നിങ്ങളുടെ വസ്ത്രം എന്റെ ചോയ്സ്!
'ഞാൻ' എന്ന വാക്ക് ഭരണകൂടം, പുരുഷൻ, അധികാരം, സദാചാരം എന്നതിന്റെയെല്ലാം സർവനാമമാണ്. ഈ ഞാൻ നിശ്ചയിക്കും നിങ്ങൾ എന്ത് ധരിക്കണമെന്ന്. നിങ്ങൾ എന്നാൽ മുഖ്യമായും സ്ത്രീകൾതന്നെ. ലോകമെങ്ങും തങ്ങൾ ധരിക്കുന്നതാണ് മികച്ച വസ്ത്രമെന്നും ബാക്കിയെല്ലാം അപരിഷ്കൃതവും ഉപേക്ഷിക്കപ്പെേടണ്ടവയുമാണെന്നുള്ള ധാരണ ശക്തമായിട്ടുണ്ട്. ഇത് വർഗം, മതം, ജാതി, ദേശീയത എന്നിവയനുസരിച്ച് അൽപം വ്യത്യസ്തപ്പെടാമെന്ന് മാത്രം. ഓരോ സമൂഹവും സമുദായവും ചില ഡ്രസ്...
Your Subscription Supports Independent Journalism
View Plans'ഞാൻ' എന്ന വാക്ക് ഭരണകൂടം, പുരുഷൻ, അധികാരം, സദാചാരം എന്നതിന്റെയെല്ലാം സർവനാമമാണ്. ഈ ഞാൻ നിശ്ചയിക്കും നിങ്ങൾ എന്ത് ധരിക്കണമെന്ന്. നിങ്ങൾ എന്നാൽ മുഖ്യമായും സ്ത്രീകൾതന്നെ.
ലോകമെങ്ങും തങ്ങൾ ധരിക്കുന്നതാണ് മികച്ച വസ്ത്രമെന്നും ബാക്കിയെല്ലാം അപരിഷ്കൃതവും ഉപേക്ഷിക്കപ്പെേടണ്ടവയുമാണെന്നുള്ള ധാരണ ശക്തമായിട്ടുണ്ട്. ഇത് വർഗം, മതം, ജാതി, ദേശീയത എന്നിവയനുസരിച്ച് അൽപം വ്യത്യസ്തപ്പെടാമെന്ന് മാത്രം. ഓരോ സമൂഹവും സമുദായവും ചില ഡ്രസ് കോഡുകൾ നിശ്ചയിക്കുന്നുമുണ്ട്. നിങ്ങൾ ഇന്ന വസ്ത്രമേ ധരിക്കാവൂ എന്ന ശാഠ്യങ്ങൾ ലോകത്ത് എല്ലായിടത്തും ശക്തമായ എതിർപ്പുകൾ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ഇേപ്പാൾ ഇറാനിൽ അത്തരം ഒരു പ്രതിഷേധം ശക്തമായി നടക്കുന്നുണ്ട്.
കേരളത്തിലടക്കം, ലോകമെങ്ങും വസ്ത്രം മുഖ്യവിഷയമാണ്. ഹിന്ദുത്വ ഇന്ത്യയിൽ, അധികാരത്തിൽ വന്നശേഷം വസ്ത്രം അപരവത്കരണത്തിന്റെ മുഖ്യ ഉപാധിയായി ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളുടെ വസ്ത്രങ്ങൾക്കു നേരെ. കർണാടകയിലെ സ്കൂളുകളിൽ ഹിജാബിന് ഏർപ്പെടുത്തിയ വിലക്കും അതിൽ സുപ്രീംകോടതിയുടെ ഭിന്നാപ്രിയ വിധിയുമെല്ലാം ഇതിനോട് കൂട്ടിവായിക്കാം.
