ഏകത്വമോ ബഹുസ്വരതയോ?
ഇന്ത്യയുടെ സൗന്ദര്യം ബഹുസ്വരതയാണ്, നാനാത്വമാണ്. വിവിധ ദേശീയതകൾ, മതങ്ങൾ, സംസ്കാരങ്ങൾ, ആചാരങ്ങൾ, ജീവിതരീതികൾ എന്നിവതന്നെയാണ് ഈ രാജ്യത്തെ മഹത്തായി നിലനിർത്തിയത്. ഹിന്ദുത്വക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതും ഈ സൗന്ദര്യത്തെയാണ്. അതിനാൽതന്നെ ഏക സിവിൽകോഡ് എന്ന ഏകത്വ മുദ്രവാക്യവുമായി അവർ രംഗത്തിറങ്ങിയിട്ട് കാലങ്ങളായി.
ഇപ്പോഴിതാ, മോദി ഭരണകൂടം ഏക സിവിൽകോഡിലേക്ക് അതിവേഗം ചുവടുവെക്കുന്നതായാണ് സൂചനകൾ. അതിന്റെ തുടക്കമായി ചൊവ്വാഴ്ച (ഫെബ്രുവരി 6) ഉത്തരാഖണ്ഡ് നിയമസഭയിൽ സർക്കാർ അവതരിപ്പിച്ച ഏക സിവിൽകോഡ് ബിൽ. രാജ്യമാകെ നടപ്പാക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ച ഏക സിവിൽകോഡിന്റെ ആദ്യ പരീക്ഷണമാണ് ഉത്തരാഖണ്ഡിലേത്. വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കൾ, പിന്തുടർച്ചാവകാശം എന്നിവയിൽ എല്ലാ പൗരൻമാർക്കും മതഭേദമില്ലാതെ ഒരേ നിയമം വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ.
പട്ടിക വർഗ വിഭാഗങ്ങളെയും ഭരണഘടനയുടെ 21ാം ഭാഗമനുസരിച്ച് ആചാരപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന വ്യക്തികളെയും ബില്ലിെന്റ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നതാണ് ഏക ആശ്വാസം. പ്രതീകാത്മക നടപടിയായി ഭരണഘടനയുടെ ആദ്യ പതിപ്പുമായി നിയമസഭയിൽ എത്തിയ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയാണ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. ‘ഭാരത് മാതാ കീ ജയ്’, ‘വന്ദേ മാതരം’, ജയ് ശ്രീ റാം’ വിളികളോടെയാണ് ഭരണപക്ഷം ബിൽ അവതരണത്തെ സ്വീകരിച്ചത്.
ഈ ബില്ലിൽ മുസ്ലിം സ്ത്രീകൾ ഉൾപ്പെടെ എല്ലാവർക്കും ദത്തവകാശം ഉറപ്പുനൽകുന്നു. വിവാഹമോചനം നേടുകയോ ഭർത്താവ് മരിക്കുകയോ ചെയ്ത മുസ്ലിം സ്ത്രീകൾ അനുഷ്ഠിക്കുന്ന നികാഹ് ഹലാല (ചടങ്ങുകല്യാണം), ഇദ്ദ എന്നിവയും ബഹുഭാര്യത്വവും നിരോധിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
ബിൽ പ്രകാരം വിവാഹവും ലിവ് ഇൻ ബന്ധങ്ങളും രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാണ്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവർ (ലിവ് ഇൻ ബന്ധം) ഒരു മാസത്തിനകം തങ്ങളുടെ താമസ പരിധിയിലുള്ള രജിസ്ട്രാർക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം. ഒരുമിച്ച് കഴിയുന്നവരിൽ ഒരാൾ പ്രായപൂർത്തി ആകാത്തയാളാണെങ്കിൽ രജിസ്ട്രേഷൻ അനുവദിക്കില്ല.
നിർബന്ധിച്ചോ തെറ്റിദ്ധരിപ്പിച്ചോ അന്യായമായ സ്വാധീനം ചെലുത്തിയോ ആണ് പങ്കാളിയുടെ സമ്മതം വാങ്ങിയതെങ്കിൽ അത്തരം ബന്ധവും രജിസ്റ്റർ ചെയ്യില്ല. രജിസ്ട്രേഷൻ നടത്താതെ ഒരു മാസത്തിലധികം ഒരുമിച്ച് കഴിഞ്ഞാൽ മൂന്നു മാസം വരെ തടവോ 10,000 രൂപവരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ലിവ് ഇൻ ബന്ധത്തിലെ പങ്കാളി ഉപേക്ഷിച്ച് പോവുകയാണെങ്കിൽ സ്ത്രീക്ക് ജീവനാംശം തേടി കോടതിയെ സമീപിക്കാം. ഇത്തരം ബന്ധത്തിൽ ജനിക്കുന്ന കുട്ടിക്ക് നിയമപരമായ എല്ലാ അവകാശങ്ങളുമുണ്ടാകും.
സാധാരണ വിവാഹങ്ങൾ 60 ദിവസത്തിനകം രജിസ്റ്റർ ചെയ്യണമെന്ന് ബിൽ വ്യവസ്ഥ ചെയ്യുന്നു. അല്ലാത്തപക്ഷം 20,000 രൂപവരെ പിഴ ചുമത്തും. 2010 മാർച്ച് 26നു ശേഷമുള്ള എല്ലാ വിവാഹങ്ങളും ആറുമാസത്തിനകം രജിസ്റ്റർ ചെയ്യണം. ഉത്തരാഖണ്ഡിൽ താമസിക്കുന്നവർക്കും സംസ്ഥാനത്തിനു പുറത്ത് താമസിക്കുന്ന ഉത്തരാഖണ്ഡ് സ്വദേശികൾക്കും നിയമം ബാധകമായിരിക്കും. നിയമസഭ പാസാക്കുന്ന ഏക സിവിൽ കോഡ് ഗവർണർ അംഗീകരിക്കുന്നമുറക്ക് നിയമമാകും.
രാജ്യത്ത് വൈകാതെ ഏക സിവിൽകോഡ് നടപ്പാക്കുമെന്ന് ബി.ജെ.പി തന്നെ അവകാശപ്പെടുന്നുണ്ട്. അതിലേക്ക് നീങ്ങുന്നത്, പ്രത്യക്ഷത്തിൽ പുരോഗമനമെന്ന് തോന്നുമെങ്കിലും ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസങ്ങൾ പിന്തുടരാനുള്ള അവകാശങ്ങൾ നിഷേധിക്കലാണ്. ന്യൂനപക്ഷങ്ങളെയും മർദിത ജാതി സമൂഹങ്ങളെയും ഗോത്രജനങ്ങളെയുമെല്ലാം ഹിന്ദുത്വയുടെ കീഴിലേക്ക് എത്തിക്കുകയാകും ഇതിന്റെ അന്തിമഫലം. അതില്ലാതാക്കുന്നത് രാജ്യത്തിന്റെ സൗന്ദര്യത്തെയാണ്, ഇന്ത്യയെന്ന മഹത്തായ ആശയത്തെ തന്നെയാണ്.