Begin typing your search above and press return to search.
proflie-avatar
Login

രമേശന്റെ വിശപ്പ്

രമേശന്റെ വിശപ്പ്
cancel

ചരിഞ്ഞ ഭൂപ്രകൃതിയുള്ള ഒരു മലമ്പ്രദേശമാണ് അവിടം. ദൂരെനിന്ന് നോക്കിയാൽ മലയുടെ കവിളിലും കഴുത്തിലും തൊട്ടുരുമ്മി നീങ്ങുന്ന വെളുത്ത പഞ്ഞിക്കെട്ടുകൾപോലെയുള്ള മേഘശകലങ്ങൾ കാണാം. പശ്ചിമഘട്ടത്തിെന്റ ഒരു ഭാഗമാണാ മലനിരകൾ. മലകൾക്കപ്പുറം തമിഴ്നാടാണ്. ഇപ്പോഴും അതിലൂടെ നടപ്പാതയുെണ്ടന്ന് പറയപ്പെടുന്നു. ഫോറസ്റ്റിെന്റ ഭാഗമായതുകൊണ്ട് ധാരാളം വന്യമൃഗങ്ങളും ഉണ്ട്. മലയിൽനിന്ന് താഴോട്ട് നിറയെ വലിയ ഉരുളൻകല്ലുകളുള്ള കുത്തനെയുള്ള ഇറക്കമാണ്. റോഡെന്നൊന്നും പറയാൻ സാധിക്കില്ല. അതിലൂടെയുള്ള യാത്ര അതിസാഹസികമാണ്. മലക്ക് മുകളിൽ റബറും തെങ്ങും എല്ലാമുള്ള ഏക്കറുകണക്കിന് തോട്ടങ്ങളാണ്‌. മലയുടെ താഴ്‌വാരത്താണ്...

Your Subscription Supports Independent Journalism

View Plans

രിഞ്ഞ ഭൂപ്രകൃതിയുള്ള ഒരു മലമ്പ്രദേശമാണ് അവിടം. ദൂരെനിന്ന് നോക്കിയാൽ മലയുടെ കവിളിലും കഴുത്തിലും തൊട്ടുരുമ്മി നീങ്ങുന്ന വെളുത്ത പഞ്ഞിക്കെട്ടുകൾപോലെയുള്ള മേഘശകലങ്ങൾ കാണാം. പശ്ചിമഘട്ടത്തിെന്റ ഒരു ഭാഗമാണാ മലനിരകൾ. മലകൾക്കപ്പുറം തമിഴ്നാടാണ്. ഇപ്പോഴും അതിലൂടെ നടപ്പാതയുെണ്ടന്ന് പറയപ്പെടുന്നു. ഫോറസ്റ്റിെന്റ ഭാഗമായതുകൊണ്ട് ധാരാളം വന്യമൃഗങ്ങളും ഉണ്ട്. മലയിൽനിന്ന് താഴോട്ട് നിറയെ വലിയ ഉരുളൻകല്ലുകളുള്ള കുത്തനെയുള്ള ഇറക്കമാണ്. റോഡെന്നൊന്നും പറയാൻ സാധിക്കില്ല. അതിലൂടെയുള്ള യാത്ര അതിസാഹസികമാണ്. മലക്ക് മുകളിൽ റബറും തെങ്ങും എല്ലാമുള്ള ഏക്കറുകണക്കിന് തോട്ടങ്ങളാണ്‌.

മലയുടെ താഴ്‌വാരത്താണ് ആളുകൾ കൂടുതലും താമസിക്കുന്നത്. മലമുകളിൽ ആർത്തലച്ചൊരു മഴ പെയ്താൽ മതി പുഴയിലൂടെ വെള്ളം കുത്തിയൊലിച്ച് കേറി അടുത്തുള്ള വീടുകൾ മുഴുവൻ വെള്ളത്തിലാഴ്ന്നു പോവും. ആ വഴിയേ സൈക്കിളിൽ പോകുമ്പോഴെല്ലാം റബർമരങ്ങൾക്കിടയിൽ മഞ്ഞച്ചായം തേച്ച ആ ഒറ്റമുറികെട്ടിടത്തിലേക്ക് കണ്ണ് പാഞ്ഞ് പോവും. അതൊരു വായനശാലയാണ് എന്ന് ബോർഡ് കണ്ട് മനസ്സിലാക്കിയതാണ്. വീടിന്റെ തൊട്ടടുത്തായിട്ടും ഇതുവരെ അതിനുള്ളിലേക്ക് കയറാൻ സാധിച്ചിട്ടില്ല. ആ കെട്ടിടം എപ്പോഴും അടഞ്ഞുകിടക്കാറാണ് പതിവ്. വായനശാലക്ക് മുന്നിലുള്ള റോഡിെന്റ മറുപാതിയിലാണ് റേഷൻകട. അങ്ങോട്ട് റേഷൻ വാങ്ങാൻ പോവുമ്പോഴെല്ലാം ചിന്തിച്ചിട്ടുണ്ട്, വായനശാല കെട്ടിടത്തിെന്റ വാതിൽ തുറന്ന് കിടക്കുകയാണെങ്കിൽ ഒന്ന് കേറണമെന്ന്. നാളിതുവരെ അത് നടന്നിട്ടില്ല. ഇപ്പോഴും കേശവൻ നായർ തന്നെയാണ് റേഷൻ കട നടത്തുന്നത്. സാധനങ്ങൾ എടുത്തുകൊടുക്കാൻ ഒരു പയ്യനുണ്ട്. ഏറെ അന്തർമുഖനാണവൻ. എന്തെങ്കിലും ചോദിച്ചാൽ കൃത്യമായ മറുപടി മാത്രം. കണ്ടാൽ വലിയ വിദ്യാഭ്യാസ യോഗ്യതയൊന്നും തോന്നുകയില്ല.


