ഇളകാത്ത ഭൂസ്വർഗം: ഋത്വിക് ഘട്ടക് എഴുതിയ കഥ
മൊഴിമാറ്റം: കുന്നത്തൂർ രാധാകൃഷ്ണൻ ചിത്രീകരണം: രാജേഷ് ചിറപ്പാട്
''ഇന്നു കൊടും തണുപ്പാണ്''-മക്ബൂൽ ശെർവാണി, ഒരേകാര്യം തന്നെ വീണ്ടും വീണ്ടും ചിന്തിക്കുന്നു. അസാധാരണമാണത്. ബാരാമുള്ളയിലെ നിറഞ്ഞുകവിഞ്ഞ പ്രധാന തെരുവിനും അതിന്റെ തൊട്ടടുത്ത കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മണ്ണടിഞ്ഞുകൂടിയ പരസ്യപ്പലകക്കുമപ്പുറം ദൂരെ കഷ്ടിച്ചു മങ്ങിക്കാണുന്ന മഞ്ഞുമലകളെ...
Your Subscription Supports Independent Journalism
View Plans''ഇന്നു കൊടും തണുപ്പാണ്''-മക്ബൂൽ ശെർവാണി, ഒരേകാര്യം തന്നെ വീണ്ടും വീണ്ടും ചിന്തിക്കുന്നു. അസാധാരണമാണത്. ബാരാമുള്ളയിലെ നിറഞ്ഞുകവിഞ്ഞ പ്രധാന തെരുവിനും അതിന്റെ തൊട്ടടുത്ത കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മണ്ണടിഞ്ഞുകൂടിയ പരസ്യപ്പലകക്കുമപ്പുറം ദൂരെ കഷ്ടിച്ചു മങ്ങിക്കാണുന്ന മഞ്ഞുമലകളെ നിർന്നിമേഷനായി നോക്കിയിരിക്കുകയാണയാൾ. തെരുവുകളിൽ കലിതുള്ളിപ്പായുന്ന അക്രമിക്കൂട്ടം. അയാൾ ഏതാണ്ട് പരവശനായതുപോലെ തോന്നി.
കഴിഞ്ഞ രാത്രി റോഡിൽ വീണ മഞ്ഞുകട്ടകൾ ഉരുകിപ്പോയിരുന്നു. മേൽപ്പോട്ട് തിരിച്ചുവെച്ച കർണാഭരണങ്ങളും തടിച്ച മേൽക്കുപ്പായങ്ങളും അണിഞ്ഞ പത്താൻകാരുടെ കനത്ത ബൂട്സിനടിയിൽ ചതഞ്ഞരഞ്ഞ് അതു ചളിയായി മാറി. കാഴ്ചയിൽനിന്ന് മലനിരകൾ അപ്രത്യക്ഷമാവുന്നു. ശെർവാണി മനസ്സില്ലാമനസ്സോടെ അക്രമികളിലേക്ക് നോട്ടം പായിച്ചു. അവർ പരസ്പരം സംസാരിക്കുകയാണ്- പത്താൻകാരുടെ ഭാഷയിൽ. തണുപ്പിൽ അവരുടെ കുറ്റിരോമം നിറഞ്ഞ മുഖങ്ങളിൽ ആവി വികിരണം ചെയ്യുന്നുണ്ട്.
ശെർവാണിക്ക് അവരോട് അനുകമ്പ തോന്നി. അവർ പൂർണമായും മനുഷ്യരല്ല എന്നാണ് അയാൾക്ക് തോന്നിയത്. മനുഷ്യപരിണാമത്തിന്റെ ആദ്യഘട്ടത്തിൽപെട്ടവരാണവർ-പ്രാചീന ജാവാമനുഷ്യർ. അല്ലെങ്കിൽ ശിലായുഗ മനുഷ്യർ. അവരിൽ ചിലർ റൈഫിളും തോളിൽ പേറി, തെരുവിന്റെ എതിർവശത്ത് സിഗരറ്റ് ആഞ്ഞുവലിക്കുകയാണ്. ബോംബിട്ട് തകർത്ത കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ അതിന്റെ അടിത്തറയും ചുമരും കാണാം. വലുതും ചെറുതുമായ മരക്കഷണങ്ങൾ അങ്ങിങ്ങ് ചിതറിക്കിടക്കുന്നു. കീറിയ കശ്മീരി സൽവാർ ധരിച്ച, തടിച്ച ഷാളുകളിൽ മൂടിപ്പൊതിഞ്ഞ ഒരു പറ്റം പട്ടിണിപ്പാവങ്ങള്‍ നായ്ക്കളെ പോലെ കൂട്ടമായി സ്ഥലത്തെത്തി.
കവർച്ച ചെയ്യപ്പെട്ട ഒരു മിഠായിക്കടയുടെ കോണിപ്പടിയുടെ മുകളിൽ കയർകൊണ്ട് ബന്ധിക്കപ്പെട്ട മക്ബൂൽ ശെർവാണി എല്ലാം വീക്ഷിക്കുകയാണ്. അയാളുടെ തൊട്ടടുത്ത് അഹമ്മദ് ജാൻ ഇരിക്കുന്നു. നാലുവശവും കൊടുമുടികൾ അതിരിടുന്ന ദാൽ തടാകത്തിലെ ശാന്തവും നിശ്ചലവുമായ വെള്ളത്തിൽ മീൻപിടിച്ച് നാളുകൾ ചെലവഴിച്ച അഹമ്മദ് ജാൻ. മഞ്ഞുമൂടിയ പ്രഭാതങ്ങളിൽ നീണ്ട, മൂർച്ചയേറിയ കുന്തങ്ങൾ ഉപകരണമാക്കി അയാള്‍ മത്സ്യം പിടിച്ചു. നാഷനൽ കോൺഫറൻസിന്റെ ആഹ്വാനമനുസരിച്ച് ഇവിടെ എത്തിയിരിക്കുകയാണ് അയാൾ. മെലിഞ്ഞു ശോഷിച്ച ജാൻ, ലജ്ജാലുവും ഏതാണ്ട് ഭീരുവുമാണ്. ഗറിലാതാവളങ്ങളിലെ യോഗങ്ങൾ സംരക്ഷിക്കുകയാണ് അയാളുടെ ജോലി. അക്രമികൾ, കഴിഞ്ഞരാത്രി, വൈകിയാണ് അവരെ പിടികൂടിയത്. അവർ ചെറിയ കുന്ന് കടക്കുമ്പോൾ ഓർക്കാപ്പുറത്ത് അക്രമികളുടെ മുന്നിൽ അകപ്പെട്ടുപോവുകയായിരുന്നു. ശെർവാണി അൽപം നടുങ്ങി. അയാൾ കാൽമുട്ടുകളിൽ മുഖം പൂഴ്ത്തി. തടിച്ച കമ്പിളി, തണുപ്പിനെ അകറ്റാൻ കഷ്ടിച്ച് പര്യാപ്തമാവുന്നുണ്ട്. സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്ന കഥകൾ അയാൾ കേൾക്കുന്നുണ്ട്. ഒരു സ്ത്രീ ബലാത്സംഗത്തിനിരയാവുന്നത് കണ്ടിട്ടുമുണ്ട്. എന്നാല്‍, വെളുപ്പിന് ഇങ്ങോട്ട് വരുമ്പോൾ ഉണ്ടായ ഒരു സംഭവം വല്ലാതെ ഉലച്ചുകളഞ്ഞു. ബാരാമുള്ള റോഡിനടുത്ത് ഒരു കുഴിയിൽ ഒരു പെൺകുട്ടി കിടക്കുന്നു. ഉറച്ച കാലടി ശബ്ദങ്ങൾ കേട്ട് അവൾ എഴുന്നേൽക്കാൻ ശ്രമിക്കുകയാണ്. ചോരപുരണ്ട ഒരു ദുപ്പട്ട ദേഹത്തു ചുറ്റിക്കിടക്കുന്നു. തണുപ്പിൽ നഗ്നയായി, അവൾ കിടക്കാൻ തുടങ്ങിയിട്ട് നേരമെത്രയായെന്ന് ആർക്കറിയാം! അവളുടെ ചുണ്ടുകൾ നീലനിറം പൂണ്ടു. അതൊരു ഭയാനകദൃശ്യമായിരുന്നു. അപ്പോഴും ബോധമുണ്ടായിരുന്ന പെൺകുട്ടിക്ക്, റോഡിലെത്താൻ മതിയായ കരുത്തുണ്ടെന്ന് തോന്നിച്ചു. പക്ഷേ, അവളുടെ കണ്ണുകളിൽ ഭീതിയും ആശങ്കയും നിറഞ്ഞിരുന്നു. ഏതാനും ആസാദ് കശ്മീര്‍ സൈനികർ അവൾക്കഭിമുഖമായി നിന്നു. അവരിലൊരാൾ ആഭാസകരമായ അംഗവിക്ഷേപത്തോടെ അശ്ലീലം പറഞ്ഞു. അതുകേട്ട് മറ്റുള്ളവർ ചിരിച്ചു. ശെർവാണി സ്ഥലം വിട്ട ഉടനെ പെൺകുട്ടി മരിച്ചിരിക്കണം.
