മീഡിയവൺ – നീതി
ഒടുവിൽ നീതി പുലർന്നിരിക്കുന്നു. മീഡിയവൺ ചാനൽ നിരോധിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നു. ചാനലിനെതിരെ കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് വിലക്ക് ഏർപ്പെടുത്തിയത്. ലൈസൻസ് പുതുക്കിനൽകാത്തതിന് കാരണം വ്യക്തമായി പറഞ്ഞിരുന്നില്ല. രാജ്യസുരക്ഷ എന്നുമാത്രം പറഞ്ഞ് മുദ്രവെച്ച കവറിലാണ് മന്ത്രാലയം വിലക്കിന് കാരണം കോടതിയെ അറിയിച്ചത്. അതിനെതിരെ ഒരു വർഷത്തെ...
Your Subscription Supports Independent Journalism
View Plansഒടുവിൽ നീതി പുലർന്നിരിക്കുന്നു. മീഡിയവൺ ചാനൽ നിരോധിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നു.
ചാനലിനെതിരെ കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് വിലക്ക് ഏർപ്പെടുത്തിയത്. ലൈസൻസ് പുതുക്കിനൽകാത്തതിന് കാരണം വ്യക്തമായി പറഞ്ഞിരുന്നില്ല. രാജ്യസുരക്ഷ എന്നുമാത്രം പറഞ്ഞ് മുദ്രവെച്ച കവറിലാണ് മന്ത്രാലയം വിലക്കിന് കാരണം കോടതിയെ അറിയിച്ചത്. അതിനെതിരെ ഒരു വർഷത്തെ നിരന്തരമായ നിയമപോരാട്ടത്തിനൊടുവിലാണ് മീഡിയവൺ വിജയിച്ചത്. നാലാഴ്ചക്കകം ലൈസൻസ് കേന്ദ്രം പുതുക്കിനൽകണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയബെഞ്ചിന്റേതാണ് സുപ്രധാന വിധി.
‘‘സർക്കാർ നയങ്ങൾക്ക് എതിരായ വാർത്തകളുടെ പേരിൽ മീഡിയവൺ രാജ്യവിരുദ്ധമാണ് എന്ന് പറയാൻ പറ്റില്ല. ഇങ്ങനെ പറയുന്നത് മാധ്യമങ്ങൾ എപ്പോഴും സർക്കാറിനെ പിന്തുണക്കണമെന്ന ധാരണ സൃഷ്ടിക്കും. ഇത് അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനാ അവകാശത്തിന് വിരുദ്ധമാണ്. ആരോഗ്യകരമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമങ്ങൾ അനിവാര്യമാണ്. കടുത്ത യാഥാർഥ്യങ്ങളെക്കുറിച്ചും പൗരൻമാരെ അറിയിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ട്’’ -വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കി.
യഥാർഥത്തിൽ, കേന്ദ്രസർക്കാറിന്റെ വിലക്ക് മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമായിരുന്നു. ജനാധിപത്യത്തെ പൂർണമായി നിഷേധിക്കുന്ന ഒന്ന്. സംസാരിക്കുന്നതിനും ആശയപ്രകാശനത്തിനുമുള്ള പൗരന്റെ സ്വാതന്ത്ര്യം വിലപ്പെട്ട മൗലികാവകാശമായി ഭരണഘടനയുടെ അനുച്ഛേദം 19 (1) (എ) പ്രഖ്യാപിക്കുന്നത് മറന്നുകൊണ്ടായിരുന്നു ഭരണകൂട നടപടി. ഇത് സൂചന കൂടിയായിരുന്നു. സർക്കാറിന്റെ വാഴ്ത്തുപാട്ടുകൾ നടത്താത്ത മാധ്യമങ്ങളെ നിശ്ശബ്ദമാക്കുമെന്ന വ്യക്തമായ മുന്നറിയിപ്പ്. രാജ്യത്തെ വിവിധ മാധ്യമങ്ങളെയും പത്രാധിപരെയും നിശ്ശബ്ദമാക്കിയ മോദി ഭരണകൂടത്തിന് മീഡിയവണിനെയും എളുപ്പം ഇല്ലാതാക്കാമെന്നായിരുന്നു ധാരണ. അത് കോടതിവിധിയിലൂടെ പൊളിഞ്ഞിരിക്കുന്നു.
വിധി രാജ്യത്തിന്റെ ചരിത്രത്തിൽ, മാധ്യമ സ്വാതന്ത്ര്യ േപാരാട്ടത്തിൽ നിർണായകമാണ്. വിട്ടുവീഴ്ചയില്ലാത്ത ഈ നിയമപോരാട്ടത്തിന് മുന്നിട്ടിറങ്ങിയ മീഡിയവൺ അഭിനന്ദനമർഹിക്കുന്നു; ഒപ്പം, കേരളത്തിലെ മാധ്യമപ്രവർത്തകരുടെ സംഘടനകളടക്കം സമൂഹത്തിലെ നാനാതുറകളിലുള്ളവർ കോടതിക്കകത്തും പുറത്തും ഈ കേസിൽ കക്ഷിചേർന്നതും സമാനതകളില്ലാത്ത ചരിത്രസന്ദർഭമായിരുന്നു. ആ കൂട്ടായ പോരാട്ടത്തിലാണ്, നീതിയുടെ വെളിച്ചം പിറന്നത്.