ല, നമ്മുടെ ആദിയും നന്ദുവും എന്തേ?'' അമ്മ കൂട്ടത്തിൽ അവരെ തിരഞ്ഞു.
''ഇരുപത്തിനാല് മണിക്കൂറും മൊെബെലിലാ... അമ്മാമ്മ അന്വേഷിക്കുന്നത് കേട്ടില്ലേടാ.'' നിഷ ഒച്ചവെച്ചു.
''ഞങ്ങളിവിടുണ്ട് അമ്മാമ്മേ...'' തൊട്ടപ്പുറത്തെ കസേരയിൽ മൊബൈലിലേക്ക് മുഖം പൂഴ്ത്തിയിരുന്ന രണ്ടാളുകളും പൊടുന്നനെ എഴുന്നേറ്റ് ഫോൺ ത്രീഫോർത്തിന്റെ കീശയിലേക്ക് തിരുകി അച്ഛനമ്മമാരെ നോക്കി കട്ടിലിനരികിലെത്തി. പിന്നാലെ അനാമികയും.
''സത്യം പറഞ്ഞാൽ അമ്മ ഞങ്ങളെ വല്ലാതെ പേടിപ്പിച്ചുകളഞ്ഞു കേട്ടോ...'' നിഷയുടെ ഭർത്താവ് സതീഷ് പരിഭവംപോലെ പറഞ്ഞു.
അമ്മ ചിരിച്ചുകൊണ്ട് വൈഗുവിന്റെ മുടിയിൽ വെറുതെ തലോടിക്കൊണ്ടിരുന്നു. ''അതിന് എനിക്കിപ്പോൾ പ്രശ്നങ്ങളൊന്നുമില്ലാലോ.''
മുറി ആകെയൊന്ന് ഉന്മേഷപ്പെട്ടതുപോലെ തോന്നിയപ്പോൾ മിനി പതുക്കെ രാജീവിനെ തോണ്ടി, രാജീവ് സുരാജിനെ നോക്കി; സുരാജ് ലിജിയെയും.
അങ്ങനെ ലിജി തുടങ്ങാൻ തീരുമാനിച്ചു. ''അമ്മയെന്താ അത്യാവശ്യമായി പറയാനുണ്ടെന്ന് പറഞ്ഞത്?''
''പറയാം...'' അവർ മക്കളെയും മരുമക്കളെയും ഒന്നുകൂടി മാറിമാറിനോക്കി. ''നിങ്ങൾ എല്ലാം അറിയണമെന്ന് തോന്നി. നിങ്ങൾ അറിഞ്ഞിട്ട് മറ്റുള്ളവർ അറിഞ്ഞാൽ മതിയെന്നും.''
ആർക്കും ഒന്നും മനസ്സിലായില്ല.
''എന്താണെങ്കിലും അമ്മ പറയ്.'' നിഷ പുഞ്ചിരിച്ചു.
അമ്മ ദീർഘമായി ഒന്നു നിശ്വസിച്ചു, പിന്നെ പതിയെ പറഞ്ഞു.''നിങ്ങൾ മക്കളായതിനു ശേഷമുള്ള കാര്യമാണ്.''
''ആയിക്കോട്ടെന്നേ... അമ്മ കാര്യം പറയൂ.'' ലിജി അമ്മയുടെ വലതുകൈയെടുത്ത് ഏറെ സ്നേഹത്തോടെ കവിളിലേക്ക് ചേർത്തുപിടിച്ചു.
''മറ്റൊന്നുമല്ല. നിങ്ങൾ മക്കളായതിന് ശേഷം ഞാൻ ഒരിക്കൽ അബ്യൂസ് ചെയ്യപ്പെട്ടിട്ടുണ്ട്.''
ചെവിയിൽ തിളച്ച എണ്ണ വീണതുപോലെ എല്ലാവരിലും പൊടുന്നനെ ഒരു പിടച്ചിലുണ്ടായി!
എത്ര ശ്രമിച്ചിട്ടും അമ്മയുടെ വലതുകൈ ലിജിയിൽനിന്നും അറിയാതെ ബെഡിലേക്ക് ഊർന്നുവീണു.
അമ്മ പക്ഷേ വളരെ ശാന്തയായിരുന്നു. അവർ എല്ലാവരെയും ഒരുവട്ടം കൂടി നോക്കിക്കൊണ്ട് മുഴുമിപ്പിച്ചു. ''അതുകൊണ്ട് എനിക്കൊരു മീ–ടൂ ചെയ്യണം.''
ശ്വാസം നിലച്ചതുപോലെ എല്ലാവരും പരസ്പരം നോക്കി. കനത്ത നിശ്ശബ്ദതയിൽ മുറി പാടെ അമ്പി.
''മീ–ടൂവോ? അമ്മയെന്താ തമാശ പറയുകയാണോ?'' രാജീവിന്റെ മുഖവും ശബ്ദവും ഒരുപോലെ വിളറി.
അമ്മ മകനെ രൂക്ഷമായി നോക്കി. ''ലോകത്തേതെങ്കിലും പെണ്ണ് ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് തമാശ പറയുമോ രാജീവേ?''
അനന്ദുവിന് കൈയും കാലും കുഴയുന്നതുപോലെ തോന്നി. ''അമ്മയെന്തൊക്കെയാണീ പറയുന്നതമ്മേ?'' അവൻ അമ്മയെ തുറിച്ചുനോക്കി.
''സത്യം. ഞാനിതുവരെ ജീവിച്ചത് നിങ്ങൾക്കും അച്ഛനും വേണ്ടിമാത്രമായിരുന്നു. അതുകൊണ്ട് പറയാൻ ഭാവിച്ചപ്പോഴൊക്കെയും വേണ്ടാന്നു വെച്ചു. പക്ഷേ, ഇനി വയ്യ. വർഷങ്ങളോളമായി മനസ്സിൽ കൊണ്ടുനടക്കുന്ന ഭാരം എനിക്കൊന്ന് ഇറക്കിവെക്കണം. അതിനായി നിങ്ങളെല്ലാവരും കൂടെ നിൽക്കണം. ഇത് പറയാനാണ് അർജന്റായി വിളിപ്പിച്ചത്.''
എന്താണ് പറയേണ്ടതെന്നറിയാതെ എല്ലാവരും പകച്ചുനിന്നു. ആർക്കും മറുപടിയില്ലായിരുന്നു. തൊണ്ട വരണ്ടതുപോലെ തോന്നിയപ്പോൾ അനന്ദു കുടിനീരിറക്കി. ഫാനിന്റെ മൂളക്കം മാത്രം മുറിയിൽ കിടന്ന് പരക്കം പാഞ്ഞുകളിച്ചു.
സുരാജ് ചുമര് ചാരിനിന്ന് മുഖം അമർത്തിയുഴിഞ്ഞു. അവൻ വല്ലാതെ വിയർത്തുപോയിരുന്നു. രാജീവ് നിഷയെ ഒളികണ്ണിട്ട് നോക്കി, 'എന്തെങ്കിലുമൊക്കെ ചെയ്യ്' എന്ന ധ്വനി അതിലുണ്ടായിരുന്നു.
പരിസരബോധം വീണ്ടെടുത്ത നിഷ ഉടനെ, അന്തംവിട്ടുനിന്ന കുട്ടികൾക്കു നേരെ തിരിഞ്ഞു. ''അനാമികയും വൈഗുവും ആദിയും നന്ദുവുമെല്ലാം അപ്പുറത്തേക്കൊന്നു പോയേ... ഞങ്ങൾക്ക് അമ്മാമ്മയുമായി പേർസണലായി കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്.''
''ആരും എവിടെയും പോകണ്ട.'' അമ്മയുടെ സ്വരം ജീവിതത്തിലാദ്യമായി കനത്തു. ''അവരത്ര കൊച്ചുകുട്ടികളൊന്നുമല്ല. ഉണ്ടായിരുന്ന കൊച്ചുകുട്ടിയെ ആദ്യമേ നമ്മൾ ഇവിടെനിന്നും മാറ്റിയിട്ടുണ്ട്.''
''അമ്മയിതെന്ത് ഭാവിച്ചാ?'' സുരാജിന്റെ ശബ്ദമുയർന്നു.
അമ്മ അവനെ ഉഗ്രമായൊന്നു നോക്കി. ''എന്ത് ഭാവിക്കാൻ? ഒരിക്കൽ ഞാനനുഭവിച്ച വേദന പങ്കുവെയ്ക്കാൻ ആഗ്രഹിച്ചു. എന്താ അത് പാടില്ലേ?''
''ഈ വയസ്സാൻ കാലത്ത് മീ-ടൂ എന്നൊക്കെ പറഞ്ഞാൽ... ഒന്നുമില്ലെങ്കിലും വളർന്നുവരുന്ന കുഞ്ഞുങ്ങളില്ലേ അമ്മേ നമുക്ക്...'' രാജീവ് ശബ്ദം തീരെ താഴ്ത്തി അമ്മയുടെ അടുത്ത് ബെഡിലായി ഇരുന്നു.
''മീ-ടൂവിനങ്ങനെ ഏജ് ലിമിറ്റൊന്നുമില്ല രാജീവേട്ടാ...'' ശ്രീലക്ഷ്മി പറഞ്ഞപ്പോൾ അനന്ദു അവളെ രൂക്ഷമായി നോക്കി. അവളത് ഏത് ഭാഗത്തുനിന്നാണെന്ന് ശ്രദ്ധിച്ചതേയില്ല. ''ആർക്കും എപ്പോൾ വേണമെങ്കിലും വെളിപ്പെടുത്താം. അതിനായി വിമൻ എഗൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്നൊരു ഗ്രൂപ്പു തന്നെയുണ്ട്. അതിൽ വിശദമായി എഴുതിയിട്ടാൽ മതി.''
''ശ്രീലക്ഷ്മിയൊന്ന് മിണ്ടാതിരുന്നേ... മീ-ടൂ പോലും. മനുഷ്യനിവിടെ തലയുയർത്തി നടക്കാനുള്ളതാണ്.'' അതും പറഞ്ഞ് സന്ദീപ് അമ്മക്ക് നേരെ തിരിഞ്ഞു. ''ഈ സമയത്ത് അമ്മയുടെ ആരോഗ്യത്തിലാണ് ഞങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. അമ്മയ്ക്കൊന്നും തോന്നരുത്. തൽക്കാലം നമുക്കിത് വിടാം. അല്ലെങ്കിൽ ആളുടെ പേരിങ്ങ് തന്നേക്കൂ. ഞങ്ങൾ കൈകാര്യം ചെയ്തോളാം.''
അമ്മ പക്ഷേ വലിയ നിശ്ചയദാർഢ്യത്തിലായിരുന്നു. ''അതിന്റെ ആവശ്യമില്ല. ഇത് ഞാനും അയാളും തമ്മിലുള്ള പ്രശ്നമാണ്. ഇന്നത്തെ സാഹചര്യത്തിൽ നിയമപരമായി തീർക്കാൻ പറ്റുന്നത്. നിങ്ങളൊന്ന് കൂടെ നിന്നുതന്നാൽ മാത്രം മതി.''
ദേഷ്യം വന്ന സന്ദീപ് മുറിയിൽനിന്നും ഇറങ്ങിപ്പോയി, പിന്നാലെ ലിജിയും.
''അമ്മയ്ക്കൊന്നൂടി ആലോചിച്ചൂടേ?'' രാജീവ് വളരെ സൗമ്യനായി ചോദിച്ചു.
''സത്യത്തിൽ ആലോചനകൾ മാത്രമായിരുന്നു ഇത്രയും കാലം എന്റെ ജീവിതം. അത് ആരും അറിഞ്ഞില്ല എന്നേയുള്ളൂ. ഇനിയും വയ്യഡാ... മനസ്സിലെ മുറിവത്രയും വലുതായിപ്പോയി. അതുകൊണ്ടാ.''
അതുംകൂടി കേട്ടപ്പോൾ രാജീവും ഏറെ നിരാശയോടെ എഴുന്നേറ്റു.
അപ്പോഴേക്കും ശ്രീലക്ഷ്മി അമ്മയുടെ അരികിലെത്തി സ്നേഹത്തോടെ നെറ്റിയിൽ കൈവെച്ചു. ''അമ്മ ടെൻഷനടിക്കണ്ട. എല്ലാറ്റിനും നമുക്ക് വഴിയുണ്ടാക്കാന്നേ...''
അതു കേട്ടതും അനന്ദു അവളെ ദേഷ്യത്തിൽ ഒന്ന് നോക്കിയ ശേഷം അമ്മയുടെ കൈ തെല്ല് ഊക്കിൽ ബെഡിലേക്ക് നിരക്കിയിട്ട് കണ്ണുകൾ തുടച്ച് എഴുന്നേറ്റ് പുറത്തേക്കിറങ്ങി. അപ്പോഴേക്കും ബാക്കിയുള്ളവർ ഡൈനിങ് ഹാളിൽ വലിയൊരു ചർച്ചയിലേക്കെത്തിക്കഴിഞ്ഞിരുന്നു.
''ഇതൊരുമാതിരി കോപ്പിലെ ഇടപാടായിപ്പോയി. ദേ അളിയാ, ഞാനൊരു കാര്യം പറഞ്ഞേക്കാം. ഈ സംഗതി കുടുംബത്തിൽ പിറന്നവർക്ക് പറഞ്ഞതല്ല കേട്ടോ...'' സന്ദീപ് നിന്ന് വിറച്ചു.
''അതിന് മീ-ടൂ ഒരു പുതിയ സംഭവമൊന്നുമല്ല അളിയാ...'' രാജീവ് സമാധാനിപ്പിക്കാൻ ശ്രമിച്ചു.
''എന്നുവെച്ച്? ആ വഴിപാടിൽ അമ്മയും പങ്കുചേരണമെന്നാണോ? ആയകാലത്ത് ഓരോന്ന് ചെയ്ത് കൂട്ടിയിട്ട്, ആളുകളെ കൊണ്ട് പറയിപ്പിക്കാൻ.''
അപ്പോഴേക്കും നിഷ ഇടപെട്ടു. ''ആര് ചെയ്ത് കൂട്ടിയിട്ട്? അമ്മയാണോ ചെയ്ത് കൂട്ടിയത്? ഒരുമാതിരി ചൊറിയുന്ന വർത്തമാനം പറയരുത് സന്ദീപേ. അമ്മ അനുഭവിച്ച കാര്യമാണ് അമ്മ പറഞ്ഞത്. നിങ്ങളാരും എന്താ അമ്മയുടെ ഭാഗത്തുനിന്നും ചിന്തിക്കാത്തത്? അമ്മ അനുഭവിച്ച വേദനയെ കുറിച്ച് ഓർക്കാത്തത്?''
''എന്റെ പൊന്നു നിച്ചേ, ഏതോ കാലത്ത് അങ്ങനെയൊന്ന് സംഭവിച്ചിട്ടുണ്ടെന്ന് വെച്ച് ഇപ്പോഴാണോ അത് പുറത്തുപറയേണ്ടത്?'' അനന്ദു തല ചൊറിഞ്ഞ് തലങ്ങും വിലങ്ങും നടന്നു. ''അറുപത്തിമൂന്നാണ് പ്രായം. ആലോചിക്കുമ്പോൾതന്നെ എന്റെ തൊലിയാകെ ഉരിഞ്ഞുപോവുകയാണ്.''
''അറുപത്തിമൂന്നിന് എന്താഡാ പ്രശ്നം? ഒന്നുമില്ലെങ്കിലും ഇതുവരെ അമ്മയത് അമർത്തിവെച്ചില്ലേ അനന്ദൂ? ആ ഒരു പ്രഷറിനെ കുറിച്ച് നീ എന്താ ചിന്തിക്കാത്തത്?'' നിഷ കണ്ണിൽ വെള്ളം നിറച്ചു.
''പ്രായമല്ല ഇവിടുത്തെ മെയിൻ പ്രശ്നം. ആർക്കാണ് ഇത് കേസായിക്കഴിഞ്ഞിട്ട് പിന്നാലെ നടക്കാൻ നേരമുള്ളത്? അതു പറയ്. നിച്ച നടത്തുമോ കേസ്?'' സന്ദീപിന്റെ രോഷം നിഷയോടായി, അതോടെ നിഷ ഒന്നടങ്ങി.
അപ്പോഴേക്കും ലല്ലുവിനെ ഉറക്കിക്കിടത്തി ബിന്ദുവും അങ്ങോട്ടെത്തിപ്പെട്ടു. എല്ലാം കൂടി കേട്ടപ്പോൾ അവൾ ആകെ പരിഭ്രമിച്ചുപോയി. ''എന്റെ മുത്തപ്പാ, ഇതിനായിരുന്നോ ഇത്ര അർജന്റായി ഈ അമ്മ എല്ലാവരെയും വിളിച്ചുകൂട്ടിയത്?''
''ഒന്നും നോക്കാനില്ല. നടക്കില്ലാന്ന് അങ്ങട്ട് പറഞ്ഞാൽ മതി''. നിഷയുടെ ഭർത്താവായ സതീഷ് അവസാന വാക്കെന്നവണ്ണം പറഞ്ഞു.
''അതിന് അമ്മ സമ്മതിക്കുമോ?''ബിന്ദു സംശയം പ്രകടിപ്പിച്ചു.
''സമ്മതിപ്പിക്കണം. ഒരു കാലം കഴിഞ്ഞാൽ മക്കള് പറയുന്നത് തന്നെയാണ് തന്തയും തള്ളയും അനുസരിക്കുക. അല്ലെങ്കിൽ പിന്നെ മക്കളാന്ന് പറഞ്ഞ് നടക്കുന്നതെന്തിനാ? സമ്മതിച്ചില്ലെങ്കിൽ വഴി വേറെ നോക്കേണ്ടി വരും. അല്ല പിന്നെ...'' സതീഷിന്റെ സ്വരം നിഗൂഢമായതുപോലെ എല്ലാവർക്കും തോന്നി.
''എന്നുവെച്ചാൽ?'' രാജീവിന്റെ ഇടതുകണ്ണ് ചെറുതായി.
''എന്നുവെച്ചാൽ അതുതന്നെ.''
അപ്പോഴേക്കും ശ്രീലക്ഷ്മി ഡൈനിങ്ങിലേക്കെത്തി. അവളെ കണ്ടതും അനന്ദുവിന്റെ നിയന്ത്രണം വിട്ടു.
''നീയെന്ത് മറ്റതിനാണ് തേങ്ങയിലെ ഹരാസ്മെന്റ് പേജിന്റെ കാര്യമൊക്കെ അവിടെ വിളമ്പാൻ പോയത്?'' അനന്ദു അവൾക്ക് നേരെ ചീറി. ''മനുഷ്യനിവിടെ തലപുകഞ്ഞിരിക്കുമ്പോഴാ അവളുടെയൊരു സപ്പോർട്ട്.''
''അതിന് അമ്മ പേജിലൊന്നുമല്ല, എഫ്.ബീല് ലൈവ് ഇടണമെന്നാണ് പറഞ്ഞിരിക്കുന്നത്.'' ശ്രീലക്ഷ്മി വളരെ ലാഘവത്തോടെ പറഞ്ഞു.
''എന്നാൽ വേഗം പോയി ഉണ്ടാക്കിക്കൊടുക്ക്. ചെല്ല്...''
ശ്രീലക്ഷ്മി അവനെ തുറിച്ചുനോക്കി. ''എന്ത് മനുഷ്യരാണ് അനന്ദു നിങ്ങളൊക്കെ? സ്വന്തം അമ്മയല്ലേ അത്. ഇത്രയും വിഷമം പിടിച്ച ഒരു സംഗതി പറഞ്ഞിട്ട് ആരെങ്കിലും ഒരാള് അവരോട് ചോദിച്ചോ ആരാണ് അവരെ േദ്രാഹിച്ചതെന്ന്..? കഷ്ടമുണ്ട്. ചോദിക്കുന്നത് പോട്ടെ, അവരെ സമാധാനിപ്പിക്കുന്നതിന് പകരം എല്ലാവരുംകൂടി ഇവിടെവന്ന് രഹസ്യയോഗം നടത്തുകയാണ്. എന്തൊരു മോശം പരിപാടിയാണിത്!'' അവൾ അവരെ പരിഹസിച്ചു.
