കൊല്ലപ്പെട്ടവരുടെ വീട്
നിങ്ങൾ എപ്പോഴെങ്കിലും പോയിട്ടുണ്ടോ കൊല്ലപ്പെട്ടവരുടെ വീട്ടിൽ?
അതൊരു വേദനിപ്പിക്കുന്ന നിമിഷമാണ്. നിങ്ങളെ അകമേ പൊള്ളിക്കുന്ന, വല്ലാതുലക്കുന്ന അവസ്ഥയാണത്. കുറ്റകൃത്യത്തിൽ ഒരുവിധത്തിലും പങ്കാളിയല്ലെങ്കിലും കുറ്റക്കാരിൽ ഒരാളായി നിങ്ങളും നിൽക്കേണ്ടിവരും. ഉള്ളാലെ കുറ്റബോധത്താൽ നിങ്ങളും നീറും. പൊട്ടിവരുന്ന കരച്ചിൽ അടക്കിപ്പിടിക്കേണ്ടി വരും.
അത്തരം നിമിഷങ്ങളിലൂടെയാണ് ഈ ലക്കം ആഴ്ചപ്പതിപ്പ് കടന്നുപോകുന്നത്. നമ്മൾ കൊല്ലപ്പെട്ടവരുടെ വീട്ടിൽ പോവുകയാണ്. ഫെബ്രുവരി 16ന് പശുക്കടത്ത് ആരോപിച്ച് ഹരിയാനയിൽവെച്ച് ഗോ ഗുണ്ടകൾ പെട്രോൾ ഒഴിച്ച് ചുട്ടുകൊന്ന രാജസ്ഥാൻ സ്വദേശികളായ ജുനൈദ്, നാസിർ എന്നിവരുടെ വീടുകളിലാണൊന്ന്. രാജസ്ഥാനിലെ ഭരത്പുർ ജില്ലയിലെ ഘാത്മീക ഗ്രാമവാസികളായിരുന്നു ജുനൈദും നാസിറും. ഫെബ്രുവരി 11ന് കോഴിക്കോട് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിനു സമീപം ഒഴിഞ്ഞ പറമ്പിൽ മരക്കൊമ്പിൽ തൂങ്ങിമരിച്ച വയനാട് സ്വദേശി വിശ്വനാഥന്റെ ആത്മഹത്യ സ്പഷ്ടമായിതന്നെ വംശീയ കൊലപാതകമാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. അവിടേക്കാണ് നമ്മൾ രണ്ടാമത് പോകുന്നത്. ഈ സന്ദർശനം ഒരു പൊളിറ്റിക്കൽ നടപടി കൂടിയാണ്. കൊല്ലപ്പെട്ടവരോടും അവരുടെ ബന്ധുക്കളോടും ഐക്യം പ്രകടിപ്പിക്കലിനപ്പുറം അവരെ കൊലപ്പെടുത്തിയവരോടും അതിന്റെ രാഷ്ട്രീയത്തോടുമുള്ള എതിർപ്പും ഉറക്കെ പറയാൻകൂടിയാണ് ഈ യാത്ര.
രാജ്യത്ത് പശുവിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളിലെ അവസാന പേരുകാരാണ് ജുനൈദും നാസിറും. 2015നു ശേഷം മുപ്പതിനടുത്ത് കൊലപാതകങ്ങൾ ഗോഗുണ്ടകൾ നടത്തിക്കഴിഞ്ഞു. പശുവിന്റെ പേരിൽ കൊലചെയ്യപ്പെട്ടവരിൽ 85 ശതമാനം ആളുകൾ മുസ്ലിംകളും ദലിത് വിഭാഗക്കാരുമാണെന്നാണ് ഒരു പഠനം സൂചിപ്പിക്കുന്നത്.
വയനാട്ടിലെ വിശ്വനാഥന് ഏൽക്കേണ്ടിവന്നത് മലയാളിയുടെ സവർണ ജാതി, വംശവെറിയുടെ ആക്രമണമാണ്. കറുത്തനിറവും രൂപവുംകൊണ്ട് മോഷ്ടാവ് എന്ന് സവർണമൂല്യബോധം തീരുമാനിക്കുന്നു. അക്കാരണത്താൽ മർദിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. അതിന്റെ പേരിൽ വിശ്വനാഥൻ ആത്മഹത്യചെയ്തതായാണ് ഇപ്പോൾ പൊലീസ് തന്നെ പറയുന്നത്. അതായത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് വ്യക്തം.
ജുനൈദിെന്റയും നാസിറിന്റെയും വിശ്വനാഥന്റെയും വീടുകൾ സന്ദർശിച്ചപ്പോൾ കണ്ട കാഴ്ചകൾക്ക് പലതരം സമാനതകളുണ്ട്, ജീവിതാവസ്ഥകളിൽ സാദൃശ്യമുണ്ട്. മറ്റൊരർഥത്തിൽ രാജ്യത്തെ സമകാലിക അവസ്ഥകളുടെ തുടർച്ചയാണ് നമുക്ക് ഈ വീടുകളിൽനിന്ന് കണ്ടെത്താനാവുന്നത്. ഈ അവസ്ഥകളിൽനിന്ന് നമ്മൾ പുതിയ ഇന്ത്യയെപ്പറ്റി, പുതിയ നമ്മളെപ്പറ്റി ചിന്തിച്ചേ തീരൂ. അത് നമ്മെ പുതിയ ദിശകളിലേക്ക് നയിക്കും. അല്ലെങ്കിൽ ഇനിയും കൊല്ലപ്പെട്ടവരുടെ വീടുകളിൽ പോകേണ്ടിവരും. ആ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ.