ബിൽക്കീസ് ബാനു
ആര് അംഗീകരിച്ചാലുമില്ലെങ്കിലും ബിൽക്കീസ് ബാനു രാജ്യത്ത് ഒരു െഎക്കണായി മാറിയിട്ടുണ്ട്. ജീവിതസമരത്തിലൂടെ അവർ സ്ത്രീശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും ആത്മാഭിമാന പോരാട്ടത്തിന്റെയും തിളങ്ങുന്ന മാതൃകയായി ഉയർന്നിരിക്കുന്നു. ഫാഷിസവും പുരുഷാധിപത്യവും അരങ്ങുവാഴുന്ന കാലത്ത് ജീവിക്കാനുള്ള അവകാശത്തിനായി അവർ നടത്തിയ സന്ധിയില്ലാ കലഹം സമാനതകളില്ലാത്ത പുതിയ ചരിത്രമാണ്. ഭയരഹിതയായിരുന്നു ഇൗ ഭീതിദമായ കാലത്തും അവർ.
2002 ഗുജറാത്ത് വംശഹത്യയിൽ പിഞ്ചുകുഞ്ഞടക്കം കുടുംബത്തിലെ 14 പേരെ കൂട്ടക്കൊല ചെയ്യുകയും ഗർഭിണിയടക്കം മൂന്നുപേരെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത ‘ബിൽക്കീസ് ബാനു’ കേസിലെ 11 കുറ്റവാളികളെ വീണ്ടും ജയിലിലടക്കാൻ ബിൽക്കീസ് ബാനു സുപ്രീംകോടതിയിൽനിന്ന് ജനുവരി 8ന് വിധി നേടിയെടുത്തു. 2022ലെ സ്വാതന്ത്ര്യദിന ആഘോഷവേളയിൽ 11 കുറ്റവാളികളെ മോചിപ്പിച്ചതിനെതിരെയാണ് ബിൽക്കീസ് ബാനു നിയമയുദ്ധം നടത്തിയത്.
ഇല്ലാത്ത അധികാരമുപയോഗിച്ച് ശിക്ഷാ കാലാവധി തീരുംമുമ്പ് പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്തിലെ ബി.ജെ.പി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വിധിച്ചു. പ്രതികളുമായി ഒത്തുകളിച്ച് അധികാര ദുർവിനിയോഗത്തിലൂടെ ഗുജറാത്ത് സർക്കാർ നിയമവാഴ്ചയെ അട്ടിമറിച്ചെന്നും പ്രതികളിലൊരാൾ അനുകൂല ഉത്തരവിനായി സുപ്രീംകോടതിയെ കബളിപ്പിച്ചെന്നും ജസ്റ്റിസ് നാഗരത്ന എഴുതിയ വിധിപ്രസ്താവം വ്യക്തമാക്കുന്നു.
വംശഹത്യ നാളുകളിൽ 21 വയസ്സു മാത്രമുള്ള, അഞ്ചുമാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിന്റെ കണ്മുന്നിൽ വെച്ചാണ് വർഗീയവാദികൾ മൂന്നുവയസ്സായ മകളെ തല കല്ലിലിട്ടടിച്ച് അറുകൊല ചെയ്തത്. കുടുംബാംഗങ്ങളായ ഏഴുപേരും അന്ന് കൊല്ലപ്പെട്ടു. രണ്ടുനാൾ കഴിഞ്ഞു ബോധം വീണ്ടെടുത്ത ബിൽക്കീസ് ഒരുവിധം ഇഴഞ്ഞു നീങ്ങി അടുത്തുള്ള ആദിവാസി ഗ്രാമത്തിലെത്തി. അവിടെനിന്നാണ് ബിൽക്കീസ് ബാനുവിന്റെ പോരാട്ടം തുടങ്ങുന്നത്.
2002 മാർച്ച് 4ന് ബിൽക്കീസ് ബാനു ലിംഖേദ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കുറ്റവാളികളുടെ പേരുകൾ പരാതിയിൽ പറഞ്ഞു. എന്നാൽ, എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയില്ല. 2003 ഏപ്രിലിൽ ബിൽക്കീസ് ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിച്ചു. കമീഷൻ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയോട് സുപ്രീംകോടതിയിൽ ബിൽക്കീസ് ബാനുവിനുവേണ്ടി ഹാജരാകാൻ ആവശ്യപ്പെട്ടു. ഡിസംബർ 18ന് അന്വേഷണം സുപ്രീംകോടതി സി.ബി.ഐക്ക് വിട്ടു. ഇരകളുടെ അപേക്ഷ മാനിച്ച് സംഭവം നടന്ന ഗുജറാത്തിലെ കോടതിയിൽനിന്ന് കേസ് മഹാരാഷ്ട്രയിലേക്കു മാറ്റി. 2008 ജനുവരി 1ന് 12 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ജീവപര്യന്തം വരെ ശിക്ഷ. 2019 ഏപ്രിൽ 23ന് ബിൽക്കീസ് ബാനുവിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപയും താമസത്തിന് വീടും സർക്കാർ ജോലിയും നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
ശിക്ഷ തീരുംമുമ്പ് കൊടും കുറ്റവാളികളെ മോചിപ്പിക്കാൻ ബി.ജെ.പി സർക്കാർ ശ്രമിച്ചതുതന്നെ ഒരു സൂചനയായിരുന്നു. മോചിപ്പിക്കപ്പെട്ടവർക്ക് ഹിന്ദുത്വവാദികൾ നൽകിയ സ്വീകരണവും മറ്റൊരു അപായ സൂചനയായിരുന്നു. അത് തിരിച്ചറിഞ്ഞാണ് ബിൽക്കീസ് ബാനു വീണ്ടും കോടതിയിൽ എത്തിയത്. സി.പി.എം നേതാവ് സുഭാഷിണി അലി, മാധ്യമപ്രവർത്തക രേവതി ലോൾ, പ്രഫ. രൂപ് രേഖ വർമ എന്നിവർ പൊതു താൽപര്യ ഹരജിയുമായി ഒപ്പം നിന്നു. ഭർത്താവ് യാക്കൂബ് റസൂൽ ഖാനും ഇൗ പോരാട്ടത്തിൽ ബിൽക്കീസ് ബാനുവിനൊപ്പം ഉറച്ച തുണയായി.
സുപ്രീംകോടതിയുടെ വിധി ഇത്തിരിവെട്ടമാണ്. അത് ഇരുട്ടിലും ചില പ്രതീക്ഷകൾ നൽകുന്നു. ആ വെട്ടത്തേക്കാൾ നൂറുമടങ്ങ് തിളക്കമുണ്ട്് ബിൽക്കീസ് ബാനുവിന്റെ നിശ്ചയദാർഢ്യത്തിനും നീതിക്കായുള്ള പോരാട്ടത്തിനും. ബിൽക്കീസ് ബാനുവിന്റെ െഎതിഹാസികമായ ചെറുത്തുനിൽപിൽനിന്ന് രാജ്യം ചില പാഠങ്ങൾ പഠിക്കണം –വർഗീയതയുടെയും പുരുഷവെറിയുടെയും കരങ്ങൾ സ്ത്രീകൾക്കു നേരെ ഇനിയും ഉയരാതിരിക്കാനെങ്കിലും.