''ഇതൊക്കെ നേരത്തെ പറയണാർന്ന്. അല്ലാതെ കുഴിയിലേക്കു കാലുംനീട്ടിയിരിക്കുന്ന നേരത്തല്ല ഓരോന്ന് വിളമ്പല്... മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ. ഇനി അങ്ങനെ ഉണ്ടായെങ്കിൽ തന്നെ പ്രൂവ്ചെയ്യാൻ അമ്മയുടെ അരികിൽ വല്ല തെളിവുകളുമുണ്ടോ?''
''ഉണ്ടെങ്കിൽ..? ഉണ്ടെങ്കിൽ നിങ്ങളെല്ലാവരും കൂടെ നിൽക്കുമോ?''ശ്രീലക്ഷ്മിയുടെ ആ ചോദ്യത്തിൽ എല്ലാവരുമൊന്ന് പതറി. ''വെറുതെ ഡയലോഗടിക്കല്ലേ... എനിക്കറിയാം, അതൊന്നുമല്ല നിങ്ങളുടെ പ്രശ്നമെന്ന്.''
''അതെ, നിനക്കറിയാം എന്താണ് പ്രശ്നമെന്ന്. വാർത്ത പുറത്തുവന്നു കഴിയുമ്പോൾ ഇതിന്റെ പ്രശ്നങ്ങൾ അനുഭവിക്കാൻ പോകുന്നത് ഞങ്ങളാണ്.'' സുരാജ് മുറുമുറുത്തു.
''അതുശരി. ഇപ്പോൾ അങ്ങനെയായോ? അതായത് ഞാൻ ഇവിടുത്തെ ആരുമല്ലാന്ന് അർഥം. എനിക്കെന്തായാലും എന്റെ അമ്മയും അനന്ദുവിന്റെ അമ്മയും ഒരുപോലാ...അവർ അനുഭവിച്ച വേദനയെക്കുറിച്ച് ആരും ഓർക്കാത്തതിൽ വലിയ കഷ്ടമുണ്ട്. ഒന്നുമില്ലെങ്കിലും പത്തുമാസം ചുമന്നില്ലേ അനന്ദൂ നിന്നെയൊക്കെ ആ അമ്മ.'' അവൾ അനന്ദുവിനെ നോക്കി.
''നിനക്ക് വേദനയുണ്ടോ? ഉണ്ടോന്ന്? ഉണ്ടെങ്കിൽ അങ്ങോട്ട് പോയി ചോദിക്ക്.'' അനന്ദു അണപ്പല്ലു ഞെരിച്ചു.
''ആ, ഞാൻ ചോദിച്ചു, അങ്ങനെ ചോദിച്ചതുകൊണ്ടാണ് അനന്ദു, ഞാൻ കുടുങ്ങിപ്പോയത്. ഇല്ലേൽ എഫ്.ബി തുറന്ന് അമ്മയെക്കൊണ്ട് എപ്പഴേ എന്റെ വാളിൽ ലൈവ് ഇടീച്ചേനെ.''
പെട്ടെന്ന് എല്ലാവരും അന്ധാളിപ്പോടെ അവളെ നോക്കി. സുരാജ് പതുക്കെ ശ്രീലക്ഷ്മിക്കരികിലെത്തി. അവന്റെ കണ്ണുകളിലെ കനലുകൾ അവൾ കണ്ടു.
''ആരാ ചെയ്തത്?''
''പോയി ചോദിക്ക്... നിങ്ങളുടെ അമ്മയാണെന്നല്ലേ പറഞ്ഞത്?''
അനന്ദു ഒരൊറ്റ കുതിപ്പിന് അവളുടെ അരികിലെത്തി. ''ദേ നീ വലിയ സൂപ്പർസ്റ്റാറ് കളിക്കാൻ നിക്കല്ലേ...'' അപ്പോഴേക്കും നിഷ അവർക്കിടയിലേക്ക് കയറിനിന്നു.
''അനന്ദൂ, ദയവുചെയ്ത് നീയൊന്നടങ്ങ്. അമ്മ കേൾക്കും.'' നിഷ വേഗം ശ്രീലക്ഷ്മിയെ കുറച്ചപ്പുറത്തേക്ക് മാറ്റിനിർത്തി. ''വാശിയൊഴിവാക്കി നീയറിഞ്ഞത് പറ മോളേ...നമുക്കിത് എങ്ങനെയെങ്കിലും തീർക്കണ്ടേ?''
''നിച്ച വിചാരിക്കുന്നതുപോലെ ഇതങ്ങനെ പെട്ടെന്ന് തീരുകയൊന്നുമില്ല.''
''അതെന്താ?'' നിഷയുടെ നെറ്റിചുളിഞ്ഞു.
''ആള് പുറത്തുനിന്നല്ല, കുടുംബത്തിനുള്ളിൽ നിന്നുതന്നെയാണ്.''
''കുടുംബത്തിനുള്ളിൽനിന്നോ? ആരാണ്?'' നിഷയുടെ നെഞ്ചിടിച്ചു.
''നമ്മുടെ മിനിച്ചേച്ചിയുടെ അച്ഛൻ.''
തരിച്ചുപോയി എല്ലാവരും. രാജീവ് ഒരാശ്രയത്തിനെന്നപോലെ ചുമരിലേക്ക് കൈവെച്ചു. സതീഷിന്റെ കണ്ണുകൾ മിഴിഞ്ഞു. ബിന്ദുവിന്റെ നോട്ടം അവിശ്വസനീയതയോടെ അക്വേറിയത്തിന് തൊട്ടുമുകളിലുള്ള ചുമരിലെ ഫോട്ടോയിലേക്ക് ചെന്നുവീണു.
പെട്ടെന്ന് എന്തോ ഇഴയുന്നതുപോലുള്ള ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞപ്പോൾ മിനി ബോധംകെട്ട് നിലത്തേക്ക് ഊർന്നുവീഴുകയായിരുന്നു.
രാജീവ് വേഗം പോയി അവളെ താങ്ങി. സുരാജ് അടുക്കളയിലേക്കോടി വെള്ളവുമായി തിരിച്ചുവന്നു. അപ്പോഴേക്കും എല്ലാവരും കൂടി മിനിയെ ഡൈനിങ്ങിലെ സോഫയിലേക്ക് കിടത്തിക്കഴിഞ്ഞിരുന്നു. മുഖത്ത് വെള്ളം തളിച്ചപ്പോൾ അവൾ പതുക്കെ കണ്ണുകൾ തുറന്നു. പരിസരബോധം വീണ്ടെടുത്ത അവൾ രാജീവിനെ ദയനീയമായി നോക്കി വിതുമ്പാൻ തുടങ്ങി.
''രാജീവേട്ടാ, അമ്മയെന്തൊക്കെയോ പിച്ചും പേയും പറയുകയാണ്. ഞാനിത് വിശ്വസിക്കില്ല. എന്റെ അച്ഛൻ ഒരിക്കലും അങ്ങനെ ചെയ്യില്ല.''
