ഒരു പന്തയത്തിന്റെ അന്ത്യം
ഒരു റെഫ്രിജറേറ്ററിലെന്നപോലെ ശീതീകരിച്ച കാറിന്റെ ഗ്ലാസുകളിലെ വെള്ളത്തുള്ളികൾ ജോസഫിന്റെ ൈഡ്രവിങ് ദുഷ്കരമാക്കി. എ.സി ഓഫാക്കണമെന്നും ചുരുങ്ങിയത് തണുപ്പ് കുറയ്ക്കണമെന്നും അയാൾ ആഗ്രഹിച്ചിരുന്നു. പക്ഷേ, പിൻസീറ്റിലിരിക്കുന്ന വിനോദ് എബ്രഹാം എന്ന കൊമ്പൻമീശക്കാരനായ അമ്പത് വയസ്സുകാരൻ അതിന് അനുവദിക്കുന്ന മട്ടില്ല. ജോസഫിനും അയാളുടെ തന്നെ പ്രായവും പൊതുമരാമത്ത് വകുപ്പിൽ അയാളെപ്പോലെ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിൽ ആയിട്ടും ഇപ്പോൾ വിനോദിനെ അനുസരിച്ചേ മതിയാകൂ. | ചിത്രീകരണം: ചിത്ര എലിസബത്ത്അക്വിലസ്: ഒരു പന്തയത്തിൽ ഒരാൾ ജയിക്കുന്നത് എപ്പോഴാണ്?ആമ:...
Your Subscription Supports Independent Journalism
View Plansഒരു റെഫ്രിജറേറ്ററിലെന്നപോലെ ശീതീകരിച്ച കാറിന്റെ ഗ്ലാസുകളിലെ വെള്ളത്തുള്ളികൾ ജോസഫിന്റെ ൈഡ്രവിങ് ദുഷ്കരമാക്കി. എ.സി ഓഫാക്കണമെന്നും ചുരുങ്ങിയത് തണുപ്പ് കുറയ്ക്കണമെന്നും അയാൾ ആഗ്രഹിച്ചിരുന്നു. പക്ഷേ, പിൻസീറ്റിലിരിക്കുന്ന വിനോദ് എബ്രഹാം എന്ന കൊമ്പൻമീശക്കാരനായ അമ്പത് വയസ്സുകാരൻ അതിന് അനുവദിക്കുന്ന മട്ടില്ല. ജോസഫിനും അയാളുടെ തന്നെ പ്രായവും പൊതുമരാമത്ത് വകുപ്പിൽ അയാളെപ്പോലെ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിൽ ആയിട്ടും ഇപ്പോൾ വിനോദിനെ അനുസരിച്ചേ മതിയാകൂ. | ചിത്രീകരണം: ചിത്ര എലിസബത്ത്
അക്വിലസ്: ഒരു പന്തയത്തിൽ ഒരാൾ ജയിക്കുന്നത് എപ്പോഴാണ്?
ആമ: ഏറ്റവും മുന്നിലുള്ളയാളെ മറികടക്കുമ്പോൾ? താങ്കൾക്ക് എന്നെ ഒരിക്കലും മറികടക്കാൻ സാധിച്ചില്ലല്ലോ?
അക്വിലസ്: സീനോ എന്നെ മറികടക്കാൻ സമ്മതിച്ചില്ല. എങ്കിലും ഞാനാണ് ഓട്ടപ്പന്തയം ജയിച്ചത്.
അക്വിലസിന്റെ വാക്കുകൾ, പക്ഷേ ആമ ശ്രദ്ധിച്ചതേയില്ല. അതിന് സീനോ എന്ന ഗ്രീക്ക് തത്ത്വചിന്തകനെ വിശ്വാസമായിരുന്നു.
ഒരു റെഫ്രിജറേറ്ററിലെന്നപോലെ ശീതീകരിച്ച കാറിന്റെ ഗ്ലാസുകളിലെ വെള്ളത്തുള്ളികൾ ജോസഫിന്റെ ൈഡ്രവിങ് ദുഷ്കരമാക്കി. എ.സി ഓഫാക്കണമെന്നും ചുരുങ്ങിയത് തണുപ്പ് കുറയ്ക്കണമെന്നും അയാൾ ആഗ്രഹിച്ചിരുന്നു. പക്ഷേ, പിൻസീറ്റിലിരിക്കുന്ന വിനോദ് എബ്രഹാം എന്ന കൊമ്പൻമീശക്കാരനായ അമ്പത് വയസ്സുകാരൻ അതിന് അനുവദിക്കുന്ന മട്ടില്ല. ജോസഫിനും അയാളുടെ തന്നെ പ്രായവും പൊതുമരാമത്ത് വകുപ്പിൽ അയാളെപ്പോലെ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിൽ ആയിട്ടും ഇപ്പോൾ വിനോദിനെ അനുസരിച്ചേ മതിയാകൂ.
നഗരത്തിലെ ഓഫീസുകൾ ഉണരുന്നതിനുമുമ്പ് തെളിഞ്ഞ പ്രഭാതത്തിൽ തിരക്കേറി വരുന്ന റോഡുകളിലൂടെ കാറ് ഓടിക്കുമ്പോൾ എങ്ങോട്ടാണ് പോകുന്നത് എന്ന് ജോസഫിന് നിശ്ചയമില്ലായിരുന്നു. പിൻസീറ്റിലിരിക്കുന്ന വിനോദ് നിർദേശിക്കുന്ന വഴികളിലൂടെ സഞ്ചരിക്കുക മാത്രമാണ് അപ്പോഴത്തെ പോംവഴി. ജോസഫ് കാറിന്റെ നടുവിലുള്ള കണ്ണാടിയിലൂടെ പിൻസീറ്റിന്റെ ഭാഗികമായ കാഴ്ച കണ്ടു. നഗരം ചുറ്റിക്കാണുന്ന ഒരു രാജാപാർട്ടിനെപ്പോലെ മീശപിരിച്ച് തല ഉയർത്തി വിനോദ് പുറംകാഴ്ചകൾ കണ്ട് രസിക്കുകയാണ്. കാറ് ഒരു നാൽക്കവലയിലെ സിഗ്നൽ പോയന്റിലെ ചുവപ്പ് വെളിച്ചത്തിന്റെ ആജ്ഞാശക്തിക്കു മുന്നിൽ ഓച്ചാനിച്ചുനിന്നു.
‘‘വിനോദേ, ഇനി എവിടേക്കാണ്?’’
ജോസഫ് ചോദിച്ചു.
‘‘വലത് വശത്തേക്ക്.’’
പച്ച സിഗ്നലിന്റെ ദയാവായ്പിനായി കാത്തിരിക്കുമ്പോൾ ജോസഫ് വിനോദിനെ ആദ്യമായി പരിചയപ്പെട്ട ദിവസത്തെപ്പറ്റി ആലോചിച്ചു.
‘‘ഏതൊരു സംഭവവും അത് നടന്ന സ്ഥലവും കാലവുമായി ബന്ധിതമാണെങ്കിലും അക്വിലസിന്റെയും ആമയുടെയും കഥ അത്തരം കെട്ടുപാടിൽനിന്ന് മോചിതമാണ്. അക്വിലസും ആമയും തമ്മിൽ നടന്ന മത്സരത്തിന്റെ കാര്യത്തിൽ സ്ഥലവും കാലവും അപ്രസക്തമാകുന്നതിൽ അത്ഭുതപ്പെടാനില്ല. ഒരു ഭാരതീയ നാടോടിക്കഥയിൽ ആമയും മുയലും പന്തയം വെക്കുകയും ആത്മവിശ്വാസംകൊണ്ട് മത്സരത്തിനിടക്ക് ഉറങ്ങാൻ കിടന്ന മുയലിനെ പതിയെ സഞ്ചരിക്കുന്ന ആമ തോൽപ്പിച്ചതും എല്ലാവർക്കും ഓർമയുണ്ടാകുമല്ലോ? മത്സരം കഴിഞ്ഞ് ഉറങ്ങാമായിരുന്നിട്ടും മുയലിനെ ഉറക്കത്തിന്റെ ചതിയിൽപെടുത്തിയത് ഒരു സാരോപദേശം മെനയാനുള്ള കഥപറച്ചിലുകാരന്റെ ദുഷ്ടലാക്കാണെന്ന് ആർക്കും എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ, സീനോ എന്ന ഗ്രീക്ക് തത്ത്വചിന്തകൻ നടത്തിയ പന്തയം യുക്തിഭദ്രമാണ്. നിങ്ങൾ മറ്റെന്ത് മറുയുക്തി പ്രയോഗിച്ചാലും േട്രാജൻ യുദ്ധത്തിൽ പൊരുതാനുള്ള കരുത്തുണ്ടായിരുന്ന ദൃഢഗാത്രനായ അക്വിലസിനെ ആമ ഓടിത്തോൽപിക്കുന്നത് കാണാൻ സാധിക്കും.’’
വിനോദ് എറണാകുളത്ത് നിന്ന് സ്ഥലംമാറി കോഴിക്കോട്ടെത്തി ക്വാർട്ടേഴ്സിൽ താമസമാക്കിയ ആദ്യദിവസം ഒരു മദ്യപാന പാർട്ടി നടത്തിയിരുന്നു. അതിലേക്ക് അതേ ഓഫീസിലെ മറ്റ് രണ്ട് അസിസ്റ്റന്റ് എൻജിനീയർമാർ എന്ന കാരണത്താൽ ജോസഫിനെയും മജീദിനെയും ക്ഷണിച്ചു. മദ്യം തലയ്ക്ക് പിടിച്ചപ്പോൾ വിനോദിന്റെ സംഭാഷണത്തിന്റെ സ്വാഭാവികത മുറിഞ്ഞു. അയാളുടെ നാവ് മദ്യപാനസദസ്സിന്റെ ലാളിത്യം ഭംഗിക്കുന്ന ആശയങ്ങളുമായി നീന്തിത്തുടിച്ചു. സ്വീകരണമുറിയിലെ പൊടിപിടിച്ചു കിടന്ന മേശ വലിച്ചിട്ട് അതിന്റെ ഒരു മൂല നനഞ്ഞ തുണികൊണ്ട് തുടച്ച് വൃത്തിയുള്ള ഒരു ചെറിയ ദ്വീപ് സൃഷ്ടിച്ചാണ് അവർ മദ്യക്കുപ്പി നിരത്തിയത്. ഓരോരുത്തരും രണ്ട് പെഗ് അവസാനിപ്പിച്ച് അടുത്ത റൗണ്ടിലേക്ക് കടക്കാനായി വോഡ്കയുടെ ബോട്ടിൽ തുറന്ന് ഒഴിക്കുന്നതിനിടയിൽ വിനോദാണ് സ്ഥലകാലങ്ങളുടെ സംഭ്രമങ്ങളിലേക്ക് സംഭാഷണങ്ങൾ തിരിച്ചുവിട്ടത്.
തുടർച്ചയായ ഇരിപ്പിന്റെ വിരസതയകറ്റാൻ ജോസഫ് കസേരയിൽനിന്ന് എഴുന്നേറ്റ് ക്വാർട്ടേഴ്സിലെ ജനലിനടുത്തേക്ക് നടന്നു. അത് കാര്യമാക്കാതെ പെയിന്റ് അടർന്നു തുടങ്ങിയ ഭിത്തികളെ ഇളക്കുന്ന ശബ്ദത്തിൽ വിനോദ് തുടർന്നു.
‘‘അക്വിലസും അവന്റെ കാലിനേക്കാൾ ചെറിയ ആമയും തമ്മിൽ ഒരു പന്തയം നിശ്ചയിച്ചു. വലിപ്പക്കുറവ് കാരണം ആമയെ നൂറ് മീറ്റർ മുന്നിൽ നിർത്തി ദൂരത്തിന്റെ ആനുകൂല്യം നൽകിയാണ് മത്സരം ആരംഭിച്ചത്. അക്വിലസിന്റെ വേഗത്തിന്റെ പത്തിലൊന്ന് വേഗം മാത്രമുള്ള ആമ തോൽക്കുമെന്ന് ഉറപ്പായിരുന്നു. അത്തരം മത്സരങ്ങളാണല്ലോ ലോകത്തെവിടെയും സംഭവിക്കാറുള്ളത്. ബലവാൻ ദുർബലനോട് മത്സരിക്കുക എന്ന വിനോദത്തിന്റെ വിസിൽ മുഴങ്ങി. രണ്ടുപേരും ഒരേസമയം ഓട്ടം തുടങ്ങി. അക്വിലസ്, ആമ ഓട്ടം തുടങ്ങിയ സ്ഥലത്ത് എത്താനായി, പത്തു മീറ്റർ ദൂരം ഓടിയെത്തിയപ്പോഴേക്കും ആമ പത്ത് മീറ്റർ മുന്നോട്ട് ഇഴഞ്ഞ് നീങ്ങിയിരുന്നു. അക്വിലസ് ആ നൂറ് മീറ്റർ ഓടിയെത്തിയപ്പോഴേക്കും ആമ ഒരു മീറ്റർ മുന്നിലെത്തിയിരുന്നു. തുടർന്ന് ആമ ഒരു സെന്റിമീറ്റർ മുന്നിലെത്തി. അങ്ങനെ ഓരോ ശ്രമത്തിലും ആമ ഒരു ചെറിയ ദൂരം അക്വിലസിന്റെ മുന്നിൽതന്നെ ആയിരുന്നു. എത്രവട്ടം ഈ പ്രക്രിയ തുടർന്നാലും ആമ ദൂരത്തിന്റെ വളരെ ചെറിയ ഒരംശമെങ്കിലും മുന്നിൽ തന്നെയായിരിക്കും. ഒടുവിൽ ഈ മത്സരത്തിൽ ആമ ജയിച്ചു.’’
കഥയുടെ കൗതുകത്തിൽ ജോസഫ് പഴയ കസേരയിൽ വന്നിരുന്നു. വിനോദും മജീദും ജോസഫിനെ കാത്തുനിൽക്കാതെ ഗ്ലാസ് ചുണ്ടിനോട് അടുപ്പിച്ച് കഴിഞ്ഞിരുന്നു.
‘‘ഇയാളിതെന്ത് മണ്ടത്തരമാ പറയുന്നത്?’’
വിനോദിന്റെ ശ്രദ്ധ തെറ്റിയ തക്കത്തിന് മജീദ് ജോസഫിന്റെ ചെവിയിൽ ചോദിച്ചു. ജോസഫ് അതിന് ഉത്തരം പറയാതെ മേശപ്പുറത്തുെവച്ച പ്ലേറ്റിലെ കടല വായിലിട്ട് കൊറിച്ചു.
