''ഇരുൾത്താര'' -സുസ്മേഷ് ചന്ദ്രോത്തിന്റെ കഥ
1യാത്രക്ക് കൂട്ടുപങ്കാളിയെ ആവശ്യമുണ്ടെന്നു വ്യക്തമാക്കി ആദ്യം പരസ്യംചെയ്തത് മഹാജനാണ്. അയാളുടെ ശ്രദ്ധയിൽ ആ പരസ്യം കൊണ്ടുവന്നതാകട്ടെ താമസസ്ഥലം മാറി ഒരിക്കലും ജീവിച്ചിട്ടില്ലാത്ത അഫ്താബും. അഫ്താബിന് യാത്രപോകണമെന്ന് വളരെക്കാലമായി ആഗ്രഹമുണ്ട്. വിചിത്രമായ സംഗതി എന്താണെന്നുവെച്ചാൽ യാത്രക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി റെയിൽവേ നിലയത്തിലേക്കോ വിമാനത്താവളത്തിലേക്കോ പുറപ്പെടാൻ നിൽക്കുമ്പോൾ അഫ്താബിന്റെ കാതിൽ ആരോ മന്ത്രിക്കും....
Your Subscription Supports Independent Journalism
View Plans1
യാത്രക്ക് കൂട്ടുപങ്കാളിയെ ആവശ്യമുണ്ടെന്നു വ്യക്തമാക്കി ആദ്യം പരസ്യംചെയ്തത് മഹാജനാണ്. അയാളുടെ ശ്രദ്ധയിൽ ആ പരസ്യം കൊണ്ടുവന്നതാകട്ടെ താമസസ്ഥലം മാറി ഒരിക്കലും ജീവിച്ചിട്ടില്ലാത്ത അഫ്താബും.
അഫ്താബിന് യാത്രപോകണമെന്ന് വളരെക്കാലമായി ആഗ്രഹമുണ്ട്. വിചിത്രമായ സംഗതി എന്താണെന്നുവെച്ചാൽ യാത്രക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി റെയിൽവേ നിലയത്തിലേക്കോ വിമാനത്താവളത്തിലേക്കോ പുറപ്പെടാൻ നിൽക്കുമ്പോൾ അഫ്താബിന്റെ കാതിൽ ആരോ മന്ത്രിക്കും. ''ഇന്നു പോകണ്ട'' എന്ന്. അതോടെ അഫ്താബ് യാത്ര നിർത്തിവെച്ച് മുറിക്കുള്ളിൽ കയറിക്കൂടും. ഇതുകാരണം തനിക്കും മക്കൾക്കുംകൂടി പുറംലോകം കാണാൻ പറ്റുന്നില്ലെന്ന് അഫ്താബിന്റെ ഭാര്യ യാസിറ കുറ്റപ്പെടുത്താറുണ്ട്. ഇതുപോലത്തെ ഭീതിയുള്ള ആളാണെന്ന് കല്യാണാലോചനയുടെ സമയത്ത് അറിഞ്ഞിരുന്നെങ്കിൽ താനീ വിവാഹത്തിന് സമ്മതിക്കുമായിരുന്നില്ലെന്നും യാസിറ പലവട്ടം പറഞ്ഞിട്ടുണ്ട്.
അയാൾ അവരുടെ രണ്ടാളുടെയും കൂട്ടുകാരനായിരുന്നതിനാൽ ഏതു യാത്ര കഴിഞ്ഞെത്തിയാലും അവരെ സന്ദർശിക്കും. അഫ്താബ് ഉത്സാഹത്തോടെ യാത്രാവിവരണം കേൾക്കാൻ കാത്തിരിക്കുന്നുണ്ടാവും. യാസിറയും.
യാത്രാവിശേഷം കേട്ടുകഴിയുന്നതോടെ അഫ്താബ് ചൂടുപിടിക്കും. തലയിലേക്ക് ഇരച്ചുകയറിയ ഉശിരോടുകൂടി യാത്രക്കുള്ള പദ്ധതിയിടും. ഇത്തവണ എന്തായാലും എവിടേക്കെങ്കിലും യാത്രപോയിരിക്കും എന്ന് ഉറപ്പിക്കും. അക്കാര്യം അകലെയുള്ള ഉപ്പയെയും ഉമ്മയെയും പെങ്ങന്മാരെയും യാസിറയുടെ ആങ്ങളമാരെയും വിളിച്ചറിയിക്കും. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ഇറങ്ങാൻനേരം വാതിലിനരികിൽെവച്ച് കാതിൽ ആ മന്ത്രണം കേൾക്കുന്നതോടെ അഫ്താബ് യാത്രാപദ്ധതി അവസാനിപ്പിക്കും.
യാസിറ എത്രയോ കരഞ്ഞിരിക്കുന്നു. മക്കൾ എത്രയോ പ്രതിഷേധിച്ചിരിക്കുന്നു. ഒരിക്കലും തന്റെ ഭീതിയെ മറികടക്കാൻ അഫ്താബിന് കഴിഞ്ഞിട്ടില്ല. ഇപ്പോൾ യാസിറ പറയാറുള്ളത് മക്കൾ മുതിർന്നതിനുശേഷം മാത്രമേ താനിനി പുറംലോകത്തെക്കുറിച്ച് ആലോചിക്കുന്നുള്ളൂ എന്നാണ്. അതുകേൾക്കുമ്പോൾ അഫ്താബിന് വിഷമം വരാറുണ്ട്. അഫ്താബിനെ ചികിത്സിച്ചു നോക്കിയ മനഃശ്ശാസ്ത്രജ്ഞരെല്ലാം തോറ്റുപോയതിനുശേഷമാണ് യാസിറ അതു തന്റെ വിധിയായി സ്വീകരിച്ചത്.
തലയിലെ വെള്ളം നനവ് മാറിയ കാലം മുതൽ അയാൾ യാത്രചെയ്യുന്നതാണ്. ഇതിനകം മേഘങ്ങൾക്കിടയിലൂടെ വർണരാജി വിരിയുന്ന ഭൂമധ്യരേഖയും കടലിലെ കാണ്ടാമൃഗനൃത്തവും സസ്യങ്ങൾ മാത്രമുള്ള ദ്വീപുകളും ആറായിരത്തിലേറെ അടി ഉയരത്തിൽ ഉറുമ്പുകൾ തീർക്കുന്ന പിരമിഡുകളും അയാൾ കണ്ടുകഴിഞ്ഞു. മഴവില്ല് ഒടിച്ചുണ്ടാക്കിയ ആദിവാസികളുടെ ഭക്ഷണം മുതൽ ഒട്ടകപ്പാലിൽ വേവിച്ച മീൻമുട്ട വരെ പലതും തിന്നു. മാത്രവുമല്ല, മനുഷ്യാസ്ഥിയിൽ മരച്ചില്ല മുറിച്ചൊട്ടിച്ച് ശരീരത്തിൽ മരം വളർത്തുന്ന അത്ഭുതവിദ്യയും അയാൾ നേരിട്ടു കണ്ടു. അത്തരം മരമനുഷ്യർ പാതി ഉടലും പാതി മരവുമായി വസിക്കുന്ന ദ്വീപിൽ വിശേഷപ്പെട്ട അതിഥിയായി അയാൾ ജീവിച്ചിട്ടുമുണ്ട്. അന്ന് അരക്കുമീതെ പുഷ്പിച്ച ശിഖരമുള്ള ഒരു പെൺകുട്ടിയോടൊപ്പം അയാൾ കുറച്ചുകാലം പാർക്കുകയും ചെയ്തിരുന്നു.
