ആൾക്കൂട്ട അപകടങ്ങൾ
കുസാറ്റിൽ നവംബർ 26ന് തിക്കിലും തിരക്കിലും മൂന്ന് വിദ്യാർഥികളടക്കം നാലുപേർ മരിച്ച സംഭവം ഇനിയെങ്കിലും നാടിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. അപകടത്തിൽ 66 പേർക്കാണ് പരിക്കേറ്റത്. സംഗീതനിശ നടക്കുന്നിടത്തേക്ക് മഴ വന്നപ്പോൾ ആളുകൾ തള്ളിക്കയറിയപ്പോഴാണ് അപകടം. സംഘാടനത്തിൽ ഗുരുതരമായ പാളിച്ച ഉണ്ടായി എന്ന് വ്യക്തം. അതിൽ കുസാറ്റിലെ ഭരണനിർവഹണ തലത്തിൽ സംഭവിച്ച വീഴ്ചക്കും പങ്കുണ്ട്. കേരളത്തിലെ കലാലയ കാമ്പസിൽ ഇതുപോലെ ഒരു ദുരന്തം മുമ്പുണ്ടായിട്ടില്ല.
ആൾക്കൂട്ടങ്ങൾ വികാരാവേശത്തോടെ തിങ്ങിക്കൂടുന്നതാണ് ഉത്സവങ്ങളിലടക്കം കേരളത്തിന്റെ പതിവ്. ഗാനമേളകളും പൂരങ്ങളുമാകുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്തയത്ര അളുകൾ തടിച്ചുകൂടും. ആൾക്കൂട്ട നിയന്ത്രണ സംവിധാനം ഫലപ്രദമായി ഒരിടത്തും നടക്കാറില്ല. തൃശൂർപൂരം പോലെ കൈവിരലിലെണ്ണാവുന്ന ഇടങ്ങളിൽ മാത്രമാണ് ഭരണകൂടവും ജാഗരൂകമാകാറ്.
ഹൈകോടതിയുടെ 2015 ഒക്ടോബർ 20ലെ ഉത്തരവ് കോളജ് കാമ്പസിൽ പുറത്തുനിന്നുള്ള ഏജൻസികളുടെ ഡി.ജെക്കും സംഗീതപരിപാടിക്കും വിലക്കുണ്ട്. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ വിദ്യാർഥികൾ സംഘടിപ്പിച്ച ആഘോഷങ്ങൾക്കിടെ ഒരു വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ച സംഭവത്തെ തുടർന്നായിരുന്നു ഹൈകോടതി ഉത്തരവ് വന്നത്. ഈ സംഭവത്തിനു പിന്നാലെ സർക്കാർ ഒരു സർക്കുലറും ഇറക്കിയിരുന്നു. അതനുസരിച്ച് കാമ്പസിലെ ആഘോഷ പരിപാടികൾ പൊലീസിനെ മുൻകൂട്ടി അറിയിക്കണം. ഇതെല്ലാം കുസാറ്റിൽ ലംഘിക്കപ്പെട്ടുവെന്നാണ് മനസ്സിലാവുന്നത്.
മുൻകൂട്ടി അനുമതി വാങ്ങിയ കാമ്പസിലും സ്വകാര്യസ്ഥലങ്ങളിലും പരിപാടികൾ നടത്താവൂ എന്നത് ഒരു അപകടസാധ്യത ഒഴിവാക്കൽ നിർദേശമായി ഇപ്പോൾ വിവിധ കോണുകളിൽനിന്ന് ഉയർന്നുവരുന്നുണ്ട്. അതൊരു നല്ല നിർദേശമായി പരിഗണിക്കുക വയ്യ. അത് ഫലത്തിൽ ഭരണകൂട അമിതാധികാരത്തിന്റെ സ്വഭാവമാർജിക്കും. അതല്ല വേണ്ടത്. അനുമതിയല്ല അറിയിക്കലാവും നല്ലത്. അതിലൂടെ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താൻ പൊലീസിനും മറ്റും കഴിയും.
വേണ്ടത് സംഘാടകതലത്തിലെ സുരക്ഷാ മുന്നൊരുക്കങ്ങളാണ്. അപകടം ഉണ്ടാകാതിരിക്കാനും ഉണ്ടായാൽ ആളുകൾ രക്ഷപ്പെടാനുമുള്ള സംവിധാനവും ക്രമവും ആദ്യമേ ഒരുക്കണം. തിക്കിലും തിരക്കിലുംപെട്ടാൽ ജീവൻ രക്ഷപ്പെടുത്താനുള്ള അറിവ് പകർന്ന് ബോധവത്കരണം നടത്തുകയും വേണം. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പരിപാടികൾ നടത്തുമ്പോൾ പാലിക്കേണ്ട മാർഗനിർദേശം പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. ഓരോ ദുരന്തവും നടക്കുമ്പോൾ മാത്രം ഉണരുന്ന പതിവ് പരിപാടിയായി ഇത് മാറരുത്. ശാസ്ത്രീയമായ സുരക്ഷാസംവിധാനം ഒരുക്കാൻ സർക്കാറിന് കഴിയണം. അതൊരിക്കലും ജനങ്ങൾക്കു മേലുള്ള അമിതാധികാര പ്രയോഗമായി മാറരുത്.