‘‘ഇയാളുടെ ഭാര്യയും മകളും അടുത്താഴ്ച വരുമെന്നല്ലേ പറഞ്ഞത്. പിന്നെ ഈ ഇടപാട് കാണില്ലായിരിക്കും. മേലാൽ എന്നെ ഈ പരിപാടിക്ക് വിളിക്കരുത്.’’
മജീദ് ഒരു താക്കീതുപോലെ ജോസഫിന്റെ ചെവിയിൽ പറഞ്ഞു. വിനോദ് സീനോ എന്ന ഗ്രീക്ക് തത്ത്വചിന്തകന്റെ ഒരു വിരുദ്ധോക്തി മദ്യമേശമേൽ വിളമ്പിയതുകൊണ്ടായിരുന്നില്ല മജീദ് അങ്ങനെയൊരു തീരുമാനം പറഞ്ഞത്. വിനോദിന്റെ പെരുമാറ്റത്തിൽ എന്തോ പന്തികേടുണ്ടെന്ന് മജീദിന് ആ സന്ദർഭത്തിൽതന്നെ തോന്നിയിരുന്നു.
‘‘സത്യത്തിൽ ദുർബലർ ജയിക്കുന്നത് ഇങ്ങനെ അപൂർവം ചില സന്ദർഭങ്ങളിൽ മാത്രമാണ്. വാഗ്വാദയുക്തിയിൽ അവർ ജയിക്കുന്നെങ്കിലും യഥാർഥത്തിൽ ആരാണ് ജയിക്കുന്നത്?’’
സംഭാഷണം തുടരുമ്പോൾ അയാൾ മുറിയിൽ അലക്ഷ്യമായി െവച്ച ഒരു പെട്ടിയിൽനിന്ന് ഏതാനും പുസ്തകങ്ങൾ പുറത്തെടുത്ത് ചുമരിലെ ഷെൽഫിലേക്ക് വെക്കുകയായിരുന്നു. പുസ്തകങ്ങളിൽ വിശേഷിച്ച് താൽപര്യമില്ലെങ്കിലും ജോസഫ് പെട്ടിയിലേക്ക് കണ്ണയച്ചു. പുസ്തകങ്ങൾക്കിടയിൽ ഒരു കറുത്ത തോക്ക്. കുട്ടികളുടെ കളിപ്പാട്ടമാണെന്നാണ് ജോസഫ് ആദ്യം കരുതിയത്. പക്ഷേ ജോസഫിന്റെ നോട്ടം പെട്ടിയിലേക്ക് തെന്നിയെന്ന് സംശയിച്ച് വിനോദ് പെട്ടി പെട്ടെന്ന് അടച്ചുകളഞ്ഞു. തോക്ക് ആരുടെയെങ്കിലും കാഴ്ചയിൽ പെട്ടിട്ടുണ്ടോ എന്ന് ഉറപ്പിക്കാനെന്നവണ്ണം അയാൾ രണ്ടു പേരെയും മാറിമാറി നോക്കി.
‘‘കഥകളിൽ മാത്രമേ ദുർബലർ ജയിക്കാറുള്ളൂ.’’
അർഥംെവച്ച് വിനോദ് പറഞ്ഞു. ആ മദ്യപാന സദസ്സ് ഒരു വണ്ടി പെട്ടെന്ന് േബ്രക്കിട്ട് നിർത്തിയതുപോലെ അവസാനിച്ചു. ജോസഫും മജീദും ക്വാർട്ടേഴ്സിൽനിന്ന് പുറത്തുകടന്നു. ദുർബലർ ജയിക്കുന്നു എന്ന് യുക്തികൊണ്ട് സ്ഥാപിച്ചെടുക്കുമ്പോൾ അത് വിശ്വസിക്കുകയും അടുത്ത നിമിഷം അത് മാറ്റിപ്പറയുകയും ചെയ്യുന്ന വിനോദിന്റെ വിചിത്ര വിചാരങ്ങളെപ്പറ്റി ക്വാർട്ടേഴ്സിലെ വെളിച്ചമില്ലാത്ത വഴിയിലൂടെ കാറിനടുത്തേക്ക് നടക്കുമ്പോൾ ജോസഫ് ആലോചിച്ചു. പിന്നീട് ഒരിക്കലും അവർ ഒന്നിച്ച് മദ്യപിച്ചില്ല. പക്ഷേ ഒരേ ഓഫീസിലെ ജീവനക്കാർ എന്നനിലയിൽ മാത്രം പരസ്പരം സംസാരിക്കുകയും ഇടപെടുകയും ചെയ്തു.
സിഗ്നലിൽ പച്ച തെളിഞ്ഞു. വേഗത്തിലെത്താനായി ക്രമവും നിയമങ്ങളും തെറ്റി ഓടിക്കുന്ന വാഹനങ്ങളെ സ്പർശിക്കാതിരിക്കാൻ ആകാവുന്നത്ര ശ്രദ്ധിച്ച് ജോസഫ് വലത് ഭാഗത്തേക്ക് കാർ തിരിച്ചു. ഹാർഡ് വെയർ സാധനങ്ങളും പൈപ്പ് ഫിറ്റിങ്ങുകളും ഇലക്ട്രിക് സാധനങ്ങളും വിൽക്കുന്ന കടകൾ പിന്നിട്ട് കാറ് മുന്നോട്ടു ചലിച്ചു. കാറിന്റെ എയർകണ്ടീഷൻ വിൻഡോകളിൽനിന്ന് പുറത്തു വന്ന തണുത്ത കാറ്റ് ജോസഫിന്റെ വിരലുകളെ മരവിപ്പിച്ചു. പിന്നിലെ യാത്രികന്റെ നിർദേശങ്ങൾക്കനുസരിച്ച് മുന്നോട്ടു പോയിക്കൊണ്ടിരുന്ന കാർ, ഒരു കുറ്റാന്വേഷണ സിനിമയുടെ ഉദ്വേഗം നിറഞ്ഞ കഥ അവസാനിക്കുംപോലെ മജീദ് താമസിക്കുന്ന ക്വാർട്ടേഴ്സിനടുത്തെത്തി.
‘‘ഇവിടെ നിർത്തൂ.’’
കാറിന്റെ എ.സി ശബ്ദത്തിന്റെ തീവ്രതയെ മറികടക്കുന്ന ആ കാർ ക്വാർട്ടേഴ്സിനുള്ളിലെ ഒഴിഞ്ഞ ഭാഗത്തേക്ക് നിർത്തി. വിനോദ് കണ്ണടയെടുക്കാൻ മറന്നതിനാൽ മൊബൈൽ ഫോൺ മുഖത്തോടടുപ്പിച്ച് മജീദിന്റെ നമ്പർ പരതി കണ്ടെത്തി. മൊബൈൽ സ്ക്രീനിൽനിന്നുള്ള നീലിച്ച പ്രകാശം അയാളുടെ മുഖത്തെ, ക്രൂരത അഭിനയിക്കുന്ന സുന്ദര വില്ലന്റെ ദൃശ്യത്തെ ഓർമിപ്പിച്ചു. ആ കാഴ്ചകളെല്ലാം നടുവിലെ വീതികുറഞ്ഞ കണ്ണാടിയിലെ പ്രതിബിംബത്തിലൂടെ ജോസഫ് കണ്ടു. വിനോദിന്റെ തലയുടെ പാതിഭാഗം മാത്രമേ കാണുന്നുള്ളൂ എങ്കിലും ജോസഫ് തിരിഞ്ഞു നോക്കിയില്ല.
‘‘മജീദേ, ഞങ്ങളെത്തി.’’