തന്റെ അച്ഛനും അമ്മയും സഹോദരങ്ങളുടെ സംരക്ഷണയിൽ വിദൂരത്തിലെവിടെയോ ഉണ്ടെന്നാണ് അയാൾ പറയാറുള്ളത്. ഒരു ജോലിയും കാര്യമായി എടുക്കാതെ ഇങ്ങനെ നാടുകൾതോറും അലയുന്ന അയാളെ 'ജിപ്സികളുടെ തൊട്ടപ്പൻ' എന്നാണ് അപ്പുവും യാസിറയും ഉൾപ്പെടെയുള്ള കൂട്ടുകാർ വിളിക്കാറുള്ളത്. അഫ്താബാകട്ടെ 'ദൈവത്തിന്റെ തലോടലുള്ള അവധൂതൻ' എന്നാണ് അയാളെപ്പറ്റി പറയാറുള്ളത്. അയാളതെല്ലാം കേട്ടു ചിരിക്കും.
അമ്പതാണ്ടുകൾ പിന്നിട്ടതിനിടയിൽ രണ്ടരലക്ഷം കിലോമീറ്ററിലധികം അയാൾ സഞ്ചരിച്ചുകഴിഞ്ഞു എന്നാണ് കണക്ക്. പലപ്പോഴും തനിയെയാണ് അയാൾ യാത്ര ചെയ്തിട്ടുള്ളത്. അപൂർവമായി സ്നേഹിതരുടെയും യാദൃച്ഛികമായി ചില സംഘങ്ങളുടെയും ഒരിക്കൽമാത്രം അപരിചിതരുടെയും കൂടെ യാത്ര ചെയ്തിട്ടുള്ളതൊഴിച്ചാൽ അയാളുടെ യാത്രകളെല്ലാം ഏകാകിയായിട്ടായിരുന്നു. ദിവസങ്ങളോ മാസങ്ങളോ നീണ്ടുനിൽക്കുന്ന ആ യാത്രകൾ കടലിലൂടെയും കരയിലൂടെയും പർവതങ്ങളിലൂടെയും നദീതീരങ്ങളിലൂടെയും നിബിഡ കാന്താരങ്ങളിലൂടെയും നീണ്ടുനീണ്ടുപോയി. മരുഭൂതലമൊഴിച്ച്.
അതായിരുന്നു അയാൾ സഞ്ചരിക്കാൻ മടിച്ച ഒരേയൊരു സ്ഥലം. വരണ്ട കാറ്റും ചൂടുമുള്ള പ്രദേശങ്ങളെ അയാൾ പേടിച്ചു. പച്ചമരങ്ങളില്ലാത്ത ഒരിടം എന്നത് അയാളുടെ ജീവിതയാത്രയിലെ ലക്ഷ്യമായിരുന്നില്ല.
''അങ്ങനൊരു ഭൂതലത്തിലെത്തിപ്പെട്ടാൽ ഞാൻ ചത്തുപോകും.''
അയാൾ കൂട്ടുകാരോട് പറയാറുണ്ട്. അതുകേൾക്കുമ്പോൾ ചിലരെങ്കിലും മരുഭൂമിയെക്കുറിച്ച് അയാളോട് വർണിക്കാതിരിക്കില്ല. കാടും കടലും പോലെ മികച്ച അനുഭവം പകരാൻ മണൽക്കൂമ്പാരങ്ങൾക്കും കഴിയുമെന്നും അത് അനുഭവിക്കുന്നതുവരെ അതിനെ നിഷേധിക്കേണ്ടെന്നും ചിലരൊക്കെ അറിയിച്ചു. എന്നാൽ തന്നെ തീയിലേക്കിടുന്നതുപോലെയാണ് മരുഭൂമിയെക്കുറിച്ചോർക്കുമ്പോൾ അയാൾക്ക് തോന്നിയത്.
അയാളുടെ ചില പ്രത്യേകതകൾ യാസിറ എഴുതിവെച്ചിട്ടുണ്ട്.
1 യാത്രയിൽ അയാൾ കാമറ ഉപയോഗിക്കാറില്ല.
2 വരക്കാനറിയാമെങ്കിലും കാണുന്ന കാഴ്ചകളുടെ രേഖാചിത്രം തയാറാക്കില്ല.
3 കടന്നുപോയ സ്ഥലങ്ങളെക്കുറിച്ച് കുറിപ്പുകളോ ലേഖനങ്ങളോ വിവരണങ്ങളോ എഴുതില്ല.
4 സഞ്ചരിച്ച ദിക്കുകളിലെ മണ്ണോ വെള്ളമോ ശേഖരിക്കാറില്ല.
5 സഞ്ചാരപഥങ്ങളുടെ ശബ്ദലേഖനവും ചെയ്യാറില്ല.
കൈയിലൊരു നല്ല പെട്ടിയുമായി അയാൾ യാത്ര പോകുന്നതുകണ്ടാൽ ഒട്ടേറെ പണിത്തിരക്കുകളുള്ള ഏതോ ഉയർന്ന ഉദ്യോഗസ്ഥൻ ഔദ്യോഗികാവശ്യത്തിന് പോകുന്നതായിട്ടേ തോന്നുകയുള്ളൂ. അതായിരുന്നു കൂടുതൽ വിചിത്രം.
''എനിക്കോ എങ്ങോട്ടും പോകാൻ കഴിയുന്നില്ല. പോയിട്ടുവരുന്ന നിനക്ക് കണ്ട വിശേഷങ്ങൾ വിസ്തരിച്ചു പറഞ്ഞുകൂടെ എന്നോട്..?''
ആദ്യകാലത്ത് അഫ്താബ് ചോദിച്ചിട്ടുണ്ട്.
''അനുഭവിച്ച കാഴ്ചകൾ ഹൃദയത്തിനുള്ളിലെ ആൽബത്തിൽ ഒട്ടിച്ചുവെക്കാനേ പാടുള്ളൂ. അത് വിവരിക്കാനാവില്ല.''
''എന്തുകൊണ്ട്..?''
''സുന്ദരമായ ഏതൊന്നിനെ വിവരിക്കാൻ ശ്രമിക്കുന്നുവോ ആ നിമിഷം അതിന്റെ സൗന്ദര്യം ചോരാൻ തുടങ്ങും.''
എന്നിട്ടും സഞ്ചാരത്തിലൂടെ കൈവന്ന ജീവിതശീലത്തെപ്പറ്റി നിർബന്ധം സഹിക്കവയ്യാതെ ഒരിക്കൽ അയാൾക്ക് തുറന്നുപറയേണ്ടിവന്നു. ഉടനെതന്നെ അഫ്താബും യാസിറയും അപ്പുവും കേട്ടകാര്യം വിശ്വസിക്കില്ലെന്ന് തലയിളക്കാനും പിറുപിറുക്കാനും തുടങ്ങി.
കടലിലായാലും വനത്തിലായാലും തനിക്ക് ജീവജാലങ്ങളെ സഹയാത്രികരാക്കാൻ കഴിയുമെന്ന വൃത്താന്തമായിരുന്നു അത്. അവർ തനിക്കായി പാട്ടുകൾ പാടുമെന്നും ആ പാട്ടുകളിൽ നമുക്ക് പരിചിതമായ രാഗങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമെന്നും അയാൾ വെളിപ്പെടുത്തി.
