സെറീന വില്യംസ്, റോജർ ഫെഡറർ
തെരുവുകളുടെ, കറുത്തവരുടെ, സാധാരണക്കാരുടെ ഗെയിമായി ടെന്നിസ് പരിണമിച്ചുവരുന്നതേയുള്ളൂ. യൂറോപ്പിലെയും അമേരിക്കയിലെയും ഓഷ്യാനിയയിലെയും വരേണ്യതയുടെ ചതുരങ്ങളിൽനിന്നു പുറത്തുകടക്കുകയെന്നത് ടെന്നിസിന് അത്ര എളുപ്പമല്ല. എന്നാൽ, ടെന്നിസിന്റെ അതിരുകളെ മുറിച്ചുകടന്ന് വ്യാപകമായി ആഘോഷിക്കപ്പെട്ട രണ്ട് പ്രതിഭകൾ കോർട്ടിൽനിന്ന് തിരിച്ചുനടക്കുകയാണ്. റോജർ ഫെഡററും സെറീന വില്യംസും.
വേഗതയാർന്ന ചുവടുകളുടെ, ദ്രുതഗതിയിലുള്ള മറുപടികളുടെ ഗെയിമാണ് ടെന്നിസ്. ബുദ്ധികൂർമതയും കായികക്ഷമതയും പോരാട്ടവീര്യവും അവിടെ സമന്വയിക്കുന്നു. റോജർ ഫെഡററുടെ ഭാഷയിൽ പറഞ്ഞാൽ കടുപ്പമുള്ള ഗെയിം. കാരണം, അവിടെ സമനിലക്കുള്ള സാധ്യത പോലുമില്ല. 23 മീറ്റർ ചതുരത്തിനുള്ളിലെ പൊരിഞ്ഞ പോരിൽനിന്നും ഒരാൾ മാത്രം വിജയിയായി വരും. തിരമാലകണക്കേ വികാരക്ഷോഭങ്ങൾ പതഞ്ഞുപൊന്തുന്ന ടെന്നിസ് കോർട്ടുകളിൽ ആക്രോശങ്ങളും അട്ടഹാസങ്ങളുമില്ലാതെ ഒഴുകി നടക്കുകയായിരുന്നു ഫെഡറർ. മണിക്കൂറുകൾ നിന്നനിൽപ്പിൽ നിൽക്കേണ്ട, അസാമാന്യ കായികക്ഷമത വേണ്ട മത്സരത്തെ അക്ഷോഭ്യനായി അനായാസകരമെന്ന് തോന്നുന്ന രീതിയിൽ ഫെഡറർ നേരിട്ടു. 2001ൽ വിംബിൾഡണിലെ പുൽമൈതാനത്തിൽ അജയ്യനായി വാണിരുന്ന അമേരിക്കയുടെ പീറ്റ് സാംപ്രസിനെ അഞ്ചാം സെറ്റിൽ മറിച്ചിട്ടാണ് ഫെഡറർ തന്റെ വരവറിയിക്കുന്നത്. മത്സരത്തിനൊടുവിൽ തിരിഞ്ഞുനടന്ന പീറ്റ് സാംപ്രസിന്റെ മുഖത്ത് തന്റെ യുഗം അവസാനിക്കാൻ പോകുന്നുവെന്ന സൂചനയുടെ ഭാരമുണ്ടായിരുന്നു. ആ ആത്മവിശ്വാസത്തിൽ സ്വതഃസിദ്ധമായ ശൈലിയിൽ കളംപിടിച്ചുതുടങ്ങിയ ഫെഡറർ അതിപ്രശസ്തിയിലേക്ക് നടന്നുകയറി. പോണി ടെയിലില് കെട്ടിയിട്ട മുടിയും വെളുത്ത ഹെഡ്ബാൻഡും അതിവേഗം ടെന്നിസിന്റെ ലോക ബ്രാൻഡായി മാറി. കാൽപനിക ഗെയിമിനെ കരുത്തുമായി വെല്ലുവിളിച്ച് റാഫേൽ നദാലും ടെക്നിക്കൽ റിട്ടേണുകളുമായി നൊവാക് ദ്യോകോവിച്ചും എത്തിയതോടെ ഫെഡറർ കളിക്കളത്തിൽ ചോദ്യം ചെയ്യപ്പെട്ടുതുടങ്ങി. പക്ഷേ പിഴവുകൾ തിരുത്തിയും പുതിയ ആയുധങ്ങൾ പുറത്തെടുത്തും പരാജയങ്ങളിൽനിന്നും ഫെഡറർ തിരിച്ചുവരുന്ന കാഴ്ചയും നാം കണ്ടു. ഫെഡറർ-നദാൽ-ദ്യോകോ ത്രയങ്ങൾ തമ്മിലുള്ള പോരാട്ടങ്ങൾ ടെന്നിസിനെ പുതിയ തലത്തിലേക്ക് ഉയർത്തി. കളിയെഴുത്തുകാരും കളിയാരാധകരും അതിനെ ടെന്നിസിന്റെ സുവർണകാലമെന്ന് വിളിച്ചു. 41ാം വയസ്സിൽ റാക്കറ്റ് മടക്കി ഫെഡറർ ഷൂസുകളഴിക്കുമ്പോൾ അയാളോടൊപ്പം വിതുമ്പാൻ ടെന്നിസിന്റെ വൻകരകൾക്കപ്പുറത്തും ജനങ്ങളുണ്ട്. അയാളുടെ ബദ്ധവൈരിയെന്ന് വിളിക്കപ്പെട്ട റാഫേൽ നദാൽപോലും കരയാൻ കൂടെയുണ്ട്. കളിയിലും കളിക്കളത്തിനു പുറത്തും സൂക്ഷിച്ച അച്ചടക്കത്തിന്റെയും സ്പോർട്സ് മാൻ സ്പിരിറ്റിന്റെയും അംഗീകാരംകൂടിയാണ് അത്.