സ്നേഹമസൃണമായ സ്വരം. എങ്കിലും അതിക്രൂരമായ ഏതോ കർമത്തിനുവേണ്ടിയുള്ള പദ്ധതിയിലാണ് വിനോദ് എന്ന് ജോസഫിന് നേരിയ ഒരു സംശയമുണ്ടായിരുന്നു. ഈ സംഭവം ഏതെങ്കിലും ഒരു സിനിമയിലായിരുന്നുവെങ്കിൽ ജോസഫ് കാറിൽനിന്ന് ഇറങ്ങി ഓടുകയോ വിനോദിനെ അടിച്ച് താഴെയിടുകയോ ചെയ്യുമായിരുന്നു. പക്ഷേ, അത് അത്യന്തം അപകടകരമാണ് എന്ന് അയാൾക്ക് ഉള്ളിലൊരു തോന്നലുണ്ടായിരുന്നു. മാത്രമല്ല അപ്പോഴത്തെ അവസ്ഥയുടെ യഥാർഥരൂപം, അത് വെറുമൊരു നേരംപോക്കാണോ അഥവാ വല്ല കടുംകൈയും ചെയ്യാനുള്ള പുറപ്പാടാണോ എന്നൊന്നും തീർച്ചയാക്കാനും സാധിച്ചിട്ടില്ല. കാർ രണ്ട് മിനിറ്റ് മാത്രമേ അവിടെ നിർത്തിയിടേണ്ടതായി വന്നുള്ളൂ. ഒരു ദുരന്തത്തിലേക്ക് ഓടിക്കയറാനുള്ള ആവേശത്തോടെ മജീദ് എന്ന നൂലുപോലെ നേർത്ത മനുഷ്യൻ ക്വാർട്ടേഴ്സിന്റെ പടികളിറങ്ങി കാറിനുനേരെ കിതച്ചുകൊണ്ട് വന്നു. മജീദ് കാറിനടുത്തെത്തിയപ്പോൾ കാറിന്റെ മുൻവശത്താണോ പിൻവശത്താണോ കയറേണ്ടത് എന്ന് ഒരു നിമിഷം ശങ്കിച്ചപ്പോൾ മുൻവശത്തെ ഒഴിഞ്ഞ സീറ്റ് വിനോദ് ചൂണ്ടിക്കാണിച്ചു. മജീദ് കാറിന്റെ വാതിൽ തുറന്ന് അകത്ത് കയറി സീറ്റിൽ തൊട്ടപ്പോൾ അപ്രതീക്ഷിതമായി ഐസ് കട്ട തൊട്ടതുപോലെ കൈ പിൻവലിച്ചു. അയാൾ കൈകൾ കൂട്ടിത്തിരുമ്മി സീറ്റിലിരുന്നു. കാറ് വീണ്ടും ചലിച്ചു തുടങ്ങി. ക്വാർട്ടേഴ്സിന്റെ കോമ്പൗണ്ട് കടന്ന് റോഡിലെ തിരക്കുകളോടൊപ്പം ചേർന്നു.
‘‘ഞാൻ വൈകിയോ?’’
മജീദ് പിന്നോട്ട് തിരിഞ്ഞ് വിനോദിനോട് ചോദിച്ചു. മറുപടി കിട്ടാതിരുന്നതിനാലോ വിനോദിന്റെ മുഖത്തെ മരണതുല്യമായ നിസ്സംഗത കണ്ടിട്ടോ എന്നറിയില്ല മജീദ് തല തിരിച്ച് ജോസഫിനെ നോക്കി.
‘‘തണുപ്പ് കുറച്ചുകൂടേ.’’
മജീദ് ചോദിച്ചു. ജോസഫ് അതിന് മറുപടി പറഞ്ഞില്ല. കാറിനുള്ളിലെ എ.സിയിലെ ഫാനിന്റെ ശബ്ദം ആ ഇടവേളകളെ ശബ്ദംകൊണ്ട് നിറച്ചു. മജീദ് ജോസഫിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അയാൾ വണ്ടി ഓടിക്കുന്നതിൽ മാത്രമാണ് ശ്രദ്ധിക്കുന്നത് എന്ന് മനസ്സിലായി. ആ മൗനത്തിൽനിന്ന് അന്തരീക്ഷത്തിൽ തൂങ്ങിയാടുന്ന അപകടത്തിന്റെ ആദ്യത്തെ തണുപ്പ് മജീദ് തിരിച്ചറിഞ്ഞു. ഇങ്ങനെയൊരു അവസ്ഥ, ഇതേ പുറംകാഴ്ചകളിൽ, ഇതേ താപനിലയിൽ, ഇതേ ശബ്ദപശ്ചാത്തലത്തിൽ മുമ്പ് എപ്പോഴോ അനുഭവിച്ചിരുന്നല്ലോ എന്ന ഒരു ദേജാവൂ പ്രതിഭാസം മജീദിന്റെ മനസ്സിൽ ഒരുനിമിഷം തെളിഞ്ഞു. അതേ വേഗത്തിൽ അത് മറഞ്ഞുപോവുകയും ചെയ്തു. ആ തോന്നലിനെ അപകടം എന്ന് പ്രവചനവുമായി ബന്ധിപ്പിച്ചതിന്റെ യുക്തി എന്തായിരുന്നു എന്ന് അയാൾക്ക് മനസ്സിലായില്ല. ജോസഫ് സ്റ്റിയറിങ്ങിൽ അമർത്തിപ്പിടിച്ചിരുന്നെങ്കിലും അവന്റെ വിരലുകൾ വിറയ്ക്കുന്നത് മജീദ് ശ്രദ്ധിച്ചു. മജീദ് കുറച്ചുനേരം ആ വിരലുകളിൽ ദൃഷ്ടിയുറപ്പിച്ചു.
ആ സമയം ജോസഫിന്റെ ശ്രദ്ധ കണ്ണാടിയിൽ പ്രതിബിംബിച്ച വിനോദിന്റെ മുഖത്തായിരുന്നു. ജോസഫ് കണ്ണാടിയിലൂടെ തന്നെ നിരീക്ഷിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി വിനോദ് വലത് കൈ മെല്ലെ ഉയർത്തി അതുവരെ കാണാതിരുന്ന കൈ കണ്ണാടിയിൽ ഫോക്കസ് ചെയ്തു. അവന്റെ കൈയിൽ ഒരു കറുത്ത തോക്ക്. ക്വാർട്ടേഴ്സിലെ പെട്ടിക്കുള്ളിൽ കണ്ട അതേ തോക്ക്. ജോസഫിന്റെ കൈകൾ അത്രയും നേരം തണുപ്പുകൊണ്ടാണ് വിറച്ചിരുന്നത് എങ്കിൽ അപ്പോൾ മുതൽ ഭയംകൊണ്ട് വിറയ്ക്കാൻ തുടങ്ങി.