ലോക്ഡൗൺ ആയതുകൊണ്ടാവും റേഷൻകടയിൽ ഇന്ന് തിരക്ക് വളരെ കുറവ്. ചുവപ്പ്, വെള്ള, നീല, മഞ്ഞ കാർഡുകളുടെ എല്ലാം സെപ്ലെ വ്യത്യസ്ത ദിവസങ്ങളിലായതിനാൽ വന്നവർ വളരെ ചിട്ടയോടെ സാമൂഹിക അകലംപാലിച്ചാണ് നിൽപ്. കണാരേട്ടനും മൂസാക്കയും കല്യാണിയേടത്തിയും മറിയാമ്മച്ചേടത്തിയുമെല്ലാം മഹാമാരിയുടെ ആശങ്കകൾ പങ്കുവെക്കുകയാണ്. രാവിലത്തെ റബർ വെട്ടലും പാലെടുക്കലും ഉറയൊഴിക്കലും കഴിഞ്ഞാണ് റേഷൻ വാങ്ങാൻ എത്തിയത്. ഉച്ചക്ക് ശേഷമുള്ള ഫ്രീ ടൈമിലാണ് പുസ്തകങ്ങളെക്കുറിച്ചും വായനയെക്കുറിച്ചുമെല്ലാം ഏറെ ഗൃഹാതുരത്വത്തോടെ ഓർക്കാറുള്ളത്. പ്രാരബ്ധങ്ങളൊന്നും ഇല്ലാത്ത കുട്ടിക്കാലത്ത് വായനശാലയിൽനിന്ന് ധാരാളം പുസ്തകങ്ങൾ എടുത്ത് വായിക്കാറുണ്ടായിരുന്നു. കുമ്മാളിപ്പാടത്ത് അമ്മയുടെ തറവാട്ടിലായിരുന്നു അന്ന് പൊറുതി. വായിച്ച പുസ്തകങ്ങളിൽ മനസ്സിൽ തട്ടിയത് എം.ടിയുടെ കഥാപാത്രങ്ങളായിരുന്നു. ഓരോ കഥാപാത്രത്തിനും സ്വന്തം മുഖം നൽകാറുണ്ടായിരുന്നു. ഭ്രാന്തൻ വേലായുധൻ മനസ്സിൽ വല്ലാതെ പതിഞ്ഞിരുന്നു. പിന്നീടെപ്പോഴോ ആണ് ഒ.വി. വിജയനെ വായിക്കാൻ തുടങ്ങിയത്. കൂമൻകാവും അള്ളാപിച്ചാ മൊല്ലാക്കയും നൈസാമലിയും മൈമുനയുമെല്ലാം ഹൃദയത്തിൽ വല്ലാതെ പതിഞ്ഞിരുന്നു.

''നായരേ...ഈ വായനശാല തൊറക്കാറില്ലേ?''

''ഹാ അതാപ്പൊ നന്നായെ... ഇക്കാലത്താരാ പുസ്തകൊക്കെ വായിക്കാൻ?'' നായരൊരു പരിഹാസച്ചിരി ചിരിച്ചു. ദാമോദരെന്റ മകനില്ലേ ആ ഞൊണ്ടിക്കാലൻ...ന്താ പ്പോ ഓെന്റ പേര്... ഓർമ വരണില്ല... അവെന്റ കൈയിലാണ് താക്കോൽ. അവൻ ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പഴോ ഒന്ന് തൊറക്കും. പിന്നെ ഇപ്പോ ലോക് ഡൗണും അല്ലേ? അല്ലെങ്കിലും വല്ലപ്പോഴും മാത്രേ അത് തൊറന്ന് വെക്കാറുള്ളൂ...''

നിരാശയോടെ മഞ്ഞ കെട്ടിടത്തെ ഒന്നുകൂടി നോക്കി മണ്ണെണ്ണയും റേഷൻ കിറ്റും എടുത്ത് നടന്നു.

അമ്മ ഇഹലോകവാസം വെടിഞ്ഞപ്പോൾ അച്ഛെന്റ നാടായ കരിമ്പുഴയിലേക്ക് പറിച്ചു നടപ്പെട്ടതാണ്. അച്ഛെന്റ ഓഹരി കിട്ടിയ അഞ്ച് സെന്റ് ഭൂമിയിൽ ഒരു വീടും വെച്ച് കെട്ടിയവളും കുട്ടിയുമായി കഴിയുകയാണ്. പുസ്തകങ്ങളോടും വായനയോടുമുള്ള ആർത്തി ഒട്ടും തീർന്നിട്ടില്ലായിരുന്നു. കടയിൽനിന്ന് പൊതിഞ്ഞുകൊണ്ടുവരുന്ന കടലാസുകളെല്ലാം ചുളിവു നിവർത്തി ഒരക്ഷരം വിടാതെ വായിച്ചു തീർക്കും. കഴിഞ്ഞ ദിവസം ഒരു കവിത വായിച്ച് കവിയെ വിളിച്ചു. അദ്ദേഹവുമായി സംസാരിച്ച കൂട്ടത്തിൽ വായനയോടുള്ള അടങ്ങാത്ത കമ്പത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് അടുത്താഴ്ചയിൽ കൊറിയറിൽ മൂന്നാല് പുസ്തകങ്ങൾ അദ്ദേഹം അയച്ചുതന്നത്. രണ്ട് റഷ്യൻ നോവലുകളുടെ പരിഭാഷയും പുതിയ രണ്ട് എഴുത്തുകാരുടെ നോവലുകളും ആയിരുന്നു. ആ ആഴ്ച ട്രിപ്പിൾ ലോക് ഡൗൺ ആയിരുന്നതിനാൽ അത് നാലും ആ ആഴ്ചയിൽ തന്നെ വായിച്ചുതീർന്നു.