''നീ ഒന്നടങ്ങ് മിനീ... അതിന് ഞങ്ങളാരെങ്കിലും അച്ഛനെ കുറ്റം പറഞ്ഞോ? ഞാൻ അമ്മയോടൊന്ന് സംസാരിച്ച് നോക്കട്ടെ.'' രാജീവൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
''അളിയൻ ഇപ്പോൾ എന്തുപറയുന്നു. മീ-ടൂ പുതിയ സംഭവമൊന്നുമല്ലല്ലോ, ല്ലേ?'' സന്ദീപ് രാജീവിന് നേരെ തിരിഞ്ഞതും ലിജി കെട്ടിയോന്റെ തുടയിൽ നുള്ളി.
''ഇനി എന്റെ നെഞ്ചത്തോട്ടാണോ?'' രാജീവിന്റെ മുഖം പെട്ടെന്ന് ചുവന്നു.
''എന്റെ അച്ഛനെതിരെ ഇങ്ങനെ പറയാൻ ആരെയും സമ്മതിക്കില്ല ഞാൻ... പെണ്ണാണെന്ന് വിചാരിച്ച് എന്തും ആവാമെന്ന് കരുതണ്ട.'' മിനിയുടെ മുഖം ഇരുണ്ടു, കണ്ണുകൾ വലുതായി.
''അതായത്, അമ്മ നുണപറയുകയാണെന്ന് അല്ലേ?'' നിഷയുടെ പുരികം മിനിക്ക് നേരെ വളഞ്ഞു. ''ഒരുകാര്യമങ്ങ് പറയാം, അമ്മയിൽ വിശ്വാസമില്ലാഞ്ഞിട്ടൊന്നുമല്ല ഞങ്ങള് ഇതിന് സപ്പോർട്ട് ചെയ്യണ്ട എന്നു വിചാരിക്കുന്നത്. വെറുതെ എല്ലാവർക്കും ഒരു ചീത്തപ്പേര് വേണ്ട എന്ന് കരുതിയിട്ട് മാത്രമാണ്. മേലാൽ ഇമ്മാതിരി വർത്തമാനം പറഞ്ഞേക്കരുത്.''
''നിച്ച കണ്ടിട്ടുണ്ടോ എന്റെ അച്ഛൻ അങ്ങനെ ചെയ്തത്?'' മിനി സങ്കടത്തോടെ ചിറഞ്ഞു.
''തെളിവുണ്ടെന്ന് പറഞ്ഞത് കേട്ടില്ലേ?'' നിഷയും വിട്ടില്ല.
''ഇനി നിങ്ങള് തമ്മിൽ തല്ലണ്ട. ഞാനൊന്ന് അമ്മയെ കാണട്ടെ. വഴിയുണ്ടാക്കാം.''
രാജീവ് മുറിയിലേക്ക് പോകാനായി എഴുന്നേറ്റപ്പോഴേക്കും സതീഷ് തടഞ്ഞു. ''കാണാൻ വരട്ടെ അളിയാ. ആർക്കും ഇത്തരത്തിലുള്ള പരിപാടിയോട് യോജിപ്പില്ലാത്ത നിലയ്ക്ക് നമുക്കിത് മയത്തിൽ തീർക്കുന്നതാ നല്ലത്. അല്ലാതെ വലിയൊരു ഇഷ്യു ആക്കി മാറ്റിയാൽ സകലയെണ്ണത്തിെന്റയും മാനം പോകും.''
''സതീഷേട്ടൻ എന്താ പറഞ്ഞുവരുന്നത്?'' നിഷക്ക് ഒന്നും മനസ്സിലായില്ല.
''പറയാം.''
അപ്പോഴേക്കും അനന്ദു ശ്രീലക്ഷ്മിയെ കൈപിടിച്ച് കുറച്ചപ്പുറത്തേക്ക് മാറ്റിനിർത്തി. ''ശ്രീലക്ഷ്മീ, നീയമ്മയെ പറഞ്ഞൊന്ന് മനസ്സിലാക്ക്... ഈ സമയത്ത് അതിന് നിൽക്കണ്ട എന്നുപറയ്. പ്ലീസ്. നീ പറഞ്ഞാൽ അമ്മ കേൾക്കും.''
''അനന്ദു, ഹരാസ്മെന്റ് ചെയ്യപ്പെട്ട ആളുടെ അവകാശമാണ് അത് വെളിപ്പെടുത്തുക എന്നത്. അതാർക്കും തടയാൻ കഴിയില്ല. എത്ര കാലമായാലും അനുഭവിച്ചത് അനുഭവിച്ചത് തന്നെയാണ്. അബ്യൂസ് ചെയ്തതിന്റെ പാടുകളേ കാലത്തിന് മായ്ക്കാൻ പറ്റൂ. നിനക്കെന്താ എത്ര പറഞ്ഞിട്ടും അത് മനസ്സിലാവാത്തത്? മാത്രവുമല്ല അമ്മ അത് വെളിപ്പെടുത്താതെ മരിച്ചുപോയാൽ നിങ്ങളാ കുറ്റബോധം എവിടെ കൊണ്ടുപോയി തീർക്കും? ഇനിയുള്ള കുറച്ചു കാലമെങ്കിലും അവരെ അവരുടെ രീതിയിൽ ജീവിക്കാൻ ഒന്നനുവദിക്ക്...''
''എനിക്കൊരു കുറ്റബോധവുമുണ്ടാകില്ല...മനുഷ്യനെ നാണം കെടുത്താനായിട്ട്.''
''സത്യം പറയാലോ അനന്ദു, ഈ നിമിഷം മുതൽ നിന്റെകൂടെ താമസിക്കാൻ എനിക്ക് നല്ല പേടിയുണ്ട്. സ്വന്തം അമ്മയോടാണ് നീ ഇങ്ങനെ പെരുമാറുന്നത്.''
''നീയൊന്ന് ഓർത്തുനോക്കിക്കേ, അമ്മയുടെ ഒരൊറ്റ പറച്ചിലോടെ നമ്മുടെ മനസ്സമാധാനം കപ്പല് കേറിയില്ലേ. ഇതറിഞ്ഞാൽ മിനിച്ചേച്ചിയുടെ അമ്മ പിന്നെ ജീവനോടെ ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ നിനക്ക്? രണ്ട് കുടുംബങ്ങളുടെ മനസ്സമാധാനം കളഞ്ഞിട്ട് ഈയൊരു സംഭവംകൊണ്ട് എന്ത് കിട്ടാനാണ്? അതാ ഞാൻ പറയുന്നത്, സംഭവിക്കാനുള്ളത് സംഭവിച്ചു. അങ്ങനെ കരുതിയാൽ മതി.''
''കഷ്ടം. നിങ്ങളെന്താന്ന് വെച്ചാൽ ചെയ്യ്.'' ശ്രീലക്ഷ്മിക്ക് തലവേദനയെടുത്തു.
അപ്പോഴേക്കും സതീഷും രാജീവും കൂടി അവരുടെ അരികിലേക്കെത്തി.