ആസാദ് കശ്മീരി! ഇവറ്റകളുടെ സ്വത്വം അതാണ്! ഇവരുടെ കൂട്ടത്തിൽ ചില ആദിമനിവാസികളുണ്ട്. കുറച്ച് ബ്രിട്ടീഷുകാരെയും അമേരിക്കക്കാരെയും കാണാം. പാകിസ്താന് സൈനികരുമുണ്ട്. എന്നാല്‍, ഒരൊറ്റ യഥാർഥ കശ്മീരിയെപോലും കാണാനാവില്ല. കശ്മീരികളെ സ്വപക്ഷത്തേക്ക് കൊണ്ടുവരാൻ മുസ്ലിം കോൺഫറൻസ് ശ്രമിച്ചിരുന്നു. ചില നാട്ടുകാർ അവർക്കൊപ്പം ചേരുകയും ചെയ്തു. ഇപ്രകാരമാണോ ഇവർ കശ്മീരിനെ മോചിപ്പിച്ചു സ്വതന്ത്രരാഷ്ട്രമാക്കാൻ പദ്ധതിയിടുന്നത്? മക്ബൂൽ ശെർവാണി അത്ഭുതം കൂറുന്നു. നിരാലംബരെ കൊള്ളയടിക്കുന്നു, സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു, വീടുകൾ കത്തിക്കുന്നു. ഇത്തരക്കാർക്ക് ഇസ്ലാമിന്റെ യഥാർഥ അനുയായികളാകാനാവില്ല. ആ പെൺകുട്ടിയും അവളെ പോലുള്ളവരും ബലാത്സംഗത്തിനിരയായി.
സ്വന്തം വീടുകളിൽനിന്ന് ആട്ടിയിറക്കപ്പെട്ട നിസ്സഹായർ. അവരുടെ ഭൂസ്വത്തുക്കൾ ഊരുചുറ്റുന്ന തെമ്മാടികൾ കൈക്കലാക്കി. ആ നിസ്സഹായരാണ് യഥാർഥ മുസ്ലിംകൾ. ഈ തെമ്മാടികൾ മനുഷ്യരല്ല. അവർ മൃഗങ്ങളോ ചെകുത്താന്മാരോ ആണ്. പണവും സ്ത്രീശരീരവും മാത്രമാണ് അവരെ ഉത്തേജിപ്പിക്കുന്നതെന്നു തോന്നുന്നു. ശെർവാണിക്ക് അവരോട് ഒരേസമയം വെറുപ്പും സഹതാപവും തോന്നി.
ഇത് ഒക്ടോബർ മാസമാണ്. അക്രമികൾ അവർക്കനുകൂലമായി ചീട്ടുകൾ അടുക്കിവെച്ചിട്ടുണ്ടെന്ന് അയാൾക്കറിയാം. ശീതകാലമാസങ്ങളിൽ സാഹചര്യം മാറുമെന്ന് ശെർവാണി പ്രതീക്ഷിക്കുന്നില്ല. എന്നാൽ, വസന്തകാലത്തിന്റെ വരവോടെ യഥാർഥ കശ്മീരികൾ അവരുടെ ശരിയായ നിറങ്ങൾ വെളിപ്പെടുത്തും. െശെഖ് അബ്ദുല്ല അദ്ദേഹത്തിന്റെ ശക്തി പ്രകടിപ്പിക്കും. മഹത്തായ ആ ദിനത്തിന് സാക്ഷ്യം വഹിക്കാൻ ശെർവാണി ജീവനോടെ ഉണ്ടായെന്നു വരില്ല-അയാൾക്കതറിയാം. അയാൾ അവരുടെ പിടിയിലാണ്. തന്തയില്ലാത്തവരെ സംബന്ധിച്ച്, ശല്യക്കാരുടെ നേതാവാണയാൾ! അവർ അയാളെ വിട്ടയക്കാൻ പോകുന്നില്ല. എന്നാല്‍, ശെർവാണി കാര്യമാക്കുന്നില്ല. അഹമ്മദ്ജാനെ കുറിച്ചോർക്കുമ്പോൾ മാത്രമാണ് ദുഃഖം. പാവത്താൻ!
ദാൽ തടാകത്തിന്റെ കരയിൽ ബന്ധുക്കളെ സുരക്ഷിതമായി വിട്ടിട്ടാണ് അഹമ്മദ് ജാൻ ഇവിടെ എത്തിയത്. ഏൽപിക്കപ്പെട്ട ജോലിക്ക് പറ്റിയ ആളല്ല അയാൾ. എളുപ്പത്തിൽ ക്ഷീണിക്കും. ഒരു ഗറിലാപോരാളിക്ക് ആവശ്യമായ ചുറുചുറുക്ക് അഹമ്മദ് ജാനില്ല. ശെർവാണി, അയാളെ ഒളിഞ്ഞുനോക്കി. അയാൾ വിറയ്ക്കുകയാണ്. മുഖത്ത് പരിഭ്രമവുമുണ്ട്. കൂടാതെ കരയുന്നുമുണ്ടോ?
ഒരു പക്ഷേ, ഇയാള്‍ - ശെർവാണി അസ്വസ്ഥനാകുന്നു. ഇയാൾ മരിക്കുമെന്നുറപ്പാണ്. നിക്കറിൽ ഒരു തൊഴികിട്ടിയാൽ ജാൻ അവരുടെ കാൽക്കൽവീണ് ദയ യാചിക്കും. ശെർവാണി കാൽമുട്ടുകൊണ്ട് അയാളെ തോണ്ടി. ജാൻ അന്വേഷണഭാവത്തിൽ നോക്കി. അയാളുടെ നേത്രങ്ങളിൽ കണ്ണീരില്ലായിരുന്നു. അവ മിന്നിത്തിളങ്ങുന്നു. അയാളുടെ താടി വിറയ്ക്കുന്നുണ്ട്. അതു ഒരു പക്ഷേ, തണുപ്പുകൊണ്ടാകാം.
''എന്താണ് കാര്യം?''- ശെർവാണി ചോദിച്ചു, ''ജലദോഷം പിടിച്ചോ?''
''അതെ... സർക്കാർ ഭടന്മാർ എത്താൻ എത്രകാലമെടുക്കും?''
ഭയം അയാളെ കീഴ്പ്പെടുത്തിയെന്നുറപ്പാണ്!
