കൊലപാതകം ഒരു ലൈവ് ഷോ
രാജ്യത്ത് അനുദിനം ഭരണകൂട കൊലപാതകങ്ങൾ പെരുകുന്നതായാണ് കണക്കുകളും അനുഭവവും വ്യക്തമാക്കുന്നത്. ഭരണകൂടം ‘ഏറ്റുമുട്ടൽ’ എന്ന പേരിലും അല്ലാതെയും ജനത്തെ കൊന്നൊടുക്കുന്നതിന്റെ വാർത്തകൾ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു. 2023 ഏപ്രില്‍ 7 മുതല്‍ ഏപ്രില്‍ 11 വരെയുള്ള തീയതികളില്‍ നിരവധിതവണ ബസ്തര്‍ മേഖലയിൽ ബോംബിങ് നടന്നു. നിരവധി...
Your Subscription Supports Independent Journalism
View Plansരാജ്യത്ത് അനുദിനം ഭരണകൂട കൊലപാതകങ്ങൾ പെരുകുന്നതായാണ് കണക്കുകളും അനുഭവവും വ്യക്തമാക്കുന്നത്. ഭരണകൂടം ‘ഏറ്റുമുട്ടൽ’ എന്ന പേരിലും അല്ലാതെയും ജനത്തെ കൊന്നൊടുക്കുന്നതിന്റെ വാർത്തകൾ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു.
2023 ഏപ്രില്‍ 7 മുതല്‍ ഏപ്രില്‍ 11 വരെയുള്ള തീയതികളില്‍ നിരവധിതവണ ബസ്തര്‍ മേഖലയിൽ ബോംബിങ് നടന്നു. നിരവധി ആദിവാസികൾക്ക് പരിക്കേറ്റു. മരണത്തെപ്പറ്റി പലതരം അഭ്യൂഹങ്ങൾ പടരുന്നുണ്ട്. പക്ഷേ, മുഖ്യധാര മാധ്യമങ്ങൾ സംഭവം അവഗണിച്ചു. ഇത്തരം ആകാശ കൊലകൾ ഒരുവശത്ത് നടക്കുമ്പോൾ മറുവശത്ത് ‘ഏറ്റുമുട്ടൽ’ കൊലപാതകങ്ങൾ ചാനലുകളിൽ ലൈവായി വരുന്നു. ഏപ്രിൽ 15ന് പൊലീസ് വലയത്തിൽ യു.പി മുൻ എം.പി അതീഖ് അഹ്മദിനെയും സഹോദരനെയും ‘ആക്രമി’കൾ വെടിവെച്ച് കൊന്നു. താൻ ഏതുനിമിഷവും കസ്റ്റഡിയിൽ കൊല്ലപ്പെടുമെന്ന് കോടതിയിൽ പറഞ്ഞ ഉത്തർപ്രദേശ് മുൻ എം.പിയാണ് 60കാരനായ അതീഖ് അഹ്മദ്. ഉമേഷ് പാൽ വധക്കേസിൽ റിമാൻഡിലുള്ള അതീഖ് അഹ്മദിനെയും സഹോദരൻ അഷ്റഫിനെയും ശനിയാഴ്ച രാത്രി 10ന് സുപ്രീംകോടതി നിർദേശപ്രകാരമുള്ള വൈദ്യപരിശോധനക്ക് പ്രയാഗ് രാജ് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുമ്പോഴായിരുന്നു കൊലപാതകം. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവേ, സുരക്ഷാവലയത്തിനിടയിലൂടെ ചാനൽ കാമറകൾക്കു മുന്നിൽ ഇരുവരെയും പോയന്റ് ബ്ലാങ്ക് റേഞ്ചിൽ മൂന്നുപേർ വെടിവെച്ചിട്ടു. കേട്ടുകേൾവിയില്ലാത്ത ക്രമസമാധാന തകർച്ചയുടെ നേർക്കാഴ്ചയായിരുന്നു സംഭവം.
