താനൂരിലെ ദുരന്തം
അനുഭവങ്ങളിൽനിന്ന് പഠിക്കുക. അത് മനുഷ്യർ അനുവർത്തിക്കുന്ന ഗുണവിശേഷമാണ്. എന്നാൽ, നമുക്ക് കേരളീയർക്ക്, അതൊന്നും ബാധകമല്ല. അനുഭവങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും -ദുരന്തമായും കൂട്ടക്കൊലകളായും. അത്തരം ഒരു ആവർത്തനമാണ് മേയ് ഏഴിന് താനൂർ തൂവൽതീരത്തുണ്ടായ ഉല്ലാസബോട്ട് ദുരന്തം. ഉൾക്കൊള്ളാവുന്നതിലിരട്ടിയോളം ആളുകളെ കയറ്റി പുറപ്പെട്ട ബോട്ട് മറിഞ്ഞ് ഒരു കുടുംബത്തിലെ...
Your Subscription Supports Independent Journalism
View Plansഅനുഭവങ്ങളിൽനിന്ന് പഠിക്കുക. അത് മനുഷ്യർ അനുവർത്തിക്കുന്ന ഗുണവിശേഷമാണ്. എന്നാൽ, നമുക്ക് കേരളീയർക്ക്, അതൊന്നും ബാധകമല്ല. അനുഭവങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും -ദുരന്തമായും കൂട്ടക്കൊലകളായും.
അത്തരം ഒരു ആവർത്തനമാണ് മേയ് ഏഴിന് താനൂർ തൂവൽതീരത്തുണ്ടായ ഉല്ലാസബോട്ട് ദുരന്തം. ഉൾക്കൊള്ളാവുന്നതിലിരട്ടിയോളം ആളുകളെ കയറ്റി പുറപ്പെട്ട ബോട്ട് മറിഞ്ഞ് ഒരു കുടുംബത്തിലെ 11 പേരുൾപ്പെടെ 22 മനുഷ്യജീവനുകളാണ് പൂരപ്പുഴയിൽ പൊലിഞ്ഞത്. പലരും രക്ഷപ്പെട്ടത് തലനാരിഴക്കാണ്. മത്സ്യബന്ധന യാനത്തിന് രൂപമാറ്റം വരുത്തി സജ്ജീകരിച്ചതാണ് ബോട്ട്. യാത്രക്കാരെ കുത്തിനിറച്ചതും ഉല്ലാസ ജലയാത്രകളിൽ നിർബന്ധമായും ലഭ്യമാക്കേണ്ട ലൈഫ്ജാക്കറ്റുകളടക്കമുള്ള മുൻകരുതലുകൾ ഇല്ലാഞ്ഞതുമാണ് താനൂർ ദുരന്തത്തിന് വഴിവെച്ചതും വ്യാപ്തി വർധിപ്പിച്ചതും. നിയമവിരുദ്ധമായി വൈകീട്ട് ആറുമണിക്കു ശേഷവും ബോട്ടിങ് തുടർന്നു.
കേരളത്തിൽ നടന്ന ആദ്യ ബോട്ടപകടമല്ല താനൂരിലേത്.1924ലെ പല്ലന ബോട്ടപകടം മുതൽ ബേപ്പൂരിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ 2017ലെ ബോട്ടപകടം വരെ ഇരുപതിലധികം ജലയാത്രാ ദുരന്തങ്ങൾ മുമ്പ് സംഭവിച്ചിട്ടുണ്ട്. 29 പേർ മരിച്ച കുമരകം ബോട്ട് ദുരന്തം (2002), 18 പേർ മരിച്ച തട്ടേക്കാട് ദുരന്തം (2007), 45 ജീവൻ പൊലിഞ്ഞ തേക്കടി ദുരന്തം (2009), നാലുപേർ മരിച്ച പുന്നമടക്കായൽ ദുരന്തം (2013), 11 ജീവൻ നഷ്ടപ്പെട്ട ഫോർട്ടുകൊച്ചി ദുരന്തം (2015) എന്നിങ്ങനെ അപകടങ്ങൾ പലതുണ്ടായി. ഈ അപകടങ്ങൾക്കെല്ലാം കാരണങ്ങൾ ഏതാണ്ട് സമാനമാണ്. കുമരകം ദുരന്തം ജസ്റ്റിസ് നാരായണക്കുറുപ്പ് കമീഷനും തട്ടേക്കാട് ദുരന്തം ജസ്റ്റിസ് പരീതുപിള്ള കമീഷനും തേക്കടി ദുരന്തം ഇ. മൊയ്തീൻകുഞ്ഞ് കമീഷനും അന്വേഷിച്ച് റിപ്പോർട്ടുകൾ സർക്കാറിന് സമർപ്പിച്ചിട്ടുമുണ്ട്. അതിൽ കമീഷനുകൾ നിർദേശിച്ചത് ബോട്ടുകളുടെ ശേഷിയിലേറെ ആളുകളെ കയറ്റരുതെന്നും സമയാസമയങ്ങളിൽ അറ്റകുറ്റപ്പണി നടത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും ലൈഫ്ജാക്കറ്റുകൾ നിർബന്ധമാക്കണമെന്നുമാണ്. എന്നാൽ, അതിൽനിന്നൊന്നുപോലും പാലിക്കപ്പെട്ടില്ല. അപകടം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതൊരു പതിവു നടപടിയായി ചുരുങ്ങാനാണ് സാധ്യത.
കേരളത്തിലങ്ങോളമിങ്ങോളമുള്ള ചെറുതും വലുതുമായ വിനോദസഞ്ചാര-ഉല്ലാസ കേന്ദ്രങ്ങളിൽ ഇനിയും ഏതുസമയവും സംഭവിച്ചേക്കാവുന്ന അത്യാഹിതമാണ് താനൂരിലേതും. ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളെ ഏറ്റവുമധികം ആകർഷിക്കുന്ന കേരളത്തിന്റെ ജലാശയങ്ങളോടനുബന്ധിച്ച് തഴച്ചുവളരുകയാണ് ഉല്ലാസ-ഹൗസ്ബോട്ട് വ്യവസായം. അപകടസാധ്യതകൾ ഉല്ലാസബോട്ടുകളിൽ മാത്രമല്ല ഉള്ളത്. ജലഗതാഗത വകുപ്പിന്റെ പല യാത്രാബോട്ടുകളും താങ്ങാവുന്നതിന്റെ ഇരട്ടി യാത്രക്കാരെയും വഹിച്ചാണ് ദിവസേന സർവിസ് നടത്തുന്നത്.
താനൂരിൽ അധികാരികളെ അപകടസാധ്യത നാട്ടുകാർതന്നെ മുന്നേ അറിയിച്ചിരുന്നു. പക്ഷേ, നടപടികൾ ഉണ്ടായില്ല. ദുരന്തം സംഭവിച്ചിട്ടല്ല, സംഭവിക്കുന്നതിന് മുമ്പാണ് നടപടിയെടുക്കേണ്ടത്. താനൂരിന്റെ അനുഭവങ്ങളിൽനിന്നെങ്കിലും പുതിയ പാഠങ്ങൾ നമ്മൾ പഠിക്കേണ്ടതുണ്ട്, തിരുത്തേണ്ടതുണ്ട്.