മാലിന്യം
ആഴ്ചപ്പതിപ്പ് 10 ലക്കം മുമ്പ് (1308) ഇറങ്ങിയത് ‘മാലിന്യം’ പ്രത്യേക പതിപ്പായാണ്. അതായത് 10 ആഴ്ചകൾ മുമ്പ്. ആ ലക്കത്തിൽ ഗൗരവമാർന്ന രീതിയിൽ മാലിന്യപ്രശ്നം ചർച്ചചെയ്തു. വികേന്ദ്രീകരണ, ഉറവിട സംസ്കരണമാണ് മാലിന്യനിർമാർജനത്തിന് ഏറ്റവും നല്ല ശാസ്ത്രീയ മാർഗമെന്ന് ഒരു പൊതു അഭിപ്രായവും ആഴ്ചപ്പതിപ്പിന്റെ ആ ലക്കത്തിലെ ലേഖനങ്ങളും കുറിപ്പുകളും പറഞ്ഞു. അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അത്. അന്ന് ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിലെ തീ...
Your Subscription Supports Independent Journalism
View Plansആഴ്ചപ്പതിപ്പ് 10 ലക്കം മുമ്പ് (1308) ഇറങ്ങിയത് ‘മാലിന്യം’ പ്രത്യേക പതിപ്പായാണ്. അതായത് 10 ആഴ്ചകൾ മുമ്പ്. ആ ലക്കത്തിൽ ഗൗരവമാർന്ന രീതിയിൽ മാലിന്യപ്രശ്നം ചർച്ചചെയ്തു. വികേന്ദ്രീകരണ, ഉറവിട സംസ്കരണമാണ് മാലിന്യനിർമാർജനത്തിന് ഏറ്റവും നല്ല ശാസ്ത്രീയ മാർഗമെന്ന് ഒരു പൊതു അഭിപ്രായവും ആഴ്ചപ്പതിപ്പിന്റെ ആ ലക്കത്തിലെ ലേഖനങ്ങളും കുറിപ്പുകളും പറഞ്ഞു. അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അത്. അന്ന് ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിലെ തീ അണഞ്ഞിരുന്നില്ല.
രണ്ടു മാസത്തിനുശേഷം വീണ്ടും നമുക്ക് മാലിന്യത്തെപ്പറ്റിതന്നെ പറയേണ്ടിയിരിക്കുന്നു. ബ്രഹ്മപുരവും മാലിന്യസംസ്കരണത്തിലെ ‘സംസ്കാര’വും വീണ്ടും ചർച്ചയാകുമെന്നതുകൊണ്ടുതന്നെയാണിത്. കൊച്ചി കോർപറേഷന് പുറമെ എറണാകുളത്തെ മറ്റു നഗരസഭകളിലെ മാലിന്യവും ബ്രഹ്മപുരത്തേക്കാണ് ഇപ്പോഴും എത്തുന്നത്. സ്വന്തം നഗരസഭകളിൽ തന്നെ മാലിന്യം സംസ്കരിക്കാൻ പദ്ധതി ഒരുക്കണമെന്നായിരുന്നു ധാരണ. അത് തെറ്റിയിരിക്കുന്നു. ബ്രഹ്മപുരത്തേക്ക് മാലിന്യം അയക്കാൻ കഴിയില്ലെന്ന കൊച്ചി നഗരസഭയുടെ തീരുമാനത്തെ എതിർക്കുകയാണ് സമീപത്തെ തൃക്കാക്കരയടക്കമുള്ള മുനിസിപ്പാലിറ്റികൾ. വൈകാതെ അതൊരു ഗൗരവമായ വിഷയമായി ഉയരുമെന്ന കാര്യം ഉറപ്പ്. വീണ്ടും ബ്രഹ്മപുരം കത്തുമെന്ന കാര്യത്തിൽ സംശയമൊന്നും ആർക്കുമില്ല. അത് അനുഭവിക്കേണ്ടിവരുക ലക്ഷക്കണക്കിന് ജനങ്ങളാണ് എന്നുമാത്രം.
