ചരിത്രത്തിന്റെ നിറം
‘പ്രാഞ്ചിയേട്ടൻ ആൻഡ് സെയിന്റ്’ എന്ന ജനപ്രിയ മലയാള സിനിമയിൽ നടൻ ശ്രീരാമൻ അവതരിപ്പിക്കുന്ന ഒരു കഥാപാത്രമുണ്ട്. ഒരു വ്യക്തിക്ക് മഹത്ത്വം ചാർത്തി പത്മശ്രീ പുരസ്കാരത്തിന് ഒരുക്കുന്നതാണ് റോൾ. ആ സിനിമയോ വേഷമോ അല്ല പ്രധാനം. ചരിത്രമെഴുത്തിന്റെ നിലവിലെ ഒരു രീതിയുടെ സൂചകമാണ് ആ കഥാപാത്രത്തിന്റെ ചെയ്തികൾ. ഇപ്പോൾ ഹിന്ദുത്വ ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നതും സമാനമായ വേഷംതന്നെ. ചരിത്രം തിരുത്തുകയാണ് സംഘ്പരിവാറും അവർ നേതൃത്വം നൽകുന്ന ഹിന്ദുത്വ...
Your Subscription Supports Independent Journalism
View Plans‘പ്രാഞ്ചിയേട്ടൻ ആൻഡ് സെയിന്റ്’ എന്ന ജനപ്രിയ മലയാള സിനിമയിൽ നടൻ ശ്രീരാമൻ അവതരിപ്പിക്കുന്ന ഒരു കഥാപാത്രമുണ്ട്. ഒരു വ്യക്തിക്ക് മഹത്ത്വം ചാർത്തി പത്മശ്രീ പുരസ്കാരത്തിന് ഒരുക്കുന്നതാണ് റോൾ. ആ സിനിമയോ വേഷമോ അല്ല പ്രധാനം. ചരിത്രമെഴുത്തിന്റെ നിലവിലെ ഒരു രീതിയുടെ സൂചകമാണ് ആ കഥാപാത്രത്തിന്റെ ചെയ്തികൾ. ഇപ്പോൾ ഹിന്ദുത്വ ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നതും സമാനമായ വേഷംതന്നെ.
ചരിത്രം തിരുത്തുകയാണ് സംഘ്പരിവാറും അവർ നേതൃത്വം നൽകുന്ന ഹിന്ദുത്വ ഭരണകൂടവും ചെയ്തുകൊണ്ടിരിക്കുന്നത്. അവരിത് അധികാരം കിട്ടുന്നതിനു മുമ്പുമുതലേ തുടങ്ങിയതാണ് താനും. ഇപ്പോൾ കൂടുതൽ ആധികാരികതയോടെ അവർ അത് ചെയ്യുന്നു. അങ്ങനെ ചരിത്രത്തിന്റെ ഏക നിറം കാവിയായി മാറ്റുന്നു. ഇപ്പോൾ എൻ.സി.ഇ.ആർ.ടിയുടെ പാഠപുസ്തകങ്ങൾ തിരുത്തുന്ന തിരക്കിലാണ് അവർ.
കേന്ദ്രസർക്കാറിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ എൻ.സി.ഇ.ആർ.ടിയുടെ ഇതു മാത്രമല്ല, വിവിധ ക്ലാസുകളിലെ ചരിത്രം, രാഷ്ട്രമീമാംസ, സാമൂഹിക ശാസ്ത്രം, പൗരശാസ്ത്രം, ഹിന്ദി തുടങ്ങിയ വിഷയങ്ങളിലെ പാഠപുസ്തകങ്ങളിലും സമാനമായ ‘പരിഷ്കരണ ശ്രമ’ങ്ങൾ കാണാം. ഗുജറാത്ത് വംശഹത്യയും മുഗൾ ഭരണകാലവുമെല്ലാം അവർ ചരിത്രത്തിൽനിന്ന് വെട്ടിമാറ്റിയിരിക്കുന്നു. ദലിത് പ്രസ്ഥാനങ്ങളുടെ പുതിയകാല സമരങ്ങളെയും ഇടപെടലുകളെയും അടയാളപ്പെടുത്തുന്ന കവിത മുതൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കോൺഗ്രസ് ഭരണകാലം വരെ നീക്കിയ ചരിത്രരേഖകളിൽ ഉൾപ്പെടുന്നു.