വിനോദുമായുള്ള ആദ്യ കൂടിക്കാഴ്ചയിലാണ് സീനോവിന്റെ വിരുദ്ധോക്തികൾ ജോസഫിന്റെ ശ്രദ്ധയിൽപെട്ടത്. സീനോ സമയത്തേയും സ്ഥലത്തേയും കീറിമുറിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് സീനോ നടത്തിയ പന്തയത്തിൽ നല്ല കായികശേഷിയുണ്ടായിരുന്നിട്ടുപോലും അക്വിലസിന് ജയിക്കാൻ സാധിച്ചില്ല. കാറിനുള്ളിൽ വിനോദിന്റെ നിർദേശങ്ങൾക്കനുസരിച്ച് കാറോടിച്ചുകൊണ്ടിരിക്കെ ജോസഫ് ഈ പന്തയത്തിൽ താൻ തോറ്റുകൊണ്ടിരിക്കുന്നതിനെപ്പറ്റി ചിന്തിച്ചു. ജോസഫ് കോളജ് പഠനകാലത്ത് ഫുട്ബോൾ ടീമിലും ക്രിക്കറ്റ് ടീമിലും അംഗമായിരിക്കുകയും യൂനിവേഴ്സിറ്റി മത്സരങ്ങളിൽ കപ്പുകൾ നേടുകയും ചെയ്തിരുന്നു. എല്ലാ ദിവസവും പുലർച്ചെ ഫുട്ബോൾ പ്രാക്ടീസ് ചെയ്തിരുന്നു. അന്നു കാലത്ത്, പുതുതായി വന്ന് ഒരു ആധുനിക കോർട്ടിൽ പ്രാക്ടീസ് ചെയ്ത് കുളിച്ച് പ്രാതൽ കഴിഞ്ഞ് ഓഫീസിലേക്ക് ഇറങ്ങാൻ തയാറെടുക്കുമ്പോഴാണ് വിനോദിന്റെ ഫോൺകോൾ വന്നത്.
‘‘ഓഫീസിലേക്ക് പോകുമ്പോൾ എന്റെ വീട് വഴി വരാമോ? എന്റെ കാറ് കേടായി.’’
വിനോദ് വളരെ സ്വാഭാവികമായാണ് ആ സഹായം ചോദിച്ചത്. അയാളുടെ ആവശ്യത്തിൽ എന്തെങ്കിലും പന്തികേട് ഉണ്ടായിരിക്കുമെന്ന് നേരത്തേ സംശയിക്കേണ്ടതായിരുന്നു. അങ്ങനെ ഒരു ആലോചന പോകാഞ്ഞത് ജീവനോളം വിലപ്പെട്ട ഒരു അപരാധമായിപ്പോയി. സംഭവങ്ങളെ സമയക്രമത്തിൽ േക്രാഡീകരിച്ച് പരിശോധിക്കുകയാണെങ്കിൽ വിനോദിനെപ്പറ്റി അങ്ങനെയൊരു നിഗമനത്തിൽ എത്തേണ്ടതായിരുന്നു. ആദ്യ സന്ദർശനത്തിലെ പൊരുത്തക്കേടുകൾക്കുശേഷം ജോസഫും മജീദും വിനോദുമായി സാമാന്യമായ ഒരു അകലം എല്ലാ ഇടപെടലിലും സൂക്ഷിച്ചിരുന്നു. എങ്കിലും നാലുമാസം മുമ്പ് ഒരു വെള്ളിയാഴ്ച ഏതാണ്ട് ഏഴുമണിക്ക് വിനോദിന്റെ ഒരു കോൾ ജോസഫിന്റെ ഫോണിലേക്ക് വന്നു.
‘‘ജോസഫ്, ഒരു അത്യാവശ്യ കാര്യം സംസാരിക്കാനാണ് ഞാൻ വിളിച്ചത്. നമ്മുടെ ഇൻഷുറൻസ് സ്കീമിൽ ക്യാഷ്ലെസ് ഓഫർ ലഭിക്കുന്ന ഹോസ്പിറ്റലുകളുടെ ലിസ്റ്റ് ഒന്ന് എനിക്ക് അയച്ചുതരുമോ?’’
ആയിടെയാണ് ജോസഫും വിനോദും ഒരു മൾട്ടിനാഷണൽ കമ്പനിയുടെ ഇൻഷുറൻസ് സ്കീമിൽ ചേർന്നത്. കാര്യം അത്യാവശ്യമാണെന്ന് പറഞ്ഞെങ്കിലും അയാളുടെ ശബ്ദത്തിൽ അതിന്റെ യാതൊരു ലാഞ്ഛനയും ഇല്ലാതിരുന്നത് ജോസഫ് ശ്രദ്ധിച്ചിരുന്നു.
‘‘എന്ത് പറ്റി? എല്ലാ വലിയ ഹോസ്പിറ്റലുകളും ലിസ്റ്റിലുണ്ട്.’’
ജോസഫ് പെട്ടെന്നൊരു മറുപടി എന്നനിലയ്ക്ക് പറഞ്ഞു.
‘‘വലിയ ഹോസ്പിറ്റൽ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. ഇവിടുത്തെ പല ഹോസ്പിറ്റലുകളും എറണാകുളത്തെ ഹോസ്പിറ്റലുകൾവച്ച് നോക്കുമ്പോൾ വെറും ക്ലിനിക്കുകളാണ്.’’
ആ സ്വരത്തിലെ താരതമ്യപ്പെടുത്തൽ ജോസഫിന് ഇഷ്ടപ്പെട്ടില്ല. എങ്കിലും വിനോദിന്റെ ആവശ്യം എന്താണെന്ന് അറിയാത്തതിനാൽ അയാൾ ദേഷ്യപ്പെട്ടില്ല.
‘‘ലിസ്റ്റ് ഓഫിസിലാണ് ഉള്ളത്. അവിടെ ചെന്നിട്ട് വിളിക്കാം. അർജന്റാണോ?’’
ജോസഫ് ചോദിച്ചു.
‘‘അർജന്റായതുകൊണ്ടാണല്ലോ ഞാനിപ്പോൾ വിളിച്ചത്. അല്ലെങ്കിൽ ഓഫീസിൽ ചെന്ന് ഞാൻതന്നെ കണ്ടുപിടിക്കുമായിരുന്നല്ലോ?’’
ജോസഫ് ഒരു നിമിഷം ആലോചിച്ച് വിനോദിന്റെ താമസസ്ഥലത്തിന് തൊട്ടടുത്തുള്ള ഒരു ആശുപത്രിയുടെ പേര് പറഞ്ഞുകൊണ്ട് അത് ലിസ്റ്റിൽ തീർച്ചയായും കാണാമെന്ന് ഉറപ്പുകൊടുത്തു.
‘‘സുഹൃത്തെ, അതെനിക്കറിയാം. ഇവിടെ അടുത്തായി മറ്റേതെങ്കിലും ആശുപത്രി ലിസ്റ്റിലുണ്ടോ എന്നറിയാനാണ് താങ്കളെ വിളിച്ചത്.’’
വിനോദ് പിന്നെയും കയർത്തു.
ഇത്രയുമാകുമ്പോൾ ആരാണെങ്കിലും ഫോൺ കട്ടുചെയ്ത് പോകേണ്ടതാണ്. എങ്കിലും ജോസഫ് ഒരു വിവേകിയെപ്പോലെ ശബ്ദം നിയന്ത്രിച്ച് ചോദിച്ചു.
‘‘ആർക്കാണ് രോഗം. എന്താണ് പ്രശ്നം?’’
‘‘എന്റെ ഭാര്യയ്ക്ക് ബ്ലീഡിങ് കുറച്ച് കൂടി. അതുകൊണ്ട് ചോദിച്ചതാണ്. ആശുപത്രി ഞാൻ തന്നെ കണ്ടുപിടിച്ചോളാം.’’
