അന്തസ്സ്, അഭിമാനം
രാജ്യതലസ്ഥാനത്ത് ഒരാഴ്ചക്കിടയിൽ ഉയർന്ന രണ്ട് വാർത്തകൾ മൊത്തം രാജ്യത്തിന്റെയും ശ്രദ്ധയിൽ വന്നു. ആ സംഭവങ്ങൾ മതേതരത്വം, അന്തസ്സ്, അഭിമാനം എന്നിവയെപ്പറ്റി ഒരിക്കൽകൂടി കൂടുതലായി ചിന്തിക്കാൻ പ്രേരകമാണ്. ഇൗ മൂന്നും പരസ്പരം ഇടകലർന്നും ഉൾപിരിഞ്ഞുമാണ് നിലകൊള്ളുന്നെതന്ന് മനസ്സിലാക്കാൻ അധികം അറിവൊന്നും വേണ്ട. പുതിയ പാർലമെന്റ് മന്ദിരം...
Your Subscription Supports Independent Journalism
View Plansരാജ്യതലസ്ഥാനത്ത് ഒരാഴ്ചക്കിടയിൽ ഉയർന്ന രണ്ട് വാർത്തകൾ മൊത്തം രാജ്യത്തിന്റെയും ശ്രദ്ധയിൽ വന്നു. ആ സംഭവങ്ങൾ മതേതരത്വം, അന്തസ്സ്, അഭിമാനം എന്നിവയെപ്പറ്റി ഒരിക്കൽകൂടി കൂടുതലായി ചിന്തിക്കാൻ പ്രേരകമാണ്. ഇൗ മൂന്നും പരസ്പരം ഇടകലർന്നും ഉൾപിരിഞ്ഞുമാണ് നിലകൊള്ളുന്നെതന്ന് മനസ്സിലാക്കാൻ അധികം അറിവൊന്നും വേണ്ട.
പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചതാണ് ഒന്നാമത്തെ സംഭവം. മേയ് 28ന് സമർപ്പണം ആഘോഷമായി നടന്നു. മൊത്തം കാവിമയം. ചടങ്ങിൽ ഏകാധിപതിയായി മോദി വിളങ്ങി. ഭരണഘടനാ നിർവചനപ്രകാരം രാഷ്ട്രപതിക്കാണ് പ്രധാനസ്ഥാനമെന്നും ഇത്തരമൊരു ചടങ്ങിൽ അധ്യക്ഷത വഹിക്കേണ്ടത് രാഷ്ട്രപതിയാണെന്നും േബാധപൂർവം മറന്ന് മോദിതന്നെ ഉദ്ഘാടനം ചെയ്തു. നാടകം ഗംഭീരമായി നടന്നു. 22 പ്രതിപക്ഷ കക്ഷികൾ ചടങ്ങ് ബഹിഷ്കരിച്ചതൊന്നും അധികാര അൽപൻമാർക്ക് േബാധ്യപ്പെട്ടില്ല. പരമാധികാരത്തിന്റെ പ്രതീകമായ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്തിരുന്നെങ്കിൽ അത് ചരിത്രമാകുമായിരുന്നു. കാരണം, സ്ത്രീകളെയും ആദിവാസി സമൂഹത്തെയും ആദരിക്കുന്നതിന് തുല്യവുമാകും. ചടങ്ങിന്റെ ഫോേട്ടായിൽ ഒരു ഒാരത്തേക്ക് ധനമന്ത്രി നിർമല സീതാരാമനും ഒതുക്കപ്പെട്ടു.
അതിനേക്കാൾ, മതേതര രാഷ്ട്രത്തിന്റെ അധികാരകേന്ദ്രം ഉദ്ഘാടനം ചെയ്യപ്പെട്ട ചടങ്ങ് തീർത്തും ബ്രാഹ്മണിക്കൽ ഹിന്ദുത്വയുടെ ആഘോഷമായി മാറി. രാജ്യത്തിന്റെ അന്തസ്സും അഭിമാനവും വീണ്ടും തകർത്തു. അതിന് വ്യാജമായ ഒരു കഥയും നിർമിച്ചു. അധികാര കൈമാറ്റത്തിന്റെ ഭാഗമായി നെഹ്റു ചെേങ്കാൽ ഏന്തിയിരുന്നുവത്രെ. പുതിയ പാർലമെന്റ് മന്ദിരത്തിൽ ഹിന്ദുത്വയുടെ പട്ടാഭിഷേകമായിരുന്നു ചെേങ്കാൽ ഏന്തി പ്രധാനമന്ത്രി കാഴ്ചവെച്ചത്. 21 മഠാധിപരാണ് പുതിയ മന്ദിരത്തില് ഉദ്ഘാടനദിവസം പ്രത്യേക വിമാനത്തിൽ എത്തി ചടങ്ങിൽ സന്നിഹിതരായത്. അർധനഗ്നരായ ആ മനുഷ്യർക്ക് മുന്നിൽ വന്ദിച്ചും സാഷ്ടാംഗം പ്രണമിച്ചും മതേതരത്വം ഒരിക്കൽകൂടി തോറ്റു. ഇനി ഉയിർത്തെഴുന്നേൽക്കാൻ പറ്റാത്തവിധം നാണക്കേടിൽ രാജ്യമമർന്നു.
