രാഹുൽ വേട്ട
രാജ്യത്ത് ഒരു വിമതശബ്ദവും അനുവദിക്കില്ല എന്നാണ് മോദി ഭരണകൂടത്തിന്റെ അപ്രഖ്യാപിത നിലപാട്. ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഏതൊരു ശബ്ദവും അടിച്ചമർത്തും. അതിന്റെ ഭാഗമായി, രാജ്യത്തെ പ്രമുഖരായ മനുഷ്യാവകാശ പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും നീണ്ടകാലമായി ജയിലിലടച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച മാത്രം മൂന്ന് മനുഷ്യാവകാശ പ്രവർത്തകർ അറസ്റ്റിലായി. വിമതശബ്ദം ഉയർത്തിയെന്നത് തന്നെയാണ് കാരണം. മാർച്ച് 21ന് ഹിന്ദുത്വക്കെതിരെ...
Your Subscription Supports Independent Journalism
View Plansരാജ്യത്ത് ഒരു വിമതശബ്ദവും അനുവദിക്കില്ല എന്നാണ് മോദി ഭരണകൂടത്തിന്റെ അപ്രഖ്യാപിത നിലപാട്. ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഏതൊരു ശബ്ദവും അടിച്ചമർത്തും. അതിന്റെ ഭാഗമായി, രാജ്യത്തെ പ്രമുഖരായ മനുഷ്യാവകാശ പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും നീണ്ടകാലമായി ജയിലിലടച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച മാത്രം മൂന്ന് മനുഷ്യാവകാശ പ്രവർത്തകർ അറസ്റ്റിലായി. വിമതശബ്ദം ഉയർത്തിയെന്നത് തന്നെയാണ് കാരണം. മാർച്ച് 21ന് ഹിന്ദുത്വക്കെതിരെ ട്വിറ്ററിൽ പോസ്റ്റിട്ടതിന്റെ പേരിൽ കന്നട നടനും ആക്ടിവിസ്റ്റുമായ ചേതൻ കുമാർ അറസ്റ്റിലായതാണ് അതിൽ ഒന്ന്. തൊട്ടുതലേന്ന് ‘നുണകളുടെ മുകളിലാണ് ഹിന്ദുത്വ കെട്ടിയുയർത്തിയത്’ എന്ന് ട്വീറ്റ് ചെയ്തതാണ് കുറ്റം. ഇതിനെതിരെ ഹിന്ദുത്വ സംഘടന പ്രവർത്തകൻ നൽകിയ പരാതിയിലാണ് ശേഷാദ്രിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഇതൊരുവശത്ത് നടക്കുമ്പോൾതന്നെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളെയും നിശ്ശബ്ദമാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. അതിന് അവർ ലക്ഷ്യമിടുന്നത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയാണ്. രാഹുൽ ഗാന്ധിയെ ലോക്സഭയിൽനിന്ന് പുറത്താക്കാനാണ് ബി.ജെ.പി നീക്കം. വിദേശത്തുെവച്ച് മോദിഭരണത്തെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ ഇന്ത്യാവിരുദ്ധമെന്നാരോപിച്ച് അതിൽ സ്പീക്കർക്ക് മാപ്പ് എഴുതി നൽകണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരീക്ഷണത്തിലും കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തിലും പാർലമെന്റിന്റെ ഇരുസഭകളിലും നടക്കുന്ന പ്രതിഷേധം രാഹുൽ ഗാന്ധിക്കെതിരെ തീരുമാനിച്ചുറച്ചാണ് ബി.ജെ.പി നീങ്ങുന്നത് എന്ന് വ്യക്തമാക്കുന്നതാണ്. രാഹുലിന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കാനുള്ള നടപടിക്രമത്തിന് തുടക്കമിടാൻ പ്രത്യേക പാർലമെന്ററി സമിതി രൂപവത്കരിക്കണമെന്ന് ബി.ജെ.പി സ്പീക്കർ ഓം ബിർലക്ക് കത്ത് നൽകി. തങ്ങൾ ലക്ഷ്യമിടുന്നത് അവകാശലംഘനത്തിനുള്ള കേവലനടപടി അല്ലെന്നും മാപ്പുപറയാത്ത രാഹുലിനെ സഭയിൽനിന്ന് പുറത്താക്കിയേ പ്രതിഷേധം അവസാനിക്കൂ എന്നുമാണ് ബി.ജെ.പി ഇപ്പോൾ പറയുന്നത്. അവകാശലംഘനത്തിനുള്ള നടപടി വ്യക്തമാക്കുന്ന ചട്ടം 223 പ്രകാരം ഇന്ത്യൻ ജനാധിപത്യത്തെയും പാർലമെന്റിനെയും കോടതികളെയും കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ അനാവശ്യവും അംഗീകരിക്കാനാകാത്തതുമാണെന്ന് രാഹുലിനെതിരെ അവകാശലംഘനത്തിന് നടപടി ആവശ്യപ്പെട്ട് സ്പീക്കറെ സമീപിച്ച നിഷികാന്ത് ദുബെ പറയുന്നു. രാഹുലിനെതിരെ ലഭ്യമായ എല്ലാ ചട്ടങ്ങളും കീഴ്വഴക്കങ്ങളും ഉപകരണങ്ങളും ഉപയോഗിക്കാനാണ് ബി.ജെ.പി നീക്കം. അദാനിക്കെതിരെ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നീങ്ങുന്നത് ഇല്ലാതാക്കാനാണ് രാഹുൽ ഗാന്ധിക്കെതിരെയുള്ള നീക്കം. ഇത് കൂടാതെ വിവരശേഖരണം എന്ന പേരിൽ രാഹുൽ ഗാന്ധിയെ നിരന്തരമായി ശല്യംചെയ്യാനും സർക്കാർ ശ്രമിക്കുന്നു. രാഹുൽ ഗാന്ധിയെ ചോദ്യംചെയ്യാൻ ഡൽഹി പൊലീസ് വീട്ടിൽ എത്തിയിരുന്നു.
ലളിതമാണ് കാര്യം. രാഹുൽ ഗാന്ധി നിശ്ശബ്ദനാകണം. അദാനി വിഷയമോ, രാജ്യത്ത് ഭരണകൂടം നടത്തുന്ന ന്യൂനപക്ഷ വേട്ടയടക്കം ഒന്നും അദ്ദേഹം മിണ്ടരുത്. ഭയപ്പെടുത്താനുള്ള പലവിധ നീക്കം. എം.പിയും രാജ്യം ഭരിച്ചിരുന്ന ഒരു പാർട്ടിയുടെ മുഖ്യ നേതാവുമായ ഒരു വ്യക്തിയോടാണ് ഈ സമീപനം. അത് ഒട്ടും ശുഭസൂചകമല്ല. കാര്യങ്ങൾ പൂർണമായും കൈവിട്ടുപോവുകയാണ്.