''അനന്ദു, അമ്മയ്ക്ക് സമാധാനവും സംതൃപ്തിയും കൊടുക്കുക എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഡോക്ടർ അത് പ്രത്യേകം പറഞ്ഞിട്ടുമുണ്ട്. നമ്മൾ ടെൻഷനടിപ്പിച്ച് വല്ലോം സംഭവിച്ചാൽ നാട്ടുകാർക്ക് പറഞ്ഞുനടക്കാൻ അതൊരു കാരണമാവും. അതുകൊണ്ട് തൽക്കാലം അമ്മയുടെ മീ-ടൂ ചെയ്യാനുള്ള പരിപാടി നോക്കാം. വേറെ രക്ഷയില്ല.''
അത് കേട്ടതും മിനി ഉച്ചത്തിൽ കരയാൻ തുടങ്ങി.
''അളിയാ, അളിയനൊന്ന് അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്ക്. വെറുതെ തൊണ്ട കാറി ആളുകളെ കൂട്ടാൻ നിൽക്കണ്ട.'' സതീഷിന് ദേഷ്യം വന്നു.
രാജീവ് മിനിയെ സമാധാനിപ്പിക്കാനായി സോഫക്കരികിലേക്ക് നീങ്ങി. ഇതെന്ത് പരിപാടി എന്ന് പകച്ചുനിന്ന അനന്ദുവിനെ നോക്കി സതീഷ് വല്ലാത്തൊരു ചിരി ചിരിച്ചു.
മിനിയും ബിന്ദുവും അനന്ദുവും മുറിക്കുള്ളിലേക്ക് കയറിയില്ല. ബാക്കിയെല്ലാവരും അമ്മയുടെ തൊട്ടടുത്ത് തന്നെ നിന്നു. അമ്മ എല്ലാവരെയും വാത്സല്യത്തോടെ നോക്കിയശേഷം ചുണ്ടുകൾ രണ്ടും നനച്ച് മൊെബെൽ കാമറയിലേക്ക് തിരിഞ്ഞ് ചിരിച്ചു. ശ്രീലക്ഷ്മിയായിരുന്നു അമ്മക്ക് സംസാരിക്കാൻ പാകത്തിൽ റെക്കോഡ് ബട്ടൺ അമർത്തി മൊൈബെൽ സെറ്റ് ചെയ്തത്.
അവർ കാമറക്ക് നേരെ കൈ കൂപ്പി.
''എന്റെ പേര് പത്മാവതിയമ്മ. 63 വയസ്സായി. ഭർത്താവ് ആറ് വർഷങ്ങൾക്കുമുമ്പ് മരിച്ചു. ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു സമയത്തെക്കുറിച്ച് പറയാനാണ് ഞാനിപ്പോൾ നിങ്ങളുടെ മുന്നിൽ വന്നിരിക്കുന്നത്.''
പെട്ടെന്ന് അവർ സംഭാഷണം നിർത്തി ശ്രീലക്ഷ്മിക്ക് നേരെ നോക്കി. ''ഇതാരുടെ ഫേസ്ബുക്കാണ് മോളേ?''
''രാജീവേട്ടന്റേതാണ്.'' സതീഷാണ് മറുപടി പറഞ്ഞത്.
അവർ പിന്നെയും കാമറയിലേക്കു തന്നെ തിരിഞ്ഞു. ''എനിക്ക് ഫേസ്ബുക്കും വാട്സാപ്പും ഒന്നുമില്ല മക്കളേ... പക്ഷേ, പേരക്കുട്ടികൾ വരുമ്പോൾ ഇതിലുള്ള സംഗതികളെല്ലാം എന്നെ കാണിക്കാറുണ്ട്. ഇത് എന്റെ മൂത്തമകന്റെ ഫേസ്ബുക്കാണ്. എനിക്ക് അഞ്ച് മക്കളാണ് കേട്ടോ. മൂന്ന് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും. എല്ലാവരും കുടുംബവുമായി സുഖത്തോടെ കഴിയുന്നു. എന്റെ മുപ്പത്തിയെട്ടാം വയസ്സിൽ ഭർത്താവിന്റെ ബാല്യം തൊട്ടുള്ള സുഹൃത്തായ ജി. ഗോപിനാഥൻ എന്നു പറയുന്ന വ്യക്തിയിൽനിന്നും എനിക്ക് വല്ലാത്ത ഒരു ദുരനുഭവം നേരിടേണ്ടതായി വന്നിരുന്നു. ജോലിസംബന്ധമായി ഭർത്താവ് നാട്ടിൽനിന്നും അകന്നുനിൽക്കുന്ന സമയംകൂടിയായിരുന്നു അന്ന്. മക്കൾ ആരും ഇല്ലാത്ത നേരത്ത് അയാൾ വീട്ടിൽ വരികയും എന്നെ അതിക്രൂരമായി ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. വളരെ മൃഗീയമായിരുന്നു അയാളുടെ പെരുമാറ്റം. ഒരു തുള്ളി ശ്വാസം കിട്ടാൻപോലും എനിക്കേറെ ശ്രമപ്പെടേണ്ടിവന്നിട്ടുണ്ടായിരുന്നു. ചുംബിക്കാൻ നേരം അനുവാദം ചോദിക്കുന്ന ഭർത്താവുള്ള സ്ത്രീക്ക് നേരെ ഇത്തരത്തിലുള്ള ഒരു ആക്രമണം വരുന്നതിനെ കുറിച്ച് നിങ്ങൾ ഒന്നു ചിന്തിച്ചുനോക്കൂ. ഏകദേശം അരമണിക്കൂർ നേരമാണ് ഞാൻ ജീവിതത്തിനും മരണത്തിനുമിടയിൽ അന്ന് കണ്ണുതുറിച്ച് കിടന്നത്, നിലവിളിക്കാൻപോലുമാവാതെ... അപ്പോഴൊക്കെ എന്റെ മക്കളുടെ മുഖങ്ങളായിരുന്നു മനസ്സ് നിറയെ. ഞാൻ അവർക്കായി, അവർക്ക് മാത്രമായി പരമാവധി മരിക്കാതിരിക്കാൻ ശ്രമിക്കുകയായിരുന്നു. അനവധി പരിക്കുകൾ എന്റെ ശരീരത്തിലും മനസ്സിലുമുണ്ടാക്കി അയാൾ അന്ന് വീട് വിടുമ്പോൾ സ്കൂളിൽനിന്നും മടങ്ങിവരുന്ന മക്കളെയായിരുന്നു ഞാൻ ഏറ്റവും കൂടുതൽ പേടിച്ചിരുന്നത്. അവരിൽനിന്നും എല്ലാം മറച്ചുപിടിക്കാനും അവരറിയാതെ മുറിവുകളെല്ലാം ഉണക്കിയെടുക്കാനും എനിക്ക് ഏറെ നാൾ പ്രയത്നിക്കേണ്ടി വന്നിട്ടുണ്ടായിരുന്നു. അക്കാലത്ത് മുറിവുകളിലെ നീറ്റല് കാരണം എനിക്കവരെ കെട്ടിപ്പിടിക്കാൻപോലും കഴിഞ്ഞിരുന്നില്ല. ചുണ്ടുകൾ പൊട്ടിയിട്ട് ഭക്ഷണം കഴിക്കാനോ, എന്തിന് പറയുന്നു ദിവസങ്ങളോളം എനിക്കൊന്ന് നേരാംവണ്ണം നടക്കാനോ ബാത്റൂമിൽ ഇരിക്കാനോ കഴിഞ്ഞിരുന്നില്ല.''