കേട്ടിരുന്ന കുട്ടികൾ അത് നുണയാണെന്ന് തർക്കിച്ചു. മുതിർന്നവരും തെളിവില്ലാതെ വിശ്വസിക്കാൻ പ്രയാസമാണെന്ന് സമ്മതിച്ചു. അയാളുടെ പക്കൽ ഒരിളം പുഞ്ചിരിയല്ലാതെ തന്റെ യാത്രാനുഭവങ്ങളെ സമർഥിക്കാൻ മറ്റു തെളിവുകളൊന്നുമുണ്ടായിരുന്നില്ല.
''എങ്കിൽ ഇനിമുതൽ നിന്റെ കൂടെ ആരെയെങ്കിലും ഞങ്ങളയക്കും. ഇതൊക്കെ ശരിയാണോ എന്നറിയാൻ.''
യാസിറ പറഞ്ഞു. അപ്പു ശരിയാണെന്ന മട്ടിൽ തലയാട്ടി.
അയാൾ ഇരുളിലേക്ക് നോക്കി ഒന്നും മിണ്ടാതെ ഇരുന്നു. ഇരുളിൽ മറ്റാരും കാണാതെ നിൽക്കുന്ന ആരോടോ അയാൾ ചിരിക്കുന്നുണ്ടായിരുന്നു.
നീലസമുദ്രത്തിലൂടെ തനിയെ ഒരു യാത്ര നടത്തിയതിനെക്കുറിച്ച് ഒരിക്കൽ അയാൾ വിവരിക്കുമ്പോൾ എഴുപത് കിലോമീറ്ററോളം നീളത്തിൽ വെള്ളിനിറമുള്ള ഒരു ഡോൾഫിൻ തന്നെ പിന്തുടർന്നതിനെക്കുറിച്ച് പറയാതിരുന്നില്ല. തന്റെ ചെറിയ വഞ്ചിയുടെ വശങ്ങളിൽ ഇടക്കിടെ ആ ഡോൾഫിൻ ദേഹമുരക്കുമായിരുന്നു എന്നും തെളിഞ്ഞ പൂനിലാവുണ്ടായിരുന്ന ഒരു രാത്രിയിൽ അത് വഞ്ചിക്കുള്ളിലേക്ക് വഴുതിക്കയറിയെന്നും തുഴ താഴ്ത്തിവെച്ച് മലർന്നുകിടന്ന് ഉറങ്ങുകയായിരുന്ന തന്റെ നെഞ്ചിനുമീതെ ഡോൾഫിൻ അമർന്നു കിടന്നെന്നും ഏതോ ജലകന്യകയോടൊപ്പം സഹശയനം നടത്തിയതിന്റെ സുഖത്തിലും നിർവൃതിയിലുമാണ് പിന്നീട് താനുണർന്നതെന്നും അയാൾ പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. അയാളത് തെളിയിക്കാനുള്ള നടപടികളൊന്നും നടത്തിയതുമില്ല.
കാലാന്തരത്തിൽ അയാളുടെ യാത്രകൾക്ക് ഒരുതരം അവിശ്വസനീയത കൈവന്നു. ചിലരെങ്കിലും അസൂയപ്പെട്ടിട്ടുണ്ടാവണം. മറ്റുചിലർക്ക് രഹസ്യമറിയാനുള്ള കൗതുകമേറിക്കാണണം. കൂട്ടുകാർ അയാളോട് പറഞ്ഞു:
''ഒറ്റയ്ക്കുള്ള യാത്ര മതിയാക്ക്. നിനക്ക് പ്രായം കൂടിവരുന്നു. ഇനി കാട്ടിലും സമുദ്രത്തിലും തനിയെ അലഞ്ഞാൽ ഞങ്ങൾക്കത് സഹിക്കാനാവാതെ വരും.''
ഒരു ഏകാന്തയാത്രികന് ഒരിക്കലും വയസ്സാവുകയില്ലെന്ന് അവരോട് അയാൾക്ക് പറയണമെന്നുണ്ടായിരുന്നു.
അങ്ങനെയാണ് മഹാജന്റെ പരസ്യം അഫ്താബിന്റെ കണ്ണിൽപെടുന്നതും അവർതന്നെ മഹാജനെ വിളിച്ച് അയാളുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞതും. അങ്ങനെയാണ് മഹാജനെ കാണാമെന്ന് അയാൾ തീരുമാനിച്ചത്.
2
റെയിൽവേ നിലയത്തിൽെവച്ചായിരുന്നു അവരുടെ ആദ്യത്തെ കണ്ടുമുട്ടൽ. കൂടിക്കാഴ്ചക്കുള്ള സ്ഥലവും തീയതിയുമെല്ലാം നിശ്ചയിച്ചുവെച്ചത് യാസിറ തന്നെയായിരുന്നു. അയാൾ വടക്കോട്ടുള്ള ഒരു യാത്രയിലായിരുന്നതിനാൽ മഹാജൻ ജീവിക്കുന്ന പട്ടണത്തിൽവെച്ച് കാണാൻ സാധിക്കുമെന്ന് യാസിറ അറിയിച്ചു. അതനുസരിച്ച് അയാൾ മഹാജന്റെ പട്ടണത്തിലിറങ്ങി.
കുറച്ചുനേരം കാത്തുനിന്നപ്പോൾ മഹാജൻ നടന്നുവരുന്നത് കാണാൻ സാധിച്ചു. അൽപം ശങ്കിച്ചും ശരീരത്തെ പിന്നോട്ടു വലിച്ചുപിടിച്ചും പുകയേറ്റ് നീറുന്നതുപോലെ കാണപ്പെട്ട കണ്ണുകളിൽ കൗശലം സൂക്ഷിച്ചും വരുന്ന മഹാജനെ ഒട്ടും തൃപ്തിയില്ലാതെയാണ് അയാൾ സ്വീകരിച്ചത്.
ആദ്യകാഴ്ചയിലെ മഹാജനെ അയാൾക്ക് പിടിച്ചില്ല. അടുത്തുവന്നിരുന്നപ്പോഴാകട്ടെ ചളിപിടിച്ച കാലുകളും വൃത്തിയാക്കി വെക്കാത്തതിനാൽ പരുക്കനായി കാണപ്പെട്ട കൈവെള്ളയും അയാളെ നിവൃത്തികേടിലെത്തിച്ചു. സംസാരിച്ചു തുടങ്ങിയപ്പോഴാകട്ടെ ഒരു സംശയാലുവിന്റെ പോലുള്ള ആത്മവിശ്വാസമില്ലാത്ത സ്വരമാണ് മഹാജന്റെ ഉള്ളിൽനിന്നും പുറത്തേക്ക് വന്നതും. ആകപ്പാടെ നിരാശനായ അയാൾ ഒന്നോ രണ്ടോ ചോദ്യത്തിലൂടെ ആ കൂടിക്കാഴ്ച അവസാനിപ്പിക്കാൻ ആഗ്രഹിച്ചു. എന്നാൽ, പെട്ടെന്നുതന്നെ മഹാജൻ അഭ്യർഥിച്ചത് ഇനിയങ്ങോട്ടുള്ള യാത്രകളിൽ തന്നെയും ഉൾപ്പെടുത്തണമെന്നാണ്.