ഒരു ശനിയാഴ്ച വൈകുന്നേരം എസ്റ്റേറ്റ് മുതലാളിയുടെ കൈയിൽനിന്ന് അൽപം രൂപ കടം വാങ്ങി തിരിച്ചുവരുമ്പോൾ വായനശാലയുടെ വാതിൽ തുറന്നുകിടക്കുന്നതായി കണ്ടു. ഒന്ന് കയറിനോക്കാമെന്ന് കരുതി. കെട്ടിടത്തിെന്റ വരാന്തയിൽനിന്ന് മുറിയിലേക്ക് കടക്കുന്ന വാതിലിന് മുകളിൽ കറുത്ത ചായത്താൽ

യുവജന വായനശാല, Regd: No 10

പി.ഒ. കരിമ്പുഴ എന്ന് എഴുതിയിട്ടുണ്ട്.

ആദ്യമായാണ് ഇതിെന്റ ഉൾഭാഗം കാണുന്നത്. അങ്ങോട്ട് കാലെടുത്ത് വെച്ചപ്പോഴാണ് വരാന്തയുടെ അറ്റത്ത് ഒരു ബഞ്ചിൽ ഇരുന്ന് റേഷൻ കടയിലെ ആ ചെറുക്കൻ ഒരു പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നത് കണ്ടത്. ഏത് പുസ്തകമാണെന്ന് വ്യക്തമാവുന്നില്ല. അവൻ പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തിയിരിക്കുകയാണ്. ഇവന് വായിക്കുന്ന ശീലമൊക്കെയുണ്ടോ? കണ്ടാൽ തോന്നില്ലല്ലോ എന്ന് ചിന്തിച്ചുകൊണ്ട് പുറത്തിട്ട പരുക്കൻ ചവിട്ടിയിൽ കാൽ ഉരസി പൊടി തട്ടിക്കളഞ്ഞ് ഉള്ളിലേക്ക് കയറി.

വല്ലാത്തൊരു പൊടി മണം. കൂടെ പുസ്തകത്താളുകളുടെ പഴയ ഗന്ധവും. ഒരാൾ മൂക്കും വായും മൂടിക്കെട്ടി പൊടിയും മാറാലയും തട്ടിക്കൊണ്ടിരിക്കുന്നു. പുറംതിരിഞ്ഞ് നിൽക്കുന്നതുകൊണ്ട് ആരെന്ന് മനസ്സിലാവുന്നില്ല. പുസ്തകങ്ങൾ അലമാരകളിൽനിന്ന് തട്ടി താഴെയിട്ടിട്ടുണ്ട്. ആകെ നാല് അലമാരകളാണ് കാണുന്നത്. ചിതലരിച്ച് കുറെ ഭാഗം നശിച്ചുപോയിട്ടുണ്ട്. താഴെ വീണുകിടക്കുന്ന പുസ്തകകൂട്ടങ്ങളിൽനിന്ന് വാലൻ മൂട്ടകളും പല്ലികളും ഓടി രക്ഷപ്പെടുകയാണ്. ശബ്ദം കേട്ട് അയാൾ ഒന്ന് തിരിഞ്ഞ് നോക്കി. തുമ്മി. ഹാ...ഛീ...

''എന്താ പുസ്തകമെടുക്കാൻ വന്നതാണോ?''

''അതെ.''

''എങ്കിൽ ആ മേശമേലിരിക്കുന്ന രജിസ്റ്ററിൽ പേരും അഡ്രസ്സും ഫോൺ നമ്പറും എഴുതി വെച്ചോളൂ. ഫോൺ നമ്പർ നിർബന്ധമായും വേണം. പലരും പുസ്തകം എടുത്തിട്ട് പിന്നെ തിരിച്ച് തരുന്നില്ല. ഇതിലിരട്ടി പുസ്തകങ്ങൾ ഉണ്ടായിരുന്നതാണ്. ഇപ്പോ പുസ്തകമെടുക്കാൻ ആരും അങ്ങനെ വരാറുമില്ല. എല്ലാവരും ഡിജിറ്റൽ വായനയിലല്ലേ? മുമ്പാണെങ്കിൽ മെംബർഷിപ്പ് തുകയിൽനിന്നാണ് വല്ലതും കിട്ടിയിരുന്നത്. ഇപ്പോൾ അതുമില്ല. നിങ്ങളാദ്യമായിട്ട് വരുന്നതല്ലേ? മെംബർഷിപ്പ് തുകയായിട്ട് മുപ്പത് രൂപ അവിടെ വെച്ചോളൂ.''

കീശയിൽ തപ്പി പത്തിെന്റ മൂന്ന് നോട്ടുകൾ മേശപ്പുറത്ത് വെച്ചു.

