സ്വാതന്ത്ര്യം: ആരുടെ, ആർക്ക്?
നമ്മൾ 'ഭാഗധേയവുമായി കൂടിക്കാഴ്ച' (Tryst with Destiny) നടത്തിയിട്ട് 75 വർഷം പൂർത്തിയാകുന്നു. ആ വിധിദായക ദിനം ആഗ്രഹിച്ച, ബ്രിട്ടീഷ് കൊളോണിയലിസത്തിൽനിന്ന് മോചനം കൊതിച്ച കോടിക്കണക്കിന് ജനത്തിന് മനസ്സിൽ ഒന്നുണ്ടായിരുന്നു -മനോഹരമായ സ്വപ്നങ്ങൾ.
പക്ഷേ, ആ സ്വപ്നങ്ങൾ ഇന്നും മരീചികകളാണ്. പുത്തൻ കൊളോണിയൽ നുകത്തിനുള്ളിൽ, കോർപറേറ്റ് മാഫിയ ഭരണത്തിന് കീഴിൽ, ഫാഷിസത്തിന്റെ അധികാരനിഷ്ഠുരതയിൽ പതിതാവസ്ഥയിലാണ് രാജ്യം. ദാരിദ്ര്യം രൂക്ഷം, ജാതിവെറി മൂർധന്യത്തിൽ, ആൾക്കൂട്ടഹിംസയുടെ ഭ്രാന്തമായ അവസ്ഥയിൽ എത്തിയ അപരവത്കരണവും വിദ്വേഷവും. ചിലർ കൂടുതൽ സഹസ്ര കോടീശ്വരരായി കൊഴുക്കുമ്പോൾ ഗ്രാമങ്ങൾ അത്യധികം പാപ്പരീകരിക്കപ്പെട്ടിരിക്കുന്നു. ആവിഷ്കാര, അഭിപ്രായ സ്വാതന്ത്ര്യങ്ങൾ ഗുരുതരാവസ്ഥയിൽ. ബ്രാഹ്മണ്യത്തിന്റെ അന്ധവിശ്വാസങ്ങൾക്ക് പിന്നിലാണ് ശാസ്ത്രത്തിന്റെപോലും ഇടം. രാജ്യത്തെ പൗരർക്കുപോലും പൗരത്വം തെളിയിക്കേണ്ട ഗതികേട്. അതായത്, ഇനിയെന്ത് എന്ന് പ്രവചിക്കാൻപോലുമാവാത്ത അവസ്ഥ.
എല്ലാ വീടുകൾക്കുമേലും ത്രിവർണം പാറിപ്പറക്കുന്നത് സുന്ദരമാണ്. പക്ഷേ, അത് യഥാർഥ സ്വാതന്ത്ര്യത്തിന്റെ പതാകകളാകുമ്പോഴാണ് കൂടുതൽ സുന്ദരമാകുക. നമുക്ക് ഒപ്പമുണ്ടായിരിക്കേണ്ട, നീതി വിളിച്ചുപറഞ്ഞവർ, അനീതി ചോദ്യംചെയ്തവർ സ്വാതന്ത്ര്യമില്ലാതെ ജയിലിലടക്കപ്പെട്ടിരിക്കുകയാണ്; മോചനം എന്ന് എന്നുപോലും അറിയാതെ. രാജ്യത്തിന്റെ സ്വാതന്ത്ര്യം എന്നത് അഭിപ്രായങ്ങളുടെ, ജനങ്ങളുടെ, മതേതരത്വത്തിന്റെ, ജനാധിപത്യത്തിന്റെ ഒക്കെ സ്വാതന്ത്ര്യം കൂടിയാണ്. അതിനാൽതന്നെ ഈ വേളയിലും മുഴങ്ങേണ്ടത് ലളിതമായ രണ്ട് ചോദ്യങ്ങളാണ് -ആരുടെ? ആർക്ക്?