''കാരണം താങ്കളൊന്നിച്ചുള്ള സഞ്ചാരം എനിക്ക് പുതിയ ലോകം തുറന്നുതരുമെന്ന് ഉറപ്പാണ്.''
മഹാജൻ അറിയിച്ചു.
''വിശ്വാസം കൊള്ളാം. പക്ഷേ, ഒരു സഞ്ചാരി എപ്പോഴും വൃത്തിയും വെടിപ്പും അച്ചടക്കവുമുള്ളവനായിരിക്കാൻ ഞാനാഗ്രഹിക്കുന്നു. മഹാജന് അത് കഴിയുമെന്ന് തോന്നുന്നില്ല.''
ഏകാന്തപഥികനായിരുന്നെങ്കിലും മുഷിഞ്ഞ വേഷത്തിൽ അയാൾ സഞ്ചരിക്കാറുണ്ടായിരുന്നില്ലെന്ന് പറഞ്ഞല്ലോ. മാസങ്ങളും വർഷങ്ങളും അലഞ്ഞിട്ടുവരുമ്പോളും അയാളുടെ ഉടുപ്പുകളും പൊക്കണങ്ങളും മുഖവും ചിരിയും പുതിയതുപോലെ ഇരിക്കുമായിരുന്നു. മഹാജൻ അതെല്ലാം ശ്രദ്ധിച്ചുവെന്നുതോന്നി. കൗശലമൊളിപ്പിച്ച നോട്ടം പിൻവലിച്ചുകൊണ്ട് അങ്ങേയറ്റം വിനീതനായി മഹാജൻ അറിയിച്ചു.
''നോക്കൂ... എനിക്കുണ്ടായ മുൻവിധിയുടെ തകരാറാണിത്. നിരന്തരമായി യാത്രചെയ്യുന്ന ഒരാളെന്നനിലയിൽ താങ്കൾ ശുചിത്വമില്ലാത്തവനും അച്ചടക്കമില്ലാത്തവനുമായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്. എന്തായാലും താങ്കൾക്ക് മതിപ്പുണ്ടാകാനായി ശ്രമിച്ചത് പാളിപ്പോയെന്ന് തിരിച്ചറിയുന്നു. ശരിക്കുമുള്ള രീതിയിലേക്ക് മാറിക്കോളാം. അതായത് താങ്കളെക്കാൾ മോടിയോടെ നടക്കുന്നതാണ് എന്റെ ശീലം.''
അയാൾ ഒന്നും പറഞ്ഞില്ല. മഹാജന്റെ മുൻവിധിയെ കുറിച്ചുള്ള പ്രസ്താവം ശരിയായിരിക്കാമെന്ന് അയാൾക്കും തോന്നി.
അപ്പോൾ അതുവഴിയെ ഒരു പൂച്ച വന്നു. അയാൾ പൂച്ചയെ നോക്കി ചിരിക്കുകയും മ്യാവൂ... എന്ന് സംസാരിക്കുകയും ചെയ്തു. പൂച്ചയും ഒന്നുനിന്നിട്ട് അയാളെ നോക്കുകയും വാൽ പ്രത്യേകമായ വിധത്തിൽ ഒന്നുയർത്തിയിട്ട് മ്യാവൂ... പറയുകയും നടന്നുപോകുകയും ചെയ്തു. അതു കാണാത്തമട്ടിൽ മഹാജൻ തുടർന്നു.
''ഒറ്റയ്ക്കുള്ള യാത്രകൾ എന്നെ വല്ലാതെ മടുപ്പിക്കുന്നു. കൊള്ളാവുന്ന ഒരു കൂട്ടുസഞ്ചാരിക്കായി കാത്തിരിക്കുകയായിരുന്നു ഇതുവരെ. അതു കാരണമാണ് പരസ്യം കൊടുത്തത്.''
''എനിക്കങ്ങനെ ഒരു പ്രശ്നം നാളിതുവരെ ഉണ്ടായിട്ടില്ല.''
''അത് രണ്ടാളൊന്നിച്ച് നടക്കുമ്പോളല്ലേ മനസ്സിലാകുകയുള്ളൂ...''
അയാൾക്ക് സന്തോഷമല്ല നീരസമാണ് അനുഭവപ്പെട്ടത്.
മഹാജന്റെ ജഡകെട്ടിയ മുടിയിലേക്കും കഴുത്തിലും കൈത്തണ്ടയിലുമുള്ള പ്ലാസ്റ്റിക് ആഭരണങ്ങളിലേക്കും വില കുറഞ്ഞ കുപ്പായങ്ങളിലേക്കും നോക്കുകയായിരുന്നു അയാൾ. അതെല്ലാം സഞ്ചാരിയുടെ കാലഹരണപ്പെട്ട വേഷവിധാനങ്ങളായി അയാൾക്ക് തോന്നി. ഒന്നുകിൽ മഹാജൻ ശീലിച്ചുപോയ കാലത്തുനിന്നും ഇറങ്ങിവന്നിട്ടില്ല. അല്ലെങ്കിൽ ഇറങ്ങിവരാൻ കൂട്ടാക്കുന്നില്ല. അതുമല്ലെങ്കിൽ പുതിയ സഞ്ചാരിയുടെ വഴി കാട്ടാനുള്ള ഉപകരണങ്ങളും സൗകര്യപ്രദമായ വേഷങ്ങളും മനസ്സിലാക്കാനായിട്ടില്ല. രണ്ടാമത്തെതാണെങ്കിൽ തനിക്ക് പരിഹരിക്കാനാവുന്നതേ ഉള്ളൂ എന്ന് അയാൾക്ക് തോന്നി. യാസിറയെയും അപ്പുവിനെയും വിഷമിപ്പിക്കേണ്ട എന്നുണ്ടായിരുന്നു അയാൾക്ക്. തന്നെയുമല്ല അവരെല്ലാം പറഞ്ഞുപറഞ്ഞ് തനിച്ചുള്ള യാത്രകൾ താൻ നടത്തിയ കാഠിന്യമേറിയ കുറ്റകൃത്യങ്ങൾപോലെ അയാൾക്ക് തോന്നാനും തുടങ്ങിയിരുന്നു. അതിനാൽ മഹാജനെ പരീക്ഷിക്കാം എന്നായി.
അഫ്താബിന്റെ കാതിൽ വന്ന് ഇന്നു പോകണ്ട എന്നാരോ മന്ത്രിക്കാറുള്ളതുപോലെ അയാളുടെ കാതിൽവന്ന് ''ഈ സഹയാത്രികൻ നിങ്ങൾക്ക് ഇണങ്ങും'' എന്നാരോ മന്ത്രിച്ചിട്ടുണ്ടാവാം. അയാൾ മഹാജനെ നോക്കി ചിരിക്കാൻ ശ്രമിച്ചു.
