ജോഷിമഠ് എന്ന പാഠം
മനോഹരമായ, പേരു കേൾക്കുമ്പോൾതന്നെ കുളിര് പകരുന്ന നാടാണ് ഉത്തരാഖണ്ഡ്. സന്ദർശകരുടെ പ്രിയ ഇടം. ഹിമവാന്റെ മടിത്തട്ടിലെ, ആ സുന്ദരദേശത്തിലെ ജോഷിമഠ് എന്നിടത്തുനിന്ന് വരുന്ന വാർത്തകൾക്ക് പക്ഷേ, കുളിരല്ല, ഗ്രീഷ്മത്തിന്റെ കൊടുംചൂടാണുള്ളത്.ഹിന്ദുമത വിശ്വാസികളുടെയും പ്രകൃതിസ്നേഹികളുടെയും പർവതാരോഹകരുടെയും ഇഷ്ടനഗരമാണ് ജോഷിമഠ്. ഋഷികേശ്-ബദരീനാഥ് ...
Your Subscription Supports Independent Journalism
View Plansമനോഹരമായ, പേരു കേൾക്കുമ്പോൾതന്നെ കുളിര് പകരുന്ന നാടാണ് ഉത്തരാഖണ്ഡ്. സന്ദർശകരുടെ പ്രിയ ഇടം. ഹിമവാന്റെ മടിത്തട്ടിലെ, ആ സുന്ദരദേശത്തിലെ ജോഷിമഠ് എന്നിടത്തുനിന്ന് വരുന്ന വാർത്തകൾക്ക് പക്ഷേ, കുളിരല്ല, ഗ്രീഷ്മത്തിന്റെ കൊടുംചൂടാണുള്ളത്.
ഹിന്ദുമത വിശ്വാസികളുടെയും പ്രകൃതിസ്നേഹികളുടെയും പർവതാരോഹകരുടെയും ഇഷ്ടനഗരമാണ് ജോഷിമഠ്. ഋഷികേശ്-ബദരീനാഥ് ദേശീയപാതയിൽ, ഏതാണ്ട് 1890 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ബദരീനാഥ്, ഹേംകുണ്ഡ് സാഹിബ് തുടങ്ങിയ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നവർ, ട്രക്കിങ് നടത്താൻ പോകുന്നവർ തുടങ്ങിയവരുടെയെല്ലാം ഇടത്താവളം. പക്ഷേ, ജോഷിമഠ് ഇടിഞ്ഞു താഴ്ന്നുകൊണ്ടിരിക്കുകയാണ്. 678ലധികം വീടുകൾക്ക് വിള്ളൽ വീണു. പല സ്ഥലങ്ങളിലും റോഡുകൾ തകർന്നു. പലയിടങ്ങളിലും ഭൂമിക്കടിയിൽനിന്ന് വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയാണ്. അവിടെ അപകടാവസ്ഥയിലായ കെട്ടിടങ്ങൾ കഴിഞ്ഞ തിങ്കളാഴ്ച മുതൽ പൊളിച്ചുതുടങ്ങി. ഭീതിയിൽ കഴിയുന്ന അനേകം കുടുംബങ്ങളെ അവിടെനിന്നു മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
അശാസ്ത്രീയമായ നിർമാണങ്ങളും കൈയേറ്റങ്ങളും കുന്നിടിക്കലുമെല്ലാമാണ് ജോഷിമഠിന് വിനയായത്. 25,000ത്തിലധികം ജനങ്ങൾ താമസിക്കുന്ന ആ സ്ഥലത്ത് പരിധികൾ അവഗണിച്ച് മുന്നോട്ടുപോയ ടൂറിസവും റോഡ് നിർമാണവുമെല്ലാം പ്രതികൂലമായി. ചാർധാം റോഡ് നിർമാണമാണ് ഏറ്റവും വലിയ തിരിച്ചടിയായത്. ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ പുണ്യസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന 900 കിലോമീറ്റർ ദൈർഘ്യം വരുന്ന പാത എല്ലാ ശാസ്ത്രീയ മാനദണ്ഡങ്ങളും ലംഘിച്ചാണ് പണിയുന്നത്. 291 കിലോമീറ്റർ ദൂരം ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ഈ റോഡ് നിർമാണത്തിനെതിരെ സമർപ്പിച്ച കേസ് സുപ്രീംകോടതി തള്ളി. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ ചെയർമാനായിരുന്ന പരിസ്ഥിതി പ്രവർത്തകൻ രവി ചോപ്ര സർക്കാറിന്റെ പരിസ്ഥിതി വിരുദ്ധ സമീപനത്തിൽ പ്രതിഷേധിച്ച് രാജിവെച്ചതും വാർത്തയായി.
