‘ജനാധിപത്യം’
രാജ്യത്ത് ‘ജനാധിപത്യ’ത്തിന്റെ ഭാവി എന്താവുമെന്ന ആശങ്കയെ പലവിധത്തിൽ ഏറ്റുന്നതാണ് പാർലമെന്റിൽ നടക്കുന്ന സംഭവവികാസങ്ങൾ. സഭയിൽ പ്രതിഷേധമുയർത്തിയ 78 പ്രതിപക്ഷ എം.പിമാരെക്കൂടി ഡിസംബർ 18ന് സസ്പെൻഡ് ചെയ്തു. രാജ്യസഭയിൽനിന്ന് 45ഉം ലോക്സഭയിൽനിന്ന് 33ഉം അംഗങ്ങളെയാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രമേയങ്ങളിലൂടെ സഭാ അധ്യക്ഷന്മാർ സസ്പെൻഡ് ചെയ്തത്. പാർലമെന്റിലെ സുരക്ഷാവീഴ്ചയിൽ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പ്രസ്താവനയും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയതിനാണ് നടപടി.
തിങ്കളാഴ്ച സസ്പെൻഡ് ചെയ്തവരിൽ 54 എം.പിമാരുടെ സസ്പെൻഷൻ നടപ്പുസമ്മേളനം വരെയും അവകാശ ലംഘന സമിതിക്കുവിട്ട 14 എം.പിമാരുടെ സസ്പെൻഷൻ ആ റിപ്പോർട്ട് വരുന്നതുവരെയുമാണ്. സസ്പെൻഷൻ പ്രമേയത്തിൽ റിപ്പോർട്ട് സമർപ്പണത്തിന് അവകാശലംഘന സമിതിക്ക് മൂന്നുമാസം സമയം നൽകിയിട്ടുണ്ട്.ഡിസംബർ 19 ന് 49 പേരെയും സസ്പെൻഡ് ചെയ്തു.
പതിനേഴാം ലോക്സഭയുടെ ശൈത്യകാല സമ്മേളനം സമാപിക്കാൻ മൂന്നുദിവസങ്ങൾ മാത്രം ശേഷിക്കെ മൂന്ന് ഘട്ടങ്ങളിലായി 141 എം.പിമാരാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. പാർലമെന്റിന്റെ ചരിത്രത്തിലെ സർവകാല റെക്കോഡാണ്. സഭാധ്യക്ഷന്മാർ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും നടപടികൾ നിരന്തരം തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് ഇത്രയും പ്രതിപക്ഷ എം.പിമാരെ പുറത്താക്കിയിരിക്കുന്നത്.
പാർലമെന്റ് സമ്മേളിക്കെ ഡിസംബർ 13ന് അവിചാരിതമായി സന്ദർശക ഗാലറിയിൽനിന്ന് ലോക്സഭ ഡെസ്കുകളിലേക്ക് ചാടിവീണ രണ്ടുപേർ മഞ്ഞ പുകബോംബ് പൊട്ടിക്കുക കൂടി ചെയ്ത സംഭവമാണ് കൂട്ട സസ്പെൻഷനിലേക്ക് നീണ്ടത്. ഇവരെ പണിപ്പെട്ട് കീഴടക്കിയെങ്കിലും സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷാംഗങ്ങൾ നടപടികൾ തടസ്സപ്പെടുത്തിയത്. കർണാടകയിൽനിന്നുള്ള ഒരു ബി.ജെ.പി ലോക്സഭാംഗം മുഖേന ലഭിച്ച പാസ് ഉപയോഗിച്ചാണ് ആക്രമികൾ ചാടിവീണത്.
പാർലമെന്റിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ ഏറ്റവും കുറച്ചുമാത്രം സമ്മേളിച്ചത് 17ാം ലോക്സഭയാണ്. ബജറ്റ് സമ്മേളനത്തിന് ഷെഡ്യൂൾചെയ്ത 46 മണിക്കൂറിൽ 33 ശതമാനം മാത്രമാണ് 17ാം ലോക്സഭ സമ്മേളിച്ചത്; രാജ്യസഭയാകട്ടെ, 32ൽ 24 ശതമാനവും. ഏറ്റവും ഒടുവിലത്തെ സെഷനിൽ ഒരു വിഷയത്തെക്കുറിച്ചും സഭയിൽ ചർച്ചയേ നടന്നിട്ടില്ല. കാലാവധി കഴിയാറായിരിക്കെ ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിഞ്ഞുതന്നെ കിടക്കുകയാണിപ്പോഴും.
പാർലമെന്റിൽ വ്യത്യസ്ത ശബ്ദങ്ങൾ ഉയരുകയാണ് വേണ്ടത്. വിവിധ വിഷയങ്ങളിൽ, പ്രതിഷേധമുൾപ്പെടെ ഉയരുേമ്പാഴാണ് ജനാധിപത്യം ശക്തമാകുക. ലോകത്തിെല ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയിൽ പാർലമെന്റിൽ പ്രതിഷേധിച്ചെന്ന പേരിൽ പ്രതിപക്ഷ ശബ്ദങ്ങളെ ഒന്നായി നിശ്ശബ്ദമാക്കുന്നത് ജനാധിപത്യത്തെ തന്നെയാണ് ഇല്ലാതാക്കുന്നത്.
മോദിസർക്കാർ അധികാരത്തിൽ വന്നശേഷം പാർലമെന്റിലടക്കം നടന്ന നടപടികൾ എല്ലാംതന്നെ ജനാധിപത്യത്തെ നിഷേധിക്കുന്നതാണ്. ബില്ലുകൾ ചർച്ചചെയ്യാതെ പാസാക്കുക, പ്രതിപക്ഷത്തെ പുറത്തുനിർത്തി നിയമങ്ങൾ ചുെട്ടടുക്കുക, പാർലമെന്റിനെ അറിയിക്കാതെ സുപ്രധാന നടപടികൾ ൈകക്കൊള്ളുക എന്നിങ്ങെന പാർലമെന്ററി ജനാധിപത്യത്തെ കേവലം നോക്കുകുത്തികളാക്കുന്ന അവസ്ഥയാണിപ്പോൾ.
പ്രതിപക്ഷത്തെ ഭൂരിപക്ഷം അംഗങ്ങളും പുറത്തുനിൽക്കുേമ്പാൾതന്നെ രാജ്യത്തെ ശിക്ഷാനിയമങ്ങൾ ഹിന്ദുത്വവത്കരിക്കാനുള്ള ശ്രമം ഇപ്പോൾ നടക്കുന്നുണ്ട്. ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകള്‍ ലോക്സഭയുടെ പരിഗണനക്ക് കൊണ്ടുവന്നിട്ടുണ്ട് അമിത് ഷാ. അതായത് ചർച്ചയോ എതിർപ്പോ ഇല്ലാതെ തങ്ങൾ ഉദ്ദേശിക്കുന്ന നിയമങ്ങൾ പാസാക്കണം. നമ്മുടെ ‘ജനാധിപത്യം’ അതിന്റെ അവസാനത്തിലേക്ക് നീങ്ങുന്നുവെന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.