തൊണ്ടയിടറിയപ്പോൾ അവരൊന്ന് നിർത്തി. ''ഭർത്താവിനോട് പറഞ്ഞാൽ കുട്ടികളെ കൊന്നുകളയുമെന്നാണ് അയാൾ അന്ന് എന്നോട് പറഞ്ഞിരുന്നത്. ഒരിക്കലും ഞാനൊരു ധൈര്യവതിയായ സ്ത്രീ ആയിരുന്നില്ല. അതുകൊണ്ടുതന്നെ ആ ഷോക്കിൽനിന്നും എനിക്ക് പെട്ടെന്ന് മോചിതയാവാൻ കഴിഞ്ഞതുമില്ല. ഭർത്താവിന് ഇതിനെ കുറിച്ച് ഒന്നും അറിയാത്തതുകൊണ്ട് അയാളുടെ സൗഹൃദബന്ധം പിന്നെയും നിലനിന്നുപോന്നു. അതിനിടയിൽ ഞാൻ പലവട്ടം ഭർത്താവിനോട് നടന്നതെല്ലാം പറയാൻ ഒരുങ്ങിയതാണ്. അപ്പോഴൊക്കെയും അയാളെന്തെങ്കിലും ചെയ്യുമോ എന്ന് എനിക്ക് വല്ലാത്ത പേടി തോന്നി. ഒരുപാട് കാലങ്ങൾക്ക് ശേഷം രണ്ടും കൽപിച്ച് പറയാൻ തീരുമാനിച്ച ദിവസം രാത്രിയാണ് എന്റെ മൂത്തമകനായ രാജീവ് അവന്റെ പ്രണയം എന്നോട് വന്ന് പറയുന്നത്. ഞാൻ അതുവരെയുണ്ടാക്കിയെടുത്ത ധൈര്യമെല്ലാം അവന്റെ പറച്ചിലിലൂടെ ചോർന്നുപോയി. കാരണം, അവന്റെ പ്രണയിനി അയാളുടെ മകളായിരുന്നു. ഞാൻ എല്ലാം തുറന്നുപറഞ്ഞാൽ അവരുടെ പ്രണയം തകരുമെന്ന് ഉറപ്പായിരുന്നു. അമ്മയായ എനിക്ക് അവരുടെ പ്രണയം തകർക്കാൻ തോന്നിയില്ല. അതൊരുപക്ഷേ തെറ്റായിരിക്കാം. അങ്ങനെ അവർ വിവാഹിതരായി. ആ ദിവസങ്ങളിൽ ഞാനനുഭവിച്ച വേദന ഭീകരമായിരുന്നു. പിന്നീട് ബന്ധുക്കാരനും കൂടിയായിമാറിയ അയാൾ ഓരോതവണ വീട്ടിൽ വരുമ്പോഴും ഓർമകളിൽ മുങ്ങി ഞാൻ മരിച്ചുകൊണ്ടേയിരുന്നു. നിങ്ങൾക്കറിയോ, അങ്ങനെയും ഉപദ്രവിച്ച ഒരാളെ ജീവിതത്തിൽ പിന്നീട് കാണുന്നതിലും വലിയൊരു അശ്ലീലം ഈ ലോകത്ത് വേറെ ഒന്നുമില്ല.''
പത്മാവതിയമ്മ മുഖം അമർത്തിയുഴിഞ്ഞ ശേഷം തുടർന്നു. ''കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് എനിക്ക് ഇടത്തേ മുലയുടെ വലതുഭാഗത്ത് ഒരു വലിയ കല്ലിപ്പ് അനുഭവപ്പെടാൻ തുടങ്ങിയത്. വേദന സഹിക്കാവുന്നതിലും അപ്പുറമായപ്പോഴാണ് വിശദമായ ഒരു ചെക്കപ്പിന് മുതിർന്നത്. മക്കളാണ് കൊണ്ടുപോയത്. ടെസ്റ്റുകൾക്കുശേഷം ബ്രസ്റ്റ് നീക്കം ചെയ്യേണ്ടിവരുമെന്നു പറഞ്ഞപ്പോൾ എനിക്കൊരു വിഷമവും തോന്നിയിരുന്നില്ല. പക്ഷേ, ഞാൻ തകർന്നുപോയത് ആ ഭാഗത്ത് മുമ്പ് എപ്പോഴെങ്കിലും എന്തെങ്കിലും രീതിയിൽ മാരകമായ പരിക്ക് പറ്റിയിട്ടുണ്ടായിരുന്നോ എന്ന എന്റെ ഡോക്ടറുടെ ചോദ്യം കേട്ടപ്പോഴായിരുന്നു.''
പത്മാവതിയമ്മ നിറഞ്ഞ കണ്ണുകൾ സാരിത്തലകൊണ്ട് തുടച്ചു. ''തീർച്ചയായിട്ടും ഉണ്ടായിരുന്നുവല്ലോ... അങ്ങനെ മൂന്നു വർഷങ്ങൾക്കുമുമ്പ് എന്റെ അഞ്ച് കുഞ്ഞുങ്ങളെ ഊട്ടി വലുതാക്കിയ, എന്റെ ഭർത്താവ് ഏറെ ബഹുമാനത്തോടെ പ്രണയിക്കാൻ ഉപയോഗിച്ചിരുന്ന മുലകളിലെ ഇടതുഭാഗത്തുള്ളത് എനിക്ക് മുറിച്ചുമാറ്റേണ്ടതായി വന്നു.''