അയാളെ വായനശാല സൂക്ഷിപ്പുകാരൻ എന്ന് തന്നെ വിളിക്കാമെന്നു വെച്ചു. പേര് ചോദിച്ചില്ല.

ഒരു പഴയ കാലിളകിയ മേശപ്പുറത്ത് പേജുകൾ ദ്രവിച്ചുതുടങ്ങിയ നിറം മങ്ങിയ ഒരു രജിസ്റ്റർ കണ്ടു. ദ്രവിച്ച ഭാഗങ്ങൾ അടർന്നു പോവാതെ സൂക്ഷിച്ച് പേജുകൾ മറിച്ചു. മേശവലിപ്പിലുണ്ടായിരുന്ന പഴയ റെയ്നോൾഡ്സ് പേനകൊണ്ട് പേരും അഡ്രസ്സും ഫോൺ നമ്പറും എഴുതി.

''ഏത് പുസ്തകാന്ന് വെച്ചാൽ തിരഞ്ഞെടുത്തോളൂ.''

നിലത്ത് കുന്തിച്ചിരുന്നു. ഭൂരിഭാഗം പുസ്തകങ്ങളുടെയും പേജുകൾ ചിതലും വാലൻ പുഴുവും തിന്ന് തീർത്തിരിക്കുകയാണ്. പുസ്തകങ്ങളിലെ പഴമയുടെ ഗന്ധം ഭൂതകാലത്തിലേക്ക് ഊളിയിട്ടതുപോലെ തോന്നിച്ചു. കുമ്മാളിപ്പാടത്തെ വായനശാലയിൽ ഒരിക്കൽ പുസ്തകമെടുക്കാൻ പോയതാണ്. അമ്മുക്കുട്ടി കൂട്ടുകാരിയുടെ കൂടെ പുസ്തകമെടുക്കാൻ വന്നതായിരുന്നു. കൂട്ടുകാരി കാണാതെ അലമാരിക്ക് പിന്നിൽവെച്ച് അവളെ ആദ്യമായി കെട്ടിപ്പിടിച്ചുമ്മവെച്ചത് എന്തിനെന്നറിയാതെ മനസ്സിലേക്ക് നുരഞ്ഞ് വന്നു.

''എന്താ ആലോചിക്കുന്നത്? പുസ്തകം എടുത്തോളൂ...''

അയാൾ തുണി നനച്ച് അലമാരകളിലെ പൊടി തുടച്ചെടുക്കാൻ തുടങ്ങി.

കിഴവനും കടലും ഏകാന്തതയുടെ നൂറു വർഷങ്ങളും ഒരു ദേശത്തിെന്റ കഥയും ചെമ്മീനും സർവിസ് സ്റ്റോറിയുമെല്ലാം ദയനീയമായി എന്നെയെടുക്കൂ എന്നെയെടുക്കൂ എന്ന് പറയുന്നതുപോലെ തോന്നി.

''ഇവിടെ പഴയ പുസ്തകങ്ങളേ കാണൂ. പുതിയ ലൈബ്രറി കൗൺസിൽ മേളകളിലൊന്നും പോയി പുസ്തകങ്ങൾ വാങ്ങാറില്ല. വാങ്ങിെവച്ചിട്ടെന്താ? സൂക്ഷിക്കാൻ സ്ഥലമില്ല. ആരും പുസ്തകമെടുക്കാനും വരുന്നില്ലല്ലോ.''

ശ്രീകൃഷ്ണ ആലനഹള്ളിയുടെ ഭുജംഗയ്യെന്റ ദശാവതാരങ്ങളും സേതുവിെന്റ പാണ്ഡവപുരവും ഒ.വി. വിജയെന്റ ധർമ്മപുരാണവും ടോൾസ്റ്റോയിയുടെ അന്നകരിനിനയുടെ വിവർത്തനവും തിരഞ്ഞെടുത്തു. രജിസ്റ്ററിൽ പുസ്തകങ്ങളുടെ പേരെഴുതിവെച്ച് മാസ്ക് ശരിയായി വെച്ച് പുറത്തിറങ്ങി. അപ്പോഴും ആ ചെറുക്കൻ പുസ്തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ആദ്യം കൈയിലെടുത്തത് ഭുജംഗയ്യെന്റ ദശാവതാരങ്ങൾ ആണ്. പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്ന സമയത്ത് ആർത്തിയോടെ വായിച്ചിരുന്ന നോവലാണ്. എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം വായനശാലയിലെത്തുമായിരുന്നു, അന്നാണ് വീക്കിലി വരുക. കുമ്മാളിപ്പാടത്തെ വായനശാല അന്ന് ഒരു സാംസ്കാരിക കേന്ദ്രംതന്നെയായിരുന്നു. അധ്യാപകരും സാംസ്കാരിക പ്രവർത്തകരുമെല്ലാം അവിടത്തെ നിത്യ സന്ദർശകരായിരുന്നു. എല്ലാ വർഷവും വായനശാല വാർഷികം കൊണ്ടാടും. വാർഷികാഘോഷത്തിനുള്ള നാടകപഠനമെല്ലാം വായനശാലയിൽതന്നെയായിരുന്നു നടന്നിരുന്നത്. വായനശാല വാർഷികം ആ നാടിെന്റ ഒരു ഉത്സവദിനംതന്നെയായിരുന്നു.

