ക്രിസ്ത്യൻ സഹനം
രാജ്യത്ത് മതന്യൂനപക്ഷങ്ങളുടെ നേർക്ക് ഭരണകൂടത്തിന്റെ പിന്തുണയോടെയും അല്ലാതെയുമുള്ള അതിക്രമങ്ങളും കടന്നാക്രമണങ്ങളും അനുദിനം വർധിക്കുന്നുവെന്നതാണ് വാസ്തവം. അതിൽ ക്രിസ്തുമത വിശ്വാസികളാണ് ഹിന്ദുത്വ വർഗീയവാദത്തിന്റെ അക്രമങ്ങൾക്ക്‍ ഏറ്റവും അധികം വിധേയമാകുന്ന ഒരു വിഭാഗം. 1999 ജനുവരി 23ന് ആസ്േട്രലിയൻ മിഷനറി പ്രവർത്തകരായ ഗ്രഹാം സ്റ്റെയിൻസ് കൊല്ലപ്പെട്ടതും 2008ൽ ഒഡിഷയിലെ കണ്ഡമാലിൽ ക്രിസ്ത്യൻ സമുദായത്തിനു നേരെ നടന്ന വംശീയ ഉന്മൂലന നീക്കവും അതിൽപെടും. അടുത്തിടെ ഛത്തിസ്ഗഢിലും ഝാർഖണ്ഡിലുമെല്ലാം ന്യൂനപക്ഷങ്ങൾ തുടർച്ചയായി വേട്ടയാടപ്പെട്ടു. പള്ളികൾ തകർത്തു. സ്ഥാപനങ്ങൾ ചുട്ടെരിച്ചു....
Your Subscription Supports Independent Journalism
View Plansരാജ്യത്ത് മതന്യൂനപക്ഷങ്ങളുടെ നേർക്ക് ഭരണകൂടത്തിന്റെ പിന്തുണയോടെയും അല്ലാതെയുമുള്ള അതിക്രമങ്ങളും കടന്നാക്രമണങ്ങളും അനുദിനം വർധിക്കുന്നുവെന്നതാണ് വാസ്തവം. അതിൽ ക്രിസ്തുമത വിശ്വാസികളാണ് ഹിന്ദുത്വ വർഗീയവാദത്തിന്റെ അക്രമങ്ങൾക്ക്‍ ഏറ്റവും അധികം വിധേയമാകുന്ന ഒരു വിഭാഗം. 1999 ജനുവരി 23ന് ആസ്േട്രലിയൻ മിഷനറി പ്രവർത്തകരായ ഗ്രഹാം സ്റ്റെയിൻസ് കൊല്ലപ്പെട്ടതും 2008ൽ ഒഡിഷയിലെ കണ്ഡമാലിൽ ക്രിസ്ത്യൻ സമുദായത്തിനു നേരെ നടന്ന വംശീയ ഉന്മൂലന നീക്കവും അതിൽപെടും. അടുത്തിടെ ഛത്തിസ്ഗഢിലും ഝാർഖണ്ഡിലുമെല്ലാം ന്യൂനപക്ഷങ്ങൾ തുടർച്ചയായി വേട്ടയാടപ്പെട്ടു. പള്ളികൾ തകർത്തു. സ്ഥാപനങ്ങൾ ചുട്ടെരിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദിനംപ്രതിയെന്നോണം ക്രൈസ്തവ ജനവിഭാഗങ്ങൾക്കുനേരെ സംഘ്പരിവാർ അക്ഷരാർഥത്തിൽ അഴിഞ്ഞാടി. വിശ്വാസികളായ സ്ത്രീകളെ അർധനഗ്നരാക്കി വഴിയിലൂടെ നടത്തി ആൾക്കൂട്ടത്തിനു മുന്നിൽ പ്രദർശിപ്പിച്ചു. നിർബന്ധിത മതപരിവർത്തനവും മറ്റും ആരോപിച്ചാണ് ഈ ആക്രമണങ്ങളത്രയും. എങ്കിലും, സഹനത്തിന്റെ പാതയിൽ നിശ്ശബ്ദത പാലിക്കുകയായിരുന്നു ക്രിസ്ത്യൻ സമൂഹം ഒന്നടങ്കം.
