അഗ്നിവീരർ
സൈനികവത്കരിക്കപ്പെട്ട രാജ്യം ഒരു സംഘ്പരിവാർ-ഫാഷിസ്റ്റ് ആശയമാണ്. സൈനികവത്കരിക്കപ്പെട്ട സ്റ്റേറ്റ് എന്ന മുസോളിനിയുടെ ആശയത്തെ വളരെ മുമ്പേ പിൻപറ്റുന്ന തീവ്രഹിന്ദുത്വവാദികൾ അതിനായി കാലങ്ങളായി ശ്രമിക്കുന്നു. ഇന്ത്യൻ സൈനിക സംവിധാനത്തെ തീർത്തും ഹിന്ദുത്വരീതിയിൽ മാറ്റിത്തീർക്കുന്നതിൽ പലപ്പോഴും മോദി ഭരണകൂടവും അതിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനും കഴിഞ്ഞിട്ടുണ്ട്. ഒറ്റ സൈനിക മേധാവി എന്ന ജനാധിപത്യവിരുദ്ധത അതിന്റെ തുടർച്ചയായിരുന്നു....
Your Subscription Supports Independent Journalism
View Plansസൈനികവത്കരിക്കപ്പെട്ട രാജ്യം ഒരു സംഘ്പരിവാർ-ഫാഷിസ്റ്റ് ആശയമാണ്. സൈനികവത്കരിക്കപ്പെട്ട സ്റ്റേറ്റ് എന്ന മുസോളിനിയുടെ ആശയത്തെ വളരെ മുമ്പേ പിൻപറ്റുന്ന തീവ്രഹിന്ദുത്വവാദികൾ അതിനായി കാലങ്ങളായി ശ്രമിക്കുന്നു. ഇന്ത്യൻ സൈനിക സംവിധാനത്തെ തീർത്തും ഹിന്ദുത്വരീതിയിൽ മാറ്റിത്തീർക്കുന്നതിൽ പലപ്പോഴും മോദി ഭരണകൂടവും അതിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനും കഴിഞ്ഞിട്ടുണ്ട്. ഒറ്റ സൈനിക മേധാവി എന്ന ജനാധിപത്യവിരുദ്ധത അതിന്റെ തുടർച്ചയായിരുന്നു. ഇപ്പോഴിതാ 'അഗ്നിപഥ്' എന്ന പുതിയ പദ്ധതിയുമായി മോദിസർക്കാർ വന്നിരിക്കുന്നു.
പതിനേഴര വയസ്സായ കുട്ടികളെ നാലു വർഷത്തേക്ക് സൈനികസേവനത്തിന്റെ ഭാഗമാക്കുകയാണ് അഗ്നിപഥ് പദ്ധതി. തെരഞ്ഞെടുക്കപ്പെടുന്നവർ അഗ്നിവീരരായി അറിയപ്പെടും. ഈവർഷം 46,000 പേരെ റിക്രൂട്ട് ചെയ്യും. പ്രതിമാസം 30,000 രൂപ ശമ്പളം, നാല് വർഷത്തിനുശേഷം 11.71 ലക്ഷം രൂപ ലഭിക്കും. 25 ശതമാനം പേർക്ക് സൈന്യത്തിൽ സ്ഥിരനിയമനം ലഭിച്ചേക്കും. പെൺകുട്ടികൾക്കും പങ്കെടുക്കാം. വിജ്ഞാപനം പുറത്തിറങ്ങിയിട്ടുണ്ട്.
'അഗ്നിപഥ്' ഫാഷിസത്തിന്റെ സൈനികവത്കരണ പദ്ധതിയാണെന്ന് സുവ്യക്തം. ഈ പദ്ധതിക്ക് പലതുണ്ട് കുഴപ്പം. ഒന്ന്, സ്ഥിരം നിയമനം എന്നതടക്കമുള്ള യുവജനതയുടെ സ്വപ്നം ഇല്ലാതാകും. കുറഞ്ഞ വേതനത്തിന് പണിയെടുപ്പിക്കുകയും ആനുകൂല്യങ്ങൾ നൽകാതിരിക്കുകയും ചെയ്യലാണ് ഇതിന്റെ തുടർച്ച.
