''ഇരുട്ടിനാൽ മൂടപ്പെട്ടവർ''; പി.കെ പാറക്കടവിന്റെ കഥ
ഇരുട്ടിനാൽ മൂടപ്പെട്ടവർ എന്ന ഈ കഥ വിദേശത്ത് താമസിക്കുകയും എന്നാൽ ഏറെക്കാലം നാടുമായുള്ള ബന്ധം മനസ്സിൽ സൂക്ഷിക്കുകയുംചെയ്ത ഒരാളുടെ ചരിത്രമാണ്. ഏറെ കാലത്തിനുശേഷം അയാൾ നാട്ടിലേക്ക് വരുകയാണ്. വിദേശത്ത് എവിടെയാണെന്ന് ചോദിച്ചാൽ വിദേശത്ത് എവിടെയുമാകാം. ഗൾഫിലോ സിംഗപ്പൂരിലോ അമേരിക്കയിലോ യൂറോപ്യൻ രാജ്യങ്ങളിലോ എവിടെയും ആകാം. അത് കൃത്യമായി കഥയിൽ...
Your Subscription Supports Independent Journalism
View Plansഇരുട്ടിനാൽ മൂടപ്പെട്ടവർ എന്ന ഈ കഥ വിദേശത്ത് താമസിക്കുകയും എന്നാൽ ഏറെക്കാലം നാടുമായുള്ള ബന്ധം മനസ്സിൽ സൂക്ഷിക്കുകയുംചെയ്ത ഒരാളുടെ ചരിത്രമാണ്.
ഏറെ കാലത്തിനുശേഷം അയാൾ നാട്ടിലേക്ക് വരുകയാണ്. വിദേശത്ത് എവിടെയാണെന്ന് ചോദിച്ചാൽ വിദേശത്ത് എവിടെയുമാകാം. ഗൾഫിലോ സിംഗപ്പൂരിലോ അമേരിക്കയിലോ യൂറോപ്യൻ രാജ്യങ്ങളിലോ എവിടെയും ആകാം. അത് കൃത്യമായി കഥയിൽ പറയുന്നില്ല. അത്രയും കൃത്യത ഇവിടെ ഈ കഥക്ക് ആവശ്യമില്ല.
''വിമാനം കയറുമ്പോൾ ഏറെ സന്തോഷത്തിലായിരുന്നു. ഒരുപാട് കാലത്തിനുശേഷമാണ് നാട്ടിലേക്ക്. നാടുമായുള്ള ബന്ധം എങ്ങനെയാണ് അറുത്തു മാറ്റപ്പെട്ടത് എന്നറിയില്ല. ഉറക്കമില്ലാത്ത രാത്രികളിലൊക്കെ മനസ്സിൽ ചോര പൊടിഞ്ഞിരുന്നു എന്നത് നേര്. അതാരും അറിഞ്ഞില്ലെന്നു മാത്രം.'' അങ്ങനെയാണ് കഥ തുടങ്ങുന്നത്.
ഇനി കഥ വികസിക്കുന്നത് രണ്ടു കളിക്കൂട്ടുകാരെക്കുറിച്ചുള്ള നമ്മുടെ കഥാനായകന്റെ ഓർമകളിലൂടെയാണ്. അവരുടെ പേരുകൾ പ്രധാനപ്പെട്ടത് തന്നെയാണ്. ഒരാൾ ദേവദാസും മറ്റൊരാൾ സുലൈമാനും.
ഇവരെ കാണുകയും പഴയ കുട്ടിക്കാലത്തെ വികൃതികളും കളികളും ഓർത്തു ചിരിച്ചുല്ലസിച്ചു മനസ്സിന്റെ ഭാരം ലഘൂകരിക്കുകയും ചെയ്യുക എന്നത് ഈ വരവിൽ പ്രത്യേകം മനസ്സിൽ കരുതിയതാണ്. അങ്ങനെയല്ല പറയേണ്ടത്. ഈ വരവ് തന്നെ അതിനാണ്.
അവരുടെ രണ്ടുപേരുടെയും തോളിൽ ൈകയിട്ടു പഴയ ഇടവഴികളിലൂടെ കുട്ടിക്കാലത്തിന്റെ ഓർമകൾ കൊറിച്ച് ഒന്ന് നടക്കണം.
അവർ രണ്ടുപേരുമാണല്ലോ ആത്മസുഹൃത്തുക്കൾ എന്ന് പറയാനുള്ളത്. ബാക്കി ഏറെ ആളുകളൊന്നുമായി വലിയ ബന്ധമൊന്നും ഈ കഥാപുരുഷന് ഇല്ല എന്നുകൂടി പറഞ്ഞുവെക്കേണ്ടതുണ്ട്.
വൈകുന്നേരമാണ് എയർപോർട്ടിൽനിന്ന് നേരേ വീട്ടിലെത്തുന്നത്. രാത്രിതന്നെ സുഹൃത്തുക്കളുടെ വീട്ടിലെത്തണം. മുൻകൂട്ടി പറയേണ്ട. ഒരു സഡൻ സർപ്രൈസ്.
വീട്ടുകാർ ചോദിച്ചു: ''വൈകീട്ട് വന്നല്ലേയുള്ളൂ. ഇന്ന് പൂർണവിശ്രമമെടുക്കൂ. നാളെ പോയാൽ പോരെ കൂട്ടുകാരെക്കാണാൻ?''