ഫെബ്രുവരി 19ന് എന്നാൽ ക്രിസ്‍ത്യൻ സമൂഹം തങ്ങളുടെ നിശ്ശബ്ദത വെടിഞ്ഞു. രാജ്യത്ത് ക്രിസ്ത്യൻ ന്യൂനപക്ഷത്തിനുനേരെ അരങ്ങേറുന്ന ആക്രമണങ്ങൾക്കെതിരെ ഡൽഹി ജന്തർമന്തറിൽ സഭകളുടെയും ക്രിസ്ത്യൻ സംഘടനകളുടെയും പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ സഭകളും 79 സംഘടനകളും ചേർന്ന് സംഘടിപ്പിച്ച സംയുക്ത സമരം അവസാനിച്ചത് രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നിവേദനം സമർപ്പിച്ചാണ്. ക്രിസ്ത്യാനികൾക്കെതിരെ രാജ്യത്ത് ആൾക്കൂട്ട ആക്രമണങ്ങൾ വർധിക്കുകയാണെന്നും കുറ്റവാളികളെ പിടികൂടി ശിക്ഷിക്കുന്നതിനു പകരം സഭാനേതാക്കൾക്കും വിശ്വാസികൾക്കും എതിരെ വ്യാജ കേസുകളെടുത്ത് വേട്ടയാടുകയാണെന്നും സഭാനേതാക്കൾ ഒപ്പിട്ട നിവേദനത്തിൽ പറഞ്ഞു. ഡൽഹി കത്തോലിക്ക ആർച്ച് ബിഷപ് അനിൽ ജെ.ടി. കൂട്ടോ, ഡൽഹി-ഫരീദാബാദ് ആർച്ച് ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര, വടക്കുകിഴക്കൻ ഇന്ത്യ ചർച്ചിന്റെ ഡോ. റിക്കി, യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം പ്രസിഡന്റ് മിഖായേൽ വില്യംസ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
ജന്തർമന്തറിലെ പ്രതിഷേധപ്രകടനം നല്ലൊരു സൂചനയാണ്. അനീതിക്കും അതിക്രമങ്ങൾക്കും നേരെ ക്രിസ്ത്യൻ സമൂഹം ഒറ്റക്കെട്ടായി ശബ്ദമുയർത്താൻ തുടങ്ങുന്നു എന്നതാണ് ആ സൂചന. അതിനും ദിവസങ്ങൾക്കുമുമ്പ് ഡൽഹിയിലെ രാംലീല മൈതാനിയിൽ ജംഇയ്യതുൽ ഉലമായെ ഹിന്ദ് സംഘടിപ്പിച്ച സമ്മേളനത്തിലും ആയിരക്കണക്കിന് മുസ്‍ലിംകൾ പങ്കെടുത്തിരുന്നു. തങ്ങൾ നേരിടുന്ന അതിക്രമങ്ങളാണ് ഇരുകൂട്ടരെയും പ്രതിഷേധിക്കാൻ നിർബന്ധിച്ചത്.
ഹിന്ദുത്വ ഫാഷിസം ശ്രമിച്ചുകൊണ്ടിരിക്കുന്നത് ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിക്കാനാണ്. ന്യൂനപക്ഷങ്ങളെ തമ്മിൽ അടിപ്പിക്കാനുള്ള ശ്രമം പലവട്ടം വിജയിച്ചു. ന്യൂനപക്ഷങ്ങളെ തമ്മിൽ അടിപ്പിക്കുക മാത്രമല്ല, ആഭ്യന്തരമായി പിണക്കാനും പരസ്പരം എതിർചേരിയിലേക്കു നയിക്കാനും അവർക്ക് കഴിഞ്ഞു. അധികാരത്തിന്റെ അപ്പക്കഷണത്തിനായി ചിലരെങ്കിലും സ്വന്തം ആളുകളെ മറന്ന് മറുകണ്ടം ചാടി. കേരളത്തിൽ അബ്ദുല്ലക്കുട്ടിമാരും ചില ക്രിസ്ത്യൻ മേലധികാരികളും ഫാഷിസത്തിന്റെ വക്താക്കളായി. അവിടെയാണ് ജന്തർമന്തറിലെ പ്രതിഷേധം വഴികാട്ടുന്നത്, നല്ല തുടക്കമാകുന്നത്. ഐക്യത്തിന്റെ പുതുതലങ്ങൾ കണ്ടെത്തി ഒരുമിച്ച് നിന്ന് ഫാഷിസത്തെ തോൽപിക്കുകയാണ് വേണ്ടത്. ഐക്യങ്ങൾ താൽക്കാലികമാവരുത്. ലക്ഷ്യം വ്യക്തവും ഉറച്ചതുമാവണം. അതേ, ഈ രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കൂ.
♦