പത്രസ്വാതന്ത്ര്യം, ഗംഭീരം തന്നെ!
രാജ്യത്ത് പത്രസ്വാതന്ത്ര്യത്തിന്റെ അവസ്ഥ എന്താണ്? ജനാധിപത്യരാജ്യത്ത് പത്രസ്വാതന്ത്ര്യം പുഷ്കലമാണെന്ന് കരുതുന്നുണ്ടെങ്കിൽ ഒന്ന് നിൽക്കണം. മേയ് 3ന് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർ.എസ്.എഫ്) അതിന്റെ ലോക പത്രസ്വാതന്ത്ര്യ സൂചിക റിപ്പോർട്ട് പുറത്തിറക്കിയിട്ടുണ്ട്. അതൊന്ന് കാണണം. ഇന്ത്യയുടെ നില അതിൽ കുത്തനെ താഴ്ന്നിരിക്കുകയാണ്. 180 രാജ്യങ്ങളിൽ പത്രസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യ 161ാം റാങ്കിലേക്ക് താഴ്ന്നു. 2022ൽ 150ൽ നിന്ന സ്ഥാനം 11 റാങ്ക്...
Your Subscription Supports Independent Journalism
View Plansരാജ്യത്ത് പത്രസ്വാതന്ത്ര്യത്തിന്റെ അവസ്ഥ എന്താണ്? ജനാധിപത്യരാജ്യത്ത് പത്രസ്വാതന്ത്ര്യം പുഷ്കലമാണെന്ന് കരുതുന്നുണ്ടെങ്കിൽ ഒന്ന് നിൽക്കണം. മേയ് 3ന് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർ.എസ്.എഫ്) അതിന്റെ ലോക പത്രസ്വാതന്ത്ര്യ സൂചിക റിപ്പോർട്ട് പുറത്തിറക്കിയിട്ടുണ്ട്. അതൊന്ന് കാണണം. ഇന്ത്യയുടെ നില അതിൽ കുത്തനെ താഴ്ന്നിരിക്കുകയാണ്. 180 രാജ്യങ്ങളിൽ പത്രസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യ 161ാം റാങ്കിലേക്ക് താഴ്ന്നു. 2022ൽ 150ൽ നിന്ന സ്ഥാനം 11 റാങ്ക് ഇടിഞ്ഞുവെന്നർഥം. മാധ്യമപ്രവർത്തകരുടെ സ്ഥിതി ‘വളരെ ഗുരുതര’മാണെന്ന് ആർ.എസ്.എഫ് വിശ്വസിക്കുന്ന 31 രാജ്യങ്ങളിൽ ഇന്ത്യയും ഇടംപിടിച്ചു.
‘‘മാധ്യമപ്രവർത്തകർക്കെതിരായ അക്രമങ്ങളും രാഷ്ട്രീയ പക്ഷപാതപരമായ മാധ്യമങ്ങളും മാധ്യമ ഉടമസ്ഥതയുടെ കേന്ദ്രീകരണവുമെല്ലാം ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിൽ’ ’’ പത്രസ്വാതന്ത്ര്യം പ്രതിസന്ധിയിലാണെന്ന് തെളിയിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. ബി.ജെ.പി നേതാവും ഹിന്ദു ദേശീയ വലതുപക്ഷത്തിന്റെ ആൾരൂപവുമായ പ്രധാനമന്ത്രി നരേന്ദ്ര മോദി 2014ൽ അധികാരമേറ്റ ശേഷമാണ് ഈ പതനമെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും ആശങ്കജനകമായ തകർച്ച ‘സുരക്ഷാസൂചക’ വിഭാഗത്തിലാണ്. അതിൽ ഇന്ത്യയുടെ റാങ്ക് 172 ആണ്. ഇതനുസരിച്ച് 180ൽ ഇനി എട്ട് രാജ്യങ്ങൾ മാത്രമാണ് ഇന്ത്യയെക്കാൾ മോശമായ റാങ്കിലുള്ളത്. ചൈന, മെക്സികോ, ഇറാൻ, പാകിസ്താൻ, സിറിയ, യമൻ, യുക്രെയ്ൻ, മ്യാന്മർ എന്നിവയാണ് മറ്റ് രാജ്യങ്ങൾ. ലോകത്തെ മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ ഇന്ത്യ മോശം അവസ്ഥയിലാണ്. സുരക്ഷാസൂചകം എന്നത് ‘‘പത്രപ്രവർത്തന രീതികൾക്കും ധാർമികതക്കും അനുസൃതമായി വാർത്തകളും വിവരങ്ങളും തിരിച്ചറിയാനും ശേഖരിക്കാനും പ്രചരിപ്പിക്കാനുമുള്ള കഴിവ് വിലയിരുത്തുന്ന’’താണ്.
സൂചിക പരിഗണിക്കുമ്പോൾ ദക്ഷിണേഷ്യയിലും ഇന്ത്യ മോശം അവസ്ഥയിലാണ്. പാകിസ്താനും അഫ്ഗാനിസ്താനുമെല്ലാം ഇന്ത്യക്ക് മുകളിലാണ്. പാകിസ്താന് 150ാം സ്ഥാനവും അഫ്ഗാനിസ്താന് 152ാം സ്ഥാനവുമാണ്. ഭൂട്ടാൻ 90ാം സ്ഥാനത്തും ശ്രീലങ്ക 135ാം സ്ഥാനത്തുമാണ്.
ഈ സൂചിക ഒരു സൂചകമാണ്. സ്വയം ഒന്നു വിലയിരുത്താൻ. എങ്ങനെയാണ് ഇന്ത്യയുടെ പത്രസ്വാതന്ത്ര്യം ഈ അവസ്ഥയിലെത്തിയത് എന്ന് ചിന്തിക്കേണ്ടതുണ്ട്. എങ്ങനെയാണ് ഈ സ്ഥാനം പിന്നിലോട്ട് പിന്നിലോട്ട് പോയിക്കൊണ്ടിരിക്കുന്നത്? മറ്റൊന്നുകൂടി ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്, എങ്ങനെ ഈ സ്ഥാനം മെച്ചപ്പെടുത്താമെന്ന്. അവിടെയാണ് സാമൂഹികമായ മുന്നേറ്റത്തിന്റെ പ്രസക്തി. ആ ചിന്തയും പ്രവൃത്തിയുമില്ലെങ്കിൽ ഇടക്കിടക്ക് വെറുതെ ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മൾ’ എന്ന് വമ്പു പറയാമെന്നു മാത്രം. ജനാധിപത്യത്തിന്റെ അർഥം പത്രസ്വാതന്ത്ര്യത്തിലാണ് നിലകൊള്ളുന്നതെന്നുകൂടി അറിയണം. അതിൽ മുന്നിലെത്താനും മുന്നിലെത്തിക്കാനുമാവണം മത്സരം.