കോടാലിക്കൈ
''കൈപ്പിടിയില്ലാത്ത മഴു കാടിന് ഒരു ഭീഷണിയേയല്ല.'' അതുപോലെ മറ്റൊരു ചൊല്ലാണ് ''കൊച്ചു മഴുവിന് വന്‍മരത്തെയും വെട്ടിവീഴ്ത്താം'' എന്നതും. അപ്പോള്‍ ചോദ്യം ഇതാണ്: നിങ്ങള്‍ കോടാലിയോ, അതോ കോടാലിക്കൈയോ? ചോദ്യത്തിന്റെ വിരല്‍മുന ഇപ്പോള്‍ ചില ക്രിസ്ത്യന്‍ സഭകള്‍ക്ക് നേരെയാണ്. രാജ്യത്ത് വെറുപ്പ് അതിവേഗം പടരുന്ന നാളുകളാണിത്. അധികാരത്തിലുള്ളവര്‍ സമൂഹത്തിലെ ധ്രുവീകരണം ഏതറ്റംവരെയും എത്തിക്കാനുള്ള ശ്രമത്തിലുമാണ്. ഇസ്‍ലാമോഫോബിയയും വംശീയവെറിയും വര്‍ഗീയതയും ഏത് വിധേനെയും പടര്‍ത്തുകയാണ് ഹിന്ദുത്വ തീവ്രവാദം. രാജ്യം അതിന്റെ അപകടകരമായ അവസ്ഥയില്‍ എത്തിയിരിക്കുന്നുവെന്ന് രാമനവമി...
Your Subscription Supports Independent Journalism
View Plans''കൈപ്പിടിയില്ലാത്ത മഴു കാടിന് ഒരു ഭീഷണിയേയല്ല.'' അതുപോലെ മറ്റൊരു ചൊല്ലാണ് ''കൊച്ചു മഴുവിന് വന്‍മരത്തെയും വെട്ടിവീഴ്ത്താം'' എന്നതും. അപ്പോള്‍ ചോദ്യം ഇതാണ്: നിങ്ങള്‍ കോടാലിയോ, അതോ കോടാലിക്കൈയോ? ചോദ്യത്തിന്റെ വിരല്‍മുന ഇപ്പോള്‍ ചില ക്രിസ്ത്യന്‍ സഭകള്‍ക്ക് നേരെയാണ്.
രാജ്യത്ത് വെറുപ്പ് അതിവേഗം പടരുന്ന നാളുകളാണിത്. അധികാരത്തിലുള്ളവര്‍ സമൂഹത്തിലെ ധ്രുവീകരണം ഏതറ്റംവരെയും എത്തിക്കാനുള്ള ശ്രമത്തിലുമാണ്. ഇസ്‍ലാമോഫോബിയയും വംശീയവെറിയും വര്‍ഗീയതയും ഏത് വിധേനെയും പടര്‍ത്തുകയാണ് ഹിന്ദുത്വ തീവ്രവാദം. രാജ്യം അതിന്റെ അപകടകരമായ അവസ്ഥയില്‍ എത്തിയിരിക്കുന്നുവെന്ന് രാമനവമി ദിനങ്ങളില്‍ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന ആക്രമണങ്ങൾ വ്യക്തമാക്കിക്കഴിഞ്ഞു.
കുറച്ചു നാളുകളായി ക്രിസ്ത്യന്‍ സഭകളും പുരോഹിതരും ഒളിഞ്ഞും തെളിഞ്ഞും വര്‍ഗീയതയും വംശീയതയും ചീറ്റിച്ചുകൊണ്ടിരിക്കുകയാണ്. 'ലവ് ജിഹാദ്' ആണ് ഇപ്പോഴും അവരുടെ സൂത്രവാക്യം. കേരള പൊലീസും എന്‍.ഐ.എയും സി.ബി.ഐയുമെല്ലാം അന്വേഷിച്ചശേഷം ലവ് ജിഹാദ് എന്നൊന്നില്ലെന്ന് കെണ്ടത്തിയതൊന്നും സഭ അധികാരികളില്‍ പലരും അറിഞ്ഞ മട്ടില്ല.
ഇല്ലാത്ത ആരോപണത്തെ പല രീതിയില്‍ കത്തിച്ചുനിര്‍ത്തുകയും ഒരു സമുദായത്തെ ഇരുട്ടില്‍ നിര്‍ത്തുകയുമാണ് പുരോഹിതരുടെ 'ലവ് ജിഹാദ്' തന്ത്രം. ഇപ്പോഴിതാ തലശ്ശേരി ബിഷപ്പും അതേ ആരോപണം ഉന്നയിക്കുന്നു. ചോദ്യംചെയ്താല്‍ മാപ്പു പറഞ്ഞ് പിന്‍വാങ്ങാം. ഉത്തരവാദിത്തപ്പെട്ടവര്‍ നടത്തുന്ന ആരോപണം സമൂഹത്തില്‍ അങ്ങനെ കിടന്നുകൊള്ളും. സംശയത്തിന്റെ വിത്തുകള്‍ വളര്‍ന്നുവലുതായിക്കൊള്ളും. പക്ഷേ, വിള കൊയ്യുക ഹിന്ദുത്വവാദികള്‍ തന്നെയാകും.
വസ്തുതകളുടെയും കൃത്യതകളുടെയും അടിസ്ഥാനത്തിലാണ് ഉത്തരവാദിത്തപ്പെട്ടവരടക്കം എല്ലാവരും സംസാരിക്കേണ്ടത്. അതല്ല നടക്കുന്നത്. ഹിന്ദുത്വവാദികള്‍ കൃത്യമായ ഉദ്ദേശ്യത്തോടെ തൊടുത്തുവിടുന്ന ആരോപണങ്ങള്‍ ഏറ്റുപിടിക്കാന്‍ ക്രിസ്ത്യന്‍ മതമേധാവികള്‍ നില്‍ക്കരുത്. ഈ കളിയില്‍ അല്‍പം ചില നേട്ടങ്ങള്‍ ഉണ്ടായെന്നുവരാം. പക്ഷേ, ആത്യന്തികമായി മഴു നിങ്ങളുടെ കടക്കല്‍ തന്നെ വീഴും. ഫാഷിസത്തിന്റെ ചരിത്രം അതാണ്.