വിജയമാവണം ലക്ഷ്യം
കറങ്ങുന്ന പക്ഷിയുടെ കണ്ണിലേക്ക് അെമ്പയ്യാൻ ഗുരു ശിഷ്യന് പകർന്നുനൽകുന്ന ഒരു പാഠമുണ്ട് ഇതിഹാസത്തിൽ. പക്ഷിയുടെ കണ്ണ് മാത്രമേ കാണാൻ പാടുള്ളൂ. അതായത് ലക്ഷ്യം മാത്രമാവണം കാഴ്ച. ആ കഥയിൽ ഒരു പ്രശ്നമുണ്ട്. ഉന്നം മാത്രം കണ്ടിട്ട് കാര്യമില്ല. കുലക്കാൻ പാകത്തിൽ വില്ലും അത് പ്രയോഗിക്കാൻ പാടവവുംകൂടി ഇൗ ലക്ഷ്യസാധ്യത്തിന് വേണം. മാർക്സിസ്റ്റ് വൈരുധ്യ ശാസ്ത്രത്തിൽ പറയുന്നതുപോലെ ആത്മനിഷ്ഠ ഘടകങ്ങൾകൂടി വേണം. വസ്തുനിഷ്ഠ സാഹചര്യം ഉണ്ടായതുകൊണ്ടു മാത്രം കാര്യമില്ല.
രാജ്യം വൈകാതെ പൊതു തെരഞ്ഞെടുപ്പിനെ നേരിടും. ഇൗ രാജ്യം അതിന്റെ മഹത്തായ ആശയങ്ങളുമായി നിലനിൽക്കണം എന്നാഗ്രഹിക്കുന്നവരെ സംബന്ധിച്ച് അതിപ്രധാനമാണ് വരാൻ പോകുന്ന ദിനങ്ങൾ. പിന്നിട്ട 10 വർഷങ്ങളിൽ വെറുപ്പിന്റെ വിതക്കലാണ് രാജ്യത്ത് നടന്നത്. ഒാരോ മുക്കിലും മൂലയിലും വെറുപ്പിന്റെ വിത്തുകൾ വിതറിക്കഴിഞ്ഞു.
മതേതരത്വത്തിന്റെ അവസാന കല്ലുകളും പിഴുതുകൊണ്ടിരിക്കുന്നു. മതേതര രാജ്യത്തിലെ ഒൗദ്യോഗിക ഇടങ്ങളിലേക്കെല്ലാം ബോധപൂർവം ഹിന്ദുത്വ ബിംബങ്ങളും ദൈവങ്ങളും പ്രതിഷ്ഠിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ പേര് തന്നെ മാറ്റാൻപോകുന്നു. ഭരണഘടനയിൽനിന്ന് സോഷ്യലിസവും മതേതരത്വവും നീക്കാൻ പോകുന്നു. ഫലത്തിൽ ഇന്ത്യയെന്ന രാജ്യത്തിന്, മഹത്തായ ആശയത്തിന് നിലനിൽപ് ഇല്ലാതാവുന്ന നിമിഷങ്ങളാണ് വരാൻ പോകുന്നത്.
ഫൈനലിന് മുമ്പുള്ള സെമി പോരാട്ടം എന്ന് വിശേഷിപ്പിക്കെപ്പട്ട അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇൗ രാജ്യത്തിന്റെ ഭാവിയെപ്പറ്റി ആകുലപ്പെടുന്നവർക്ക് ഒട്ടും ആശ്വാസം നൽകുന്നതല്ല. രണ്ട് വലിയ സംസ്ഥാനങ്ങളായ രാജസ്ഥാനും മധ്യപ്രദേശും ബി.ജെ.പിയുടെ കൈയിലായി. ഛത്തിസ്ഗഢിലും ഹിന്ദുത്വവാദികൾ ആധിപത്യം സ്ഥാപിച്ചു. ആകെയുള്ള േനർത്ത ആശ്വാസം തെലങ്കാന ഹിന്ദുത്വ പാളയത്തിലേക്ക് പോകാൻ വിസമ്മതിച്ചുവെന്നതാണ്. തെലങ്കാന ഹിന്ദുത്വ കൂടാരത്തിൽ നിൽക്കാൻ വിസമ്മതിച്ചതോടെ ദക്ഷിണേന്ത്യ ഹിന്ദുത്വ ഭരണത്തിൽനിന്ന് മുക്തമായി. പക്ഷേ, ഉത്തരേന്ത്യയിൽ അധികാരം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഹിന്ദുത്വ ശക്തികൾ.
എന്തുകൊണ്ട് തിരിച്ചടി എന്ന് കോൺഗ്രസ് ചിന്തിക്കണം. തെറ്റുകൾ തിരുത്തണം. ഉൾപ്പോരുകൾ അവസാനിപ്പിച്ച് ഇൗ നിമിഷങ്ങളിലെ നേതൃശക്തിയായി മാറണം. ഇൻഡ്യ എന്ന സഖ്യത്തെ കൂടുതൽ വിശാലവും ഉറപ്പുള്ളതുമാക്കി വലിയ ചാലകവാഹനമായി മാറണം. നിലവിലെ സന്നാഹങ്ങൾ ഒട്ടും മതിയാവില്ല വൻ അധികാരത്തോട് എതിരിടാൻ. പുതിയ തന്ത്രങ്ങളും സഖ്യങ്ങളും ആവിഷ്കരിക്കണം. ആത്മനിഷ്ഠ ഘടകങ്ങൾ ശക്തമാക്കണം. എന്നിട്ട് വിജയത്തിൽ മനസ്സുറപ്പിക്കണം. പിന്നെ പക്ഷിയുടെ കണ്ണ് മാത്രമേ കാണാവൂ. ഇൗ ലക്ഷ്യത്തിൽ രാജ്യത്തെ പുരോഗമന ശക്തികൾ പരാജയപ്പെട്ടാൽ ഇന്ത്യക്ക് തന്നെ ഇനിയൊരു നിലനിൽപില്ലെന്ന് മനസ്സിൽ ഉറപ്പിക്കണം.