ഉൾനീറുന്ന വേദന
യുദ്ധം ഒന്നിനും പരിഹാരമല്ല. മാനവരാശിക്കും മറ്റ് ജീവജാലങ്ങൾക്കും നഷ്ടങ്ങൾ മാത്രമേ അത് സമ്മാനിക്കൂ. ഏതൊരു മരണവും വേദനാജനകമാണ്. യുദ്ധത്തിൽ കുട്ടികളും സ്ത്രീകളുമാകും ഏറ്റവുമധികം വിലകൊടുക്കേണ്ടിവരുക. നഷ്ടങ്ങളുടെ ഏതൊരു യുദ്ധവും അവസാനിപ്പിക്കുകയാണ് വേണ്ടത്.
‘Say No to War’ എന്നത് ലോകജനതയുടെ മുദ്രാവാക്യമായിരിക്കുേമ്പാൾപോലും നമ്മൾ അറിയാതെ നിശ്ശബ്ദരാകേണ്ടിവരുന്ന സ്ഥലങ്ങളും സംഭവങ്ങളുമുണ്ട്. അതിൽ ഒന്നാണ് ഫലസ്തീൻ. ഗസ്സയെ ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിൽ എന്ന് വിശേഷിപ്പിച്ചത് നോം ചോംസ്കിയാണ്. അതാണ് സത്യം. അങ്ങനെ തുറന്ന ജയിലിൽ നിത്യവും കൂട്ടക്കൊലയും ദുരിതങ്ങളും സഹിച്ച് ജീവിക്കുന്ന ജനതയോട് നിങ്ങൾ ഇങ്ങനെത്തന്നെ തുടരണം എന്ന് പറയാൻ ലോകത്താർക്കും അവകാശമില്ല. അവർ അവരുടെ വഴികൾ കണ്ടെത്തും. അവരുടെ ശരികളെ നമ്മുടെ ശരികളുമായി ബന്ധിപ്പിച്ച് വിലയിരുത്തി നിഗമനങ്ങളിൽ എത്തുന്നത് ഉചിതമാവില്ല. അതെന്തായാലും പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളമായി മാറിയിരിക്കുന്നു.
ഒക്ടോബർ 7ന് ഫലസ്തീൻ ചെറുത്തുനിൽപു സംഘടനയായ ഹമാസ് ഇസ്രായേലി അധിനിവേശ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ തികഞ്ഞ ഏകോപനത്തോടെ നടത്തിയ നീക്കത്തിൽ ഇസ്രായേലിന്റെ പുകൾപെറ്റ പ്രതിരോധ സംവിധാനങ്ങളും ചാരനിരീക്ഷണ ശൃംഖലകളും ഡിജിറ്റൽ കവചങ്ങ
ളുമെല്ലാം തകർന്നുവീണു. ഡസൻകണക്കിന് ഹമാസ് പോരാളികൾ ബൈക്കിലും പിക്കപ്പിലും ബോട്ടിലും പാരാഗ്ലൈഡറിലുമെല്ലാം ഇരച്ചുചെന്ന് ഇസ്രായേലി പട്ടണങ്ങൾ പിടിച്ചു. സൈനികത്താവളങ്ങൾ ആക്രമിച്ചു; ഇസ്രായേലി പട്ടാളക്കാരെയും സിവിലിയന്മാരെയും ബന്ദികളാക്കി ഗസ്സയിലേക്ക് കടത്തി. ഇതു യുദ്ധമാണെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രത്യാക്രമണത്തിൽ ഗസ്സയിൽ മരണം 700 കവിഞ്ഞിട്ടുണ്ട്. ഇസ്രായേലിൽ 1000ലേറെയും.