അവർ അൽപനേരം വിദൂരതയിലേക്ക് നോക്കി. പിന്നെ തുടർന്നു. ''ഇനിയും എനിക്കിത് പുറത്തു പറയാതിരിക്കാൻ കഴിയില്ല. ഇനി എത്ര നാളുകൾ ഞാനീ ഭൂമിയിലുണ്ടായിരിക്കുമെന്നും അറിയില്ല. പക്ഷേ, ബാക്കിയുള്ള കുറച്ച് കാലമെങ്കിലും എനിക്ക് മനസ്സിൽ ഭാരങ്ങളില്ലാതെ കിടന്നുറങ്ങണം. അതുകൊണ്ടാണ് ഈ തുറന്നുപറച്ചിൽ. ഇതിനെച്ചൊല്ലിയുള്ള നഷ്ടങ്ങളെക്കുറിച്ചൊന്നും ഞാൻ ചിന്തിക്കുന്നേയില്ല. എന്നെപ്പോലെ ലക്ഷക്കണക്കിന് ധൈര്യമില്ലാത്ത സ്ത്രീകൾ ഇവിടുണ്ടാകും. അവർക്കാർക്കെങ്കിലുമൊക്കെ ഇത്തരത്തിലുള്ള അനുഭവങ്ങളും ഉണ്ടായിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഇത് ഒരമ്മ മക്കളോട് ആത്മാർഥമായി പറയുന്ന ഏറ്റുപറച്ചിലല്ല, ധൈര്യമില്ലാത്ത ഒരു സ്ത്രീ അത് ആർജിച്ചെടുത്തശേഷം ലോകത്തോട് പറയുന്ന ജീവിതംപറച്ചിലാണ്. അത്തരത്തിൽ ഇതിനെ സമീപിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. നന്ദി.''
പറഞ്ഞുകഴിഞ്ഞ് പത്മാവതിയമ്മ ഒരിക്കൽകൂടി നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി.
പിന്നെ ദീർഘമായി നിശ്വസിച്ച് ചുമരിൽ ചാരിയിരുന്ന തലയിണയിൽനിന്നും പതുക്കെ ബെഡിലേക്ക് ഊർന്നുകിടന്ന് കണ്ണുകൾ ഇറുകെയടച്ചു. കണ്ണുനീർ ഇരു ചെന്നിക്കരികിലൂടെയും ഒലിച്ചിറങ്ങി.
എല്ലാവരും പരസ്പരം നോക്കി. ആർക്കും ഒന്നും പറയാനില്ലായിരുന്നു. നിറഞ്ഞ കണ്ണുകൾ പുറംകൈകൊണ്ട് തുടച്ച് ആദ്യം ശ്രീലക്ഷ്മി ഫോണെടുത്ത് രാജീവിന് തിരികെ നൽകി. ചുമലുയർത്തി കണ്ണുകളൊപ്പി രാജീവ് മുറിക്ക് പുറത്തേക്കിറങ്ങി, പിന്നാലെ മറ്റുള്ളവരും.
ഡൈനിങ് ഹാൾ പുരാതനമായ ഏതോ സെമിത്തേരിപോലെ നിശ്ശബ്ദമായി കിടന്നു. ഇരുന്നും ചുമര് ചാരി നിന്നും നിശ്ചലമായിപ്പോയ കല്ലറകളെപ്പോലെ കുറേ മനുഷ്യർ. ചിലർ ഇടക്ക് കണ്ണു തുടക്കുന്നു, മറ്റു ചിലർ നിശ്വാസങ്ങൾ ഉൽപാദിപ്പിക്കുന്നു. എന്താണ് ചെയ്യേണ്ടതെന്ന് ഒരു ധാരണയും കിട്ടാതെ മരവിച്ച് എത്രയോ മണിക്കൂറുകളായുള്ള ഇരിപ്പ്!
''അമ്മാമ്മേ...'' ആരോ പതിയെ വിളിച്ചത് കേട്ടപ്പോൾ പത്മാവതിയമ്മ ആദ്യം ഇരുട്ടിൽ പരതിനോക്കി. തൊട്ടരികിൽ മൊെബെലിന്റെ നേരിയ വെട്ടം. ഒന്നുകൂടി സൂക്ഷിച്ചുനോക്കിയപ്പോൾ കണ്ടു, ഒരാൾ കട്ടിലിനോട് ചേർന്ന് മുട്ടുകുത്തിയിരിക്കുന്നു.
''ഞാനാണ് അമ്മാമ്മേ, ആദി...''
പത്മാവതിയമ്മ അത്ഭുതപ്പെട്ടു. ''നീയിതുവരെ ഉറങ്ങിയില്ലേ?''
''ഇല്ല.'' അവൻ പതിയെ അവരുടെ ഇരു കവിളുകളും കൈക്കുമ്പിളിലെന്നപോലെ കോരിയെടുത്തു. എന്നിട്ട് അവരുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. ''അമ്മാമ്മ ശരിക്കും പൊളിയാണ് കേട്ടോ. നോ ഡൗട്ട്. റിയലി ലവ്യൂ...''
''താങ്ക്യൂ...'' പത്മാവതിയമ്മ ചിരിച്ചു.
''അതേയ്, ഞാനൊരു സീക്രട്ട് പറയാം.'' ഒന്നു നിർത്തിയശേഷം ആദി അവരുടെ ചെവിയിലേക്ക് പതുക്കെ മുഖംനീട്ടി. ''നേരത്തേ, അവര് വന്ന് വീഡിയോ ചെയ്ത് പോയില്ലേ... ചുമ്മാ പട്ടിഷോ കാണിക്കാൻ ചെയ്തതാ. അത് എഫ്.ബീല് ലൈവൊന്നും പോയിട്ടില്ല.''
നെഞ്ചിനുള്ളിലൂടെ ഒരു കത്തിമൂർച്ച പാഞ്ഞതുപോലെ പത്മാവതിയമ്മയൊന്ന് പുളഞ്ഞു. അവർ അവിശ്വസനീയതയോടെ അവനെ നോക്കി.
പൊടുന്നനെ അവരുടെ കണ്ണുകൾ നിറഞ്ഞു. ''അപ്പോൾ എല്ലാവരും കൂടി... എന്നെ പറ്റിക്കുകയായിരുന്നല്ലേ..?'' എത്ര നിയന്ത്രിച്ചിട്ടും ആ ശബ്ദം ഇടറി.
അവൻ ചിരിച്ചുകൊണ്ട് അവരുടെ താടിത്തുമ്പിൽ പിടിച്ച് പതുക്കെ കുലുക്കി. പിന്നെ പഞ്ഞിക്കെട്ടുപോലുള്ള അവരുടെ കവിളിലേക്ക് പതിയെ മുഖംചേർത്തു. ''നമുക്ക് പോയാലോ ലൈവ്..? ബാത്ത് റൂം കുറ്റിയിട്ടിട്ട്. ഒരു പൂച്ചക്കുഞ്ഞുപോലും അറിയാതെ...'' അവന്റെ കൃഷ്ണമണികൾ വൈഗുവിന്റെ മൂക്കുത്തിപോലെ തിളങ്ങുന്നത് കനത്ത ഇരുട്ടിലും പത്മാവതിയമ്മ കണ്ടു.
ആദി പതുക്കെ എഴുന്നേറ്റു. ''വാ...'' അവൻ അമ്മാമ്മക്ക് നേരെ കൈനീട്ടി.
വെറും പതിമൂന്ന് വർഷം മാത്രം പ്രായമായ, തന്റെ ഗർഭപാത്രത്തിൽ വളരാതെ പോയ; ആ ഇളംകൈ ഏറെ ആർത്തിയോടെ അതിലേറെ സ്നേഹത്തോടെ പത്മാവതിയമ്മ ഒന്നു തൊട്ടു.