ഹിന്ദു പുരാവൃത്തങ്ങളുടെ അകമ്പടിയോടെ ചരിത്രസ്മാരകങ്ങളെയും തല്ലിത്തകർത്ത ശ്രമങ്ങളുടെ തുടർച്ചയാണിതും. വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നനാൾ മുതൽക്കു തന്നെ ഹിന്ദുത്വശക്തികൾ വിദ്യാഭ്യാസ മേഖല കാവിവത്കരിക്കാനുള്ള ശ്രമം തുടങ്ങി. അന്ന് ഏഴാം ക്ലാസിലെ ചരിത്രപുസ്തകത്തിൽ, മുഗൾ ഭരണാധികാരികളെ നിഷ്ഠുരരായ അധിനിവേശകരും സംസ്കാരശൂന്യരുമെന്നും വിശേഷിപ്പിച്ചത് വിവാദമായിരുന്നു. സുൽത്താൻ, മുഗൾ ഭരണകാലങ്ങളെ ‘മങ്ങിയ യുഗ’മെന്നാണ് പുസ്തകത്തിലുടനീളം പരാമർശിച്ചത്. 2004ൽ, യു.പി.എ സർക്കാർ അധികാരത്തിൽ വന്നയുടൻ ഈ മാറ്റങ്ങളത്രയും റദ്ദാക്കി പുസ്തകം പഴയപടിയാക്കി പ്രസിദ്ധീകരിച്ചു. 2014ൽ, നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൂടുതൽ ആൾബലത്തോടെ വീണ്ടും സംഘ്പരിവാർ അധികാരത്തിൽ വന്നപ്പോൾ, പാഠപുസ്തക ‘പരിഷ്കാരങ്ങളു’ടെ വേഗവും വർധിച്ചു. എട്ടു വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് എൻ.സി.ഇ.ആർ.ടി ഇത്തരത്തിൽ സിലബസിനെ കാവിവത്കരിക്കാനുള്ള നീക്കം നടത്തുന്നത്. 2017ലായിരുന്നു ആദ്യത്തേത്. ജി.എസ്.ടി അടക്കമുള്ള സാമ്പത്തിക പരിഷ്കരണങ്ങൾ കുട്ടികൾ പഠിക്കട്ടെയെന്ന പ്രഖ്യാപനത്തോടെ നടപ്പാക്കിയ ആദ്യ ‘പരിഷ്കരണ’ത്തിൽ 182 പാഠപുസ്തകങ്ങളിലായി 1334 മാറ്റങ്ങൾ വരുത്തി. കുട്ടികളുടെ പഠനഭാരം കുറക്കുന്നതിന്റെ ഭാഗമായി ചില പാഠഭാഗങ്ങൾ ഒഴിവാക്കേണ്ടതുണ്ടെന്നായിരുന്നു എൻ.സി.ഇ.ആർ.ടിയുടെ പ്രഖ്യാപനം. അതിൽപിന്നെയാണ് നെഹ്റു അടക്കമുള്ള ദേശീയ നേതാക്കൾ പാഠപുസ്തകത്തിനു പുറത്തായി തുടങ്ങിയത്.
പുതിയ സിലബസ് മാറ്റവും വെട്ടിച്ചുരുക്കലും കൂട്ടിച്ചേർക്കലുകളും കാവി ഇന്ത്യയെ സൃഷ്ടിക്കുന്നതിന്റെ ഭാഗംതന്നെയാണ്. അതുകൊണ്ടാണ് അത് എതിർക്കപ്പെടേണ്ടതും. മതേതര, ജനാധിപത്യ അടിത്തറയിൽ രാജ്യം നിലകൊള്ളണമെങ്കിൽ പോരാട്ടം ചരിത്രത്തിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്.
ഇതിനിടയിൽ കേരള സർക്കാർ ഹിന്ദുത്വഭരണകൂടം വെട്ടിനീക്കാൻ ആവശ്യപ്പെട്ട ഗാന്ധിവധം, ഗുജറാത്ത് വംശഹത്യ, പരിണാമ സിദ്ധാന്തംപോലുള്ള ചരിത്രം പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അത് നല്ല തീരുമാനമാണ്. ഇത്തരം ജനകീയമായ ബദലുകൾ ചരിത്രമെഴുത്തിലും അധ്യാപനത്തിലും കണ്ടെത്തേണ്ടതുണ്ട്.