മറ്റൊരു വാർത്ത, രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ഗുസ്തിതാരങ്ങൾ തങ്ങൾക്ക് കിട്ടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കാനായി പോയതാണ്. ഏപ്രിൽ 23 മുതൽ പ്രത്യക്ഷ സമരത്തിലാണ് ഗുസ്തി താരങ്ങൾ. റെസ് ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സാരഥിയും ബി.ജെ.പി നേതാവുമായ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആക്രമണ ആരോപണങ്ങൾ ഉന്നയിച്ച ഗുസ്തിതാരങ്ങൾ അേദ്ദഹത്തെ പുറത്താക്കണമെന്നും നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. ബ്രിജ് ഭൂഷനെതിരായ ലൈംഗിക ആക്രമണ ആരോപണങ്ങൾ ഗൗരവമുള്ളതെന്ന് സുപ്രീംകോടതിയും വാക്കാൽ നിരീക്ഷിച്ചിട്ടുണ്ട്. ബാബരി മസ്ജിദ് തകർത്ത കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത പ്രധാന പ്രതികളിൽ ഒരാളാണ് ബ്രിജ് ഭൂഷൺ. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന കുറ്റത്തിന് 1993ൽ ഏതാനും മാസം ജയിലിൽ കഴിഞ്ഞയാൾ. സുഹൃത്തായ രൺവീർ സിങ്ങിനെ കൊന്നുവെന്ന് അഭിമാനത്തോടെ വിഡിയോ അഭിമുഖത്തിൽ വെളിപ്പെടുത്തിയ ബ്രിജ് ഭൂഷൺ ഇപ്പോൾ നേരിടുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികളെയടക്കം ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണമാണ്. റിയോ ഒളിമ്പിക്സ് വെങ്കല മെഡൽ േജതാവ് സാക്ഷി മലിക്, ബജ്റങ് പൂനിയ, വിനേഷ് ഫോഗട്ട് തുടങ്ങിയവരാണ് സമരരംഗത്തുള്ള പ്രമുഖർ. പാർലമെന്റ് മന്ദിരം ഉദ്ഘാടനം െചയ്യുന്ന ദിവസം അങ്ങോട്ട് മാർച്ച് ചെയ്ത ഗുസ്തിതാരങ്ങളെ പൊലീസ് ബലപ്രയോഗം നടത്തി, വലിച്ചിഴച്ചു. അവർക്കെതിരെ കലാപശ്രമക്കേസ് എടുത്തു. ജന്തർമന്തറിൽ സമരം അനുവദിക്കില്ലെന്ന് പറഞ്ഞ് സമരഭൂമി വിലക്കി. ഗുസ്തിതാരങ്ങളെ മോശക്കാരാക്കാനും അവമതിക്കാനും ഭരണകൂടതല ശ്രമങ്ങൾ വേറെയും നടന്നു. ഇൗ അവസ്ഥയിലാണ് തങ്ങൾക്ക് കിട്ടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ സമരക്കാർ തീരുമാനിച്ചത്. മേയ് 30ന് ഗംഗാതടത്തിലേക്ക് മാർച്ച് ചെയ്ത ഗുസ്തി താരങ്ങളെ അതിൽനിന്ന് കർഷകസമര നേതാക്കൾ സ്നേഹപൂർവം തടയുകയും മെഡലുകൾ നഷ്ടപ്പെടുത്താതെ നോക്കുകയും ചെയ്തു.
ഗുസ്തിതാരങ്ങൾ വലിച്ചെറിയാൻ പോയത് മെഡലുകളല്ല. അവർ എറിയുന്നത് ഗംഗയിലേക്കുമല്ല. ഇൗ മെഡലുകൾ കൈയിൽ വെക്കുേമ്പാഴും തങ്ങൾക്ക് അഭിമാനം നൽകാത്ത, അന്തസ്സ് അനുവദിക്കാത്ത ഒരു രാജ്യത്തിന്റെ ഫാഷിസ്റ്റ് വ്യവസ്ഥയുടെ മുഖത്തിനു നേരെയാണ് ആ എറിയൽ. അവർ വീണ്ടെടുക്കാൻ ശ്രമിച്ചത് നമുക്കും വീണ്ടെടുക്കണം – മതേതരത്വം, അന്തസ്സ്, അഭിമാനം.