''ശീതകാലം തുടങ്ങിയിട്ടേ ഉള്ളൂ''-ശെർവാണി മറുപടിയായി പറഞ്ഞു. ''കൊള്ളക്കാരും ആക്രമണം ആരംഭിച്ചിട്ടേ ഉള്ളൂ. തണുപ്പ് ശമിക്കാതെ സർക്കാർ ഭടന്മാർ എത്താനിടയില്ല. സൈനികരെ, സർക്കാർ ഇങ്ങോട്ടയക്കാൻ മാർച്ചോ ഏപ്രിലോ ആകും. നമുക്ക് പ്രത്യാശിക്കാൻ വകയില്ല, അഹമ്മദ് ജാൻ!''
''ഞാൻ അതിനെക്കുറിച്ചല്ല ചിന്തിക്കുന്നത്... കശ്മീർസിംഹം *ഇവിടെ വരില്ലേ? ഇവരെ ഓടിക്കില്ലേ?''
പെട്ടെന്ന് അഹമ്മദ്ജാൻ മുന്നോട്ടു കുനിഞ്ഞു. മക്ബൂൽ ശെർവാണി ഉറച്ച സ്വരത്തിൽ പറഞ്ഞു.
''തീർച്ചയായും അദ്ദേഹം എത്തും. ഈ കാട്ടാളന്മാരുടെ പിടിയിൽനിന്ന് നാം കശ്മീരിനെ രക്ഷിക്കും. ഒരു യഥാർഥ കശ്മീരി മാത്രമേ ജീവനോടെ ഉള്ളൂവെങ്കിൽപോലും സ്ഥിതി വ്യത്യസ്തമാകും.''
ശെർവാണിയുടെ മറുപടി അഹമ്മദ് ജാനെ തൃപ്തനാക്കി. അയാൾ കാൽമുട്ടിന്റെ മടക്കുകളിൽ വീണ്ടും മുഖം പൂഴ്ത്തി. വിചിത്രമായ ചോദ്യങ്ങളാണ് അഹമ്മദ്ജാൻ ചോദിക്കുന്നത്. അയാളുടെ ചിന്തകൾ എന്താണെന്ന് ദൈവത്തിനറിയാം.
ശെർവാണി അക്രമികളിലേക്ക് മുഖം തിരിച്ചു. അവർ സംശയകരമായ രീതിയിൽ അലഞ്ഞുതിരിയുന്ന തിരക്കിലാണ്. ഒരു ശീതക്കാറ്റ് കുളിരുണ്ടാക്കിയതിനാൽ കൂനിക്കൂടിയിരുന്നു.
അൽപനേരം കഴിഞ്ഞപ്പോൾ സംഘത്തിന്റെ യൂനിഫോം അണിഞ്ഞ ക്യാപ്റ്റൻ പ്രത്യക്ഷപ്പെട്ടു. ശെർവാണി അയാളെ നേരത്തേ ശ്രദ്ധിച്ചിരുന്നു. അയാൾ സൂത്രശാലിയും വിശ്വസിക്കാൻ കൊള്ളാത്തവനുമാണെന്ന് തോന്നുന്നു. ക്യാപ്റ്റൻ സൈനികരോട് സംസാരിക്കുകയാണ്. അവർ ഒന്നിച്ചു മുന്നോട്ടു വന്നു. അവർ വേഗത്തിൽ മഞ്ഞുകട്ടകളിൽക്കൂടി നടന്നപ്പോൾ കനത്ത ബൂട്സ് അസാധാരണ ശബ്ദമുണ്ടാക്കി. അവർ മുന്നിൽ നിലയുറപ്പിച്ചപ്പോൾ, കഠിനമായ പരീക്ഷണം നേരിടാൻ ശെർവാണി തയാറെടുത്തു. അഹമ്മദ് ജാൻ കണ്ണുകൾ ഉയർത്തി. അയാളിൽ അസ്വാസ്ഥ്യം പടരുകയാണ്. അയാൾ ഉദാസീനമായി സൈനികരെ നോക്കി.
ക്യാപ്റ്റന്റെ കൂടെയുള്ള രണ്ടുപേർ അസ്സൽ പത്താൻകാരാണ്. ആറടി ഉയരമുള്ള അവർ ബലിഷ്ഠകായന്മാരാണ്. അവരിലൊരാൾക്ക് വസൂരി പിടിപെട്ടിട്ടുണ്ടായിരിക്കണം. അയാളുടെ മുഖം നിറയെ വസൂരിക്കലകളുണ്ട്. ഇടതുകണ്ണ് പൊട്ടിപ്പോയിരുന്നു. മറ്റവന്റെ താടി നിറയെ കുറ്റിരോമങ്ങളാണ്. അവരുടെ മുഖങ്ങളിൽ വിവേകശൂന്യമായ അഹങ്കാരം നിറഞ്ഞുനിൽക്കുന്നു.
തരിമ്പും ബുദ്ധിയില്ലാത്ത ശക്തരായ യന്ത്രമനുഷ്യരെ പോലെയാണവർ. അവർ അഹമ്മദ് ജാനെ ക്യാപ്റ്റന്റെ സമീപത്തേക്ക് കൊണ്ടുവന്നു. ശെർവാണിയിൽ ഭയം മൊട്ടിട്ടു. ചോദ്യം ചെയ്താലുടനെ അഹമ്മദ് ജാൻ രഹസ്യം വെളിപ്പെടുത്തുമെന്ന് അയാൾക്കുറപ്പാണ്. ജാൻ അത്തരം ഭീരുവാണ്. ഇപ്പോള്‍തന്നെ ചുക്കിച്ചുളുങ്ങിയിട്ടുമുണ്ട്. ശെർവാണി എഴുന്നേറ്റ് അഹമ്മദ് ജാന്റെ ശ്രദ്ധ ക്ഷണിക്കാൻ ശ്രമിച്ചു. പക്ഷേ, ഒരുവൻ അയാളുടെ നേർക്ക് തോക്ക് ചൂണ്ടിനിൽക്കുകയാണ്. ക്യാപ്റ്റൻ എല്ലാം നിരീക്ഷിക്കുന്നുണ്ട്. രണ്ടുപേർ അഹമ്മദ് ജാനെ ക്യാപ്റ്റന്റെ മുന്നിലേക്ക് വലിച്ചിഴച്ചു.
''ഇവനാണോ നിന്റെ നേതാവ്''- ശെർവാണിയെ ചൂണ്ടി ക്യാപ്റ്റൻ, അഹമ്മദ് ജാനോട് ചോദിച്ചു. ജാൻ അശ്രദ്ധമായി തലയാട്ടി. ഇന്നലെ മുതൽ ചിന്തിക്കുന്ന അതേ വിഷയത്തിൽതന്നെ അയാൾ അപ്പോഴും മുഴുകുകയാണെന്ന കാര്യത്തിൽ ശെർവാണിക്ക് സംശയമില്ല. ക്യാപ്റ്റൻ പരിഹാസത്തോടെ ശെർവാണിയെ നോക്കിയശേഷം ജാന്റെ നേർക്കുതിരിഞ്ഞു.
''എന്താണ് നിന്റെ പേര്?''
''അഹമ്മദ് ജാൻ.''
''നല്ലത്, ഇപ്പോള്‍ ശ്രദ്ധിച്ചു കേൾക്കൂ അഹമ്മദ് ജാൻ! ഞങ്ങൾ നിന്നെ വിട്ടയക്കാം. ഗറിലകളുടെ പേര് ഞങ്ങൾക്കു തരുന്നുവെങ്കിൽ നിനക്ക് സ്വതന്ത്രനായി പോകാം. ക്യാമ്പുകൾ ഞങ്ങൾക്ക് കാണിച്ചുതരുക. ചെയ്യുന്ന ജോലിക്ക് എത്രയാണ് ഞങ്ങൾ നൽകാൻ പോകുന്നതെന്ന് നിനക്ക് ഊഹിക്കാനാവില്ല. ബുദ്ധിപൂർവം പ്രവർത്തിക്കുന്നുവെങ്കിൽ നിനക്ക് വലിയൊരു തുക കിട്ടും.''