അപ്പോൾ അതുവഴിയെ ഒരു ചെമ്പോത്ത് വന്നു. നഗരത്തിലെ പൊടിയും ചളിയും പറ്റി അതിന്റെ തൂവലുകളിൽ മുഷിവുണ്ടായിരുന്നു. അയാൾ ചുണ്ടുവളച്ച് ഒരൊച്ചയുണ്ടാക്കി. പിന്നെ തൊണ്ടയുടെ ഉള്ളിൽനിന്നും ഉണ്ടാക്കിയെടുക്കുന്ന മറ്റൊരു ശബ്ദവും. വെറുതെ ഒരു കുശലം പറച്ചിൽ. ഒന്നുനിന്നിട്ട് ചെമ്പോത്തും അതേമട്ടിൽ ഒരൊച്ചയുണ്ടാക്കി.
ആദ്യ കൂടിക്കാഴ്ചയായിരുന്നിട്ടുപോലും ലേശം കോപത്തോടെ മഹാജൻ ചോദിച്ചു.
''വഴിയിലെ പൂച്ചയോടും പക്ഷിയോടും മിമിക്രി കാണിക്കുമ്പോൾ നിങ്ങളുടെ നിലവാരം വല്ലാതെ താഴ്ന്നുപോകുന്നുണ്ട്.''
അതുവരെ കാണാത്ത വേറൊരു മഹാജൻ മുന്നിൽ നിൽക്കുന്നതുപോലെ അയാൾക്കു തോന്നി. ചെമ്പോത്ത് ഒന്നുകൂടി ശബ്ദമുണ്ടാക്കി.
''വഴികാട്ടിയാവാൻ നിശ്ചയിക്കുന്നയാൾ വഴിമുടക്കിയാവരുത്.''
ചെമ്പോത്ത് നൽകിയ സൂചന അതായിരുന്നു.
''ഹോ.. നിങ്ങൾ പക്ഷികളോട് സംസാരിക്കുകയായിരുന്നോ..?''
മഹാജൻ ദേഷ്യത്തോടെ ചോദിച്ചപ്പോൾ അയാൾ തന്റെ വണ്ടിക്ക് സമയമായി എന്നുപറഞ്ഞ് മടുപ്പോടെ എഴുന്നേറ്റു.
അങ്ങനെ ലഭിച്ച ഏതാനും വ്യക്തമായ അടയാളങ്ങൾക്കുശേഷം മഹാജനെ പരീക്ഷിക്കാമെന്ന ആഗ്രഹത്തെ ഉപേക്ഷിക്കാൻ അയാളാഗ്രഹിച്ചു. തന്റെ തീരുമാനം അയാൾ മഹാജനോടും വെളിപ്പെടുത്തി. ദയവായി തന്നെ ഉപേക്ഷിക്കരുതെന്ന മഹാജന്റെ രോദനവും പറയുന്നതെന്തും അനുസരിച്ചുകൊള്ളാമെന്ന അപേക്ഷകളും മാസങ്ങളോളം അയാളെ ശല്യംചെയ്തു. അഫ്താബിന്റെയും യാസിറയുടെയും പിന്തുണയും അതിനുണ്ടായിരുന്നു.
അയാൾ ആശയക്കുഴപ്പങ്ങൾക്ക് അടിപ്പെട്ടുപോയി.
3
മഹാവിപിനത്തിന്റെ ഉള്ളിലൂടെയുള്ള അവരുടെ യാത്ര ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടു.
താൻ പറഞ്ഞതൊന്നും അനുസരിക്കാൻ മഹാജൻ തയാറാകാത്തതിെൻറ നീരസം നല്ലതുപോലെ അയാളിലുണ്ടായിരുന്നു. തന്നെയുമല്ല കൂട്ടുയാത്രയിൽനിന്നും താൻ ഒഴിവാക്കാനാഗ്രഹിച്ചിട്ടും ഒഴിഞ്ഞുപോകാതെതന്നെ സമ്മർദത്തിലാക്കാൻ മഹാജൻ നടത്തിയ ശ്രമങ്ങളെ കാലം ചെല്ലുന്തോറും അയാൾക്ക് മുടിഞ്ഞ കൗശലമെന്നല്ലാതെ മറ്റൊന്നുമായിട്ട് തോന്നുന്നുമുണ്ടായിരുന്നില്ല.
കാട്ടിലൂടെ നടക്കുമ്പോൾ നിർത്താതെ സംസാരിച്ചുകൊണ്ടേയിരിക്കുന്നതായിരുന്നു മഹാജന്റെ ഒന്നാമത്തെ മോശം സ്വഭാവം. പലതവണ അയാൾ നിശ്ശബ്ദനാകാൻ അപേക്ഷിച്ചുനോക്കി. കുറച്ചുനേരത്തെ അനുസരണക്കുശേഷം മഹാജൻ കലപില തുടങ്ങും.
യാത്രക്കിടയിൽ പുൽമേടും അരുവിയും മറികടക്കുന്നതിനിടെ ഒരുകൂട്ടം നീലശലഭങ്ങൾ അയാളെ അനുഗമിച്ചു. മഹാജന് അതുകണ്ടിട്ട് ഈർഷ്യയാണ് തോന്നിയത്.
''എന്തിനാണ് ഈ വിഷശലഭങ്ങൾ നിങ്ങളുടെ കൂടെ വരുന്നത്..?''
''അതിനു വിഷമുണ്ടെന്ന് മഹാജനോട് ആരു പറഞ്ഞു?''
''എനിക്കറിയാം, അത് ശരീരത്തിൽ വിഷമുള്ള പ്രത്യേകതരം പുഴുക്കളാണ്. ചിറകുണ്ടെന്നു കരുതി പൂമ്പാറ്റയാണെന്ന് വിചാരിക്കരുത്.''
ശല്യം സഹിക്കവയ്യാതായപ്പോൾ അയാൾക്ക് നീലപ്പൂമ്പാറ്റകളോട് മടങ്ങിപ്പൊയ്ക്കൊള്ളാൻ പറയേണ്ടിവന്നു. പൂമ്പാറ്റക്കൂട്ടം പുൽമേടിനു മുകളിലൂടെ അകലേക്ക് പോയി. നവ്യമായ ഒരനുഭവമാണ് തനിക്ക് നഷ്ടമായതെന്ന് അയാൾക്ക് സ്പഷ്ടമായി.
''നിങ്ങൾ ആ നാശങ്ങളോട് തിരിച്ചുപോകാൻ പറഞ്ഞപ്പോഴാണോ അവ മടങ്ങിയത്... അതുമല്ല, നിങ്ങൾക്കവരോട് സംസാരിക്കാനും കഴിയുമോ... ഇതെന്തുകൊണ്ട് എന്നിൽനിന്നും മറച്ചുവെച്ചു..?''
മഹാജൻ ചോദിച്ചപ്പോൾ അയാൾ ഉത്തരം പറഞ്ഞില്ല. താനൊരു കള്ളത്തരം തുടരുന്നതായിട്ടാണ് മഹാജൻ വിചാരിക്കുന്നതെന്ന് നിനച്ചപ്പോൾ അയാൾക്ക് സഹതാപംപോലൊരു വികാരം മഹാജനോടുണ്ടായി.
ലക്ഷ്യമില്ലാത്ത മനോഹരമായ യാത്ര അലമ്പാക്കാൻ ഇതുപോലൊരു കൂട്ടു മതി എന്ന് അയാൾക്ക് ഉറപ്പായി. അയാൾക്ക് തന്നെ വിട്ടകന്ന പാടുന്ന പക്ഷികളെയും ശലഭങ്ങളെയും നിരാശയോടെ ഓർക്കേണ്ടിവന്നു.
