വിദ്യാഭ്യാസത്തിന്റെ ‘ഇര’കൾ
കേരളമുൾപ്പെടെ രാജ്യത്ത് മൊത്തത്തിൽതന്നെ വിദ്യാഭ്യാസ സമ്പ്രദായങ്ങളും സംവിധാനവും പുനഃപരിേശാധനയും ശാസ്ത്രീയമായ പുതുക്കിപ്പണിയലും ആവശ്യപ്പെടുന്നുണ്ട്. ഹിന്ദുത്വവാദികളും മോദി ഭരണകൂടവും നടത്തുന്ന കാവിവത്കരണ അജണ്ട ഒരുവശത്ത് നടക്കുന്നു. മറുവശത്ത് നിലവിലെ സംവിധാനത്തിന്റെ ഗുരുതരമായ പോരായ്മകളും പ്രശ്നങ്ങളും അനുനിമിഷം മറനീക്കി പുറത്തുവരുന്നു. ഏറക്കുറെ തകർന്ന നിലയിലാണ് നമ്മുടെ വിദ്യാഭ്യാസം.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 13,500 പിന്നാക്ക വിഭാഗക്കാർ ഇടക്കുവെച്ച് ഉന്നത വിദ്യാഭ്യാസ പഠനം അവസാനിപ്പിച്ചിരിക്കുന്നു. കേന്ദ്ര സർവകലാശാലകൾ, െഎ.െഎ.ടി, െഎ.െഎ.എം എന്നിവിടങ്ങളിൽനിന്നാണ് ഇത്രയും വിദ്യാർഥികൾ പഠനം നിർത്തിയത്. പരീക്ഷയിൽ തോറ്റതിനെ തുടർന്നുള്ള മനോവിഷമത്തിൽ കഴിഞ്ഞ വർഷം രാജ്യത്ത് ആകെ 2095 വിദ്യാർഥികൾ ആത്മഹത്യ ചെയ്തുവെന്ന കണക്ക് ദേശീയ ക്രൈം റെക്കോഡ്ഡ് ബ്യൂറോ (എൻ.സി.ആർ.ബി) പുറത്തുവിട്ടിട്ടുണ്ട്. രാജ്യത്ത് നടന്ന ആത്മഹത്യയുടെ 12 ശതമാനം പരീക്ഷയിലെ തോൽവിയെ തുടർന്നാണ്.
അതായത്, േതാൽവി അവസാന വാക്കല്ല എന്ന ധാരണപോലും വിദ്യാർഥി സമൂഹത്തിന് പകരുന്നതിൽ ഇൗ വിദ്യാഭ്യാസ സമ്പ്രദായം പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് ചുരുക്കം. 2014^2021 കാലത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 122 വിദ്യാർഥികൾ ആത്മഹത്യചെയ്തു. അതിൽ പട്ടികജാതി വിഭാഗത്തിൽപെട്ടവർ 24, പട്ടികവർഗത്തിൽപെടുന്ന മൂന്നുപേരും ഒ.ബി.സി വിഭാഗത്തിലുള്ള 41 പേരും പെടുന്നു. ജാതി വിവേചനം, വിദ്യാഭ്യാസ രംഗത്തെ പലതരം അവഗണന എന്നിവയൊക്കെയാണ് ആത്മഹത്യയുടെ മറ്റ് കാരണങ്ങൾ. കലാലയങ്ങളിൽനിന്നുള്ള പുറംതള്ളലും ആത്മഹത്യയും വിദ്യാഭ്യാസമേഖല നേരിടുന്ന ഗുരുതര പ്രശ്നങ്ങൾതന്നെയാണ് വെളിപ്പെടുത്തുന്നത്.