ഭാര്യക്ക് ഗർഭാശയത്തിലെ ഫൈേബ്രായ്ഡ് കാരണം ഇടക്കിടെ ആശുപത്രി സന്ദർശിക്കേണ്ടി വരുന്നതിനെപ്പറ്റി മുമ്പ് വിനോദ് സൂചിപ്പിച്ചിരുന്നു. തർക്കിക്കാൻ തരംനോക്കിനിൽക്കുന്ന ടി.വി ചാനൽ ചർച്ചക്കാരുടെ പെരുമാറ്റമാണ് വിനോദിന്റെ ഫോൺസംഭാഷണത്തിനുണ്ടായിരുന്നത്. അയാളുടെ ഭാര്യയുടെ രോഗം അത്ര കാര്യമാകാനിടയില്ല എന്നാണ് ജോസഫ് കരുതിയത്. എന്നാൽ, പത്ത് മിനിറ്റിനുള്ളിൽ വിനോദ് വീണ്ടും വിളിച്ചു. നേരത്തേ സംസാരിച്ചപ്പോഴുണ്ടായിരുന്ന ആത്മവിശ്വാസമോ ധാർഷ്ട്യമോ ഇപ്പോൾ അയാളുടെ ശബ്ദത്തിലില്ല. പകരം പേടിച്ചരണ്ട ഒരാളുടെ ദയനീയത മാത്രം.
‘‘ജോസഫ് ഒന്ന് വേഗം ഇവിടെ വരെ വരാമോ? അവളുടെ ബോധം പോയിരിക്കുന്നു. വേഗം.’’
വിനോദ് തുടർന്ന് ഒന്നും സംസാരിക്കാനാവാതെ കുറച്ചുനേരം നിശ്ചലനായി നിന്നു. ആ നിശ്ചലത ജോസഫിന് മറുതലയ്ക്കൽ അനുഭവിക്കാൻ സാധിച്ചിരുന്നു. ജോസഫ് മേശപ്പുറത്ത് തുറന്നുെവച്ച പ്രാതൽ കഴിക്കാതെ അതിവേഗം വീട്ടിൽനിന്ന് കാറെടുത്ത് പുറത്തിറങ്ങി.
വിനോദിന്റെ വീട്ടിലെത്തിയപ്പോൾ രക്തം പരന്ന വെള്ള ചുരിദാർ ധരിച്ച ഒരു സ്ത്രീ കട്ടിലിൽ ചുരുണ്ട് കിടക്കുന്നുണ്ടായിരുന്നു. ഏതോ സിനിമയിലെ അപകടരംഗം കണ്ട് സംഭവങ്ങളൊന്നും തന്നെ ബാധിക്കില്ലല്ലോ എന്ന ധാരണയിലിരിക്കുന്ന കാഴ്ചക്കാരനെപ്പോലെ വിനോദ് ജനലിലൂടെ പുറത്തേക്ക് നോക്കിനിൽക്കുകയായിരുന്നു. ജോസഫ് അയാളെ തട്ടിവിളിച്ചു. രണ്ടുപേരും കൂടി ആ സ്ത്രീയെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ ആശുപത്രിക്കാർ സ്ത്രീയെ ഐ.സി.യുവിലേക്ക് മാറ്റി.
ഐ.സി.യുവിന് പുറത്ത് കാത്തിരിക്കുമ്പോൾ, സന്ദർഭം ശാന്തമായപ്പോൾ ജോസഫ് വിനോദിനോട് ചോദിച്ചു.
‘‘എപ്പോഴാണ് അസുഖം തുടങ്ങിയത്?’’
‘‘വൈകീട്ടേ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. രാത്രി രണ്ടു മണിക്കാണ് അവൾ എന്നോട് പറഞ്ഞത്.’’
‘‘എന്നിട്ടാണോ ബോധം കെടുന്നവരെ കാത്തിരുന്നത്?’’
ജോസഫ് വിനോദിന്റെ വിവരക്കേട് ആലോചിച്ച് ദേഷ്യത്തോടെ ചോദിച്ചു.
ജോസഫിന്റെ ശബ്ദം ഉയരുന്നതുകണ്ട്, വിനോദ് ഐ.സി.യുവിന് മുന്നിലെ കസേരകളിൽ ഇരിക്കുന്ന ആളുകളെ നോക്കി. അവർ സംഭാഷണം ശ്രദ്ധിക്കുന്നുണ്ട് എന്ന് സംശയിച്ച് വിനോദ് ജോസഫിനെ ആളൊഴിഞ്ഞ മൂലയിലേക്ക് കൊണ്ടുപോയി. അയാൾ പറഞ്ഞു:
‘‘ഇതൊരു തന്ത്രമാണ്. അവൾക്ക് രോഗം സീരിയസ് ആണെന്നറിഞ്ഞാൽ അവളുടെ കാമുകൻ വരും, തീർച്ചയാണ്. ഞാൻ അവനെ പിടികൂടാൻ പലവട്ടം ശ്രമിച്ചതാണ്. ഒരിക്കലും എനിക്ക് കണ്ടെത്താനായില്ല. അവന്റെ സൂത്രം എന്റെ അടുത്ത് നടക്കില്ല.’’
വിനോദ് എന്താണ് പറഞ്ഞുവരുന്നത് എന്ന് ജോസഫിന് മനസ്സിലായില്ല. ജോസഫ് വിനോദിന്റെ കണ്ണുകളിലേക്ക് നോക്കി. ആഴമുള്ള കുളത്തിൽ വീണ മനുഷ്യന്റെ പൊന്തിക്കിടക്കുന്ന തലപോലെ അയാളുടെ കൺമണികൾ നിയന്ത്രണമില്ലാതെ ഇളകുന്നു. ആൾപ്പെരുമാറ്റം കുറഞ്ഞ ആ മൂലയിൽ സംശയത്തിന്റെ ചുഴിയിൽപെട്ട ഒരു മനുഷ്യനോടൊപ്പം നിൽക്കാൻ ഭയന്ന് ജോസഫ് അവിടെനിന്ന് വേഗം സ്ഥലംവിട്ടു.
ഭാര്യയുടെ അസുഖത്തെപ്പറ്റി വിനോദ് പിന്നീടൊരിക്കലും പറയുകയോ ആരും അന്വേഷിക്കുകയോ ചെയ്തില്ല. അയാളുടെ മനസ്സിലേക്ക് സംശയത്തിന്റെ വിഷാണുക്കളെ കയറ്റിവിടേണ്ട എന്ന് ഓഫീസിലുള്ളവർ തീരുമാനിച്ചിരുന്നു. ആശുപത്രിയിലെ ആ സംഭവത്തിനുശേഷം വിനോദിന്റെ സാന്നിധ്യം ഓഫീസിലെ ചലനങ്ങളിൽ ഒരു തരം നിശ്ചലത സൃഷ്ടിച്ചിരുന്നു. ചലനങ്ങൾക്കിടയിലെ നിശ്ചലത എന്ന വൈരുധ്യം താൻ അനുഭവിച്ചിട്ടും അതിനെപ്പറ്റി മുമ്പ് ആലോചിച്ചിരുന്നില്ലല്ലോ എന്നും അയാൾക്ക് കുറ്റബോധം തോന്നി. ഇപ്പോൾ കാറിൽ അനിശ്ചിതത്വത്തിന്റെ വിങ്ങലിൽ സഞ്ചരിക്കുമ്പോൾ ഓരോന്നും ഓർമയിലേക്ക് തികട്ടിവരുന്നു.