ശെർവാണി അതി ഭീതിയോടെ അഹമ്മദ് ജാനെ നോക്കുന്നു. എന്നാല്‍, ജാൻ വിചാരങ്ങളിൽ നഷ്ടപ്പെടുകയാണ്. അയാൾ യാതൊന്നും കേൾക്കുന്നില്ല. ക്യാപ്റ്റന്‍ ക്ഷമ നഷ്ടപ്പെടുന്നു.
''നിനക്ക് ചെവി കേട്ടുകൂടെ?'' - അയാൾ അലറുകയാണ്.
''ധാരാളം പണം കിട്ടും. നിന്റെ ജീവനും രക്ഷപ്പെടും... നീ ചെകിടനാണോ? ഞാന്‍ പറയുന്നത് കേൾക്കുന്നില്ലേ? അബ്ദുല്ലയുടെ ആളുകൾ പരാജയപ്പെടും. ഇപ്പോള്‍ നിനക്ക് കിട്ടിയ അവസരം ഉപയോഗപ്പെടുത്തുക...''
അബ്ദുല്ലയുടെ പേര് അഹമ്മദ് ജാന്റെ കാതുകളിൽ തുളച്ചുകയറുകയാണ്. അയാളുടെ വായിൽ വാക്കുകൾ രൂപം കൊള്ളുന്നു.
''തന്തയില്ലാത്തവർ! ശൈഖ് ഇവിടെ എത്തുമെന്നുറപ്പാണ്.'' അതിയായ ഉത്കണ്ഠയുള്ള ഒരു പെൺകുട്ടിയെപ്പോലെ അഹമ്മദ് ജാൻ അതുതന്നെ ആവർത്തിച്ചുകൊണ്ടിരുന്നു. പിന്നെ ക്യാപ്റ്റന്റെ മുഖത്ത് ആഞ്ഞുതുപ്പി. ക്യാപ്റ്റൻ പിന്നോട്ട് കാൽ വെച്ച് മുഖം തിരിച്ചുകളഞ്ഞു. രണ്ടു പട്ടാളക്കാർ ജാന്റെ നേർക്ക് തോക്കു ചൂണ്ടി നിന്നു. പേക്ഷ, അയാൾക്ക് കുലക്കമൊന്നുമില്ല. അയാൾ ഒന്നും കാര്യമാക്കുന്നില്ലെന്നാണ് തോന്നുന്നത്. തണുത്തകാറ്റാണ് ജാനെ അലോസരപ്പെടുത്തുന്നത്.
രോഷാകുലനായ ക്യാപ്റ്റൻ ഒരു കൈലേസ് പുറത്തെടുത്തു. ജാൻ ഇപ്പോൾ ക്യാപ്റ്റന്റെ കാൽക്കലാണ്. അയാൾ അസഭ്യവർഷം ചൊരിയാൻ തുടങ്ങി.
''പട്ടികൾ''- ജാൻ ആക്രോശിച്ചു. ക്യാപ്റ്റൻ കൈത്തോക്ക് പുറത്തെടുത്തു. ഒരു നിമിഷത്തെ ആലോചനക്കുശേഷം അത് ഉറയിലിട്ടു. ജാന്റെ പുതപ്പ് മാറ്റാൻ കറുത്ത സൈനികന് അയാൾ നിർദേശം നൽകി. സാധാരണ ഷർട്ടും മുറിക്കുപ്പായവും മാത്രം ദേഹത്ത് ശേഷിച്ചു. അവയും സൈനികർ അഴിച്ചുമാറ്റി. ഒടുവിൽ ട്രൗസർ മാത്രം ധരിച്ച് കൊടുംതണുപ്പിൽ നിലകൊണ്ടു. തണുത്തകാറ്റിൽ ജാന്റെ കണ്ണുകളും ദേഹവും നീലനിറമായി.
അഹമ്മദ് ജാൻ, അക്രമികൾക്ക് ഒരു ക്ലേശവും ഉണ്ടാക്കിയില്ല. മറിച്ച്, അവരെ സഹായിച്ചു.
അയാൾ പല്ലു ഞെരിച്ച് അവരുടെ നേർക്ക് അസഭ്യവർഷം തുടർന്നു.
''പട്ടികൾ! നിങ്ങൾക്ക് മരണം.'' അയാൾ പറഞ്ഞുകൊണ്ടിരുന്നു.
ക്യാപ്റ്റന്‍ അതു സഹിക്കാവുന്നതിൽ അപ്പുറമായിരുന്നു. ഭാരമേറിയ ബൂട്സുകൊണ്ട് ജാനെ ആഞ്ഞുതൊഴിച്ചു. മങ്ങിപ്രകാശിക്കുന്ന മഞ്ഞുകട്ടകളിൽ തലകുത്തിനിർത്തി. ശെർവാണി നടുങ്ങിപ്പോയി. എന്നാല്‍, അഹമ്മദ്ജാന് ഭാവഭേദമൊന്നുമുണ്ടായില്ല. ഒറ്റക്കണ്ണൻ പട്ടാളക്കാരൻ സ്ഥലം വിട്ടപ്പോൾ അയാൾ ശെർവാണിയുടെ നേർക്ക് തിരിഞ്ഞു.
''നല്ല കാര്യമല്ലേ ഞാൻ ചെയ്തത്?''
''നിങ്ങൾ...'' ശെർവാണി പറയാൻ തുടങ്ങിയെങ്കിലും പട്ടാളക്കാർ അയാളുടെ കൈത്തണ്ടയിൽ പിടിമുറുക്കിയതിനാൽ തുടരാനായില്ല. ഒറ്റക്കണ്ണൻ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കണ്ട തകർന്ന വാതിലിന്റെ വിജാഗിരി മാറ്റിയ ഒരു പാളി കൊണ്ടുവന്നു. അത് അഹമ്മദ് ജാന്റെ നെഞ്ചിൽ വെക്കാൻ ക്യാപ്റ്റൻ നിർദേശിച്ചു.
ശെർവാണി അസ്വാസ്ഥ്യത്തിന്റെ പാരമ്യതയിലെത്തി. ''ദുഷ്ടന്മാർ''-അയാൾ മന്ത്രിച്ചു. പിന്നെ ഉച്ചത്തിൽ പറയാൻ തുടങ്ങി. ''എനിക്കുറപ്പാണ്, നിങ്ങൾ...'' ക്യാപ്റ്റൻ തിരിഞ്ഞ് അയാളെ പരിഹാസപൂർവം നോക്കി, അലറി. ''ശബ്ദിച്ചുപോവരുത്.''
ശെർവാണി കണ്ണുകളടച്ചു. സൈനികർ മരപ്പാളിയുടെ മുകളിൽ കയറി കാലുകൊണ്ട് അഹമ്മദ് ജാന്റെ ശരീരം അമർത്താൻ തുടങ്ങി. അഹമ്മദ് ജാൻ കരയുന്നില്ല. ഞരങ്ങുന്നുമില്ല. അയാൾ തേട്ടുകയും ക്ലേശിച്ച് ''നായ്ക്കൾ'' എന്നാവർത്തിക്കുകയും ചെയ്തു. അയാളുടെ മൂക്കിൽനിന്നും വായിൽനിന്നും കറുപ്പ് കലർന്ന കട്ടച്ചോര പ്രവഹിച്ചു. നിമിഷങ്ങൾക്കകം ജീവൻ അയാളിൽനിന്ന് വേർപെട്ടു. സൈനികർ ആഹ്ലാദത്തോടെ തുള്ളിച്ചാടി. മരവാതിലിന്റെ പാളി അവർ തട്ടിത്തെറിപ്പിച്ചു. നിസ്സംഗനായി കാണപ്പെട്ട ക്യാപ്റ്റൻ, ശെർവാണിയിലേക്ക് ശ്രദ്ധതിരിച്ചു.