യഥാർഥത്തിൽ മഹാജൻ ആരാണെന്ന് അയാൾ ആദ്യമായി ആലോചിച്ചു. എന്തിനാണ് തന്റെ കൂടെ യാത്രക്കൊരുങ്ങിയതെന്നും. അതിനുശേഷം അയാൾ മഹാജനിൽനിന്നും അകന്നു നടക്കാനാരംഭിച്ചു. ജീവിതത്തിൽ കിട്ടിക്കൊണ്ടിരുന്ന യോഗാത്മകമായ മാനസസഞ്ചാരവും അനുഭൂതികളും എന്നെന്നേക്കുമായി തന്നിൽനിന്നും എടുത്തുമാറ്റിയത് ആരാണെന്ന് ആ നടത്തത്തിനിടയിൽ അയാളാലോചിച്ചു. അഫ്താബിനെയും അപ്പുവിനെയും യാസിറയെയും ഒന്നും കുറ്റപ്പെടുത്താൻ അയാൾക്ക് കഴിഞ്ഞില്ല. മുഷിഞ്ഞതും തണുത്തതുമായ വേഷത്തിലും ശൈലിയിലും മഹാജൻ മുന്നിൽ വന്നുനിന്നപ്പോൾതന്നെ യാത്രയിൽനിന്നും ഒഴിവാക്കേണ്ടതായിരുന്നു. എന്തുകൊണ്ടാണ് അന്നു തനിക്ക് ഉറച്ചൊരു തീരുമാനമെടുക്കാനാവാതെ പോയതെന്ന് അയാളാലോചിച്ചു.
ഒരു പ്രത്യേകരൂപത്തിൽ തലക്കു മുകളിലായി ഉരുണ്ടുകൂടിയ മേഘങ്ങളുടെ ഭാഷ അയാൾ വായിച്ചത് അതിനുശേഷമാണ്. ''കഴിഞ്ഞത് കഴിഞ്ഞതാണ്'' എന്നായിരുന്നു അത്.
ദിവസങ്ങളും മാസങ്ങളും പിന്നിട്ടപ്പോൾ അയാൾക്കൊരു കാര്യം വ്യക്തമായി. തന്നെ സദാ അനുഗമിച്ചുകൊണ്ടിരുന്ന യാതൊന്നും ഇപ്പോൾ കൂടെയില്ല. മുമ്പൊക്കെ സഞ്ചാരപാത വിദ്യാലയംപോലെയും വിനോദകേന്ദ്രംപോലെയും മായാജാലസദസ്സുപോലെയും തോന്നുമായിരുന്നെങ്കിൽ ഇപ്പോഴത് വിജനമായ പാത മാത്രമായിട്ടാണ് തോന്നുന്നത്. ഇരുമ്പും കല്ലും എല്ലും മുള്ളും നിറഞ്ഞ അനാകർഷകമായ വഴിത്താര.
നടത്തത്തിനിടയിൽ ഗുഹ കണ്ടപ്പോൾ അയാൾ അങ്ങോട്ടു കയറി. കൽച്ചുമരിൽ തല ചായ്ച്ച് അയാളിരുന്നു. ഗുഹക്കു മുന്നിലെ മരത്തിലിരുന്ന് ഏതോ കിളി പാടുന്നുണ്ടായിരുന്നു. കുറച്ചുനേരം പാട്ട് കേട്ടുകൊണ്ടിരുന്നപ്പോൾ അറിയാതെ അയാൾ ചോദിച്ചുപോയി.
''അത് ശ്യാമയല്ലേ..?''
മഹാജൻ വേഗം എഴുന്നേറ്റിരിക്കുകയും അയാളെ രൂക്ഷമായി നോക്കുകയും ചെയ്തു.
''ശ്യാമയോ... അതൊരു പെണ്ണിന്റെ പേരല്ലേ... ഹഹ... നിങ്ങളാളു കൊള്ളാമല്ലോ മച്ചാനെ.''
അയാൾ നടുങ്ങിപ്പോയി. സംസാരം കേട്ടിട്ടാവണം കിളി മടുപ്പോടെ പറന്നകലുകയും ചെയ്തിരുന്നു. അണ്ണാക്കിലും പല്ലുകളിലും നാക്ക് മുട്ടിച്ചുകൊണ്ട് നിരന്തരം സംസാരിക്കുന്ന മഹാജൻ കേൾക്കേണ്ടത് കേൾക്കുന്നില്ലെന്നും പറയേണ്ടത് പറയുന്നില്ലെന്നും വളരെവേഗം അയാൾക്ക് മനസ്സിലായി.
അയാൾക്ക് മടുപ്പോടെ പറയേണ്ടിവന്നു.
''നമ്മളൊന്നിച്ചുള്ള യാത്ര എനിക്കു തീരെ ആനന്ദം പകരുന്നില്ല. മഹാജനും അങ്ങനെ തന്നെയാണെന്ന് വിചാരിക്കുന്നു. വേണമെങ്കിൽ താങ്കൾക്ക് മടങ്ങിപ്പോകാവുന്നതാണ്.''
മഹാജൻ അയാളെ നോക്കിയിട്ട് വിലങ്ങനെ തലയാട്ടി. എന്നിട്ട് പരിഹാസം ചോരാത്ത ഭാവത്തിലും ഭാഷയിലും പുലമ്പി.
''കൂടെയുള്ള ആളെ നാലടി അകലത്തിൽ നടത്തുകയും ഒന്നും പങ്കുവെക്കാതിരിക്കുകയും ചെയ്യുമ്പോൾ ആർക്കായാലും യാത്ര വിരസമാകും.''
അവരുടെ ഒന്നിച്ചുള്ള നടത്തത്തിനിടയിൽ നാലോ അഞ്ചോ അടിയുടെ അകലം പതിവായിക്കഴിഞ്ഞിരുന്നു. ഒന്നിച്ചുള്ള സംസാരവും ഇല്ലാതായിക്കഴിഞ്ഞിരുന്നു. ആ വിഷയത്തെക്കുറിച്ച് അയാൾക്ക് തർക്കിക്കണമോ വേണ്ടയോ എന്ന് സംശയമായി. അയാൾ തിരിഞ്ഞുനിന്നിട്ട് മഹാജന്റെ കണ്ണുകളിലേക്ക് നോക്കി. എന്നിട്ടു ചോദിച്ചു.
''കാട്ടിലെ മനോഹരമായ പാട്ടുകൾ കേൾക്കാൻ മഹാജൻ ഒരിക്കലും തയാറായിട്ടില്ല. കൈതപ്പൂ വിശറിയുമായി വരുന്ന കാറ്റിനെ അറിയാത്ത സഞ്ചാരിയുണ്ടാകുമോ..?''
മഹാജൻ അയാളെ തറച്ചുനോക്കി. എന്നിട്ട് മുരളുംപോലെ അറിയിച്ചു.
''പാട്ടാസ്വദിക്കുന്നില്ലെന്ന് ആരു പറഞ്ഞു..? അതുപക്ഷേ, നിങ്ങൾ ചെവിെവച്ചു കൊടുക്കുന്നതുപോലെ നത്തിന്റെയും മൂങ്ങയുടെയും ചെങ്കീരിയുടെയും വൃത്തികെട്ട ഒച്ചകൾക്കല്ല.''
