തുടക്കം
പന്തുരുളട്ടെ!ലോകം ഒരു പന്തിലേക്ക് ചുരുങ്ങുക എന്ന വാക്യം ഇന്ന് ഒരു ക്ലീഷേയാണ്. പക്ഷേ, അതൊരു സത്യപ്രസ്താവനകൂടിയാണ്. അത്തരം ദിനങ്ങളാണ് നമുക്കു മുന്നിൽ. ഫുട്ബാൾ ഒരിക്കലും ഒരു കളിയുടെ മാത്രം പേരല്ല. അത് ആവേശത്തിന്റെ, ഒത്തൊരുമയുടെ, കാലത്തിന്റെ, ചരിത്രത്തിന്റെ ഒക്കെ പേരാണ്. അതിനേക്കാൾ പ്രതിരോധത്തിന്റെയും ചെറുത്തുനിൽപിന്റെയും പര്യായമാണ്. ദേശീയതയും ഭാഷയും സംസ്കാരവുമെല്ലാം കൊടുക്കൽ വാങ്ങലുകൾ നടത്തുന്ന ഇടംകൂടിയാണ് അത്. പന്ത് ഉരുളുക എന്നു പറഞ്ഞാൽ കാലം...
Your Subscription Supports Independent Journalism
View Plansപന്തുരുളട്ടെ!
ലോകം ഒരു പന്തിലേക്ക് ചുരുങ്ങുക എന്ന വാക്യം ഇന്ന് ഒരു ക്ലീഷേയാണ്. പക്ഷേ, അതൊരു സത്യപ്രസ്താവനകൂടിയാണ്. അത്തരം ദിനങ്ങളാണ് നമുക്കു മുന്നിൽ. ഫുട്ബാൾ ഒരിക്കലും ഒരു കളിയുടെ മാത്രം പേരല്ല. അത് ആവേശത്തിന്റെ, ഒത്തൊരുമയുടെ, കാലത്തിന്റെ, ചരിത്രത്തിന്റെ ഒക്കെ പേരാണ്. അതിനേക്കാൾ പ്രതിരോധത്തിന്റെയും ചെറുത്തുനിൽപിന്റെയും പര്യായമാണ്. ദേശീയതയും ഭാഷയും സംസ്കാരവുമെല്ലാം കൊടുക്കൽ വാങ്ങലുകൾ നടത്തുന്ന ഇടംകൂടിയാണ് അത്. പന്ത് ഉരുളുക എന്നു പറഞ്ഞാൽ കാലം ഉരുളുക എന്നു കൂടിയാണ് അർഥം.
കാൽപന്ത് വിനോദത്തിനപ്പുറം എങ്ങനെയൊക്കെയാണ് നമ്മുടെ വിചാരങ്ങളെയും വികാരങ്ങളെയും നയിച്ചതെന്ന് അന്വേഷിക്കുകയാണ് ഇത്തവണ. ലോകകപ്പ് ഫുട്ബാളിന്റെ പശ്ചാത്തലത്തിൽ ചില പന്തുകളി ചിന്തകൾ. പ്രമുഖരായ കളിയെഴുത്തുകാർ അണിനിരക്കുന്ന ഈ പതിപ്പ് കളിയെ കൂടുതൽ സ്നേഹിക്കാൻ, ആസ്വദിക്കാൻ സഹായകരമാകട്ടെ.
ടി.പി. രാജീവൻ
'മാധ്യമ'ത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ ടി.പി. രാജീവൻ നവംബർ രണ്ടിന് വിടപറഞ്ഞു. നൊമ്പരപ്പെടുത്തുന്ന ഓർമയാണ് ആ പുറപ്പെട്ടുപോകൽ. തന്റെ ഉന്മേഷം ആഴ്ചപ്പതിപ്പിനും വായനക്കാർക്കും അദ്ദേഹം പലവിധത്തിൽ പകർന്നിരുന്നു. കാലിക്കറ്റ് സർവകലാശാലയിൽ ഉദ്യോഗസ്ഥനായിരിക്കുമ്പോൾ അദ്ദേഹം പ്രതിസന്ധി നേരിട്ട സമയത്ത് ആ അനുഭവങ്ങൾ വിവരിക്കുന്ന 'കവി കുരിശിൽ' എന്ന കവർസ്റ്റോറി പ്രസിദ്ധീകരിച്ച് വർഷങ്ങൾക്കുമുമ്പ് ആഴ്ചപ്പതിപ്പ് ഒപ്പം നിന്നു.
കവിയുടെ 'പുറപ്പെട്ടുപോയ വാക്കുകൾ' ഖണ്ഡശ്ശയായി വന്നു. നിരവധി കവിതകളും ഈ താളുകളിൽ അച്ചടിച്ചു. അവസാനമെഴുതിയ 'ക്രിയാശേഷം' എന്ന നോവലും ആഴ്ചപ്പതിപ്പിലൂടെയാണ് വായനക്കാരിൽ ആദ്യമെത്തിയത്. ആശയപരമായ ഭിന്നിപ്പുകളും തർക്കങ്ങളും പലവട്ടം നമ്മൾ അദ്ദേഹവുമായും അദ്ദേഹം നമ്മളുമായും നടത്തി. ഈ കൊടുക്കൽ വാങ്ങലുകൾ നമ്മെ സമ്പന്നമാക്കി; നല്ല ഓർമകൾ സമ്മാനിച്ചു. രാജീവൻ ഒപ്പമില്ലെന്നത് വലിയ വേദനയായി എന്നും ശേഷിക്കും.