കരുവന്നൂര്‍ ആവരുത് മാതൃക
ഗ്രാമങ്ങളിലെ ധനക്രയവിക്രയങ്ങളുടെ മുഖ്യ കേന്ദ്രം ഇപ്പോഴും സഹകരണ ബാങ്കുകളാണ്. സംസ്ഥാനത്ത് ഏതാണ്ട് എല്ലായിടത്തും അത് തന്നെയാണ് യാഥാർഥ്യം. സങ്കീര്‍ണമായ നടപടിക്രമങ്ങളുടെ ഭാരമോ കാലതാമസമോ ഇല്ലാതെ സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്നത് സഹകരണ ബാങ്കുകളെയാണ്. ഗ്രാമങ്ങളിലേക്ക് വന്‍കിട സ്വകാര്യ ബാങ്കുകള്‍ക്കുപോലും കടന്നുകയറാന്‍ പലവിധത്തില്‍...
Your Subscription Supports Independent Journalism
View Plansഗ്രാമങ്ങളിലെ ധനക്രയവിക്രയങ്ങളുടെ മുഖ്യ കേന്ദ്രം ഇപ്പോഴും സഹകരണ ബാങ്കുകളാണ്. സംസ്ഥാനത്ത് ഏതാണ്ട് എല്ലായിടത്തും അത് തന്നെയാണ് യാഥാർഥ്യം. സങ്കീര്‍ണമായ നടപടിക്രമങ്ങളുടെ ഭാരമോ കാലതാമസമോ ഇല്ലാതെ സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്നത് സഹകരണ ബാങ്കുകളെയാണ്. ഗ്രാമങ്ങളിലേക്ക് വന്‍കിട സ്വകാര്യ ബാങ്കുകള്‍ക്കുപോലും കടന്നുകയറാന്‍ പലവിധത്തില്‍ ശ്രമിച്ചിട്ടും സാധ്യമാകാത്തതും അതിനാലാണ്. പലപ്പോഴും സഹകരണ ബാങ്കുകള്‍ സാധാരണ ജീവിതങ്ങളെ ജപ്തിയിലൂടെയും മറ്റും തകര്‍ക്കാറുണ്ട് എന്ന വസ്തുത മറന്നുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. എങ്കിലും, സാധാരണക്കാര്‍ക്ക്, ഗ്രാമീണര്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാവുന്ന ധനകാര്യ സ്ഥാപനം സഹകരണ ബാങ്ക് തന്നെയാണ്.
സഹകരണ ബാങ്ക് സംവിധാനത്തെ തകര്‍ക്കാന്‍ പലവിധത്തില്‍, പലതലങ്ങളില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ അത്തരത്തിലുള്ള ചുവടുകള്‍ പലതും വെച്ചിരുന്നു. പക്ഷേ, ഇപ്പോള്‍ കേള്‍ക്കുന്ന ചില വാര്‍ത്തകള്‍ നമ്മെ വേദനിപ്പിക്കുന്നു. തൃശൂരിലെ കരുവന്നൂരിലെ ബാങ്കില്‍ ഉയര്‍ന്നത് കുപ്രസിദ്ധമായ നിക്ഷേപ തട്ടിപ്പാണ്. 40 വര്‍ഷത്തിലേറെയായി സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ 300 കോടിയുടെ ക്രമക്കേട് നടന്നതായാണ് വാര്‍ത്ത. അന്വേഷണസമിതി കെണ്ടത്തിയ ക്രമക്കേടിന്റെ പേരില്‍ ചില അറസ്റ്റുകള്‍ നടന്നു. എന്നാല്‍, ജയിലിലടക്കപ്പെട്ടവരില്‍ ഒരാള്‍ ക്രമക്കേടുകള്‍ വെളിപ്പെടുത്തിയയാളാണ് എന്നും വാര്‍ത്തകളുണ്ട്.
ഇതിനേക്കാള്‍ പ്രധാനമാണ് മാപ്രാണത്തെ ഫിലോമിനയുടെ മരണത്തിന് ബാങ്കിന്റെ നടപടികള്‍ കാരണമായത്. സര്‍ക്കാര്‍ നഴ്സായിരുന്ന ഫിലോമിനയും ഭര്‍ത്താവും തങ്ങളുടെ പെന്ഷന് ആനുകൂല്യങ്ങളടക്കം 30 ലക്ഷം രൂപ കരുവന്നൂര്‍ ബാങ്കിലിട്ടിരുന്നു. എന്നാല്‍, ചികിത്സക്ക് ബുദ്ധിമുട്ടിയപ്പോള്‍ ഭര്‍ത്താവ് ദേവസി പലതവണ ബാങ്കിനെ സമീപിച്ചെങ്കിലും നല്‍കിയില്ല. ഫിലോമിന ചികിത്സകിട്ടാതെ മരിച്ചു. ദേവസിയും മകനും ബാങ്കിന് മുന്നില്‍ ഫിലോമിനയുടെ മൃതദേഹവുമായി പ്രതിഷേധിച്ചു. ഫിലോമിനക്ക് മാത്രമല്ല ഈ ഗതിവന്നത്. അവിടെ വേറെയും മരണങ്ങള് ഇതേമട്ടില്‍ സംഭവിച്ചിട്ടുണ്ട്.
കേരളത്തില്‍ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ നിഷേധാത്മക ഗുരുനാഥനാണ് കരുവന്നൂര്‍. എന്താവരുത് എന്നതിന്റെ മാതൃക. കേരളത്തില്‍ 164 സഹകരണ സംഘങ്ങള്‍ നിക്ഷേപ കാലാവധി പൂര്‍ത്തിയായിട്ടും പണം തിരിച്ചുനല്കാനാവാത്ത അവസ്ഥയിലാണെന്ന് വകുപ്പ് മന്ത്രിതന്നെ നിയമസഭയില്‍ പറഞ്ഞത് കൂട്ടിവായിക്കുമ്പോള്‍ സ്ഥിതി കൂടുതല്‍ ഭയപ്പെടുത്തുന്നു.
സഹകരണ ബാങ്കുകള്‍ അഴിമതിയുടെയും തട്ടിപ്പിന്റെയും കേന്ദ്രമാകരുത്. അത് സാധാരണക്കാരുടെ സ്ഥാപനമാണ്. അതിന്റെ വിശ്വാസ്യതകൂടി നഷ്ടപ്പെട്ടാല്‍ ജനത്തിന് മുന്നില്‍ മറ്റൊരു സാധ്യതയില്ല. കോര്‍പറേറ്റ് ബാങ്കിങ് കൊള്ളക്ക് വിധേയമാകേണ്ടിവരും. ഉള്ളില്‍നിന്നുതന്നെ തകര്‍ക്കുക എന്നൊരു തന്ത്രമുണ്ട്. അതിന് ചില സഹകരണ ബാങ്കുകളും അതിന്റെ നടത്തിപ്പുകാരും നിന്നുകൊടുക്കുകയും കോടാലിക്കൈ ആയി മാറുകയും ചെയ്യുന്നുവെന്നത് ദുഃഖകരമാണ്. തെറ്റുകള്‍ തിരുത്തണം. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാകണം. കൂടുതല്‍ ജനോപകാരപ്രദമാകണം. അതിന് മുന്‍കൈയെടുക്കാന്‍ കഴിയേണ്ടത് സഹകരണ സ്ഥാപനങ്ങളില്‍ നല്ല പങ്കിന്റെയും ഭരണം കൈയാളുന്ന ഇടതുപക്ഷത്തിനു തന്നെയാണ്.