ഓഫീസിൽ ജീവനക്കാർ രാവിലെ വന്ന് വൈകീട്ട് തിരിച്ചു പോകുന്നതും ഫയലുകൾ ഒരു മേശയിൽനിന്ന് അടുത്ത മേശയിലേക്ക് നീക്കുന്നതും സന്ദർശകർ ഓഫീസിൽ വരുന്നതും തുടങ്ങി എത്രയെത്ര ചലനങ്ങളാണ് ദിവസവും സംഭവിക്കുന്നത്. എന്നിട്ടും അതിനിടയിൽ നിശ്ചലത നിറഞ്ഞുനിന്നിരുന്നു. ഇത്തരമൊരു അവസ്ഥയെപ്പറ്റി സീനോ ഒരു വിരുദ്ധോക്തി അവതരിപ്പിച്ചിട്ടുണ്ട്. അക്വിലസ് ഒരു കുന്തം ശക്തിയായി വായുവിൽ എറിഞ്ഞു. കുന്തത്തിന്റെ ചലനത്തെ സൂക്ഷ്മമായി നോക്കുമ്പോൾ നിശ്ചലത ദർശിക്കാവുന്നതാണ്. കുന്തം സഞ്ചരിക്കുന്ന സമയത്തെ പലവട്ടം ഭാഗിച്ചെടുത്ത് ഒരു നിമിഷത്തിന്റെ പതിനായിരത്തിലൊന്നോ അതിലും കുറവോ ആയ ഒരു മാത്രയെടുത്ത് പരിശോധിച്ചു നോക്കുമ്പോൾ കുന്തം നിശ്ചലാവസ്ഥയിലാണെന്ന് കാണാം. അങ്ങനെ അനേകം മാത്രകൾ കൂടിച്ചേരുമ്പോൾ, നിശ്ചലമായിത്തന്നെ ഇരിക്കേണ്ട കുന്തം വായുവിൽ പിന്നെയും സഞ്ചരിക്കുന്നതെങ്ങനെ? എല്ലാ ചലനത്തിനിടയിലും നേർത്ത മാത്രകളിൽ നിശ്ചലതയുണ്ട്. കഴിഞ്ഞ മൂന്നാല് മാസം അങ്ങനെ ഒരു നിശ്ചലാവസ്ഥയിലായിരുന്നിട്ടും താനത് ശ്രദ്ധിച്ചില്ലല്ലോ എന്ന് ജോസഫ് പരിതപിച്ചു.
കാർ പിൻസീറ്റിലിരിക്കുന്ന വിനോദിന്റെ നിർദേശങ്ങൾക്കനുസരിച്ച് ഇപ്പോൾ ബീച്ചിന് സമാന്തരമായുള്ള റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഒരുവശത്ത്, പകൽ പതിനൊന്ന് മണി സമയമായതിനാൽ ഏതാനും ആളുകൾ മാത്രമുള്ള ഒഴിഞ്ഞ ബീച്ചും മറുവശത്ത് വലുതും ചെറുതുമായ കെട്ടിടങ്ങൾക്കുമിടയിലൂടെ സഞ്ചരിക്കുമ്പോൾ പിന്നിൽനിന്ന് ഒരു ലോഹശബ്ദം കേട്ടു. വിനോദ് തോക്കിന്റെ കാഞ്ചി വലിച്ചതാകും. ജോസഫ് ഊഹിച്ചു.
‘‘വിനോദ്, നമ്മളെങ്ങോട്ടാണ് പോകുന്നത്?’’
അവന്റെ ശ്രദ്ധ തെറ്റിക്കണം എന്ന ഉദ്ദേശ്യത്തോടെ ഭയം കലർന്ന ശബ്ദത്തിൽ ജോസഫ് ചോദിച്ചു. അയാളുടെ ശബ്ദത്തിലെ പതർച്ച കണ്ട് ഇടത് വശത്തിരുന്ന മജീദ് ജോസഫിനെ നോക്കി.
‘‘അനങ്ങരുത്.’’
മജീദ് പിന്നോട്ട് തിരിയാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കി വിനോദ് ശബ്ദമുയർത്തി. രണ്ട് ജീവനുകളെ പേടിയുടെ കുന്തമുനക്ക് മുന്നിൽ നിർത്തി അവരുടെ മുഖത്തെ നിസ്സഹായത ആസ്വദിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തുന്ന മട്ടിലായിരുന്നു വിനോദിന്റെ പെരുമാറ്റം. പിരിമുറുക്കത്തിന്റെ പാരമ്യത്തിൽ കാറോടിക്കാൻ പ്രയാസമാണെന്ന് തോന്നി ജോസഫ് വണ്ടിയുടെ വേഗം കുറച്ചു. ആളുകൾ ഒഴിഞ്ഞ വിശാലമായ ബീച്ച് റോഡിൽ എവിടെ വേണമെങ്കിലും നിർത്താനുള്ള സൗകര്യമുണ്ടെങ്കിലും അയാൾ ഒരൽപംകൂടി മുന്നോട്ട് സഞ്ചരിച്ച് കാറ് റോഡിന്റെ ഇടത് വശത്തോട് ചേർത്തു തുടങ്ങി. പെട്ടെന്ന് തലക്കു പിന്നിൽ ഇരുമ്പിന്റെ തണുപ്പ്. ജോസഫ് കാറ് റോഡിലേക്ക് കയറ്റി വേഗത്തിൽ ഓടിക്കാൻ തുടങ്ങി. പെട്ടെന്ന് കാറിന് കുറുകെ ചാടിയ ഒരു നായയെ രക്ഷിക്കാൻ കാറ് വെട്ടിച്ചപ്പോൾ തോക്ക് ജോസഫിന്റെ തലയിൽനിന്ന് അകന്നു. ഉന്നം തെറ്റിക്കാണണം.
‘‘കുറച്ച് ദിവസങ്ങളായി ഞാൻ അന്വേഷണത്തിലായിരുന്നു.’’
നായ കാറ് ഇടിച്ച് മരിക്കാത്തതിൽ അരിശംപൂണ്ട് വിനോദ് പറഞ്ഞു.
‘‘എന്ത് അന്വേഷണത്തിൽ?’’
ഈയൊരവസ്ഥയിൽ മരണമെങ്കിൽ അതാവും ഭേദം എന്ന് തോന്നി ഉച്ചത്തിൽ ജോസഫ് ചോദിച്ചു.
‘‘അജ്ഞാതരായ ചിലർ എന്നെ കുറേ കാലമായി നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. അദൃശ്യമായി എന്റെ ഭാര്യയെ പ്രണയിക്കുന്നു. അവർ എന്റെ ചിന്തകളിൽ കയറിക്കൂടി ഭാര്യയെ സമയത്ത് ആശുപത്രിയിൽ എത്തിക്കുന്നത് വൈകിച്ചു. കുറേ നാളായി അവരാണ് എന്റെ ഓഫീസ് കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. എന്റെ ഫയലുകളിൽ അവരാണ് ഒപ്പിടുന്നത്. ഇനിയും അത് അനുവദിക്കാനാവില്ല. എനിക്ക് സ്വതന്ത്രമായി ജീവിക്കണം. അവരെ ഞാൻ തേടിക്കൊണ്ടിരിക്കുകയായിരുന്നു. ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ താൻ വന്നപ്പോഴാണ് ആ അജ്ഞാത ശക്തിയെ ഞാൻ ആദ്യമായി തിരിച്ചറിഞ്ഞത്.’’