അയാൾ തീർത്തും നിരാശനായി. വഴിയിലെ കല്ല് ചവിട്ടിത്തെറിപ്പിച്ചുകൊണ്ട് മഹാജൻ ക്രുദ്ധനായി പറഞ്ഞു.
''നിങ്ങൾ കൂട്ടുകൂടുന്നത് കാട്ടിൽ കാണുന്ന നാനാജാതി വസ്തുക്കളോടാണ്. എന്നോടല്ല. ഈ യാത്രയിൽ ഞാൻ നിങ്ങളുടെ ആരുമല്ല. എനിക്കതു മനസ്സിലായി.''
തന്റെ സ്വസ്ഥതയും സന്തോഷവും മൂളിപ്പാട്ടുകളും ചുണ്ടിലെ പുഞ്ചിരിയും എവിടെപ്പോയെന്ന് അയാളാലോചിച്ചു. സൂര്യപ്രകാശം കാണുമ്പോൾ മനസ്സനുവദിച്ചിരുന്ന ആഹ്ലാദമെവിടെ..? ഇതെന്തൊരു യാത്രയാണ്.
''ഒന്നുകൂടി ചോദിക്കട്ടെ, എന്തിനാണ് ഈ ജീവികളെല്ലാം എന്നെ അവഗണിച്ച് നിങ്ങളുടെ പിന്നാലെ വരുന്നത്... അവയുടെ ഭാഷ നിങ്ങളെന്നിൽനിന്നും ഒളിച്ചുവെക്കുന്നതെന്തിന്..? അന്നാ പൂച്ചയും ചെമ്പോത്തും നിങ്ങളോടു പറഞ്ഞതെന്താണ്..?''
അയാൾ ഒന്നും പറഞ്ഞില്ല. തലയുയർത്തി ഒന്നും കാണാതെ വെറുതെ നടക്കുകമാത്രം ചെയ്തു. അപ്പോളയാൾ അഫ്താബിനെക്കുറിച്ചും യാസിറയെക്കുറിച്ചും വീണ്ടും ആലോചിച്ചു. അയാൾക്ക് ആരെയും കുറ്റപ്പെടുത്താനും കഴിഞ്ഞില്ല. അഫ്താബും അപ്പുവും യാസിറയും തന്റെ നന്മ മാത്രമാണ് ലക്ഷ്യമാക്കിയത്. ഒരു സഹയാത്രികൻ എന്നാൽ വെറുമൊരു കൂട്ടുയാത്രക്കാരൻ മാത്രമല്ലെന്നും വഴികാട്ടിയാണെന്നും ഇടക്കിടെ അപ്പു പറഞ്ഞുകൊണ്ടിരുന്നല്ലോ.
ജീവിതകാലം മുഴുവൻ ജനിച്ചുവളർന്ന അതേ വീട്ടിൽ താമസിക്കുന്ന അഫ്താബും അതുകൊണ്ടുമാത്രം പുറംലോകം നിഷേധിക്കപ്പെട്ട യാസിറയും ആരുടെ ഇരകളാണെന്ന് അയാൾ ആലോചിച്ചുനോക്കി. അതുപോലെ ഭാര്യയെയും മക്കളെയുംകൂട്ടി സന്തോഷത്തോടെ യാത്ര ചെയ്യുന്ന അപ്പുവിനെയും കൂടെ വരാൻ താൽപര്യം കാണിക്കാത്ത ഭാര്യയെ ഒഴിവാക്കി ഒറ്റക്കു യാത്രചെയ്യുന്ന അവരുടെ മറ്റൊരു കൂട്ടുകാരനെയും അയാൾ ഓർക്കാതിരുന്നില്ല.
അയാൾക്ക് ആദ്യമായി വനവും യാത്രയും മനോഹരമല്ലാതായി തോന്നി.
4
വർഷങ്ങൾ പിന്നിട്ടപ്പോൾ താനിനി പുറംലോകത്തേക്ക് മടങ്ങുമായിരിക്കില്ല എന്നു അയാൾക്ക് തോന്നാൻ തുടങ്ങി. തന്നെയുമല്ല മഹാജൻ തന്നെ മനസ്സില്ലാമനസ്സോടെ പിന്തുടരുകയാണെന്ന് അയാൾക്ക് ഉറപ്പായി. അങ്ങനെയല്ല താൻ നിവൃത്തികേടോടെ മഹാജനെ നയിക്കുകയാണെന്ന് അയാൾ സ്വയം തിരുത്തി. പരമമായ ആ സത്യത്തോടൊപ്പം ചേർന്ന് നടക്കുകയേ അയാൾക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ.
ഏകാന്തമായ യാത്രകളിൽ പ്രപഞ്ചം തനിക്ക് അനുവദിച്ചുതന്നിരുന്ന സൗഖ്യങ്ങളും അതിശയം നിറഞ്ഞ അനുഭവങ്ങളും ഇനി ലഭിക്കുകയില്ലെന്ന് അയാൾക്കുറപ്പായി. തനിക്കിപ്പോൾ നിരാശ ബാധിച്ച മനുഷ്യന്റെ ആലോചനകൾ മാത്രമേയുള്ളൂവെന്നും യാത്രയുടെ ഭാഗമായ ആയാനുഭവങ്ങളൊന്നും താൻ ഉള്ളിലേക്ക് സ്വീകരിക്കുന്നില്ലെന്നും മുമ്പങ്ങനെയായിരുന്നില്ലെന്നും അയാൾ മനസ്സിലാക്കി.
ചോലയിലെ വെള്ളത്തിന്റെ നിറം മഞ്ഞയിലേക്ക് മാറ്റുന്ന മരക്കൂട്ടങ്ങളെയോ തെളിഞ്ഞ വെയിലിൽ മഴ പെയ്യിക്കുന്ന മേഘങ്ങളെയോ ഇപ്പോൾ കാണാൻ കഴിയുന്നില്ല. അവരൊക്കെ തന്നെ ഉപേക്ഷിച്ചതായി അയാൾ തിരിച്ചറിഞ്ഞു. പ്രകാശവും ഇരുളും വെള്ളവും നിലാവുമെല്ലാം അതിന്റെ വീര്യം ചോർത്തിയ മട്ടിലാണ് തന്നിലേക്കെത്തുന്നത്. അയാൾക്ക് നിരാശപ്പെടാതിരിക്കാനായില്ല. ഏതിനും സഹയാത്രികനായ മഹാജന്റെ സാന്നിധ്യമാണ് കാരണമെന്ന് അയാൾക്കുറപ്പുണ്ടായിരുന്നു. എന്നിട്ടും കാട്ടുപാത അയാളെ പിടിച്ചു നടത്തിച്ചു. അതിനാൽ വനം തീർന്നുപോകരുതേ എന്ന് അയാളാഗ്രഹിച്ചു.
കാറ്റും മഴയും വെയിലും അനവധി കഴിഞ്ഞുപോയപ്പോൾ അവിചാരിതമായി വഴിയിൽ ഒരു കുഴി കാണാനായി. കുഴിയുടെ നീളവും വീതിയും കണ്ടപ്പോൾ അതേതോ വഴിയാത്രികന്റെ ശവം മറവുചെയ്ത സ്ഥലമാണെന്ന് അയാൾക്ക് മനസ്സിലായി. അയാളക്കാര്യം മഹാജനോട് പറയുകയും ചെയ്തു. വേഗം അവിടം വിട്ടുപോകണമെന്ന് മഹാജൻ ആവശ്യപ്പെട്ടു. എന്നാൽ, കുഴി മൂടാതെ യാത്ര തുടരുന്നത് മുൻഗാമികളോട് കാണിക്കുന്ന ബഹുമാനനിഷേധമാകുമെന്ന് അയാൾ വാദിച്ചു. മനസ്സില്ലാമനസ്സോടെ മഹാജൻ അയാളുടെ പ്രവൃത്തികൾക്ക് കാവൽ നിന്നു.