''അപ്പോൾ നീയാണോ നേതാവ്? നന്നായി, നന്നായി.''
തടിച്ചുകൂടിയ കശ്മീരികളിൽനിന്ന് ഒരാൾ മുന്നോട്ടു വന്നു. അയാളുടെ മുഖം ശെർവാണിക്ക് സുപരിചിതമാണ്. സ്ഥലവാസിയാണോ അയാൾ? ആയിരിക്കാം. അയാൾ ക്യാപ്റ്റെന്റ കാതിൽ എന്തോ മന്ത്രിച്ചു. ക്യാപ്റ്റന്റെ പുരികമുയർന്നു. ''അങ്ങനെയാണോ?''
കശ്മീരി, വൃത്തികെട്ട രീതിയിൽ ചിരിച്ചു.
'' നീ പറഞ്ഞത് ഞാനോർമിക്കും.'' -ക്യാപ്റ്റൻ കൂട്ടിച്ചേർത്തു. പിന്നെ ശെർവാണിയെ അഭിമുഖീകരിച്ച് സംസാരിക്കാൻ തുടങ്ങി.
''മക്ബൂൽ ശെർവാണി സാഹിബ്, നാഷനൽ കോൺഫറൻസിന്റെ നേതാവേ, അഭിവാദ്യങ്ങൾ.'' ക്യാപ്റ്റൻ ഒരു സിഗരറ്റ് കത്തിച്ച്, പരിഹാസത്തോടെ സല്യൂട്ടടിച്ചു.
''മഹാനായ നേതാവ്,** വിശ്രമിക്കാൻ ബാരാമുള്ളയിലെത്തിയപ്പോൾ ബഹളം സൃഷ്ടിച്ചത് നീ ആയിരുന്നോ?'' ശെർവാണി മധുരമായി ചിരിച്ചു.
''ഒരിക്കലുമല്ല. ജിന്നയിരിക്കുന്ന വേദിയിലെത്തി, അദ്ദേഹത്തോട് ചില കാര്യങ്ങൾ സംസാരിച്ചുവെന്നു മാത്രം. ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ തലയിടില്ലെന്നാണ് അദ്ദേഹം ശ്രീനഗറിൽ വെച്ച് ശൈഖ് സാഹിബിനോട് പറഞ്ഞത്.
എന്നാൽ, പിന്നീട് പല യോഗങ്ങളിലും മുസ്ലിം കോൺഫറൻസിന്റെ പ്രതിനിധിയെന്ന നിലയിൽ അതിനു കടകവിരുദ്ധമായ ശബ്ദമാണ് അദ്ദേഹം ഉയർത്തിയത്. അതുതന്നെയാണ് അദ്ദേഹം ഇവിടെയും ചെയ്തത് -വർഗീയപ്രചാരണം.
അതുകൊണ്ടാണ് അദ്ദേഹത്തോട് ചില കാര്യങ്ങൾ എനിക്കു പറയേണ്ടിവന്നത്. അദ്ദേഹം വല്ലാതെ ഭയന്നു. അതുകൊണ്ടാണ് ചില ദോഗ്രസൈനികരുടെ സഹായത്തോടെ സ്ഥലം വിട്ടത്. നിങ്ങൾ, ദുഷ്ടന്മാരെന്നും ശല്യക്കാരെന്നും കരുതുന്നവർ, ബാരാമുള്ളയെ ഇന്ത്യയുടെ ഹൃദയവും ആത്മാവുമെന്നപോലെ ബഹുമാനിക്കുന്നവരാണെന്നറിയാമോ? ജീവനും കൈയിൽ പിടിച്ചുകൊണ്ട് ജിന്നക്ക് ഇവിടെനിന്ന് പലായനം ചെയ്യേണ്ടിവന്നു.''
ക്യാപ്റ്റന്റെ മുഖം കടും ചുവപ്പ് നിറമായി. ക്രൂദ്ധനായ അദ്ദേഹം ദുർബലമായ ശബ്ദത്തിൽ ''അതെ'' എന്നു പറഞ്ഞു സ്ഥലം വിട്ടു.
ശെർവാണിയുടെ ചിന്ത താൻ ദുർബലനായി കരുതിയിരുന്ന അഹമ്മദ് ജാനെ കുറിച്ചായി. അഹമ്മദ് ജാന്‍ വാക്കുകൾ ഉച്ചരിക്കാൻ ശേഷി ഉണ്ടായിരുന്നില്ല. ഇവിടെ എത്തിയ ആ നിമിഷം മുതൽ അയാൾ എപ്പോഴും ദാൽ തടാകത്തിലേക്ക് തിരിച്ചുപോവാന്‍ ആഗ്രഹിച്ചു. അങ്ങനെയുള്ള ഒരാൾ പെട്ടെന്ന് എങ്ങനെ ഇത്രമാത്രം കരുത്തനായി?
ക്യാപ്റ്റൻ ചിതറിക്കിടക്കുന്ന മരക്കഷണങ്ങൾ തട്ടിത്തെറിപ്പിക്കുന്നതിൽ വ്യാപൃതനായി. അയാൾ സൈനികരോട് ക്രമമൊന്നുമില്ലാതെ സംസാരിക്കുകയാണ്. ഇടക്കിടെ അയാൾ ബോംബാക്രമണത്തില്‍ തകർന്ന കെട്ടിടം ചൂണ്ടിക്കാണിക്കുന്നുണ്ട്. ക്യാപ്റ്റൻ സ്ഥലത്തുനിന്ന് മാറിയപ്പോൾ ശെർവാണി ഇരുന്നു.
അൽപനേരം കഴിഞ്ഞപ്പോൾ കെട്ടിടാവശിഷ്ടങ്ങൾ നീക്കിയ സൈനികർ ചെറുതും വലുതുമായ മരക്കഷണങ്ങൾകൊണ്ട് കുരിശുണ്ടാക്കാൻ തുടങ്ങി. ആ കുരിശ് കെട്ടിടാവശിഷ്ടങ്ങളിൽ ആഴത്തിൽ കുഴിയുണ്ടാക്കി സ്ഥാപിച്ചു.
ക്യാപ്റ്റൻ മുഖം തുടച്ചുകൊണ്ട് വീണ്ടുമെത്തുകയാണ്. ഒരു പക്ഷേ, ഭക്ഷണം കഴിച്ചുവരുകയായിരിക്കാം. ശെർവാണി തകർന്ന കെട്ടിടത്തിലേക്ക് ആനയിക്കപ്പെടുകയാണ്. അഹമ്മദ് ജാന്റെ മൃതദേഹത്തിനരികെ അയാൾ സ്തംഭിച്ചുനിന്നു. സൈനികർ നിശ്ശബ്ദത പാലിച്ചു.
അഹമ്മദ് ജാന്റെ വാടിയ മുഖത്തേക്ക് അയാൾ ഉറ്റുനോക്കി. ജാന്റെ നാസാരന്ധ്രത്തിൽ നിന്നൊഴുകിയ ചോര, തളംകെട്ടിക്കിടന്നു. ശെർവാണി അയാൾക്ക് അഭിവാദ്യം അർപ്പിച്ചു.
