Begin typing your search above and press return to search.
proflie-avatar
Login

ജാതിവാൽഭാരം

ജാതിവാൽഭാരം
cancel

രാജ്യം മൊത്തത്തിലെ കാര്യം വിടാം. നവോത്ഥാന മുന്നേറ്റങ്ങളുടെയും സാമൂഹിക പരിഷ്കരണങ്ങളുടെയും ഇരുനൂറു വർഷത്തെ ചരിത്രം നമ്മുടെ ഈ കൊച്ചു നാടിനുണ്ട്. ജാതിക്കെതിരെ നടന്ന അത്യുജ്ജ്വല പോരാട്ടങ്ങളുടെ ഇതിഹാസതുല്യമായ ഇന്നലെകളും നമുക്കുണ്ട്. പക്ഷേ, ആ മുന്നേറ്റങ്ങൾ പാതിവഴിയിൽ നിലച്ചുപോയോ? പിന്നെ എന്തുകൊണ്ടാവും ജാതി നമ്മുടെ വർത്തമാനകാലത്ത് ഇത്രയും ശക്തമായി വേരൂന്നിനിൽക്കുന്നത്? ബ്രാഹ്മണ്യം എന്ന പ്രത്യയശാസ്​ത്രവും ഹിന്ദുത്വ ഫാഷിസവും അതിന്റെ കാൽ ജാതിയിലാണ് ഊന്നിയിരിക്കുന്നത് എന്നത് പകൽ പോലെ വ്യക്തം. വരുംകാലത്തെ ഏതൊരു സാമൂഹിക മുന്നേറ്റത്തിനും ജാതിയെ അഭിമുഖീകരിക്കാതെ, അതിനെ...

Your Subscription Supports Independent Journalism

View Plans

രാജ്യം മൊത്തത്തിലെ കാര്യം വിടാം. നവോത്ഥാന മുന്നേറ്റങ്ങളുടെയും സാമൂഹിക പരിഷ്കരണങ്ങളുടെയും ഇരുനൂറു വർഷത്തെ ചരിത്രം നമ്മുടെ ഈ കൊച്ചു നാടിനുണ്ട്. ജാതിക്കെതിരെ നടന്ന അത്യുജ്ജ്വല പോരാട്ടങ്ങളുടെ ഇതിഹാസതുല്യമായ ഇന്നലെകളും നമുക്കുണ്ട്. പക്ഷേ, ആ മുന്നേറ്റങ്ങൾ പാതിവഴിയിൽ നിലച്ചുപോയോ?

പിന്നെ എന്തുകൊണ്ടാവും ജാതി നമ്മുടെ വർത്തമാനകാലത്ത് ഇത്രയും ശക്തമായി വേരൂന്നിനിൽക്കുന്നത്? ബ്രാഹ്മണ്യം എന്ന പ്രത്യയശാസ്​ത്രവും ഹിന്ദുത്വ ഫാഷിസവും അതിന്റെ കാൽ ജാതിയിലാണ് ഊന്നിയിരിക്കുന്നത് എന്നത് പകൽ പോലെ വ്യക്തം. വരുംകാലത്തെ ഏതൊരു സാമൂഹിക മുന്നേറ്റത്തിനും ജാതിയെ അഭിമുഖീകരിക്കാതെ, അതിനെ തകർക്കാതെ വിജയത്തിലേക്ക് നടക്കുക സാധ്യമല്ല. ജാതിചിന്തകൾക്ക് (സവർണ) നമ്മുടെ സമൂഹത്തിൽ ഒരിടവും അനുവദിച്ചു​െകാടുക്കരുത്. അതിനെതിരെയുള്ള ചെറുത്തുനിൽപ് ഏതൊരു മുന്നണിയിലും കെട്ടഴിച്ചുവിടണം.

ആഴ്ചപ്പതിപ്പിൽ ഇത്തവണ തമിഴിലെ പ്രമുഖ ആക്ടിവിസ്റ്റും തിരക്കഥാകൃത്തും എഴുത്തുകാരനുമായ ആത​വ​ൻ ദീച്ചന്യ സംസാരിക്കുന്നുണ്ട്. ജാതിയെപ്പറ്റിയാണ് അദ്ദേഹം കൂടുതലായി സംസാരിച്ചിട്ടുള്ളതും. അതിൽ തമിഴ്നാട്ടിലെ ജാതിവാൽ ദഹന മുന്നേറ്റത്തെപ്പറ്റിയും അദ്ദേഹം പറയുന്നു. അതിൽനിന്ന് നമുക്ക് പലതും പഠിക്കാനുണ്ട്.

ജാതിവാലിന്റെ ഭാരം സമൂഹം ചുമക്കേണ്ടതില്ല. ജാതിവാൽ പ്രിവിലേജിന്റെയും സാമൂഹിക മൂലധനത്തിന്റെയും അളവുകോലായി ഇനിയും നമ്മുടെമേൽ തങ്ങിനിൽക്കേണ്ടതില്ല. മാതാപിതാക്കൾ ഇടുന്ന കേവലം പേരുകളുടെ പ്രശ്നം മാത്രമല്ല ഇത്. കാലം മുന്നേറിയിരിക്കുന്നു. മനുഷ്യരെ ഉച്ചനീചത്വങ്ങളുടെയും തൊട്ടുകൂടായ്മയുടെയും അടിസ്​ഥാനത്തിൽ ബഹിഷ്കൃതനാക്കിയ കാലം കഴിഞ്ഞിരിക്കുന്നു. ഭൂതകാലത്തിന്റെ തടവറയിലല്ല പുതിയകാലം ജീവിക്കേണ്ടത്. ജാതി അഭിമാനമല്ല. ദുരഭിമാനമാണ്. അങ്ങനെ ഇനിയും കരുതുന്നവർക്ക് നേരം വെളുത്തിട്ടില്ല എന്നു ചുരുക്കം.

പ്രായമായ തലമുറക്ക് ഇനിയൊരു തിരുത്തൽ ചിലപ്പോൾ സാധ്യമാകില്ലായിരിക്കും. പക്ഷേ, തിരുത്തേണ്ടത് പുതിയ തലമുറയാണ്. അവർ തിരുത്തുകതന്നെ ചെയ്യും. ആ സമൂഹം ജാതിയുടെയും ജാതിവാലിന്റെയും ഭാരം വലിച്ചെറിയും. ഇല്ലെങ്കിൽ നമ്മൾ പിന്നോട്ടേക്കാണ് നടക്കുക എന്ന് വർത്തമാന കേരളവും വരുംകാല കേരളവും തിരിച്ചറിയുകതന്നെ ചെയ്യും.