‘തുടക്കം’ എഴുതുന്ന തലേദിവസം ഹൈകോടതിയുടെ സുപ്രധാനമായ ഒരു ഉത്തരവ് വന്നിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാൻ ഉപയോഗിച്ചതിന് പിടിയിലായ വാഹനങ്ങൾ ഹൈകോടതിയെ അറിയിച്ചശേഷമേ വിട്ടുനൽകാവൂ എന്നതാണ് ഉത്തരവ്. ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയും ജസ്റ്റിസ് ബസന്ത് ബാലാജിയുമടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. മാലിന്യം വലിച്ചെറിയുന്നവരിൽനിന്ന് മുനിസിപ്പൽ ആക്ടിന് പുറമെ, വാട്ടർ ആക്ട് അടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി ഉയർന്ന പിഴ ഈടാക്കാനാണ് നിർദേശം. മാലിന്യം ഫലപ്രദമായി സംസ്കരിക്കാത്ത വാണിജ്യസ്ഥാപനങ്ങൾക്കെതിരെ നിയമപരമായ നടപടിയെടുക്കണം എന്നും ഉത്തരവിലുണ്ട്. ബ്രഹ്മപുരത്ത് ദിവസങ്ങളോളം മാലിന്യം കത്തിയ സംഭവത്തിൽ ഹൈകോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ തീരുമാനം.
ഈ വാർത്തയുടെ തുടർവാർത്തകളും അടുത്ത ദിവസത്തെ പത്രങ്ങളിലുണ്ട്. കൊച്ചി സിറ്റി പൊലീസ് കമീഷണറേറ്റിന്റെ കീഴിൽ മാലിന്യം വലിച്ചെറിഞ്ഞതിന് ഇതുവരെ 91 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്ന് എറണാകുളം കലക്ടർ അറിയിച്ചതാണ് അതിൽ ഒന്ന്. എറണാകുളം റൂറൽ പൊലീസിന്റെ പരിധിയിൽ ഒമ്പത് വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. അതിനേക്കാൾ പ്രധാനമായ മറ്റൊരു വാർത്തയുണ്ട്. മേയ് 22ന് മാത്രം കൊച്ചിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയവർക്കെതിരെ 21 കേസുകൾ രജിസ്റ്റർ ചെയ്തു എന്നാണത്. കളമശ്ശേരി, മട്ടാഞ്ചേരി, തൃപ്പൂണിത്തുറ, എറണാകുളം ടൗൺ അടക്കമുള്ള സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളാണ് ഇത്.
വാസ്തവത്തിൽ കൊച്ചിയടക്കമുള്ള നഗരങ്ങളിൽ മാലിന്യം തെരുവിലേക്കും മറ്റുള്ളവരുടെ പറമ്പിലേക്കും വലിച്ചെറിയുന്ന പ്രവണത ശക്തമാണ്. അതുകൊണ്ടുതന്നെയാണ് കൊച്ചി ചീഞ്ഞുനാറുന്നത്. എല്ലായിടത്തും മാലിന്യമാണെന്ന് കോടതിക്കുപോലും നിരീക്ഷിക്കേണ്ടിവന്ന അവസ്ഥ സംജാതമായതും ഇതുകൊണ്ടാണ്. അനുഭവത്തിൽനിന്ന് പഠിക്കാത്തതിന്റെ ദുരന്തം നമ്മെ വേട്ടയാടാൻ അധികം സമയമൊന്നും ശേഷിക്കുന്നില്ല. മാലിന്യനിർമാർജനത്തിൽ നമ്മൾ അതിവേഗം ശരിയായ പദ്ധതികൾ സ്വീകരിക്കണം. ഓരോ വ്യക്തിയിലേക്കും ശാസ്ത്രീയമായ ധാരണകൾ എത്തിക്കണം. ശീലിപ്പിക്കണം. മാലിന്യം വലിച്ചെറിയുന്നതല്ല, ഉറവിടങ്ങളിൽതന്നെ സംസ്കരിക്കുന്നതാണ് സാംസ്കാരിക മികവ് എന്ന ബോധ്യവും വളർത്തണം. ഈ രീതിയിൽ നമുക്ക് മുന്നോട്ടുപോകാനാവില്ല. നമ്മെ മാലിന്യം മൂടുന്ന അവസ്ഥ ഒട്ടും ആശാസ്യമല്ല.