വിഷപ്പുകയിൽ ഇനിയും എത്രനാൾ?
നമ്മുടെ സംസ്ഥാനം നേരിടുന്ന ഗുരുതര പ്രശ്നങ്ങളിലൊന്നാണ് മാലിന്യവും അതിന്റെ സംസ്കരണവും. ബ്രഹ്മപുരം ‘മാലിന്യമല’യിലെ തീപിടിത്തം മാലിന്യപ്രശ്നത്തെ ഒരിക്കൽകൂടി ശ്രദ്ധയിൽ കൊണ്ടുവരുന്നുണ്ട്. അവിടെനിന്നുയർന്ന വിഷപ്പുകയുയർത്തിയ ദുരിതം തലമുറകളെ എങ്ങനെ വേട്ടയാടുമെന്ന് കണ്ടറിയണം. കേന്ദ്രീകൃത മാലിന്യസംസ്കരണം എന്ന പേരിൽ സംസ്ഥാനത്ത് നടപ്പാക്കിയത് അശാസ്ത്രീയമായ മാലിന്യനിർമാർജന-സംസ്കരണ പദ്ധതികളാണെന്ന് വളരെ മുമ്പേ...
Your Subscription Supports Independent Journalism
View Plansനമ്മുടെ സംസ്ഥാനം നേരിടുന്ന ഗുരുതര പ്രശ്നങ്ങളിലൊന്നാണ് മാലിന്യവും അതിന്റെ സംസ്കരണവും. ബ്രഹ്മപുരം ‘മാലിന്യമല’യിലെ തീപിടിത്തം മാലിന്യപ്രശ്നത്തെ ഒരിക്കൽകൂടി ശ്രദ്ധയിൽ കൊണ്ടുവരുന്നുണ്ട്. അവിടെനിന്നുയർന്ന വിഷപ്പുകയുയർത്തിയ ദുരിതം തലമുറകളെ എങ്ങനെ വേട്ടയാടുമെന്ന് കണ്ടറിയണം.
കേന്ദ്രീകൃത മാലിന്യസംസ്കരണം എന്ന പേരിൽ സംസ്ഥാനത്ത് നടപ്പാക്കിയത് അശാസ്ത്രീയമായ മാലിന്യനിർമാർജന-സംസ്കരണ പദ്ധതികളാണെന്ന് വളരെ മുമ്പേ വ്യക്തമായതാണ്. വിളപ്പിൽശാലയിലും ഞെളിയൻപറമ്പിലും ബ്രഹ്മപുരത്ത് തന്നെയും നടന്ന സമരങ്ങൾ അതിന്റെ തുറന്ന സാക്ഷ്യങ്ങളായിരുന്നു. എന്നിട്ടും മാലിന്യസംസ്കരണത്തിൽ ലാൻഡ് ഫില്ലിങ് എന്ന പഴഞ്ചൻ, അശാസ്ത്രീയ രീതിയാണ് ഉപയോഗിക്കപ്പെട്ടത്.
മാലിന്യം അനുനിമിഷം പെരുകിക്കൊണ്ടേയിരിക്കും. നമുക്ക് വേണ്ടത് ബദൽമാർഗങ്ങളാണ്. ഉറവിടസംസ്കരണമടക്കം ശാസ്ത്രീയമായ പദ്ധതികളാണ്. തെരുവുകളിലേക്ക് വീട്ടകങ്ങളിലെ മാലിന്യം വലിച്ചെറിയുന്ന രീതിയുമായി ഇനിയും മുന്നോട്ടുപോകാനാവില്ല. അത് പരിഷ്കൃതസമൂഹത്തിന് നാണേക്കടാണ്.
മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് നടത്തേണ്ടത് ഗൗരവമായ ആലോചനകളാണ്. എങ്ങനെ ഉറവിടത്തിൽതന്നെ മാലിന്യം സംസ്കരിക്കാം എന്നതാണ് അതിൽ പ്രധാനം. എങ്ങനെ മാലിന്യത്തിൽനിന്ന് ജൈവവളമടക്കം നിർമിച്ച് വരുമാനമാർഗം തേടാം എന്നതാണ് മറ്റൊന്ന്. മാലിന്യസംസ്കരണത്തിൽ എത്രത്തോളം സ്വകാര്യ പങ്കാളിത്തമാവാം എന്നതും ചിന്തിക്കേണ്ട വിഷയമാണ്. അതിനൊപ്പംതന്നെ മാലിന്യസംസ്കരണ മേഖലയിൽ പണിയെടുക്കുന്ന സാധാരണ തൊഴിലാളികളുടെ വേതനം, ജോലി, ആരോഗ്യ സുരക്ഷിതത്വംപോലുള്ള പ്രശ്നങ്ങളുമുണ്ട്.
മാലിന്യത്തെപ്പറ്റിയും അതിന്റെ സംസ്കരണത്തെയുംപറ്റി ഗൗരവമായ ചിന്തകളും ആലോചനകളും പങ്കുവെക്കാനാണ് ആഴ്ചപ്പതിപ്പിന്റെ ഈ പ്രത്യേക ലക്കം ശ്രമിക്കുന്നത്. നമ്മുടെ നാട് ഇങ്ങനെയായാൽ പോരാ. മാലിന്യം നമ്മുടെ വഴിമുടക്കരുത്. ഇനിയും വിഷപ്പുകയിൽ ജനത്തെ അമർത്തരുത്. മാറ്റം സാധ്യമാക്കിയേ തീരൂ.