കൂട്ടക്കൊല തുടരാൻ അനുവദിക്കരുത്
ഒരു പക്ഷേ, ഇൗ നൂറ്റാണ്ടിലെ ഏറ്റവും നിഷ്ഠുരവും ഭീതിദവുമായ കൂട്ടക്കൊല -വംശഹത്യ ഇപ്പോൾ ഫലസ്തീനിൽ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്.
‘തുടക്കം’ എഴുതുന്ന ഒക്ടോബർ 25ന് ലോക മാധ്യമങ്ങൾ നൽകിയ വാർത്തയുടെ സംഗ്രഹം ഇങ്ങനെയാണ്: ഒക്ടോബർ ഏഴിന് ശേഷമുള്ള ഏറ്റവും മാരക ബോംബിങ്ങിലൂടെ 704 ഗസ്സക്കാരെ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ കൊന്നു. ഇതിൽ 180 പേർ കുട്ടികളാണ്. ഇതോടെ, മരണം 5791 ആയി. ഇതുവരെ മരിച്ചവരിൽ 2360 പേർ കുട്ടികളാണ്. തകർന്ന കെട്ടിടങ്ങൾക്കടിയിലും മറ്റും നിരവധി പേർ കുടുങ്ങിക്കിടക്കുന്നു. ഗസ്സയിലെ മൂന്നിൽ രണ്ട് ആശുപത്രികളുടെയും പ്രവർത്തനം നിലച്ചു. ഗസ്സയിൽ ആകെയുള്ള 72 ആരോഗ്യ കേന്ദ്രങ്ങളിൽ 12 ആശുപത്രികളടക്കം 46 ആരോഗ്യകേന്ദ്രങ്ങൾ അടച്ചു.
വൈദ്യുതി ഇല്ലാത്തതിനാൽ മൊബൈൽ ഫോണിലെ ഇത്തിരിവെട്ടം മാത്രമാണ് ശസ്ത്രക്രിയ അടക്കമുള്ള വൈദ്യ പരിചരണത്തിന് ഏക ആശ്രയം. ഫലസ്തീൻ ജനതയെ കൊന്നു തീർക്കാനാണ് ഇസ്രായേൽ ഭരണകൂടം ശ്രമിക്കുന്നത്. മറ്റെല്ലാ യുദ്ധങ്ങളിൽനിന്നും വ്യത്യസ്തമായി ഇരകൾക്ക് പലായനം ചെയ്യാനുള്ള സാഹചര്യം പൂർണമായി ഇസ്രായേൽ അടച്ചിരിക്കുകയാണ്. വെള്ളവും വെളിച്ചവും മരുന്നും പൂർണമായി നിഷേധിച്ചിരിക്കുന്നു. ആശുപത്രികൾക്കുമേൽ ബോംബിട്ട് കൂട്ടക്കുരുതികൾ നടത്തി. അഭയാർഥിക്യാമ്പുകൾക്ക് മേൽ ബോംബ് വർഷിച്ചു.
എല്ലാ അന്താരാഷ്ട്ര യുദ്ധ മര്യാദകളും മനുഷ്യാവകാശ നിയമങ്ങളും പൂർണമായി മറികടന്നാണ് കൂട്ട നരഹത്യകൾ നടത്തുന്നത്. ഏതൊരു സമയത്തും ഒരു ജനതക്ക് മരുന്ന്, വെള്ളം, ഭക്ഷണം നിഷേധിക്കരുത് എന്നതാണ് അടിസ്ഥാന മാനുഷിക മൂല്യം.
ഇൗ കൂട്ടക്കൊലയിലൂടെ ഫലസ്തീന്റെ അവസാന മണ്ണും സ്വന്തമാക്കാനും ആ ജനതയെ ഇല്ലായ്മ ചെയ്യാനുമാണ് ഇസ്രായേൽ ശ്രമിക്കുന്നത്. അമേരിക്കയുൾപ്പെടെയുള്ള വൻകിട രാജ്യങ്ങളെല്ലാം ഇസ്രായേലിനൊപ്പമാണ്. െഎക്യരാഷ്ട്ര സംഘടനപോലും ഇസ്രായേലിനോട് ആക്രമണം നിർത്താൻ പറഞ്ഞിട്ടില്ല. ചില ഒറ്റപ്പെട്ട ശബ്ദങ്ങൾ ചില കോണുകളിൽ ഉയരുന്നത് മാത്രമാണ് ഏക ആശ്വാസം. ഹമാസ് ആക്രമണം ശൂന്യതയിൽ സംഭവിച്ചതല്ല എന്ന യു.എൻ സെക്രട്ടറി ജനറൽ ഗുട്ടെറസിന്റെ പ്രസ്താവന സൃഷ്ടിക്കുന്ന പ്രകമ്പനവും ചെറുതല്ല.
ഇൗ കൂട്ടക്കുരുതി ഉടനടി അവസാനിപ്പിക്കാനാണ് ലോക ജനത ഉടനടി ഒച്ചത്തിൽ പറയേണ്ടത്. ശബ്ദം എത്ര ചെറുതാണെന്നതല്ല, പറയുക എന്നതാണ് പ്രധാനം. ഫലസ്തീൻ ജനതക്ക് ഒരോ മനുഷ്യന്റെയും പിന്തുണ ആവശ്യമുണ്ട്.