''സലാം, അഹമ്മദ് ജാൻ! കശ്മീർ സിംഹത്തിന്റെ സഹപ്രവർത്തകാ, നിനക്ക് മക്ബൂൽ ശെർവാണിയുടെ അഭിവാദ്യം. ശൈഖ് അബ്ദുല്ല നിനക്ക് അഭിവാദ്യമർപ്പിക്കുന്നു. എല്ലാ കശ്മീരികളുടെയും അഭിവാദ്യം! ഇന്ത്യ മുഴുവൻ നിനക്ക് അഭിവാദ്യമർപ്പിക്കുന്ന ഒരു നാൾ വരും. ഇന്നു നീ അക്രമികൾക്കു മുന്നില്‍ ബാരാമുള്ളയിലെ വഴിയിൽ ഉപേക്ഷിക്കപ്പെട്ട് കിടക്കുന്നു. എന്നാല്‍ നീ കരുത്തുറ്റ, നിശ്ശബ്ദ പോരാട്ടത്തിന്റെ പ്രതീകമാണ്. ദൈവം രക്ഷിക്കട്ടെ!''
താഴ്വരയുടെ കണ്ണെത്താദൂരത്ത് മഞ്ഞു പുതഞ്ഞ കൊടുമുടികൾ തള്ളിനിൽക്കുന്നു. പർവതമടക്കുകൾ മൂടൽ മഞ്ഞുകൊണ്ടു മൂടുകയാണ്. അവയുടെ അവ്യക്തമായ വടിവുകൾ നിഗൂഢതയായി തോന്നിപ്പിക്കുന്നു. തണുത്തകാറ്റ് ചെറുകൊടുങ്കാറ്റായി മാറുകയാണ്. വിള്ളലുകളിൽനിന്ന് രക്ഷപ്പെടുന്ന മഞ്ഞുപാളികൾ വായുവിൽ ബഹളം സൃഷ്ടിക്കുന്നു. തൊട്ടടുത്ത വസ്തുക്കൾ അവ്യക്തമാവുകയാണ്. ക്ഷണികമായി പ്രത്യക്ഷപ്പെട്ടശേഷം മേഘത്തിന്റെ നേർത്ത മൂടുപടത്തിന് പിന്നിൽ ഒളിച്ച സൂര്യൻ പ്രദേശമാകെ മങ്ങിയ പ്രകാശം പരത്തി. ശെർവാണി മുന്നോട്ട് നടന്നു.
ഇതു രണ്ടായിരം വർഷം പഴക്കമുള്ള ചരിത്രത്തിന്റെ പുനർദൃശ്യമാണ്. ചരിത്രപ്രധാനമായ ഒരു സംഭവത്തിന്റെ ആവർത്തനം. ബോംബിട്ട് തകർത്ത കെട്ടിടത്തിന്റെ മിനുസമാക്കിയ തറയുടെ അവശിഷ്ടത്തിൽ കുഴിച്ചിട്ട കുരിശിൽ ശെർവാണി ബന്ധിതനായി. വലിയ ആണികളും ചുറ്റികയുമായി ഒരു പട്ടാളക്കാരനെത്തി. ക്യാപ്റ്റൻ ഉല്ലാസത്തോടെ രംഗം വീക്ഷിക്കുകയാണ്. കശ്മീരി നാടോടിക്കൂട്ടം നായ്ക്കളുടെ കൂടിനെ അനുസ്മരിപ്പിച്ചു. നാഷനൽ കോൺഫറൻസ് നേതാവിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് ക്യാപ്റ്റൻ.
''നോക്കൂ ശെർവാണി, നീ അപ്പുറത്തു കിടക്കുന്നവനെ പോലെ മഠയനല്ലെന്ന് എനിക്കുറപ്പാണ്... എന്താണ് നല്ലതെന്നും ചീത്തയെന്നും നിനക്കറിയാം. നിന്നെ കൊലപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്കത് ചെയ്യേണ്ടിവന്നാൽ ഞാൻ ഖേദിക്കും. ധീരൻ ധീരനെ ബഹുമാനിക്കുന്നു. ശ്രദ്ധിക്കുക, നീ ഞങ്ങളോട് ശത്രുത കാണിക്കുന്നില്ലെങ്കിൽ ഞാൻ നിന്നെ കൊലപ്പെടുത്തുകയില്ല. നിനക്ക് ബുദ്ധിമുട്ടുണ്ടാവുകയില്ലെന്ന് ഞാൻ ഉറപ്പുതരുന്നു. നാഷനൽ കോൺഫറൻസിലെ നിരവധി പേർ ഞങ്ങളുടെ പക്ഷംചേർന്നിട്ടുണ്ട്. നിനക്ക് നല്ലൊരു സർക്കാർ ജോലി തരാം. എന്നാല്‍, ഞങ്ങളുടെ ആഗ്രഹങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ എന്താണെന്നും നിനക്കറിയാം. ഞാൻ സൂചിപ്പിച്ചത് എന്താണെന്ന് മനസ്സിലായിക്കാണുമെന്ന് വിചാരിക്കുന്നു.''
ശെർവാണി ഒരക്ഷരം ഉരിയാടുന്നില്ല. ശത്രുപാളയത്തിലെത്തിയവരെ അയാൾക്കറിയാം. ഭീരുക്കളും അത്യാഗ്രഹികളുമാണവർ. ക്യാപ്റ്റന്റെ വാഗ്ദാനത്തിന്റെ പിന്നിൽ എന്താണുള്ളതെന്നുമറിയാം. ശെർവാണിയുടെ വഞ്ചന, കിംവദന്തിക്കും പത്രപംക്തികൾക്കും വളമാകും. സ്വതന്ത്ര കശ്മീരിനേക്കാൾ ഈ ഇരട്ടക്കുരിശാണ് ഇക്കൂട്ടർക്ക് പ്രധാനമെന്ന കാര്യത്തിൽ അയാൾക്ക് സംശയമൊന്നുമില്ല.
ക്യാപ്റ്റൻ ഉച്ചത്തിൽ അലറി, ''ആസാദ് കശ്മീര്‍ നീണാൾ വാഴട്ടെ! "സൈനികർ ഏറ്റു ചൊല്ലിയ ആ മുദ്രാവാക്യം അന്തരീക്ഷത്തിൽ മുഖരിതമായി. ശെർവാണിയുടെ മുഖത്തൊന്ന് തുപ്പിയാലോ എന്ന് ക്യാപ്റ്റൻ ഒരു നിമിഷം ശങ്കിച്ചു. വേണ്ട, അതു വല്ലാത്ത കാടത്തമാകും -ക്യാപ്റ്റൻ മനസ്സിൽ പറഞ്ഞു.
''ആസാദ് കശ്മീരിന് മരണം!'' ശെർവാണിയുടെ ശബ്ദം വ്യക്തമായിരുന്നു. എന്നാല്‍, ഓരോ വാക്കും ഉച്ചരിക്കാൻ അയാൾ ആയാസപ്പെട്ടു.
ക്യാപ്റ്റൻ കണ്ണുകൾ ഇറുക്കി ചിരിച്ചു. അയാൾ അധിക്ഷേപം ചൊരിഞ്ഞു.
''നിനക്ക് ധൈര്യമുണ്ടെങ്കിൽ കരുത്ത് കാണിക്കാമോ?''
ശെർവാണിയെ കുരിശിൽ ആണിയടിച്ചുറപ്പിക്കാൻ സൈനികർക്ക് നിർദേശം നൽകി ക്യാപ്റ്റൻ.
മരപ്പലകയിലേക്ക് നീട്ടിയ, ശെർവാണിയുടെ ഇടതുകൈയിൽ ഒറ്റക്കണ്ണൻ ആണി ചേർത്തുവെച്ചു. ശെർവാണി പല്ലുകൾ കടിച്ചുപിടിച്ച് കണ്ണടച്ചു.
ക്യാപ്റ്റൻ ചിരിച്ചു.
''നിങ്ങളുടെ ധൈര്യം നേരത്തേ തന്നെ ചോർന്നുപോയെന്ന് എനിക്കറിയാം!''
ഇല്ല, ഞാൻ ദുർബലനാവരുത്-ശെർവാണി ചിന്തിക്കുകയാണ്-എത്ര കഠിനമായ മർദനത്തിനും കശ്മീരികളെ തളർത്താനാവില്ലെന്ന് ഈ കാടന്മാർ അറിയുന്നില്ല.