അക്ഷരം കൃത്യമായി വായിക്കാൻ അറിയാത്തവർക്കും എ പ്ലസ് ലഭിക്കുന്നുവെന്ന ആേക്ഷപം പൊതു വിദ്യാഭ്യാസ ഡയറക്ടർ തുറന്നു പറഞ്ഞത് അടുത്തിടെ വലിയ കോളിളക്കമുണ്ടാക്കി. വിദ്യാഭ്യാസമേഖലയിലെ നിലവാര തകർച്ച ഇതിനു മുമ്പും ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. മാർക്ക് വാരിക്കോരി നൽകുന്നുവെന്നതാണ് അതിൽ പ്രധാനമായി ഉയർന്ന വിമർശനം. എസ്.എസ്.എൽ.സി പരീക്ഷാഫലത്തോടൊപ്പം മാർക്കും പ്രസിദ്ധീകരിക്കണമെന്ന നിർദേശം കേരള സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല. 10 ശതമാനം മാർക്കിന്റെ പരിധിയിലുള്ള വിദ്യാർഥികളെ ഒന്നിച്ച് ഒരേ ഗ്രേഡിലാക്കുന്നതിലെ ശരികേട് അവസാനിപ്പിക്കണമെന്നാണ് ആവശ്യം.
ആർട്സ് വിഷയങ്ങളിൽനിന്ന് വിദ്യാർഥികൾ അകലുന്നതാണ് മറ്റൊരു പ്രവണത. സെമസ്റ്റർ സിസ്റ്റത്തിന്റെയും ഇന്റേണൽ വാല്വേഷന്റെയും നടപ്പുരീതികൾ വിദ്യാഭ്യാസ വിചക്ഷണരുടെതന്നെ വിമർശനത്തിന് വിധേയമായിട്ടുണ്ട്. അടുത്ത അധ്യയന വർഷം മുതൽ നടപ്പാകാൻ പോകുന്ന നാലുവർഷ ബിരുദ കോഴ്സുകളുടെ രീതികളും എതിർപ്പുകൾ ക്ഷണിച്ചുവരുത്തുന്നുണ്ട്. അതിൽ ഭാഷാപഠനത്തിന്റെ സാധ്യതകൾ പരിമിതപ്പെടുന്നുവെന്നാണ് ഒരു ആേക്ഷപം.
സ്വകാര്യവത്കരണം, കച്ചവടവത്കരണം എന്നിവ വിദ്യാഭ്യാസ മേഖലയിലുണ്ടാക്കിയ പ്രശ്നങ്ങൾ ചെറുതല്ല. മത്സരാധിഷ്ഠിതമായി ഒരുവശത്ത് വിദ്യാഭ്യാസം മാറി. അതേ സമയംതന്നെ ഇൗ മത്സരാധിഷ്ഠിത നീക്കംപോലും കാമ്പില്ലാത്ത ഒന്നായി മാറി. മുമ്പ് കൊട്ടിഗ്ഘോഷിക്കപ്പെട്ട എസ്.എസ്.എൽ.സി പരീക്ഷാരീതികളുടെ മികവ് ഇന്നില്ലാതായി. ഇതിന് പുറമെയാണ് കേരളത്തിലെ സർവകലാശാലകളിൽ നടന്നുകൊണ്ടിരിക്കുന്ന അനധികൃത നിയമനങ്ങൾ. യോഗ്യതയുള്ളവർ തഴയപ്പെട്ട് ഇഷ്ടക്കാരെ നിയമിച്ച പല സംഭവങ്ങളും കോടതിയുടെ പരിഗണനയിലാണ്. സ്വകാര്യ എയ്ഡഡ് കോളജുകളിലടക്കം നിയമനത്തിൽ സംവരണ തത്ത്വം പാലിക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പാക്കിയിട്ടില്ല.
വിദ്യാഭ്യാസ സമ്പ്രദായത്തെ ശക്തമായ അസ്തിവാരങ്ങളിൽ അടിമുടി ശാസ്ത്രീയമായി പുതുക്കിപ്പണിയുക എന്നതാണ് ഇപ്പോൾ പ്രധാനം. കുത്തഴിഞ്ഞുകിടക്കുന്ന അവസ്ഥ ഇല്ലാതാക്കണം. ഇന്നത്തെ അവസ്ഥയിൽ ഹിന്ദുത്വവാദത്തിന് എളുപ്പം പിടിമുറുക്കാൻ പര്യാപ്തമാണ്. അത് ഒഴിവാക്കണം. നമുക്ക് വേണ്ടത് മെച്ചപ്പെട്ട മറ്റൊരു സമൂഹമാണ് എന്നത് മറന്നുകൂടാ.