സംഭാഷണത്തിന്റെ ഗതി എങ്ങോട്ടാണ് പോകുന്നത് എന്ന് ജോസഫിന് മനസ്സിലായി. അതേ തിരിച്ചറിവ് പകുത്തെടുത്ത് മജീദ് ജോസഫിനെ തല അല്പം വെട്ടിച്ച് നോക്കിയത് ജോസഫ് കണ്ടു. കാറിന്റെ മുൻസീറ്റിലിരിക്കുന്ന രണ്ടുപേരിൽ ഒരാൾ, അല്ലെങ്കിൽ രണ്ടുപേരും. സുനിശ്ചിതമായ മരണം തൊട്ടുപിന്നിൽ ഇരിക്കുന്നുണ്ട് എന്ന യാഥാർഥ്യം മാത്രമാണ് ആ നിമിഷത്തെ സത്യം എന്ന് ജോസഫ് മനസ്സിലാക്കി. ആരാണ് ശത്രു എന്ന് ചോദിക്കുന്നത് അപകടമാണ്. തോക്കിനുള്ളിൽനിന്ന് പുറത്തേക്ക് തള്ളിവരാനുള്ള ശക്തി സംഭരിച്ച് നിശ്ചലമായി നിൽക്കുന്ന വെടിയുണ്ടയാകും മറുപടി പറയുക എന്ന് ജോസഫിന് ഏതാണ്ട് ഉറപ്പായിരുന്നു. മരണം അടുത്തെത്തിയ ആ നിമിഷത്തിൽ ജോസഫ് സീനോ എന്ന പഴയ തത്ത്വജ്ഞാനിയെ ഓർത്തു, അക്വിലസിനെ ഓർത്തു, അയാളുടെ കൂരമ്പുകളുടെ വിരുദ്ധയുക്തിയെ ഓർത്തു. സീനോവിലേക്ക് തന്നെ ആകർഷിച്ചത് വിനോദ് തന്നെയാണല്ലോ? അത് ജോസഫിന് ഊർജം പകർന്നു.
‘‘തോക്കിൽനിന്ന് പുറത്തേക്ക് വരാനിരിക്കുന്ന വെടിയുണ്ട ലക്ഷ്യത്തിൽനിന്ന് ഒരു കാറിന്റെ പിൻസീറ്റിൽനിന്ന് ൈഡ്രവർ സീറ്റിലേക്കുള്ള അത്രയും അകലെയാണ്. അല്ലേ? എങ്കിൽ വെടിയുണ്ട തോക്കിൽനിന്ന് വേർപെട്ട് പുറത്തുവരുമ്പോൾ ആകെയുള്ള ദൂരത്തിന്റെ പകുതി ദൂരം അതിന് ആദ്യം സഞ്ചരിക്കേണ്ടി വരുന്നു. തുടർന്ന് ശേഷിക്കുന്ന ദൂരത്തിന്റെ പകുതി. പിന്നെ ബാക്കിയുള്ള ദൂരത്തിന്റെ പകുതി. അങ്ങനെ വെടിയുണ്ട എത്ര ദൂരം സഞ്ചരിച്ചാലും ഒരു സൂക്ഷ്മദൂരം ബാക്കിനിൽക്കും. ഒരിക്കലും വെടിയുണ്ട ലക്ഷ്യത്തിൽ എത്തുകയില്ല. ഞങ്ങളുടെ രണ്ടുപേരിൽ ഒരാളുടെ തലക്ക് പിന്നിൽ ബാക്കിയുള്ള ദൂരങ്ങൾ താണ്ടി അത് പ്രയാണം തുടരും.’’
ജോസഫ് ഒറ്റശ്വാസത്തിൽ, വിനോദിന് മറുത്തൊരു ചിന്തയ്ക്ക് ഇടവേള നൽകാതെ പറഞ്ഞു തീർത്തു. വിനോദിന് അത് മനസ്സിലാകും. കാരണം അയാൾക്ക് സീനോവിനെ അറിയാം. ഇടവേളകൾ സൃഷ്ടിക്കുന്ന അനന്തതയെ അറിയാം. അയാൾ ചിന്തിക്കാൻ ശ്രമിക്കുന്ന നിമിഷത്തിൽ, ശ്രദ്ധ തെറ്റുന്ന ഒരു ഇടവേള കിട്ടുമോ എന്ന് ആഗ്രഹിച്ച് ജോസഫ് കണ്ണാടിയിലേക്ക് നോക്കി. വിനോദിന്റെ ചിന്താപഴുതിന്റെ നിമിഷങ്ങളിലെപ്പോഴെങ്കിലും തോക്ക് കൈക്കലാക്കണം എന്ന് ജോസഫ് മജീദിനോട് കണ്ണുകൾകൊണ്ടും സ്റ്റിയറിങ്ങിൽ പിടിച്ച കൈവിരലുകൾ ഉപയോഗിച്ചും വിനിമയംചെയ്തു. പിന്നോട്ട് തിരിഞ്ഞ് നോക്കാനുള്ള ധൈര്യം രണ്ടുപേർക്കുമില്ല. പിന്നിൽ തികഞ്ഞ നിശ്ശബ്ദത. വിനോദ് എന്തോ ചിന്തിക്കുകയായിരിക്കുമെന്ന് അവർ ഊഹിച്ചു.
പെട്ടെന്ന് പിൻഭാഗത്ത് നിന്ന് ഒരു വെടിയൊച്ച കേട്ടു. രണ്ടുപേരും പരസ്പരം നോക്കി. ഇല്ല, അജ്ഞാത ശത്രുക്കളായ തങ്ങൾ സുരക്ഷിതരാണ്. അവർ പിന്നോട്ട് തിരിഞ്ഞുനോക്കി. വിനോദിന്റെ തലയിൽനിന്ന് രക്തം വാർന്നിറങ്ങി അയാളുടെ വെള്ള ഷർട്ടിനെ ചുവപ്പിച്ചിരിക്കുന്നു. അയാളുടെ തലയോട്ടിയുടെ നേർത്ത മാംസത്തെ തഴുകി കടന്നുപോയി എന്ന് തോന്നിച്ച വെടിയുണ്ട കാറിന്റെ പിൻവശത്തെ ചില്ലിൽ ഒരു ദ്വാരമുണ്ടാക്കിയിരിക്കുന്നു. ദ്വാരത്തിനു ചുറ്റുമുള്ള വിള്ളലുകൾ ചിലന്തിവലയെ ഓർമിപ്പിച്ചു. തോക്ക് വിനോദിന്റെ കൈയിൽനിന്ന് താഴെ വീണുപോയിരുന്നു. അയാൾ തല പൊത്താൻ കൈകൾ ഉയർത്തുന്നതിനിടക്ക് സീറ്റിലേക്ക് മറിഞ്ഞുവീണു.
തോക്കിൽനിന്ന് പുറപ്പെട്ട് സമയത്തെ പലതായി ഭാഗിച്ച് ലക്ഷ്യത്തിലെത്താൻ സാധിക്കാതെ പോകുന്ന സീനോവിന്റെ യുക്തിയിലെ പിഴവെന്താണെന്ന് ചിന്തിച്ചെടുക്കാനാവാതെ വിനോദ് നിശ്ചലനായി. ഒരാൾ മരണത്തിലേക്ക് തെന്നിവീഴുന്നതിനുമുമ്പ് സമയത്തിന്റെ അനന്താവൃത്തിയിൽ ഒരു ഇടവേള അവശേഷിക്കുമോ എന്ന ചോദ്യം അപ്പോഴും അവശേഷിച്ചു.
കുറിപ്പ്: ബി.സി 450ൽ ജീവിച്ചിരുന്ന Zeno of Elea എന്ന ഗ്രീക് തത്ത്വചിന്തകനാണ് കഥയിൽ പരാമർശിക്കുന്ന സീനോ.