മരണാനന്തരവും കെ.ആർ. നാരായണൻ അപമാനിതനാവുന്നു
കോട്ടയത്തെ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളും ജീവനക്കാരും ഇപ്പോൾ സമരരംഗത്താണ്. ഇൻസ്റ്റിറ്റ്യൂട്ട് അധികാരികൾക്കു നേരെ ജാതിവിവേചനവും സംവരണ അട്ടിമറിയുമാണ് സമരത്തിൽ പ്രധാനമായും ഉന്നയിക്കുന്ന ആരോപണങ്ങൾ. കൂടാതെ, ഡയറക്ടറുടെ ധാർഷ്ട്യവും ജനാധിപത്യവിരുദ്ധതയും പ്രതിഷേധ വിഷയമാണ്. അതിനേക്കാൾ പ്രതിഷേധാർഹമാണ്, ചലച്ചിത്രമേഖലയിലെത്തന്നെ ചില പ്രമുഖർ ഈ വിവേചനത്തോട് ഐക്യപ്പെടുന്നത്. വിദ്യാർഥികൾ ഉന്നയിക്കുന്ന...
Your Subscription Supports Independent Journalism
View Plansകോട്ടയത്തെ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളും ജീവനക്കാരും ഇപ്പോൾ സമരരംഗത്താണ്. ഇൻസ്റ്റിറ്റ്യൂട്ട് അധികാരികൾക്കു നേരെ ജാതിവിവേചനവും സംവരണ അട്ടിമറിയുമാണ് സമരത്തിൽ പ്രധാനമായും ഉന്നയിക്കുന്ന ആരോപണങ്ങൾ. കൂടാതെ, ഡയറക്ടറുടെ ധാർഷ്ട്യവും ജനാധിപത്യവിരുദ്ധതയും പ്രതിഷേധ വിഷയമാണ്. അതിനേക്കാൾ പ്രതിഷേധാർഹമാണ്, ചലച്ചിത്രമേഖലയിലെത്തന്നെ ചില പ്രമുഖർ ഈ വിവേചനത്തോട് ഐക്യപ്പെടുന്നത്.
വിദ്യാർഥികൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ഗുരുതരമാണ്. ജാതിവിവേചനം നേരിടുന്നു എന്ന വിദ്യാർഥികളുടെ ആക്ഷേപം ശരിവെക്കുന്നതാണ് പല തെളിവുകളും. ജീവനക്കാരെക്കൊണ്ട് വീട്ടുജോലി ചെയ്യിച്ചുവെന്നും നിഷ്ഠുരമായ അവഹേളനങ്ങൾ നേരിടേണ്ടി വന്നുവെന്നും സ്ത്രീജീവനക്കാർ പറയുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് പുറംതള്ളിയ വിദ്യാർഥികളിലൊരാൾ കൊൽക്കത്തയിൽ ഫിലിം പഠനത്തിന് ചേർന്നു. അതുതന്നെ ഈ സംസ്ഥാനത്തിന്, പുരോഗമന കേരളത്തിന് നാണക്കേടാണ്. അതായത് വിഷയം ഒരിക്കലും കുറച്ചു സിനിമ പഠിക്കുന്നവരുടെയോ ഒരു ഇൻസ്റ്റിറ്റ്യൂട്ടിന്റെയോ മാത്രം പ്രശ്നമല്ലെന്ന് ചുരുക്കം. സമരത്തെപ്പറ്റിയും സമരകാരണങ്ങളെപ്പറ്റിയും സമരത്തിന് നേതൃത്വം നൽകുന്ന വിദ്യാർഥികളിലൊരാൾ ഈ ലക്കം ആഴ്ചപ്പതിപ്പിൽ വിശദമായി സംസാരിക്കുന്നുണ്ട്.
രാജ്യത്തെ ആദ്യ ദലിത് രാഷ്ട്രപതിയും മലയാളിയുമായ കെ.ആർ. നാരായണന്റെ പേരിലുള്ളതാണ് ഇൻസ്റ്റിറ്റ്യൂട്ട്. ജീവിതകാലം മുഴുവൻ അദ്ദേഹം നേരിട്ട അവഹേളനങ്ങളും അതിനെ അദ്ദേഹം ചെറുത്തുതോൽപിച്ചതും നമ്മൾ കണ്ടതാണ്. അതൊരു ചരിത്രമാണ്. ആ വലിയ മനുഷ്യന്റെ പേരിലുള്ള സ്ഥാപനത്തിൽനിന്ന് കേൾക്കുന്ന വാർത്തകൾ നമ്മെ ശരിക്കും ലജ്ജിപ്പിക്കണം. മരണാനന്തരവും അദ്ദേഹം അപമാനിക്കപ്പെടുകയാണ്. അദ്ദേഹത്തിന് നീതി നൽകണം. അതിന് സർക്കാർതന്നെ മുൻകൈയെടുക്കണം. നല്ല സിനിമകൾ ചെയ്യാൻ കഴിവുള്ള ഒരു തലമുറ അവിടെനിന്നും പഠിച്ചിറങ്ങട്ടെ. അവർക്കൊപ്പമാണ് കേരളജനതയും നിലകൊള്ളേണ്ടത്.