ഭുജംഗയ്യെന്റ ദശാവതാരങ്ങൾ എടുത്ത് ആദ്യ പേജ് മറിച്ചു.

''ഭുജംഗയ്യൻ കവലയിലെത്തിയപ്പോഴേക്കും കോട്ടയിൽനിന്ന് മൈസൂർക്കുള്ള ബസ് വരേണ്ട നേരമായിരുന്നു. മൂന്നു നാലു ഗ്രാമങ്ങളിൽനിന്ന് വന്ന ആളുകൾ അവിടെ ബസ് കാത്തുനിൽപുണ്ട്. കവലയിൽ ഒരു പുളിമരമുണ്ട്. മാദള്ളിക്കാർ മാരിയമ്മെന്റ പുളിമരം എന്നാണ് അതിനെപ്പറ്റി പറയുക. മാദള്ളി വഴി കോട്ട -മൈസൂർ റോഡിൽ ഓടുന്നത് ഒരേയൊരു ബസാണ്. ലിംഗാ ജാംബ മോട്ടോർസ്. ദിവസേന നാല് തവണയാണ് ഇത് മാദള്ളിക്കവലയിലൂടെ കടന്ന് പോവുക. അന്ന് സമയത്തിന് ബസ് വന്നില്ല. കാത്തിരുന്ന് മുഷിഞ്ഞ യാത്രക്കാർ ചൂടു സഹിക്കാതെ പരവശരായി. മഴ കിട്ടാതെ വരണ്ടുണങ്ങിയ ഭൂമി. കുടിക്കാൻ ഒരു തുള്ളി വെള്ളം എവിടെ കിട്ടാനാണ്?

അല്ല, എത്ര ഹോട്ടലുകളാ ഓരോരോ സ്ഥലങ്ങളിൽ ആളുകൾ തുടങ്ങുന്നത്? ഇങ്ങനെ ഉള്ളിടത്ത് എന്താ ഒരെണ്ണം തൊടങ്ങാത്തെ? ദിവസേന ഇത്രയധികം ആളുകൾ വരുന്നതല്ലേ? ഒരാള് ഒരു കാപ്പി വീതം കുടിച്ചാൽ മതി നല്ല കച്ചോടം കിട്ടാൻ.

യാത്രക്കാരിലൊരാൾ പറഞ്ഞത് ഭുജംഗയ്യൻ ശ്രദ്ധിച്ചു. കൃഷിപ്പണിയോടൊപ്പം മറ്റെന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു അയാൾക്ക്. എന്താണ് ചെയ്യേണ്ടത് എന്നതിലെ അവ്യക്തത ആ സംസാരം കേട്ടതോടെ മാറിക്കിട്ടി. കൂട്ടുകാർ കളിയാക്കി. വീട്ടുകാർ കളിയാക്കി. നാട്ടുകാർ മൂക്കത്ത് വിരൽ വെച്ചു. എന്നിട്ടും അയാൾ തെന്റ തീരുമാനത്തിൽ ഉറച്ചുനിന്നു. രണ്ടാഴ്ചക്കകം മാദള്ളിക്കവലയിൽ മാരിയമ്മെന്റ പുളിമരത്തിനരികെ ഭുജംഗയ്യെന്റ ഹോട്ടൽ ശ്രീകെണ്ട ഗണ്ണേശ്വരപ്രസന്ന ഫലാഹാരമന്ദിര പ്രവർത്തനമാരംഭിച്ചു.

ആദ്യ പേജ് വായിച്ച് പുസ്തകം അടച്ചു െവച്ചു. ഈ പേർ മലയാളികൾക്ക് പരിചയമായിട്ട് കാൽ നൂറ്റാണ്ടാവുന്നു.

പുസ്തകങ്ങൾ ൈകയിൽ കിട്ടിയാൽ പിന്നെ പെട്ടെന്ന് വായിച്ച് തീർക്കുന്നതാണ് രീതി.

വായിച്ച പുസ്തകങ്ങൾ തിരിച്ചുകൊടുക്കാനാണ് പിന്നീട് വായനശാലയിൽ പോവുന്നത്. അന്ന് ഭാഗ്യംകൊണ്ട് അത് തുറന്നിട്ടിരുന്നു. റേഷൻ കട അവധിയായിരുന്നു അന്ന്. ചിലപ്പോഴൊക്കെ ചിന്തിച്ചിട്ടുണ്ട്. ഈ വായനശാലയും റേഷൻ കടയും ഒരു റോഡിെന്റ ഇരുവശത്തായി വന്നതെങ്ങനെയെന്ന്? ഒന്ന് വയറിെന്റ വിശപ്പ് മാറ്റാനും മറ്റേത് മനസ്സിന്റെ വിശപ്പ് മാറ്റാനും ഉള്ളതാണ്. അകത്ത് കയറിയപ്പോൾ ആ ചെറുക്കൻ മാത്രമേ അവിടെയുള്ളൂ. അവൻ അലമാരയിൽ എന്തോ തപ്പിക്കൊണ്ടിരിക്കുകയാണ്. എന്തോ കണ്ടെടുക്കാനുള്ള വിശപ്പാണ് അവെന്റ കണ്ണിൽ. അവൻ മുഖത്തേക്ക് നോക്കുന്നേയില്ല. അവനെ സൂക്ഷിച്ച് നിരീക്ഷിച്ചത് അപ്പോഴാണ്. ഇരുണ്ട നിറം, ചുരുണ്ട തലമുടി, മെലിഞ്ഞ ശരീരം. മുണ്ടും ഷർട്ടുമാണ് വേഷം. കൂർത്ത കണ്ണുകളിൽ ആരോടോ ഉള്ള വൈരാഗ്യം നിറഞ്ഞുനിൽക്കുന്നതുപോലെ.