നടത്തത്തിന്റെ സുദീർഘമായ ചരിത്രത്തിനിടയിൽ അനവധി സഞ്ചാരികൾ ഉല്ലസിച്ചും കരഞ്ഞും പേടിച്ചും കടന്നുപോയ വഴിയാണതെന്ന് അയാൾക്കറിയാമായിരുന്നു. ഏതു പാതയുടെ താഴെയും കരിയിലകളാൽ മൂടിക്കിടക്കുന്നത് മുന്നേ പോയവരുടെ ചവിട്ടടിപ്പാടുകളാണ്. ലക്ഷ്യമെത്തും മുന്നേ സ്വാഭാവികമായി ചത്തുപോയവരും അസ്വാഭാവികമായി കൊല്ലപ്പെട്ടവരും പിന്നെ വരുന്നവർക്ക് കാണാവുന്നവിധത്തിൽ വീണുകിടക്കുന്നത് സഞ്ചാരിയുടെ മുന്നിലെ സാധാരണ കാഴ്ചയാണ്. അങ്ങനെ കാണുന്ന തലയോടുകളെയും അസ്ഥികളെയും മാന്യമായി സംസ്കരിച്ച് ആദരിക്കുക എന്നതും പിന്നാലെ വരുന്നവരുടെ കർത്തവ്യമാണ്. അയാൾ കടലിലും മഞ്ഞുമലകളിലും താഴ്വാരങ്ങളിലും അത്തരം അവശിഷ്ടങ്ങൾ പലവുരു കണ്ടിട്ടുണ്ട്. ആദരവോടെ അവയെ അടക്കം ചെയ്തിട്ടുമുണ്ട്.
അയാൾ ആഴത്തിൽ കുഴി മാന്തി. കുഴിയിൽ രണ്ടുപേരുടെ അസ്ഥികൂടങ്ങൾ അയാൾ കണ്ടു. കഴുത്തിൽ കൈ ചുറ്റി തമ്മിൽ പിണഞ്ഞ നിലയിലായിരുന്നു അസ്ഥികൂടങ്ങൾ. പോരടിച്ചു മരിച്ചവരുടെ അടയാളമാണതെന്ന് ആരും പറയേണ്ടതില്ലായിരുന്നു. രണ്ടും ആണാണോ അതോ പെണ്ണാണോ അതോ ആണും പെണ്ണുമാണോ എന്നൊന്നും തീർച്ച പറയാനാവുമായിരുന്നില്ല. അയാൾ കുറേനേരം മൗനമായി കുഴിയുടെ വക്കിൽ നിന്നു. ഇരട്ട മൃതദേഹങ്ങളുടെ ഈ കാഴ്ച കാണുന്നതിനാണ് താൻ ഇക്കാലമത്രയും ജീവിച്ചതെന്ന് അയാൾക്ക് ഉറപ്പായി.
താൻ സഞ്ചരിക്കേണ്ട ദൂരമത്രയും അയാൾക്ക് ഓർമ വന്നു. ഒരു നെടുവീർപ്പുപോലും വിടാൻ തനിക്കാവുന്നില്ലെന്ന് അയാൾക്ക് മനസ്സിലായി. അയാൾ തിരിഞ്ഞ് മഹാജനെ നോക്കി. തണുത്തു ശൂന്യമായ മിഴികളോടെ അയാളെയും നോക്കി അകലെ ഒരു കല്ലിൽ മഹാജൻ ഇരിപ്പുണ്ടായിരുന്നു. അയാളുടെ നിഴലിനെപ്പോലെ.
താനും മഹാജനും ഈ യാത്ര ആരംഭിക്കും മുമ്പ് നടത്തിയ ഉടമ്പടിയിലെ കരാറുകളും തീരുമാനങ്ങളും യാസിറയുടെയും അഫ്താബിന്റെയും അപ്പുവിന്റെയും മുന്നിലിരുന്ന് മഹാജൻ നിർവഹിച്ച വാഗ്ദാനങ്ങളും ഒരു മാറ്റൊലിയുടെ ഓർമപോലെയായിത്തീർന്നത് അയാൾ തിരിച്ചറിഞ്ഞു. എല്ലാം എന്നോ കഴിഞ്ഞതുപോലെ...
ഒരു രാത്രിയുടെ അവസാനത്തിലാണ് അത് സംഭവിച്ചത്. നല്ല നിലാവുണ്ടായിരുന്നു. അയാൾ നോക്കുമ്പോൾ മാനത്ത് കുറേ നിഴൽരൂപങ്ങളെ കണ്ടു. അയാൾ അതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചയായിരുന്നു അത്. സായാഹ്നരശ്മികൾ വിടാതെ പിടിച്ച മേഘങ്ങളാണോ പിണങ്ങിപ്പോയ ജീവജാലങ്ങളുടെ മടങ്ങിവരവാണോ അതെന്ന് അയാൾക്ക് കൃത്യമായില്ല. വാനനിരീക്ഷകനെപ്പോലെ അയാൾ മേലേക്കു നോക്കിനടക്കുന്നതു കണ്ടപ്പോൾ മഹാജൻ ദേഷ്യപ്പെട്ട് പ്രസ്താവിച്ചു.
''എന്നെയെന്തിനാണ് നിങ്ങളിങ്ങനെ ബുദ്ധിമുട്ടിക്കുന്നത്..? നിങ്ങൾക്കെന്നെ നോക്കിക്കൂടെ...''
അയാൾ നിന്നു. തന്റെ കൈവശം ഒരു കഠാരയുണ്ടായിരുന്നെങ്കിലെന്ന് ജീവിതത്തിലാദ്യമായി അയാളോർത്തു. അയാൾക്ക് നിരാശ തോന്നി. അത് കത്തി ഇല്ലാത്തതിലായിരുന്നില്ല, കത്തി ഉണ്ടായിരുന്നാലും തനിക്കത് പ്രയോഗിക്കാൻ കഴിയുകയില്ലെന്ന് മനസ്സിലായിട്ടാണ്.
മൗനമായ നിമിഷങ്ങൾക്കിടയിൽ ദൂരം ചതഞ്ഞുചത്തു. അഗാധമായ അന്ധകാരത്തെ ക്ഷണിച്ച് നിലാവ് മാഞ്ഞു. മഹത്തായതും വിപുലമായതുമായ മഹാവനം അവസാനിച്ചു. അയാൾ പകപ്പോടെ മുന്നിലേക്ക് നോക്കി. അതുവരെ മേഘങ്ങൾക്കിടയിലൂടെ പിന്തുടർന്നുകൊണ്ടിരുന്ന രൂപങ്ങളും മാഞ്ഞുപോയി.
ദൂരെയായി മരുഭൂമി ആരംഭിക്കുന്നതിന്റെ തുടക്കം അയാൾ നടുക്കത്തോടെ കണ്ടു.