ചെറുപ്രായത്തിലേ സൈനികസേവനം നിർബന്ധമാക്കുന്നതിന്റെ മറ്റൊരു വളഞ്ഞവഴിയാണ് അഗ്നിപഥ്. ഇപ്പോൾതന്നെ ഹിന്ദുത്വവത്കരിക്കപ്പെട്ട സംവിധാനത്തിലേക്ക് കൂടുതൽ കൂടുതൽ പേരെ റിക്രൂട്ട് ചെയ്യുകയാണ് ഇതുവഴി സംഭവിക്കുക. ചെറുപ്പക്കാരെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ നടത്തിപ്പുകാരായി കുറഞ്ഞ ചെലവിലും എളുപ്പത്തിലും ലഭിക്കുക എന്ന തന്ത്രം വിജയകരമായി നടപ്പാകും. നാല് വർഷത്തിനുശേഷം യുവാക്കളെ ബി.ജെ.പി ഓഫിസുകളുടെ കാവൽക്കാരായി നിയമിക്കുമെന്ന ഉന്നതാധികാരങ്ങളുടെ പ്രസ്താവന തന്നെ അപകടത്തിന്റെ സൂചനയാണ്.
അഗ്നിപഥിനെതിരെ യുവജനങ്ങൾ രാജ്യമെമ്പാടും തെരുവിലിറങ്ങി. ബിഹാർ, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ ചെറുപ്പക്കാർ അക്രമത്തിലേക്ക് തിരിഞ്ഞു. ചിലയിടത്ത് ട്രെയിനുകൾ അഗ്നിക്കിരയാക്കി. അവർ അഗ്നിവീരരായി. ചെറുപ്പക്കാരുടെ രോഷം തടഞ്ഞുനിർത്താൻ ഭരണകൂടം പണിപ്പെടുകയാണിപ്പോൾ. ആ രോഷത്തെയും തങ്ങളുടെ സംവരണ അട്ടിമറിയടക്കമുള്ള നയങ്ങൾക്കും പദ്ധതിക്കും ന്യായയുക്തത നൽകാനും ഭരണകൂടം ഉപയോഗിക്കുന്നുണ്ട് എന്നത് വേറെ കാര്യം.
രാജ്യത്തിനകത്ത് പലതരം പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്. കർഷകരുടെ ഐതിഹാസികമായ സമരത്തിന്റെ വിജയം നമ്മൾ കണ്ടു. അതിനുമുമ്പ് പൗരത്വസമരം കണ്ടു. തൊഴിലാളികളുടെ മുന്നേറ്റം മഹാരാഷ്ട്രയിലടക്കം പ്രകടമായി. മറ്റൊരു ഇന്ത്യ ഇപ്പോഴത്തെ ഇന്ത്യക്കുള്ളിലുണ്ട്. അതാണ് പുകയുന്നത്. ആ പുകച്ചിലിന്റെ രാഷ്ട്രീയവും ചലനനിയമവും ഭരണാധികാരികൾക്ക് മനസ്സിലാവുമോയെന്നറിയില്ല. മനസ്സിലാവാൻ സാധ്യതയില്ല. അടിച്ചമർത്തലിന്റെ തന്ത്രം മാത്രം പിടിയുള്ള, ജനാധിപത്യബോധം തൊട്ടുതീണ്ടാത്തവരോട് പറഞ്ഞിട്ടും കാര്യമില്ല. 'അഗ്നിവീരർ' ചരിത്രമെഴുതുമ്പോഴേ പലതും അവർക്കും പിടികിട്ടൂ.