''മറ്റേ ചേട്ടനെവിടെ?''

ചോദ്യം കേൾക്കാഞ്ഞതാണോ എന്നറിയില്ല, അവൻ തിരിച്ചൊന്നും പറഞ്ഞില്ല. ഇനിയെങ്ങാൻ ഊമയാണോ ഇവൻ? സ്വയം പിറുപിറുത്തു. തിടുക്കത്തിൽ കൊണ്ടുപോയ പുസ്തകങ്ങൾ അലമാരിയിൽെവച്ച് തിരിച്ച് പോന്നു.

എന്നാലും ആ പയ്യൻ വല്ലാത്തൊരു ദുരൂഹതയാണല്ലോ. നാളെ തന്നെ അവനെക്കുറിച്ച് കേശവൻ നായരോട് ചോദിക്കണം. വായനശാല നോട്ടക്കാരനില്ലാതെ അവനെങ്ങനെ അതിനുള്ളിൽ കടന്നു? അവനെന്താ ആ അലമാരിയിൽ തപ്പിക്കൊണ്ടിരുന്നത്?

പിന്നീടൊരിക്കൽകൂടി അവനെ കണ്ടു. അന്ന് പശുക്കൾക്ക് കാലിത്തീറ്റയും മറ്റു സാധനങ്ങളും വാങ്ങിയതിന് ശേഷം ടൗൺ ടച്ച് ചെയ്യാതെ ഒരു ഷോർട്ട് വഴിയിലൂടെ വീട്ടിലേക്ക് വരുകയായിരുന്നു. ഒരു വീടിന് മുൻവശത്തുള്ള തോട്ടിൽ ചൂണ്ടലിട്ട് മീൻപിടിക്കുകയായിരുന്നു അവൻ. അവനോടെന്തെങ്കിലും മിണ്ടാമെന്ന് കരുതി സൈക്കിൾ ഒരു തെങ്ങിൽ ചാരിവെച്ച് അടുത്തേക്ക് ചെന്നു.

''ഇന്നെന്താ? റേഷൻ കടയിൽ പോയില്ലേ?'' അവൻ ഒന്ന് നോക്കി. ഒന്നും പറഞ്ഞില്ല.

''നിന്റെ പേരെന്താ?''

''രമേശൻ.''

മുഖത്തേക്ക് നോക്കാതെ അവൻ ചൂണ്ടയിടൽ തുടർന്നു.

ഇനി നിന്നിട്ട് വലിയ കാര്യമൊന്നും ഇല്ലെന്ന് തോന്നിയപ്പോൾ തിരിച്ച് സൈക്കിളെടുത്ത് പോന്നു. വരുന്ന വഴിയിൽ തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞതുപോലെ കേശവൻ നായർ കടയടച്ച് ഉച്ചക്ക് ഉണ്ണാൻ പോവുകയായിരുന്നു.

''കേശോന്നായരേ...ആ ചെക്കൻ ഏതാ?''

''ഏത് ചെക്കൻ?''

''റേഷൻ കടേല് സാധനം എടുത്തുകൊടുക്കണോൻ.''

''ഓ... അവനോ... അവനെ എനിക്കും വലിയ പരിചയമൊന്നും ഇല്ല. കടയിൽ രണ്ടാഴ്ചയേ നിന്നിട്ടുള്ളൂ. റേഞ്ചർ സുഗുണെന്റ ബന്ധുവാണെന്ന് പറഞ്ഞ് അവൻ നിർത്തിയതാണ്. ഒരു ഉത്തരവാദിത്തമില്ലാത്ത ചെക്കനാന്നേയ്... ഇപ്പോ വരാറൂല്ല. എന്തേ പ്പോ നീ ചോദിക്കാൻ കാര്യം?''

''ഏയ്... ഒന്നൂല്ല. വെറുതെ ചോദിച്ചതാ...''