''നിങ്ങൾ ഇവിടെ ഉള്ളതിനാൽ ഈ രാജ്യത്തെ മുഴുവനാളുകളും ദേശദ്രോഹികളാവുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? കശ്മീർസിംഹം നീണാൾ വാഴട്ടെ, കശ്മീർ സർക്കാർ നീണാൾ വാഴട്ടെ!'' -അയാൾ ഉച്ചത്തിൽ വിളിച്ചു കൂവി.
ക്യാപ്റ്റന്റെ ഉഗ്രകോപത്തിന് അതിരുണ്ടായിരുന്നില്ല. അയാൾ കാലുകൾ നിലത്തുരച്ചു.
''ഇനി വൈകിക്കൂടാ,'' അയാൾ സൈനികരെ നോക്കി അലറി. അതിൽ പിന്നീട് ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ മറ്റൊരു തിളങ്ങുന്ന അധ്യായം ആരംഭിക്കുകയായി.
സൈനികർ ചുറ്റികകൊണ്ട് ആഞ്ഞടിച്ചപ്പോൾ ആണിയുടെ മൂർച്ചയേറിയ അറ്റം ശെർവാണിയുടെ മൃദുവായ കൈയും മരപ്പലകയും തുളച്ചുകയറി. അയാളുടെ വിരലുകളിൽ നിന്ന് ചോര ഇറ്റിറ്റുവീണു. ഓരോ അടിയും കുടൽമാലയ്ക്കുള്ളിൽ തീജ്വാലയുടെ കൊടുങ്കാറ്റ് തീർക്കുന്നതുപോലെ തോന്നി. ദേഹമാകെ തീപ്പൊരി. കൈകാലുകളിൽ സൈനികർ ആഴത്തിൽ മുറിവുണ്ടാക്കുമ്പോൾ വേദനകൊണ്ട് പുളഞ്ഞു. ശെർവാണി പല്ലുകൾ കൂട്ടിയരച്ചു.
ക്യാപ്റ്റൻ പരിഹസിച്ചു.
''നീ ഇപ്പോഴും നാഷനൽ കോൺഫറൻസിന്റെ സമ്മർദത്തിന് വഴങ്ങുകയാണോ?''
ശെർവാണിയുടെ മൗനം ക്യാപ്റ്റനെ ഭ്രാന്ത് പിടിപ്പിച്ചു.
''അവന്റെ വലതു കൈയിൽ ആണിയടിക്ക്.''
മർമഭേദകമായ വേദന! സഹനശക്തിയുടെ പരിധിയിലെത്തിയതുപോലെ ശെർവാണിക്ക് തോന്നി. എന്നാല്‍, തോൽവി സമ്മതിക്കുന്നില്ല. അയാൾ ഉച്ചത്തിൽ വിളിച്ചു.
''കശ്മീർ സർക്കാർ നീണാൾ വാഴട്ടെ!''
അതു കേട്ടതോടെ ക്യാപ്റ്റൻ അയാളെ തൊഴിച്ചു, പരിസരബോധമില്ലാതെ കണ്ണുകളിലും മുഖത്തും ആഞ്ഞടിച്ചു. ശെർവാണിയുടെ കവിളുകളിൽ ആഴത്തിൽ മുറിവുകളുണ്ടായി. വായിൽനിന്ന് രക്തമൊഴുകി. അതിന് ഉപ്പുരസമായിരുന്നു. ആൾക്കൂട്ടം പിന്നോട്ട് നീങ്ങി. ആ കാഴ്ച അവർക്ക് സഹിക്കാവുന്നതിൽ അപ്പുറമായിരുന്നു.
ശെർവാണിക്ക് തലചുറ്റുകയാണ്. അയാളുടെ നെറ്റിയിൽ വലിയൊരു മുഴയുണ്ട്. എന്നിട്ടും ചുവന്ന കണ്ണുകൾ തുറന്ന് അയാൾ വീണ്ടും വിളിച്ചു.
''കശ്മീർസിംഹം നീണാൾ വാഴട്ടെ.''
ആ വാക്കുകള്‍ ക്യാപ്റ്റന്റെ തലച്ചോറിൽ ചുറ്റികപോലെ ആഞ്ഞടിച്ചു. അയാൾ ഒരു ഭ്രാന്തന്‍നായയെ പോലെ ആക്രോശിക്കുകയാണ്.
''അവനെ തീർത്തുകളയുക. ഞാൻ കൽപിക്കുന്നു. ഇനി വൈകിക്കരുത്.''
ഒറ്റക്കണ്ണൻ സൈനികൻ എന്തു ചെയ്യണമെന്നറിയാതെ നടുങ്ങിനിന്നു. യന്ത്രമനുഷ്യനും മനസ്സുണ്ടാകുമോ?
''അയാൾ മരിച്ചു'' - ഒറ്റക്കണ്ണൻ, ക്യാപ്റ്റനെ അറിയിച്ചു.
ഇനിയുള്ള പ്രഹരങ്ങളുടെ വേദന ശെർവാണിക്ക് ഏൽക്കില്ല. അയാളുടെ ഞരമ്പുകളുടെ പ്രവർത്തനം നിലക്കുകയാണ്. അയാൾ അപ്പോഴും ക്യാപ്റ്റനെ തുറിച്ചുനോക്കുകയാണ്. ഇച്ഛാശക്തിയുടെ അങ്ങേയറ്റത്തെ ശ്രമമായി വിളിച്ചുകൂവുന്നു. ''ആസാദ് കശ്മീരിന് മരണം.''
നിരവധി ആണികൾകൊണ്ട് ഛേദിക്കപ്പെട്ട നിലയിലാണ് ശെർവാണിയുടെ ദേഹം.
വിദൂരവും നിർമലവുമായ കൊടുമുടികൾ അവയുടെ പ്രതാപം വെളിപ്പെടുത്തുന്നുണ്ട്. നിർജീവമായ ഒരു ചിത്രംപോലെ താഴ്വര പ്രത്യക്ഷമാവുകയാണ്. ചാരനിറമാർന്ന ആകാശം കാഴ്ചയിൽനിന്ന് മങ്ങുന്നു. അത്ഭുതകരമാണ്-ഭൂമിയിലെ ഈ സ്വർഗം.
ശെർവാണിയുടെ കുടുംബവീട്ടിലെ മരം ഇപ്പോൾ മഞ്ഞുമൂടി കിടക്കുകയാണ്. അനാഘ്രാത മഞ്ഞുകട്ടകൊണ്ട് വീടിന്റെ ചുവരുകളിലും തകരം പാകിയ മേൽക്കൂരയിലും അപരിചിതമായ മാതൃകയിൽ അയാൾ ശിൽപമൊരുക്കിയിരുന്നു.
ഒരുനാൾ ആ മരം പച്ചനിറത്തിൽ തഴച്ചുവളരും. മൃദുവായ ഇലകളും പുഷ്പങ്ങളുംകൊണ്ട് മൂടും. താഴ്വര വീണ്ടും ജീവസ്സുറ്റതാകും. ചാറുനിറഞ്ഞ മുന്തിരികളുടെ ഭാരംകൊണ്ട് മുന്തിരിത്തോപ്പുകൾ ചായും. മൃദുവായ കശ്മീരി ഷാൾപോലെ പതുനാമ്പുകളുടെ കിടക്കവിരി താഴ്വരയിലുടനീളം പരന്നുകിടക്കും. ശൈത്യകാലം ഇപ്പോള്‍ത്തന്നെ ഇവിടെയുണ്ടെങ്കിൽ വസന്തം വളരെയേറെ പിന്നിലാവില്ല.