ഫെഡറർക്ക് എതിരാളിയുടെ റാക്കറ്റിൽനിന്നും തെറിക്കുന്ന പന്തിനോടുമാത്രം ജയിച്ചാൽ മതിയായിരുന്നു. എന്നാൽ, സെറീനക്ക് തനിക്ക് നേരെയുയർന്ന വംശീയതയുടെ കൂരമ്പുകളെ, ഉടലളവുകളെക്കുറിച്ചുള്ള ആകുലതകളെ, ലൈംഗികച്ചുവയുള്ള സംസാരങ്ങളെയെല്ലാം സ്മാഷ് ചെയ്യേണ്ടതുണ്ടായിരുന്നു. സെറീനയുടെ കരുത്തുറ്റ ശരീരം പുരുഷ സമാനമാണെന്നും പങ്കെടുപ്പിക്കേണ്ടത് ആണുങ്ങളുടെ മത്സരത്തിലാണെന്നും പരിഹാസങ്ങളെയ്തവരുണ്ട്. േപ്ല ബോയ് മാഗസിനല്ല, നാഷനൽ ജിയോഗ്രാഫിക് ചാനലിലാണ് സെറീനയും സഹോദരി വീനസും നഗ്നചിത്രം നൽകേണ്ടതെന്നായിരുന്നു സ്പോർട്സ് റേഡിയോ കമന്റേറ്റർ സിഡ് റോസൻബെർഗിന്റെ കമന്റ്. തൊലിയെ, മാറിടത്തെ, ഇടുപ്പിനെ, തലമുടിയെ എല്ലാം ചൂണ്ടി പലതരം പരിഹാസ ശരങ്ങൾ സെറീനക്ക് നേരെയെത്തി. കൂരമ്പുകളെയ്തവരിൽ സഹതാരങ്ങളുമുൾപ്പെടും. വംശീയ ബോധ്യത്തെ, പുരുഷാധിപത്യത്തെ, വെളുത്തവന്റെ ആശങ്കകളെ നെഞ്ചുയർത്തി നേരിട്ട് ഉടലിനെ സമരമാക്കിയാണ് സെറീന ടെന്നിസ് കോർട്ടുകളെ അടക്കിഭരിച്ചത്.
ടെന്നിസ് കോർട്ടുകളിലെ മികവിന്റെ മാപിനിയായി ഗ്രാൻഡ് സ്ലാം വിജയങ്ങളെ അടയാളപ്പെടുത്താമെങ്കിൽ ഫെഡററേക്കാൾ മൂന്നെണ്ണം അധികമുണ്ട് സെറീനയുടെ കണക്കുപുസ്തകത്തിൽ. പക്ഷേ, സെറീനയുടെ വിരമിക്കലിന് അർഹിച്ച പ്രാധാന്യം ലഭിക്കാൻ ഫെഡറർ തന്റെ വിരമിക്കൽ പ്രഖ്യാപനം അൽപ്പംകൂടി നീട്ടിവെച്ചുവെന്നാണ് പുതിയ വാർത്ത! ഇരുവരും ഒഴിയുന്ന കളിക്കളത്തിൽ പുതിയ പ്രതിഭകൾ കടന്നുവരട്ടേയെന്ന് നമുക്ക് ആശിക്കാം.
നിരോധനവും അടിച്ചമർത്തലും
ആഴ്ചപ്പതിപ്പ് അച്ചടിയുടെ ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് (സെപ്റ്റംബർ 28) പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പി.എഫ്.ഐ) എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് വരുന്നത്. ഒട്ടും അപ്രതീക്ഷിതമല്ല ഇൗ നിരോധനം.