യൂറോപ്പിൽ നാസികൾ വേട്ടയാടിയ ജൂതസമൂഹത്തിന് ഇസ്രായേൽ എന്ന രാജ്യം സമ്മാനിക്കപ്പെട്ടത് ഫലസ്തീന്റെ ഭൂമി അന്യായമായി കവർന്നെടുത്തിട്ടാണ്. അതിനുശേഷം മുക്കാൽ നൂറ്റാണ്ടായി ഫലസ്തീൻ ജനതയെ കൊന്നും അഭയാർഥികളാക്കിയുമാണ് ഇസ്രായേൽ സ്വയം വികസിച്ചത്. ഗസ്സ വർഷങ്ങളായി ഉപരോധത്തിനിരയാണ്. അവർക്ക് വൈദ്യുതി ഏതാനും മണിക്കൂറു മാത്രം. പുറമേക്ക് പോകാൻ ‘അനുവാദ’മില്ല. വെസ്റ്റ്ബാങ്കിലുമുണ്ട് അനധികൃത കുടിയേറ്റവും സഞ്ചാരനിയന്ത്രണവും. 1948ൽ നിഷ്ഠുരമായി ആട്ടിയോടിച്ച ഫലസ്തീൻകാരെ തിരിച്ചുവരാൻ അനുവദിക്കണമെന്ന യു.എൻ പ്രമേയം ഇസ്രായേൽ നടപ്പാക്കിയതേയില്ല.
അടുത്തകാലത്തായി അൽഅഖ്സ പള്ളിയിലും മറ്റും ഇസ്രായേലി പട്ടാളം കടന്നുകയറി കുഴപ്പം സൃഷ്ടിച്ചു. കുറച്ചുനാൾ മുമ്പ് ഇസ്രായേലി പ്രധാനമന്ത്രി നെതന്യാഹു ‘പുതിയ മിഡിലീസ്റ്റി’നെ ഭൂപടം സഹിതം ഉയർത്തിക്കാട്ടിയപ്പോൾ അതിൽ ഫലസ്തീൻ എന്ന വാക്കുപോലുമുണ്ടായിരുന്നില്ല. അതായത് ഇപ്പോൾ ഫലസ്തീൻ നടത്തുന്നത് നിൽക്കക്കള്ളിയില്ലാത്ത ഒരു ജനതയുടെ ചെറുത്തുനിൽപും കടന്നാക്രമണവുമാണെന്ന് ചുരുക്കം. ചിലപ്പോൾ ഇതൊരു ‘അവസാന വട്ട’ ശ്രമമാകാം.
സൈനികവിജയം ഉറപ്പിച്ചാവില്ല ഹമാസ് ഈ സാഹസത്തിന് മുതിർന്നത്. ഇൗ നടപടിയിലൂടെ ലോകത്തിന് മുന്നിൽ ഒരിക്കൽക്കൂടി ഫലസ്തീൻ പ്രശ്നവും തങ്ങൾ നേരിടുന്ന കൂട്ടക്കൊലയും ദുരിതങ്ങളും ഒക്കെ അവർ കൊണ്ടുവന്നിരിക്കുന്നു. അവരുടെ വാദം ലളിതമാണ്: ഇസ്രായേൽ പിടിച്ചെടുത്ത അറബ് പ്രദേശം തങ്ങൾക്ക് വിട്ടുനൽകണം. ഫലസ്തീൻ ഫലസ്തീൻകാരുടേതാണ്.
ഇപ്പോൾ യുദ്ധം നിർത്തണമെന്ന് പറഞ്ഞ് ഹമാസിനെ കുറ്റപ്പെടുത്തുന്ന ലോകശക്തികളും മറ്റും ആദ്യം ചെയ്യേണ്ടത്, ഫലസ്തീൻ പ്രശ്നം ശാശ്വതമായി സമാധാനപരമായി പരിഹരിക്കുകയാണ്. അത് സാധ്യമാകാതെ പശ്ചിമേഷ്യ ശാന്തമാകില്ല. സ്വന്തം മണ്ണ് നഷ്ടപ്പെട്ടവർ അത് വീണ്ടെടുക്കാൻ ഇനിയും മുന്നോട്ടുവരും. ആ ജനത ഏതറ്റംവരെയും പോകും. പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ സമാധാനം വേണമെന്നുള്ള ശാഠ്യവും മൗഢ്യമാണ്. വ്രണമല്ല, രോഗംതന്നെയാണ് ചികിത്സിക്കപ്പെടേണ്ടത്.