അന്ന് രാത്രി വായിക്കാനെടുത്ത പുസ്തകം ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും വിവർത്തനം ആയിരുന്നു. മുമ്പൊരു തവണ വായിച്ചതാണെങ്കിലും വീണ്ടും വായിക്കാൻ രസമാണ്. അല്ലെങ്കിലും റഷ്യൻ പശ്ചാത്തലത്തിലുള്ള നോവലുകൾ വായിക്കുന്നത് ഹരമാണ്. റഷ്യയിലെ അതി ദരിദ്രമായ കാലഘട്ടത്തിൽ ജീവിതം തള്ളിനീക്കുന്ന റാസ്ക്കോൾ നിക്കോവ് തെൻറ ക്രൂരയായ വീട്ടുടമസ്ഥയെ കൊല്ലുന്നതും ശേഷം സൈബീരിയയിലേക്ക് നാടുകടക്കുന്നതും സ്വയം ശിക്ഷ വിധിക്കുന്നതും വഴി മനുഷ്യജീവിതത്തിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് വിശദീകരണം തേടുകയാണ് ദസ്തയേവ്സ്കി. മനുഷ്യമനസ്സിനെ കീറിമുറിക്കുന്ന ഒരു മനഃശാസ്ത്രജ്ഞനാണ് നോവലിസ്റ്റ് എന്നതിൽ ഒരു തർക്കവുമില്ല. ഒരു കുറ്റവാളിയിലൂടെ കുറ്റം ഉണ്ടാവുന്നതും അത് ചെയ്യാൻ അവൻ കാണുന്ന സിദ്ധാന്തങ്ങളും പ്രത്യയശാസ്ത്രങ്ങളും ഒടുവിൽ സ്വയം ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്യുന്ന ചെറുപ്പക്കാരെന്റ വിവിധ മാനസിക സംഘർഷങ്ങളിലൂടെയാണ് നോവൽ സഞ്ചരിക്കുന്നത്. സാഹചര്യങ്ങളെ പഴിചാരിയതുകൊണ്ട് കുറ്റം കുറ്റമല്ലാതെയാവുന്നില്ല. പട്ടിണി, ദാരിദ്ര്യം എന്നിവ ഒരു പാവപ്പെട്ടവെന്റ ജീവിതം കൊലപാതകംവരെയെത്തിക്കുന്നതും കുറ്റവാളിയും അയാളുടെ മനസ്സും ഒരേപോലെതന്നെ കഥാപാത്രങ്ങളായി മാറുന്നതും കാണാം. റാസ്കോൾ നിക്കോവിനേക്കാൾ കൂടുതൽ ഈ നോവലിൽ അയാളുടെ മനസ്സാക്ഷിയാണ് നിറഞ്ഞുനിൽക്കുന്നതെന്ന് തോന്നി. വായനയുടെ ആലസ്യത്തിലാവാം കൺപോളകൾ കനംതൂങ്ങി.

ഒരു സ്വപ്നത്തിലെന്നതുപോലെ ഇരുട്ടിനെ വകഞ്ഞ് മാറ്റി അരണ്ട ഡൈനാമോ വെളിച്ചത്തിൽ സൈക്കിൾ ചവിട്ടുകയാണ്. ഒട്ടും പരിചിതമല്ലാത്ത, സ്ട്രീറ്റ് ലൈറ്റുകളൊന്നുമില്ലാത്ത വഴിയിലൂടെയാണ് യാത്ര. ദൂരെയായി ഒരു പൊട്ട് വെളിച്ചം കാണുന്നുണ്ട്. ഇടക്ക് ഒരു തവണ ഒരു കല്ലിൽ തട്ടി ബാലൻസ് തെറ്റി സൈക്കിൾ മറിഞ്ഞുവീണു. കൈയിലും കാലിലും പറ്റിയ മൺതരികൾ തട്ടിക്കളഞ്ഞ് എഴുന്നേറ്റ് വീണ്ടും ഊക്കിൽ പെഡൽ ചവിട്ടി. ആ വെളിച്ചം അടുത്തടുത്ത് വന്നു. തൊട്ടടുത്തെത്തിയപ്പോഴാണ് അതൊരു വായനശാലയാണെന്ന് തിരിച്ചറിഞ്ഞത്. ഉള്ളിൽ ഒരു ബൾബിെന്റ തീരെ മങ്ങിയ പ്രകാശമുണ്ട്. വാതിലും ജനലും തുറന്ന് കിടക്കുന്നു. ഉള്ളിൽ ഏതൊക്കെയോ അറിയാത്ത ഭാഷകളിൽ ആരൊക്കെയോ സംസാരിക്കുന്നുണ്ട്. ഇംഗ്ലീഷോ ഫ്രഞ്ചോ റഷ്യനോ എന്നൊന്നും മനസ്സിലാവുന്നില്ല. ഒന്ന് കയറി നോക്കാൻ തീരുമാനിച്ചു. സൈക്കിൾ ചാരിവെച്ച് വരാന്തയിലേക്ക് കയറാൻ നോക്കിയപ്പോഴേക്ക് എവിടെനിന്നോ പൊടുന്നനെ ആർത്തലച്ച് ഒരു മഴയും ഇടിയും മിന്നലും പൊളിഞ്ഞ് ചാടി. തലയിൽ കൈെവച്ച് വേഗം അങ്ങോട്ട് ഓടിക്കയറി. വായനശാലക്കുള്ളിലെ പുസ്തക റാക്കുകൾ കീഴ്മേൽ മറിഞ്ഞ് കിടക്കുകയാണ്‌. ചില പുസ്തകങ്ങളുടെ ഏടുകൾ തനിയെ തുറന്ന് കിടക്കുന്നത് അത്ഭുതത്തോടെ നോക്കി. അതിനുള്ളിൽ ആരെയും കാണുന്നില്ല. പക്ഷേ, ആളുകൾ സംസാരിക്കുന്നത് കേൾക്കുന്നുണ്ട്. ഒന്നുകൂടി കണ്ണു തിരുമ്മി നോക്കി. പൊടുന്നനെ ഒരു ടെലിവിഷൻ സ്ക്രീനിലെന്നതുപോലെ ആൽബർട്ട് കാമൂസിെന്റ ഔട്ട്സൈഡർ എന്ന പുസ്തകത്തിൽനിന്ന് മെർസാൾട്ട് എന്ന കഥാപാത്രം ഇറങ്ങി വന്നു. കണ്ണുകളിൽ അറിവിെന്റ വെളിച്ചം ഉണ്ടെന്ന കാരണത്താലാണത്രെ അയാൾ കൊലചെയ്യപ്പെട്ടത്. വായനക്കാർക്കിടയിൽ സൂപ്പർമാൻ ആയി മാറിയ റാസ്കോൾ നിക്കോവ് നിലത്തിരുന്ന് പൊട്ടിക്കരയുന്നു. സ്വന്തം മനഃസാക്ഷിതന്നെയായിരുന്നു അയാളുടെ പരാജയം. തൊട്ടപ്പുറത്ത് ദിനചര്യകൾ ചെയ്യുന്ന അതേ ശ്രദ്ധയോടെ കൊലപാതകം നടത്തിയ ഭീതിയും തമാശയും ജനിപ്പിക്കുന്ന അമേരിക്കൻ സൈക്കോയിലെ പാട്രിക് ബേറ്റ്മാൻ...ജയിംസ് ഹോഗിെന്റ കഥാപാത്രമായ റിംഗ് ഹിം ഒരു ഭീരുവിനെപ്പോലെ മൂലക്ക് നിൽക്കുകയാണ്. ഇത്ര പേടിത്തൂറികളാണെങ്കിൽ പിന്നെങ്ങനെ ഇവർ കൊലനടത്താൻ പ്രാപ്തരായി? തൊട്ടപ്പുറത്തെ വാതിൽ ആരോ തുറക്കുന്ന ഒച്ച കേൾക്കുന്നു. ഓ... അവിടെയൊരു വാതിലുണ്ടായിരുന്നോ? ആരോ സ്വപ്നത്തിൽ ഇറങ്ങി നടക്കുകയാണല്ലോ. ലേഡി മക്ബത്താണല്ലോ. കൈയിലെ ചോരക്കറ പോവുന്നില്ലെന്നും പറഞ്ഞുകൊണ്ട് അച്ചാലും മുച്ചാലും നടക്കുകയാണ്. പെട്ടെന്ന് ഒരു മിന്നൽ വല്ലാത്ത ശബ്ദത്തോടെ ഭൂമിയിലിറങ്ങി വെട്ടി. ആ വെളിച്ചത്തിൽ രമേശൻ ഒരു പുസ്തകവുമായി വരാന്തയിലിരിക്കുന്നത് കണ്ടു. അത്യാർത്തിയോടെ പുസ്തകത്തിലേക്ക് കണ്ണുനട്ടിരിക്കുന്ന അവൻ ഇങ്ങോട്ട് നോക്കുന്നേയില്ല.

ഞൊടിയിടയിൽ ഒരു ഷോർട്ട് സർക്യൂട്ട് കൊണ്ടെന്നതുപോലെ ആ പുസ്തക കൂമ്പാരങ്ങൾ ആളിക്കത്തി. തീയിൽ പെടാതിരിക്കാൻ കഴിയുംവിധം ഓടി. കണ്ണുകൾ പണിപ്പെട്ട് തുറന്നു.

ഓ... സ്വപ്നമായിരുന്നോ... ഒന്ന് പുറത്തേക്കിറങ്ങി നോക്കി. കറുത്തിരുണ്ട് തൂങ്ങി നിൽക്കുന്ന ആകാശം. എവിടെയോ ആർത്തലച്ച് ചെയ്യുന്നതുപോലെ.

മലക്ക് മുകളിൽ ഉരുൾപൊട്ടലുണ്ടായെന്നും റേഷൻ കടയും വായനശാലയും അടക്കം മലയുടെ താഴ്‌വാരം മുഴുവനും കുത്തിയൊലിച്ച് പോയെന്ന വാർത്തയും കേൾപ്പിച്ചാണ് അന്നത്തെ പ്രഭാതം എല്ലാവരേയും ഞെട്ടിച്ചത്. റേഷൻ കടയിലെ അരിസാമാനങ്ങളും മണ്ണെണ്ണ കാനുകളും സർക്കാറിെന്റ പലചരക്കു കിറ്റിലുള്ള സാധനങ്ങളും വായനശാലയിലെ പുസ്തകങ്ങളും അലമാരകളും ആ ഭാഗത്തുണ്ടായിരുന്ന വീടുകളും എല്ലാം പ്രകൃതിയുടെ താണ്ഡവത്തിൽ ഭൂമിക്കടിയിലായി. എത്ര പെട്ടെന്നാണ് എല്ലാം തലതിരിഞ്ഞ് പോയത്! കൊറോണ ഭീതിക്ക് പുറമെ പ്രകൃതിദുരന്തവും. മനുഷ്യെന്റ മനസ്സിെന്റയും വയറിെന്റയും വിശപ്പാറ്റാനുള്ളവയാൽ ഭൂമി സ്വന്തം വിശപ്പ് മാറ്റിയതാവുമോ? പുഴയിലൂടെ ഒഴുകിവന്ന സാധനങ്ങളുടെയും കൂറ്റൻ ഉരുളൻ കല്ലുകളുടെയും ചളിയുടെയും കൂമ്പാരത്തിനിടയിൽ ഒരു അലമാരയും അലമാരയിൽ അള്ളിപ്പിടിച്ചുകൊണ്ട് ഒരു ചെറുക്കെന്റ മൃതദേഹവും ഉണ്ടായിരുന്നു. അത് രമേശന്റേതായിരുന്നു...

രമേശെന്റ വിശപ്പ് എന്തിനുള്ളതായിരുന്നു?

സ്വപ്നത്തിനും യാഥാർഥ്യത്തിനും ഇടയിലുള്ള ടെലിപ്പതി ആർക്കാണ് വിശകലനം ചെയ്യാനാവുക?