ദിവസങ്ങൾക്കു മുമ്പേ, സെപ്റ്റംബർ 22നു തന്നെ സൂചന വ്യക്തമായിരുന്നു. അന്ന് മുമ്പെങ്ങുമില്ലാത്ത വിധം ശക്തമായ ഭരണകൂട അടിച്ചമർത്തൽ സംഘടനക്ക് നേരെ നടന്നു. എൻ.ഐ.എയും ഇ.ഡിയും ചേർന്ന് അർധരാത്രി മുതൽ 15 സംസ്ഥാനങ്ങളിൽ പോപുലർ ഫ്രണ്ട് ആസ്ഥാനങ്ങളിലും പ്രവർത്തകരുടെ വീടുകളിലും റെയ്ഡ് നടത്തി നൂറിൽപരം നേതാക്കളെയും പ്രവർത്തകരെയും പിടികൂടി ജയിലിലടച്ചു. ആവശ്യമുള്ളവരെ ഡൽഹിയിലെത്തിച്ചു. 'ഓപറേഷൻ ഒക്ടോപസ്' എന്നു പേരിട്ട നീക്കത്തിൽ കേരളത്തിൽനിന്ന് 19 പേരെ കസ്റ്റഡിയിൽ എടുത്തു. അതിൽ പി.എഫ്.ഐയുടെ സ്ഥാപക നേതാക്കളും പ്രമുഖരും ഉൾപ്പെടുന്നു. തൊട്ടടുത്ത ദിവസം പ്രഖ്യാപിക്കെപ്പട്ട ഹർത്താലിന്റെയും അതിന്റെ പേരിൽ നടന്ന അക്രമങ്ങളുടെയും പേരിൽ വ്യാപകമായ പൊലീസ് അറസ്റ്റുകൾ നടന്നു.
മോദിസർക്കാർ അധികാരത്തിൽ എത്തിയശേഷം ഹിന്ദുത്വ ഫാഷിസ്റ്റ് അജണ്ട ഭരണകൂട അധികാര രൂപങ്ങൾ വഴി കൃത്യമായി നടപ്പാക്കുന്നുണ്ട്. എതിർശബ്ദങ്ങളെ ഇല്ലാതാക്കുന്നവിധത്തിൽ അറസ്റ്റുകളും വിചാരണയില്ലാത്ത തടവറകളും ഒരുക്കി. അതിനേക്കാൾ എല്ലാം ഭീകരമായി ന്യൂനപക്ഷ വേട്ടയും അടിച്ചമർത്തലും നടപ്പാക്കി. മുസ്ലിം വിരോധവും അപരവത്കരണവുമാണ് ഫാഷിസത്തിന്റെ മുഖ്യ ഒളി അജണ്ട. പൗരത്വനിയമ ഭേദഗതിയടക്കം മുസ്ലിംകളെ വംശീയമായി ഇല്ലായ്മ ചെയ്യാനുള്ള നീക്കം നടക്കുന്നു. അതിനെതിരെ ഉജ്ജ്വലമായ ചെറുത്തുനിൽപാണ് രാജ്യം കണ്ടത്. അത്
ഒരിക്കലും ഹിന്ദുത്വ ഫാഷിസ്റ്റുകൾക്കും സംഘ്പരിവാറിനും സഹിക്കുന്നതായിരുന്നില്ല. അതിന്റെ തുടർച്ചയാണ് ഇപ്പോഴുള്ള പി.എഫ്.ഐ അടിച്ചമർത്തലും നിരോധനവും. ഭരണകൂടം ഉദ്ദേശിക്കുന്നത് മുസ്ലിം അപരവത്കരണം ശക്തിപ്പെടുത്തുകയും അതിലൂടെ ഇസ്ലാം പേടി പടർത്തുകയുമാണ്.
ഈ നിരോധനവും ഭരണകൂട വംശീയ ആക്രമണങ്ങളും ചെറുക്കപ്പെടുകയും ചോദ്യംചെയ്യപ്പെടുകയും വേണം. സമാധാനത്തിെന്റ, ജനാധിപത്യത്തിന്റെ മാർഗത്തിൽ മുഴുവൻ ജനങ്ങളെയും ഒന്നിപ്പിക്കുകയാണ് അതിൽ നിർണായകമായ ചുവട്. ശക്തമായ പ്രതിപക്ഷം ഉയർന്നുവരണം.
ഇപ്പോൾ ന്യൂനപക്ഷങ്ങളെ ഫാഷിസം തേടിവരുമ്പോൾ അതിൽ ആകുലെപ്പടാതെ, ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന മട്ടിൽ ഉറക്കം നടിക്കാൻ മറ്റുള്ളവർക്ക് കഴിഞ്ഞേക്കും. പക്ഷേ, ഈ വേട്ടയിൽ എല്ലാവരും ഇരകളാണ്. ഇപ്പോഴല്ലാത്തവർ വൈകാതെ വേട്ടയാടപ്പെടുകതന്നെ ചെയ്യും. അതിനാൽ, വേട്ടക്കാർക്കെതിരെ ഒരുമിക്കുകയാണ് ഈ നിമിഷത്തിൽ ഏറ്റവും അഭികാമ്യം; അതാണ് രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള ഏക മാർഗവും.