പുരോഗമനമെന്ന് അവകാശപ്പെടുന്ന കേരളത്തിലും വസ്ത്രങ്ങൾക്കു മേലുള്ള അടിച്ചേൽപിക്കലുകളുണ്ട്. കേരളത്തിലെ സ്കൂളുകളിൽ ഹിജാബിന് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ ശക്തമായ എതിർപ്പുകൾ ഉയർന്നുവന്നിരുന്നു. കോഴിക്കോട്ടെ പ്രൊവിഡൻസ് സ്കൂളിലും ഇപ്പോൾ ഈ പ്രശ്നം നിലനിൽക്കുന്നു.
നവോത്ഥാനത്തിലേക്കുള്ള കേരളീയരുടെ മുന്നേറ്റമെന്നത് വസ്ത്രം ധരിക്കാനുള്ള അവകാശ പോരാട്ടത്തിന്റെ കൂടിയായിരുന്നുവെന്നത് മറന്നുകൂടാ. ജാതി, പുരുഷ ബോധങ്ങൾ അടിച്ചേൽപിച്ചത് സ്ത്രീകളും പുരുഷൻമാരും മാറുമറയ്ക്കരുതെന്നും മുട്ടുവരെ മാത്രം എത്തുന്ന വസ്ത്രങ്ങൾ ധരിക്കണമെന്നുമാണ്. അതിനെതിരെ നടന്ന മാറുമറയ്ക്കൽ സമരത്തിലൂടെയാണ് സ്ത്രീകളും പുരുഷൻമാരും വസ്ത്രത്തിനും എന്തു ധരിക്കണമെന്നുമുള്ള അവകാശത്തിലേക്ക് നടന്നത്. എന്നിട്ടും കേരളത്തിന്റെ വസ്ത്രമെന്തെന്ന കാര്യത്തിൽ വ്യക്തതയുണ്ടായില്ല. സാരിയും മുണ്ടും പാന്റ്സുമെല്ലാം പിന്നീടാണ് കടന്നുവന്നത്. അതിനും ശേഷമാണ് ചുരിദാറും കുർത്തയുമെല്ലാം വന്നത്. അതിൽ നാണം മറയ്ക്കൽ, സൗകര്യം, ആകർഷണത്വം, സ്വയം സംതൃപ്തി എന്നിവയാണ് മുന്നിട്ടുനിന്നത്. മലയാളിയുടെ വസ്ത്രസങ്കൽപം അനുദിനം വികസിക്കുന്ന ഒന്നാണ്. ദേശം, മതം, വംശം എന്നിവയനുസരിച്ച് വ്യത്യസ്തതകൾ നിലനിൽക്കുന്നു. അതായത് മലയാളിയുടെ വസ്ത്രസങ്കൽപം ഇപ്പോഴും ഒരു കൃത്യമായ രൂപം പ്രാപിച്ചിട്ടില്ലെന്ന് വ്യക്തം. അഥവാ ബഹുസ്വരതയുടെ മനോഹാരിതയിലാണ് കേരളത്തിന്റെ വസ്ത്രസങ്കൽപനം നിലകൊള്ളുന്നത്.
യഥാർഥത്തിൽ വസ്ത്രം, അത് ധരിക്കുന്നവരുടെ ചോയ്സാണ്. അതാവണം അടിത്തറ. നിങ്ങളുടെ വസ്ത്രം നിങ്ങളുടെ ചോയ്സാകണം. അതിൽ സൗകര്യം, സ്വയമുള്ള മതിപ്പ് എന്നിവക്കു മാത്രമാകണം പ്രാധാന്യം.
Forget the rules. If you like it wear it എന്നതാണ് ശരിയായ നിലപാട്. ബഹുസ്വരത അംഗീകരിക്കപ്പെടുകയും അതിന്റെ മനോഹാരിതയിൽ എല്ലാവരും അമരുകയുമാണ് ശരി. അൽപംകൂടി കൃത്യമായി പറഞ്ഞാൽ, Break the rules, wear what you like.