കൊലപാതകത്തിനുശേഷം നടന്ന സംഭവങ്ങളാണ് യഥാർഥത്തിൽ ഞെട്ടിക്കുന്നത്. ഭരണകൂടവും മാധ്യമങ്ങളും കൊല്ലപ്പെട്ടവരുടെ കുറ്റകൃത്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞു. അങ്ങനെ കൊലപാതകത്തിന് അനുകൂലമായ ഒരു ‘നരേറ്റിവ്’ സൃഷ്ടിക്കപ്പെട്ടു. അങ്ങനെ ഭരണഘടന വിരുദ്ധമായ കൃത്യത്തിന് വൈകാരികതയുടെ കൈയടി കിട്ടി. വ്യക്തിയുടെ ജീവനും സ്വത്തിനും സംരക്ഷണം എന്ന വലിയ നിയമതത്ത്വം എല്ലാവരും മറന്നു. തങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് പറഞ്ഞ് സുപ്രീംകോടതിയിലെത്തിയ ആളെയാണ് ഒരു സുരക്ഷാ സംവിധാനവുമില്ലാതെ രാത്രി 10ന് വൈദ്യ പരിശോധനക്ക് കൊണ്ടുപോയത് എന്നും സംരക്ഷണം നൽകേണ്ടവർ ക്രിമിനലുകൾ തലയിൽ കാഞ്ചി വലിക്കുമ്പോൾ നോക്കിനിന്നുവെന്നതും മനഃപൂർവം മറന്നു. ദൈവത്തിന്റെ നീതി നടപ്പായെന്ന ഒരു മന്ത്രിയുടെ പ്രസ്താവനപോലും ഭരണഘടനാ സത്യപ്രതിജ്ഞ ലംഘനമാണെന്ന് ആരും ചൂണ്ടിക്കാട്ടിയില്ല. അതീഖിന്റെ 1400 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം തകർത്തതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പലരും വാഴ്ത്തി.
ശരിക്കും ഉത്തർപ്രദേശിൽ നടക്കുന്ന ഇൗ ‘നീതി നടപ്പാക്കൽ’ മൊത്തം ഇന്ത്യയിലേക്കും പലരൂപത്തിൽ പടർന്നിരിക്കുന്നു. ആൾക്കൂട്ട ഹിംസകൾ ഗോ സംരക്ഷണത്തിന്റെ പേരിലും മറ്റും നടപ്പാക്കപ്പെടുന്നു. ഈ നീതി നടപ്പാക്കൽ മുമ്പ് പഞ്ചാബിലും ഗുജറാത്തിലുമെല്ലാം അരങ്ങേറി.
അതീഖിന്റെ കൊലപാതകത്തിൽ ഏറ്റവും ഭീതിപ്പെടുത്തുന്ന മറ്റൊന്ന് കൂടിയുണ്ട്. വെടിവെച്ചു കൊന്നശേഷം ആക്രമികൾ വിളിച്ച ‘ജയ് ശ്രീരാം’ ആക്രോശമാണത്. ആ ആേക്രാശം ഇപ്പോൾ മുഴുവൻ രാജ്യത്തിനു മേലും മുഴങ്ങുന്നുണ്ട്. അതേ ആക്രോശമാണ് മിക്ക ആൾക്കൂട്ട കൊലപാതകങ്ങൾക്കും ശേഷം ഉയരുന്നത്. പ്രയാഗ് രാജിൽ മരണമുറപ്പാക്കിയിട്ടാണ് കൊലപാതകികൾ തങ്ങളുടെ മുദ്രാവാക്യം വിളി അവസാനിപ്പിച്ചത്. ഇനിയും ലൈവ് കൊലപാതകങ്ങൾ അരങ്ങേറും എന്നു തന്നെ ഇതിന്റെ സൂചന. കോടതിക്കും നീതിക്കും മേൽ ആൾക്കൂട്ട നീതി നടപ്പാക്കലിന് ഒരു സ്ഥാനവും ഉണ്ടാകരുത്. അത് അനുവദിക്കപ്പെട്ടാൽ വെടിയുണ്ടകളും വടിവാളുകളും ത്രിശൂലങ്ങളും അരങ്ങുവാഴുന്ന ഇന്ത്യയാണ് ഇനി വരാൻപോകുക. അതാവരുത് നമ്മുടെ രാജ്യം.