''പറ്റില്ല. ഇന്ന് തന്നെ ദേവദാസിനെയും സുലൈമാനേയും കാണണം.'' അയാൾ പറഞ്ഞു.
സന്ധ്യ കഴിഞ്ഞേയുള്ളൂ... ആദ്യം പോയത് ദേവദാസിന്റെ വീട്ടിൽ. ചായ തന്നു വിദേശത്തെ കാര്യങ്ങളൊക്കെ തന്നോട് അന്വേഷിച്ചിരുന്നെങ്കിലും എവിടെയോ ഒരു അപരിചിതത്വം. ഇടക്ക് ദേവദാസിനെ കാണാനെത്തിയ ചിലരുമായി ദേവദാസ് മുറ്റത്തിന്റെ ഒരു മൂലയിൽ കൊണ്ടുപോയി എന്തൊക്കെയോ രഹസ്യം പറയുന്നുണ്ട്.
പഴയ ദേവദാസല്ലിത്. സുലൈമാനും താനും ദേവദാസുമൊത്ത് മൂവരുടെയും വീട്ടിൽ ഓണവും പെരുന്നാളും ഒന്നിച്ചാഘോഷിച്ച പഴയനാളുകൾ ഓർമവന്നു.
ആകൃതിയിലല്ലെങ്കിലും ദേവദാസ് രൂപാന്തരം പ്രാപിച്ചിട്ടുണ്ടെന്നു ചുരുങ്ങിയ സമയംകൊണ്ട് തന്നെ തിരിച്ചറിയാനാവുന്നുണ്ട്. സുലൈമാനെക്കുറിച്ച് എന്തൊക്കെയോ പറയുന്നുണ്ട്. വിദ്വേഷപ്രചാരണത്തിൽ മുന്നിൽ നിൽക്കുന്ന ഈ ദേവദാസ് എന്റെ കളിക്കൂട്ടുകാരൻ ദേവദാസേയല്ല.
അയാൾ മനസ്സിൽ നിനച്ചു. ദേവദാസിനു ഇനിയീ കളിക്കൂട്ടുകാരനെ വേണ്ട. സൗഹൃദംപോലും മതത്തിന്റെ കള്ളി തിരിച്ചു കാണുന്ന പഴയ സുഹൃത്തിന് ഒരുവേള ഈ മുന്നിൽ നിൽക്കുന്ന ഞാൻ അർബൻ നക്സലോ രാജ്യദ്രോഹിയോ ആകാം.
പെട്ടെന്ന് തന്നെ വീട്ടിൽനിന്ന് ഇറങ്ങാൻ തീരുമാനിച്ചപ്പോൾപോലും ഒരു തണുത്ത മൂളൽ മാത്രം.
നേരേ പോയത് സുലൈമാന്റെ വീട്ടിൽ. വീട് പുതുക്കി പണിതിരിക്കുന്നു. പഴയ സുഹൃത്തിനെ സൽക്കരിച്ചശേഷം സുലൈമാൻ പറയാൻ തുടങ്ങി:
''നീ ദേവദാസിന്റെ വീട്ടിൽ പോയതേ തെറ്റ്. അവൻ നമ്മുടെ ശത്രുവാണിപ്പോ. അവരുടെ പ്രവർത്തനത്തെ അതേ രീതിയിൽ സായുധമായി നേരിടണം. ശക്തികൊണ്ടേ ഇതിനെ നേരിടാനാവൂ.'' സംസാരത്തിനിടയിൽ സുലൈമാനെത്തേടിയും ചില അപരിചിതർ. ഇരുട്ടിൽ അവരുടെ പതുങ്ങിയ ശബ്ദം.
സത്യത്തിൽ, മറ്റേതോ ഗ്രഹത്തിൽനിന്നെത്തിയ ഒരാളാണ് താനെന്നു അയാൾക്ക് തോന്നി. ദേവദാസിന്റെയും സുലൈമാന്റെയും ഭാഷ അയാൾക്ക് മനസ്സിലാവുന്നേയില്ല.
അയാളുടെ ഉള്ളിൽ പഴയ കുട്ടിക്കാലവും നാട്ടിൽ ഒന്നിച്ചു തിമിർത്താടി രസിച്ച കാലവും ഭൂതകാലത്തിൽനിന്ന് അപ്പോഴും എത്തിനോക്കുന്നുണ്ടായിരുന്നു.
പടിയിറങ്ങും നേരം അയാൾ മനസ്സിൽ പറഞ്ഞു.
പ്രിയപ്പെട്ട രണ്ടു കൂട്ടുകാർ മരിച്ചുപോയിരിക്കുന്നു.
ദൂരെ എവിടെനിന്നോ വിശുദ്ധഗ്രന്ഥത്തിലെ വരികൾ അയാൾ മാത്രം കേട്ടു.
''ദൈവത്തിൽനിന്ന് അവരെ രക്ഷപ്പെടുത്താൻ ആരും ഉണ്ടായിരിക്കുകയില്ല.
അവരുടെ മുഖങ്ങൾ രാവിന്റെ മൂടുപടമണിഞ്ഞതുപോലെ ഇരുട്ടിനാൽ മൂടപ്പെട്ടിരിക്കും.''
●