മലയിടിച്ചിൽ പതിവായ മേഖലയാണിത്. അവിടെ 10 വർഷത്തിനുള്ളിൽ, ഉത്തരാഖണ്ഡിൽ 66 ഭൂഗർഭ പാതകൾ നിർമിക്കാനാണ് സർക്കാർ നീക്കം. 18 പാതകൾ ഇപ്പോൾ ഉപയോഗത്തിലുണ്ട്. ഇതെല്ലാം ചേർന്ന് ഉണ്ടാക്കിയ തകർച്ചയാണ് ഇപ്പോൾ ജോഷിമഠിലേത്. ഈ പ്രദേശത്തുതന്നെ തപോവൻ-വിഷ്ണുഗഢ് ജലവൈദ്യുതി പദ്ധതിയും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തുരങ്കം ജോഷിമഠിനടിയിലൂടെയാണ് കടന്നുപോകുന്നത്. തുരങ്കത്തിന്റെ നിർമാണങ്ങൾക്കിടയിൽ ഭൂഗർഭ ജലസ്രോതസ്സ് തകർന്നു. അതേത്തുടർന്ന് ഏതാണ്ട് 70 ദശലക്ഷം ലിറ്റർ ജലമാണ് ദിവസേന പുറത്തേക്കൊഴുകിയത്.
ജോഷിമഠിൽ ഭൂമി താഴുന്നതെന്തുകൊണ്ടാണെന്ന് പഠിക്കാൻ ഉന്നതതല സംഘങ്ങൾ അങ്ങോട്ടു തിരിച്ചിട്ടുണ്ട്. പഠനങ്ങളുടെ ഫലങ്ങൾ നമുക്കറിയാവുന്നത് തന്നെയായിരിക്കും. പരിസ്ഥിതി ലോലമായ മേഖലകളിലെ അശാസ്ത്രീയ നിർമാണവും കടന്നുകയറ്റവും ഉത്തരമായി ലഭിക്കും. പക്ഷേ, അതൊരിക്കലും പുറംലോകം അറിയില്ല. വികസന ഭ്രാന്തിൽ പരിസ്ഥിതിയെ കാണാൻ സർക്കാറും ഭരണകൂടവും മടിക്കും. ഫലം കൊടിയ ദുരന്തമാകും.
ജോഷിമഠ് ഗൗരവമായ പാഠങ്ങൾ കേരളത്തിനും ലോകത്തിനുമെല്ലാം നൽകുന്നുണ്ട്. പ്രകൃതിക്കുമേലുള്ള ദുരക്കെതിരെ സംസാരിക്കുന്നവർ ആക്രമിക്കപ്പെടുന്ന കാലം കൂടിയാണിത്. വികസനത്തിന് തടസ്സം പരിസ്ഥിതിവാദികളും കവികളുമാണെന്ന് ‘കണ്ടെത്തപ്പെട്ട’ കാലം കൂടിയാണിത്. അവർക്കുള്ള ഉത്തരമാണ് ജോഷിമഠ്. ഇനിയെങ്കിലും കണ്ണ് തുറന്ന്, കാത് തുറന്നു ചുറ്റുപാടിനെ അറിയൂ.