വസന്തം സമാഗതമാകുന്നതോടെ, പട്ടാളക്കാർ മാർച്ച് ചെയ്യും. ആപത്കരമായ ഉയരങ്ങൾ കീഴടക്കി, മലയിടുക്കുകൾ കടന്ന്, നദികൾക്കുമേൽ പാലങ്ങൾ പണിത്, ദീർഘകായനായ, തടിച്ച വലിയ ഒരു മനുഷ്യന്റെ നേതൃത്വത്തിൽ അവർ കൂട്ടമായെത്തും.
കാലുകൾ നീട്ടിവെച്ച് അദ്ദേഹം ഇവിടെയെത്തും-കശ്മീർസിംഹം! അദ്ദേഹത്തെ കണ്ടമാത്രയിൽ ഈ പട്ടികൾ ഓടിയൊളിക്കും.
അപ്പോൾ പുത്തൻ കശ്മീർ നിർമിതമാകും. ശെർവാണിയുടെ സ്വപ്നങ്ങൾക്കൊത്ത കശ്മീർ. ദോഗ്രാരാജാക്കന്മാരുടെ കാലുകളിൽ നിരങ്ങാത്ത ജനതയുടെ കശ്മീർ. കശ്മീർ കശ്മീരികൾക്ക്. ഭൂമിയിലെ സ്വർഗം!
ക്യാപ്റ്റൻ സൈനികർക്ക് നിർദേശം നൽകി.
''മൃതദേഹം താഴെയിറക്ക്... അയാൾ മരിച്ചുകഴിഞ്ഞു.'' ശെർവാണിയുടെ മയക്കം ഒരു നിമിഷം വിട്ടു. വിദൂരതയിൽ നിന്നെന്നപോലെ ക്ഷീണിച്ച ശബ്ദമുയർന്നു.
''ൈശഖ് അബ്ദുല്ല സിന്ദാബാദ്! "അയാൾ ആവർത്തിക്കുകയാണ്. എന്നാല്‍, ഇപ്പോൾ ക്യാപ്റ്റൻ തളർന്നു. ചൊടികെട്ട അയാൾ കോണിപ്പടിയിറങ്ങി നടന്നു. ഒരു സിഗരറ്റ് കത്തിച്ചുകൊണ്ട് തോക്കെടുത്ത് വരിവരിയായി നിൽക്കാൻ സൈനികരോട് ആജ്ഞാപിച്ചു. സൈനികനടപടിക്ക് നിർദേശം നൽകാൻ ഒരു ഹവിൽദാർ നിലയുറപ്പിച്ചു.
മക്ബൂൽ ശെർവാണിയെ സംബന്ധിച്ച് ഇതെല്ലാം ഒരു ചളിപുരണ്ട കാൻവാസാണ്. ഭൂമി ചുരുങ്ങി നന്നേ ചെറുതായതുപോലെ തോന്നി. കഴിഞ്ഞജീവിതത്തിന്റെ പ്രതിബിംബങ്ങൾ അയാളുടെ സ്മൃതിപഥത്തിൽ ചലച്ചിത്രങ്ങള്‍പോലെ അടിയുകയാണ്. ജീവിതാനുഭവങ്ങളുടെ മുഴുവൻ സഞ്ചാരപഥം. അയാൾക്ക് ഒന്നിനെ കുറിച്ചും ദുഃഖമില്ല. കഷ്ടിച്ചു കാണാവുന്ന ഗിരിശൃംഗംപോലെ ശുദ്ധമാണ് അയാളുടെ ജീവിതം. അയാൾ ഖേദിക്കുന്നില്ല. ഉചിതമായ പര്യവസാനം എന്ന നിലയിലാണ് മരണം അയാൾക്കരികിലെത്തിയത്. രാജ്യത്തിന് നന്മവരുത്തുന്ന കാര്യമാണ് അയാൾ ചെയ്തിരുന്നത്. ഇപ്പോള്‍ ചെയ്യുന്നതും അതുതന്നെ. ഒരു നാൾ കശ്മീരികൾ അയാളുടെ വഴി സ്വീകരിക്കും...
പതിനൊന്ന് വെടിയുണ്ടകൾ ഏറ്റുവാങ്ങിയാണ് ശെർവാണി മരണം വരിക്കുന്നത്.
(1948)
*ശൈഖ് അബ്ദുല്ല
**മുഹമ്മദലി ജിന്ന
ഋത്വിക് ഘട്ടക് (1925-1976)
ഇപ്പോഴത്തെ ബംഗ്ലാദേശിലെ ധാക്കയിലാണ് ഋത്വിക് ഘട്ടക് ജനിച്ചത്. ഇന്ത്യ-പാകിസ്താൻ വിഭജനാനന്തരം കുടുംബത്തോടൊപ്പം കൽക്കത്തയിലേക്ക് താമസം മാറ്റി. ചലച്ചിത്രകാരനെന്ന നിലയിലാണ് ഘട്ടക് അറിയപ്പെടുന്നത്. സത്യജിത് റായ്, മൃണാള്‍സെന്‍ തുടങ്ങിയ ചലച്ചിത്രകാരന്മാർക്കൊപ്പമാണ് അദ്ദേഹത്തെ നിരൂപകർ പരിഗണിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള സിനിമാപ്രേമികളെ സംബന്ധിച്ച് ഘട്ടകിന് ഒരു മുഖവുര ആവശ്യമില്ല. എന്നാല്‍, കഥാകാരനെന്ന നിലയിൽ അത്ര പ്രശസ്തനല്ല അദ്ദേഹം. ചലച്ചിത്രകാരൻ എന്നനിലയിൽ ലബ്ധപ്രതിഷ്ഠനാവുന്നതിന് മുമ്പായിരുന്നു ഘട്ടക് കഥകളെഴുതിയത്. 1947നും 1950നും ഇടയിലാണ് മിക്ക കഥകളും ജന്മംകൊണ്ടത്. വിഭജനത്തിന്റെ ചോരവാർന്നൊഴുകുന്ന മുറിവുകൾ പല കഥകളിലും ഉജ്ജ്വലമായി വരച്ചുവെച്ചിരിക്കുന്നു. വിഭജനം ജന്മം നൽകിയ മനുഷ്യദുരന്തങ്ങൾ പറഞ്ഞാൽ തീരില്ല. ഘട്ടക്കിന്റെ സിനിമകളിലെന്നപോലെ പല കഥകളിലും വിഭജനം പ്രധാന പ്രമേയമാണ്. വിഭജനത്തിന്റെ മുറിവു പറ്റിയ ലക്ഷക്കണക്കിന് മനുഷ്യരിൽ ഒരാളായിരുന്നു ഘട്ടക്.
ഘട്ടകിന്റെ The Earthly Paradise Remains Unshaken (ഭൂസ്വർഗ അചഞ്ചൽ) എന്ന കഥയുടെ വിവർത്തനമാണിത്. 1947ലെ വിഭജനത്തിന്റെ തൊട്ടുപിന്നാലെ പാകിസ്താൻ സഹായത്തോടെ കശ്മീർ ആക്രമിച്ച ഗോത്രവർഗ കൂലിപ്പടയാളികൾക്കെതിരെ പൊരുതുന്ന സാധാരണ കശ്മീരികളുടെ ചെറുത്തുനിൽപാണ് ഇക്കഥയുടെ പശ്ചാത്തലം. 70 വർഷം മുമ്പെഴുതിയതാണെങ്കിലും കശ്മീരിന്റെ ഇന്നത്തെ അവസ്ഥയുമായി തട്ടിച്ചുനോക്കുമ്പോൾ ഇക്കഥക്ക് ഇപ്പോഴും പ്രസക്തിയുണ്ട്. റാണിറായ് നിർവഹിച്ച ഇംഗ്ലീഷ് പരിഭാഷയാണ് ഈ മലയാളവിവർത്തനത്തിന് ആധാരം.